മനുഷ്യന്‍ സൃഷ്ടിച്ചിട്ടുള്ളതില്‍ വെച്ച് ഏറ്റവും നശീകരണശേഷിയുള്ള ആയുധമാണ്‌ മതം.

Tuesday, February 15, 2011

തട്ടുമ്പൊറത്തപ്പൻ ഈ ബ്ലോഗിന്റെ ഐശ്വര്യം

'തട്ടുമ്പൊറത്തപ്പൻ' എന്ന ഹ്രസ്വ സിനിമ രണ്ടാം വട്ടവും കണ്ട് എഴുന്നേല്ക്കുമ്പോൾ എന്റെ സഹധർമിണി ചോദിച്ചു:

“ഓല്‌ക്ക് എവ്‌ട്‌ന്നാ ഒര്‌ പൊട്ടനെ കിട്ടീത്?”

“പൊട്ടനോ, അതൊക്കെ അഭിനയിക്കണതല്ലേ....”

“ഏയ്, അത് പൊട്ടൻ തന്ന്യാ... കണ്ടാലറഞ്ഞൂടേ...”

കുറച്ചു ദിവസങ്ങൾക്കുശേഷം കോഴിക്കോട് ടൗൺ ഹാളിൽ സയൻസ് ട്രസ്റ്റിന്റെ വാർഷികാഘോഷവേദിയിൽ വെച്ച് കണ്ടുമുട്ടിയ തട്ടുമ്പൊറത്തപ്പനിലെ പ്രധാന അഭിനേതാവും നിർമാതാവുമായ അച്യുതാനന്ദനെ മുന്നിൽ കൊണ്ടുവന്നുനിർത്തിയപ്പോൾ അവൾ പരിസരം മറന്ന് പൊട്ടിച്ചിരിച്ചു. അവിശ്വസനീയതയോടെ..

'തട്ടുമ്പൊറത്തപ്പൻ'  മൂന്ന്‌ വട്ടം കണ്ട ഒന്നാം ക്ലാസുകാരിയായ എന്റെ മകൾ നായകനടനോട് ചോദിച്ചു:

"എങ്ങന്യാ പൊട്ടനായത്?"

'അതങ്ങനെ സാധിച്ചു'വെന്ന് പറഞ്ഞ അച്യുതാനന്ദൻ അവൾക്ക് സിനിമയിലെ ചില സംഭഷണശകലങ്ങൾ അവൾക്ക് ഉരുവിട്ടുകൊടുത്തു-

...ദേവിയേ... കാത്തോൾണേ....
...ഭഗവത്യേ.... കാത്തോൾണേ....




സുദേവൻ എന്ന ചെറുപ്പക്കാരനാണ്‌ തട്ടുമ്പൊറാത്തപ്പന്റെ കഥയും തിരക്കഥയും സംവിധാനവും നിർവ്വഹിച്ചിരിക്കുന്നത്. ബുദ്ധിജീവി ജാഢകളോ കടിച്ചാൽ പൊട്ടാത്ത സംഭാഷണങ്ങളോ ദുരൂഹമായ പ്രമേയമോ ഇല്ലാതെ തുടക്കം മുതൽ ഒടുക്കം വരെ ആകാംക്ഷാഭരിതരായി കാണികളെ പിടിച്ചിരുത്താൻ സാധിച്ചുവെന്നതിൽ സംവിധായകന്‌ അഭിമാനിക്കാൻ വകയുണ്ട്. 
ഏതുനേരവും കുളിയും ജപവും മന്ത്രം ചൊല്ലലും കൊട്ടിപ്പാട്ടും ആരാധനയുമായി കഴിഞ്ഞുകൂടുന്ന മന്ദബുദ്ധിയായ ഒരു ചെറുപ്പക്കാരനാണ്‌ ഇതിലെ മുഖ്യ കഥാപാത്രം. രോഗിയായ അമ്മയും സഹോദരിയും അവരുടെ മകനുമാണ്‌ വീട്ടിലെ മറ്റ് കഥാപാത്രങ്ങളായി രംഗത്തെത്തുന്നത്. പോലീസിന്റെ പിടിയിൽനിന്നും രക്ഷപ്പെട്ട് ഓടിയെത്തുന്ന ഒരു രാഷ്ട്രീയ ക്രിമിനൽ ആരുമറിയാതെ അവരുടെ വീടിന്റെ തട്ടിൻപുറത്ത് ഒളിച്ചുതാമസിക്കാൻ എത്തുന്നതോടെയാണ്‌ കാഥാതന്തു വികസിക്കുന്നത്.

തട്ടിൻപുറത്ത് മറ്റാരുമറിയാതെ രണ്ട് മൂന്നു ദിവസം കഴിച്ചുകൂട്ടാൻ നിർബന്ധിതനാകുന്ന ഇയാൾ തനിക്ക് ഭക്ഷണം കിട്ടാനുള്ള ശ്രമത്തിന്റെ ഭാഗമായി താൻ ഈ വീട്ടിലെ ദൈവമാണെന്നും പേര്‌ തട്ടിൻപുറത്തപ്പൻ ആണെന്നും തന്റെ കോപത്തിൽ നിന്ന് രക്ഷനേടാൻ തനിക്കുള്ള ഭക്ഷണം നിവേദ്യമായി കോണിപ്പടിയിൽ കൊണ്ടുവെയ്ക്കണമെന്നും മന്ദബുദ്ധിയായ ഉണ്ണിയെ പറഞ്ഞ് വിശ്വസിപ്പിക്കുന്നു. അവിടെനിന്നും, 'തട്ടിൻപുറത്തപ്പൻ' എന്ന ദൈവത്തിലേക്കും 'തട്ടിൻപുറത്തപ്പൻ മഠ'ത്തിലേക്കുമുള്ള പരിണാമഗതികളെ ഒട്ടും അതിശയോക്തിയില്ലാതെ അനുവാചകരിലെത്തിക്കുന്നതിൽ സംവിധായകനും അഭിനേതാക്കളും അസാമാന്യ പാടവമാണ്‌ കാഴ്ചവെയ്ക്കുന്നത്.

അമിതമായ സാങ്കേതികവിദ്യകളൊന്നും ഉപയോഗിക്കാതെതന്നെ നാടൻ സംഭാഷണങ്ങളിലൂടെ അനസ്യൂതമായി ഒഴുകുന്ന സിനിമ കാണുമ്പോൾ അതിലെ കഥാപാത്രങ്ങൾ അഭിനയിക്കുകയല്ല, ജീവിക്കുകയാണ്‌ ചെയ്യുന്നതെന്ന് കാണികൾക്ക് അനുഭവപ്പെടുന്നു. തനി നാടൻ പശ്ചാത്തലത്തിൽ ചുരുങ്ങിയ മുതൽ മുടക്കിൽ, എന്നാൽ മുഖ്യധാരാ സിനിമകളെപോലും വെല്ലുന്ന അഭിനയത്തികവോടെയും സൂക്ഷ്മമായ ചലനങ്ങളിലൂടെയും ഈ ഹ്രസ്വസിനിമ കാണികളെ ത്രസിപ്പിക്കുന്നു.

ദൈവങ്ങളും ചാത്തൻ മഠങ്ങളും, തുള്ളിപ്പറച്ചിലുകാരും, ഭാവിപ്രവചനക്കാരുമടക്കമുള്ള ഭക്തിവ്യവസായം എങ്ങനെ രൂപം കൊള്ളുന്നുവെന്നും എങ്ങനെ നിലനില്ക്കുന്നുവെന്നും ഒരൊറ്റ യുക്തിവാദസംഭാഷണം പോലുമില്ലാതെ ഈ സിനിമ നിശബ്ദമായി എന്നാൽ ഉറക്കെ വിളിച്ചുപറയുന്നു. 
SUDEVAN
സിനിമയിലും സംവിധാനത്തിലും സാങ്കേതികപരിജ്ഞാനമൊന്നും ലഭിച്ചിട്ടില്ലാത്ത സുദേവൻ അടിസ്ഥാനപരമായി ഒരു പെയ്ന്ററാണ്‌. ചെറുപ്പത്തിൽ വീട്ടിൽ നിന്ന് സ്കൂളിലേക്ക് പോകുന്ന വഴിയുള്ള സിനിമശാലയും അവിടെ ഒട്ടിച്ചുവെച്ചിരുന്ന സിനിമാപോസ്റ്ററുകളും കണ്ടുവളർന്ന തനിക്കുള്ളിൽ ചെറുപ്പം മുതലേ സിനിമയുണ്ടായിരുന്നുവെന്ന്‌ ഈ യുവാവ് പറയുന്നു. ഒരു കവിയോ ചിത്രകാരനോ തങ്ങളുടെ സൃഷ്ടികളിലൂടെ സംവദിക്കുന്നതുപോലെ പ്രേക്ഷകരോട് സംവദിക്കുന്നതാകണം തന്റെ സിനിമകൾ എന്ന് ഇദ്ദേഹം കരുതുന്നു. സിനിമയുടെ സംഭാഷണത്തേക്കാളുപരി അതിന്റെ വിഷ്വൽ ആണ്‌ തന്റെ പ്രഥമമാധ്യമമെന്നും അതിന്റെ സൂക്ഷ്മമായ ആവിഷ്കാരത്തിലൂടെ തന്റെ ആത്മപ്രകാശനമായ സിനിമയെ പ്രേക്ഷകരിൽ എത്തിക്കുകയാണ്‌ തന്റെ ലക്ഷ്യമെന്നും  ഈ യുവസംവിധായകൻ പറഞ്ഞു. സിനിമ തങ്ങൾക്ക് ഒരു കൂട്ടു സംരംഭമാണെന്നും താൻ നല്കുന്ന സൂചനകളെ അഭിനേതാക്കളാണ്‌ ഒരു വിഷ്വൽ എന്ന നിലയിൽ പൂർണമാക്കുന്നതെന്നും ഇദ്ദേഹം പറയുന്നു. 

മന്ദബുദ്ധിയായ ഒരു ചെറുപ്പക്കാരന്റെ ‘സ്വന്തം’ ദൈവമായ 'തട്ടുമ്പൊറത്തപ്പൻ' പിന്നീട് 'തട്ടുമൊറത്തപ്പൻ മഠമായി' വികസിക്കുന്നതും ഉണ്ണി മഠാതിപതിയായി മാറുന്നതും ചൊവ്വ, വെള്ളി ദിവസങ്ങളിൽ തുള്ളിപ്പറച്ചിൽ നടത്തുന്നതും, സർവ്വമതസ്തർക്കും അനുഗ്രഹമേകുന്നതും തട്ടുമ്പൊറത്തപ്പന്റെ അനുഗ്രഹത്താൽ വിദേശജോലി ലഭിക്കുന്നതുമെല്ലാം വളരെചെറിയ എന്നാൽ ശക്തമായ ഒരു ഷോട്ടിലൂടെയാണ്‌ സാധിച്ചിരിക്കുന്നത്. മതം ദൈവം ആത്മീയത എന്ന വിഷയത്തിൽ ആത്മീയാചാര്യനുമായി നടക്കുന്ന അഭിമുഖത്തിന്റെ പരസ്യമുള്ള പ്രസിദ്ധീകരണത്തിന്റെ പുറം ചട്ട തട്ടുമ്പൊറത്തപ്പൻ മഠത്തിന്റെ പരസ്യംകൊണ്ടലങ്കരിച്ചിരുക്കുന്നത് മതവും ആത്മീയതയും ഭക്തിവ്യവസായവും തമ്മിലുള്ള അവിഹിത ബന്ധത്തെ ഒരായിരം വാക്കുകളിൽ ലേഖങ്ങൾ എഴുതിനിറയ്ക്കുന്നതിലുമേറെ ശക്തിയോടെ പ്രേക്ഷകമനസ്സുകളിലേക്ക് ആവാഹിക്കുന്നു. 

സിനിമയെ സ്നേഹിക്കുന്ന ഈ ചെറുപ്പക്കാരുടെ കൂട്ടായ്മയുടെ നാലാമത്തെ സംരംഭമാണിത്. രണ്ട് കള്ളന്മാരുടെ കഥപറയുന്ന 'പ്ലാനിങ്ങ്', വഴി ചോദിച്ചെത്തുന്നയാളും വഴികാട്ടിയായയാളും കഥാപാത്രങ്ങളായ 'വരൂ', രണ്ട് കിണർ പണിക്കാരുടെ അധ്വാനത്തിലൂടെ സ്നേഹത്തിന്റെ കഥ പറയുന്ന 'രണ്ട്' എന്നിവയാണ്‌ മറ്റ് സിനിമകൾ. 

കയ്യിൽ ഒരു ഹാന്റി ക്യാമറയും സിനിമയെന്ന ആവേശവും മാത്രം കൈമുതലായി ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്ന ഈ സംവിധായകനും സഹപ്രവർത്തകരും നാളെയുടെ പ്രതീക്ഷകളാണ്‌ എന്ന കാര്യത്തിൽ തർക്കമുണ്ടാവില്ല, ഈ സിനിമ ഒരു വട്ടം കാണുന്ന ആർക്കും.


തൃശ്ശൂര്‍ നവചിത്ര ഫിലിം സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ നാല് ഹ്രസ്വസിനിമകള്‍
[വരൂ, പ്ലാനിംഗ്, രണ്ട്, തട്ടുമ്പൊറത്തപ്പന്‍ - സംവിധാനം:സുദേവന്‍ ]
തൃശ്ശൂര്‍ സാഹിത്യ അക്കാദമി ഹാളില്‍ 2011 feb.25th 5pm നു പ്രദര്‍ശിപ്പിക്കുന്നു.
എല്ലാവര്‍ക്കും സ്വാഗതം......