മനുഷ്യന്‍ സൃഷ്ടിച്ചിട്ടുള്ളതില്‍ വെച്ച് ഏറ്റവും നശീകരണശേഷിയുള്ള ആയുധമാണ്‌ മതം.

Friday, December 23, 2011

വി ടിയെ ഓർക്കുമ്പോൾ..


(ലേഖകന്‍: സി . എ കൃഷ്ണന്‍.)

കേരളത്തിന്റെ സാമൂഹ്യനവോത്ഥാന ചരിത്രത്തിൽ താരത്തിളക്കം മാഞ്ഞുപോകാത്ത മൂ ഭട്ടതിരിമാരുണ്ട്. ഒന്ന്, വി. ടി. ഭട്ടതിരിപ്പാട് എന്ന വി. ടി, രണ്ട് എം. ആർ. ഭട്ടതിരിപ്പാട് എന്ന എം. ആർ. ബി., മൂന്ന് എം. പി. ഭട്ടതിരിപ്പാട് എന്ന് പ്രേംജി. ഇവരാ ആ ഭട്ടതിരിമാർ.
വി. ടി. ഭട്ടതിരിപ്പാട്.
നമ്പൂതിരി സമുദായത്തിൽ വിപ്ലവം സൃഷ്ടിക്കപ്പെടുന്നതും അവരെ മനുഷ്യരിലേക്ക് അടുപ്പിക്കുന്നതും വി. ടി. എന്ന വി. ടി. ഭട്ടതിരിപ്പാടിലൂടെയായിരുന്നു. കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യ-മധ്യദശകങ്ങളിലായിരുന്നു അതിന്റെ കാഹളം മുഴങ്ങിയത്.

1896-ൽ അങ്കമാലി കിടങ്ങലൂരിലായിരുന്നു രാമൻ ഭട്ടതിരി എന്ന വി. ടിയുടെ ജനനം. പിൽകാലത്ത് മേഴത്തൂരിൽ ജീവിച്ചുകൊണ്ടാണ്‌ അദ്ദേഹം വിധവാവിവാഹത്തിനും മിശ്രവിവാഹത്തിനും നേതൃത്വം ഏറ്റെടുത്തുകൊണ്ട് സമൂഹ്യപരിഷ്കരണത്തിലെ വിപ്ലവനക്ഷത്രമായത്. ശാന്തിക്കാരനായാണ്‌ വി.ടി ജീവിതം ആരംഭിക്കുന്നത്. പിന്നീട് അതിനോട് വിടപറഞ്ഞ് തൃശൂരിൽ മംഗളോദയത്തിൽ പ്രൂഫ്റീഡറായി ചേർന്നു. അവിടെ നിന്നാണ്‌ മുഴുവൻ സമയ പൊതുജീവിതത്തിലേക്ക് എടുത്തു ചാടുന്നത്. 1982-ൽ വി. ടി. അന്തരിച്ചു.

1929-ൽ പുറത്തുവന്ന വി. ടി. യുടെ 'അടുക്കളയിൽ നിന്നും അരങ്ങത്തേക്ക്' എന്ന നാടകമാണ്‌ മറക്കുടയ്ക്കുള്ളിലെ മഹാനരകത്തിൽ നിന്നും അന്തർജനങ്ങൾക്കു പുറത്തുകടക്കാൻ പ്രേരണയായത്. അത് അന്തർജനസമാജം എന്ന വനിതാസംഘടനക്കുതന്നെ വിത്തുപാകി. ചെറുപ്പക്കാരായ നമ്പൂതിരി സ്ത്രീകൾ അവരുടെ വേഷം പരിഷ്കരിച്ചു. കാതു മുറിച്ച് കമ്മലിട്ടു. തുണി ഒക്കുവെച്ചുടുക്കുന്ന രീതി മാറ്റി. മുണ്ട് ചുറ്റാൻ തുടങ്ങി. ബ്ലൗസിട്ടു. വി. ടി.യുടെ രസി​കസദനമായിരുന്നു ഇതിനെല്ലാം ആസ്ഥാനമായത്. പാർവ്വതി നെന്മിനിമംഗലം, ആര്യ പള്ളം, പാർവ്വതി നിലയങ്ങോട്ട് തുടങ്ങിയവരായിരുന്നു അന്നത്തെ വനിതാനേതാക്കൾ യാഥാസ്ഥികർ അന്ന് അവരെ നോക്കി തോന്ന്യാസികൾ എന്ന് അട്ടഹസിച്ചു!

ഭരത് പ്രേംജി
നമ്പൂതിരി പരിഷ്കരണപ്രസ്ഥാനം ശക്തമാക്കാനായി 1931-ൽ ഏപ്രിൽ 6 ന്‌ വി. ടി. യുടെ നേതൃത്വത്തിൽ തൃശൂരിൽ നിന്നൊരു യാത്ര നടത്തി. യാചനയാത്ര! ഒരോ നമ്പൂതിരി ഇല്ലത്തും ചെന്ന്  ബോധവല്ക്കരണം നടത്തി സമുദായോദ്ധാരണത്തിന്‌ സംഭാവന ശേഖരിക്കുകയായിരുന്നു ആ യാത്രയുടെ ലക്ഷ്യം. 38 ദിനം നീണ്ട യാത്ര പിൽക്കാലത്ത് നമ്പൂതിരി യാഥാസ്ഥികത്വത്തെ ചുട്ടെരിക്കാൻ പര്യാപ്തമായി.

 അന്ന് വി. ടി നമ്പൂതിരി യുവജന സംഘം സെക്രട്ടറിയായിരുന്നു. ആശയപ്രചരണത്തിനായി അവർ ആയുധമാക്കിയത് ‘ഉണ്ണി നമ്പൂതിരി’ എന്ന സ്വന്തം പത്രമായിരുന്നു.

1935-ലാണ്‌ വിധവാവിവാഹത്തിലേക്ക് ഇവർ എടുത്തുചാടുന്നത്. വന്നേരി മുല്ലമംഗലത്തെ രാമൻ ഭട്ടതിരിപ്പാടിന്‌ വി. ടി. സ്വന്തം വസതിയിൽ വെച്ച് സ്വന്തം ഭാര്യാസഹോദരിയും വിധവയുമായ 16 കാരി ഉമയെ വിവാഹം ചെയ്തുകൊടുത്തു. എല്ലാ ആചാരങ്ങളെയും പൊട്ടിച്ചെറിഞ്ഞുകൊണ്ടായിരുന്നു അന്നാ വിവാഹം നടന്നത്. സമുദായവും സവർണാധിപത്യവും ഒന്നാകെ അതിനുനേരെ കണ്ണുരുട്ടി അട്ടഹസിച്ചു. പിന്നീട് വിധവാ വിവാഹത്തിൽ പങ്കുകൊണ്ട നൂറിലധികം വരുന്ന നമ്പൂതിരിമാരെ ഓരോരുത്തരെയും പേരെടുത്തുപറഞ്ഞ് അവരെ സർക്കാർ വക ക്ഷേത്രങ്ങളിലോ ക്ഷേത്രക്കുളങ്ങളിലോ പ്രവേശിച്ചുകൂടെന്നു വിലക്കി കൊച്ചി മഹാരാജാവിനെക്കൊണ്ട് വിളംബരം പുറപ്പെടുവിക്കുകയുണ്ടായി.

മംഗളോദയത്തിൽ വി. ടി.യുടെ അസിസ്റ്റന്റായി തൊഴിലും പൊതുജീവിതവും ആരംഭിച്ച പ്രേംജി എന്ന പാമേശ്വരൻ ഭട്ടതിരിപ്പാടും പിൽകാലത്ത്, സഹോദാനായ എം ആർ ബിയുടെ പാത പിന്തുടർന്നു. 1948 ആഗസ്തിലായിരുന്നു പ്രേംജിയുടെ വിധവാ വിവാഹം നടന്നത്. പ്രേംജിയിലെ മഹത്വം നിറഞ്ഞ മനുഷ്യനെ മാത്രമല്ല അദ്ദേഹത്തിലെ അഭിനയ ചക്രവർത്തിയെ കണ്ടെത്തിയതും വി. ടി. തന്നെയായിരുന്നു.

ശ്രീനാരായണഗുരുവിനുശേഷം കേരള സമൂഹത്തെയാകെ സമുദ്ധരിച്ച സാമൂഹ്യനവോദ്ധാന പ്രസ്ഥാനത്തിന്റെ അമരക്കാരനായിരുന്നു വി.ടി. ആ ഓർമ്മകൾക്ക് അതാവശ്യപ്പെടുന്ന പരിഗണന നല്കാൻ ഇന്നാടിനും പിൽതലമുറകൾക്കും കഴിഞ്ഞുവോ എന്ന ചോദ്യം മനസ്സാക്ഷിയുള്ളവരെ മുഴുവൻ ഞെട്ടിക്കുന്നതായി അവശേഷിക്കുന്നു.   

 (കടപ്പാട്: ഹിന്ദുവിശ്വ മാഗസിന്‍ 2011 ഡിസംബര്‍- 2012 ജനുവരി.)

Monday, November 21, 2011

യുക്തിവാദികളുടെയും ശാസ്ത്രപ്രചാരകരുടെയും സംസ്ഥാന സംഗമം

കേരളത്തിലെ യുക്തിവാദികളുടെയും ശാസ്ത്രപ്രചാരകരുടെയും സംസ്ഥാന സംഗമം 20-11-2011 ഞായറാഴ്ച തൃശൂരിൽ നടന്നു. കേരളത്തിലെ വിവിധ ജില്ലകളിൽനിന്നുള്ള, യുക്തിവാദം, നാസ്തികത, ഹ്യൂമനിസം, ശാസ്ത്രപ്രചരണം തുടങ്ങിയ മേഖലകളിൽ പ്രവർത്തിക്കുന്ന സ്വതന്ത്രചിന്തകരാണ്‌ ഇവിടെ ഒത്തുചേർന്നത്. 2006 മുതൽ കോഴിക്കോട് കേന്ദ്രമായി പ്രവർത്തിക്കുന്ന "സയൻസ് ട്രസ്റ്റും" അടുത്തുതന്നെ പ്രസിദ്ധീകരിച്ചു തുടങ്ങുന്ന "യുക്തിയുഗം" മാസികയും ആണ്‌ പരിപാടിയുടെ സംഘാടകർ. ജാതിമതപരമായ അന്ധവിശ്വാസങ്ങളെയും അനാചരങ്ങളെയും എതിർക്കുന്നതോടൊപ്പംതന്നെ തുല്യപ്രാധാന്യമർഹിക്കുന്നതാണ്‌ ജീവിതത്തിന്റെ സമസ്തമേഖലകളെയും ശാസ്ത്രീയചിന്താരീതിലൂടെ വീക്ഷിക്കുകയും വിലയിരുത്തുകയും ചെയ്യുന്നതെന്ന സുപ്രധാനമായ അഭിപ്രായമാണ്‌ ഈ കൂട്ടായ്മ പങ്കുവെച്ചത്. ശാസ്ത്രത്തെ സ്ഥാനത്തും അസ്ഥാനത്തും കുറ്റം പറയുന്നത് ശാസ്ത്രജ്ഞാനമുള്ളവര്‍വരെ ഒരു ഫാഷനായി കൊണ്ടു നടക്കുന്നു. ശാസ്ത്രജ്ഞന്മാർ വരെ ജ്യോതിഷത്തിലും മറ്റ് അന്ധവിശ്വാസങ്ങളിലും മുഴുകിക്കഴിയുന്ന സമൂഹമാണ്‌ നമുക്ക് ചുറ്റുമുള്ളത്. ഈ സമൂഹത്തിൽ ശാസ്ത്രമനോഭാവം വളർത്തുന്ന പ്രവർത്തനത്തിലേർപ്പെടുന്നതിനുപകരം ശാസ്ത്രത്തിന്റെ ചെറിയ ന്യൂനതകളെ പർവ്വതീകരിച്ചുകാണിക്കാനും ശാസ്ത്രനേട്ടങ്ങളെ ഇടിച്ചുതാഴ്താനും ശ്രമം നടക്കുന്നു. കേരളത്തിൽ പ്രകൃതിവാദം പ്രചരിപ്പിക്കുന്നവർ ശാസ്ത്രത്തിന്റെ എല്ലാ നേട്ടങ്ങളും ആസ്വദിച്ചുകൊണ്ടുതന്നെയാണ്‌ ഇത് ചെയ്യുന്നത്. യുക്തിവാദികൾ മുതൽ ഉയർന്ന ഡോക്റ്റർമാർ വരെ പ്രകൃതിവാദത്തിനടിമപ്പെടുന്ന കാഴ്ച ലജ്ജാവഹമാണ്‌.

ഈ ഒത്തുചേരൽ ഏതെങ്കിലും പ്രസ്ഥാനത്തിനോ എതിരോ ബദലോ അല്ലെന്നും ശാസ്ത്രപ്രചരണവും ജനങ്ങളിൽ ശാസ്ത്രീയമനോഭാവം വളർത്തലും മാത്രമാണ്‌ യുക്തിയുഗം മാസികയുടെ ലക്ഷ്യമെന്നും പരിപാടിയിൽ അധ്യക്ഷത വഹിച്ച 'യുക്തിയുഗം' മാനേജിങ്ങ് ഡയരക്റ്റർ കൂടിയായ ഇ എ ജബ്ബാർ ഊന്നിപ്പറഞ്ഞു.

'ഇന്റർനാഷനൽ ഹ്യൂമനിസ്റ്റ് & എത്തിക്കൽ യൂണിയ'ന്റെ ഡയരക്റ്റർ ആയ ശ്രീ. ബാബു ഗൊഗിനേനിയാണ്‌ സംഗമം ഉദ്ഘാടനം ചെയ്തത്. ജ്യോതിഷപരമായ അന്ധവിശ്വാസങ്ങളെ പ്രതിരോധിക്കാൻ ശാസ്ത്രജ്ഞരോ പത്രമാധ്യമങ്ങളോ തയ്യാറാകാത്തതിനെ അദ്ദേഹം തന്റെ ഉദ്ഘാടപ്രസംഗത്തിലുടനീളം നിശിതമായി വിമർശിച്ചു. ഗ്രഹണസമയത്ത് ഗർഭിണികളായ ഹിന്ദുസ്ത്രീകളെ തെരഞ്ഞുപിടിച്ച് ബധിക്കുന്ന ഒരു വികിരണവും സൂര്യനിൽനിന്ന് ഉണ്ടാകുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. പേരിന്റെ ഇംഗ്ലീഷിലുള്ള സ്പെല്ലിങ്ങ് മാറ്റി ഗ്രഹദോഷം മറികടക്കാനെന്ന അപഹാസ്യമായ അന്ധവിശ്വാസമാണ്‌ സമൂഹത്തിലെ ഉന്നതസ്ഥാനങ്ങളിലിരിക്കുന്നവരെ ഭരിക്കുന്നത്.

Inauguration: Babu Gogineni ( International Director, 
International Humanist& Ethical Union)

തെലുങ്കാന സംസ്ഥാനം രൂപീകരിക്കുന്നതിനുവേണ്ടിയും രൂപീകരിക്കാതിരിക്കാൻ വേണ്ടിയും ഒരേ സമയം യാഗം നടത്തിയകാര്യം അദ്ദേഹം അനുസ്മരിച്ചു. ശത്രുസംഹാര ഹോമങ്ങളും നരബലികളും കൊണ്ട് ദൈവത്തെ പ്രീതിപ്പെടുത്താമെന്ന മൂഢവിശ്വാസങ്ങളിൽ മുഴുകിയ സമൂഹത്തെ ശാസ്ത്രബോധമുള്ളവരാക്കി മാറ്റിയാൽ മാത്രമേ ഇന്ത്യക്ക് രക്ഷയുള്ളുവെന്ന് അദ്ദേഹം പറഞ്ഞു. ചില ദേശീയ ചാനലുകള്‍ ന്യൂസ് ചാനലുകളിൽ ജ്യോതിഷപരിപാടികൾ തുടർന്ന് പ്രക്ഷേപണം ചെയ്യില്ലെന്നെടുത്ത തീരുമാനത്തെ അദ്ദേഹം സ്വാഗതം ചെയ്തു. ഹോമിയോപ്പതി ശാസ്ത്രഭാഷ സംസാരിച്ചുകൊണ്ട് ജനങ്ങളെ വഞ്ചിക്കുകയാണ്‌. വ്യാജ വൈദ്യ സംബ്രദായങ്ങൾ കേരളത്തിന്റെ ആരോഗ്യരംഗത്ത് പിടിമുറുക്കുന്നതിൽ അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു. ദിനം പ്രതി പുത്തരറിവുകൽ ആർജിച്ചുകൊണ്ടിരിക്കുന്ന ആധുനിക ശാസ്ത്രത്തിന്റെ പ്രചുരപ്രചാരത്തിലൂടെ മാത്രമേ ഇതിനെയൊക്കെ മറികടക്കാൻ കഴിയൂവെന്ന് അദ്ദേഹം പറഞ്ഞു.

തുടർന്ന് സംസാരിച്ച ഡോ. അഗസ്റ്റസ് മോറിസ് യുക്തിവാദികൾ പോലും ഹോമിയോപ്പതിയെക്കുറിച്ചും പ്രകൃതിചികിൽസയെക്കുറിച്ചും വികാരപരമായി സംസാരിക്കുന്നതിനെ അപലപിച്ചു. സ്വയം മരുന്ന് പരീക്ഷിച്ചപ്പോൾ ഉണ്ടായ അലർജിയെ സാമാന്യവല്ക്കരിച്ച് സാമുവൽ ഹാനിമാൻ ഉണ്ടാക്കിയ സിദ്ധാന്തമാണ്‌ ഹോമിയോപ്പതിയെന്നും അത് രസതന്ത്രത്തിന്റെ സാമാന്യനിയമത്തിനുപോലും എതിരാണെന്നും അദ്ദേഹം പറഞ്ഞു. വിദ്യാഭ്യാസകാലത്ത് പള്ളിയിലെ ആൾത്താരപാട്ടുകാരനായ ഒരു തികഞ്ഞ മതവിശ്വാസിയായിരുന്ന താൻ നിരന്തരമായ വായനയിലൂടെയാണ്‌ വിശ്വാസത്തിന്റെ അന്ധതകളെ തിരിച്ചറിഞ്ഞതെന്ന് അദ്ദേഹം അനുസ്മരിച്ചു.

തുടർന്ന് സംസാരിച്ച ഡോ. സി വിശ്വനാഥൻ, കേവലയുക്തിവാദവും മറ്റ് ശാസ്ത്രപൂർവ്വ ചിന്താരീതികളും എന്ന വിഷയമാണ്‌ കൈകാര്യം ചെയ്തത്. ഹെഗലിയൻ ചിന്തയിലധിഷ്ഠിതമായ വൈരുധ്യാതിഷ്ഠിത ഭൗതികവാദം ഒരു സാർവജനീന പ്രപഞ്ച സത്യമായി അവതരിപ്പിക്കുന്നത് ശാസ്ത്രവിരുദ്ധമാണെന്ന് അദ്ദേഹം സമർത്ഥിച്ചു. വൈരുദ്ധ്യാധിഷ്ഠിത ഭൗതികവാദം കേവലവാദപരമാണെന്നും ആധുനിക യുക്തിവാദികൾ പിന്തുടരുന്നത് ശാസ്ത്രത്തിന്റെ രീതിശാസ്തമാണെന്നും അദ്ദേഹം പറഞ്ഞു. യുക്തിവാദം ഒരു മതമായി തരം താഴാൻ അനുവദിച്ചുകൂടെന്നും അത് ഒരു മനോഭാവമാണെന്നുള്ള ബോധം കേരളത്തിൽ യുക്തിവാദിപ്രസ്ഥാനത്തിൻ ബീജാവാപം ചെയ്തവർക്കുണ്ടായിരുന്നു. കേരളത്തിലെ മുതിർന്ന യുക്തിവാദിയായ ജോസേട്ടൻ കേരളത്തിലെ യുക്തിവാദിപ്രസ്ഥാനം കടന്നുവന്ന പാതകൾ തന്റെ ആശംസാപ്രസംഗത്തിൽ അനുസ്മരിച്ചു. ശാസ്ത്രബോധമുള്ള തലമുറകളെ വാർത്തെടുക്കേണ്ടതിന്റെ ആവശ്യകത അദ്ദേഹം അവർത്തിച്ചു. തുടർന്ന് മുഹമ്മദ് അഷ്റഫ്, സി ബി എസ് മണി, സിദ്ധീഖ് തൊടുപുഴ, എന്നിവർ സംസാരിച്ചു. രാജു വാടാനപ്പള്ളി സ്വാഗതം ആശംസിച്ചു. വിജീഷ് പി നന്ദി പറഞ്ഞു.

യുക്തിവാദ പ്രവർത്തകർക്കൊപ്പം തന്നെ യുക്തിവാദി സംഘടനകളിൽ പ്രവർത്തിക്കാത്ത, എന്നാൽ യുക്തിവാദത്തോടാഭിമുഖ്യമുള്ള ഒരുപാട് സുഹൃത്തുക്കൾ സംഗമത്തിനെത്തിയിരുന്നു.


Sunday, October 23, 2011

നിര്‍ഗുണ പരബ്രഹ്മവും വിഗ്രഹാരാധനയും

‎'നിർഗുണ നിരാകാര പരബ്രഹ്മ'ത്തെപ്പറ്റി വാതോരാതെ സംസാരിക്കുന്ന 'സനാതനന്മാർ' പറയുന്നു: വിഗ്രഹാരാധന വേണ്ടെന്ന് വിധിച്ചിട്ടുളത് ജ്ഞാനികൾക്കാകുന്നു, സിദ്ധന്മാർക്കാകുന്നു. അജ്ഞാനികൾക്കല്ല; അജ്ഞാനികൾ ജ്ഞാനത്തിലെത്താൻ വിഗ്രഹാരാധന ചെയ്യണം“

ഇത് എത്രത്തോളം ആത്മാർത്ഥതയില്ലാത്ത വാദമാണ്‌? ഇവർക്ക് അരൂപിയായ ദൈവത്തെ പ്രസംഗിക്കുകയും വേണം, രൂപമുണ്ടാക്കി ആരാധിക്കുകയും വേണം. അച്ഛന്റെ കൂടെ പോവുകയും വേണം, അമ്മയുടെ കൂടെ ഉറങ്ങുകയും വേണം എന്ന് ശഠിച്ച കുട്ടിയുടെ ദുശ്ശാഠ്യമാണിത്.

സത്യത്തെ പറയുന്നതിന്‌ മുമ്പായി അസത്യത്തെ കുറെക്കാലം പറഞ്ഞ് ശീലിക്കണം, നാളികേരത്തിന്റെ കാമ്പിനെ തിന്നുന്നതിനുമുമ്പായി ചകിരിയും ചിരട്ടയും തിന്ന് ശീലിക്കണം, പഞ്ചസാര തിന്നുന്നതിനുമുമ്പ് കരിമ്പിന്റെ കമ്പും ചണ്ടിയും തിന്ന് ശീലിക്കണം, പാലു കുടിക്കുന്നതിനു മുമ്പായി കള്ളുകുടിച്ച് ശീലിക്കണം എന്നെല്ലാം പറയുന്നത്ര അസംബന്ധമാണിത്.

Sunday, October 2, 2011

നേത്ര-അവയവദാന ബോധവല്‍ക്കരണം സംഘടിപ്പിച്ചു.


പൊന്നേമ്പാടം ‘ഹൃദയസ്പർശം’ നേത്ര-അവയവദാന കൂട്ടായ്മയുടെ നേതൃത്വത്തിൽ നേത്ര-അവയവദാന ബോധവല്കരണ പരിപാടി സംഘടിപ്പിച്ചു. നേത്ര-അവയവദാന സമ്മതപത്രം സമർപ്പിച്ചുകൊണ്ട് കൊണ്ടോട്ടി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീമതി. ടി പി പ്രമീള ഉല്ഘാടനം ചെയ്തു. ഡോ. പി സജീവ് കുമാർ സമ്മതപത്രം ഏറ്റുവാങ്ങി ബോധവല്കരണ ക്ലാസ് നടത്തി. ഇന്ത്യയിലെ ആദ്യത്തെ നേത്രദാന ഗ്രാമമായ ചെറുകുളത്തൂരിന്റെ പ്രതിനിധി ശ്രീ. ടി എം ചന്ദ്രശേഖരൻ ചെറുകുളത്തൂരിന്റെ നേത്രദാന അനുഭവങ്ങൾ വിവരിച്ചു. ബിനീഷ് പി കെ അധ്യക്ഷത വഹിച്ചു. സുശീൽ കുമാർ പി പി സ്വാഗതവും രതീഷ് സി കെ നന്ദിയും പറഞ്ഞു. പൊന്നേമ്പാടം ഗ്രാമത്തിലെ മുഴുവൻ ആളുകളുടെയും സമ്മതപത്രം ശേഖരിച്ചുകൊണ്ട് നേത്ര-അവയവദാന ഗ്രാമമായി പ്രഖ്യാപിക്കുമെന്ന് യോഗത്തിൽ തീരുമാനമെടുത്തു. വാർഡ് മെമ്പർ ശ്രീമതി എം പി ലതിക, മുൻ മെമ്പർമാരായ പി കെ ജനാർദ്ദനൻ, പി കെ ഉണ്ണിപ്പെരവൻ, വിവിധ സംഘടനകളെ പ്രതിനിധീകരിച്ച്   പി പി ഹരിദാസൻ, വിജയൻ താന്നിക്കൽ, സന്തോഷ് പൊറ്റമ്മൽ, പി കെ പ്രേമരാജൻ, യു മോയിൻ, സി എം ഹരിദാസൻ, അഫ്സൽ, എ വി അനിൽ കുമാർ,  വാസു മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു.  

Friday, August 26, 2011

മരണത്തിലും മറ്റൊരാള്‍ക്ക് ജീവതാളമായ്


അവയവദാന സമ്മതപത്രം നല്‍കിക്കൊണ്ട് കവി
ശ്രീ.   മണമ്പൂര്‍ രാജന്‍ ബാബു ഉദ്ഘടനം ചെയ്യുന്നു.

മലപ്പുറം: അവയവദാനത്തിന് മനസ്സുണ്ടെങ്കിലും അതിന്റെ സാങ്കേതികപ്രശ്നങ്ങളും നൂലാമാലകളുമോര്‍ത്ത് മടിച്ചുനില്‍ക്കുന്നവരാണ് കൂടുതലും. ആശങ്കകള്‍ക്കും ആകുലതകള്‍ക്കും വിരാമമിട്ട് നിങ്ങള്‍ക്കൊപ്പം ഒരു കൂട്ടായ്മയുടെ കൈത്താങ്ങുണ്ടാകും. ജില്ലാ യുക്തിവാദി സംഘവും കോഴിക്കോട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഹോപ്പ് കേരളയും സംയുക്തമായി മരണാനന്തര അവയവദാന പരിപാടിക്ക് തുടക്കംകുറിച്ചു. അപകടങ്ങളില്‍പ്പെട്ടും അസുഖം ബാധിച്ചും മരണത്തിന് കീഴടങ്ങുന്നവരുടെ എണ്ണം നാള്‍ക്കുനാള്‍ കൂടുകയാണ്. അവരവരുടെ അവയവം ദാനം നല്‍കിയാല്‍ മറ്റൊരു ജീവന്‍ നിലനിര്‍ത്താനായേക്കും. ഈ സന്ദേശം സമൂഹത്തിന് പകര്‍ന്നുനല്‍കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഇതിനാവശ്യമായ ബോധവല്‍ക്കരണ പ്രവര്‍ത്തനം വരുംദിവസങ്ങളില്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നടക്കും. ക്യാന്‍സര്‍ , എയ്ഡ്സ് പോലുള്ള രോഗങ്ങള്‍ ബാധിക്കാത്തവര്‍ക്ക് അവയവം ദാനം ചെയ്യാം. ഒന്നുമുതല്‍ 70 വയസ് വരെയുള്ള ആരുടെയും അവയവം സ്വീകരിക്കും. ആവശ്യക്കാര്‍ക്ക് സൗജന്യമായി ലഭ്യമാക്കുക എന്നതാണ് പദ്ധതി ലക്ഷ്യമിടുന്നത്. ജില്ലയില്‍ ഇതുവരെ 200ല്‍പരം ആളുകള്‍ മരണാനന്തര അവയവദാനത്തിന് സമ്മതമറിയിച്ചിട്ടുണ്ട്. പ്രത്യേക ഫോറത്തില്‍ അപേക്ഷ തയ്യാറാക്കി നല്‍കിയാല്‍ പദ്ധതിയില്‍ അംഗങ്ങളാകാമെന്ന് ഭാരവാഹികള്‍ പറഞ്ഞു. കൂടുതല്‍ വിവരങ്ങള്‍ 9745049003, 9446408990 എന്നീ നമ്പറുകളില്‍ ലഭിക്കും. മരണാനന്തരം അവയവങ്ങള്‍ ദാനം ചെയ്യാനുള്ള സമ്മതപത്രം നല്‍കി കവി മണമ്പൂര്‍ രാജന്‍ബാബു പദ്ധതി ഉദ്ഘാടനംചെയ്തു. ഹോപ്പ് കേരള ട്രസ്റ്റി കെ വി സുദര്‍ശന്‍ സമ്മതപത്രം ഏറ്റുവാങ്ങി. എന്‍ കുഞ്ഞിരാമന്‍ അധ്യക്ഷനായി. ഡോ. കെ ആര്‍ വാസുദേവന്‍ , ജെയിംസ് പീറ്റര്‍ എന്നിവര്‍ സംസാരിച്ചു. പാറക്കല്‍ മുഹമ്മദ് സ്വാഗതവും കെ ടി ശിവദാസന്‍ നന്ദിയും പറഞ്ഞു.

Friday, August 12, 2011

മരണാനന്തര അവയവദാന സമ്മതപത്രം സ്വീകരിക്കലും ബോധവല്‍ക്കരണവും.


2011 ആഗസ്ത് 21ന്‌ ഞായര്‍ 2 p m എന്‍ ജി ഒ യൂണിയന്‍ ഹാള്‍, മലപ്പുറം.

     121 കോടി ജനങ്ങള്‍ അധിവസിക്കുന്ന ഇന്ത്യ, ജനസംഖ്യയില്‍ ഒന്നാം സ്ഥാനത്തേക്ക് കുതിച്ചുപായുകയാണ്‌. അതേസമയം, ഒരു വര്‍ഷത്തില്‍ ഒരു കോടിയിലേറെ ജനങ്ങള്‍ അപകടം മൂലവും അല്ലാതെയും മരിച്ചു മണ്ണിലേക്കടുക്കപ്പെടുമ്പോള്‍ വിവിധ ആശുപത്രികളില്‍ അവയവം ലഭിക്കാതെ മരിച്ചുകൊണ്ടിരിക്കുന്നത് രണ്ടുലക്ഷം മനുഷ്യരാണ്‌.

     അവയവം മാറ്റിവെക്കാന്‍ കിട്ടാത്തത് മൂലം മരിച്ചുകൊണ്ടിരിക്കുന്ന അമ്പത് പേര്‍ക്കുവരെ ജീവന്‍ നല്‍കാന്‍ മരണാനന്തരം ഒരാള്‍ അവയവം നല്‍കിയാല്‍ സാധിക്കുമെന്നിരിക്കെ, ആ മഹത്കര്‍മ്മം ചെയ്യാന്‍ തയ്യാറാകാത്ത നമ്മളെ മനുഷ്യരെന്ന് വിളിക്കുന്നതില്‍ അര്‍ത്ഥമുണ്ടോ?

     ഓര്‍ക്കുക, എപ്പൊഴാണ്‌ നമുക്കോ, നമ്മുടെ മക്കള്‍ക്കോ, ഭര്‍ത്താവിനോ, ഭാര്യക്കോ അച്ഛനോ അമ്മയ്ക്കോ മറ്റ് ബന്ധുക്കള്‍ക്കോ ഒരു അവയവം കിട്ടിയാല്‍ മാത്രം ജീവന്‍ നിലനിര്‍ത്താനാവുന്ന അവസ്ഥയിലാകുന്നതെന്ന് പറയാനാവില്ല.


     അതുകൊണ്ട് നാം കേവലം വെറുമൊരു മനുഷ്യനാകാതെ പൂര്‍ണ മനുഷ്യനാകാന്‍ മനസ്സ് കാണിക്കുകയും മരണാനന്തരം അവയവം ദാനം നല്‍കി സഹജീവികളെ മരണത്തില്‍ നിന്ന് രക്ഷിക്കാന്‍ ശ്രമിക്കുകയും ചെയ്യുക.

     മരണശേഷം അവയവം ദാനം ചെയ്യാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അതിനുള്ള അവസരം, കേരള യുക്തിവാദി സംഘം മലപ്പുറം ജില്ലാ കമ്മിറ്റിയും അവയവദാന രംഗത്ത് മാതൃകാപരമായ പ്രവര്‍ത്തനം നടത്തിവരുന്ന കോഴിക്കോട്ടെ 'ഹോപ്പ് കേരള'യും ചേര്‍ന്ന് ഒരുക്കുന്നു.ഈ മഹദ്കര്‍മ്മത്തില്‍ നിങ്ങളും പങ്കാളികളായി സമൂഹത്തോടുള്ള കടമ നിറവേറ്റാന്‍ സ്നേഹപൂര്‍ വ്വം ക്ഷണിക്കുന്നു. 

     പരിപാടി, അവയവദാന സമ്മതപത്രം നല്‍കിക്കൊണ്ട് പ്രശസ്ത കവി മണമ്പൂര്‍ രാജന്‍ ബാബു ഉല്‍ഘാടനം ചെയ്യുന്നു. അവയവദാനത്തിന്റെ വിവിധ വശങ്ങളെക്കുറിച്ച് ശ്രീ. സുദര്‍ശന്‍(ഹോപ്പ് കേരള), ഡോ. കെ ആര്‍ വാസുദേവന്‍, ജോണ്‍സണ്‍ ഐരൂര്‍, ആര്‍ കെ മലയത്ത്, ഇ എ ജബ്ബാര്‍ എന്നിവര്‍ ക്ലാസ്സ് എടുക്കും.

     ഏവര്‍ക്കും സ്വാഗതം.

Sunday, July 3, 2011

നിധി പത്മനാഭന്റെതോ , കുചേലന്മാരുടെതോ?

"പത്മനാഭന്റെ നിധിയിലെ ഒരു കഴഞ്ചുപോലും അവിടെനിന്ന്‌ മാറ്റാനോ മറ്റുകാര്യങ്ങള്‍ക്ക്‌ വിനിയോഗിക്കാനോ ആര്‍ക്കും അവകാശമില്ല. നൂറ്റാണ്ടുകളായി സംരക്ഷിച്ചുവന്ന പൈതൃക സ്വത്തുമാത്രമല്ല ഇത്‌. മറിച്ച്‌ ഭക്തിയും വിശ്വാസവുമൊക്കെ കൂടികലര്‍ന്ന ഒന്നുകൂടിയാണ്‌. അതുകൊണ്ടുതന്നെ ശ്രീപത്മനാഭസ്വാമിയുടെ നിധിയില്‍ കണ്ണുനട്ടുകൊണ്ട്‌ എന്തെങ്കിലും നടപടിക്കു മുതിര്‍ന്നാല്‍ അത്‌ ഹൈന്ദവസമൂഹം നോക്കിനില്‍ക്കില്ല എന്നുമാത്രമല്ല അതിനുമുതിരുന്നവര്‍ക്ക്‌ വലിയ വിലയും നല്‍കേണ്ടിവരും.ശ്രീപത്മനാഭസ്വാമി എല്ലാം കാണുന്നുണ്ട്‌, എല്ലാം അറിയുന്നുമുണ്ട്‌; ഇത്‌ ആരും മറക്കരുത്‌." - പുണ്യഭൂമി ദിനപത്രത്തില്‍ വന്ന ഒരു ലേഖനം അവസാനിക്കുന്നത് ഇങ്ങനെയാണ്‌. 


പത്മനാഭസ്വാമി ക്ഷേത്രത്തില്‍ നിന്ന് പരിശോധനക്കെടുത്ത ലക്ഷം കോടികള്‍ മതിക്കുന്ന സമ്പത്ത് ഈ നാടിന്‌ അവകാശപ്പെട്ടതാണ്‌. കിരാതമായ രാജഭരണകാലത്ത് ഈ നാടിന്റെ സമ്പത്ത് കൊള്ളയടിച്ച് കൂട്ടിവെച്ചതാണത്. തലക്കരവും, മുലക്കരവും പിരിച്ചും അടിമപ്പണിചെയ്യിച്ചും ഇന്നാട്ടിലെ ജനതയെ കൊള്ള ചെയ്ത് കൂട്ടിവെച്ച മുതല്‍. അത് ഈ നാട്ടിന്റെ ശാശ്വതപുരോഗത്തിവേണ്ടി ഉപയുക്തമാക്കണം. മതവികാരത്തിന്റെയും വ്രണപ്പെടലിന്റെയും പേര്‌ പറഞ്ഞ്‌ ഭരണകൂടം നോക്കുകുത്തിയാകാന്‍ അനുവദിച്ചുകൂടാ..

Saturday, June 18, 2011

യാഗഗവേഷണം എന്ന പ്രഹസനം(യാഗാഭാസത്തിനെതിരെ ശാസ്ത്രചിന്തകരും എഴുത്തുകാരും പ്രതികരിക്കുന്നു.)

ഒരു സമൂഹത്തിനാകെ ഭ്രാന്ത് പിടിക്കുമ്പോള്‍
ഒരു കാലത്ത് ദുരാചാരമായി ഭാരതത്തെ വേട്ടയാടിയിരുന്ന യാഗങ്ങള്‍ പുനരുദ്ധരിക്കാന്‍ ഇന്ന് കേരളത്തിലെ ചില വിഭാഗങ്ങള്‍ കിണഞ്ഞു പരിശ്രമിക്കുന്നുവെന്നത് ആശങ്കാജനകമാണ്. മൂവായിരം വര്‍ഷം മുന്‍പ് വൈദികജനത ദേവകളെ പ്രീതിപ്പെടുത്തുവാന്‍ നടത്തിയിരുന്ന ചടങ്ങുകള്‍ വിപുലീകരിച്ച് പുരോഹിതവര്‍ഗ്ഗം ധനലാഭത്തിനും സമൂഹത്തില്‍ ഉത്തമര്‍ണ്ണ്യം സ്ഥാപിക്കാനും രൂപപ്പെടുത്തിയതാണു യാഗങ്ങള്‍ എന്നു ചരിത്രം പറയുന്നു. ഇഹത്തിലും പരത്തിലുമുള്ള സവിശേഷസിദ്ധികള്‍ നേടാമെന്നു വ്യാമോഹിച്ച് രാജാക്കന്‍മാരില്‍ നിന്നും യാഗത്തിനു ഭീമമായ ദക്ഷിണ പിടുങ്ങി പുരോഹിതവര്‍ഗ്ഗം ധൂര്‍ത്തജീവിതം നയിച്ചു. മൃഗബലിയും മാംസഭോജനവും ലഹരിസേവയും യാഗങ്ങളുടെ അവിഭാജ്യഘടകങ്ങളായിരുന്നു. ഹിന്ദുമതത്തിനു തന്നെ ഭാരമായിത്തീര്‍ന്ന യാഗങ്ങളോടുള്ള പ്രതിഷേധത്തില്‍ നിന്നാണു ബുദ്ധ-ജൈന മതങ്ങള്‍ ഉരുത്തിരിയുന്നത്. ചാതുര്‍വര്‍ണ്യമെന്ന സാമൂഹിക അസമത്വം ഊട്ടിയുറപ്പിക്കാന്‍ യാഗങ്ങള്‍ പങ്കുവഹിച്ചിട്ടുണ്ട്. ഹൈന്ദവചിന്തകരെല്ലാം പില്‍ക്കാലത്തു യാഗത്തെ നിരാകരിച്ചിട്ടുണ്ട്.
പ്രാചീന ദുരാചാരങ്ങളെ, ചരിത്രസത്യങ്ങള്‍ മൂടിവെച്ച് മഹത്തായൊരു ആത്മീയ കര്‍മ്മമായി ഇന്നത്തെ സമൂഹത്തിനു മുന്നില്‍ അവതരിപ്പിക്കുന്നതിനു പിന്നിലുള്ള ഗൂഢലക്ഷ്യങ്ങളെ തിരിച്ചറിയേണ്ടതുണ്ട്. കഴിഞ്ഞ 35 വര്‍ഷങ്ങളായി കേരളത്തില്‍ യാഗപുനരുത്ഥാനം ഊര്‍ജിതമായി നടന്നുപോരുന്നു എന്നതു ഈ നാടിനു ലജ്ജാകരമാണ്. ദേശവിദേശങ്ങളില്‍ നിന്നു കോടിക്കണക്കിനു രൂപയുടെ ഫണ്ടു ശേഖരിച്ചു ധൂര്‍ത്തടിക്കാനുള്ള വേദികളായിരിക്കുന്നു കേരളത്തിലെ ആധുനികയാഗശാലകള്‍. ഈ കുല്‍സിത പ്രവര്‍ത്തനങ്ങളില്‍ ഇവിടത്തെ ശാസ്ത്രജ്ഞരും പണ്ഡിതരും പങ്കാളികളാകുന്നു എന്നത് അലോസരപ്പെടുത്തുന്ന സത്യമാണ്. നിക്ഷിപ്ത താല്‍പര്യത്തോടുകൂടിയ ഈ അവിശുദ്ധ ബാന്ധവം ഏറ്റവും പ്രകടമാണ്.
രണ്ടു മാസം മുന്‍പ് പാഞ്ഞാളില്‍ വച്ചു നടന്ന അതിരാത്രത്തിന്റെ വേളയിലാണ് . പ്രശസ്തരായ ഒരു സംഘം സീനിയര്‍ ശാസ്ത്രജ്ഞരും പ്രൊഫസര്‍മാരും യാഗവേളയിലെ പ്രതിഭാസങ്ങളെക്കുറിച്ചു “ശാസ്ത്രീയഗവേഷണം” നടത്താന്‍ മുന്നോട്ടു വന്നു. ഈ ഗവേഷണസംരംഭം സാമാന്യബുദ്ധിയെ പരിഹസിക്കുന്ന പൊറാട്ടുനാടകമാണെന്ന് ഈയിടെ പുറത്തിറക്കിയ പ്രാഥമിക പരീക്ഷണഫലങ്ങള്‍ വ്യക്തമാക്കുന്നു. ശാസ്ത്രത്തിന്റെ രീതിവ്യവസ്ഥ (മെതഡോളജി) പാലിക്കാതെ, എന്നല്ല കേവലയുക്തി പോലും പ്രയോഗിക്കാതെ നടത്തപ്പെട്ട വികലമായ പഠനങ്ങളാണ് ഈ “യാഗഗവേഷണം” എന്ന് ഒറ്റനോട്ടത്തില്‍ മനസ്സിലാകും.
എന്തെങ്കിലും ഒരു പുതിയ പ്രതിഭാസം കാണപ്പെടുമ്പോഴാണല്ലോ അതെപ്പറ്റി പഠിക്കേണ്ട ആവശ്യം വരിക. ചരിത്രത്തിലിന്നോളം നടന്ന ഒരൊറ്റ യാഗത്തിലും എന്തെങ്കിലും ഒരു സവിശേഷപ്രതിഭാസം ദര്‍ശിച്ചിട്ടില്ല. അഗ്നിയെ ആരാധിച്ചിരുന്ന വൈദികജനത യാഗച്ചടങ്ങുകളെ പ്രകീര്‍ത്തിച്ചു മന്ത്രങ്ങള്‍ എഴുതിയിരിക്കാം. അതൊക്കെ ഏതോ ദിവ്യപ്രതിഭാസത്തിന്റെ സൂചനയായി കരുതി ഗവേഷണത്തിനു പുറപ്പെടാന്‍ സാമാന്യബുദ്ധിയുള്ള ശാസ്ത്രജ്ഞരാരും മുതിരുകയില്ല. യാഗവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ (യാഗശാലയുടെ ഘടന, ചിതിയുടെ നിര്‍മ്മാണം, അരണി കടഞ്ഞത് അഗ്നിയുണ്ടാക്കല്‍, ഹവനക്രിയ, മന്ത്രോച്ഛാരണം തുടങ്ങി യാഗശാലാ ദഹനം വരെ) ഇന്നത്തെ ശാസ്ത്രജ്ഞാനത്തിനു വിശദീകരിക്കാനാവാത്ത നിഗൂഡരഹസ്യങ്ങളൊന്നും ഒളിഞ്ഞിരിപ്പില്ല. അതുകൊണ്ടു തന്നെ യാഗച്ചടങ്ങുകളുടെ ശാസ്ത്രീയ പര്യവേഷണം ശുദ്ധഭോഷത്തരമാണ്.
ഈ യാഗഗവേഷണം അപൂര്‍വ്വവും നൂതനവുമായൊരു സംരംഭമാണെന്ന മട്ടിലാണ് പാഞ്ഞാള്‍ അതിരാത്രത്തിന്റെ സംഘാടകരും ഗവേഷണസംഘത്തലവനും കാര്യങ്ങള്‍ അവതരിപ്പിച്ചത്. വാസ്തവത്തില്‍ 1990 ല്‍ കുണ്ടൂരില്‍ നടന്ന അതിരാത്രത്തില്‍ ഇന്ത്യയിലെയും വിദേശത്തെയും ശാസ്ത്രജ്ഞര്‍ ഒട്ടേറെ പരീക്ഷണങ്ങള്‍ നടത്തിയിരുന്നു. മനുഷ്യരെയും മൃഗങ്ങളെയും സസ്യങ്ങളെയും ഉപയോഗിച്ചും, ഭൗമകാന്തികത അടക്കമുള്ള വിവരങ്ങള്‍ അളന്നും ചെയ്ത പരീക്ഷണങ്ങളില്‍ യാഗത്തിന്റെ സ്വാധീനം ഉണ്ടെന്നു സംശയിക്കാവുന്ന യാതൊരു ഗുണഫലവും രേഖപ്പെടുത്തിയിട്ടില്ല എന്നാണറിവ്. വിപുലമായ ആ പരീക്ഷണപരമ്പരകളെപ്പറ്റി പിന്നീട് റിപ്പോര്‍ട്ടുകളോ പ്രബന്ധങ്ങളോ ഒന്നും പ്രസിദ്ധീകരിക്കപ്പെട്ടിട്ടില്ല. പാഞ്ഞാള്‍ അതിരാത്രസംഘാടകരും ശാസ്ത്രജ്ഞരും ഇക്കാര്യം അതിവിദഗ്ദ്ധമായി മൂടിവച്ചു ജനവഞ്ചന നടത്തുകയായിരുന്നു.
പ്രഗല്‍ഭരായി ഉയര്‍ന്ന പദവിയിലിരുന്ന സീനിയര്‍ ശാസ്ത്രജ്ഞരാണ് യാഗഗവേഷണപദ്ധതി തയ്യാറാക്കിയതെങ്കിലും ഗവേഷണത്തില്‍ പാലിക്കേണ്ട അടിസ്ഥാനകാര്യങ്ങളൊന്നും പഠനത്തില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. മിക്ക പരീക്ഷണങ്ങളും മുന്‍നിശ്ചയ (open -ended) സ്വഭാവത്തോടു കൂടിയവയാണ്. അതുകൊണ്ടു തന്നെ അശാസ്ത്രീയവും യാഗശാലക്കു ചുറ്റും കടലവിത്തുകള്‍ മുളപ്പിച്ചത് ഉദാഹരണം. എതു ദിശയില്‍ വിത്തുമുളപ്പിച്ചാലും യാഗഫലമാണെന്നു വ്യാഖ്യാനിക്കാം. താരതമ്യങ്ങള്‍ (controls) ഉള്‍പ്പെടുത്താതെയാണ് പരീക്ഷണഫലങ്ങള്‍ ശേഖരിച്ചതെന്നതാണ് മറ്റൊരു ന്യൂനത. ബാക്ടീരിയ പോലുള്ള സൂക്ഷ്മജീവികളുടെ കണക്കെടുപ്പ് ഉദാഹരണം. യാഗത്തിന്റെ ദിവ്യപരിവേഷമില്ലാത്ത സാധാരണ അഗ്നികുണ്ഡമൊരുക്കി അതിന്റെ പരിസരവുമായി താരതമ്യപ്പെടുത്തിയാലേ അതിന്റെ പഠനത്തിന് എന്തെങ്കിലും പ്രസക്തി കല്‍പിക്കാനാകൂ. അതിരാത്രവേദിയില്‍ നടത്തിയ പഠനങ്ങളെല്ലാം തന്നെ പ്രതിലോമഫലങ്ങള്‍ (negative Results) ഒഴിവാക്കപ്പെടുംവിധമാണ് ക്രമീകരിച്ചിട്ടുള്ളതെന്ന് കാണാം. ഈ കൗശലം വഴി യാഗക്രിയകള്‍ ഗുണകരമാണെന്ന് എല്ലായ്‌പോഴും അവകാശപ്പെടാനാകും.
വെറും സര്‍വ്വസാധാരണ നിരീക്ഷണങ്ങള്‍ യാഗത്തിന്റെ ഗുണഫലമാണെന്നു വ്യാഖ്യാനിച്ചുണ്ടാക്കാന്‍ അതിന്റെ വക്താക്കള്‍ മുതിര്‍ന്നിട്ടുണ്ട്. യാഗശാലാപരിസരത്ത് സൂക്ഷ്മാണുക്കള്‍ കുറവാണെന്ന പ്രസ്താവന ഇതിനുദാഹരണമാണ്. ചുടു തട്ടിയാല്‍ അണുക്കള്‍ നശിക്കും എന്ന സൂക്ഷ്മാണു വീജ്ഞാനീയത്തിന്റെ (മൈക്രോബയോളജി) ബാലപാഠം വലിയൊരു കണ്ടെത്തലായി അവതരിപ്പിക്കപ്പെടുകയാണിവിടെ. 1956 ല്‍ അതിരാത്രം നടന്നിരുന്ന കുളത്തില്‍ സൂക്ഷ്മജീവികളുടെ അഭാവമുണ്ടെന്നും മറ്റും പറഞ്ഞത് വിശ്വസനീയതയുടെ പരിധിക്കപ്പുറമാണ്. “ശുദ്ധി” എന്നതിന്റെ നിര്‍വചനം വശദമാക്കാതെ ജലവും വായുവും മണ്ണും ശുദ്ധമായി എന്നു നിഗമനം ചെയ്യപ്പെടുന്നതിന്റെ പ്രസക്തി ചോദ്യം ചെയ്യപ്പെടേണ്ടതുണ്ട്.
യാഗസ്ഥലത്തെ പഠനങ്ങളില്‍ സാങ്കേതികതകൊണ്ട് ശ്രദ്ധയാകര്‍ഷിക്കുന്നത് പ്രൊഫ. സക്‌സേന (ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് അസ്‌ട്രോഫിസിക്‌സ്) നടത്തിയ “പ്രവര്‍ഗ്യ”ത്തെക്കുറിച്ചുള്ള പരിശോധനയാണ്. കലത്തില്‍ അതിതപ്തമായ നെയ്യില്‍ പാലൊഴിക്കുമ്പോള്‍ അഗ്നിഗോളമായി മേല്‍പോട്ടു പൊങ്ങുന്ന പ്രവര്‍ഗ്യക്രിയ യാഗശാല ശുദ്ധികരിക്കാനാണെന്നാണു വെയ്പ്. നെയ്യ് അമിതമായി ചൂടാക്കിയാല്‍ തീപിടിക്കുമെന്ന കാര്യം മനസിലാക്കാന്‍ വലിയ ധൈഷണികപാടവമൊന്നും വേണ്ട. തപ്തബാഷ്പങ്ങളുടെ ജ്വലനത്തിന്റെ രസതന്ത്രവും പ്രകാശികസ്വഭാവവും ഇന്നു സുപരിചിതമാണ് എന്നിരിക്കെ ഒരു സീനിയര്‍ ശാസ്ത്രജ്ഞന്‍ പ്രവര്‍ഗ്യാഗ്നിയുടെ വികിരണരാജിയും സഞ്ചാരവേഗവും പഠിക്കാന്‍ മുതിര്‍ന്നത് വൃഥാവ്യായാമമാണ്. ഈ പഠനത്തിന്റെ ഫലത്തെക്കുറിച്ചു പത്രക്കുറിപ്പുകളില്‍ ഇപ്രകാരം കാണുന്നു: “(പ്രവര്‍ഗ്യത്തിലെ) തീനാളങ്ങളുടെ തീവ്രത ലേസര്‍ രശ്മികളുടേതു പോലെ അപൂര്‍വ്വമായ താപനില രേഖപ്പെടുത്തി,” യാഗശാലയുടെ ശുദ്ധിക്കു തെളിവായി ഹൈഡ്രജന്‍ കണ്ടെത്തിയെന്നും പരാമര്‍ശമുണ്ടായി. അസ്വഭാവികമായി തോന്നിയ ഈ പരാമര്‍ശങ്ങളെപ്പറ്റി പ്രൊ. സക്‌സേനയോട് നേരിട്ട് എഴുതി ചോദിച്ചപ്പോള്‍ മറുപടി ഇപ്രകാരമായിരുന്നു: “അത്തരത്തിലുള്ള നിരീക്ഷണമൊന്നും ഞാന്‍ നടത്തിയിട്ടില്ല. ഹൈഡ്രജന്റെ വികിരണങ്ങള്‍ ദര്‍ശിച്ചിട്ടുമില്ല. ഒരുപക്ഷേ അതു മറ്റാരെങ്കിലും കൂട്ടിച്ചേര്‍ത്തതാകാനാണ് വഴി.” യാഗവക്താക്കള്‍ ജനങ്ങളെ വഴി തെറ്റിക്കാന്‍ നടത്തിയ കുല്‍സിതശ്രമമായിരുന്നു അതെന്നു വ്യക്തം. വികലമായ പരീക്ഷണങ്ങള്‍ നടത്തി അതിന്റെ ഫലങ്ങള്‍ ഊതിപ്പെരുപ്പിച്ചും അസത്യങ്ങള്‍ ഉരുക്കഴിച്ചും യാഗത്തിനു ഗുണഫലമുണ്ടെന്നു വരുത്തിത്തീര്‍ക്കാനുള്ള ഹീനമായ ശ്രമമാണ് പാഞ്ഞാള്‍ അതിരാത്രത്തോടനുബന്ധിച്ചു നടന്നത്. ശാസ്ത്രജ്ഞരുടെ വശത്തു നിന്നുണ്ടായ ഈ അനാശാസ്യ സഹകരണം നിരുത്തരവാദപരവും പ്രതിഷേധാര്‍ഹവുമാണ്.

തൃശ്ശൂര്‍ / 18..06..2011

1. പ്രൊഫ. കെ. പാപ്പുട്ടി (കേരള ശാസ്ത്ര-സാഹിത്യ പരിഷത്ത്)
2. ഡോ. കെ.പി. അരവിന്ദന്‍ (ആലപ്പുഴ മെഡിക്കല്‍ കോളേജ്)
4. ഡോ. എസ്. ശങ്കര്‍ (ശാസ്ത്രജ്ഞന്‍, കെ.എഫ്.ആര്‍.ഐ., പീച്ചി)
5. യു.കലാനാഥന്‍ (പ്രസിഡന്റ്, കേരള യുക്തിവാദി സംഘം)
6. ഡോ. സി.പി. രാജേന്ദ്രന്‍ (ഭൗമ ശാസ്ത്രജ്ഞന്‍)
7. എന്‍. ശങ്കരനാരായണന്‍, (മുന്‍ ശാസ്ത്രജ്ഞന്‍, ബാബ ആറ്റമിക് റിസച്ച് സെന്റര്‍, മുംബൈ)
8. ഡോ. മനോജ് കോമത്ത് (ശാസ്ത്രജ്ഞന്‍, ശ്രീചിത്തിര ഇന്‍സ്റ്റിറ്റിയൂട്ട്, തിരു..പുരം )
9. ഡോ. കെ.ആര്‍ വാസുദേവന്‍ (ചെയര്‍മാന്‍, കോവൂര്‍ ട്രസ്റ്റ്)
10. ഡോ. സി. രാമചന്ദ്രന്‍ (മുന്‍ ശാസ്ത്രജ്ഞന്‍, ഐ.എസ്.ആര്‍.ഒ)
11. ഡോ. പി.കെ. നാരായണന്‍ (മന:ശാസ്ത്രജ്ഞന്‍)
12. ഡോ. പി.റ്റി. രാമചന്ദ്രന്‍ (കോഴിക്കോട് സര്‍വ്വകലാശാല)
13. പ്രൊഫ. സി രവിചന്ദ്രന്‍ (യൂണിവേഴ്‌സിറ്റി കോളേജ്, തിരു..പുരം)
14. ഡോ.റ്റി.വി സജീവ് (ശാസ്ത്രജ്ഞന്‍, കെ.എഫ്.ആര്‍.ഐ., പീച്ചി)
15. അഡ്വ. കെ. എന്‍. അനില്‍കുമാര്‍ (ജന.സെക്രട്ടറി, കേരള യുക്തിവാദി സംഘം)
16. ഇരിങ്ങല്‍ കൃഷ്ണന്‍ (സെക്രട്ടറി, കേരള യുക്തിവാദി സംഘം)
17. കെ.പി. ശബരി ഗീരീഷ് (പവനന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ സെക്കുലര്‍ സ്റ്റഡീസ്)
18. റ്റി.കെ. ശക്തിധരന്‍ (സെക്രട്ടറി, കേരള യുക്തിവാദി സംഘം)

Tuesday, May 31, 2011

യുക്തിവാദികളും സാമൂഹ്യനീതിക്കുവേണ്ടിയുള്ള പോരാട്ടവും

മേയ് 2011  ലക്കം 'യുക്തിവിചാരം' മാസികയിൽ വന്ന ഡോ. ലാസർ തേവർമഠത്തിന്റെ ലേഖനത്തെക്കുറിച്ച് ശ്രീ. രവീന്ദ്രനാഥ് ടി കെ,അദ്ദേഹത്തിന്റെ atheism ബ്ലോഗിൽ  യുക്തിവാദം എന്ത്? : രാജഗോപാല്‍വാകത്താനം കാണാതെ പോകുന്ന കാര്യങ്ങള്‍എന്ന പേരില്‍ ഒരു പോസ്റ്റ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഈ പോസ്റ്റിൽ ഇട്ട കമന്റ് പ്രസക്തമെന്ന് തോന്നുന്നതിനാൽ ഇവിടെ ഇടുന്നു.

ഡോ: ലാസറിന്റെ ലേഖനം വായിച്ചപ്പോള്‍, രാജഗോപാല്‍ പറയുന്നതിലും ലാസര്‍ പറയുന്നതിലും ശരിതെറ്റുകളുണ്ടെന്നു  തോന്നി. “ എന്നു പറയുന്നതു പോലെ ഈ പോസ്റ്റ് വായിച്ചപ്പോൾ രവീന്ദ്രനാഥ് സർ പറയുന്നതിലും ശരിതെറ്റുകളുണ്ടെന്നാണ്‌ എനിക്ക് തോന്നുന്നത്.

യുക്തിവാദി സംഘത്തിന്റെ പ്രവർത്തന മേഖലയിലെ ഊന്നൽ എന്തിനാകണം എന്ന കാര്യത്തിൽ ലേഖകന്റെ അഭിപ്രായത്തോട് യോജിക്കുന്നു. അന്ധവിശ്വാസം, അനാചാരങ്ങൾ, ജാതീയവും മതപരവുമായ വിവേചനം, ആശാസ്ത്രീയമായ വിശ്വാസപമാണങ്ങൾ-(ജ്യോതിഷം മുതൽ ഹോമിയോപ്പതി വരെ) എന്നിവയ്ക്കെതിരായ പ്രചരണവും ബോധവല്ക്കരണവും തന്നെയാണ്‌ യുക്തിവാദികൾ മുഖ്യ അജണ്ടയായി എടുക്കേണ്ടത്. അതിനുള്ള ന്യായവും ശരിതന്നെ; നിലവിൽ യുക്തിവാദി സംഘടനകൾക്ക് വളരെ പരിമിതമായ റിസോഴ്സുകൾ മാത്രമേയുള്ളു. ഇത് മുഖ്യലക്ഷ്യങ്ങൾക്കുവേണ്ടി മാറ്റിവെയ്ക്കുകതന്നെ വേണം.
   
ഒരു സംഘടന എന്ന നിലയിൽ പരിമിതമായ വിഭവശേഷിയിൽ യുക്തിവാദി സംഘടനയ്ക്ക് ഇത്രയൊക്കെയേ ചെയ്യാൻ കഴിയൂ എന്ന കാര്യത്തില്‍ യോജിക്കുമ്പോഴും ഒരു വ്യക്തിയെന്ന നിലയിൽ 'യുക്തിവാദി' എന്തായിരിക്കണം എന്ന കാര്യത്തില്‍ ശ്രീ. രാജഗോപാലിന്റെ നിരീക്ഷണങ്ങൾക്ക് വളരെയേറെ പ്രസക്തിയുണ്ടെന്ന്‌ ഞാൻ കരുതുന്നു. ‘മാനവികമായ സാമൂഹിക-സാംസ്കാരിക-രാഷ്ട്രീയ-ജീവിതത്തെപ്പറ്റിയുള്ള ഒരു സമഗ്രസംഹിത’ യുടെ അനുയായികളാവണം  യുക്തിവാദികള്‍ എന്നു നിഷ്കര്‍ഷിച്ചാല്‍ യുക്തിവാദികളാവാന്‍  ആളെ കിട്ടില്ല. “ എന്ന വാദം ഈ സാഹചര്യത്തിൽ തികച്ചും നിഷേധാത്മകമാണെന്ന് പറയാതെ വയ്യ. 

ഒരു സംഘടന എന്ന നിലയിൽ യുക്തിവാദികൾ അംഗങ്ങളായ സംഘങ്ങൾക്ക് (സംഘടന ഏതായാലും) കുറെയേറെ പരിമിതികളുണ്ടാകും. ഉദാഹരണത്തിന്‌ മദ്യപാനം, പുകവലി, ലഹരി ഉപയോഗം തുടങ്ങിയ വിഷയങ്ങൾ എടുക്കുക. യുക്തിവാദി സംഘം ഇതിനെതിരായ ബോധവർക്കരണത്തിന്‌ നില്‍ക്കണം എന്നു പറഞ്ഞാൽ അത് പ്രായോഗികമാവുകയില്ല. പരിസ്ഥിതിയുടെ പ്രശ്നമെടുക്കുക. ഈ വിഷയത്തെ മുഖ്യവിഷയമായി എടുത്ത് പ്രവർത്തിക്കാൻ യുക്തിവാദി സംഘത്തിന്‌ കഴിയുകയില്ല. കലാ സാംസ്കാരിക രംഗങ്ങളിൽ മുന്നിട്ടിറങ്ങി പ്രവർത്തിക്കാനും ഒരു സംഘടന എന്ന നിലയിൽ സംഘത്തിന്‌ ബുദ്ധിമുട്ടാകും.

എന്നാൽ ഒരു യുക്തിവാദി ഈ വിഷയങ്ങളിലെല്ലാം സ്വന്തമായ ഉറച്ച നിലപാടുള്ളയാളായിരിക്കണം. ഈ വിഷയങ്ങൾ യുക്തിവാദിസംഘടന എന്ന നിലയിൽ ഏറ്റെടുക്കുന്നത് ബുദ്ധിമുട്ടായിരിക്കുമെങ്കിലും (അതിൽ പ്രായോഗികമായ ഒരു പാട് വിഷമങ്ങൾ, പരിമിതികൾ ഉണ്ടാകും) ഈ മേഖലകളിൽ പ്രവർത്തിക്കുന്ന മറ്റ് സംഘടനകളുമായി യോജിച്ച് പ്രവർത്തിക്കുന്നതിൽ യുക്തിവാദികൾക്ക് ബുദ്ധിമുട്ടുണ്ടാകേണ്ടതില്ലെന്ന് മാത്രവുമല്ല, അത് അനിവാര്യവുമാണ്‌.

തീര്‍ച്ചയായും ശാസ്ത്രസിദ്ധാന്തങ്ങള്‍ക്ക്  വിലകല്‍പ്പിക്കുന്നവനാകണം യുക്തിവാദി. അവന്റെ മിനിമം ക്വാളിഫിക്കേഷന്‍,  ശാസ്ത്രബോധം മുറുകെപ്പിടിക്കുകയും, യുക്തിപരമായി ചിന്തിച്ചു പ്രവര്‍ത്തിക്കുകയും, മതാന്ധവിശ്വാസങ്ങളെ വ്യക്തിജീവിതത്തില്‍ നിന്ന് ഒഴിവാക്കുകയും, അതെനെതിരെ പ്രതികരിക്കുകയും, ചെയ്യുക എന്നതായിരിക്കണം. ഒരു യുക്തിവാദി ഇപ്പറഞ്ഞതെല്ലാമാകണം. ജീവിതത്തിൽ സത്യാസത്യങ്ങളെ വിവേചിച്ചറിയാൻ യുക്തിയുടെയും ശാസ്ത്രത്തിന്റെയും ഉരക്കല്ലിൽ സകല പ്രശ്നങ്ങളെയും ഉരച്ചുനോക്കി മാത്രം നിലപാടെടുക്കാൻ യുക്തിവാദിക്കു കഴിയണം.

സംഘടന എന്ന നിലയിൽ പല പരിമിതികളും പ്രവർത്തന മേഖലയിലെ മുൻഗണനകൾക്ക് ഉണ്ടെങ്കിലും പൊതുവായ സാമൂഹ്യ വിഷയങ്ങളിൽ യുക്തിവാദി സംഘടനകൾക്ക് വ്യക്തമായ നിലപാടെടുക്കേണ്ടതായും അത് പ്രചരിപ്പിക്കേണ്ടാതായും വരുന്ന സന്ദർഭങ്ങൾ ഉണ്ടാകും. ഉദഹരണം, ഏറ്റവും ഒടുവിൽ ഉണ്ടായ എന്റോസൾഫാൻ പ്രശ്നം. ഈ വിഷയത്തിൽ മുൻനിന്ന് പ്രവർത്തനം നടത്താൻ പരിമിതികൾ ഉണ്ടാകാമെങ്കിലും സംഘത്തിന്‌ ഇക്കാര്യത്തിൽ വ്യക്തമായ കാഴ്ചപ്പാടുകൾ ഉണ്ടായിരുന്നു. അതേ പോലെ പരിസ്ഥിതി, കലാ സാംസ്കാരിക പ്രവർത്തനം, മദ്യപാനം, ലഹരി ഉപയോഗം തുടങ്ങിയ മേഖലകളിലും സംഘടനയ്ക്ക് സ്വന്തമായ അഭിപ്രായം രൂപീകരിക്കാൻ ബാധ്യതയുണ്ട്.

സാമൂഹ്യനീതിയുടെ പ്രശ്നമെടുക്കുക. സഹസ്രാബ്ദങ്ങളായി ജാതീയമായ അതിക്രമങ്ങൾക്കും വിവേചനങ്ങൾക്കും വിധേയമായ പട്ടികജാതി, പിന്നോക്ക സമുദായങ്ങൾക്ക് ഭരണ-ഉദ്ധ്യോഗ രംഗങ്ങളിൽ സംവരണം നല്കണമെന്ന വിഷയത്തിലും യുക്തിവാദി സംഘത്തിന്‌ വ്യക്തമായ നിലപാടുണ്ട്.

പറഞ്ഞു വന്നത് “‘മാനവികമായ സാമൂഹിക-സാംസ്കാരിക-രാഷ്ട്രീയ-ജീവിതത്തെപ്പറ്റിയുള്ള ഒരു സമഗ്രസംഹിത’യുടെ അനുയായികളാവണം  യുക്തിവാദികള്‍ ” എന്ന വാദം വളരെയേറെ പ്രസക്തമാകണം എന്നുതന്നെയാണ്‌. ഇതിന്റെ അർത്ഥം എല്ല യുക്തിവാദികളും സി പി എമ്മിൽ മെമ്പർഷിപ്പെടുക്കണം എന്നല്ല. സാമൂഹികവും സാംസ്കാരികവും, രാഷ്ട്രീയവുമായ സമസ്തമേഖലകളിലും സമഗ്രമായ കഴ്ചപ്പാട് ആർജിക്കാൻ യുക്തിവാദികൾക്ക് കഴിയണം എന്നാണ്‌.

ഒരു  പക്ഷെ രാജഗോപാല്‍  ഉദ്ദേശിക്കുന്ന ‘സമരോല്സുകം’ ഇതിനുമപ്പുറത്തുള്ള സാമൂഹിക നീതിക്ക് വേണ്ടിയുള്ള സമരമാകാം. യുക്തിവാദികള്‍ അത്രടം വരെ പോകേണ്ടതില്ല. എന്ന് ലേഖകൻ പറയുമ്പോഴും ഇതേ പ്രശ്നം ബാക്കി നില്ക്കുന്നു. സാമൂഹ്യനീതിയ്ക്കു വേണ്ടിയുള്ള പോരാട്ടത്തിന്‌ നേരിട്ട് നേതൃത്വം നല്‍കാന്‍, സംഘടന എന്ന നിലയിൽ യുക്തിവാദി സംഘത്തിന്‌ പരിമിതികൾ ഉണ്ടാകാമെന്ന് സമ്മതിച്ചാലും, സാമൂഹ്യനീതിക്കു വേണ്ടിയുള്ള പോരാട്ടത്തിലെ മുന്നണിപ്പോരാളിയായിരിക്കണം ഓരോ യുക്തിവാദിയും എന്നതിൽ തർക്കത്തിനേ പ്രസക്തിയില്ല. മനുഷ്യൻ മനുഷ്യനുമേൽ ആധിപത്യം സ്ഥാപിച്ച് നില നില്‍ക്കുന്ന ഏത് സംവിധാനത്തിനും (ഉദാ: ഇന്ത്യൻ ജാതിവ്യവസ്ഥ, സാമ്രാജ്യത്ത മോഹത്തോടെ യുദ്ധങ്ങളിലേർപ്പെടുന്ന നയങ്ങള്‍, അയിത്തം, തൊട്ടുകൂടായ്മ തുടങ്ങിയവ) എതിരെ വ്യക്തമായ അഭിപ്രായമുള്ളയാളും അതിനെതിരായ പോരാട്ടത്തിന്റെ മുന്നണിപ്പോരാളിയുമാകണം ഓരോ യുക്തിവാദിയും. 

Friday, May 20, 2011

ചാണകം തളിയും പുണ്യാഹവും

(ജാതിവിവേചനം, അയിത്താചരണം തുടങ്ങിയവ പുതിയ രൂപത്തില്‍ അവതരിക്കുന്ന കാലമാണിത്. ഇത്തരം അനാചാരങ്ങള്‍ക്കെതിരെ ബൂലോകത്തും പ്രതികരണങ്ങളുണ്ടായിട്ടുണ്ട്. എന്നാല്‍ അവ പ്രശ്നത്തിന്റെ മൂല കാരണം ബോധപൂര്‍വമോ അല്ലാതെയോ സ്പര്‍ശിക്കാത്ത ചര്‍ച്ചകളില്‍ ഒതുങ്ങുന്നതായി കാണാം. എന്നാല്‍ രസകരമായ വസ്തുത, എല്ലാത്തരം ജാതി-മത വിവേചനങ്ങള്‍ക്കും എതിരായി വര്‍ത്തിക്കുന്ന യുക്തിവാദികളെ വഴിയെ പോകുമ്പോല്‍ ഒന്ന് തോണ്ടിനോക്കാനുള്ള പ്രവണത ഈ വിഷയത്തിലും ചിലപ്പോള്‍ കാണുന്നു എന്നതാണ്‌. ഒരു പക്ഷേ, മുന്‍വിധികളും ഇത്തരത്തിലുള്ള വിലയിരുത്തലുകള്‍ക്ക് കാരണമായിട്ടുണ്ടാകാം. യുക്തിവാദികളോട് സാമൂഹികമായോ വ്യക്തിപരമായോ എന്തെങ്കിലും ശത്രുതയുള്ളവരാണ്‌ ഇവരില്‍ പലരുമെന്ന് എനിക്കഭിപ്രായമില്ല. എന്നാല്‍ യുക്തിവാദികള്‍ക്കെതിരെ എന്തെങ്കിലും വീണുകിട്ടിയാല്‍ അത് എടുത്ത് ആയുധമാക്കാന്‍ കാത്തിരിക്കുന്ന ചിലര്‍ ഇത്തരം വീണുകിട്ടുന്ന അവസരം പരാമാവധി മുതലെടുക്കാറുണ്ട് എന്നതാണ്‌ വസ്തുത.


ഇത്തരത്തില്‍ എഴുതപ്പെട്ട ഒരു പോസ്റ്റാണ്‌ ചിത്രകാരന്റെ യുക്തിവാദികള്‍ സവര്‍ണജാതിക്കാരോ എന്ന പോസ്റ്റ്. ഈ പോസ്റ്റും അതില്‍ ഞാനിട്ട കമന്റുകളും വായിച്ചുനോക്കാന്‍ അഭ്യര്‍ത്ഥിക്കുന്നു.


ചിത്രകാരന്‍ പരാമര്‍ശിച്ചിരിക്കുന്ന ലേഖനം എഴുതിയത് ശ്രീ. ടി ആര്‍ തിരുവിഴാംകുന്ന് ആണ്‌. അദ്ദേഹത്തെ ഒരു സവര്‍ണ യുക്തിവാദിയായി ചിത്രകാരന്‍ വിലയിരുത്തുന്നത് കാണാം.


അതേ ടി ആര്‍ തിരുവിഴാംകുന്ന് 2011മെയ് ലക്കം യുക്തിരേഖയില്‍ എഴുതിയ ലേഖനം ഈയവസരത്തില്‍ ഇവിടെ എടുത്ത് പ്രസിദ്ധികരിക്കുന്നു. ചാണകം തെളിയുടെ സവര്‍ണത പരിശോധിക്കുമ്പോള്‍, ആ സവര്‍ണത എങ്ങനെ ഉടലെടുക്കുന്നു എന്ന് പച്ചയായി പറയുന്നു ഈ ലേഖനം. 


യുക്തിവാദികളെ കാണുന്നേടത്ത് വെച്ച് കൊട്ടാന്‍ വരുന്നവര്‍ ഒരുവട്ടം ഇത് വായിച്ചുനോക്കട്ടെ. അന്ധവിശ്വാസങ്ങളിലും അനാചാരങ്ങളിലും മുങ്ങിനില്‍ക്കുന്ന കേരളത്തിലെ ജാതി സംഘടനകളും അവയുടെ വക്താക്കളും കണ്ടിട്ടും കണ്ടില്ലെന്ന് നടിക്കുന്ന പച്ചയായ സത്യത്തെക്കുറിച്ച് അവര്‍ വിലയിരുത്തട്ടെ.)


ചാണകം തളിയും പുണ്യാഹവും
ടി ആര്‍ തിരുവിഴാംകുന്ന് -- യുക്തിരേഖ 2011മെയ്


പഞ്ചായത്ത് -മുനിസിപ്പാലിറ്റി തുടങ്ങിയ തദ്ദേശ ഭരണ സ്ഥാപനങ്ങളിൽ ഒരു നിശ്ചിത ശതമാനം പട്ടികജാതി-പട്ടിക വർഗങ്ങൾക്കായി സംവരണം ചെയ്തിട്ടുണ്ട്. ഇന്ത്യൻ ഭരണഘടന നല്‍കുന്ന അവകാശമാണിത്. അതുകൊണ്ടുതന്നെ, ഇത്തരം സംവരണ സ്ഥാപനങ്ങളിലെ പ്രസിഡന്റുമാർ/ചെയർമാന്മാർ പട്ടികജാതി/പട്ടികവർഗക്കാരായിരിക്കും. പക്ഷേ എന്തു ഫലം? പ്രസിഡന്റുമാർ/ചെയർമാന്മാർ താഴെ നിലത്തും സവർണരായ ഇതര മെമ്പർമാർ കസേരയിലും ഇരുന്നാണ്‌ ഭരണം നടത്തിപ്പോരുന്നത്! ഉത്തരേന്ത്യയിൽ പല തദ്ദേശഭരണ സ്ഥാപനങ്ങളിലും ഇതാണവസ്ഥ. 

ഈ  വാർത്ത വായിച്ചറിജ്ഞ ദൈവത്തിന്റെ സ്വന്തം നാട്ടിലെ പലരും, ഇതൊന്നും കേരളത്തിൽ നടപ്പില്ലെന്നോർത്ത് അഭിമാന വിജൃംഭിതരായി. ഇവർ ആസന്നഭാവിയിൽ തന്നെ അപമാനപൂരിതരായി അധമബോധത്തിന്റെ ഉടമകളാകേണ്ടിവരും. ആ വിധത്തിലാണ്‌ കാര്യങ്ങൾ നീങ്ങുന്നത്. നോക്കുക.

ഈ കഴിഞ്ഞ തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ പലയിടത്തും ഭരണ മാറ്റം സംഭവിച്ചു. തല്ഫലമായി പുതിയ പ്രസിഡന്റുമാർ/ചെയർമാന്മാർ/മേയർമാർ അധികാരമേറ്റു. തിരുവനന്തപുരം ജില്ലയിലെ പുല്ലമ്പാറ പഞ്ചായത്തിലും പത്തനംതിട്ടയിലെ ഏനാദിമംഗലം പഞ്ചായത്തിലും പട്ടികജാതിക്കാരായ പ്രസിഡന്റുമാർ ഉപയോഗിച്ചിരുന്ന ഉപകരണങ്ങളും ഫർണിച്ചറുകളും ഓഫീസ് മുറിയും പിൻഗാമികളായ മേൽ ജാതിക്കാർ ചാണകവെള്ളം തെളിച്ചും പുണ്യാഹം തെളിച്ചും ശുദ്ധികലശം ചെയ്തു!


 ഈ സംഭവം വാർത്തയായി. പക്ഷേ, അധികം താമസിയാതെ ഈ സംഭവം കേവലം ചായക്കോപ്പയിലെ കൊടുംകാറ്റായി അവസാനിച്ചു. അയിത്താചരണം ശിക്ഷാർഹമായ കുറ്റമാണെന്ന ഇന്ത്യൻ ശിക്ഷാനിയമ വ്യവസ്ഥ നിലനില്ക്കുന്ന രാജ്യത്താണ്‌ ഈ സ്ഥിതി എന്നോർക്കണം!


നിരവധികാലം കേന്ദ്ര ക്യാബിനറ്റ് മന്ത്രിയും ഭരണ നിപുണനുമായിരുന്ന ജഗത്ജീവൻ റാം, ഇന്ത്യൻ പാർലമെന്റിന്റെ സെന്ററൽ ഹാളിൽ ഡോക്റ്റർ സമ്പൂർണാനന്ദിന്റെ പ്രതിമ അനാച്ഛാദനം ചെയ്തു. (അല്പ്പം പഴയ വാർത്തയാണ്‌) ജഗത് ജീവൻ റാം നോക്കിനില്ക്കെ തന്നെ, ഒരു പറ്റം ആൾക്കാർ വന്ന് പുണ്യാഹം തെളിച്ച് സമ്പൂർണാനന്ദിന്റെ പ്രതിമ 'ശുദ്ധി'യാക്കി. ഒരു കേന്ദ്ര ക്യാബിനറ്റ് മന്ത്രിയുടെ സാന്നിധ്യത്തിൽ നടന്ന ഈ ജാതി വിവേചനക്കളി ഒന്നും സംഭവിക്കാതെ, ആരോടും യാതൊന്നും ചോദിക്കാതെ, ഒരില പോലുമനങ്ങാതെ അവസാനിക്കുകയാണുണ്ടായത്. മാത്രവുമല്ല ജഗത് ജീവൻ റാം അന്തരിച്ചപ്പോൾ അദ്ദേഹത്തിന്റെ ഭൗതിക ശരീരം രാഷ്ട്രനേതാക്കളുടെ അന്ത്യവിശ്രമസ്ഥലത്ത് സംസ്കരിക്കാൻ അനുവദിച്ചതുമില്ല. അദ്ദേഹം ജാതിയിൽ 'താഴ്ന്ന'വനായിരുന്നതാണ്‌ കാരണം.

കേരളത്തിലും ജാതീയമായ ഉച്ചനീചത്വങ്ങൾ ധാരാളമുണ്ടായിരുന്നു. തൊട്ടുകൂടാത്തവർ, തീണ്ടിക്കൂടാത്തവർ, ദൃഷ്ടിയിൽ പെട്ടാലും ദോഷമുള്ളോർ, കെട്ടില്ലാത്തോർ, തമ്മിലുണ്ണാത്തോർ ഇങ്ങനെ ഒട്ടനവധി ജാതിക്കോമരങ്ങൾ ഇവിടെയുണ്ടായിരുന്നു. നായന്മാരിക്കിടയിൽ മാത്രം നൂറ്റി നല്പതിലധികം അവാന്തരവിഭാഗങ്ങൾ. പട്ടികജാതിക്കാർക്കിടയിൽ 64 വിഭാഗങ്ങൾ, പട്ടിക വർഗക്കാർക്കിടയിൽ 44 വിഭാഗങ്ങൾ. അതുപോലെ മറ്റാരോ സമുദായങ്ങൾക്കിടയിലും ധരാളം വിഭാഗങ്ങളുണ്ട്. ഇവയ്ക്കോരോന്നിനും പ്രത്യേകം പ്രത്യേകം ആചാരാനുഷ്ഠാനങ്ങളുമുണ്ട്. ഇവയെല്ലാം കൂട്ടിച്ചേർന്ന് സമൂഹഗാത്രത്തെ കടിച്ചുകിറുന്നതുകണ്ടിട്ടാണ്‌ കേരളം ഭ്രാന്താലയമാണെന്ന് സ്വാമി വിവേകാനന്ദൻ അഭിപ്രായപ്പെട്ടത്.    

ഭ്രാന്താലയമായിരുന കേരളത്തെ മനുഷ്യാലയമാക്കി മാറ്റാൻ വേണ്ടി പ്രയത്നിച്ച മഹാമതികൾ നിരവധിയാണ്‌. സ്വാതന്ത്ര്യ സമരമെന്ന പേരിലാണ്‌ ഈ പ്രയത്നം അറിയപ്പെട്ടത്. വിദേശ സർക്കാരിൽ നിന്നുള്ള സ്വാത്രന്ത്ര്യത്തോടൊപ്പം തന്നെ ദാരിദ്ര്യം, അയിത്തം, ജന്മിത്തം തുടങ്ങിയ സാമൂഹികമായ ഉച്ചനീചത്വങ്ങളിൽ നിന്നുള്ള സ്വാതന്ത്ര്യത്തിനും കൂടിയാണ്‌ സ്വാതന്ത്ര്യ സമരം എന്ന് ഉദ്ദേശിക്കപ്പെട്ടത്. ആശയ സമ്പന്നരും ആർജവമതികളുമായ നേതൃത്വവും പ്രയത്നശീലരും ത്യാഗമതികളുമായ അണികളും ഐകകണ്ഠേന മുന്നേറിയപ്പോൾ, ജനങ്ങളുടെ സ്വാതന്ത്ര്യമോഹം സക്ഷാല്ക്കരിക്കപ്പെട്ടു.

1947 ആഗസ്ത് 15 ന്‌ നമുക്ക് രാഷ്ട്രീയ സ്വാതന്ത്ര്യം ലഭിച്ചു. സാമ്പത്തിക-സാമൂഹക സ്വാത്രന്ത്ര്യം ഇന്നേവരെ ലഭിച്ചിട്ടില്ല. കേരളത്തിൽ ജന്മിത്തം ഇല്ലാതാക്കിയതുമൂലം അല്പ്പം സാമ്പത്തിക സ്വാത്രന്ത്ര്യവും തദ്വാരാ ചെറിയ തോതിലുള്ള സമൂഹിക സ്വാതന്ത്ര്യവും ലഭിച്ചിട്ടുണ്ട്. കേരളത്തിലെ ഉയർന്ന സാക്ഷരതാ നിരക്ക് സാമൂഹിക സ്വാതന്ത്ര്യത്തെ ശതഗുണിഭവിപ്പിക്കാൻ പര്യാപ്തവുമായി. പക്ഷേ എന്തുഫലം?

പട്ടിക്കുപോലും നിർബാധം നടക്കാമായിരുന്ന പൊതുനിരത്തുകളിൽ 'അവശന്മാ-രാർത്തന്മാ-രാലംബ ഹീനന്മാരായിരുന്ന' 'മ്ളേച്ഛ' ജാതിക്കാർക്ക് നടക്കാൻ അനുവാദമുണ്ടായിരുന്നില്ല. സമാനമായ അനേകം ‘അരുത്‌’ കളും ഉണ്ടായിരുന്നു. ഇവക്കെതിരെ ശക്തിയുക്തം ആശയപ്രചാരണവും സമര പരിപാടികളും മറ്റും നടത്തിയതിന്റെ ഫലമായി സാമൂഹിക രംഗത്ത് ചെറിയ തോതിലെങ്കിലും ആശാവഹമായ ഉണർവുണ്ടായി. 1940 കളിൽ നേരിയ തോതിലും 1960 കളിൽ ഗണ്യമായ തോതിലുമുണ്ടായ സാമൂഹ്യ നവോദ്ധാന പ്രക്രിയ, 1980 കളുടെ അവസാന കാലം മുതൽ ഒരു തിരിച്ചുപോക്കിന്‌ തയ്യാറെടുക്കുകയാണ്‌. (അതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ്‌, റാജിസ്ട്രേഷൻ ഐ. ജി. എ. കെ രാമകൃഷ്ണൻ (റിട്ടയേർഡ്) ഉപയോഗിച്ചിരുന്ന ഓഫീസ് റൂമും ഫർണിച്ചറും ഫോണും, കാറും മറ്റും ചാണകം തളിച്ച്‌ 'ശുദ്ധീകരിച്ചത്')

വൈകുണ്ഠ സ്വാമികൾ, ശ്രീനാരായണ ഗുരു, ചട്ടമ്പി സ്വാമികൾ, അയ്യങ്കാളി, പണ്ഡിറ്റ് കറുപ്പൻ, സഹോദരൻ അയപ്പൻ, മന്നത്ത് പത്മനാഭൻ, ഇ എം എസ്സ്, എ കെ ജി, സ്വാമി ആനന്ദതീർത്ഥൻ, വി ടി ഭട്ടതിരിപ്പാട്... തുടങ്ങിയ നൂറു കണക്കായ മഹാന്മാരുടെ ശ്രമ ഫലമായി സാമൂഹിക നവോദ്ധാനത്തിന്‌ ആഴത്തിൽ വേരോട്ടമുണ്ടായ നാടാന്‌ കേരളം. ഏതാണ്ട് ഒരു നൂറ്റാണ്ടുകൊണ്ട് മാത്രം നേടിയെടുത്ത ഈ മുന്നേറ്റം, വന്നതിലും വേഗത്തിൽ തിരികെ പോവുകയാണ്‌. എന്തേ ഈ വൈപരീത്യത്തിന്‌ കാരണമെന്ന് ചിന്തിച്ചേ തീരൂ.  

കേരളത്തിലുടനീളം അങ്ങിങ്ങായി വലുതും ചെറുതുമായ ധാരാളം ക്ഷേത്രങ്ങൾ ജീർണവസ്ഥയിൽ കിടപ്പുണ്ടായിരുന്നു. ഇവയുടെ പുനർ നിർമ്മാണത്തിനും വിഗ്രഹപ്രതിഷ്ഠക്കും മറ്റുമായി ഭക്തജന സമിതികൾ രൂപീകരിക്കപ്പെട്ടു. തികച്ചും നിർദ്ദൊഷമെന്ന് തോന്നാവുന്ന വിധത്തിലായിരുന്നു ഭക്തജന സമിതികളുടെ രൂപീകരണം. തന്മൂലം പ്രസ്തുത സമിതികളിൽ അംഗങ്ങളാകാനും അമ്പല നിർമ്മാണത്തെ പ്രോൽസാഹിപ്പിക്കാനും പുരോഗമനവാദികൾ വരെ സന്നദ്ധരായി. അമ്പല നിർമാണം കഴിഞ്ഞപ്പോൾ പ്രതിഷ്ഠയായി. പിന്നെ പുന:പ്രതിഷ്ഠ. വർഷം ചോറും പ്രതിഷ്ഠാ വാർഷികം. അനുബന്ധമായി അന്നദാനം.(ഇപ്പോൾ പുതിയ പേര്‌: പ്രസാദ ഊട്ട്) വൈകുന്നേരങ്ങളിൽ ഭക്തി പ്രഭാഷണം....

പണ്ട്, സുബ്രഹ്മണ്യ ക്ഷേത്രങ്ങളിൽ തൈപൂയാഘോഷത്തിനാണ്‌ പ്രധാനം. ശ്രീരാം ക്ഷേത്രങ്ങളിൽ നിറമാല, അയ്യപ്പ ക്ഷേത്രങ്ങളിൽ വിളക്കുൽസവം, കാളിക്ഷേത്രങ്ങളിൽ മീന ഭരണി, ഭഗവതീക്ഷേത്രങ്ങളിൽ പൂരം, സർപ്പക്കാവുകളിൽ ആയില്യം പൂജ- ഇങ്ങനെ ഇനം തിരിച്ചായിരുന്നു ഉൽസവങ്ങൾ. ഇന്നാകട്ടെ, ഓരോ ക്ഷേത്രങ്ങളിലും എല്ലാ ഉൽസവങ്ങളും ആഘോഷിക്കുന്നു. അതിനും പുറമെ വിവാഹം, ചോറൂണ്‌, പിറന്നാൾ, ഷഷ്ഠിപൂർത്തി, സപ്തതി, ഓനാഘോഷം, തിരുവാതിര വ്രതം, ആയുധപൂജ, വിഷുക്കണി, എഴുത്തിനിരുത്ത്.... തുടങ്ങി ജീവിതത്തിലെ സമസ്തസംഭവങ്ങൾക്കും വേദിയൊരുക്കുകയാണ്‌ ക്ഷേത്രങ്ങൾ.

ക്ഷേത്രങ്ങൾ ചെറുതോ വലുതോ ആകട്ടെ, അവ സ്വകാര്യക്ഷേത്രങ്ങളോ ദേവസ്വം വകയോ ആകട്ടെ. ഏതായാലും ഇവയിൽ പൂജ നടത്തുന്നത് ബ്രാഹ്മണരാണ്‌. ക്ഷേത്രങ്ങളിൽ ശിലാ സ്ഥാപനം മുതൽ തുടങ്ങുന്നു ബ്രാഹ്മണ മേധാവിത്വം. പല നമ്പൂതിരിമാരും ഈയിടെയായി പേരിന്റെ മുമ്പിൽ 'ശ്രീ' എന്നല്ല 'ബ്രഹ്മശ്രീ' എന്നാണ്‌ ചേർക്കുന്നത്. എന്താണീ 'ബ്രഹ്മശ്രീ'? അങ്ങനെയൊരു പദം ശബ്ദ താരവലിയിൽ പോലും കണ്ടില്ല. ഇല്ലാത്ത മഹത്വം ഉണ്ടെന്ന് വിശ്വാസികളിൽ രൂഢമൂലമാക്കാൻ ബ്രഹ്മശ്രീക്ക് കഴിയുമായിരിക്കാം... പക്ഷേ, ഇതൊരു വിശ്വാസ ചൂഷണമാണ്‌.

ഒരാഴ്ചയിലധികം നീണ്ടു നില്ക്കുന്നതും കോടികൾ ചെലവഴിക്കുന്നതുമായ അതിരാത്രങ്ങൾ, യാഗങ്ങൾ, യജ്ഞങ്ങൾ, ഇവയോടനുബന്ധിച്ച് നടത്തപ്പെടുന്ന പർശ്ശതം ആചാരപരമായ ചടങ്ങുകൾ ഇവയിലൂടെയു വിശ്വാസി വൃന്ദം പരോക്ഷമായി ചൂഷണം ചെയ്യപ്പെടുന്നു.  മുട്ടറുക്കൽ, സർവൈശ്വര്യപൂജ, ഗ്രഹ ദോഷ നിവാരണ യജ്ഞം, മംഗല്യപൂജ തുടങ്ങി ശത്രുനിവാരണത്തിനും ഇഷ്ട സന്താന ലബ്ദിക്കും വരെ പൂജകളും മഹാ സേവകളുമുണ്ട്. നൂറു കണക്കിൽ വേറെയും കാര്യ സാധ്യത്തിനായി ചെയ്യാവുന്ന ദേവപ്രീതീപൂജകളും സൂക്തങ്ങളുമുണ്ട്. ഇവയെല്ലാം അനുഷ്ഠിക്കപ്പെടുന്നത് പുണ്യമാണെന്നും, പൗരാണികമായ സംബ്രദായമാണെന്നും, നിരന്തരം പ്രചരിപ്പിക്കപ്പെടുന്നു. ഭക്തി പ്രഭാഷണങ്ങൾ, ഗീതാ വ്യാഖ്യാനങ്ങൾ, ആത്മീയ സദസ്സുകൾ, സപ്താഹം വായന തുടങ്ങിയ വേദികൾ പ്രസ്തുത പ്രചാരത്തിനായി ഉപയോഗപ്പെടുത്തുന്നുണ്ട്. ഈയിടെയായി, ദൃശ്യ-ശ്രാവ്യ മാധ്യമങ്ങളിൽ വർണമനോഹരമാം വിധം പരസ്യം ചെയ്തും പഴമയുടെ പെരുമ പെരുപ്പിച്ച് കാണിക്കുന്നു. ഭഗവദ് ഗീതാ വ്യാഖ്യാതാക്കൾ, ചാതുർവർണ്യം മായാസൃഷ്ടം എന്ന ശ്ലോകത്തെ വാചാലമായി വ്യാഖ്യാനിച്ച് ജാതി വ്യവസ്ഥ ഈശ്വര നിർമിതമാണെന്നും അത് അലംഘനീയമാണെന്നും ആവൃത്തിച്ച് പഠിപ്പിക്കുന്നു. ശൂദ്ര ജാതിക്കാർക്ക് സേവകവൃത്തി(ഭൃത്യവേല)യാണ്‌ ഈശ്വ്വര കല്പ്പിതമെന്നും പറഞ്ഞ് പഠിപ്പിക്കുന്നു. ഇതെല്ലാം നിരന്തരം കേട്ട് പഠിച്ച് ഹൃദിസ്ഥമാക്കുന്ന ശൂദ്രേതര യുവാക്കൾ, ഭരണ ഘടന വിഭാവനം ചെയ്യുന്ന സാമൂഹ്യ സമത്വത്തിനോ, സം വരണ വ്യവസ്ഥയ്ക്കോ അനുകൂലമായി ചിന്തിക്കുമോ? ഇല്ല. മാത്രവുമല്ല, സാമൂഹ്യ സമത്വത്തിനും സം വരണ സംബ്രദായത്തിനും എഹിരായി ശക്തിയുക്തം ശബ്ദമുയർത്തുകയും ചെയ്യും.

'ഭൃത്യവേലയാണ്‌ ശൂദ്രർക്ക് വിധിക്കപ്പെട്ടതെന്ന' ഉപദേശം കേട്ടുവളർന്ന ശൂദ്രേതര സമുദായങ്ങൾ, ഭരണ മണ്ഡലത്തിലും ഔദ്യോഗിക-വിദ്യാഭ്യാസ രംഗത്തും മറ്റും പട്ടികജാതി/പട്ടിക വർഗങ്ങളും മറ്റു പിന്നോക്ക സമുദായങ്ങളും മുന്നേറുന്നതിൽ അസഹിഷ്ണുക്കളായിത്തീരും. നിലവിലുള്ള നിയമ വ്യവസ്ഥയും ശിക്ഷാനിയമങ്ങളും പരിഗണിക്കുമ്പോൾ, പ്രത്യക്ഷരീതിയിൽ ഈ അസഹിഷ്ണുത പ്രകടിപ്പിക്കാനും  വയ്യ. ഈ പരിത:സ്ഥിതിയിലാണ്‌, പ്രതീകാത്മക ചാണകം തെളിയും പുണ്യാഹവും നടത്തപ്പെടുന്നത്.


Sunday, March 27, 2011

മടക്കച്ചീട്ടും കയ്യില്‍വെച്ച് ഒരാള്‍

പ്രമുഖ ബ്രിട്ടീഷ് പരിണാമശാസ്ത്രജ്ഞനായ റിച്ചാഡ് ഡോക്കിന്‍സിന്റെ ‘The God Delusion എന്ന ഗ്രന്ഥത്തെ അടിസ്ഥാനമാക്കി  രചിച്ച “'നാസ്തികനായ ദൈവം'’(ഡി.സി ബുക്‌സ്, 2009) എന്ന ബെസ്റ്റ് സെല്ലറിലൂടെ മലയാളി വായനക്കാര്‍ക്ക് പരിചിതനായ തിരുവനന്തപുരം യൂണിവേഴ്‌സിറ്റികോളേജിലെ സി. രവിചന്ദ്രന്റെ പുതിയ പുസ്തകമാണ് 'മൃത്യുവിന്റെ വ്യാകരണം'. മരണവുമായി അലംഘനീയമായ ഒരു കരാറില്‍ ഏര്‍പ്പെട്ടു കൊണ്ടാണ് ഓരോ ശിശുവും ഇവിടെയെത്തുന്നത്. സുനിശ്ചിതമായ അന്ത്യത്തിന്റെ അനിശ്ചിതത്വഭാവമാണ് ജീവിതം. ഒരിക്കല്‍ മാത്രം സിദ്ധിക്കപ്പെട്ട ജിവിതത്തില്‍ എണ്ണപ്പെട്ട ദിനങ്ങള്‍ മാത്രമേ അവശേഷിക്കുന്നുള്ളൂ എന്ന് തിരിച്ചറിഞ്ഞതോടെ ബാക്കിയായ ഓരോ നിമിഷവും സഹജീവീകള്‍ക്കു മുന്നില്‍പ്രകാശമായി എരിഞ്ഞടങ്ങിയ ഒരു മനുഷ്യന്റെ സമാനതകളില്ലാത്ത പോരാട്ടത്തിന്റെ പശ്ചാത്തലത്തിലാണ് മൃത്യുവിന്റെ വ്യാകരണം നിര്‍ധാരണം ചെയ്യപ്പെടുന്നത്. അമേരിക്കയിലെ കാര്‍ണഗിമെലന്‍ യൂണിവേഴ്‌സിറ്റിയില്‍ കമ്പ്യൂട്ടര്‍ വകുപ്പില്‍ അസോസിയേറ്റ് പ്രൊഫസറായിരിക്കെ 47 ാം വയസ്സില്‍ ആഗ്നേയഗ്രന്ഥിയില്‍ അര്‍ബുദം ബാധിച്ചു മരണപ്പെട്ട ഡോ.റാന്‍ഡി പോഷിന്റെ (Dr. Randy Pausch) സ്‌തോഭജനകമായ സമരവീര്യമാണ് പുസ്തകത്തിന്റെ അടിത്തട്ട് പ്രമേയം.

മൃത്യുവിലേക്കുള്ള ദൂരം ദൈര്‍ഘ്യമേറിയതാണെന്ന തോന്നലാണ് ചെറുപ്പത്തില്‍ മരണ ചിന്തയെ അകറ്റുന്നത്. എന്നാല്‍ രോഗവും അനിവാര്യമായ വാര്‍ദ്ധക്യവും ഈ അകലം നേര്‍പ്പിക്കുന്നതോടെ മരണഭീതി  ബോധത്തിനു ചുറ്റും മാറാല കെട്ടുന്നു. മരണത്തെ രംഗബോധ മില്ലാത്ത കോമാളിയെന്ന് നാം പൊതുവെ വിശേഷിപ്പിക്കാറുണ്ട്. ഈ തണുത്ത യാഥാര്‍ഥ്യത്തെ ആവേശത്തോടെ എതിരേല്‍ക്കാന്‍ കൊതിച്ച കാല്‍പ്പനിക നായകരെ കുറിച്ചും അപൂര്‍വമായെങ്കിലും നാം കേട്ടിട്ടുണ്ട്. എങ്കിലും പരിശീലനവും മുന്‍പരിചയവും ആവശ്യമില്ലാതെ നിര്‍വഹിക്കാവുന്ന ഒരേയൊരു  സമ്പൂര്‍ണ കര്‍മ്മമായ മൃത്യുവിനെ ആത്മവിശ്വാസത്തോടെ നേരിടുകയെന്നത് സാധാരണ മനുഷ്യന് വഴങ്ങാത്ത വിദ്യയാണ്. അപ്രതീക്ഷിതമായ അന്ത്യം ബന്ധുമിത്രാദികള്‍ക്ക്  ആഘാതമായേക്കാമെങ്കിലും മരിക്കുന്നയാളെ സംബന്ധിച്ച് അന്ത്യവേള അങ്ങനെയാകണമെന്നില്ല. പരിസമാപ്തിക്ക് മുമ്പ് മൃത്യുവുമായി രമ്യതപ്പെടുന്ന ഒരുതരം ശീതികരിക്കപ്പെട്ട 'സമാധിബോധത്തിന്' അയാള്‍ കീഴടങ്ങുമെന്ന് രവിചന്ദ്രന്‍ പറയുന്നു. 

മരണവുമായി ഹസ്തദാനം ചെയ്യാന്‍ വിധിക്കപ്പെട്ട ഒരു മനുഷ്യന്റെ ശിഷ്ടജീവിതം എങ്ങനെയാവും? കൊടിയിറങ്ങുന്നതോടെ ബഹുഭൂരിപക്ഷവും സമൂഹത്തില്‍നിന്ന് പൂര്‍ണ്ണമായും ഉള്‍വലിഞ്ഞ്, ആത്മവിശ്വാസം നശിച്ച് തന്നിലേക്ക് തന്നെ ചുരുണ്ടുകൂടി ‘ആത്മനിന്ദയുടേയും നിസ്സഹായതയുടെയും കാണാക്കയങ്ങളിലേക്ക് കൂപ്പുകുത്തുന്നതായാണ്് നാം സാധാരണ കാണുക. എന്നാല്‍ അന്ത്യവിധിയുമായി നിര്‍മലമായി സംവദിച്ചുകൊണ്ട് ലോകത്തിനു മുന്നില്‍ ഒരു മഹാവിസ്മയമായി തീര്‍ന്നയാളാണ് റാന്‍ഡി പോഷ് .അദ്ദേഹത്തിന്റെ വിശ്വപ്രസിദ്ധമായി തീര്‍ന്ന 'അന്ത്യഭാഷണം' (‘The Last Lecture’) ഇന്റെര്‍നെറ്റിലൂടെ ജനകോടികള്‍ ഇതിനകം വീക്ഷിച്ചു കഴിഞ്ഞു.  ജീവിതത്തിനു വിലപറഞ്ഞ അര്‍ബുദത്തെ യഥാര്‍ത്ഥ്യബോധത്തോടെ തിരിച്ചറിഞ്ഞ പരിഭവരഹിതമായി  അന്ത്യംവരെ പോരാടിയാണ് റാന്‍ഡി ലോകശ്രദ്ധയാകര്‍ഷിച്ചത്.  

ദിനങ്ങള്‍ എണ്ണപ്പെട്ട ഒരു മനുഷ്യന്‍ സ്വന്തം കോളേജില്‍വെച്ച് വിദ്യാര്‍ത്ഥികളുടേയും സഹപ്രവര്‍ത്തകരുടേയും മുന്നില്‍വെച്ച് ഒന്നേകാല്‍ മണിക്കൂര്‍ നീളുന്ന ഒരു പ്രഭാഷണം നടത്തുന്നത് കേട്ടുകേള്‍വിയില്ലാത്ത കാര്യമാണ്. ആ വേളയില്‍ പ്രഭാഷകന്‍ ആസന്നമരണത്തേയും രോഗത്തെയും കുറിച്ചും വാചാലനാകുമെന്നും നിയന്ത്രിക്കാനാകാതെ പൊട്ടിത്തകരുമെന്നും നാം ചിന്തിക്കും. പക്ഷേ, തന്റെ ബാല്യകാല സ്വപ്നങ്ങളുടെ സാക്ഷാത്ക്കാരത്തെക്കുറിച്ച് പവര്‍ പോയിന്റ് പ്രസന്റേഷനിലൂടെയും, വേഷപ്പകര്‍ച്ചകളിലൂടെയും, അനുസ്യൂതമായ കറുത്ത ഫലിതങ്ങളിലൂടെയും, ജീവിച്ചിരിക്കുന്നവര്‍ക്ക് നല്‍കിയ അമൂല്യമായ സന്ദേശമായി അന്ത്യഭാഷണത്തെ മാറ്റാന്‍ റാന്‍ഡിക്കായി. ഒട്ടും പളപളപ്പില്ലാത്ത, അതേസമയം ദാര്‍ശനികഭംഗിയുടെ അടിയൊഴുക്കുള്ള ശൈലിയിലാണ് ഗ്രന്ഥകാരനായ ശ്രീ. രവിചന്ദ്രന്‍ വായനക്കാര്‍ക്കു മുന്നില്‍ റാന്‍ഡിയുടെ അന്ത്യപോരാട്ടത്തിന്റെ സിലബസ്സ് തുറക്കുന്നത്. ഇത്ര ധീരതയോടെയും മനഃസാന്നിധ്യത്തോടെയും മരണത്തെ അഭിമുഖീകരിച്ചതില്‍ കഥാപുരുഷന്റെ മതവിശ്വാസത്തിന് പങ്കുണ്ടായിരുന്നോ? ഈ സമസ്യയുടെ ആഴത്തിലുള്ള വിശദീകരണമാണ് ഗ്രന്ഥകാരന്‍ നല്‍കുന്നത്. മരണാസന്നനായ ഒരാള്‍ക്ക് ആശ്വാസമേകാന്‍ മതവിശ്വാസം ആവശ്യമാണന്ന മതപ്രചരണത്തിന്റെ പൊള്ളത്തരം തുറന്നുകാട്ടുകയാണ് 'റാന്‍ഡിയുടെ മതവിശ്വാസം' എന്ന അധ്യായത്തില്‍. ഭൂരിപക്ഷം മതവിശ്വാസികളും ദൈന്യതയുടെ ആള്‍രൂപങ്ങളായാണ് എരിഞ്ഞടങ്ങുക. അന്ധമായ വിശ്വാസം നല്‍കുന്ന അനസ്‌തേഷ്യ ദുഃഖത്തിന്റെ കാട്ടുതീയില്‍ റദ്ദാക്കപ്പെടുകയാണ് ചെയ്യുന്നത്. എന്നാല്‍  മരണതിന്റെ അനിവാര്യത ഉള്‍കൊള്ളുന്നതോടെ പരിദേവനങ്ങള്‍ക്കും അവധി കൊടുത്ത് ആസന്നമായ ഒരു സമാധിബോധത്തിലേക്ക് അവര്‍ എത്തിച്ചേരുന്നുവെന്ന് വാദിക്കുന്ന ഗ്രന്ഥകാരന്റെ അഭിപ്രായത്തില്‍ വിശ്വാസിയായാലും അവിശ്വാസിയായാലും മൃത്യുവിന്റെ അനിവാര്യത യഥാര്‍ത്ഥ്യബോധത്തോടെ ഉള്‍കൊള്ളുമ്പോള്‍ മാത്രമേ അത് സഹനീയമാകുന്നുള്ളു.

അമേരിക്കയില്‍ ആളെക്കൊല്ലി രോഗങ്ങളില്‍ പാന്‍ക്രിയാറ്റിക് കാന്‍സറിന് 4 ാം സ്ഥാനമാണുള്ളത്. അത്ര സാധാരണമല്ലാത്ത ഈ രോഗം ഇന്നും മനുഷ്യന് വഴങ്ങുന്നില്ലെന്നതാണ് വാസ്തവം. ആവശ്യമായ ഗവേഷണത്തിനുള്ള ഫണ്ടിന്റെ അഭാവമാണിതിന് കാരണം. മരിക്കുന്നതിന് ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് അമേരിക്കന്‍ കോണ്‍ഗ്രസിന്റെ പ്രത്യേക കമ്മറ്റിക്കു മുമ്പാകെ നേരിട്ട് ഹാജരായി ഈ വിഷയം ദേശീയശ്രദ്ധയിലെത്തിച്ചതിലൂടെ റാന്‍ഡി ഈ രംഗത്ത് നിസ്തുല സംഭാവനയാണ് നല്‍കിയത്. വിത്തുകോശങ്ങള്‍ ഉപയോഗിച്ചുള്ള ചികിത്സയിലൂടെ മാത്രമേ അര്‍ബുദത്തിനെതിരായ പോരാട്ടത്തില്‍ ശ്വാശ്വതവിജയം സാധ്യമാകൂ. എന്നാല്‍ വിത്തുകോശങ്ങളിലുള്ള പരീക്ഷണങ്ങളോട് മുഖം തിരിക്കുന്ന യഥാസ്ഥിക മതനിലപാടുകള്‍ മനുഷ്യന്റെ അതിജീവനത്തിന് തന്നെ ഭീഷണിയാവുകയാണ്. റാന്‍ഡിക്ക് പുറമെ അര്‍ബുദത്തിനെതിരെ ധീരോദാത്തമായ ചെറുത്തുനില്‍പ്പുനടത്തി ലോകത്തിന് വെളിച്ചമായി മാറിയ നിരവധി മഹദ്‌വ്യക്തികളുടെ പോരാട്ടത്തിന്റെ തിരക്കഥയും ഗ്രന്ഥകാരന്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ലാന്‍സ് ആംസ്‌ട്രോങ് മുതല്‍ ക്രിസ്റ്റഫര്‍ ഹിച്ചന്‍സ് വരെയുള്ളവര്‍ ഈ പുസ്തകത്തില്‍ സ്ഥാനംപിടിക്കുന്നത് അങ്ങനെയാണ്. അര്‍ബുദത്തേയും വിത്തുകോശചികിത്സയെക്കുറിച്ചുമുള്ള മെച്ചപ്പെട്ട അവബോധം സമ്മാനിക്കുന്ന ദീര്‍ഘമായ ശാസ്ത്രവിശദീകരണങ്ങള്‍ സാധാരണക്കാര്‍ക്ക് ഏറെ സഹായകരമാണ്. ഒരു കുറ്റാന്വേഷകനോവല്‍ പോലെ വായിക്കാവുന്ന ത്രസിപ്പിക്കുന്ന ഒരു വായനാ അനുഭവമാണ് ഈ പുസ്തകം സമ്മാനിക്കുന്നത്.  പുസ്തകത്തിന്റെ പുറംചട്ടയില്‍ സൂചിപ്പിക്കുന്നതുപോലെ ജീവിതമെന്ന മഹത്തായ അത്ഭുതത്തെ നിസ്സാരവല്‍ക്കരിക്കുന്നവര്‍ക്കുള്ള ഒരു കനത്ത താക്കീതാണ് 'മൃത്യുവിന്റെ വ്യാകരണം'.Tuesday, February 15, 2011

തട്ടുമ്പൊറത്തപ്പൻ ഈ ബ്ലോഗിന്റെ ഐശ്വര്യം

'തട്ടുമ്പൊറത്തപ്പൻ' എന്ന ഹ്രസ്വ സിനിമ രണ്ടാം വട്ടവും കണ്ട് എഴുന്നേല്ക്കുമ്പോൾ എന്റെ സഹധർമിണി ചോദിച്ചു:

“ഓല്‌ക്ക് എവ്‌ട്‌ന്നാ ഒര്‌ പൊട്ടനെ കിട്ടീത്?”

“പൊട്ടനോ, അതൊക്കെ അഭിനയിക്കണതല്ലേ....”

“ഏയ്, അത് പൊട്ടൻ തന്ന്യാ... കണ്ടാലറഞ്ഞൂടേ...”

കുറച്ചു ദിവസങ്ങൾക്കുശേഷം കോഴിക്കോട് ടൗൺ ഹാളിൽ സയൻസ് ട്രസ്റ്റിന്റെ വാർഷികാഘോഷവേദിയിൽ വെച്ച് കണ്ടുമുട്ടിയ തട്ടുമ്പൊറത്തപ്പനിലെ പ്രധാന അഭിനേതാവും നിർമാതാവുമായ അച്യുതാനന്ദനെ മുന്നിൽ കൊണ്ടുവന്നുനിർത്തിയപ്പോൾ അവൾ പരിസരം മറന്ന് പൊട്ടിച്ചിരിച്ചു. അവിശ്വസനീയതയോടെ..

'തട്ടുമ്പൊറത്തപ്പൻ'  മൂന്ന്‌ വട്ടം കണ്ട ഒന്നാം ക്ലാസുകാരിയായ എന്റെ മകൾ നായകനടനോട് ചോദിച്ചു:

"എങ്ങന്യാ പൊട്ടനായത്?"

'അതങ്ങനെ സാധിച്ചു'വെന്ന് പറഞ്ഞ അച്യുതാനന്ദൻ അവൾക്ക് സിനിമയിലെ ചില സംഭഷണശകലങ്ങൾ അവൾക്ക് ഉരുവിട്ടുകൊടുത്തു-

...ദേവിയേ... കാത്തോൾണേ....
...ഭഗവത്യേ.... കാത്തോൾണേ....
സുദേവൻ എന്ന ചെറുപ്പക്കാരനാണ്‌ തട്ടുമ്പൊറാത്തപ്പന്റെ കഥയും തിരക്കഥയും സംവിധാനവും നിർവ്വഹിച്ചിരിക്കുന്നത്. ബുദ്ധിജീവി ജാഢകളോ കടിച്ചാൽ പൊട്ടാത്ത സംഭാഷണങ്ങളോ ദുരൂഹമായ പ്രമേയമോ ഇല്ലാതെ തുടക്കം മുതൽ ഒടുക്കം വരെ ആകാംക്ഷാഭരിതരായി കാണികളെ പിടിച്ചിരുത്താൻ സാധിച്ചുവെന്നതിൽ സംവിധായകന്‌ അഭിമാനിക്കാൻ വകയുണ്ട്. 
ഏതുനേരവും കുളിയും ജപവും മന്ത്രം ചൊല്ലലും കൊട്ടിപ്പാട്ടും ആരാധനയുമായി കഴിഞ്ഞുകൂടുന്ന മന്ദബുദ്ധിയായ ഒരു ചെറുപ്പക്കാരനാണ്‌ ഇതിലെ മുഖ്യ കഥാപാത്രം. രോഗിയായ അമ്മയും സഹോദരിയും അവരുടെ മകനുമാണ്‌ വീട്ടിലെ മറ്റ് കഥാപാത്രങ്ങളായി രംഗത്തെത്തുന്നത്. പോലീസിന്റെ പിടിയിൽനിന്നും രക്ഷപ്പെട്ട് ഓടിയെത്തുന്ന ഒരു രാഷ്ട്രീയ ക്രിമിനൽ ആരുമറിയാതെ അവരുടെ വീടിന്റെ തട്ടിൻപുറത്ത് ഒളിച്ചുതാമസിക്കാൻ എത്തുന്നതോടെയാണ്‌ കാഥാതന്തു വികസിക്കുന്നത്.

തട്ടിൻപുറത്ത് മറ്റാരുമറിയാതെ രണ്ട് മൂന്നു ദിവസം കഴിച്ചുകൂട്ടാൻ നിർബന്ധിതനാകുന്ന ഇയാൾ തനിക്ക് ഭക്ഷണം കിട്ടാനുള്ള ശ്രമത്തിന്റെ ഭാഗമായി താൻ ഈ വീട്ടിലെ ദൈവമാണെന്നും പേര്‌ തട്ടിൻപുറത്തപ്പൻ ആണെന്നും തന്റെ കോപത്തിൽ നിന്ന് രക്ഷനേടാൻ തനിക്കുള്ള ഭക്ഷണം നിവേദ്യമായി കോണിപ്പടിയിൽ കൊണ്ടുവെയ്ക്കണമെന്നും മന്ദബുദ്ധിയായ ഉണ്ണിയെ പറഞ്ഞ് വിശ്വസിപ്പിക്കുന്നു. അവിടെനിന്നും, 'തട്ടിൻപുറത്തപ്പൻ' എന്ന ദൈവത്തിലേക്കും 'തട്ടിൻപുറത്തപ്പൻ മഠ'ത്തിലേക്കുമുള്ള പരിണാമഗതികളെ ഒട്ടും അതിശയോക്തിയില്ലാതെ അനുവാചകരിലെത്തിക്കുന്നതിൽ സംവിധായകനും അഭിനേതാക്കളും അസാമാന്യ പാടവമാണ്‌ കാഴ്ചവെയ്ക്കുന്നത്.

അമിതമായ സാങ്കേതികവിദ്യകളൊന്നും ഉപയോഗിക്കാതെതന്നെ നാടൻ സംഭാഷണങ്ങളിലൂടെ അനസ്യൂതമായി ഒഴുകുന്ന സിനിമ കാണുമ്പോൾ അതിലെ കഥാപാത്രങ്ങൾ അഭിനയിക്കുകയല്ല, ജീവിക്കുകയാണ്‌ ചെയ്യുന്നതെന്ന് കാണികൾക്ക് അനുഭവപ്പെടുന്നു. തനി നാടൻ പശ്ചാത്തലത്തിൽ ചുരുങ്ങിയ മുതൽ മുടക്കിൽ, എന്നാൽ മുഖ്യധാരാ സിനിമകളെപോലും വെല്ലുന്ന അഭിനയത്തികവോടെയും സൂക്ഷ്മമായ ചലനങ്ങളിലൂടെയും ഈ ഹ്രസ്വസിനിമ കാണികളെ ത്രസിപ്പിക്കുന്നു.

ദൈവങ്ങളും ചാത്തൻ മഠങ്ങളും, തുള്ളിപ്പറച്ചിലുകാരും, ഭാവിപ്രവചനക്കാരുമടക്കമുള്ള ഭക്തിവ്യവസായം എങ്ങനെ രൂപം കൊള്ളുന്നുവെന്നും എങ്ങനെ നിലനില്ക്കുന്നുവെന്നും ഒരൊറ്റ യുക്തിവാദസംഭാഷണം പോലുമില്ലാതെ ഈ സിനിമ നിശബ്ദമായി എന്നാൽ ഉറക്കെ വിളിച്ചുപറയുന്നു. 
SUDEVAN
സിനിമയിലും സംവിധാനത്തിലും സാങ്കേതികപരിജ്ഞാനമൊന്നും ലഭിച്ചിട്ടില്ലാത്ത സുദേവൻ അടിസ്ഥാനപരമായി ഒരു പെയ്ന്ററാണ്‌. ചെറുപ്പത്തിൽ വീട്ടിൽ നിന്ന് സ്കൂളിലേക്ക് പോകുന്ന വഴിയുള്ള സിനിമശാലയും അവിടെ ഒട്ടിച്ചുവെച്ചിരുന്ന സിനിമാപോസ്റ്ററുകളും കണ്ടുവളർന്ന തനിക്കുള്ളിൽ ചെറുപ്പം മുതലേ സിനിമയുണ്ടായിരുന്നുവെന്ന്‌ ഈ യുവാവ് പറയുന്നു. ഒരു കവിയോ ചിത്രകാരനോ തങ്ങളുടെ സൃഷ്ടികളിലൂടെ സംവദിക്കുന്നതുപോലെ പ്രേക്ഷകരോട് സംവദിക്കുന്നതാകണം തന്റെ സിനിമകൾ എന്ന് ഇദ്ദേഹം കരുതുന്നു. സിനിമയുടെ സംഭാഷണത്തേക്കാളുപരി അതിന്റെ വിഷ്വൽ ആണ്‌ തന്റെ പ്രഥമമാധ്യമമെന്നും അതിന്റെ സൂക്ഷ്മമായ ആവിഷ്കാരത്തിലൂടെ തന്റെ ആത്മപ്രകാശനമായ സിനിമയെ പ്രേക്ഷകരിൽ എത്തിക്കുകയാണ്‌ തന്റെ ലക്ഷ്യമെന്നും  ഈ യുവസംവിധായകൻ പറഞ്ഞു. സിനിമ തങ്ങൾക്ക് ഒരു കൂട്ടു സംരംഭമാണെന്നും താൻ നല്കുന്ന സൂചനകളെ അഭിനേതാക്കളാണ്‌ ഒരു വിഷ്വൽ എന്ന നിലയിൽ പൂർണമാക്കുന്നതെന്നും ഇദ്ദേഹം പറയുന്നു. 

മന്ദബുദ്ധിയായ ഒരു ചെറുപ്പക്കാരന്റെ ‘സ്വന്തം’ ദൈവമായ 'തട്ടുമ്പൊറത്തപ്പൻ' പിന്നീട് 'തട്ടുമൊറത്തപ്പൻ മഠമായി' വികസിക്കുന്നതും ഉണ്ണി മഠാതിപതിയായി മാറുന്നതും ചൊവ്വ, വെള്ളി ദിവസങ്ങളിൽ തുള്ളിപ്പറച്ചിൽ നടത്തുന്നതും, സർവ്വമതസ്തർക്കും അനുഗ്രഹമേകുന്നതും തട്ടുമ്പൊറത്തപ്പന്റെ അനുഗ്രഹത്താൽ വിദേശജോലി ലഭിക്കുന്നതുമെല്ലാം വളരെചെറിയ എന്നാൽ ശക്തമായ ഒരു ഷോട്ടിലൂടെയാണ്‌ സാധിച്ചിരിക്കുന്നത്. മതം ദൈവം ആത്മീയത എന്ന വിഷയത്തിൽ ആത്മീയാചാര്യനുമായി നടക്കുന്ന അഭിമുഖത്തിന്റെ പരസ്യമുള്ള പ്രസിദ്ധീകരണത്തിന്റെ പുറം ചട്ട തട്ടുമ്പൊറത്തപ്പൻ മഠത്തിന്റെ പരസ്യംകൊണ്ടലങ്കരിച്ചിരുക്കുന്നത് മതവും ആത്മീയതയും ഭക്തിവ്യവസായവും തമ്മിലുള്ള അവിഹിത ബന്ധത്തെ ഒരായിരം വാക്കുകളിൽ ലേഖങ്ങൾ എഴുതിനിറയ്ക്കുന്നതിലുമേറെ ശക്തിയോടെ പ്രേക്ഷകമനസ്സുകളിലേക്ക് ആവാഹിക്കുന്നു. 

സിനിമയെ സ്നേഹിക്കുന്ന ഈ ചെറുപ്പക്കാരുടെ കൂട്ടായ്മയുടെ നാലാമത്തെ സംരംഭമാണിത്. രണ്ട് കള്ളന്മാരുടെ കഥപറയുന്ന 'പ്ലാനിങ്ങ്', വഴി ചോദിച്ചെത്തുന്നയാളും വഴികാട്ടിയായയാളും കഥാപാത്രങ്ങളായ 'വരൂ', രണ്ട് കിണർ പണിക്കാരുടെ അധ്വാനത്തിലൂടെ സ്നേഹത്തിന്റെ കഥ പറയുന്ന 'രണ്ട്' എന്നിവയാണ്‌ മറ്റ് സിനിമകൾ. 

കയ്യിൽ ഒരു ഹാന്റി ക്യാമറയും സിനിമയെന്ന ആവേശവും മാത്രം കൈമുതലായി ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്ന ഈ സംവിധായകനും സഹപ്രവർത്തകരും നാളെയുടെ പ്രതീക്ഷകളാണ്‌ എന്ന കാര്യത്തിൽ തർക്കമുണ്ടാവില്ല, ഈ സിനിമ ഒരു വട്ടം കാണുന്ന ആർക്കും.


തൃശ്ശൂര്‍ നവചിത്ര ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ നാല് ഹ്രസ്വസിനിമകള്‍
[വരൂ, പ്ലാനിംഗ്, രണ്ട്, തട്ടുമ്പൊറത്തപ്പന്‍ - സംവിധാനം:സുദേവന്‍ ]
തൃശ്ശൂര്‍ സാഹിത്യ അക്കാദമി ഹാളില്‍ 2011 feb.25th 5pm നു പ്രദര്‍ശിപ്പിക്കുന്നു.
എല്ലാവര്‍ക്കും സ്വാഗതം......


Saturday, January 15, 2011

നാസ്തികതയുടെ സംഘഗാഥയുമായി പെരിയാറുടെ മണ്ണില്‍

     നാസ്തികത- ഒരു ബദല്‍ സംസ്കാരം' എന്ന മുദ്രാവാക്യമുയര്‍ത്തി തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയില്‍ നടന്ന ലോക നാസ്തികസമ്മേളനം ആവേശത്തിന്റെ അലയൊലികളോടെ വിജയകരമായി പരിസമാപിച്ചു. 2011 ജനുവരി 7 മുതല്‍ 9 വരെ നടന്ന സമ്മേളനത്തില്‍ കാശ്മീര്‍ മുതല്‍ കന്യാകുമാരിവരെയുള്ള വിവിധ ദേശക്കാരും ഭാഷക്കാരുമായ പ്രതിനിധികള്‍ക്കുപുറമെ ഇംഗ്ലണ്ട്, നോര്‍വേ, സ്വീഡന്‍, ഫിന്‍ലാന്റ്, സ്വിറ്റ്സര്‍ലാന്റ്, യുനൈറ്റഡ് സ്റ്റേറ്റ്സ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികളും പങ്കുകൊണ്ടു.

     ദൈവത്തിന്റെയും മതത്തിന്റെയും ജാതിയുടെയും പേരില്‍ വിദ്യാഭ്യാസവും തൊഴിലും നിഷേധിക്കപ്പെട്ട തമിഴ്‌ജനതയുടെ ആത്മാഭിമാനത്തിന്റെയും പകുത്തറിവിന്റെയും സാക്ഷാത്കാരമായി മഹാനായ സാമൂഹ്യവിപ്ലവകാരി പെരിയാര്‍ ഇ വി രാമസ്വാമി പടുത്തുയര്‍ത്തിയ തമിഴ്നാട്ടിലെ ദ്രാവിഢര്‍ കഴകം,  ആന്ധ്രപ്രദേശിലെ മഹാനായ നിരീശ്വരവാദി ഗോറ സ്ഥാപിച്ച എതീസ്റ്റ് സെന്റര്‍  കെ വീരമണി അധ്യക്ഷനായ റാഷനലിസ്റ്റ്സ് ഫോറം എന്നിവയുടെ ആഭിമുഖ്യത്തില്‍ നടന്ന സമ്മേളനം അക്ഷരാര്‍ത്ഥത്തില്‍ തിരുച്ചിറപ്പള്ളി നഗരത്തിന്റെ ഉല്‍സവമായി മാറി.

     നിരീശ്വരവാദത്തിന്റെയും യുക്തിവാദത്തിന്റെയും മാനവികതയുടെയും പുത്തന്‍ സന്ദേശങ്ങളുമായി പെരിയാര്‍ എജ്യൂക്കേഷന്‍ കോമ്പ്ലക്സ്(ട്രിച്ചി), പെരിയാര്‍ മണിയമ്മൈ യൂണിവേഴ്സിറ്റി(തഞ്ചാവൂര്‍) എന്നിവിടങ്ങളിലായി നടന്ന വിവിധ സെഷനുകളില്‍ സെമിനാര്‍ പഠനക്ലാസുകള്‍ പേപ്പര്‍ പ്രസന്റേഷനുകള്‍ ഫിലിംഷോ, വീഡിയോ പ്രസന്റേഷന്‍ സയന്‍സ് എക്സിബിഷന്‍  പുസ്തകപ്രദര്‍ശനം തുടങ്ങിയ പരിപാടികള്‍ നടന്നു.

     ജനുവരി 6 നു വൈകുന്നേരത്തോടുകൂടിതന്നെ വിവിധ സംസ്ഥാനങ്ങളില്‍നിന്നുള്ള പ്രതിനിധികള്‍ എത്തിക്കൊണ്ടിരുന്നു. ജനുവരി 7 ന്‌ രാവിലെ പെരിയാര്‍ മെട്രിക്കുലേഷന്‍ സ്കൂളില്‍ സയന്‍സ് എക്സിബിഷന്‍ തമിഴ്നാട് സ്റ്റേറ്റ് പ്ലാനിങ്ങ് കമ്മീഷന്‍ വൈസ് ചെയര്‍മാന്‍ ഡോ. എം നാഗനാഥന്‍ ഉല്‍ഘാടനം ചെയതു. പുസ്തക പ്രദര്‍ശനം ഉല്‍ഘാടനം ചെയ്തത് തമിഴ്നാട് സ്റ്റേറ്റ് ഹയര്‍ എജ്യൂക്കേഷന്‍ കൗണ്‍സില്‍ വൈസ് ചെയര്‍മാന്‍ ഡോ. എ രാമസാമിയായരുന്നു.

     രാവിലെ മുതല്‍ തന്നെ സുന്ദര്‍ നഗറിലേക്കുള്ള ബസ്സുകളും മറ്റ് വാഹനങ്ങളും കറുത്ത കുപ്പായക്കാരായ ദ്രാവിഡര്‍ കഴകം പ്രവര്‍ത്തകരെക്കൊണ്ട് നിറഞ്ഞിരുന്നു. പെരിയാര്‍ സ്കൂളിന്റെയും ഫാര്‍മസികോളേജിന്റെയും കാമ്പസുകള്‍ തോരണങ്ങള്‍ കൊണ്ടും ഫാന്‍സി ബള്‍ബുകള്‍ കൊണ്ടും അലങ്കരിക്കപ്പെട്ടു. കമാനങ്ങളും സ്വാഗത ബോര്‍ഡുകളും കൊണ്ട് അലംകൃതമായ ചുറ്റുപാടുകള്‍ ലോകനാസ്തികസമ്മേളനത്തിന്റെ പ്രൗഡിയെ വിളിച്ചോതി. തമിഴ്നാട്ടിലെ നാസ്തികപ്രസ്ഥാനമായ ദ്രാവിഡര്‍ കഴകം ഒരു കേഡര്‍ സംഘടനയാണ്‌. സമ്മേളന നഗരിയിലെ ഓരോ ചലനങ്ങളെയും പരിശീലനം ലഭിച്ച, പാന്റും കറുപ്പുഷര്‍ട്ടും തൊപ്പിയും യൂണിഫോമണിഞ്ഞ കേഡര്‍മാര്‍ നിയന്ത്രിച്ചുകൊണ്ടിരുന്നു. പെരിയാര്‍ കോളേജിലെയും യൂണിവേഴ്സിറ്റിയിലെയും വിദ്യാര്‍ത്ഥികളും സ്റ്റാഫും രാവും പകലുമില്ലാതെ സമ്മേളനവിജയത്തുനുവേണ്ടി അരയും തലയും മുറുക്കി രംഗത്തുണ്ടായിരുന്നു.

     11 മണിക്ക് പെരിയാര്‍ സെന്റനറി എജ്യൂക്കേഷന്‍ കോമ്പ്ലക്സിന്റെ അങ്കണത്തില്‍ പ്രത്യേകം സജ്ജമാക്കിയ പന്തലില്‍ ആയിരങ്ങളെ സാക്ഷിയാക്കി ഉല്‍ഘാടന സമ്മേളനം ആരംഭിച്ചു. ഡോ. കെ വീരമണിയുടെ അധ്യക്ഷതയില്‍ സമ്മേളനത്തിന്റെ ഔപചാരികമായ ഉല്‍ഘാടനം ശ്രീ. ലെവി ഫ്രെയ്ഗല്‍(Mr. Levi Fragell: Former President, IHEU, Norway) നിര്‍വ്വഹിച്ചു. ബഹു. തമിഴ്നാട് മുഖ്യമന്ത്രി എം കരുണാനിധിയുടെ സന്ദേശം കെ വീരമണി വായിച്ചത് സദസ്സ് ഹര്‍ഷാരവത്തോടെയാണ്‌ സ്വീകരിച്ചത്. സമ്മേളനത്തിന്റെ പ്രതിപാദ്യവിഷയം ഡോ. വിജയം (Atheist Centre, Vijayawada) അവതരിപ്പിച്ചു. ശ്രീ. സനല്‍ ഇടമറുക് സംസാരിച്ചു.

     തുടര്‍ന്ന് നടന്ന പ്ലീനറി സെഷനില്‍ ഫിറ(FIRA) പ്രസിഡന്റ് പ്രൊഫ. നരേന്ദ്രനായിക് അധ്യക്ഷനായിരുന്നു. 4 മണിക്ക് ഫാര്‍മസി കോളേജില്‍ "നാസ്തികതയും മാനവികതയും ഒരു ജീവിതരീതി", "നാസ്തികത സാമൂഹ്യമാറ്റത്തിന്‌", "നിരീശ്വരതയുടെ വ്യാപനത്തില്‍ കുട്ടികളുടെ പങ്ക്" എന്നീ വിഷയങ്ങളില്‍ ശ്രീ. ലവണം, ജി. കരുണാനിധി, പ്രിന്‍സ് എന്നാറെസ് പെരിയാര്‍ എന്നിവരുടെ നേതൃത്വത്തില്‍  മൂന്ന് സെഷനുകള്‍ നടന്നു.

     ദിവ്യാല്‍ഭുതങ്ങളെ തുറന്നുകാട്ടുന്ന കനലാട്ടം(Fire Walking)ഉള്‍‍പ്പെടെയുള്ള അനാവരണപരിപാടികള്‍ സമ്മേളനത്തിന്റെ ഇടവേളകളെ ധന്യമാക്കി. സ്കൂള്‍ അങ്കണത്തില്‍ ഒരുക്കിയ തീക്കനലിലൂടെ ദ്രാവിഡര്‍ കഴകം പ്രവര്‍ത്തകര്‍ക്കൊപ്പം വിവിധ സംസ്ഥാനക്കാരും വിദേശികളുമായ പ്രതിനിധികളും കാലിലൊറുപോറല്‍പോലുമേല്‍ക്കാതെ നടന്നുനീങ്ങിയപ്പോള്‍  'കടവുള്‍ ഇല്ലൈ, കടവുള്‍ ഇല്ലൈ' എന്ന ഉറച്ച മുദ്രവാക്യം അന്തരീക്ഷത്തെ പ്രകമ്പനം കൊള്ളിച്ചുകൊണ്ടിരുന്നു.

     ആറുമണിമുതല്‍ നടന്ന സാംസ്കാരിക പരിപാടി ഒരു പുത്തന്‍ അനുഭവമായിരുന്നു. നാടകവും നൃത്തവും സിനിമയും കോര്‍ത്തിണക്കി പെരിയാറുടെ ജീവിതത്തെയും ആധുനിക ശാസ്ത്രത്തെയും സമന്വയിപ്പിച്ച് അവതരിപ്പിച്ച പരിപാടി ഏവരുടെയും മനം കുളിര്‍ക്കുന്നതായിരുന്നു. ദൈവവന്ദനവുമായി ആരംഭിക്കുകയും അവസാനിക്കുകയും ചെയ്യുന്ന ഭാരതീയ നൃത്തങ്ങളെ നാസ്തികതയുമായി എങ്ങനെ സമന്വയിപ്പിക്കാമെന്നും അത് ഒരു പുത്തന്‍ സംസ്കാരമാകുന്നതെങ്ങനെയെന്നും വിസ്മയത്തോടുകൂടി മാത്രമേ നോക്കിക്കാണാനായുള്ളു. ആസ്തിക്യം അരങ്ങൊഴിയുമ്പോള്‍ നാസ്തിക്യം നീനാള്‍ വാഴുമെന്നുള്ള ഗാനങ്ങളുമായി അരങ്ങ് കൊഴുപ്പിച്ച ഭരതനനാട്യത്തിന്റെ ചുവടുകളില്‍ സദസ്സ് മതിമറന്നിരുന്നു. പെരിയാറുടെ ദൈവ-മത-ജാതിവിരുദ്ധ പോരാട്ടങ്ങള്‍ക്കൊപ്പം ഗലീലിയോയും, ഡാര്‍വിനും ആധുനികശാസ്ത്രത്തിന്റെ വളര്‍ച്ചയുടെ പടവുകളും സാംസ്കാരികപരിപാടിയില്‍ ദൃശ്യവല്‍ക്കരിക്കപ്പെട്ടു.

     പിറ്റേന്ന് കാലത്ത് 9 മണിക്ക് പ്രതിനിധികളെയും വഹിച്ച് പെരിയാര്‍ സ്കൂളിന്റെ ബസ്സുകള്‍ ഒരു മണിക്കൂറോളം യാത്രചെയ്ത് തഞ്ചാവൂരിനടുത്തുള്ള പെരിയാര്‍ മണിയമ്മൈ യൂണിവേഴ്സിറ്റിയില്‍ എത്തിച്ചേര്‍ന്നു. നൂറ്റിമുപ്പതിലധികം ഏക്ര ഭൂമിയില്‍ പരന്നുകിടക്കുന്ന യൂണിവേഴ്സിറ്റി കാമ്പസ് പകുത്തറിവിനെയും പരിസ്ഥിതിയെയും എങ്ങനെ സമന്വയിപ്പിക്കാമെന്നതിന്‌ മുകുടോദാഹരണമാണ്‌. മഹാന്മാരായ നിരീശ്വരവാദികളുടെ ആപ്തവാക്യങ്ങള്‍ യൂണിവേഴ്സിറ്റിയുടെ ചുവരുകളെ അലങ്കരിച്ചു. അവിടുത്തെ ഓരോ മണല്‍തരിയിലും പെരിയാറുടെ സ്മരണകള്‍ നല്‍കുന്ന ആവേശം തിരിച്ചറിയപ്പെട്ടു. പെരിയാര്‍ മണിയമ്മൈ യൂണിവേഴ്സിറ്റി മാത്രമല്ല, നിരവധി കോളേജുകളും, പോളിറ്റെക്നിക്കുകളും, ആശുപത്രികളും, സൗജന്യ ചികില്‍സാ ക്ലിനിക്കുകളും, കൗണ്‍സിലിങ്ങ് സെന്ററുകളും, നിയമസഹാസ സെല്ലുകളും, മ്യൂസിയവും, അവയവദാന ക്ലബ്ബും, ഉള്‍പ്പെടെ ചെറുതും വലുതുമായ അന്‍പതിലധികം സ്ഥാപനങ്ങള്‍ പെരിയാര്‍ സ്മാരകങ്ങളായി നിലകൊള്ളുന്നു.

     യൂണിവേഴ്റ്റി കാമ്പസില്‍ പ്രത്യേകം സജ്ജമാക്കിയ സ്ഥലത്ത് വൃക്ഷത്തൈകള്‍ നട്ടുകൊണ്ടാണ്‌ പ്രതിനിധികള്‍ കാമ്പസിനകത്തേക്ക് പ്രവേശിച്ചത്. വൃക്ഷത്തൈകള്‍ നനയ്ക്കുന്നതിനുള്ള ഡ്രിപ്പ് ഇറിഗേഷന്‍ സംവിധാനത്തിന്റെ ഉല്‍ഘാടനം ഡോ. കെ വീരമണി നിര്‍വ്വഹിച്ചു. തുടര്‍ന്ന് വാദ്യമേളങ്ങളുടെയും നിരയായി അണിനിരന്ന വിദ്യാര്‍ത്ഥിനികളുടെ കയ്യടിയുടെയും അകമ്പടിയോടെ മുളംകൂട്ടങ്ങള്‍ക്കിടയില്‍ സജ്ജമാക്കിയ രമണീയവും കുളിരാര്‍ന്നതുമായ അന്തരീക്ഷത്തിലേക്ക് ആനയിച്ച്‍ ലഘുഭക്ഷണം നല്‍കി. മാലിന്യ സംസ്കരണയൂണിറ്റും വെര്‍മി കമ്പോസ്റ്റ് യൂണിറ്റും പേപ്പര്‍ പ്രൊസസിങ് യൂണിറ്റും ഹോളോബ്രിക്സ് യൂണിറ്റും ഭക്ഷ്യസംസ്കരണ യൂണിറ്റുമുള്‍പ്പെടെ യൂണിവേഴ്സിറ്റിയുടെ കാമ്പസ് പ്രതിനിധികള്‍ നടന്നുകണ്ടു.

     11 മണിക്ക് കോണ്‍ഫറന്‍സ് ഹാളില്‍ പെരിയാര്‍ മണിയമ്മൈ യൂണിവേഴിറ്റി വൈസ് ചാന്‍സലര്‍ ഡോ. എന്‍ രാമചന്ദ്രന്റെ നേതൃത്വത്തില്‍ സ്പെഷല്‍ സെഷന്‍ ആരംഭിച്ചു. നാസ്തികതിയിലൂന്നിയ യൂണിവേഴ്സിറ്റിയുടെ പ്രവര്‍ത്തനങ്ങളെ അദ്ദേഹം വിവിരിച്ചു. IHEU എക്സിക്യൂട്ടിവ് ഡയരക്ടര്‍ ഡോ. ബാബു ഗോഗിനേനിയുടെ പ്രസംഗം രാഷ്ട്രീയ നിലനില്പ്പിനുവേണ്ടി ജ്യോതിഷികള്‍ക്കുമുമ്പില്‍ അപ്പീല്‍ നല്‍കുകയും ഗ്രഹങ്ങളെ പ്രീണിപ്പിക്കാന്‍ തങ്ങളുടെ പേരുകള്‍ പോലും മാറ്റുകയും ചെയ്യുന്ന രാഷ്ട്രീയ നേതാക്കളെ തുറന്നുകാട്ടുന്നതായിരുന്നു.

     തുടര്‍ന്ന് ഡോ. വി സുന്ദരരാജലു, ഡോ. എം തവമണി, ഡോ. ഡി കുമാര്‍ ഡോ . ഇളങ്കുവന്‍ തമിള്‍ എന്നിവരുടെ അധ്യക്ഷതയില്‍ നാല്‌ സെഷനുകളിലായി സെമിനാറുകള്‍ നടന്നു. നാസ്തികത- ശാസ്ത്രത്തിന്റെയും ശാസ്ത്രീയവീക്ഷണത്തിന്റെയും ആണിക്കല്ല്, നാസ്തികത സ്ത്രീശാക്തീകരണത്തിന്‌, ശാസ്ത്രവും കപടശാസ്ത്രവും, യുവാക്കളും നാസ്തികതയും എന്നീ വിഷയങ്ങളില്‍ പേപ്പര്‍ പ്രസന്റേഷനുകളും ചര്‍ച്ചയും നടന്നു. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ സി. രവിചന്ദ്രന്‍ അവതരിപ്പിച്ച ന്യൂ ഏജ് ഓഫ് റീസണിങ്ങ് പ്രസന്റേഷന്‍ സദസ്സിന്റെ വിശേഷശ്രദ്ധയാകര്‍ഷിച്ചു.  ശാസ്ത്രം, നവനാസ്തിക പ്രസ്ഥാനങ്ങളുടെ അനിവാര്യത, നിരീശ്വരവാദത്തിന്റെ വ്യാപനത്തില്‍ പെരിയാറുടെ പങ്ക് തുടങ്ങി വൈവിധ്യമാര്‍ന്ന വിഷയങ്ങളെ അവലംബിച്ച് നടന്ന സെമിനാറുകള്‍ പ്രതിനിധികള്‍ക്ക് പുത്തനുണര്‍വ് നല്‍കുന്നതും നാസ്തികപ്രസ്ഥാനങ്ങളുടെ ഭാവി ഭാസുരമാണെന്ന് വിളിച്ചോതുന്നതുമായിരുന്നു.

     തിരിച്ച് പ്രതിനിധികളെയും വഹിച്ച വാഹനങ്ങള്‍ ട്രിച്ചി നഗരത്തില്‍ പ്രവേശിക്കുമ്പോഴേക്കും പതിനായിരക്കണക്കിന്‌ ദ്രാവിഡര്‍ കഴകം പ്രവര്‍ത്തകര്‍ അണിനിരന്ന പ്രകടനം നഗരത്തെ പ്രകമ്പനം കൊള്ളിച്ചുകൊണ്ട് ആരംഭിച്ചുകഴിഞ്ഞിരുന്നു. ദിവ്യാല്‍ഭുത അനാവരണ പരിപാടി DK ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി ശ്രീ. ഗുണശേഖരന്‍ ഫ്ലാഗ് ഓഫ് ചെയ്തു. മുതുകില്‍ കൊളുത്തിട്ട് അതില്‍ കാറ് കെട്ടിവലിച്ചുകൊണ്ട് DK പ്രവര്‍‍ത്തകര്‍ പ്രകടനത്തിന്‌ മുന്നില്‍ ദൈവികമെന്ന് വിശേഷിപ്പിച്ച് നടത്തിവരുന്ന തട്ടിപ്പിനെ അനാവരണം ചെയ്തു. 'തമിഴാ തമിഴാ കടവുള്‍ ഇല്ലൈ', 'കടവുള്‍ ഇല്ലൈ' 'കടവുള്‍ ഇല്ലൈ'  എന്ന മുദ്രാവാക്യത്തിന്റെ അലയൊലികള്‍ അന്തരീക്ഷത്തില്‍ അലയടിച്ചപ്പോള്‍ സംഘടിത നാസ്തികപ്രസ്ഥാനത്തിന്റെ കരുത്തിനുമുന്നില്‍ ട്രിച്ചിനഗരം കോരിത്തരിച്ചു.

     കയ്യില്‍ കര്‍പ്പൂരം കത്തിച്ചും കത്തുന്ന തീച്ചട്ടികള്‍ ഉള്ളം കയ്യില്‍ അമ്മാനമാടിയും അവര്‍ ദിവ്യന്മാരെയും ആള്‍ ദൈവങ്ങളെയും തുറന്നുകാട്ടിക്കൊണ്ടിരുന്നു. കറുത്തകുപ്പായക്കാരുടെ ഒഴുക്ക് പൊതുസമ്മേളനനഗരിയില്‍ എത്തിച്ചേര്‍ന്നപ്പൊള്‍ 'എത്തീസം വെല്‍ക്കംസ്' എന്ന തീം ഗാനം ഒഴുകിക്കൊണ്ടിരുന്നു. കറുപ്പുകുപ്പായക്കാരായ പ്രകടനക്കാരുടെ 'കടവുള്‍‍ ഇല്ലൈ' എന്ന് മുദ്രാവാക്യത്തെ കറുപ്പുകുപ്പായക്കാരായ ഒരുകൂട്ടം അയ്യപ്പഭക്തന്മാര്‍ അമ്പരപ്പോടുകൂടി വീക്ഷിക്കുന്നത് കാണാനിടയായെന്ന സ്വാഗതപ്രാസംഗികന്റെ പരാമര്‍ശം ചിരിക്കുവകനല്‍കുന്നതും ഒപ്പം ചിന്തനീയവുമായി.

     ശ്രീമതി. കനിമൊഴി എം പി യാണ്‌ പൊതുസമ്മേളനം ഉല്‍ഘാടനം ചെയ്തത്. പുരോഗമന വേദികളെ അവഗണിക്കുകയും, മതവേദികളില്‍ ആവശ്യത്തിലേറെ വലിഞ്ഞുകയറി പ്രീണന പ്രസംഗങ്ങല്‍ നടത്തുകയും ചെയ്യുന്ന കേരളത്തിലെ വിപ്ലവരാഷ്ട്രീയക്കാരില്‍ നിന്ന് വ്യത്യസ്തമായി പച്ചയായി തന്റെ അഭിപ്രായം തുറന്നടിക്കുന്ന ഈ തമിഴ് രാഷ്ട്രീയക്കാരിയുടെ പ്രസംഗം ആവേശകരമായിരുന്നു. നിരീശ്വരവാദം തന്റെ പ്രസംഗത്തില്‍ നിറഞ്ഞ് തുളുമ്പുമ്പോഴും വോട്ടുകള്‍ ഇതിന്റെ പേരില്‍ നഷ്ടപ്പെട്ട് പോകുമോ എന്ന് അവര്‍ വേവലാതിപ്പെട്ടുകണ്ടില്ല. കാരണം പെരിയാര്‍ തമിഴ്ജനതയുടെ രക്തത്തില്‍ അലിഞ്ഞുചേര്‍ന്ന വികാരമാണ്‌. നാസ്തികത പെരിയാറുടെ ആപ്തവാക്യവും.

     ജനുവരി 9 നു രാവിലെ 9മണിക്ക് രണ്ട് സെഷനുകളിലായാണ്‌ സെമിനാര്‍ നടന്നത്. മതനിരപേക്ഷതയുടെയും നാസ്തികതയുടെയും, മാനവികതയുടെയും ശക്തീകരണത്തില്‍ മാധ്യമങ്ങളുടെ പങ്ക് എന്ന വിഷയത്തില്‍ ഡോ. ധനേശ്വര്‍ സാഹുവിന്റെയും, വ്യക്തിപരവും സാമൂഹ്യവുമായ ആരൊഗ്യപാലനത്തില്‍‍ നാസ്തികതയുടെ പങ്ക് എന്ന വിഷയത്തില്‍ ഡോ. സുകുമാരന്റെയും അധ്യക്തതയിലാണ്‌ സെമിനാര്‍ നടന്നത്.

      തുടര്‍ന്ന് നടന്ന പ്ലീനല്‍ ഡിസ്കഷന്‍‍ ഡോ. കെ വീരമണി, ഡോ. വിജയം, ലെവി ഫ്രയ്ഗല്‍ തുടങ്ങിയവര്‍ നയിച്ചു. വിവിധ സെഷനുകളിലെ അധ്യക്ഷന്മാര്‍ സെമിനാറുകളില്‍ അവത്രിപ്പിച്ച പ്രബന്ധങ്ങളെ സമഗ്രമായി വിലയിരുത്തി. സമാപനസമ്മേളനത്തിനും പൊങ്കല്‍ ആഘോഷങ്ങള്‍ക്കും ശേഷം സമ്മേളനം അവസാനിച്ചു.

     ഇന്ത്യയിലെ ഒട്ടുമിക്ക സംസ്ഥാനങ്ങളില്‍നിന്നുമുള്ള പ്രതിനിധികള്‍ പങ്കെടുത്തു എന്നത് ഈ സമ്മേളനത്തിന്റെ പ്രാധാന്യം വിളിച്ചോതുന്നു. മതങ്ങള്‍ സംഹാരതാണ്ഡവമാടുകയും മതസംഘടനകള്‍ വളര്‍ന്ന് തഴയ്ക്കുകയും മതം ഭീകരതയും ഫാസിസവുമായി മാറുകയും ചെയ്യുന്ന ആധുനികകാലത്ത് നിരീശ്വരവാദികള്‍ക്കും യുക്തിവാദികള്‍ക്കും, മാനവികവാദികള്‍ക്കും നിസ്സംഗരായി മാറിനില്‍ക്കാനാകില്ല എന്ന അടിയുറച്ച സന്ദേശമാണ്‌ ഈ സമ്മേളനം നല്‍കുന്നത്. പങ്കെടുത്ത പ്രതിനിധികളില്‍ ഒട്ടുമിക്കവരും ചെറുപ്പക്കാരായിരുന്നുവെന്നതും പ്രതിനിധികളില്‍ നല്ലൊരു പങ്കും സ്ത്രീകളായിരുന്നുവെന്നതും എടുത്തുപറയേണ്ടതാണ്‌. സമ്മേളനത്തെ ഒരു വന്‍ വിജയവും തിരുച്ചിറപ്പള്ളി നഗരത്തിന്റെ ഉല്‍സവവുമാക്കി മാറ്റുന്നതില്‍ സംഘാടകര്‍ വഹിച്ച പങ്ക് പ്രശംസനീയമാണ്‌. നെടുനീളന്‍ ചുവരെഴുത്തുകളും പടുകൂറ്റന്‍ ബോര്‍ഡുകളും കമാനങ്ങളും കൊണ്ട് അലംകൃതമായ നഗരം നിരീശ്വരതയുടെ അലയൊലികളില്‍ പുളകിതമായി. രാജാവ് നഗ്നനാണെന്ന് ഉറക്കെ വിളിച്ചുപറയാന്‍ കെല്പ്പുള്ള കുട്ടിയുടെ നിഷകളങ്കത ഒരു ദൗര്‍ബല്യമല്ലെന്നും അത് ഈ ലോകത്തിന്റെ തന്നെ നിലനില്പ്പിനുള്ള ഒരേയൊരു മാര്‍ഗമാണെന്നും തിരിച്ചറിഞ്ഞുകൊണ്ടും മതഭ്രാന്തിനെതിരെയുള്ള പോരാട്ടത്തില്‍ തങ്ങള്‍ ഒറ്റയ്ക്കല്ലെന്നും തിരിച്ചറിഞ്ഞുകൊണ്ടാണ്‌ വിവിധ ദേശക്കാരും ഭാഷക്കാരുമായ പ്രതിനിധികള്‍ തിരുച്ചിറപ്പള്ളിയോട് വിടപറഞ്ഞത്.