മാതൃഭൂമി ആഴ്ചപ്പതിപ്പ് 21-ലക്കത്തില്‍ ആനന്ദിന്റെ 'ഉള്ള നിയമങ്ങള്‍ ഇല്ലാത്ത നിയമങ്ങള്‍', 25- ലക്കത്തില്‍ കെ പി രാമനുണ്ണിയുടെ 'പ്രിയപ്പെട്ട ജോസഫ് ആനന്ദിനോട് പറയേണ്ടത്' എന്നീ ലേഖനങ്ങളോടുള്ള പ്രതികരണമാണിത്. ജോസഫ് മാഷിന് പറയാനുള്ളത് (കൈ വെട്ടിയത് നന്നായി, പേരുദോഷം മാറിയല്ലോ?)ഈ ലക്കം മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ വായിക്കാം.
ജോസഫ് സാറിന്റെ വാക്കുകള്‍:
ഞാന്‍ ജയിലില്‍നിന്ന് തിരികെ വീട്ടിലെത്തിയ നാളുകളില്‍ യുക്തിവാദി സംഘത്തിലെ ആളുകള്‍ വിളിക്കുമായിരുന്നു. ഞാന്‍ ഈശ്വരവിശ്വാസിയാണെന്ന് അവരൊടു പറഞ്ഞു. എങ്കിലും അവര്‍ക്ക് കുഴപ്പമൊന്നുമുണ്ടായിരുന്നില്ല. ആശ്വസിപ്പിക്കാന്‍ ആദ്യം വന്നത് അവരായിരുന്നു. ഞാന്‍ ഈശ്വരവിശ്വാസിയാണ്. ഒരു മതത്തില്‍ ജനിച്ചതുകൊണ്ട് അതിന്റെ വിശ്വസം പിന്തുടരുന്നു.എല്ലാ മതങ്ങളെയും ഒന്നുപോലെയാണ് ഞാന്‍ കാണുന്നത്. എല്ലാ മതങ്ങളുടെയും അടിസ്ഥാനലക്ഷ്യം ഒന്നുതന്നെയാണ്.
മുസ്ലിം സമുദായത്തില്‍ ഈ പേരുള്ള (മുഹമ്മദ്) ഒരുപാട് പേരുണ്ട്. അങ്ങനെമാത്രമേ ഞാന്‍ വിചാരിച്ചിട്ടുള്ളു. അതിനെ ദുര്‍ വ്യാഖ്യാനം ചെയ്യുകയായിരുന്നു. കലഹമുണ്ടാക്കാന്‍ അവര്‍ മന:നപൂര്‍വ്വം ചെയ്തതായിരുന്നു. കോളേജിലെ കുട്ടികളോ രക്ഷാകര്‍ത്താക്കളോ ഒരു പരാതിയും ഒരിടത്തും ഉന്നയിച്ചിട്ടില്ല.
..................................................................................................................................................................
കെ പി രാമനുണ്ണിക്ക് ഇത്രമേല്‍ അസഹിഷ്ണുത തോന്നാന്‍ മാത്രം എന്തവിവേകമാണ് ആനന്ദ് തന്റെ 'ഉള്ള നിയമങ്ങള്‍ ഇല്ലാത്ത നിയമങ്ങള്‍'(മാതൃഭൂമി ആഴ്ചപ്പതിപ്പ്- ലക്കം 21) എന്ന ലേഖനത്തില്‍ കാണിച്ചതെന്ന് അത് പലവുരു വായിച്ചു നോക്കിയിട്ടും മനസ്സിലായില്ല. 'അച്ഛന്‍, ബാപ്പ തുടങ്ങിയ സങ്കല്പങ്ങള്‍ പരിചയപ്പെട്ടിട്ടില്ലാത്ത മുസ്സൊളിനിയുടെ ബ്രോയ്‌ലര്‍ തലമുറയ്ക്ക്, മറ്റുള്ളവരുടെ മാതാപിതാക്കളെ ആരെങ്കിലും അപമാനിച്ചുവെന്ന് കേള്‍ക്കുമ്പൊഴുള്ള ഒന്നും തോന്നായ്ക' എന്ന സാഹിത്യത്തില്‍ പുതപ്പിച്ച വാക്കുകള്‍- തന്തയ്ക്കു പിറക്കാത്തവന്‍ എന്നാണ് അതിന്റെ പച്ചമലയാളത്തിലുള്ള അര്‍ത്ഥമെന്നിരിക്കെ, അത്രത്തോളം പ്രകോപിതനാകാന്‍ പ്രിയ രാമനുണ്ണീ, എന്തപരാധമാണ് ആനന്ദ് ചെയ്തതെന്നും താങ്കളുടെ അറുവഷളന്‍ ലേഖനം ( മാതൃഭൂമി ആഴ്ചപ്പതിപ്പ്- ലക്കം 25) മുഴുവന്‍ പരതിയിട്ടും ഈയുള്ളവനൊട്ട് മനസ്സിലായുമില്ല.
മുപ്പത്തിരണ്ട് കുട്ടികള്‍ മാത്രം പഠിക്കുന്ന, അതില്‍ തന്നെ വെറും മൂന്നോ നാലോ മുസ്ലിം കുട്ടികള്‍ മാത്രമുള്ള ചെറിയൊരു ബിരുദ ക്ലാസിലെ, ഒരു വെറും ക്ലാസ് പരീക്ഷയ്ക്ക് ചിഹ്നങ്ങള്‍ ഇട്ട് വേര്‍തിരിക്കാന്‍ നല്‍കിയ ഒരു സംഭാഷണശകലം തങ്ങളുടെ പ്രവാചകനെ അപമാനിക്കാന്‍ കരുതിക്കൂട്ടി ഒരു അധ്യാപകന്‍ ചെയ്ത പൊറുക്കാന്‍ കഴിയാത്ത അപരാധമാണെന്ന്, കൈ മാത്രമല്ല തലയും വെട്ടാന്‍ പലവട്ടം ആസൂത്രണം ചെയ്ത് ഒടുവില്‍ അതിവിദഗ്ദമായി അത് നടപ്പാക്കിയ, തലയില്‍ കാറ്റും വെളിച്ചവും കയറാത്തവിധം കൊട്ടിയടയ്ക്കപ്പെട്ട ഇരുണ്ട മനസ്സിന്റെ ഉടമകള്‍ക്ക് 'മനസ്സിലായതെങ്ങനെ'യെന്ന് ലളിതമായി പറഞ്ഞുതരികയാണ് ആനന്ദ് അദ്ദേഹത്തിന്റെ ലേഖനത്തിലൂടെ ചെയ്തത്.
ഈയൊരു സംഭാഷണ ശകലം മാത്രമേ ജോസഫ് സാറിന് കുത്തും കോമയുമിടാന്‍ കിട്ടിയുള്ളൊ എന്ന് ആദ്യം കേട്ട മാത്രയില്‍ ഈയുള്ളവനും തോന്നിയതാണ്. എന്നാല്‍ താന്‍ പറഞ്ഞത് കേള്‍ക്കാന്‍ ആരും തയ്യാറായില്ലെന്ന സര്‍വ്വസ്വവും നഷ്ടപ്പെട്ട ആ സാധുമനുഷ്യന്റെ വിലാപം കേട്ടില്ലെന്നു നടിക്കാന്‍ മാത്രം നമ്മുടെ മനസ്സാക്ഷി മരവിക്കേണ്ടതുണ്ടൊ? ആ അധ്യാപകന് മറ്റുള്ളവരുടെ ദൈവങ്ങളെയോ പ്രവാചകന്മാരെയോ അവഹേളിക്കണമായിരുന്നുവെങ്കില്‍ അതിന് മുപ്പത്തിരണ്ട് കുട്ടികള്‍ മാത്രം എഴുതുന്ന ഒരു ക്ലാസ് പരീക്ഷയുടെ ചോദ്യപ്പേപ്പറിലൂടെ തന്നെ വേണമായിരുന്നോ എന്നെങ്കിലും നമ്മുടെ ചിന്ത പോകാത്തതെന്തുകൊണ്ടാണ്? ആ ക്ലാസ് മുറിയില്‍ നിന്ന് രണ്ട് കുട്ടികള്‍ പുറത്തുകൊണ്ടുവന്ന ആ ചോദ്യപ്പേപ്പര്‍ ആയിരക്കണക്കിന് ഫോട്ടോസ്റ്റാറ്റ് കോപ്പികള്‍ എടുത്ത് നാടുനീളെ വിതരണം ചെയ്ത് അത് തങ്ങളുടെ പ്രവാചകനെ നിന്ദിക്കുകയാനെന്ന് മുറവിളികൂട്ടിയവര്‍, പ്രവാചക നിന്ദയ്ക്കെതിരെ നടത്തിയ കോളേജ് ആക്രമണം, പ്രവാചകനെ നിന്ദിച്ചവനെ കൈ വെട്ടണം എന്നടക്കം ആഹ്വാനം ചെയ്ത് സകലമാന ഇസ്ലാം സംഘടനകളും ചേര്‍ന്ന് നടത്തിയ ആക്രോശങ്ങള്‍, വര്‍ഗീയതയുടെ പെരുമ്പറയടികള്‍, ചൂടുവെള്ളത്തില്‍ വീണ പൂച്ച പച്ചവെള്ളം കണ്ടാലും പേടിക്കുമെന്ന പഴമൊഴി അന്വര്‍ത്ഥമാക്കിക്കോണ്ട്- 'മതമില്ലാത്ത ജീവന്റെ' പേരില്‍ മതമൗലികവാദികള്‍ (ഇക്കാര്യത്തില്‍ എന്തായിരുന്നു മത സൗഹാര്‍ദ്ദം!!) ഇവിടെ കാട്ടികൂട്ടിയ കോപ്രായങ്ങള്‍ വീണ്ടും സംസ്ഥാന സര്‍ക്കാരിന് താങ്ങാനാകില്ലെന്ന് മുന്‍കൂട്ടി കണ്ട് ഓടുന്ന പട്ടിക്ക് ഒരു മുഴം മുമ്പേയുള്ള വിദ്യാഭ്യാസ മന്ത്രിയുടെ ഏറ്- 'മഠയാനായ അധ്യാപകന്‍' പ്രയോഗം; താന്‍ മനപൂര്‍വ്വം ആരെയും അപമാനിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും തന്റെ ചോദ്യപേപ്പര്‍ ആരെയും വേദനിപ്പിക്കാന്‍ ഉദ്ദേശിച്ചുള്ളതല്ലെന്ന് പലവുരു ആണയിട്ടിട്ടും രാജാവിനേക്കാള്‍ വലിയ രാജഭക്തരായി അദ്ദേഹത്തെ സര്‍വീസില്‍ നിന്ന് സസ്പെന്റ് ചെയ്തവര്‍, അധ്യാപകനെ കിട്ടാഞ്ഞ് അദ്ദേഹത്തിന്റെ മകനുനേരെ മൂന്നാംമുറ പ്രയോഗിച്ച നിയമപാലകര്‍, ഇതിന്റെ നിജസ്ഥിതി അന്വേഷിച്ച് തീകെടുത്താന്‍ ശ്രമിക്കുന്നതിനു പകരം സെന്‍സേഷണല്‍ വാര്‍ത്തകള്‍ ചമച്ച് ആഘോഷിച്ച മാധ്യമങ്ങള്‍- ഇവരെല്ലാംകൂടിതന്നെയാണ് 'മതനിന്ദാ നാടകത്തെ' കൈവെട്ടല്‍ എന്ന താലിബാനിസ്റ്റ് പരിസമാപ്തിയിലേക്ക് കൊണ്ടെത്തെച്ചതെന്ന പച്ചപ്പരമാര്‍ത്ഥം നിഷ്കളങ്കമായി വിളിച്ച് പറയുക മാത്രമാണ് ആനന്ദ് ചെയ്ത 'മഹാപരാധം'.
'വിവിധ രാജ്യങ്ങളിലായി മുഹമ്മദെന്ന നാമധാരികള്‍ കോടാനുകോടി ഉണ്ടാകുമെങ്കിലും പടച്ചവനുമായി സമ്പര്‍ക്കപ്പെടുന്ന മുഹമ്മദെന്നു പറയുമ്പോള്‍ അത് അബ്ദുല്ലയുടെയും ആമിനയുടെയും പുത്രനായി അറേബ്യയില്‍ ജനിച്ച മുഹമ്മദ് നബി ആയിരിക്കുമെന്ന് ആരും ചിന്തിച്ചുപോകുമെന്നത് സ്വാഭാവികമാണെന്നാണ്' രാമനുണ്ണിയുടെ കണ്ടെത്തല്‍. കുട്ടികള്‍ക്ക് അധികപഠനത്തിനുവേണ്ടി നിര്‍ദ്ദേശിക്കപ്പെട്ടതും അവര്‍ തന്നെ പലവട്ടം ക്ലാസില്‍ പരിചയപ്പെട്ടതുമായ ഒരു സംഭാഷണശകലമാണ് ചോദ്യപ്പേപ്പറിലെ 'വിവാദചോദ്യ'മെന്ന് മനസ്സിലാകും മുമ്പ് അങ്ങനെ ആരെങ്കിലും ചിന്തിച്ചാല്‍ അത് സ്വാഭാവികമാകാം. എന്നാല്‍ ചോദ്യപേപ്പര്‍ തയ്യാറാക്കുമ്പോള്‍ താന്‍ അങ്ങനെ ഒരു കാര്യം ചിന്തിച്ചിട്ടുകൂടിയില്ലെന്ന് ജോസഫ് സാര്‍ ആണയിട്ടിട്ടും, അതിന്റെ പേരില്‍ അദ്ദേഹത്തിന്റെ കൈയും കാലും വെട്ടിനുറുക്കപ്പെട്ടിട്ടും അതേ വര്‍ഗ്ഗീയജന്യ വാദം തന്നെ ആവര്‍ത്തിച്ചാവര്‍ത്തിച്ച് നടക്കുന്ന രാമനുണ്ണിമാര്‍ ചെയ്യുന്ന സാമൂഹ്യദ്രോഹം എന്തെന്ന് അവര്‍ മനസ്സിലാക്കുന്നില്ലേ!!! പടച്ചവനുമായി യാതൊരു സമ്പര്‍ക്കവുമില്ലാത്തവരാണോ ദിവസവും അഞ്ച് നേരം നിസ്കരിക്കുന്ന കോടാനുകോടി മുഹമ്മദ് നാമധാരികള്‍? അല്ലാഹുവും പ്രവാചകനായ മുഹമ്മദും തമ്മില്‍ അയല മുറിക്കുന്ന കാര്യം സംസാരിക്കേണ്ടതില്ലെന്ന കാര്യമെങ്കിലും രാമനുണ്ണീ എന്താണ് താങ്കളുടെ കാടു കയറിയ മനസ്സില്‍ ഏശാത്തത്?
ഇക്കണക്കിനാണെങ്കില്‍ ഏതെങ്കിലുമൊരു അച്ഛനുമമ്മയും അവര്‍ക്ക് ജനിച്ച മന്ദബുദ്ധിയായ ഒരു കുട്ടിക്ക് കൃഷ്ണന്‍കുട്ടിയെന്നോ, രാമന്‍കുട്ടിയെന്നോ, കൃഷ്ണനുണ്ണിയെന്നൊ, രാമനുണ്ണിയെന്നോ, മുഹമ്മദുണ്ണിയെന്നോ നാമകരണം ചെയ്തുപോയാല്‍ തങ്ങളുടെ ദൈവങ്ങളെ അവഹേളിച്ചുവെന്ന് പറഞ്ഞ് കയ്യും കാലും വെട്ടാനുള്ള ലൈസന്‍സാണല്ലോ രാമനുണ്ണീ അറിഞ്ഞോ അറിയാതെയോ താങ്കള്‍ കനിഞ്ഞ് നല്‍കിയിരിക്കുന്നത്!!
മതവിശ്വാസിയെ മനസ്സിലാക്കണമെന്നും അവരുടെ വികാരങ്ങള്‍ മാനിക്കണമെന്നും (മത വിശ്വാസമില്ലാത്തവര്‍ക്ക് മാനിക്കത്തക്ക വികാരമില്ലേ രാമനുണ്ണീ?), മത നിന്ദ കുറ്റകരമാണെന്നതിനാല്‍ മതത്തെയോ മത ദൈവങ്ങളെയോ പ്രവാചന്മാരെയോ വിമര്‍ശിച്ചുകൂടെന്നും അങ്ങനെ ചെയ്താല്‍ അവരെ തേടി പോലീസിനെ വിടണമെന്നുമുള്ള മാഹാ സാരോപദേശമാണ് രാമനുണ്ണി ഈ ലേഖനത്തിലൂടെ മാലോകര്‍ക്ക് നല്‍കുന്നത്.
നിലവിലുള്ള മതത്തെയും മത ദൈവങ്ങളെയും നിരാകരിച്ചുകൊണ്ടൊ പരിഷ്കരിച്ചുകൊണ്ടോ ആണ് ഓരോ പുതിയ മതവും ജനിച്ചതെന്ന ചരിത്രവസ്തുത ഇവിടെ ബോധപൂര്‍വ്വം നിരാകരിക്കുന്നു. ബ്രാഹ്മണ്യം കൈവശം വെച്ചനുഭവിച്ചിരുന്ന വിഗ്രഹ പ്രതിഷ്ഠാധികാരം ചോദ്യം ചെയ്ത് ഈഴവശ്ശിവനെ പ്രതിഷ്ഠിച്ച ശ്രീനാരായണഗുരു ബ്രാഹ്മണരുടെ മതവിശ്വാസത്തെ ചോദ്യം ചെയ്തത് പൊറുക്കാനാകാത്ത അപരാധമാണെന്നും അതിനാല്‍ അദ്ദേഹത്തിനെതിരെ മതനിന്ദയ്ക്ക് കേസെടുക്കണമെന്നും മതവിധേയത്വത്താല്‍ സ്വബോധം നഷ്ടപ്പെട്ട രാമനുണ്ണീ, താങ്കള്‍ തട്ടിവിടുമോ? മതദൈവങ്ങളെയും വിഗ്രഹാരാധനയെയും വെല്ലുവിളിച്ച ബ്രഹ്മാനന്ദശിവയോഗിയെ എത്രവട്ടം കൈവെട്ടേണ്ടിവരും രാമനുണ്ണീ? 'ഭഗവദ്ഗീതയും കുറെ മുലകളു'മെഴുതിയ; 'വിഢ്ഢികളുടെ സ്വര്‍ഗ്ഗ'മെഴുതിയ; മരക്കുരിശില്‍ തറച്ച കര്‍ത്താവിന് പൊന്‍ കുരിശെന്തിനെന്നെഴുതിയ മലയാളത്തിന്റെ പ്രിയപ്പെട്ട സുല്‍ത്താല്‍ വൈക്കം മുഹമ്മദ് ബഷീറിന് താങ്കള്‍ എന്ത് ശിക്ഷയാണ് രമനുണ്ണീ വിധിക്കാന്‍ പോകുന്നത്?
മൃഗത്വത്തിന്റെ ലക്ഷണങ്ങള്‍ കാണിച്ചിട്ടില്ലെന്നും, ഉദാത്തമായ ദേവത്വ സാക്ഷാത്കാരങ്ങള്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ടെന്നും താങ്കള്‍ ഗുഡ് സര്‍ട്ടിഫിക്കറ്റ് നല്‍കിയാദരിച്ച മുഹമ്മദ്, അറേബ്യയിലെ ഖുറൈശീ ഗോത്രക്കാരുടെ ആരാധനാ മൂര്‍ത്തികളായിരുന്ന ലാത്ത, മനാത്ത എന്നീ ദൈവങ്ങളെ വ്യാജ ദൈവങ്ങളെന്ന് മുദ്രകുത്തിയും അവരുടെ വിഗ്രഹങ്ങളെ മുച്ചൂടും നശിപ്പിച്ചുമാണ് ഇസ്ലാം മതം സ്ഥാപിച്ചതെന്ന് ജമാ അത്തുകാരുടെ പുസ്തകങ്ങളില്‍ പറയുന്നതെങ്കിലും താങ്കള്‍ വായിച്ചില്ലേ രാമനുണ്ണീ? ഇസ്ലാം മതം സ്വീകരിക്കാന്‍ പലവുരു ക്ഷണിച്ചിട്ടും തങ്ങളുടെ പൂര്‍വ്വമതത്തില്‍ ഉറച്ചുനിന്നവരെ വാളുപയോഗിച്ച് ഇസ്ലാം മതം സ്വീകരിപ്പിച്ചുവെന്ന് താങ്കളുടെ ആരാധനാമൂര്‍ത്തിയായ മൗലാനാ അഅ്‌ലാ മൗദൂദിയുടെ മലയാളത്തില്‍ വിവര്‍ത്തനം ചെയ്ത് വിറ്റഴിക്കുന്ന പുസ്തകങ്ങളൊന്നും താങ്കള്‍ വായിച്ചില്ലേ? അതൊ മൗദൂദിസ്റ്റുകളുടേ കൂലിയെഴുത്തുകാരെപ്പോലെ താങ്കളുടെയും കണ്ണു മഞ്ഞളിച്ചുപോയോ സാര്‍? തന്റെ പൂര്‍വ്വമതമായ യഹൂദമതത്തെ നിരാകരിച്ചാണ് യേശു കൃസ്തുമതം സ്ഥാപിച്ചതെന്നും അതിന് അവര്‍ നല്‍കിയ ശിക്ഷ കൈ വെട്ടലല്ല, കുരിശേറ്റമായിരുന്നെന്നും താങ്കള്‍ക്കറിയുമോ? മതങ്ങളെയും മതാധികാരങ്ങളെയും തല്ലിയും തലോടിയും പരിഷ്കരിച്ചുമൊക്കെയാണ് എല്ലാ മതങ്ങളിലും പരിഷ്കര്‍ത്താക്കള്‍ ഉണ്ടായതെന്നും അവരെയൊന്നും പൂര്‍വ്വസമൂഹം പൂമാലയിട്ടല്ല സ്വീകരിച്ചതെന്നുമുള്ള ചരിത്രയാഥാര്‍ത്ഥ്യങ്ങള്‍ക്കുനേരെ കണ്ണടച്ചുപിടിക്കുന്നവര്‍ ആരായാലും അവരെ ചിന്തിക്കുന്ന സമൂഹം തിരിച്ചറിയുകതന്നെ ചെയ്യും.
മത വിമര്‍ശനത്തെ മതങ്ങള്‍ അംഗീകരിച്ചതിന്റെ ഉദാഹരണം ചാര്‍വാകരെ ശ്രീരാമന്‍ തന്റെ രാജ്യത്ത് ആദരിച്ചിരുന്നുവെന്ന് ഉദാഹരിച്ച് സ്ഥാപിക്കാന്‍ ശ്രമിക്കുന്ന രാമനുണ്ണി ചാര്‍വ്വാകരുടെ ഒരു ഗ്രന്ഥം പോലും തിരിച്ചുകിട്ടാത്തവിധം നശിപ്പിക്കപ്പെട്ടുവെന്ന ചരിത്ര യാഥാര്‍ത്ഥ്യം വിസ്മരിക്കുന്നു. ചാര്‍വാകരുടെ അറിവിനെ നശിപ്പിച്ചവര്‍ അവരെ ജീവനോടെ വെച്ചുവെന്ന് വിശ്വസിക്കണോ രാമനുണ്ണീ? നാസ്തികത്വം പോയിട്ട് അന്യ മതവിശ്വാസങ്ങളെപോലും സഹിഷ്ണുതയോടെ നോക്കാന്‍ വിസമ്മതിക്കുന്ന മതങ്ങളെ താങ്കള്‍ക്കറിയില്ലേ? ബുദ്ധസന്യാസിമാരെ കൊന്നൊടുക്കിയ ശങ്കരാചാര്യനെ കേട്ടിട്ടില്ലേ? അല്ലാഹുവല്ലാതെ മറ്റേതെങ്കിലും ദൈവത്തെ ആരെങ്കിലും ആരാധിച്ചു പോയാല്‍ അവരെ മാത്രമല്ല, അവര്‍ ആരാധിക്കുന്ന ദൈവങ്ങളെയും നരകത്തീയിലിട്ട് കരിക്കുമെന്ന് ഖുര്‍ ആര്‍ എന്ന 'ദൈവിക' ഗ്രന്ഥത്തില്‍ എഴിതിയത് വായിക്കാന്‍, യിക്തിവാദമെന്നും യുക്തിവാദിയെന്നും കേള്‍ക്കുമ്പോഴേക്കും ചൊറിഞ്ഞുവരുന്ന രാമനുണ്ണീ താങ്കള്‍ക്ക് സമയം കിട്ടിയില്ലേ? ഇതൊന്നും വായിക്കാതെയാണൊ അതൊ വായിച്ചിട്ടും അറിയില്ലെന്നു് നടിച്ചിട്ടാണൊ താങ്കള്‍, 'മറിച്ചുള്ള സംഭവങ്ങളെല്ലാം മതം അറിയാത്തവരും മതത്തെവെച്ച് കളിക്കുന്നവരും തണ്ട് പോപ്പികളുമായ നീചന്മാര്‍ ഉണ്ടാക്കുന്നതാണെന്ന്' താങ്കള്‍ വിലയിരുത്തുന്നത്? 'ശ്രീകൃഷ്നനും യേശുകൃസ്തുവും ജീവിച്ചിരുന്നില്ല എന്ന ഇടമറുകിന്റെ പുസ്തകം മുതല്‍ ഇസ്ലാമടക്കം സകല മത ദര്‍ശനങ്ങളെയും നിശിതമായി വിമര്‍ശിക്കുന്ന യുക്തിവാദിപുസ്തകങ്ങള്‍ വരെ (പാവം) ഇതിന്റെ ആധുനിക ഉദാഹരനങ്ങളെന്നു' പറഞ്ഞ് യുക്തിവാദികളെ അപമാനിക്കുന്ന രാമനുണ്ണീ (യുക്തിവാദികള്‍ അല്ലേലും പാവങ്ങളാണ് രാമനുണ്ണീ) വല്ലാതെ ചൊറിയുന്നുണ്ടെങ്കില്‍ ചൊറിഞ്ഞുതരാന്‍ ആരെയെങ്കിലും ഏര്‍പ്പാടാക്കുന്നത് നന്നായിരിക്കും. താങ്കളുടെ മാതൃകാപുരുഷന്‍മാരായ മൗദൂദിസ്റ്റുകളടക്കമുള്ള ഇസ്ലാമിക സംഘടനകള്‍ അച്ചടിച്ചിറക്കുന്ന പുസ്തകങ്ങളില്‍ ഉള്ളിടത്തോളം അന്യമത നിന്ദ മറ്റൊരിടത്തും കാണില്ലെന്നിരിക്കെ യുക്തിവാദികള്‍ക്കുനേരെ കിട്ടിയ സന്ദര്‍ഭം നോക്കി ഉടുതുണി പൊക്കിക്കാണിക്കുന്ന രാമനുണ്ണീ താങ്കളുടെ സംസ്കാരം അപാരം.
ജോസഫ് സാറിന്റെ ശരീരത്തിലൂടെ ഓടിക്കൊണ്ടിരിക്കുന്ന രക്തത്തില്‍, പന്ത്രണ്ട് കുപ്പി 'മുസ്ലിംരക്ത'മാണെന്ന് ക്രൂരമായി വീമ്പുപറയുമ്പോള്‍, 'മുസ്ലിംകിഡ്‌നി' ആവശ്യമുണ്ടെന്ന് പത്രപ്പരസ്യം ചെയ്ത 'മാധ്യമ'ക്കാരന്റെ ഗണത്തിലേക്ക് തരം താഴാന്‍ താന്‍ വളരെയേറെ യൊഗ്യനാണെന്ന് രാമനുണ്ണി സംശയലേശമന്യേ തെളിയിച്ചിരിക്കുന്നു.
ഒരു തികഞ്ഞ കൃസ്തുമതവിശ്വാസിയും സണ്‍ഡേ സ്കൂളിലേക്ക് നോട്ടുകള്‍ തയ്യാറാക്കുന്നയാളുമായ ജോസഫ് സാറിനെ സാരോപദേശം പഠിപ്പിക്കുന്നതിനിടയില്‍ ഇതിലൊന്നും കക്ഷിയല്ലാത്ത യുക്തിവാദികളെ നോക്കി കൊഞ്ഞനം കുത്തുന്നതെന്തിനെന്ന് മനസ്സിലാകുന്നില്ല, ഏതായാലും മറ്റുള്ളവരുടെ വികാര സംരക്ഷണത്തിനിറങ്ങിയ മൂപ്പര്‍ക്ക് യുക്തിവാദികളുടെ വികാരത്തെ മാനിക്കാന്‍ നേരം കിട്ടിക്കാണില്ല(പാവം)
കോങ്ങാട്ട് നാരായണന്‍കുട്ടി നായരുടെ തലയറുക്കപ്പെട്ടതിലും, കൂത്തുപറമ്പ് കെ വി സുധീഷ് കൊത്തിനുറുക്കപ്പെട്ടതിലും, വിദ്യാര്‍ത്ഥികലുടെ മുന്നില്‍ വെച്ച് ജയകൃഷ്ണന്‍ മാസ്റ്റര്‍ ഗളഛേദം ചെയ്യപ്പെട്ടതിലും, പ്രൊഫ. ടി ജെ ജോസഫിന്റെ കൈ വെട്ടിമാറ്റിയതിലും കൂടുതല്‍ പാതകം ഏതെന്നു ചോദിച്ചാല്‍ ഞാന്‍ പറയും 'പ്രിയപ്പെട്ട ജോസഫ് ആനന്ദിനോട് പറയേണ്ടത്'' എന്ന പേരില്‍ കെ പി രാമനുണ്ണി മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ എഴുതിയ വെറിപിടിച്ച ലേഖനമാണെന്ന്. അവരെ ഇത്ര മാത്രം പരികയറ്റി വിടുന്നത് ഇനി ആരുടെയെല്ലാം കൈകളും തലയും വെട്ടാനാകാം പ്രിയപ്പെട്ട രാമനുണ്ണീ? മനസ്സാക്ഷി ഇനിയും ബാക്കിയുണ്ടെങ്കില്‍ ടി ജെ ജോസഫ് എന്ന പച്ച മനുഷ്യന്‍ ഈ ലക്കം മാതൃഭൂമിയില്‍ മനസ്സുതുറക്കുന്നത് ഒരു വട്ടം വായിച്ചുനൊക്കൂ മാന്യദേഹമേ.