മനുഷ്യന്‍ സൃഷ്ടിച്ചിട്ടുള്ളതില്‍ വെച്ച് ഏറ്റവും നശീകരണശേഷിയുള്ള ആയുധമാണ്‌ മതം.

Monday, November 8, 2010

പ്രൊഫ. പി എ വാഹിദിന്റെ തമാശകള്‍


     ഡാര്‍വിനിസത്തിന്റെ ശാസ്ത്ര വിരുദ്ധതയും നിരീശ്വരവാദത്തിന്റെ അന്ത്യവും എന്ന തലക്കെട്ടില്‍ പ്രബോധനം വാരിക ഒക്ടോബര്‍ 30 ലക്കത്തില്‍ പ്രൊഫ. പി എ വാഹിദിന്റെ ഒരു ലേഖനം  പ്രസിദ്ധീകരിച്ചിരിക്കുന്നു.

     ഇതില്‍ പ്രതിപാദിച്ചിരിക്കുന്ന കാര്യങ്ങളുടെ ചുരുക്കം ഇവയാണ്‌:

 1. ശാസ്ത്രരംഗത്ത് മേധാവിത്വം പുലര്‍ത്തുന്ന നിരീശ്വരലോബി മതവും ശാസ്ത്രവും പരസ്പരവിരുദ്ധമായ ആശയങ്ങളാണെന്ന് സ്ഥാപിക്കാന്‍ അവരുടെ നിരീശ്വരവാദത്തിലധിഷ്ഠിതമായ അശാസ്ത്രീയ സിദ്ധന്തങ്ങളിലൂടെ ശ്രമിച്ചുകൊണ്ടിരിക്കുന്നു.


2. ഭൗതിക പ്രപഞ്ചത്തിന്റെയും സമയത്തിന്റെയും ഉല്‍ഭവം വിശദീകരിച്ച മഹാവിസ്ഫോടന സിദ്ധാന്തം (Big bang Theory) പ്രപഞ്ചത്തിന്‌ സ്രഷ്ടാവുണ്ടെന്ന സത്യം ലോകത്തെ മുഴുവന്‍ ബോധ്യപ്പെടുത്താനുതകുന്നതായിരുന്നു.


3. ഈശ്വരന്‍ സത്യമാണെന്ന് പ്രഖ്യാപിക്കുന്ന മഹാവിസ്ഫോടന സിദ്ധാന്തത്തില്‍ വിളറിപിടിച്ച നാസ്തികലോബി സുസ്ഥിരപ്രപഞ്ചസിദ്ധാന്തം അവതരിപ്പിച്ചെങ്കിലും പരാജയപ്പെട്ടു. ഇതില്‍ നിന്ന് കരകയറാന്‍ നാസ്തികലോബി ഡാര്‍വിന്റെ പരിണാമസദ്ധാന്തത്തെ കൂട്ടുപിടിച്ചു. പക്ഷേ പരിണാമസിദ്ധാന്തവും ജീവോല്പ്പത്തി സിദ്ധാന്തവും ജീന്‍ ജീനോം സിദ്ധാന്തവും എങ്ങുമെത്താതെ കടുത്ത പ്രതിസന്ധിയിലാണ്‌. 


മഹാവിസ്ഫോടനസിദ്ധാന്തം 'ദൈവത്തിന്റെ' അസ്തിത്വത്തിന്‌ തെളിവാകുന്നെന്ന ലേഖകന്റെ പ്രസ്ഥാവന കേവലം ബാലിശമായ തമാശ മാത്രം. A Brief History of Time എന്ന കൃതിയില്‍ വിഖ്യാത ശാസ്ത്രജ്ഞന്‍ സ്റ്റീഫന്‍ ഹോക്കിങ്ങിന്റെ സാന്ദര്‍ഭികമായ ഒരു പരാമര്‍ശത്തെ വളച്ചോടിച്ച് തനിക്കനുകൂലമാക്കാനും ലേഖകന്‍ ശ്രമിച്ചുകാണുന്നു. ദിവ്യവെളിപാടുകളിലുള്ള(ഖുര്‍ ആനിലെ മാത്രം) തന്റെ വിശ്വാസം ശാസ്ത്രബോധത്തെ തകിടം മറിയ്ക്കമ്പോള്‍ ഉണ്ടാകുന്ന വിചിത്രമായ വാദമാണിത്‌. സ്ഥിരസ്ഥിതി പ്രപഞ്ചസിദ്ധാന്തമായാലും മഹാവിസ്ഫോടന സിദ്ധാന്തമായാലും അവ താല്‍കാലിക ഭൗതികസിദ്ധാന്തങ്ങള്‍ മാത്രമാണ്‌. ഏതെങ്കിലും ദൈവത്തിന്റെ വെളിപാടോ ശാശ്വത സത്യങ്ങളോ അല്ലെന്നര്‍ത്ഥം. ലഭ്യമായ ഭൗതിക തെളിവുകളുടെ അടിസ്ഥാനത്തുലുള്ള നിഗമനങ്ങള്‍ ആണവ. എത്രതവണ പരീക്ഷണഫലങ്ങള്‍ ഒരു ശാസ്ത്രസിദ്ധാന്തത്തെ സാധൂകരിച്ചാലും അടുത്ത തവണ ഒരു പരീക്ഷണഫലം വിപരീതമായാല്‍ ആ സിദ്ധാന്തം ചോദ്യം ചെയ്യപ്പെടാം. സ്ഥിരസ്ഥിതിപ്രപഞ്ച സിദ്ധാന്തം ചോദ്യം ചെയ്യപ്പെട്ടത് അപ്രകാരമാണ്‌. അപ്പോള്‍ ആ സിദ്ധാന്തങ്ങള്‍ പരിഷ്കരിക്കേണ്ടിവരും. അത്തരത്തില്‍ ശാസ്ത്രസിദ്ധാന്തമെന്തെന്ന് സാമാന്യബോധമുള്ള ഒരാള്‍ അത് തന്റെ കിതാബിലെ ദൈവത്തിന്റെ അസ്തിത്വത്തിന്‌ തെളിവാണെന്ന വിചിത്ര വാദവുമായി  വരി‍കയില്ല


  ഉല്പത്തി പുസ്തകപ്രകാരം പ്രപഞ്ചത്തിന്റെ തുടക്കം  കൃസ്തുവിന്‌5000 വര്‍ഷങ്ങള്‍ക്ക് മുമ്പായിരുന്നു. ഇത്തരം വിശ്വാസം വെച്ചുപുലര്‍ത്തുന്ന കതോലിക്കാ പള്ളിയാണ്‌ മഹാ വിസ്ഫോടന സിദ്ധാന്തത്തെ ഔദ്ധ്യോഗികമായി 1951 ല്‍ അംഗീകരിച്ചത്. അങ്ങനെ വരുമ്പോള്‍ മഹാ വിസ്ഫോടനം നടന്നത്  കൃസ്തുവിന്‌5000 വര്‍ഷം മുമ്പായിരുന്നു എന്ന് സമ്മതിക്കേണ്ടിവരും. അല്ലെങ്കില്‍ ഉല്‍പ്പത്തിപുസ്തകം തെറ്റാണെന്ന് സമ്മതിക്കേണ്ടിവരും.

മഹാവിസ്ഫോടാനത്തെ തങ്ങളുടെ മതഗ്രന്ഥങ്ങളിലെ 'സൃഷ്ടി'യുമായി കൂട്ടിക്കുഴച്ച് ആശയക്കുഴപ്പമുണ്ടാക്കാന്‍ എല്ലാ മതക്കാരും ശ്രമിച്ചിട്ടുണ്ട്. മഹാവിസ്ഫോടനം നടന്നപ്പോള്‍ ഉണ്ടായ ശബ്ദമാണ്‌ 'ഓംകാരം' ഒരു കൂട്ടര്‍ വാദിക്കുന്നുണ്ട്. ഇതുപോലെ വിചിത്രമാണ്‌ ലേഖകന്റ വാദവും.


ഈ ലോകത്തെ സൃഷ്ടിച്ചത് എങ്ങനെയെന്ന് അല്ലാഹു തന്നെ വ്യക്തമായി വിവരിച്ചുതന്നിട്ടുണ്ടല്ലോ? അതിന്‌ വിശ്വാസ്യത പോരാഞ്ഞിട്ടാണോ ലേഖകന്‍ മഹാ വിസ്ഫോടന സിദ്ധാന്തത്തെ കൂട്ടുപിടിക്കുന്നത്?


"ഭൂമിയെ ഒരു വിരിപ്പായും ആകാശാത്തെ ഒരു മേല്‍കൂരയായും അല്ലാഹു സൃഷ്ടിച്ചിരിക്കുന്നു. ആകാശാത്തുനിന്നും അവന്‍ വെള്ളം ഇറക്കിത്തരുന്നു."(ഖുര്‍ ആന്‍ 2:22)


"നിങ്ങള്‍ക്ക് കാണാവുന്ന തൂണുകള്‍ കൂടാതെ ആകാശത്തെ അവന്‍ ഉയര്‍ത്തി(13:2) "ആകാശവും ഭൂമിയും ഒട്ടിച്ചേര്‍ന്ന് കിടക്കുകയായിരുന്നു. അവയെ നാം പിന്നീട് വേര്‍പെടുത്തിമാറ്റി".(21:30)


"ആകാശവും ഭൂമിയും ഏഴുതട്ടുകളായി അടുക്കിവെച്ചിരിക്കുന്നു."(65:12)


"അല്ലാഹു ഭൂമി സൃഷ്ടിക്കാനുദ്ദേശിച്ചപ്പോള്‍ കാറ്റുകളോട് വീശാന്‍ കല്പ്പിച്ചു. അത് വീശിയപ്പോള്‍ ജലാശയങ്ങള്‍ ഇളകി. അങ്ങനെ തിരകളുണ്ടായി. അവ അന്യോന്യം കൂട്ടിമുട്ടി. കാറ്റുകള്‍ പിന്നെയും വീശിക്കൊണ്ടിരുന്നപ്പോള്‍ വെള്ളം നുരച്ചു, ആ നുര കട്ടിയായി"


"ഏഴാകാശാത്തില്‍ ഏറ്റവുംതാഴത്തെ ആകാശാത്തെ നക്ഷത്രങ്ങള്‍കൊണ്ട് അലങ്കരിച്ചിരിക്കുന്നു. നക്ഷത്രങ്ങളെ പിശാചുക്കളെ ഏറിയാനുള്ള അസ്ത്രങ്ങളാക്കുകയും ചെയ്തിരിക്കുന്നു." (65:5)
  
ലോകാവസാനത്തില്‍ എല്ലാ നക്ഷത്രങ്ങളെയും തുടച്ചുനീക്കുമെന്നും അവ ഭൂമിയിലേക്ക് ഉതിര്‍ന്നുവീഴുമെന്നും ദിവ്യവെളിപാടിലുണ്ട്. സൃഷ്ടി സംബന്ധിച്ച് ഇത്ര കൃത്യമായി വെളിപാടുതന്ന അല്ലാഹു താന്‍ മഹാവിസ്ഫോടാനത്തിലൂടെയാണ്‌ ഭൂമിയെ(അതിലും വലിയ പ്രപഞ്ചമൊന്നും വെളിപാട് ഗ്രന്ഥത്തില്‍ ഇല്ലല്ലോ?) ഉണ്ടാക്കിയതെങ്കില്‍ അക്കാര്യം വെളിപ്പെടുത്താതിരിക്കും എന്നു കരുതുന്നതില്‍ ന്യായമില്ല.

 ലേഖകന്‍ ഇവിടെ കാപഠ്യം കളിക്കുകയാണ്. ഒന്നുകില്‍ തന്റെ മതഗ്രന്ഥത്തിലെ വെളിപാടുകള്‍ സത്യമാണെന്ന് പറയണം. അല്ലെങ്കില്‍ അത് തെറ്റാണ്‌; മഹാവിസ്ഫോടന സിദ്ധാന്തമാണ്‌ ശരി എന്ന് സമ്മതിക്കണം. ഈ രണ്ടും കെട്ട കളി വളരെ അരോചകമായി തോന്നുന്നു.


4. പരിണാമ സിദ്ധാന്തത്തെ ശാസ്ത്രമായി അംഗീകരിക്കാനാകില്ല. ഫോസിലുകളില്‍ നിന്ന് ലഭ്യമായ തെളിവുകള്‍ അപൂര്‍ണമാണ്‌. ദൈവസൃഷ്ടികളില്‍ ദൈവത്തിനെതിരെ തെളിവുകള്‍ കണ്ടെത്താനുള്ള ഗൂഢശ്രമമാണ്‌ ഡാര്‍വിന്‍ നടത്തിയത്.


 5. പരിണാമ വാദത്തേക്കാല്‍ കൂടുതല്‍ ശാസ്ത്രീയമായത്  Intelligent Design (ID)എന്ന ആശയം ഈശ്വരവാത്തിന്‌ പുതിയ മാനങ്ങള്‍ നല്‍കുന്നു. അമേരിക്കയില്‍ ഇത് പാഠ്യപദ്ധതില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിക്കുന്നുണ്ട്. 


6. ജീവനെ ഒരു ഭൗതിക(പദാര്‍ത്ഥ) പ്രതിഭാസമായാണ് ശാസ്ത്രലോകം കാണുന്നത്. കൃത്രിമ ജീനുകളും കൃത്രിമകോശവും സൃഷ്ടിച്ചു എന്നുള്ള വാദം ശരിയല്ല. ജീവനുള്ള കോശം ഉപയോഗിക്കാതെ ജീവന്‍ സൃഷ്ടിച്ചാലേ അത് കൃത്രിമമാകൂ.


7. ജീവന്‍ ഒരു ഭൗതിക പ്രതിഭാസമല്ലെന്നുള്ള ദിവ്യവെളിപാടുകളെ പിന്തുണയ്ക്കുന്നതാണ് കൃത്രിമ ജീവനുണ്ടാക്കാന്‍ ഇന്നേവരെ നടന്നിട്ടുള്ള പരീക്ഷണങ്ങളുടെ പരാജയങ്ങള്‍. മഹാ വിസ്ഫോടന സിദ്ധാന്തത്തിലൂടെ ഭൗതിക ശാസ്ത്രവും ജീവനെന്ന അഭൗതികപ്രതിഭാസത്തിലൂടെ ജീവശാസ്ത്രവും ഈശ്വരനെന്ന സത്യം സ്ഥിരീകരിക്കുന്നതിലൂടെ നിരീശ്വരവാദത്തിന്റെ അന്ത്യം കുറിക്കും.


ജീവന്റെ ആദിമരൂപമായ അമിനോ ആസിഡിനെ പൂര്‍ണമായും കൃത്രിമമായി ഉണ്ടാക്കാന്‍ ശാസ്ത്രത്തിന്‌ വര്‍ഷങ്ങള്‍ക്കുമുമ്പേ കഴിഞ്ഞിരുന്നു. അതിനുശേഷമുള്ള വന്‍ കുതിച്ചുചാട്ടമാണ്‌ ക്ലോണിങ്. ഒടുവില്‍ ഒരു ജീവകോശത്തില്‍ സന്നിവേശിപ്പിപ്പിച്ച അജൈവവസ്തുവില്‍നിന്നും ജീവന്‍ സൃഷ്ടിക്കാന്‍ കഴിഞ്ഞിരിക്കുന്നു. ഇതിന്റെ സങ്കീര്‍ണമായ പടവുകള്‍ ഒന്നും കണ്ടില്ലെന്ന് നടിച്ച് പൂര്‍ണമായും കൃത്രിമമായി ഇപ്പോള്‍ തന്നെ ജീവന്‍ ഉണ്ടാക്കിയാലേ അംഗീകരിക്കാനാകൂ എന്നുള്ള വാദം   ഒന്നുകില്‍ ശാസ്ത്രത്തെക്കുറിച്ചുള്ള അജ്ഞതയാണ്‌ അല്ലെങ്കില്‍ അറിഞ്ഞിട്ടും അറിഞ്ഞില്ലെന്ന് നടിക്കലാണ്‌. ഇനി പരിണാമ വാദം മൊത്തം തെറ്റാണെന്ന് സ്ഥാപിക്കാന്‍ ലേഖകന്‌ കഴിഞ്ഞാലും അതുമൂലം തന്റെ മത ഗ്രന്ഥത്തിലെ അമ്മൂമ്മക്കഥകള്‍ ശരിയാണെന്നെങ്ങനെ പറയാന്‍ കഴിയും? സൃഷ്ടിവാദത്തിന്‌ തെളിവ് എന്താണ്‌? ദൈവം സൃഷ്ടി നടത്തി എന്ന് ആദ്യമേ തീരുമാനിക്കുന്നു. ആ ദൈവംതന്റെ കിതാബിലെ ദൈവം തന്നെയാണെന്നും മുന്‍ കൂട്ടി തീരുമാനിക്കുന്നു. ആ തീരുമാനം ഉറപ്പിക്കാന്‍ വാദങ്ങള്‍ നിരത്തുന്നു എന്നല്ലാതെ വസ്തുനിഷ്ഠമായി എന്ത് തെളിവണ്‌ സൃഷ്ടിവാദികള്‍ നിരത്തുന്നത്?

    ലേഖകന്‍ പറഞ്ഞപോലെ ഭൗതിക പ്രപഞ്ചവും ജീവനുമെല്ലാം അല്ലാഹുവിന്റെ ദാനമാണെന്ന് ശാസ്ത്രിയമായി ബോധ്യപ്പെട്ടാന്‍ നിരീശ്വരവാദത്തിന്റെ അന്ത്യം കുറിക്കുകതന്നെ ചെയ്യും. അതിനെ ഒരു നിരീശ്വരലോബിയും അംഗികരിക്കാതിരിക്കുകയില്ല. മറിച്ച് നാളെ ഭൗതികമായ പദാര്‍ഥങ്ങളില്‍നിന്ന് കൃത്രിമമായി ജീവന്‍ സൃഷ്ടിക്കാനായാല്‍ (അത് അതിവിദൂരമല്ല) അതിനെതിരെയും ഞൊണ്ടിഞായം നിരത്താന്‍ പ്രബോധകര്‍ ഉണ്ടാകുമെന്നതില്‍ തര്‍ക്കമില്ല.




സ്റ്റീഫന്‍ ഹാക്കിന്‍സിനെ പ്രൊഫ. പി എ വാഹിദ് വളച്ചൊടിക്കുന്നു:


വാഹിദിന്റെ ലേഖനത്തില്‍ നിന്ന്: പ്രശസ്ത ശാസ്ത്രജ്ഞനായ സ്റ്റീഫന്‍ ഹാക്കിന്‍സ്  A Brief History of Time എന്ന് പുസ്തകത്തില്‍ ഈ വസ്തുത എടുത്തു പറയുന്നുണ്ട്:"കാലത്തിന്‌(സമയത്തിന്‌) ഒരു ആരംഭമുണ്ടായിരുന്നെന്ന് സമ്മതിക്കാന്‍ പലരും ഇഷ്ടപ്പെടുന്നില്ലെന്നുള്ളതാണ്‌ സത്യം. അത് സമ്മതിച്ചാല്‍ ദൈവത്തിന്റെ ഇടപെടല്‍ സ്ഥിരീകരിക്കപ്പെടുമോ എന്ന് ഭയമായിരിക്കാം അതിന്റെ പിന്നിലെ ചേതോവികാരം.. അക്കാരണത്താല്‍ ...


എന്നാല്‍ എനിക്ക് വായിക്കാനായത് ഇങ്ങനെയാണ്:- "കാലത്തിന്‌ ഒരു തുടക്കമുണ്ട് എന്നുള്ള ആശയം അധികമാളുകളും ഇഷ്ടപ്പെടുന്നില്ല.ഒരു പക്ഷേ ഇതിനു കാരണം ദൈവികമായ ഇടപെടലിന്‌ ഇതൊരു കനത്ത പ്രഹരമായി ഭവിക്കാം എന്നതുകൊണ്ടായിരിക്കാം."


ഏതായാലും സ്വീഫന്‍ ഹോക്കിങ്ങിന്റെ ഈ വിഷയത്തിലുള്ള ശരിയായ അഭിപ്രായം തിരക്കിയപ്പോള്‍ സംഗതി കിട്ടി.തന്റെ ഏറ്റവും പുതിയ പുസ്തകമായ The Grand Design-ല്‍ അദ്ദേഹം എഴുതുന്നു: "ക്വാണ്ടം ഗ്രാവിറ്റി എന്ന് ഒറ്റ നിയമം മതി പ്രപഞ്ചത്തിന്റെ ഉല്പത്തിയെക്കുറിച്ചും പരിണാമത്തെക്കുറിച്ചും വിശദീകരിക്കുന്നതിന്‌." 


ഒന്നുമില്ലായ്മയില്‍ നിന്ന് ഈ പ്രപഞ്ചവും ജീവനുമുണ്ടായതിന്റെ വിശദീകരണം പൂര്‍ണമായും ഭൗതികനിയമങ്ങള്‍ക്കനുസരിച്ച് വ്യക്തമാക്കാന്‍ കഴിയുമെങ്കില്‍ പ്രപഞ്ചത്തിന്റെ തിരശ്ശീലയില്‍ ചിത്രം വരയ്ക്കാന്‍ ഒരു ദൈവത്തിന്റെ കൈ ആവശ്യമില്ല.


The Grand Design is a popular-science book written by physicists Stephen Hawking and Leonard Mlodinow and published by Bantam Books in 2010. It argues that invoking God is not necessary to explain the origins of the universe, and that the Big Bang is a consequence of the laws of physics alone.[1] In response to criticism, Hawking has said; "One can't prove that God doesn't exist, but science makes God unnecessary."[2] However, when pressed on his own religious views by the BBC channel 4 documentary Genius of Britain, he has clarified that he does not believe in a personal God.[3][4][5]
The authors of the book point out that a Unified Field Theory (a theory, based on an early model of the universe, proposed by Albert Einstein and other physicists) may not exist. The book examines the history of scientific knowledge about the universe and explains 11 dimension M-theory, a theory many modern physicists support.[6]
Published in the United States on September 7, 2010, the book became the number one bestseller on Amazon.com just a few days after publication.[7][8][9] The book was published in the United Kingdom on September 9, 2010, and became the number two bestseller on Amazon.co.uk on the same day.[10]

http://en.wikipedia.org/wiki/The_Grand_Design_(book)


Wednesday, November 3, 2010

എന്‍ എം ഹുസ്സൈന്റെ വിഭ്രാന്തികള്‍

റിച്ചാഡ് ഡാക്കിന്‍സിന്റെ The God Delusion എന്ന കൃതിയെ ആധാരമാക്കി ശ്രീ. രവിചന്ദ്രന്‍ രചിച്ച 'നാസ്തികനായ ദൈവം' എന്ന കൃതിയെ ഖണ്ഡിക്കാനെന്ന പേരില്‍ മുജാഹിദ് ബുദ്ധിജീവിയായ ശ്രീ. എന്‍ എം ഹുസ്സൈന്‍ എഴുതുന്ന ലേഖനപരമ്പര 'നവ സാസ്തികത- റിച്ചാഡ് ഡാകിന്‍സിന്റെവിഭ്രാന്തികള്‍' എന്ന പേരില്‍ സ്നേഹസംവാദം മാസികയില്‍ പ്രസിദ്ധീകരിച്ചുതുടങ്ങിയിരിക്കുന്നു.

     'ദൈവവിഭ്രാന്തി' പുറത്തിറങ്ങി ചുരുങ്ങിയ സമയത്തിനുള്ളില്‍ തന്നെ ഡസന്‍ കണക്കിന് മറുപടി പുസ്തകങ്ങള്‍ അമേരിക്കയില്‍ തന്നെ പുറത്തിറങ്ങിക്കഴിഞ്ഞിട്ടുണ്ട്. അടിമുടി മതത്തില്‍ മുങ്ങി നില്‍ക്കുന്ന അമേരിക്കന്‍ സമൂഹത്തില്‍ ശ്രദ്ധേയമായ ചലനം സൃഷ്ടിക്കാന്‍ 'ദൈവവിഭ്രാന്തി'യ്ക്കു കഴിഞ്ഞിട്ടുണ്ട്. ഈ സാഹചര്യത്തില്‍ മലയാളത്തിലും അതിന് മറുപടി ഇറങ്ങിയില്ലെങ്കിലേ അല്‍ഭുതമുള്ളു.

     ഒരു ലേഖന പരമ്പര പ്രസിദ്ധീകരിച്ചു തുടങ്ങുമ്പോള്‍ തന്നെ അതിന് മറുപടിയുമായി ഇറങ്ങേണ്ടതില്ലെന്നറിയാം. വായിച്ചിടത്തോളം അതില്‍ മറുപടിപറയത്തക്കതായി പുതിയതെന്തെങ്കിലും ഉണ്ടെന്നും തോന്നുന്നില്ല. ഏതായാലും സമഗ്രമായി അതിനെ വിലയിരുത്തി പ്രതികരിക്കത്തക്കതായി വല്ലതുമുണ്ടെങ്കില്‍ ഉത്തരവാദപ്പെട്ടവര്‍ അത് ചെയ്യുമെന്ന് കരുതുന്നു. നാസ്തികനായ ദൈവം അഭിസംബോധന ചെയ്യുന്ന വിഷയങ്ങളെ അവഗണിച്ച്‌ വാചകക്കസര്‍ത്തു നടത്തുന്ന എന്‍ എം ഹുസ്സൈന്റെ വാദഗതികളുടെ പൊള്ളത്തരം വെളിവാക്കുക എന്നത് മാത്രമാണ്‌ ഈ പോസ്റ്റില്‍ ഉദ്ദേശിക്കുന്നത്.


തുടരുക

Tuesday, November 2, 2010

സെമിനാര്‍

Wednesday, October 27, 2010

ഈ കോടതി വിധി വിശ്വാസത്തിന്‌ ആധികാരികത നല്‍കുന്നത്.

     ബാബരി മസ്ജിദ്-രാമജന്മഭൂമി തര്‍ക്കത്തില്‍ അലഹബാദ് ഹൈക്കോടതി വിധി ഇന്ത്യന്‍ ഭരണഘടനയിലും മതേതരത്വത്തിലും വിശ്വസിക്കുന്ന മനുഷ്യരെ ആശങ്കാകുലരാക്കുന്നതാണ്‌. 'ദൈവത്തിലും' പുരാണങ്ങളിലുമുള്ള വിശ്വാസത്തെ അടിസ്ഥാനമാക്കിയാണ് ഈ വിധി വന്നിരിക്കുന്നത് എന്നതുതന്നെയാണ്‌ ഈ ആശങ്കയുടെ അടിസ്ഥാനം.

     ഭരണഘടനയ്ക്കും കോടതികള്‍ക്കും വിശ്വാസത്തിന്റെയും ദൈവത്തിന്റെയും പ്രശ്നത്തിലെന്ത് കാര്യമെന്ന്‌ ഇന്നലെവരെ വാദിച്ചിരുന്ന സംഘപരിവാറുകാര്‍ കോടതിവിധിയുടെ ഏറ്റവും വലിയ ആരാധകരായി രംഗത്തുവന്നതിന്റെ പിന്നിലെ ചേതോവികാരവും മറ്റൊന്നല്ല. നിയമവും നീതിന്യായവും ആധാരമാക്കിയുള്ളതിനേക്കാള്‍ 'സമാധാനപരമായ ഒരു വീതം വെയ്ക്കല്‍' എന്ന് തോന്നിപ്പിക്കുന്ന ഈ വിധി കോടതിയ്ക്കുപുറത്തുനടക്കുന്ന ഒരു ഒത്തുതീര്‍പ്പായിരുന്നെങ്കില്‍ ഇത്രത്തോളം ആശങ്കയ്ക്ക് പഴുതുണ്ടാകുമായിരുന്നില്ല. കാരണം അത്തരമൊരു ഒത്തുതീര്‍പ്പ് ഈയൊരു വിഷയത്തെ മാത്രമേ ബാധിക്കുമായിരുന്നുള്ളു. എന്നാല്‍ നീതിയും നിയമവും ആധാരമായി നടത്തപ്പെടേണ്ടുന്ന ഒരു കോടതിവിധിയില്‍ 'വിശ്വാസം' മുഖ്യ ഘടകമായി വരുമ്പോള്‍ അത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും.

     സംഘപരിവാറിന്റെ അവകാശാവാദമനുസരിച്ച് ഇന്ത്യയിലെ മൂവായിരത്തിലധികം 'ക്ഷേത്രങ്ങള്‍' മറ്റു മതക്കാരുടെ കയ്യിലാണ്‌. അവയെല്ലാം 'ഹിന്ദുക്ഷേത്രങ്ങ'ളായിരുന്നുവെന്ന് അവര്‍ അടിയുറച്ച് 'വിശ്വസിക്കുന്നു'. ഈ മൂവായിരം ക്ഷേത്രങ്ങളും ഈവിധം 'നിയമപരമായി'തന്നെ വീണ്ടെടുക്കാനാകുമെന്നും അവയില്‍ സ്വാഭാവികമായും തങ്ങള്‍ക്ക് അവകാശമുണ്ടെന്നും വ്യാഖ്യാനിക്കാന്‍ ഈ വിധിയിലൂടെ അവര്‍ക്ക് കഴിയുന്നു. അടുത്ത പടിയായി ഈ 'ക്ഷേത്രങ്ങള്‍' എല്ലാം വീണ്ടെടുക്കാന്‍ സംഘപരിവാര്‍ കച്ചകെട്ടിയിറങ്ങിയാല്‍ അതിന്‌ 'നിയമപരമായി'പ്പോലും അവരെ കുറ്റം പറയാന്‍ കഴിയാത്ത അവസ്ഥയിലേക്കാണ്‌ ഈ വിധി കൊണ്ടെത്തിക്കുക. അതുകൊണ്ടുതന്നെ ഈ കോടതിവിധി സുപ്രീം കോടതികൂടി അംഗീകരിക്കാന്‍ ഇടവരുന്ന പക്ഷം അത് ഇന്ത്യയുടെ മതേതരത്വത്തിനും അഖണ്ഢതയ്ക്കും ഏറ്റവും വലിയ ആഘാതമായിരിക്കും എന്നുള്ള കാര്യം സുനിശ്ചിതമാണ്‌. 

Sunday, October 10, 2010

വിശ്വാസികളോടുള്ള സമീപനം, വിശ്വാസങ്ങളോടും.

     (മതവിശ്വാസികളും ദൈവവിശ്വാസികളുമല്ലാത്ത യുക്തിവാദികള്‍ വിശ്വാസത്തോടും വിശ്വാസികളോടും  എടുക്കേണ്ട സമീപനമെന്ത് എന്നതു സംബന്ധിച്ച് ബൂലോകത്ത് യുക്തിവാദി ബ്ലോഗുകളില്‍ ചര്‍ച്ച നടന്നിട്ടുണ്ട്. മതവിശ്വാസങ്ങളെ വിട്ടുവീഴ്ചയില്ല്ലാതെ എതിര്‍ക്കുന്ന ബ്ലോഗര്‍മാരും ഒപ്പം കുറെ മയത്തോടെ മതവിമര്‍ശനം നടത്തുന്നവരുമുണ്ട്. എന്നാല്‍ മതവിശ്വാസങ്ങളെ വിമര്‍ശിക്കുന്നത് നിര്‍ത്തി വിശ്വാസികളുമായി സന്ധിചെയ്ത് യോജിച്ച് മുന്നോട്ട് പോകണം എന്നുള്ള ഒരു സമീപനവും ഈയിടെ ചര്‍ച്ചചെയ്യപ്പെട്ടു. യുക്തിവാദികള്‍ വിശ്വാസങ്ങളുടെ കെട്ടുപാടുകളില്‍ നിന്ന് മുക്തരായി ജീവിക്കാനുള്ള മാനസിക പക്വത നേടിക്കഴിഞ്ഞവരാണെങ്കിലും വിശ്വാസങ്ങളെ ഒഴിച്ചുനിര്‍ത്താനാകാത്തവിധം ജീവിതത്തിന്റെ ഭാഗമായി കാണുന്ന വിശ്വാസികളില്‍നിന്ന് അതിനെ തട്ടിക്കളഞ്ഞിട്ട് പകരം നല്‍കാനെന്തുണ്ട് എന്ന മാനവികമായ ചോദ്യവും അവിടെ ഉയര്‍ന്നുവന്നു. ഈ അഭിപ്രായങ്ങള്‍ വീണുകിട്ടിയപാടെ എല്ലാ യുക്തിവാദികളും ഈവിധം മതവിമര്‍ശനമൊക്കെ നിര്‍ത്തി 'ചക്കയുടെ മധുരം' 'നാരങ്ങയുടെ പുളി' തുടങ്ങിയ വിഷയങ്ങള്‍ കൈകാര്യം ചെയ്തുകൊള്ളണം എന്നുള്ള അര്‍ത്ഥത്തില്‍ ചില മതമൗലികവാദി ബ്ലോഗര്‍മാര്‍ പ്രതികരിക്കുകയും ചെയ്തു. ഈ സാഹചര്യത്തില്‍ മതവിശ്വാസത്തോടും വിശ്വാസികളോടുമുള്ള യുക്തിവാദി സമീപനം എന്താണ്‌ എന്നതുസംബന്ധിച്ച് ഒരു തുറന്ന ചര്‍ച്ചയ്ക്ക് വേദിയാകണമെന്ന ഉദ്ദേശത്തോടെ ഈ പോസ്റ്റ് പ്രസിദ്ധീകരിക്കുന്നു.)

എന്റെ ചില ബാങ്ക്‌ അനുഭവങ്ങളില്‍ നിന്നുതന്നെ തുടങ്ങാം:

     ബാങ്ക് കൗണ്ടറിലെ തിരക്കൊഴിയാന്‍ കാത്തുനിന്ന മമ്മദ്ക്ക കൗണ്ടറിനുമുന്നില്‍ അഭിമുഖമായി ഇരുന്നു. ഞങ്ങളുടെ ഒരു നല്ല കസ്റ്റമറാണദ്ദേഹം. എണ്‍പതു വയസ്സിനുമേല്‍ പ്രായം കാണും. മുറുക്കിച്ചുവപ്പിച്ച ചുണ്ടുകളില്‍ വെറ്റിലടയ്ക്കയുടെ അവശിഷ്ടങ്ങള്‍ പറ്റിപ്പിടിച്ചിരിക്കുന്നു. എപ്പോഴും ചിരിച്ചുകൊണ്ടിരിക്കുന്ന മുഖം. തലയില്‍ തോര്‍ത്തുമുണ്ടുകൊണ്ട് ഒരു വട്ടക്കെട്ട്. കുത്തിപ്പിടിക്കാനൊരു വടി എപ്പോഴുമുണ്ടാകും കൂടെ. മമ്മദ്ക്കയ്ക്ക് എഴുത്തും വായനയും അറിയില്ല.

     ബാങ്കിലെത്തുമ്പോള്‍ പത്രക്കടലാസില്‍ അശ്രദ്ധമായി പൊതിഞ്ഞ നോട്ടുകെട്ടുകള്‍ കക്ഷത്തുവെച്ച് തിരക്കൊഴിയാന്‍ കാത്തുനില്‍ക്കുകയാണ്‌ മമ്മദ്ക്കയുടെ രീതി. കയ്യില്‍ പലപ്പോഴും മറ്റെന്തെങ്കിലും ഒരു പൊതിയുമുണ്ടാകും. വീട്ടില്‍ സമൃദ്ധമായ ചാമ്പക്ക ഞങ്ങള്‍ക്ക് പത്രക്കടലാസില്‍ പൊതിഞ്ഞ് കൊണ്ടുവരും. ഒരു ബന്ധുവീട്ടില്‍ വിരുന്നു വന്ന സൗഹൃദത്തോടെ അദ്ദേഹം മുന്നിലിരുന്നു.

     ഒറ്റനോട്ടത്തില്‍ വളരെ വിചിത്രമെന്ന് തോന്നുന്ന ഒരു ആവശ്യമാണ്‌ അദ്ദേഹം ഉന്നയിച്ചത്. "എന്റെ അക്കൗണ്ടില്‍ ഇതുവരെ എത്ര പണം 'കൂട്ടി'യിട്ടിട്ടുണ്ടാകും? അതൊക്കെ ഒഴിവാക്കിത്തരണം."

     അക്കൗണ്ടില്‍ ക്രെഡിറ്റ് ചെയ്ത പലിശയുടെ കാര്യമാണദ്ദേഹം സൂചിപ്പിച്ചതെന്ന് മനസ്സിലായി. പലരും പലിശ വേണ്ടെന്ന് ആവശ്യപ്പെടാറുണ്ട്. അപ്പോള്‍ അത് എഴുതിവാങ്ങി തുടര്‍ന്നുള്ള പലിശ വരവുവെയ്ക്കാതിരിക്കുകയാണ്‌ ഞങ്ങള്‍ ചെയ്യുന്നത്. എന്നാല്‍ അക്കൗണ്ടില്‍ ഇതുവരെയുള്ള പലിശയൊന്നും തനിക്കുവേണ്ടെന്നാണ്‌ ഇദ്ദേഹത്തിന്റെ ആവശ്യം. പഴക്കം ചെന്ന അക്കൗണ്ടില്‍ ഇതുവരെ വരവുവെച്ച പലിശ കുറച്ചേറെ പണിപ്പെട്ട് കൂട്ടിയെടുത്തപ്പൊള്‍ അന്‍പത്തൊന്നായിരം രൂപയിലധികം ഉണ്ടായിരുന്നു. അത് വേണമെങ്കില്‍ ഒറ്റയടിക്ക് ഒരു റിവേഴ്സ് എന്റ്റിയിട്ട് ബാങ്കിലേക്ക് വരവുവെച്ച് അദ്ദേഹത്തെ പറഞ്ഞുവിടാമായിരുന്നു. പക്ഷേ അത് ശരിയാണോ എന്ന ഒരു ശങ്ക.

     ഞാന്‍ ചില നിര്‍ദ്ദേശങ്ങള്‍ അദ്ദേഹത്തിനു മുന്നില്‍ വെച്ചു. ഒന്നുകില്‍ ആ പണം വാങ്ങി ആര്‍ക്കെങ്കിലും ദാനം ചെയ്യുക. അതിനു ബുദ്ധിമുട്ടുണ്ടെങ്കില്‍ പലിശയടയ്ക്കാന്‍ കഴിയാതെ ജപ്തിനടപടി വരെ നേരിടുന്ന പാവപ്പെട്ടെ ഏതെങ്കിലും ലോണ്‍ കാരുടെ കണക്കിലേക്ക് അവരുടെ സമ്മതത്തോടെ വരവുവെയ്ക്കുക. പക്ഷേ ഇത്തരം നിര്‍ദ്ദേശങ്ങളൊന്നും അദ്ദേഹത്തിന്‌ സ്വീകാര്യമായില്ലെന്ന് മാത്രമല്ല, കുറച്ചുകൂടി ഗൗരവമുള്ള മറ്റൊരു പ്രശ്നം കൂടി അദ്ദേഹം മുന്നോട്ടുവെച്ചു.

     അക്കൗണ്ടില്‍ നിന്ന് പലിശ നീക്കം ചെയ്യാതിരുന്നാല്‍ തനിക്കെന്തെങ്കിലും സംഭവിച്ചാല്‍ മക്കള്‍ അതെടുത്ത് ചെലവഴിക്കും. തന്റെ അക്കൗണ്ടിലുള്ള പലിശയാകയാല്‍ അത് പരലോകത്ത് തന്നെ മാത്രമാണ്‌ ബാധിക്കുക. അതിനാല്‍ നിങ്ങള്‍ എന്ത് ചെയ്താലും കുഴപ്പമില്ല, ഇപ്പോള്‍ തന്നെ പാസ് ബുക്കില്‍നിന്ന് അത് നീക്കിത്തരണം. പണം ചെക്കെഴുതി വാങ്ങി ദാനം ചെയ്യുന്നതടക്കമുള്ള ഒരു നിര്‍ദ്ദേശത്തിനും അദ്ദേഹം വഴങ്ങാതിരുന്നപ്പോള്‍ ഒടുവില്‍ ആ പണം ബാങ്കിലേക്ക് വരവുവെച്ച് അദ്ദേഹത്തെ പറഞ്ഞയച്ചു. നിറഞ്ഞ പുഞ്ചിരിയോടെ നന്ദി പറഞ്ഞ് അദ്ദേഹം യാത്രയായി.
................................................................................

     ഇനി പരിചയപ്പെടുത്തുന്നയാള്‍ മറ്റൊരു കസ്റ്റമറാണ്‌. പേര്‌ മമ്മിക്കുട്ടി ഹാജി. പണം പിന്‍വലിക്കാനെത്തിയ അദ്ദേഹത്തിന്റെ മുഖം മ്‌ളാനമായും വേവലാതിപൂണ്ടും കാണപ്പെട്ടു. മമ്മദ്ക്കയോളം പ്രായം വരുമെങ്കിലും അഭ്യസ്ഥവിദ്യനാണ്. എന്റെ സമീപമിരുന്ന ബാങ്കിലെ ഒരു ജീവനക്കാരിയെ ചൂണ്ടി അദ്ദേഹം പറഞ്ഞു.

"ആ കുട്ടീനോട് തലയില്‍ തട്ടം നേരെയിടാന്‍ പറയൂ. അങ്ങട്ട് ചെന്നാല്‍ പടാച്ചോന്റട്‌ത്ത് മറുപടി പറ്യേണ്ടിവരും."

     തലയില്‍ തട്ടമായിട്ട സാരിത്തലപ്പ് തോളിലേക്ക് ഊര്‍ന്നുകിടക്കുന്നതാണ് അദ്ദേഹത്തിന്റെ വേവലാതിക്ക് കാരണം. എന്നില്‍ നിന്ന് അനുകൂലമോ പ്രതികൂലമോ ആയ പ്രതികരണം ഇല്ലെന്ന് കണ്ടിട്ടാകണം അദ്ദേഹം നേരെ അവരുടെ അടുത്തുചെന്ന് കാര്യം പറഞ്ഞു. ഊര്‍ന്നുകിടക്കുന്ന സാരിത്തലപ്പ് നേരെയാക്കി തലയിലിട്ടപ്പൊള്‍ അദ്ദേഹം ആശ്വാസത്തോടെ തിരിച്ചുപോയി.
..................................................................................

     പത്തിരുപത്തിരണ്ട് വയസ്സുള്ള ഒരു യുവാവാണിയാള്‍. ഹൈസ്കൂളില്‍ പഠനം നിര്‍ത്തി കൂലിപ്പണിക്ക് പോകുന്നു. അധികദിവസവും വൈകിട്ട് വായനശാലയില്‍ വരും. അദ്ദേഹത്തോട് കുശലാന്വേഷണങ്ങള്‍ നടത്തുകയും ചെയ്യും. ഒരു ദിവസം യാദൃശ്ചികമായി അദ്ദേഹത്തിന്റെ കയ്യിന്റെ മുകള്‍ ഭാഗത്ത് ഒരു ചരട് കെട്ടിയിരിക്കുന്നത് ശ്രദ്ധയില്‍ പെട്ടു. അന്വേഷിച്ചപ്പോള്‍ ആദ്യമൊന്ന് മുരണ്ടു. പിന്നെ കാര്യം പറഞ്ഞു. അത് മന്ത്രിച്ചുകെട്ടിയതാണ്‌. ഇടക്കിടെ ചില അസുഖങ്ങള്‍ വന്നപ്പോള്‍ ആരോ ഉപദേശിച്ചതാണ്‌. ഭക്ത്യാദരപൂര്‍വ്വം ആ മന്ത്രച്ചരടും കെട്ടിയാണ്‌ ഇപ്പോള്‍ നടപ്പ്.
..................................................................................

    ഞാനെന്റെ വീടിന്റെ തറയ്ക്ക്  കുറ്റിയടിപ്പിച്ചത് സുഹൃത്തും എഞ്ചിനീയറുമായ അന്‍വര്‍ സാദത്തിനെക്കൊണ്ടാണ്. എന്നാല്‍ ഒരടുത്ത ബന്ധുവിന്റെ വീടിന്റെ തറയുടെ കുറ്റിയടിക്കലിന്‌ പോയപ്പൊള്‍ അവര്‍ ഒരു 'വാസ്തുവിദഗ്ദനെ' കൊണ്ടുവന്നിരുന്നു. അയാള്‍ പരമ്പരാഗതമായ ചിട്ടവട്ടങ്ങളൊക്കെ പാലിച്ചുവെങ്കിലും പെട്ടെന്നുതന്നെ ദിശനോക്കി പ്ലാനനുസരിച്ച് കുറ്റിയടിച്ച്‌  സ്ഥലം വിട്ടു. പക്ഷേ അദ്ദേഹം പോയ ശേഷം വീട്ടുകാര്‍ക്ക് ഒരു പ്രശ്നം. "അയാള്‍ എന്ത് വാസ്തുവിദഗ്ദനാണ്‌? സ്ഥാനം നോക്കി അഭിപ്രായപ്രകടനങ്ങള്‍ നടത്തുകയോ പ്രവചിക്കുകയോ ഒന്നും ചെയ്തില്ല. അയാള്‍ക്ക് 'വാസ്തു'വൊന്നും അറിയില്ലെന്നു തോന്നുന്നു."

     വലിയ 'ആക്‌ഷനും ഭാവാഭിനയവുമൊന്നും' കൂടാതെ തന്റെ ജോലിചെയ്ത് പോയതാണ്‌ അദേഹത്തിന്റെ പരാജയമെന്ന് മനസ്സിലായി. ചില വിശ്വാസികളുടെ ഇടയില്‍ പിടിച്ചുനില്‍കാനുള്ള ട്രിക്കുകളില്‍ മുന്‍ പരിചയം അദ്ദേത്തിനില്ലായിരുന്നെന്ന് സാരം. പിന്നീടാണറിഞ്ഞത് അവര്‍ ആ കുറ്റിയൊക്കെ ഊരിക്കളഞ്ഞ് മറ്റൊരു 'വാസ്തുവിദഗ്ദനെ' കൊണ്ടുവന്ന് മാറ്റി കുറ്റിയടിപ്പിച്ചു.
..................................................................................

     നിത്യജീവിതത്തില്‍ നമുക്കുമുന്നില്‍ പ്രത്യക്ഷപ്പെടുകയും ഇടപഴകുകയും ചെയ്യുന്ന ചിലരെയാണ്‌ മുകളില്‍ പരിചയപ്പെടുത്തിയത്. ഇത്തരത്തിലുള്ള ഒരു പാടു പരിചയക്കാര്‍ നിങ്ങള്‍ക്കുമുണ്ടാകും. ഏത് രീതിയിലാണ്‌ അവരൊടിടപഴകേണ്ടത്?

     ആദ്യത്തെയാളായ മമ്മദ്ക്ക തനിക്ക് ചെറുപ്പം മുതല്‍ ലഭിച്ച വിശ്വാസം നൂറുശതമാനം ശരിയെന്ന് അടിയുറച്ചു വിശ്വസിക്കുന്നയാളാണ്‌. പക്ഷേ അദ്ദേഹത്തിന്റെ വിശ്വാസം കൊണ്ട് മറ്റാര്‍ക്കും ഒരു ഉപദ്രവവുമില്ല. അതിനുവേണി തന്റെ അക്കൗണ്ടിലുള്ള പണം വേണ്ടെന്നു വെയ്ക്കാന്‍ അദ്ദേഹത്തിനു യാതൊരു മടിയുമില്ല. അദ്ദേഹം തന്റെ വിശ്വാസം മറ്റുള്ളവരുടെ വിശ്വാസത്തേക്കാള്‍ കേമമാണെന്ന് സ്ഥാപിക്കാന്‍ ശ്രമിക്കുന്നില്ല. മാത്രമല്ല അതിന്‌ എന്തെങ്കിലും 'ശാസ്ത്രീയമായ' വിശദീകരണവും അദ്ദേഹം തേടുന്നില്ല.

     മമ്മിക്കുട്ടിഹാജിയെ അസ്വസ്ഥനാക്കിയ 'തട്ടപ്രശ്ന'ത്തിന്റെ മൂലഹേതുവെന്താണ്‌? തല മറയ്ക്കാത്ത മുസ്ലിം പെണ്‍കുട്ടിക്ക് നരകത്തില്‍ പോകേണ്ടിവരുമെന്ന ഒരു തികഞ്ഞ മതവിശ്വാസിയുടെ സ്വാഭാവിക പ്രതികരണമാണ്‌ അദ്ദേഹം പ്രകടിപ്പിച്ചത്. അതായത് ഇതിനെ ഒരു സഹജീവിയോടുള്ള സ്നേഹമായി കാണുന്നതില്‍ തെറ്റില്ലെന്നര്‍ത്ഥം. ജ്യോല്‍സ്യത്തിലും വാസ്തുവിലുമൊക്കെ അന്ധമായി വിശ്വസിക്കുന്ന വിശ്വാസിയും കയ്യില്‍ മന്ത്രിച്ച ചരടുകെട്ടി അസുഖങ്ങള്‍ അകറ്റാന്‍ ശ്രമിക്കുന്ന സുഹൃത്തും സ്വന്തം വിശ്വാസങ്ങളുടെ ഇരകളാണ്‌. എന്നാല്‍ അവര്‍ ഈ വിശ്വാസം മൂലം സമൂഹത്തിന് ബോധപൂര്‍വ്വമായ പരിക്കേല്പ്പിക്കുന്നില്ല.

      ഇവരുടെയെല്ലാം വിശ്വാസങ്ങളെ അത്‌ എത്രമാത്രം മണ്ടത്തരമാണെന്ന് മനസ്സിലാക്കിയാലും അവയെ പുച്ഛിച്ച് തള്ളുകയോ പരിഹസിക്കുകയോ ചെയ്യേണ്ടതുണ്ടോ? എണ്‍പത് വയസ്സായ മമ്മദ്ക്കയെയോ മമ്മിക്കുട്ടിഹാജിയെയോ പരലോകത്തുവെച്ച്‌ പലിശയുടെയോ തട്ടമിട്ടതിന്റെയോ കണക്കുചോദിക്കാന്‍ ആരുമില്ലെന്ന് പറഞ്ഞ് മനസ്സിലാക്കാന്‍ കഴിയില്ല. മന്ത്രച്ചരട് കട്ടിയ സുഹൃത്തിനെയും വാസ്തുവിന്റെ 'അപഹാരത്തില്‍'പെട്ടവരെയും പരിഹസിക്കുകയോ ചീത്തവിളിക്കുകയോ പരിഹാരമാര്‍ഗമല്ല. പറഞ്ഞാല്‍ മനസ്സിലാകുന്ന പ്രായമായതിനാല്‍ അസുഖത്തിന്‌ ഒരു നല്ല ഡോക്റ്ററെ കണ്ട് ചികില്‍സ തേടുന്നതാകും നല്ലതെന്ന്  മന്ത്രച്ചരടുകെട്ടിയ ചെറുപ്പക്കാരനോട് ഞാന്‍ പറഞ്ഞു. വാസ്തുവിന്റെയും ജ്യോല്‍സ്യത്തിന്റെയും പേരില്‍ പണം കളയരുതെന്ന് മറ്റേയാളോടും പറഞ്ഞു.


     ഇനി നമുക്ക് ഇതിന്റെ മറ്റൊരു വശം പരിശോധിക്കാം. പലിശ വാങ്ങുന്നത് മമ്മദിക്കക്കുമാത്രമല്ല, മറ്റു പലര്‍ക്കും ഹറാമാണ്‌. ബാങ്കിലുള്ള പണത്തിന്റെ പലിശ ത്യജിയ്ക്കുകയാണ്‌ അദ്ദേഹം ചെയ്തത്. എന്നാല്‍ പലിശ വാങ്ങുന്നത് ഹറാമാണെന്ന് കരുതി ബാങ്കില്‍ പണം നിക്ഷേപിക്കുന്നതിനുപകരം കൂടുതല്‍ 'ആദായകരമായി' ചില സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളിലും ജ്വല്ലറികളും നിക്ഷേപിക്കുന്നവര്‍ നമുക്കു ചുറ്റുമുണ്ട്. ഇവരില്‍ മത യാഥാസ്ഥികര്‍ മുതല്‍ 'മതരാഷ്ട്രവാദി'കള്‍ വരെയുണ്ട്. ഇങ്ങനെ നിക്ഷേപിച്ച് പ്രതിഫലം പറ്റുന്നതിലെ ശരിതെറ്റല്ല ഇവിടെ പരിശോധിക്കുന്നത്. ഇതിനെ തല്‍ക്കാലം 'പടച്ചൊന്റെ കണ്ണില്‍ പൊടിയിടാനുള്ള' ഏര്‍പ്പാടായിട്ടാണ്‌ ചിലര്‍ കാണുന്നത്. പലിശ എന്ന ലേബലിലല്ലാതെ 'ലാഭം' എന്നോ 'ആദായം' എന്നോ ഉള്ള പേരിലാണെങ്കില്‍ 'പടച്ചോനെ' വെട്ടിക്കുകയുമാകാം, കൂടുതല്‍ പണം കിട്ടുകയുമാകാം. (ഇത്തരക്കാര്‍ക്ക് ചിലപ്പോള്‍ നിക്ഷേപിച്ച പണം പോലും തിരിച്ചുകിട്ടാറില്ലെന്നത് മറ്റൊരു വസ്തുത.) മമ്മദ്ക്കമാരുടെ നിഷകളങ്കമായ വിശ്വാസവും ഇത്തരക്കാരുടെ കാപഠ്യവും ഒരേ പ്രതികരണമാണോ അര്‍ഹിക്കുന്നത്? ഇത്തരക്കാരുടെ പലിശവിരോധത്തിനു പിന്നിലെ കാപഠ്യം തുറന്നുകാട്ടുന്നതില്‍ വിരൊധമുണ്ടോ?

      ഇനി മമ്മിക്കുട്ടിഹാജിയിലേക്കുവരാം. തലയില്‍ തട്ടമിടാനും പര്‍ദ്ദയിടാനും വിസമ്മതിക്കുന്ന പെണ്‍കുട്ടികളെയും അവരുടെ വീട്ടുകാരെയും അപവാദപ്രചരണത്തിലൂടെ ജീവിക്കാന്‍ അനുവദിക്കാതിരിക്കുകയും വധഭീഷണിവരെ മുഴക്കുകയും ചെയ്യുന്നവരുടെ നാടാണിത്. ആ മതാന്ധരുടെ അതേ വികാരമാണോ അദ്ദേഹത്തെയും നയിച്ചത്? രണ്ടിന്റെയും ഉറവിടം മതവിശ്വാസമാകാം. എന്നാല്‍ തട്ടമിടാത്ത പെണ്‍കുട്ടിയ്ക്ക് നരകത്തില്‍ ലഭിയ്ക്കുന്ന ശിക്ഷയോര്‍ത്താണ്‌ ഹാജിയാര്‍ വേവലാതിപ്പെട്ടതെങ്കില്‍ പറ്റുമെങ്കില്‍ പര്‍ദ്ദയിടാത്തവരെ ഇപ്പോള്‍ തന്നെ നരകത്തിലേക്കയയ്ക്കാന്‍ പറ്റുമോ എന്ന് ധൃതിപ്പെന്നവരാണ്‌ മറ്റേ കൂട്ടര്‍. ഈ രണ്ട് വിഭാഗം വിശ്വസികളെയും ഒരേ അളവുകോല്‍ വെച്ച് അളക്കാമോ? അവരുടെ വിശ്വാസങ്ങളോട് ഒരേ സമീപനം സ്വീകരിക്കേണ്ടാതുണ്ടോ?

     പ്രവചനങ്ങളില്‍ ആത്മാര്‍ത്ഥമായി വിശ്വസിച്ച് കതോര്‍ക്കുന്ന വിശ്വാസിയോടും പ്രവചനങ്ങള്‍ നടത്തിക്കൊടുക്കുമെന്ന് പരസ്യം ചെയ്ത് പണമുണ്ടാക്കുന്ന കുട്ടിച്ചാത്തന്‍ സേവക്കാരോടും മന്ത്രവാദികളോടും ഒരേ സമീപനമാണോ സ്വീകരിക്കേണ്ടത്? മന്ത്രച്ചരടില്‍ ആത്മാര്‍ത്ഥമായി വിശ്വസിച്ച് അത് കയ്യില്‍ കെട്ടിനടക്കുന്ന ചിന്താശേഷിയില്ലാത്ത വിശ്വാസിയോടും ധനാകര്‍ഷണ-സന്താന സൗഭാഗ്യ- കാമിനീവശീകരണ- 'യന്ത്ര'ങ്ങള്‍ വിറ്റ് കോടീശ്വരന്മാരാകുന്ന കള്ളന്മാരോടും ഒരേ സമീപനമാണോ സ്വീകരിക്കേണ്ടത്? 

    അന്ധവിശ്വാസങ്ങളുടെ ഇരുളില്‍ പെട്ട് ജീവിതത്തില്‍ തപ്പിത്തടയുന്ന എത്രയോ സാധുമനുഷ്യര്‍ നമുക്കിടയിലുണ്ട്. തങ്ങളുടെ മനസ്സില്‍ വിഴുപ്പുഭാണ്ഢങ്ങളായി കുടുങ്ങിക്കിടക്കുന്ന അശാസ്ത്രീയ വിശ്വാസപ്രമാണങ്ങള്‍ എത്രത്തോളം ദുസ്സഹമാണെന്ന് ബോധ്യപ്പെടാതെ അതും 'മനസ്സിന്‌ ആശ്വാസം നല്‍കുന്നവയാണെന്ന' വിശ്വാസത്തില്‍ സമയവും പണവും ദുര്‍വ്യയം ചെയ്യുന്നവര്‍. അവരെ പരിഹസിക്കുകയോ ആക്ഷേപിക്കുകയോ ചെയ്യുന്നത് ക്രൂരതയാകും. മറിച്ച്‌ ശാസ്ത്രീയ ചിന്തകളെ അവരുടെ മന്‍സ്സുകളില്‍ എത്തിക്കുകവഴി അന്ധതയുടെ ഉരുട്ടകറ്റാന്‍ ഒരു പരിധിവരെ കഴിഞ്ഞേക്കാം.


     എന്നാല്‍ ഈ പാവങ്ങളുടെ അജ്ഞത മുതലെടുത്ത് ധനം സമ്പാദിക്കുന്ന മറ്റൊരു വിഭാഗമുണ്ട്. അവരെ സമൂഹത്തിനു മുന്നില്‍ തുറന്നുകാട്ടാനും അവരുടെ തട്ടിപ്പുകള്‍ പുറത്തുകൊണ്ടുവരാനുമുള്ള ചുമതല ഓരൊ മനുഷ്യസേഹിയുടെയും കടമയല്ലേ? യുക്തിവാദികള്‍ എതിര്‍ക്കുന്നത് ഒരിക്കലും വിശ്വാസികളെയല്ല, മറിച്ച്‌ വിശ്വാസികള്‍ക്ക് ഭാരമായ അന്ധവിശ്വാസങ്ങളെയാണ്‌. അതിന്റെ ലക്ഷ്യം വിശ്വാസിയായ മനുഷ്യനെ അടിസ്ഥാനരഹിതമായ വിശ്വാസങ്ങളുടെ ചുമടില്‍ നിന്ന് മോചിപ്പിക്കുകയും.

     തന്റെ വിശ്വാസം തനിക്ക് മാന‍സികാശ്വാസം തരുന്നുവെന്ന് കരുതുന്ന മനുഷ്യരുടെ വിശ്വാസങ്ങളെ അവരില്‍ നിന്ന് തട്ടിക്കളയുകയല്ല, മറിച്ച്‌ അവരെ ശാസ്ത്രീയമായി ചിന്തിപ്പിക്കാന്‍ പ്രേരിപ്പിക്കുകയാണ്‌ വേണ്ടത്.  അതുവഴി അവര്‍ക്ക് തങ്ങളുടെ വിശ്വാസങ്ങളിലെ മൂഢതകളെ സ്വയം തിരിച്ചറിയാന്‍ കഴിഞ്ഞേക്കും. പക്ഷേ തന്റെ വിശ്വാസങ്ങള്‍ മറ്റുള്ളവരുടെ വിശ്വാസങ്ങളെക്കാള്‍ മഹത്തമാണെന്ന് മേനി നടിക്കുകയും അത് മറ്റുള്ളവരിലേക്കെത്തിച്ച് അതിന് പ്രതിഫലമായി തനിക്ക് മരണാനന്തര സ്വര്‍ഗം ലഭിക്കുമെന്ന് മോഹിച്ച് മതപ്രചരണത്തിലേര്‍പ്പെടുകയും ചെയ്യുന്നവരെ ഈ ഗണത്തില്‍ പെടുത്താന്‍ സാധ്യമല്ല. തന്റെ വിശ്വാസങ്ങള്‍ക്ക് ശാസ്ത്രീയത ചികയുകയും ലജ്ജലേശമില്ലാതെ അത് പ്രചരിപ്പിക്കുകയും ചെയ്യുന്നവരുടെ മുന്നില്‍ ശാസ്ത്രീയരീതി അവതരിപ്പിച്ച് അവരെ മനസ്സിലാക്കിക്കാമെന്ന് കരുതുന്നത് മൗഢ്യമാണ്‌. അവര്‍ പ്രചരിപ്പിക്കുന്ന മൂഢവിശ്വാസങ്ങളെ പച്ചയോടെ തുറന്നുകാട്ടുക മാത്രമാണഭികാമ്യം. മതരാഷ്ട്രം ലക്ഷ്യമാക്കി മറ്റുള്ളവരെ തെറ്റിദ്ധരിപ്പിച്ചും യഥാര്‍ത്ഥ ലക്ഷ്യം മറച്ചുവെച്ചും പ്രവര്‍ത്തിക്കുന്ന വിഭാഗത്തെ(അത് ഏത് മതത്തിന്റെ പേരിലായാലും) എതിര്‍ക്കുകയയും തുറന്നുകാട്ടുകയും ചെയ്യുകതന്നെയാണ്‌ ഒരു മനുഷ്യസ്നേഹിയുടെ അടിയന്തിര കര്‍ത്തവ്യമെന്ന് ഞാന്‍ കരുതുന്നു. 

     നിങ്ങളോ?

Tuesday, September 21, 2010

സുഹൃത്തേ, ഒരു മിനിറ്റ്, ദേ- ഇതിലേതാണ്‌ സ്വീകാര്യം?

രണ്ട്  നിലപാടുകള്‍

     അമ്പിളി മാമന്റെ സുന്ദരമായ മുഖത്ത് വലിയ പാടുകള്‍ കാണാത്തവരുണ്ടൊ? നാം അതില്‍ മുയലിന്റെയും മനുഷ്യമുഖത്തിന്റെയും രൂപങ്ങള്‍ സങ്കല്പിച്ചു. ഇവ ചന്ദ്രനിലെ ഇരുപതുലക്ഷം ചതുരശ്ര മൈല്‍ വിസ്തീര്‍ണമുള്ള 'ഓഷ്യാനസ് പ്രോസല്ലാറം' എന്ന് പേരിട്ട ഗര്‍ത്തമാണെന്നാണ്‌ ശാസ്ത്രജ്ഞര്‍ പറയുന്നത്. ചന്ദ്രനില്‍ വലുതും ചെറുതുമായ ഗര്‍ത്തങ്ങളും കൊടുമുടികളുമുണ്ടെന്നും അവര്‍ പറയുന്നു. ചന്ദ്രനില്‍ ഉണ്ടായിട്ടുള്ള ഉല്‍ക്കാപതനമാണെത്രെ ഈ ഗര്‍ത്തങ്ങള്‍‍ക്ക് കാരണം.

     ചന്ദ്രനിലെ ഗര്‍ത്തങ്ങള്‍‍ക്കുകാരണം ഉല്‍ക്കാപതനമാണ്‌ എന്നതു സംബന്ധിച്ച്  ഉണ്ടാകാവുന്ന രണ്ട് വ്യത്യസ്ത നിലപാടുകളാണ്‌ ഇവിടെ വിശകലനം ചെയ്യുന്നത്:

നിലപാട്  1

     ചന്ദ്രനെക്കുറിച്ചുള്ള പഠനങ്ങളില്‍നിന്നും അവിടെ അന്തരീക്ഷമില്ലെന്ന് കണ്ടെത്തിയുട്ടുണ്ട്. അതിനാല്‍ ചന്ദ്രന്റെ ആകര്‍ഷണ പരിധിയില്‍ എത്തുന്ന ഏതൊരു വസ്തുവും തടസ്സമില്ലാതെ ചന്ദ്രോപരിതലത്തില്‍ പതിക്കുന്നു. ഇത് വലിയ ഗര്‍ത്തങ്ങളും പര്‍വ്വതങ്ങളും രൂപപ്പെടുന്നതിന്‌ കാരണമാകുന്നു.

നിലപാട് 2

1. ചന്ദ്രന്റെ മുഖത്ത് കാണുന്ന കറുത്ത പാടുകള്‍ ഉല്‍ക്കാപതനം മൂലമുണ്ടായ ഗര്‍ത്തങ്ങളാണെന്ന് ജ്യോതിഷ പഠന കേന്ദ്രത്തിന്റെ പ്രസിഡണ്ടിന്‌ 'വ്യക്തിപരമായ ദൃഢവിശ്വസ'മുണ്ട്.

2. ഈ അറിവ് ശ്രീമാന്‍ രാമന്‍ എന്ന വ്യക്തിക്ക് ഏതോ ദിവ്യശക്തി 'സ്വകാര്യമായി     വെളിവാക്കി'ക്കൊടുത്തിട്ടുണ്ട്.

3. ചന്ദ്രോപരിതലത്തിലെ പാടുകള്‍ ഉല്‍ക്കാപതനം മൂലമുണ്ടായ ഗര്‍ത്തങ്ങളാണെന്ന വിശ്വാസം    ചോദ്യം ചെയ്യാനാകാത്ത 'സത്യ'മായി അംഗീകരിക്കാനുള്ള പരിശീലനം പ്രൊഫ. കൃഷ്ണന് ബാല്യം മുതലേ ലഭിച്ചിട്ടുണ്ട്. 

4. ഉല്‍ക്കാപതനമാണ്‌ കാരണമെന്ന നിഗമനം നിയമമായി അംഗീകരിക്കാനും അതില്‍ മരണം വരെ   ഉറച്ചുനില്‍ക്കാനും സുശീല്‍ എല്ലാ സുശീലന്മാരെയും പരസ്യമായി ഉല്‍ബോധിപ്പിച്ചിട്ടുണ്ട്. 

5. ഗര്‍ത്തങ്ങളുടെ കാരണം ഉല്‍ക്കാപതനമാണെന്ന് വിശ്വാസത്തെ ചോദ്യം ചെയ്യുന്നവരുടെ വാക്കുകള്‍ പ്രസിഡണ്ട് ഗോപാലന്‍ നായരുടെ 'വികാരത്തെ വ്രണപ്പെടുത്തും'.

6. ഉല്‍ക്കാപതനം മൂലമാണ്‌ ഗര്‍ത്തങ്ങള്‍ ഉണ്ടായതെന്ന വിശ്വാസം പ്രൊഫസര്‍ മത്തായിക്ക് ആഴത്തിലുള്ള ആത്മവിശ്വാസവും അഗാധമായ മന:ശ്ശാന്തിയും നല്‍കിവരികയാണ്‌.

7. ഉല്‍ക്കാപതനം മൂലമാണ്‌ ചന്ദ്രനില്‍ ഗര്‍ത്തങ്ങല്‍ രൂപപ്പെട്ടതെന്ന്‌ വിശ്വസിക്കാത്ത എല്ലാവര്‍ക്കുമെതിരെ നാഷണല്‍ സൊസൈറ്റി ഓഫ് അസ്ട്രൊളജിയുടെ പ്രസിഡന്റ് 'ഫത്‌വ' പുറപ്പെടുവിച്ചിട്ടുണ്ട്. ആയതിനാല്‍ ഉല്‍ക്കാപതനമാണ്‌ ചന്ദ്രനിലെ ഗര്‍ത്തങ്ങളുടെ കാരണമെന്ന്  'സത്യവിശ്വാസമായി' അംഗീകരിക്കപ്പെട്ടിരിക്കുന്നു. 

     ഉല്‍ക്കാപതനം കാരണമാണ്‌ ഗര്‍ത്തങ്ങള്‍‍ ഉണ്ടായതെന്ന് ആദ്യവിഭാഗം ശസ്ത്രീയമായി വിശകലനം ചെയ്യുമ്പോള്‍, രണ്ടാമത്തെ വിഭാഗം അതിനു കാരണം ഉല്‍ക്കാപതനമുണ്ടായതുകൊണ്ടാണെന്ന്  'വിശ്വസിക്കുന്നു.' ആ വിശ്വാസം അവര്‍ക്ക് നിരീക്ഷണത്തിലൂടെ ലഭിച്ചതല്ല മറിച്ച് ഏതൊ ദിവ്യ ശക്തി 'വെളിവാക്കിക്കൊടുത്ത'താണ്‌. മാത്രമല്ല, മറ്റൊരു കാരണം കൊണ്ടാണ്‌ ഗര്‍ത്തമുണ്ടായതെന്ന് മറ്റൊരു നിഗമനമുണ്ടെങ്കില്‍ അതിനെയും ശാസ്ത്രീയമായി ഒന്നാമത്തെ വിഭാഗം പരിശോധിക്കും. എന്നാല്‍ രണ്ടാമത്തെ വിഭാഗമാകട്ടെ അത് അവരുടെ സത്യവിശ്വാസമായി അംഗീകരിച്ചതിനാല്‍ ഒരു പുന:പരിശോധന അവരുടെ 'മത'വികാരത്തെ വ്രണപ്പെടുത്താനിടയുണ്ട്. 

NB:- ഇതില്‍ പറഞ്ഞിട്ടുള്ള പേരുകള്‍ ജീവിച്ചിരിക്കുന്നവരൊ മരിച്ചവരോ ആയ വല്ലവരുമായും സാമ്യം തോന്നുന്നുവെങ്കില്‍ അത് യാദൃശ്ചികം മാത്രമാണ്. ഇക്കാര്യം പൊലീസില്‍ അറിയിച്ച് 'ചന്ദ്രനിന്ദയ്ക്ക്' കേസ് എടുപ്പിക്കുന്നതിലേക്കായി ആരും ശ്രീമാന്‍ രാമനുണ്ണിയെ അറിയിക്കുകയുമരുത്.

Tuesday, August 31, 2010

അവരെ ഇനിയും പിരികയറ്റണോ രാമനുണ്ണീ?


മാതൃഭൂമി ആഴ്ചപ്പതിപ്പ് 21-ലക്കത്തില്‍ ആനന്ദിന്റെ 'ഉള്ള നിയമങ്ങള്‍ ഇല്ലാത്ത നിയമങ്ങള്‍', 25- ലക്കത്തില്‍ കെ പി രാമനുണ്ണിയുടെ 'പ്രിയപ്പെട്ട ജോസഫ് ആനന്ദിനോട് പറയേണ്ടത്' എന്നീ ലേഖനങ്ങളോടുള്ള പ്രതികരണമാണിത്. ജോസഫ് മാഷിന്‌ പറയാനുള്ളത് (കൈ വെട്ടിയത് നന്നായി, പേരുദോഷം മാറിയല്ലോ?)ഈ ലക്കം മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ വായിക്കാം. 


ജോസഫ് സാറിന്റെ വാക്കുകള്‍:


ഞാന്‍ ജയിലില്‍നിന്ന് തിരികെ വീട്ടിലെത്തിയ നാളുകളില്‍ യുക്തിവാദി സംഘത്തിലെ ആളുകള്‍ വിളിക്കുമായിരുന്നു. ഞാന്‍ ഈശ്വരവിശ്വാസിയാണെന്ന് അവരൊടു പറഞ്ഞു. എങ്കിലും അവര്‍ക്ക് കുഴപ്പമൊന്നുമുണ്ടായിരുന്നില്ല. ആശ്വസിപ്പിക്കാന്‍ ആദ്യം വന്നത് അവരായിരുന്നു. ഞാന്‍ ഈശ്വരവിശ്വാസിയാണ്‌. ഒരു മതത്തില്‍ ജനിച്ചതുകൊണ്ട് അതിന്റെ വിശ്വസം പിന്തുടരുന്നു.എല്ലാ മതങ്ങളെയും ഒന്നുപോലെയാണ്‌ ഞാന്‍ കാണുന്നത്. എല്ലാ മതങ്ങളുടെയും അടിസ്ഥാനലക്ഷ്യം ഒന്നുതന്നെയാണ്‌. 


മുസ്ലിം സമുദായത്തില്‍ ഈ പേരുള്ള (മുഹമ്മദ്) ഒരുപാട് പേരുണ്ട്. അങ്ങനെമാത്രമേ ഞാന്‍ വിചാരിച്ചിട്ടുള്ളു. അതിനെ ദുര്‍ വ്യാഖ്യാനം ചെയ്യുകയായിരുന്നു. കലഹമുണ്ടാക്കാന്‍ അവര്‍ മന:നപൂര്‍വ്വം ചെയ്തതായിരുന്നു. കോളേജിലെ കുട്ടികളോ രക്ഷാകര്‍ത്താക്കളോ ഒരു പരാതിയും ഒരിടത്തും ഉന്നയിച്ചിട്ടില്ല.
..................................................................................................................................................................

     കെ പി രാമനുണ്ണിക്ക് ഇത്രമേല്‍ അസഹിഷ്ണുത തോന്നാന്‍ മാത്രം എന്തവിവേകമാണ്‌ ആനന്ദ് തന്റെ 'ഉള്ള നിയമങ്ങള്‍ ഇല്ലാത്ത നിയമങ്ങള്‍'(മാതൃഭൂമി ആഴ്ചപ്പതിപ്പ്- ലക്കം 21) എന്ന ലേഖനത്തില്‍ കാണിച്ചതെന്ന് അത് പലവുരു വായിച്ചു നോക്കിയിട്ടും മനസ്സിലായില്ല. 'അച്ഛന്‍, ബാപ്പ തുടങ്ങിയ സങ്കല്പങ്ങള്‍ പരിചയപ്പെട്ടിട്ടില്ലാത്ത മുസ്സൊളിനിയുടെ ബ്രോയ്‌ലര്‍ തലമുറയ്ക്ക്, മറ്റുള്ളവരുടെ മാതാപിതാക്കളെ ആരെങ്കിലും അപമാനിച്ചുവെന്ന് കേള്‍ക്കുമ്പൊഴുള്ള ഒന്നും തോന്നായ്ക' എന്ന സാഹിത്യത്തില്‍ പുതപ്പിച്ച വാക്കുകള്‍- തന്തയ്ക്കു പിറക്കാത്തവന്‍ എന്നാണ്‌ അതിന്റെ പച്ചമലയാളത്തിലുള്ള അര്‍ത്ഥമെന്നിരിക്കെ, അത്രത്തോളം പ്രകോപിതനാകാന്‍ പ്രിയ രാമനുണ്ണീ, എന്തപരാധമാണ്‌ ആനന്ദ് ചെയ്തതെന്നും താങ്കളുടെ അറുവഷളന്‍ ലേഖനം ( മാതൃഭൂമി ആഴ്ചപ്പതിപ്പ്- ലക്കം 25) മുഴുവന്‍ പരതിയിട്ടും ഈയുള്ളവനൊട്ട് മനസ്സിലായുമില്ല.

    മുപ്പത്തിരണ്ട് കുട്ടികള്‍ മാത്രം പഠിക്കുന്ന, അതില്‍ തന്നെ വെറും മൂന്നോ നാലോ മുസ്ലിം കുട്ടികള്‍ മാത്രമുള്ള ചെറിയൊരു ബിരുദ ക്ലാസിലെ, ഒരു വെറും ക്ലാസ് പരീക്ഷയ്ക്ക് ചിഹ്നങ്ങള്‍ ഇട്ട് വേര്‍തിരിക്കാന്‍ നല്‍കിയ ഒരു സംഭാഷണശകലം തങ്ങളുടെ പ്രവാചകനെ അപമാനിക്കാന്‍ കരുതിക്കൂട്ടി ഒരു അധ്യാപകന്‍ ചെയ്ത പൊറുക്കാന്‍ കഴിയാത്ത അപരാധമാണെന്ന്, കൈ മാത്രമല്ല തലയും വെട്ടാന്‍ പലവട്ടം ആസൂത്രണം ചെയ്ത് ഒടുവില്‍ അതിവിദഗ്ദമായി അത് നടപ്പാക്കിയ, തലയില്‍ കാറ്റും വെളിച്ചവും കയറാത്തവിധം കൊട്ടിയടയ്ക്കപ്പെട്ട ഇരുണ്ട മനസ്സിന്റെ ഉടമകള്‍ക്ക് 'മനസ്സിലായതെങ്ങനെ'യെന്ന് ലളിതമായി പറഞ്ഞുതരികയാണ്‌ ആനന്ദ് അദ്ദേഹത്തിന്റെ ലേഖനത്തിലൂടെ ചെയ്തത്.

      ഈയൊരു സംഭാഷണ ശകലം മാത്രമേ ജോസഫ് സാറിന്‌ കുത്തും കോമയുമിടാന്‍ കിട്ടിയുള്ളൊ എന്ന് ആദ്യം കേട്ട മാത്രയില്‍ ഈയുള്ളവനും തോന്നിയതാണ്‌. എന്നാല്‍ താന്‍ പറഞ്ഞത് കേള്‍ക്കാന്‍ ആരും തയ്യാറായില്ലെന്ന സര്‍വ്വസ്വവും നഷ്ടപ്പെട്ട ആ സാധുമനുഷ്യന്റെ വിലാപം കേട്ടില്ലെന്നു നടിക്കാന്‍ മാത്രം നമ്മുടെ മനസ്സാക്ഷി മരവിക്കേണ്ടതുണ്ടൊ? ആ അധ്യാപകന്‌ മറ്റുള്ളവരുടെ ദൈവങ്ങളെയോ പ്രവാചകന്മാരെയോ അവഹേളിക്കണമായിരുന്നുവെങ്കില്‍ അതിന്‌ മുപ്പത്തിരണ്ട് കുട്ടികള്‍ മാത്രം എഴുതുന്ന ഒരു ക്ലാസ് പരീക്ഷയുടെ ചോദ്യപ്പേപ്പറിലൂടെ തന്നെ  വേണമായിരുന്നോ എന്നെങ്കിലും നമ്മുടെ ചിന്ത പോകാത്തതെന്തുകൊണ്ടാണ്‌? ആ ക്ലാസ് മുറിയില്‍ നിന്ന് രണ്ട് കുട്ടികള്‍ പുറത്തുകൊണ്ടുവന്ന ആ ചോദ്യപ്പേപ്പര്‍ ആയിരക്കണക്കിന്‌ ഫോട്ടോസ്റ്റാറ്റ് കോപ്പികള്‍ എടുത്ത് നാടുനീളെ വിതരണം ചെയ്ത്‌ അത് തങ്ങളുടെ പ്രവാചകനെ നിന്ദിക്കുകയാനെന്ന് മുറവിളികൂട്ടിയവര്‍, പ്രവാചക നിന്ദയ്ക്കെതിരെ നടത്തിയ കോളേജ് ആക്രമണം, പ്രവാചകനെ നിന്ദിച്ചവനെ കൈ വെട്ടണം എന്നടക്കം ആഹ്വാനം ചെയ്ത് സകലമാന ഇസ്ലാം സംഘടനകളും ചേര്‍ന്ന് നടത്തിയ ആക്രോശങ്ങള്‍, വര്‍ഗീയതയുടെ പെരുമ്പറയടികള്‍, ചൂടുവെള്ളത്തില്‍ വീണ പൂച്ച പച്ചവെള്ളം കണ്ടാലും പേടിക്കുമെന്ന പഴമൊഴി അന്വര്‍ത്ഥമാക്കിക്കോണ്ട്- 'മതമില്ലാത്ത ജീവന്റെ' പേരില്‍ മതമൗലികവാദികള്‍ (ഇക്കാര്യത്തില്‍ എന്തായിരുന്നു മത സൗഹാര്‍ദ്ദം!!) ഇവിടെ കാട്ടികൂട്ടിയ കോപ്രായങ്ങള്‍ വീണ്ടും സംസ്ഥാന സര്‍ക്കാരിന്‌ താങ്ങാനാകില്ലെന്ന് മുന്‍കൂട്ടി കണ്ട് ഓടുന്ന പട്ടിക്ക് ഒരു മുഴം മുമ്പേയുള്ള വിദ്യാഭ്യാസ മന്ത്രിയുടെ ഏറ്- 'മഠയാനായ അധ്യാപകന്‍' പ്രയോഗം; താന്‍ മനപൂര്‍വ്വം ആരെയും അപമാനിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നും തന്റെ ചോദ്യപേപ്പര്‍ ആരെയും വേദനിപ്പിക്കാന്‍ ഉദ്ദേശിച്ചുള്ളതല്ലെന്ന് പലവുരു ആണയിട്ടിട്ടും രാജാവിനേക്കാള്‍ വലിയ രാജഭക്തരായി അദ്ദേഹത്തെ സര്‍വീസില്‍ നിന്ന് സസ്പെന്റ് ചെയ്തവര്‍, അധ്യാപകനെ കിട്ടാഞ്ഞ് അദ്ദേഹത്തിന്റെ മകനുനേരെ മൂന്നാംമുറ പ്രയോഗിച്ച നിയമപാലകര്‍, ഇതിന്റെ നിജസ്ഥിതി അന്വേഷിച്ച് തീകെടുത്താന്‍ ശ്രമിക്കുന്നതിനു പകരം സെന്‍സേഷണല്‍ വാര്‍ത്തകള്‍ ചമച്ച് ആഘോഷിച്ച മാധ്യമങ്ങള്‍- ഇവരെല്ലാംകൂടിതന്നെയാണ്‌ 'മതനിന്ദാ നാടകത്തെ' കൈവെട്ടല്‍ എന്ന താലിബാനിസ്റ്റ് പരിസമാപ്തിയിലേക്ക് കൊണ്ടെത്തെച്ചതെന്ന പച്ചപ്പരമാര്‍ത്ഥം നിഷ്കളങ്കമായി വിളിച്ച് പറയുക മാത്രമാണ്‌ ആനന്ദ് ചെയ്ത 'മഹാപരാധം'.
     'വിവിധ രാജ്യങ്ങളിലായി മുഹമ്മദെന്ന നാമധാരികള്‍ കോടാനുകോടി ഉണ്ടാകുമെങ്കിലും പടച്ചവനുമായി സമ്പര്‍ക്കപ്പെടുന്ന മുഹമ്മദെന്നു പറയുമ്പോള്‍ അത് അബ്ദുല്ലയുടെയും ആമിനയുടെയും പുത്രനായി അറേബ്യയില്‍ ജനിച്ച മുഹമ്മദ് നബി ആയിരിക്കുമെന്ന് ആരും ചിന്തിച്ചുപോകുമെന്നത് സ്വാഭാവികമാണെന്നാണ്‌' രാമനുണ്ണിയുടെ കണ്ടെത്തല്‍. കുട്ടികള്‍ക്ക് അധികപഠനത്തിനുവേണ്ടി നിര്‍ദ്ദേശിക്കപ്പെട്ടതും അവര്‍ തന്നെ പലവട്ടം ക്ലാസില്‍ പരിചയപ്പെട്ടതുമായ ഒരു സംഭാഷണശകലമാണ്‌ ചോദ്യപ്പേപ്പറിലെ 'വിവാദചോദ്യ'മെന്ന്‌ മനസ്സിലാകും മുമ്പ് അങ്ങനെ ആരെങ്കിലും ചിന്തിച്ചാല്‍ അത് സ്വാഭാവികമാകാം. എന്നാല്‍ ചോദ്യപേപ്പര്‍ തയ്യാറാക്കുമ്പോള്‍ താന്‍ അങ്ങനെ ഒരു കാര്യം ചിന്തിച്ചിട്ടുകൂടിയില്ലെന്ന് ജോസഫ് സാര്‍ ആണയിട്ടിട്ടും, അതിന്റെ പേരില്‍ അദ്ദേഹത്തിന്റെ കൈയും കാലും വെട്ടിനുറുക്കപ്പെട്ടിട്ടും അതേ വര്‍ഗ്ഗീയജന്യ വാദം തന്നെ ആവര്‍ത്തിച്ചാവര്‍ത്തിച്ച്‌ നടക്കുന്ന രാമനുണ്ണിമാര്‍ ചെയ്യുന്ന സാമൂഹ്യദ്രോഹം എന്തെന്ന്‌ അവര്‍ മനസ്സിലാക്കുന്നില്ലേ!!! പടച്ചവനുമായി യാതൊരു സമ്പര്‍ക്കവുമില്ലാത്തവരാണോ ദിവസവും അഞ്ച് നേരം നിസ്കരിക്കുന്ന കോടാനുകോടി മുഹമ്മദ് നാമധാരികള്‍? അല്ലാഹുവും പ്രവാചകനായ മുഹമ്മദും തമ്മില്‍ അയല മുറിക്കുന്ന കാര്യം സംസാരിക്കേണ്ടതില്ലെന്ന കാര്യമെങ്കിലും രാമനുണ്ണീ എന്താണ്‌ താങ്കളുടെ കാടു കയറിയ മനസ്സില്‍ ഏശാത്തത്? 

     ഇക്കണക്കിനാണെങ്കില്‍ ഏതെങ്കിലുമൊരു അച്ഛനുമമ്മയും അവര്‍ക്ക് ജനിച്ച മന്ദബുദ്ധിയായ ഒരു കുട്ടിക്ക് കൃഷ്ണന്‍കുട്ടിയെന്നോ, രാമന്‍കുട്ടിയെന്നോ, കൃഷ്ണനുണ്ണിയെന്നൊ, രാമനുണ്ണിയെന്നോ, മുഹമ്മദുണ്ണിയെന്നോ നാമകരണം ചെയ്തുപോയാല്‍ തങ്ങളുടെ ദൈവങ്ങളെ അവഹേളിച്ചുവെന്ന് പറഞ്ഞ് കയ്യും കാലും വെട്ടാനുള്ള ലൈസന്‍സാണല്ലോ രാമനുണ്ണീ അറിഞ്ഞോ അറിയാതെയോ താങ്കള്‍ കനിഞ്ഞ് നല്‍കിയിരിക്കുന്നത്!!

   മതവിശ്വാസിയെ മനസ്സിലാക്കണമെന്നും അവരുടെ വികാരങ്ങള്‍ മാനിക്കണമെന്നും (മത വിശ്വാസമില്ലാത്തവര്‍ക്ക് മാനിക്കത്തക്ക വികാരമില്ലേ രാമനുണ്ണീ?), മത നിന്ദ കുറ്റകരമാണെന്നതിനാല്‍ മതത്തെയോ മത ദൈവങ്ങളെയോ പ്രവാചന്മാരെയോ വിമര്‍ശിച്ചുകൂടെന്നും അങ്ങനെ ചെയ്താല്‍ അവരെ തേടി പോലീസിനെ വിടണമെന്നുമുള്ള മാഹാ സാരോപദേശമാണ്‌ രാമനുണ്ണി ഈ ലേഖനത്തിലൂടെ മാലോകര്‍ക്ക് നല്‍കുന്നത്.  

     നിലവിലുള്ള മതത്തെയും മത ദൈവങ്ങളെയും നിരാകരിച്ചുകൊണ്ടൊ പരിഷ്കരിച്ചുകൊണ്ടോ ആണ്‌ ഓരോ പുതിയ മതവും ജനിച്ചതെന്ന ചരിത്രവസ്തുത ഇവിടെ ബോധപൂര്‍വ്വം നിരാകരിക്കുന്നു. ബ്രാഹ്മണ്യം കൈവശം വെച്ചനുഭവിച്ചിരുന്ന വിഗ്രഹ പ്രതിഷ്ഠാധികാരം ചോദ്യം ചെയ്ത് ഈഴവശ്ശിവനെ പ്രതിഷ്ഠിച്ച ശ്രീനാരായണഗുരു ബ്രാഹ്മണരുടെ മതവിശ്വാസത്തെ ചോദ്യം ചെയ്തത് പൊറുക്കാനാകാത്ത അപരാധമാണെന്നും അതിനാല്‍ അദ്ദേഹത്തിനെതിരെ മതനിന്ദയ്ക്ക് കേസെടുക്കണമെന്നും മതവിധേയത്വത്താല്‍ സ്വബോധം നഷ്ടപ്പെട്ട രാമനുണ്ണീ, താങ്കള്‍ തട്ടിവിടുമോ? മതദൈവങ്ങളെയും വിഗ്രഹാരാധനയെയും വെല്ലുവിളിച്ച ബ്രഹ്മാനന്ദശിവയോഗിയെ എത്രവട്ടം കൈവെട്ടേണ്ടിവരും രാമനുണ്ണീ? 'ഭഗവദ്ഗീതയും കുറെ മുലകളു'മെഴുതിയ; 'വിഢ്ഢികളുടെ സ്വര്‍ഗ്ഗ'മെഴുതിയ; മരക്കുരിശില്‍ തറച്ച കര്‍ത്താവിന്‌ പൊന്‍ കുരിശെന്തിനെന്നെഴുതിയ മലയാളത്തിന്റെ പ്രിയപ്പെട്ട സുല്‍ത്താല്‍ വൈക്കം മുഹമ്മദ് ബഷീറിന്‌ താങ്കള്‍ എന്ത് ശിക്ഷയാണ്‌ രമനുണ്ണീ വിധിക്കാന്‍ പോകുന്നത്? 

     മൃഗത്വത്തിന്റെ ലക്ഷണങ്ങള്‍ കാണിച്ചിട്ടില്ലെന്നും, ഉദാത്തമായ ദേവത്വ സാക്ഷാത്കാരങ്ങള്‍‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ടെന്നും താങ്കള്‍ ഗുഡ് സര്‍ട്ടിഫിക്കറ്റ് നല്‍കിയാദരിച്ച മുഹമ്മദ്, അറേബ്യയിലെ ഖുറൈശീ ഗോത്രക്കാരുടെ ആരാധനാ മൂര്‍ത്തികളായിരുന്ന ലാത്ത, മനാത്ത എന്നീ ദൈവങ്ങളെ വ്യാജ ദൈവങ്ങളെന്ന് മുദ്രകുത്തിയും അവരുടെ വിഗ്രഹങ്ങളെ മുച്ചൂടും നശിപ്പിച്ചുമാണ്‌ ഇസ്ലാം മതം സ്ഥാപിച്ചതെന്ന് ജമാ അത്തുകാരുടെ പുസ്തകങ്ങളില്‍ പറയുന്നതെങ്കിലും താങ്കള്‍ വായിച്ചില്ലേ രാമനുണ്ണീ? ഇസ്ലാം മതം സ്വീകരിക്കാന്‍ പലവുരു ക്ഷണിച്ചിട്ടും തങ്ങളുടെ പൂര്‍വ്വമതത്തില്‍ ഉറച്ചുനിന്നവരെ വാളുപയോഗിച്ച് ഇസ്ലാം മതം സ്വീകരിപ്പിച്ചുവെന്ന് താങ്കളുടെ ആരാധനാമൂര്‍ത്തിയായ മൗലാനാ അഅ്‌ലാ മൗദൂദിയുടെ മലയാളത്തില്‍ വിവര്‍ത്തനം ചെയ്ത്‌ വിറ്റഴിക്കുന്ന പുസ്തകങ്ങളൊന്നും താങ്കള്‍ വായിച്ചില്ലേ? അതൊ മൗദൂദിസ്റ്റുകളുടേ കൂലിയെഴുത്തുകാരെപ്പോലെ താങ്കളുടെയും കണ്ണു മഞ്ഞളിച്ചുപോയോ സാര്‍? തന്റെ പൂര്‍വ്വമതമായ യഹൂദമതത്തെ നിരാകരിച്ചാണ്‌ യേശു കൃസ്തുമതം സ്ഥാപിച്ചതെന്നും അതിന്‌ അവര്‍ നല്‍കിയ ശിക്ഷ കൈ വെട്ടലല്ല, കുരിശേറ്റമായിരുന്നെന്നും താങ്കള്‍ക്കറിയുമോ? മതങ്ങളെയും മതാധികാരങ്ങളെയും തല്ലിയും തലോടിയും പരിഷ്കരിച്ചുമൊക്കെയാണ്‌ എല്ലാ മതങ്ങളിലും പരിഷ്കര്‍ത്താക്കള്‍ ഉണ്ടായതെന്നും അവരെയൊന്നും പൂര്‍വ്വസമൂഹം പൂമാലയിട്ടല്ല സ്വീകരിച്ചതെന്നുമുള്ള ചരിത്രയാഥാര്‍ത്ഥ്യങ്ങള്‍ക്കുനേരെ കണ്ണടച്ചുപിടിക്കുന്നവര്‍ ആരായാലും അവരെ ചിന്തിക്കുന്ന സമൂഹം തിരിച്ചറിയുകതന്നെ ചെയ്യും.

     മത വിമര്‍ശനത്തെ മതങ്ങള്‍ അംഗീകരിച്ചതിന്റെ ഉദാഹരണം ചാര്‍വാകരെ ശ്രീരാമന്‍ തന്റെ രാജ്യത്ത് ആദരിച്ചിരുന്നുവെന്ന് ഉദാഹരിച്ച്‌ സ്ഥാപിക്കാന്‍ ശ്രമിക്കുന്ന രാമനുണ്ണി ചാര്‍വ്വാകരുടെ ഒരു ഗ്രന്ഥം പോലും തിരിച്ചുകിട്ടാത്തവിധം നശിപ്പിക്കപ്പെട്ടുവെന്ന ചരിത്ര യാഥാര്‍ത്ഥ്യം വിസ്മരിക്കുന്നു. ചാര്‍വാകരുടെ അറിവിനെ നശിപ്പിച്ചവര്‍ അവരെ ജീവനോടെ വെച്ചുവെന്ന് വിശ്വസിക്കണോ രാമനുണ്ണീ? നാസ്തികത്വം പോയിട്ട് അന്യ മതവിശ്വാസങ്ങളെപോലും സഹിഷ്ണുതയോടെ നോക്കാന്‍ വിസമ്മതിക്കുന്ന മതങ്ങളെ താങ്കള്‍ക്കറിയില്ലേ? ബുദ്ധസന്യാസിമാരെ കൊന്നൊടുക്കിയ ശങ്കരാചാര്യനെ കേട്ടിട്ടില്ലേ? അല്ലാഹുവല്ലാതെ മറ്റേതെങ്കിലും ദൈവത്തെ ആരെങ്കിലും ആരാധിച്ചു പോയാല്‍ അവരെ മാത്രമല്ല, അവര്‍ ആരാധിക്കുന്ന ദൈവങ്ങളെയും നരകത്തീയിലിട്ട് കരിക്കുമെന്ന് ഖുര്‍ ആര്‍ എന്ന 'ദൈവിക' ഗ്രന്ഥത്തില്‍ എഴിതിയത് വായിക്കാന്‍, യിക്തിവാദമെന്നും യുക്തിവാദിയെന്നും കേള്‍ക്കുമ്പോഴേക്കും ചൊറിഞ്ഞുവരുന്ന രാമനുണ്ണീ താങ്കള്‍ക്ക് സമയം കിട്ടിയില്ലേ? ഇതൊന്നും വായിക്കാതെയാണൊ അതൊ വായിച്ചിട്ടും അറിയില്ലെന്നു്‌ നടിച്ചിട്ടാണൊ താങ്കള്‍, 'മറിച്ചുള്ള സംഭവങ്ങളെല്ലാം മതം അറിയാത്തവരും മതത്തെവെച്ച് കളിക്കുന്നവരും തണ്ട് പോപ്പികളുമായ നീചന്മാര്‍ ഉണ്ടാക്കുന്നതാണെന്ന്' താങ്കള്‍ വിലയിരുത്തുന്നത്? 'ശ്രീകൃഷ്നനും യേശുകൃസ്തുവും ജീവിച്ചിരുന്നില്ല എന്ന ഇടമറുകിന്റെ പുസ്തകം മുതല്‍ ഇസ്ലാമടക്കം സകല മത ദര്‍ശനങ്ങളെയും നിശിതമായി വിമര്‍ശിക്കുന്ന യുക്തിവാദിപുസ്തകങ്ങള്‍ വരെ (പാവം) ഇതിന്റെ ആധുനിക ഉദാഹരനങ്ങളെന്നു' പറഞ്ഞ് യുക്തിവാദികളെ അപമാനിക്കുന്ന രാമനുണ്ണീ (യുക്തിവാദികള്‍ അല്ലേലും പാവങ്ങളാണ്‌ രാമനുണ്ണീ) വല്ലാതെ ചൊറിയുന്നുണ്ടെങ്കില്‍ ചൊറിഞ്ഞുതരാന്‍ ആരെയെങ്കിലും ഏര്‍പ്പാടാക്കുന്നത് നന്നായിരിക്കും. താങ്കളുടെ മാതൃകാപുരുഷന്‍മാരായ മൗദൂദിസ്റ്റുകളടക്കമുള്ള ഇസ്ലാമിക സംഘടനകള്‍ അച്ചടിച്ചിറക്കുന്ന പുസ്തകങ്ങളില്‍ ഉള്ളിടത്തോളം അന്യമത നിന്ദ മറ്റൊരിടത്തും കാണില്ലെന്നിരിക്കെ യുക്തിവാദികള്‍ക്കുനേരെ കിട്ടിയ സന്ദര്‍ഭം നോക്കി ഉടുതുണി പൊക്കിക്കാണിക്കുന്ന രാമനുണ്ണീ താങ്കളുടെ സംസ്കാരം അപാരം.

   ജോസഫ് സാറിന്റെ ശരീരത്തിലൂടെ ഓടിക്കൊണ്ടിരിക്കുന്ന രക്തത്തില്‍, പന്ത്രണ്ട് കുപ്പി 'മുസ്ലിംരക്ത'മാണെന്ന് ക്രൂരമായി വീമ്പുപറയുമ്പോള്‍, 'മുസ്ലിംകിഡ്‌നി' ആവശ്യമുണ്ടെന്ന് പത്രപ്പരസ്യം ചെയ്ത 'മാധ്യമ'ക്കാരന്റെ ഗണത്തിലേക്ക് തരം താഴാന്‍ താന്‍ വളരെയേറെ യൊഗ്യനാണെന്ന്‌ രാമനുണ്ണി സംശയലേശമന്യേ തെളിയിച്ചിരിക്കുന്നു.

     ഒരു തികഞ്ഞ കൃസ്തുമതവിശ്വാസിയും സണ്‍ഡേ സ്കൂളിലേക്ക് നോട്ടുകള്‍ തയ്യാറാക്കുന്നയാളുമായ ജോസഫ് സാറിനെ സാരോപദേശം പഠിപ്പിക്കുന്നതിനിടയില്‍ ഇതിലൊന്നും കക്ഷിയല്ലാത്ത യുക്തിവാദികളെ നോക്കി കൊഞ്ഞനം കുത്തുന്നതെന്തിനെന്ന് മനസ്സിലാകുന്നില്ല, ഏതായാലും മറ്റുള്ളവരുടെ വികാര സംരക്ഷണത്തിനിറങ്ങിയ മൂപ്പര്‍ക്ക് യുക്തിവാദികളുടെ വികാരത്തെ മാനിക്കാന്‍ നേരം കിട്ടിക്കാണില്ല(പാവം)

     കോങ്ങാട്ട് നാരായണന്‍കുട്ടി നായരുടെ തലയറുക്കപ്പെട്ടതിലും, കൂത്തുപറമ്പ് കെ വി സുധീഷ് കൊത്തിനുറുക്കപ്പെട്ടതിലും, വിദ്യാര്‍ത്ഥികലുടെ മുന്നില്‍ വെച്ച് ജയകൃഷ്ണന്‍ മാസ്റ്റര്‍ ഗളഛേദം ചെയ്യപ്പെട്ടതിലും, പ്രൊഫ. ടി ജെ ജോസഫിന്റെ കൈ വെട്ടിമാറ്റിയതിലും കൂടുതല്‍ പാതകം ഏതെന്നു ചോദിച്ചാല്‍ ഞാന്‍ പറയും 'പ്രിയപ്പെട്ട ജോസഫ് ആനന്ദിനോട് പറയേണ്ടത്'' എന്ന പേരില്‍ കെ പി രാമനുണ്ണി മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ എഴുതിയ വെറിപിടിച്ച ലേഖനമാണെന്ന്. അവരെ ഇത്ര മാത്രം പരികയറ്റി വിടുന്നത് ഇനി ആരുടെയെല്ലാം കൈകളും തലയും വെട്ടാനാകാം പ്രിയപ്പെട്ട രാമനുണ്ണീ? മനസ്സാക്ഷി ഇനിയും ബാക്കിയുണ്ടെങ്കില്‍ ടി ജെ ജോസഫ് എന്ന പച്ച മനുഷ്യന്‍ ഈ ലക്കം മാതൃഭൂമിയില്‍ മനസ്സുതുറക്കുന്നത് ഒരു വട്ടം വായിച്ചുനൊക്കൂ മാന്യദേഹമേ. 

Saturday, August 14, 2010

ആ കുറുക്കന്റെ പള്ള വീര്‍ത്ത് വീര്‍ത്ത് പൊട്ടിപ്പോട്ടെ.

ആ കുറുക്കന്റെ പള്ള വീര്‍ത്ത് വീര്‍ത്ത് പൊട്ടിപ്പോട്ടെ.

രാവിലെതന്നെ ശ്രീമതിയുടെ പ്രാക്ക് കേട്ടുകൊണ്ടാണ്‌ ഉണര്‍ന്നത്.

അല്ല, കുറുക്കനെന്തുപറ്റി?

പറ്റിയത് കുറുക്കനല്ല, കോഴിക്കാ.... നമ്മളെ രണ്ട് കോഴീനേം ഇന്നലെ രാത്രി കുറുക്കന്‍ കൊണ്ടോയി....

സംഗതി പിടി കിട്ടിയല്ലോ.. ഞങ്ങള്‍ ആറ്റുനോറ്റ് വളര്‍ത്തുന്ന രണ്ട് കോഴികളെയും കുറുക്കന്മാര്‍ പിടിച്ചു തിന്നിരിക്കുന്നു.കഴിഞ്ഞ സീസണില്‍ കോഴികളെല്ലാം കോഴിവസന്ത വന്നു ചത്ത ശേഷം അവളുടെ അമ്മയുടെ അടുത്തുനിന്നും ബുദ്ധിമുട്ടി കൊണ്ടുവന്ന് വളര്‍ത്തുന്നതാണ്‌ രണ്ടെണ്ണത്തിനേം.അവ രണ്ടും മുട്ടയിടാറായി നില്‍ക്കുന്ന സമയത്താണ്‌ കുറുക്കന്മാര്‍ ഈ ക്രൂരകൃത്യം ചെയ്തിരിക്കുന്നത്. കുറുക്കന്റെ പള്ളയല്ല, തല തന്നെ പൊട്ടിപ്പോകണമെന്ന് ആഗ്രഹിച്ചാലും അധികമാകില്ല.

അച്ചാ, കുറുക്കനെന്താ പുട്ടും കടലയും തിന്നാല്‍ പോരേ? റൊഷ്നയുടേതാണ്‌ സംശയം.
പുട്ടും കടലയും നല്ല കോമ്പിനേഷനാണ്‌. പക്ഷേ കുറുക്കന്‌ കോഴിതന്നെയാണ്‌ കോമ്പിനേഷന്‍ മോളേ..

കോഴി തിന്നുന്നത് എന്തൊക്കെയാണ്‌? പറമ്പിലൊക്കെ ചിക്കിച്ചികഞ്ഞ് പ്രാണികള്‍, പുഴു, ചിതല്‍ ഇതിനെയെല്ലാം കൊത്തിപ്പെറുക്കി തിന്നുന്നുണ്ടല്ലോ.ആ സാധു പ്രാണികളെയൊന്നും ആരും വളര്‍ത്തുന്നതല്ലാത്തതുകൊണ്ട് 'ആ കോഴീന്റെ പള്ള വീര്‍ത്ത് വീര്‍ത്ത് പൊട്ടിപ്പോട്ടെ' എന്നാരും പറയുന്നില്ലെന്നു മാത്രം.

പ്രകൃതിയുടെ നിയമം അങ്ങനെയാണ്‌. ഒരു ജീവി മറ്റൊന്നിനെ കൊന്നു തിന്നുന്നു, അത് മറ്റൊന്നിനെ.... അങ്ങനെ ആ പട്ടിക നീളുന്നു. ഓരോ ജീവിയും ഭക്ഷണത്തിനുവേണ്ടി മറ്റൊന്നിനെ ആശ്രയിക്കുന്നു. ഇവിടെ ശക്തിയുള്ളവനാണ്‌ കാര്യക്കാരന്‍. അനുയോജ്യമായവ അതിജീവിക്കുന്നതാണ്‌ പ്രകൃതിയുടെ നിയമം.

ഓരോ ജീവിയും മറ്റൊന്നിനെ ആശ്രയിച്ചാണ്‌ നിലനില്‍ക്കുന്നത്. ഓരോ നിസ്സാര ജീവിക്കും പ്രകൃതിയില്‍ അതിന്റേതായ സ്ഥാനമുണ്ട്. ഒന്നു നശിച്ചാല്‍ അതിനെ ആശ്രയിച്ചുനില്‍ക്കുന്ന ശൃംഗലതന്നെ നശിച്ചുപോകാം.

ഇന്നാള്‌ നാഷനല്‍ ജ്യോഗ്രഫിക് ചാനലില്‍ ഒരു സിംഹം മാനിനെ ഓടിച്ചിട്ട് പിടിച്ച് കടിച്ചുകീറി തിന്നുന്നത് കണ്ട് സ്നേഹമോള്‍ പേടിച്ച് കരഞ്ഞില്ലേ അച്ഛാ..?

റൊഷ്നയുടെ അനുജത്തി സ്നേഹയ്ക്ക് നാഷണല്‍ ജ്യോഗ്രഫിക് ചാനലിലും ആനിമല്‍ പ്ലാനറ്റിലുമെല്ലാം വന്യജീവികളെ കാണുന്നത്  പെരുത്തിഷ്ടമാണ്‌. പറഞ്ഞിട്ടെന്തുകാര്യം? അവ ഇര പിടിക്കുന്ന രംഗം കണ്ടാല്‍ പേടിച്ച് കരയും.

ദുര്‍ബലനെ സംരക്ഷിക്കുന്നതാണ്‌ സംസ്കാരം. അത് മനുഷ്യന്‍ സമൂഹ്യ ജീവിതത്തില്‍നിന്നും ആര്‍ജിച്ചതാണ്‌. ഒരു കണക്കിന്‌ അത് പ്രകൃതിയുടെ നിയമത്തിന്‌ വിരുദ്ധവുമാണ്‌. സംസ്കാരം സാമൂഹ്യജീവിതത്തില്‍നിന്ന് ഉരുത്തിരിഞ്ഞതാകയാല്‍ അത് എല്ലാ കാലത്തും എല്ലാ സ്ഥലത്തും ഒരേപോലെ, ഉറച്ച പാറപോലെ, മാറാത്തതായി നിലനില്‍ക്കുകയില്ല. അത് വ്യത്യസ്ത കാലങ്ങളിലും വ്യത്യസ്ത ദേശങ്ങളിലും വ്യത്യസ്തമായിത്തീരുന്നത് അതുകൊണ്ടാണ്‌. 

അപ്പോള്‍ കുറുക്കന്‌ സംസ്കാരമില്ലാത്ത്തുകൊണ്ടാണോ അച്ഛാ അത് കോഴിയെ പിടിച്ചത്?

ഹ.. ഹ.. അല്ല മോളെ കുറുക്കന്‌ സംസ്കാരമുണ്ടായാലും ഇല്ലെങ്കിലും അതിന്‌ കോഴിയെ പിടിച്ചേ തീരൂ. കാരണം അതിന്‌ വിശപ്പടക്കാന്‍ എന്തെങ്കിലുമൊരു ജീവിയെ കൊന്നു തിന്നേ പറ്റൂ.

അത് ന്യായമാണോ അച്ഛാ, അത് നീതിയാണോ?

ന്യായവും നീതിയുമൊക്കെ നമ്മള്‍ മനുഷ്യര്‍ ഉണ്ടാകിയതല്ലേ മോളെ? പ്രകൃതിയുടെ നീതി അതാണ്‌. ആ നീതി പലപ്പോഴും ക്രൂരവുമാണ്‌. 
------------------------------------------------------------------------------------------------



സ്നേഹം, ദയ, വിദ്വേഷം, പക ഇതെല്ലാം ജൈവിക വികാരങ്ങളാണ്‌. മനുഷ്യരില്‍ മാത്രമല്ല, എല്ലാതരം ജീവികളിലും ഏറിയും കുറഞ്ഞും അത്തരം വികാരങ്ങളുണ്ട്. കാക്കയ്ക്കും തന്‍ കുഞ്ഞ് പൊന്‍കുഞ്ഞ് എന്നു കേട്ടിട്ടില്ലേ? ഓരോ ജീവിക്കും അതിന്റെ പുതുതലമുറയെ ഉല്പാദിപ്പിക്കാനും സംരക്ഷിക്കാനുമുള്ള ജൈവിക ത്വരയുണ്ട്. ജൈവിക വികാരങ്ങള്‍ തലച്ചോറിന്റെ വികാസമനുസരിച്ച് ഓരോ ജീവിയിലും വ്യത്യസ്തമായിരിക്കുമെന്നു മാത്രം. സഹ ജീവികളോടുള്ള അനുകമ്പ മനുഷ്യനില്‍ മാത്രമല്ല, മറ്റ് ജീവികളിലുമുണ്ട്. ഈ ജൈവിക ഗുണങ്ങളെല്ലാം ജനിതകപരമായി തലമുറകളിലേക്ക് പകര്‍ത്തപ്പെടുന്നവയാണ്‌. നല്ല ഗുണങ്ങളെന്ന് നമ്മള്‍ വിലയിരുത്തുന്ന പരസ്പര സ്നേഹവും അനുകമ്പയും മാത്രമല്ല, ദേഷ്യം, വെറുപ്പ്, തുടങ്ങിയ 'ചീത്ത ഗുണങ്ങളും' ഇത്തരത്തില്‍ ജീവികള്‍ക്ക് സഹജമാണ്‌. 

എന്നാല്‍ ഈ ഗുണങ്ങളില്‍ ഗുണകരമായവയെ പരിപോഷിപ്പിക്കാനും ദോഷകരമായവയെ നിയന്ത്രിക്കാനുമുള്ള ശീലം മനുഷ്യന്‍ സാമൂഹ്യ ജീവിതത്തില്‍ നിന്നുമാണ്‌ ആര്‍ജിച്ചത്. തലച്ചോറിന്‌ പരമാവധി വളര്‍ച്ചയും സ്വയം തീരുമാനമെടുത്ത് പ്രവര്‍ത്തിക്കുവാനുള്ള കഴിവും ആര്‍ജിക്കുന്നതോടെയാണ്‌ മനുഷ്യനില്‍ നന്മ-തിന്മകളെ വിവേചിക്കാനുള്ള കഴിവുണ്ടായത്.

ഒരു സിംഹത്തെ സംബന്ധിച്ച് അതിന്‌ ഒരു മാനിനെ വേട്ടയാടി പിടിക്കുന്നതും അതിനെ കൊന്ന് തിന്നുന്നതും അതിന്റെ ജീവിതത്തിലെ ഒരേയൊരു ലക്ഷ്യമായ ഭക്ഷണം തേടലാണ്‌. അത് ആ മൃഗത്തെ സംബന്ധിച്ച് ഒരിക്കലും അന്യായമായ ഒരു കര്‍മ്മമല്ല. വേട്ടയാടുന്ന സിംഹത്തിന്‌ വേട്ടയാടപ്പെടുന്ന മാന്‍ പേടയോട് ദയ തോന്നിയാല്‍ പിന്നെ ആ സിംഹത്തിന്റെ കാര്യം കഷ്ടമാണ്‌ എന്നു പറയേണ്ടതില്ലല്ലോ?



എന്നാല്‍ വേട്ടയാടപ്പെടുന്ന മാനിനെ സംബന്ധിച്ച് അതിന്റെ ജീവന്‍ രക്ഷിക്കുകയെന്നതാണ്‌ പരമ പ്രധാനം. ഈ രണ്ട് വൈരുദ്ധ്യങ്ങള്‍ക്കിടയിലൂടെയാണ്‌ പ്രകൃതിയിലെ ജീവിവര്‍ഗ്ഗം നിലനിന്നു പോകുന്നത്. എന്നാല്‍ എടുത്തുപറയേണ്ട വസ്തുത ഒരു ജീവിയും വിശപ്പുമാറ്റാന്‍ വേണ്ടിയല്ലാതെ വിനോദത്തിനായി സാധാരണ ഗതിയില്‍ മറ്റൊരു ജീവിയെ കൊല്ലാറില്ല എന്നതാണ്‌. സ്വയരക്ഷയ്ക്കായി നടത്തുന്ന ചെറുത്തുനില്പും ഇല്ലാതില്ല.



മറ്റു ജീവികള്‍ പ്രകൃതിയോടൊത്ത് ജീവിച്ചപ്പോള്‍, പരിണാമത്തിലൂടെ ആര്‍ജിച്ച ഉയര്‍ന്ന ബുദ്ധിയും, തന്റെ പെരുവിരലിനെ മറ്റു വിരലുകള്‍ക്കഭിമുഖമായി പിടിച്ച് ആയുധങ്ങള്‍ കൈകാര്യം ചെയ്യാനുള്ള ശേഷിയുമുപയോഗിച്ച് മനുഷ്യന്‍ പ്രകൃതിയെ മെരുക്കിയെടുക്കാന്‍ ആരംഭിച്ചു. പ്രകൃതിസമ്പത്തിനെയും അതിലെ ഇതര ജീവികളെയും വരുതിയിലാക്കിയ മനുഷ്യന്‍ പലപ്പോഴും മനുഷ്യ സമുദായത്തിനിടയില്‍തന്നെ പരസ്പര മേല്‍ക്കൊയ്മയ്ക്ക് ശ്രമിച്ചു. പരസ്പരം സഹായിച്ചും ഒപ്പം കൊന്നൊടുക്കിയും മുന്നേറിയ മനുഷ്യന്‍ ഇതിനിടയിലെ നന്മ-തിന്മകളെ വിവേചിച്ചറിഞ്ഞ് ആര്‍ജിച്ചതാണ്‌ മനുഷ്യസംസ്കാരം. 'പരിഷ്കൃതജീവി'യായ ശേഷവും മനുഷ്യന്‍ 'പ്രാകൃത'മായ വഴികളിലൂടെ ഇന്നും സഞ്ചരിച്ചുകൊണ്ടിരിക്കുന്നു. പക്ഷേ അതിനിടയിലും നീതി-അനീതി, ന്യായം-അന്യായം, തുടങ്ങിയ വിഷയങ്ങളില്‍ മനുഷ്യസമൂഹം ഉന്നതമായ മൂല്യങ്ങളെ കണ്ടെത്താനും മുറുകെ പിടിക്കാനും ശ്രമിക്കുന്നുണ്ട്. സിംഹത്തിന്റെയും മാനിന്റെയും ഉദാഹരണത്തെപ്പോലെ ഒരു കാലത്ത് ബലവാനെ സംബന്ധിച്ച് ദുര്‍ബലനെ കൊല്ലുന്നതും നീതിയായിരുന്നു. വെള്ളക്കാരന്‍ ഒരിക്കല്‍ തങ്ങള്‍ മാത്രമാണ്‌ ദൈവത്തിന്റെ ഉല്‍കൃഷ്ട സൃഷ്ടി എന്ന് സ്വയം വിലയിരുത്തി. നീഗ്രോകളെ പൂര്‍ണവളര്‍ച്ച പ്രാപിച്ചിട്ടില്ലാത്ത മനുഷ്യരായി അവര്‍ കരുതി. ഇന്ന്‌, മൃഗങ്ങളെ മനുഷ്യര്‍ ഉപയോഗിക്കുന്നതുപോലെ അടിമകളെ ഉടമകളുടെ സുഖത്തിനുവേണ്ടി ഉപയോഗിക്കുന്നതിനെയും വില്‍ക്കുകയും വാങ്ങുകയും ചെയ്യുന്നതിനെയും അടിമത്തകാലത്ത് ആരും അനീതിയായി കണ്ടില്ല. അടിമകളെക്കൊണ്ട് ജോലിചെയ്യിക്കാന്‍ മാത്രമല്ല, അവരെ കൊല്ലാന്‍ വരെ ഉടമയ്ക്ക് അധികാരമുണ്ടായിരുന്നു. ചാതുര്‍വര്‍ണ്യ വ്യവസ്ഥയുടെ സുവര്‍ണ്ണ കാലത്ത് ബ്രാഹ്മണര്‍ സൃഷ്ടികളില്‍ ഏറ്റവും ഉന്നതരായി സ്വയം വിലയിരുത്തി. മനുഷ്യരെ തട്ടുകളായി തിരിച്ചു. സവര്‍ണരെ ബ്രാഹ്മണര്‍, ക്ഷത്രിയര്‍, വൈശ്യര്‍, ശൂദ്രര്‍ എന്നിങ്ങനെ പല തട്ടുകളായി തിരിച്ചവര്‍ അതിലൊന്നും പെടുത്താത്ത ബഹുഭൂരിപക്ഷം വരുന്ന അധ്വാനിക്കുന്ന ജനവിഭാഗത്തെ അവര്‍ണരെന്നു മുദ്ര കുത്തി ചവിട്ടിത്താഴ്തി. ബ്രാഹ്മണന്റെ മുറ്റത്തിനുമപ്പുറം കുഴികുത്തി അതില്‍ വാഴയില വെച്ച് അതിലൊഴിച്ചുകൊടുക്കുന്ന കഞ്ഞിവെള്ളം പട്ടികളെപ്പോലെ മനുഷ്യര്‍ നക്കിക്കുടിച്ചു. അക്കാലത്ത് അതിലാരും അനീതി കണ്ടില്ല. മേലാളനായ ഉടമയോ, സവര്‍ണനായ ജന്മിയോ മാത്രമല്ല, കീഴാളനായി താഴ്തപ്പെട്ട അടിമയോ കുടിയാനോ പോലും അതതു സമ്പ്രദായം നില നിന്ന കാലഘട്ടത്തില്‍ അവയിലെ അനീതികളെയും അന്യായങ്ങളെയും തിരിച്ചറിഞ്ഞില്ല. ദൈവം തങ്ങളെ സൃഷ്ടിച്ചത് മേലാളരായിരിക്കാന്‍ വേണ്ടിയാണെന്ന് ഒരു കൂട്ടര്‍ വിശ്വസിച്ചപ്പോള്‍ അടിമയായിരിക്കുന്നത് ദൈവേച്ഛയാണെന്നും തങ്ങള്‍ അതിനു വിധിക്കപ്പെട്ടവരാണെന്നും മറ്റേ കൂട്ടര്‍ കരുതി.



മനുഷ്യന്‍ മനുഷ്യനുമേല്‍ ആധിപത്യം  സ്ഥപിച്ച പൂര്‍വ്വകാലങ്ങളില്‍ ഉന്നതനും നീചനുമായി വേര്‍തിര്‍ക്കപ്പെട്ടവര്‍ രണ്ട് വിഭാഗവും അതിലെ അസമത്വം, അനീതി, അന്യായം ഇവ തിരിച്ചറിയാതിരിക്കാന്‍ കാരണം അന്നത്തെ മനുഷ്യന്റെ മൂല്യബോധം അതിനോടിണങ്ങുന്നതായിരുന്നതുകൊണ്ടാണ്‌. അതിലെ അനീതികളെ കാണുകയും അതിനെതിരെ പോരടിക്കുകയും ചെയ്തവര്‍ ചരിത്രത്തിലെ വിപ്ലവകാരികളാണ്‌.



ഗോത്രങ്ങളായി ജീവിച്ച മനുഷ്യന്‍ ഓരോ ഗോത്രത്തിനും ആചാരങ്ങളും നീതിനിയമങ്ങളുമുണ്ടാക്കി. അവ അടിസ്ഥാനപരമായ പലവിഷയങ്ങളിലും തമ്മില്‍ പൊരുത്തപ്പെട്ടപ്പോള്‍ പലപ്പോഴും അവയിലെ വൈരുദ്ധ്യങ്ങള്‍ മുഴച്ചുനിന്നു.



കാട്ടില്‍ ജീവിച്ച മനുഷ്യന്റെ സദാചാര സങ്കല്പത്തില്‍ പുരുഷന്‍, സ്ത്രീ എന്നീ രണ്ട് വര്‍ഗ്ഗങ്ങളെ ഉണ്ടാകാനിടയുള്ളു. പിതൃ-പുത്രി, മാതൃ-പുത്ര, സഹോദരീ-സഹോദര ബന്ധങ്ങളുടെ പവിത്രത മനുഷ്യന്‍  ഗോത്രങ്ങളായി ജീവിക്കാന്‍ തുടങ്ങിയ കാലത്ത് ഉടലെടുത്തതാകാനാണിട. എങ്കിലും ചില ഒറ്റപ്പെട്ട സമൂഹങ്ങളില്‍ ഇതിനും ചില അപവാദങ്ങള്‍ ഉണ്ട്. ചില ദ്വീപ് വാസികളായ അപരിഷ്കൃതസമൂഹങ്ങളില്‍ ഒരു കുടുംബത്തിലെ പിതാവ് മരിച്ചുപോയാല്‍ വിധവയായ സ്ത്രീയെ അവരുടെ മൂത്ത മകന്‍ വിവഹം കഴിച്ച് കുടുംബനാഥനായി കുടുംബം സംരക്ഷിക്കുന്ന ആചാരം നില്‍നില്‍ക്കുന്നതായി വായിച്ചതോര്‍ക്കുന്നു. ആ വിഭാഗത്തെ സംബന്ധിച്ച് ആ ആചാരം അലംഘനീയമായിരിക്കും. ഏതെങ്കിലും 'മൂത്ത പുത്രന്‌'' അതില്‍ അനീതി തോന്നിയാല്‍ അവന്‍ താന്തോന്നിയായും, നിഷേധിയായും വിലയിരുത്തപ്പെടുമെന്ന കാര്യത്തില്‍ സംശയം വേണ്ട.



കൂടുതല്‍ ഉദാഹരണങ്ങള്‍ക്കായി അധികമൊന്നും അലയേണ്ടതില്ല. സഹോദര-സഹോദരീ ബന്ധം പവിത്രമായി കരുതുന്നവരാണ്‌ കേരളീയ സമൂഹം. സഹോദരന്മാരുടെയും സഹോദരിമാരുടെയും മക്കള്‍ തമ്മിലും ഈ സാഹോദര്യ പവിത്രത കാത്തുസൂക്ഷിക്കപ്പെടുന്നുണ്ട്. എന്നാല്‍ കേരളത്തില്‍ ചില സമുദായങ്ങള്‍ക്കിടയില്‍ ഇന്നും സഹോദരീ-സഹോദരന്മാരുടെ മക്കള്‍ തമ്മിലുള്ള 'മച്ചുനന്‍ വിവാഹങ്ങള്‍' നടക്കുന്നുണ്ട്. കേരളീയരായ നമുക്കാര്‍ക്കും അത്തരം വിവാഹങ്ങളിലെ സദാചാര വിരുദ്ധത തിരിച്ചറിയാനാകാത്തത് നമ്മുടെ മൂല്യബോധം കാലങ്ങളായി അതുമായി പൊരുത്തപ്പെട്ടുപോകുന്നതായതുകൊണ്ടാണ്‌. വെങ്കലം എന്ന സിനിമയുടെ പ്രമേയം സഹോദരന്മാര്‍ക്ക് ഒരു ഭാര്യ എന്ന ഒരു സമുദായത്തില്‍ നല നിന്നിരുന്ന ആചാരമാണ്‌.



മതങ്ങളിലെ സദാചാര നിയമങ്ങള്‍ അവ രൂപം കൊണ്ട കാലങ്ങളിലെ സദാചാര-മൂല്യ ബോധങ്ങളില്‍നിന്ന് കടം കൊണ്ടവയാണ്‌. അവ തീര്‍ത്തും ആ കാലഘട്ടത്തിന്റെ മൂല്യ സങ്കല്പങ്ങളുടെ പ്രതിഫലനങ്ങളുമാണ്‌. മഹാഭാരത കഥയിലെ പാണ്ഡവരുടെ അഞ്ച് പേരുടെയും 'ധര്‍മ്മ പത്നി' ദ്രൗപതിയാണ്‌. ദേവേന്ദ്രന്‌ നിരവധി ഭാര്യമാരും അതിലേറെ വെപ്പാട്ടികളുമുണ്ടായിരുന്നതായി പുരാണങ്ങളില്‍ കാണാം. അതിനിടയില്‍ ശ്രീരാമന്‍ ഏക പത്നീവ്രതക്കാരനാണ്‌. ശ്രീകൃഷ്ണന്‌ പതിനാറായിരത്തെട്ട് ഭാര്യമാരുണ്ടായിരുന്നു എന്നതില്‍ എത്രത്തോളം അതിശയോക്തിയുണ്ടാകാമെങ്കിലും ഒന്നിലേറെ ഭാര്യമാരുണ്ടാകുന്നത് അന്നത്തെ മൂല്യ ബോധത്തിനും സദാചാര നിയമങ്ങള്‍ക്കും എതിരല്ലായിരുന്നെന്നും മറിച്ച് അത് ഒരു 'മഹത്വ'മായിരുന്നെന്നും കരുതുന്നതില്‍ തെറ്റില്ല.

ബൈബിളില്‍ കാണുന്നത് അത് എഴുതപ്പെട്ട കാലഘട്ടത്തിന്റെ മൂല്യബോധമാണ്‌.



"ദാസന്മാരേ, ജഢപ്രകാരം യജമാനന്മാരായവരെ കൃസ്തുവിനെപ്പോലെ തന്നേ ഹൃദയത്തിന്റെ ഏകാഗ്രതയില്‍ ഭയത്തോടും വിറയലോടും കൂടെ അനുസരിപ്പിന്‍."

" സ്തീ മൗനമായിരുന്നു പൂര്‍ണാനുസരണത്തോടും കൂടെ പഠിക്കട്ടെ.  മൗനമായിരിപ്പാന്‍ അല്ലാതെ ഉപദേശിപ്പാനോ പുരുഷന്റെ മേല്‍ അധികാരം നടത്തുവാനോ ഞാന്‍ സ്ത്രീയെ അനുവദിക്കുന്നില്ല."

"വേലക്കാരേ, പൂര്‍ണഭയത്തോടെ യജമാനന്മാര്‍ക്കു, നല്ലവര്‍ക്കും ശാന്തന്മാര്‍ക്കും മാത്രമല്ല, മൂര്‍ഖന്മാര്‍ക്കും കൂടെ കീഴടങ്ങിയിരിപ്പിന്‍"-

തുടങ്ങിയ ബൈബിള്‍ വചനങ്ങള്‍ കൂടുതല്‍ വിശദീകരണം ആവശ്യമില്ലാത്തവിധം ബൈബിള്‍ എഴുതപ്പെട്ട കാലഘട്ടങ്ങളിലെ മൂല്യ സങ്കല്പ്പങ്ങളെ പ്രതിഫലിപ്പിക്കുന്നു.



ബൈബിള്‍ പറയുന്ന ലോത്തിന്റെ കഥയും അന്നത്തെ സദാചാര സങ്കല്പത്തെ തുറന്നു കാണിക്കുന്നുണ്ട്. തന്റെ അതിഥികളായെത്തിയ രണ്ട് പുരുഷ മാലാഖമാരെ 'അവരെ ഞങ്ങള്‍ അനുഭവിക്കട്ടെ' എന്നു പറഞ്ഞെത്തിയ ജനക്കൂട്ടത്തിന് അവരെ വിട്ടുകൊടുക്കാതെ പകരം തന്റെ രണ്ട് പെണ്മക്കളെയും 'എന്തുവേണമെങ്കിലും ചെയ്യാന്‍' വിട്ടുകൊടുക്കുന്ന ലോത്തിന്റെ ബൈബിളില്‍ കാണാം. തുടര്‍ന്ന് ലോത്തിന്റെ കുടുംബം(ഭാര്യ ഒഴികെ)മാത്രം ദൈവകോപത്തില്‍നുന്ന് രക്ഷപ്പെടുകയും വയസ്സനായ ലോത്തും പെണ്മക്കളും മാത്രം ബാക്കിയാവുകയും ചെയ്യുമ്പോള്‍ സ്വന്തം പിതാവിനെ മദ്യപിപ്പിച്ച് മയക്കികിടത്തി അയാളുമായി ശാരീരിക ബന്ധത്തിലേര്‍പ്പെടുന്ന ലോത്തിന്റെ പെണ്മക്കളെയും നമുക്ക് കാണാം.



എല്ലാ സമിറ്റിക് മതങ്ങളുടെയും പിതാവായി അറിയപ്പെടുന്ന അബ്രഹാം ദൈവപ്രീതിക്കായി തന്റെ മകനെ ബലികൊടുക്കാനൊരുങ്ങുന്നതിനെ ത്യാഗത്തിന്റെയും ദൈവമഹത്വത്തിന്റെയും പ്രതീകമായി അവതരിപ്പിക്കുകയാണ്‌ എല്ലാ സെമിറ്റിക് മതങ്ങളും. എന്നാല്‍ ഇന്ന് നമ്മുടെ നാട്ടിലെ മറ്റേതെങ്കിലും ഒരു ഏബ്രഹാം തന്റെ മകനെ ദൈവത്തിന്‌ ബലികൊടുക്കാന്‍ പുറപ്പെട്ടാല്‍ അയാളോടുള്ള വിശ്വാസികളായവരടക്കമുള്ള മനുഷ്യരുടെ പ്രതികരണം എന്തായിരിക്കും? ഇന്നും ദൈവപ്രീതിക്കായി നരബലി വരെ നടത്തുന്നവര്‍ ഒളിഞ്ഞും തെളിഞ്ഞും നമ്മുടെ രാജ്യത്തുണ്ട് എന്നത് നിസ്തര്‍ക്കമാണ്‌.  മാധ്യമം ദിനപത്രത്തില്‍ വന്ന ഒരു വാര്‍ത്ത കാണുക ഇത്തരക്കരൊടുള്ള എല്ലാ സമുദായങ്ങളിലും, മതങ്ങളിലുമുള്ള സാധാരണ മനുഷ്യന്റെ പ്രതികരണം എന്താണ്‌? ഒന്നുകില്‍ അവരെ പിടിച്ച് നിയമത്തിനുമുന്നില്‍ കൊണ്ടുവരും, അല്ലെങ്കില്‍ ഭ്രാന്താശുപത്രിയിലാക്കും. 'പ്രാകൃത'ബലിയെ ദൈവത്തിന്റെയും മതത്തിന്റെയും പേരില്‍ മഹത്വപ്പെടുത്തുമ്പോഴും 'ഇന്നത്തെ' ബലിയെ അപരിഷ്കൃതമായി കാണാന്‍ ഭൂരിപക്ഷം മതവിശ്വാസികല്‍ക്കും കഴിയുന്നത് അവരെ നയിക്കുന്ന മൂല്യബോധം മതത്തിന്റേതിനേക്കാളുപരി പുതിയ സമൂഹത്തിന്റെതാണ്‌ എന്നതിനാലാണ്‌.



ഇസ്ലാം മതം ദൈവവും മനുഷ്യനുമായുള്ള ബന്ധത്തെ ഉടമയും അടിമയുമായുള്ള ബന്ധത്തോടാണ്‌ താരതമ്യം ചെയ്യുന്നത്. ഇസ്ലാം നിലവില്‍ വന്ന കാലത്ത് അടിമത്ത വ്യവസ്തയ്ക്കുണ്ടായിരുന്ന 'മാന്യത'യെയാണ്‌ ഇത് വെളിവാക്കുന്നത്. ഇന്ന്‌ ഒരു മതം രൂപപ്പെടുകയാണെങ്കില്‍ അതില്‍ ദൈവവും മനുഷ്യനും തമ്മിലുള്ള ബന്ധം കുറേകൂടി 'ജന്റില്‍മാന്‍ റിലേഷന്‍ഷിപ്പാ'യിരിക്കുമെന്ന് ഉറപ്പാണ്‌. ബഹുഭാര്യാത്വവും ലൈംഗിക അരാജകത്വവും നടമാടിയിരുന്ന കാലത്താണ്‌ ഇസ്ലാം രൂപപ്പെടുന്നത്. നിരവധി ഭാര്യമാരെയും അതിനു പുറമെ എണ്ണമറ്റ വെപ്പാട്ടിമാരെയും അടിമസ്തീകളെയും ഭോഗിച്ച ഒരു സമൂഹത്തിലാണ്‌ ഇസ്ലാം വിവാഹങ്ങളുടെ എണ്ണങ്ങള്‍ക്ക് പരിമിതി വെച്ചത്. അത് നാലെണ്ണം വരെ മതി. അതിനുതന്നെ പല നിബന്ധനകലും വെച്ചു. അന്നത്തെ സമൂഹ്യാന്തരീക്ഷത്തില്‍ വിപ്ലവകരമായ ഒരു നിയമമായിരിക്കാനിടയുള്ള ഒരു നിയമം ഒരു പുരുഷന്‌ ഒരു സ്ത്രീ അല്ലെങ്കില്‍ ഒരു സ്ത്രീക്ക് ഒരു പുരുഷന്‍ എന്ന സാമാന്യ നീതിബോധത്തില്‍ എത്തിനില്‍ക്കുന്ന ആധുനിക സമൂഹത്തില്‍ പ്രാവര്‍ത്തികമാക്കാന്‍ ശ്രമിച്ചാല്‍ ഫലം എന്തായിരിക്കുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. 'അനുമതിയുണ്ടായിട്ടും' ഇന്ന് വിദ്യാസമ്പന്നനും ജനാധിപത്യ-മതേതര സമൂഹത്തില്‍ ജീവിക്കുന്ന ഒരു സാധാരണ മതവിശ്വാസി ഈ 'അനുമതി' പ്രയോജനപ്പെടുത്തുന്നില്ലെങ്കില്‍ അവനെ നയിക്കുന്ന നീതിബോധം ആധുനിക സമൂഹത്തിന്റേതാണെന്നു സമ്മതിച്ചേ തീരൂ.



എന്നാല്‍ സമ്പൂര്‍ണ്ണ മതസമൂഹങ്ങളില്‍ ഇതുതന്നെയാണൊ അവസ്ഥ എന്ന് പരിശോധിച്ചു നോക്കിയാല്‍ കാര്യങ്ങള്‍ വ്യക്തമാകും.അതുപോലെ നാലുകെട്ടാനുള്ള അനുമതിയെ (അത് നിയമമായി ഇന്നും നിലനില്‍ക്കുന്നതിനാല്‍) ഉപയോഗപ്പെടുത്തി 'സുഖിച്ച് ജീവിക്കുന്ന' ചിലര്‍ക്കെങ്കിലും ഈ നിയമം അനുഗ്രഹമാണെന്ന് ചുറ്റുമൊന്നു കണ്ണൂതുറന്നു നോക്കിയാല്‍ നമുക്ക് മനസ്സിലാകും. സ്വത്തവകാശത്തിന്റെ കാര്യത്തിലും 'കാലാതിവര്‍ത്തിയായ ദൈവിക നിയമങ്ങള്‍' പിന്തുടരുന്നതുമൂലം കണ്ണീര്‍ കുടിച്ച സാധുമനുഷ്യരെക്കുറിച്ചോര്‍ത്ത് മതവിശ്വാസികള്‍ തന്നെ  പരിതപിക്കാറുണ്ട്. മാറുന്ന സദാചാരാ-മൂല്യബോധങ്ങളും, 'മാറാത്ത' മതനിയമങ്ങളും തമ്മിലുള്ള വൈരുദ്ധ്യങ്ങള്‍ ഏത് സമൂഹത്തെയും അപചയത്തിലേക്കേ നയിക്കൂ.



മനുഷ്യാവകാശങ്ങള്‍ക്ക് വളരെയേറെ വിലകല്പിക്കപ്പെടുന്നതാണ്‌ ഇന്നത്തെ മതേതര-ജനാധിപത്യ സമൂഹം. രാജ്യങ്ങള്‍ തമ്മിലുള്ള തര്‍ക്കങ്ങള്‍ തീര്‍ക്കാനും, സാമ്രാജ്യത്വ മോഹങ്ങള്‍ നയിക്കുന്ന അധിനിവേശ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാനും ഇന്നും കിരാതമായ യുദ്ധങ്ങള്‍ ഈ ലോകത്ത് അരങ്ങേറുന്നുണ്ട്. യുദ്ധതടവുകാരെ പീഢിപ്പിച്ച് സായൂജ്യമടയുന്ന സാഡിസ്റ്റുകളും ഉണ്ട്. എങ്കിലും ആധുനിക മനുഷ്യന്റെ മൂല്യബോധം അത്തരം കൃത്യങ്ങള്‍ക്കെതിരെ പ്രതികരിക്കുന്നത് നമ്മള്‍ കാണുന്നു. മുംബൈയില്‍ കൂട്ടക്കൊലനടത്തിയ മതഭീകരില്‍ നിന്ന് പിടിക്കപ്പെട്ട അജ്മല്‍ കസബിനുപ്പോലും ഇന്ത്യന്‍ നിയമവ്യവസ്ഥ നല്‍കുന്ന പരിരക്ഷ നല്‍കാന്‍ രാജ്യം ശ്രമിക്കുന്നുണ്ട്. ഹിറ്റ്ലര്‍, സ്റ്റാലിന്‍ തുടങ്ങിയവര്‍ മനുഷ്യരെ കൂട്ടക്കൊല ചെയ്തപ്പോള്‍ ഉണ്ടാകാത്തത്ര ജനവികാരം അമേരിക്കയും കൂട്ടാളികളും നടത്തിയ യുദ്ധങ്ങള്‍ക്കെതിരെ ലോകമെമ്പാടുമുണ്ടായി. അമേരിക്കന്‍ ഭരണാധികാരികളുടെ യുദ്ധക്കൊതിക്കെതിരെ അമേരിക്കന്‍ ജനതതന്നെ തെരുവിലിറങ്ങി പ്രകടനം നടത്തിയത് ഈ നൂതനമായ മൂല്യ ബോധത്തെ വെളിവാക്കുന്നു. മത ധാര്‍മ്മികത അച്ചടക്കത്തിന്റെ വാളായി നില നില്‍ക്കുന്ന ഏതെങ്കിലും രാജ്യത്ത് ഇത് സങ്കല്പിക്കാനാകില്ല.



മനുഷ്യന്‍ മനുഷ്യനെ കൊല്ലുന്നത് ഏതെങ്കിലും മതനിയമം തെറ്റായി കാണുന്നില്ല. ഭഗവത് ഗീതയില്‍ ശ്രീകൃഷ്ണന്‍ അര്‍ജ്ജുനനെ ഉപദേശിക്കുന്നത് കര്‍മ്മം ചെയ്യാനാണ്‌. ആ കര്‍മ്മമാകട്ടെ ബന്ധുജനങ്ങളെ കൊന്നൊടുക്കുക എന്ന ക്രൂരനീതിയും. ഇസ്ലാം മതം വളര്‍ന്നതുതന്നെ വാളുകൊണ്ടാണ്‌ എന്നത് ചരിത്ര വസ്തുതയാണ്‌. ചരിത്രത്തില്‍ കൃസ്തുസഭ കാട്ടികൂട്ടിയ ഭീകരഹത്യകള്‍ എടുത്തുപറയേണ്ടതില്ലല്ലോ? ഓരൊ മതത്തിന്റെയും ഉല്‍ബോധനങ്ങളും മൂല്യബോധവും അവ രൂപം കൊണ്ട കാലത്തെ സംസ്കാരത്തെയും അതിന്റെ ഉല്പ്പന്നമായ സാമൂഹ്യനിയമങ്ങളെയും പ്രതിഫലിപ്പിക്കുന്നു.



എല്ലാ കാലത്തേക്കുമായി ഏറ്റവും ഉദാത്തമായ ഒരു നിയമമുണ്ടൊ? ഉണ്ടാകാന്‍ സാധ്യമാണോ? ഓരോ നിയമവും അത് രൂപം കൊണ്ട കാലത്തേക്കെങ്കിലും ഉദാത്തമായിരിക്കും; ചുരുങ്ങിയ പക്ഷം നിയമമുണ്ടാക്കിയവരെ സംബന്ധിച്ചെങ്കിലും. എന്നാല്‍ അത് എല്ലാ കാലത്തും അങ്ങനെയായിരിക്കണമെന്നില്ല. ഇന്നത്തെ ഏറ്റവുംനല്ല നിയമവും കാലം കഴിയുമ്പോള്‍ കലഹരണപ്പെടാം. അപ്പോള്‍ അന്നത്തെ മനുഷ്യര്‍ കൂടുതല്‍ മെച്ചപ്പെട്ട നിയമങ്ങള്‍‍ ഉണ്ടാക്കും. മനുഷ്യാവകാശവും മനുഷ്യാവകാശ നിയമങ്ങളും ഇന്ന് പൊക്കിപ്പിടിച്ച് തലയിലേന്തി നടക്കുന്ന മത മൗലികവാദ-ഭീകര സംഘടനകള്‍ വരെയുണ്ട്. പക്ഷേ അതൊന്നും മതത്തിന്റെ സംഭാവനയല്ലെന്നും ആധുനിക മനുഷ്യന്‍ അവന്റെ പുതിയ നീതിബോധത്തില്‍ നിന്നും കരുപ്പിടിപ്പിച്ചതാനെന്നും അത് പൊക്കിപ്പിടിച്ച് നടക്കുന്നവര്‍ തന്നെ സമ്മതിച്ചുതരുമോ എന്നതാണ്‌ പ്രശ്നം!



ഇന്ന് നമ്മുടെ നാട്ടില്‍ പുരുഷന്മാര്‍ പുറത്തിറങ്ങി നടക്കുകയും, സാമൂഹ്യ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയും, പൊതു കാര്യങ്ങളില്‍ ഇടപെടുകയും, ഭരണം നടത്തുകയുമൊക്കെ ചെയ്യുന്ന സംവിധാനമാണ്‌ നിലവിലുള്ളത്. സ്ത്രീകള്‍ ബഹുഭൂരിപക്ഷവും അടുക്കളയില്‍ തന്നെ കഴിയുന്നു. പുരുഷന്‍ അനുഭവിക്കുന്ന എല്ലാ സ്വാതന്ത്ര്യവും അനുഭവിക്കുന്ന സ്ത്രീകള്‍ വിരളമാണ്‌. രാത്രിയിലോ, ചിലപ്പോള്‍ പകല്‍ പോലുമോ ഒറ്റയ്ക്ക് യാത്ര ചെയ്യനോ പുറത്തിറങ്ങാന്‍ പോലുമോ സ്ത്രീകള്‍ക്ക് കഴിയുന്നില്ല. ഇത് ഒരു അനീതിയാണെന്ന് സമൂഹത്തിനോ വിശിഷ്യാ സ്ത്രീകള്‍‍ക്കുതന്നെയോ തോന്നാറില്ല. അവര്‍ അതുമായി സമരസപ്പെട്ട് 'പതിവ്രതകളായ സ്ത്രീകളുടെ കടമയായി' കണ്ട് അടങ്ങി ജീവിക്കുന്നു. എന്നാല്‍ ഇതില്‍ അനീതിയുണ്ടെന്ന് കാണുമ്പോഴാണ്‌ വനിതകള്‍ക്ക് സംവരണം നല്‍കി മുഖ്യധാരയിലേക്ക് കൊണ്ടുവരാന്‍ നമ്മുടെ സമൂഹം ശ്രമിക്കുന്നത്. സ്ത്രീകളുടേ വൊട്ടവകാശം പരിഷ്കൃത സമൂഹങ്ങളില്‍ പോലും സ്ഥാപിച്ചുകിട്ടിയിട്ട് അധികകാലമായിട്ടില്ല. ഇന്ന് നമ്മുടെ നാട്ടില്‍ സര്‍വ്വസാധാരണ സംഭവമായി കാണുന്ന സ്ത്രീ വോട്ടവകാശം ഇരുപതാം നൂറ്റാണ്ടിനു മുമ്പ് ന്യൂസിലാന്റില്‍ മാത്രമേ ഉണ്ടായിരുന്നുള്ളു എന്ന് അറിയുമ്പോള്‍ കാലത്തിന്റെ മനസ്സാക്ഷി മാറുന്നത് നാം തിരിച്ചറിയുന്നു.



കൗമാരത്തില്‍ പിതാവും, യൗവ്വനത്തില്‍ ഭര്‍ത്താവും വാര്‍ദ്ധക്യത്തില്‍ പുത്രനും സംരക്ഷിക്കുന്നതിനാല്‍ സ്തീ സ്വാതന്ത്ര്യം അര്‍ഹിക്കുന്നില്ല എന്ന് മനുസ്മൃതി പറയുന്നു. ഇസ്ലാമികനിയമത്തില്‍ സ്ത്രീകള്‍ക്ക് പകുതി സ്വത്തവകാശം മാത്രമല്ല, സ്ത്രീകളുടെ സാക്ഷ്യത്തിന്‌ പകുതിവിലയേ കല്പിച്ചിട്ടുള്ളു. വിശുദ്ധന്മാരുടെ സര്‍വ്വ സഭകളിലും എന്നപോലെ സ്ത്രീകള്‍ സഭായോഗത്തില്‍ മിണ്ടാതിരിക്കാന്‍ മാത്രമല്ല, ന്യായപ്രമാണം പറയുമ്പോലെ കീഴടങ്ങിയിരിക്കാനല്ലാതെ സംസാരിക്കാന്‍ അവര്‍ക്ക് അനുവാദമില്ലെന്ന്  ബൈബിള്‍ പറയുന്നു.



മനുഷ്യമന:സ്സാക്ഷിക്ക് ഉണ്ടാകുന്ന മാറ്റം താനെ ഉണ്ടായിവരുന്നതാണെന്നു കരുതാമോ? മത പരിഷ്കര്‍ത്താക്കളും, സാമൂഹ്യപരിഷ്കര്‍ത്താക്കളും , സാമൂഹ്യ മാറ്റത്തിനുവേണ്ടി പുത്തന്‍ ആശയങ്ങള്‍ മുന്നോട്ടു വെയ്ക്കുന്ന സാമൂഹ്യവിപ്ലവകാരികളുമെല്ലാമുള്‍പ്പെടുന്ന 'മുമ്പേ പറക്കുന്ന പക്ഷികള്‍' പലപ്പോഴായി ഉയര്‍ത്തിവിടുന്ന പുതിയ മൂല്യബോധത്തിന്റെ അലയൊലികള്‍ വിവിധ മാധ്യമങ്ങളിലൂടെ അല്പാല്പ്പമായി സമൂഹത്തില്‍ വ്യാപരിക്കുന്നു എന്നു കരുതാം. ഈ മൂല്യബോധത്തില്‍ വളര്‍ച്ചക്കൊപ്പം താല്‍കാലികമായി ചില തളര്‍ച്ചകളും ഉണ്ടായേക്കാം. എങ്കിലും ആത്യന്തികമായി നല്ല വശങ്ങള്‍ക്ക് പ്രാധാന്യം കൈവന്നുകൊണ്ട് മനുഷ്യന്റെ മൂല്യബോധവും സംസ്കാരവും നീതിബോധവും വളരുകതന്നെയാണെന്നാണ്‌ ചരിത്രം സാക്ഷ്യപ്പെടുത്തുന്നത്.



ഏതായാലും കാലഹരണപ്പെട്ട, മതത്തിന്റെ മൂല്യബോധം കൊണ്ട് ആധുനിക സമൂഹത്തിന്റെ മൂല്യബോധത്തിന്‌ പകരം വെക്കാനാകില്ലെന്നുറപ്പ്. മതം മുന്നോട്ട് വെയ്ക്കുന്ന മൂല്യബോധം കാലാകാലങ്ങളില്‍ മാറ്റാന്‍ മതനേതൃത്വം തയ്യാറായില്ലെങ്കില്‍ മതാനുയായികള്‍ ബഹുഭൂരിപക്ഷവും അവരെ കാത്തുനില്‍ക്കുകയില്ലെന്ന്‌ നമുക്കു ചുറ്റുമുള്ള സമൂഹം സാക്ഷ്യപ്പെടുത്തുന്നുണ്ട്. മതത്തിന്റെ 'മാറാത്ത' മൂല്യബോധത്തില്‍ മനുഷ്യനെ എന്നും തളച്ചിടണമെന്ന് നിര്‍ബന്ധബുദ്ധി കാണിക്കുന്ന ചില മതാന്ധവാദികളൊഴികെ.


**************************


Friday, July 30, 2010

ദൈവത്തിന്റെ ഭരണം കൊണ്ടുവരാന്‍ മഞ്ഞു കൊള്ളുന്നവര്‍

തിരക്കു കുറഞ്ഞ ട്രെയിനില്‍ എതിര്‍സീറ്റിലിരുന്ന രാമചന്ദ്രന്‍ സാറിന്‌ ചിരിയടക്കാന്‍ കഴയുന്നില്ല. കണക്കുമാഷാണെന്ന് പറഞ്ഞിട്ടെന്തു കാര്യം?, 'ഭൂലോകത്തിന്റെ സ്പന്ദനം കണക്കിലാണെന്ന്' ബലം പിടിച്ച 'ചാക്കോസാറി'ന്റെ ഭാവഹാവാദികള്‍ ഒട്ടുമില്ല പ്രൊഫസര്‍ രാമചന്ദ്രന്‌.


ചിരി നിയന്ത്രിക്കാന്‍ പാടുപെട്ട് അദ്ദേഹം പറഞ്ഞൊപ്പിച്ചു:

ഈ കുട്ടികളുടെ കാര്യമോര്‍ത്തിട്ട് എനിക്ക് ചിരിച്ചിട്ടു വയ്യ. ഈ ലോകത്തെ സൃഷ്ടിച്ചതും ഇപ്പോള്‍ നിയന്ത്രിച്ചുകൊണ്ടിരിക്കുന്നതും ദൈവമാണെന്നാണല്ലോ അവര്‌ പറയുന്നത്? വേണ്ടി വന്നാല്‍ ഒറ്റയടിക്ക് നിഗ്രഹിക്കാനും കഴിയും. അതായത് ഈ ലോകം ഭരിച്ചുകൊണ്ടിരിക്കുകയാണ്‌ മൂപ്പരെന്നര്‍ത്ഥം. ആ ദൈവത്തിന്റെ ഭരണം കൊണ്ടുവരാന്‍ ഈ കുട്ടികളിങ്ങനെ മഞ്ഞുകൊണ്ട് പോസ്റ്ററൊട്ടിക്കുകയും കൈ വെട്ടാന്‍ പിച്ചാത്തി കൊണ്ടു നടക്കുകയും ചെയ്യുന്നതെന്തിനാണെന്ന് എനിക്കൊട്ടും പിടി കിട്ടുന്നില്ല.

ഉത്തരമില്ലാത്ത ചൊദ്യമെറിഞ്ഞിട്ട് രാമചന്ദ്രന്‍ സാര്‍ വീണ്ടും വീണ്ടും ചിരിക്കുകയാണ്‌.

ഇപ്പറഞ്ഞ കാര്യം നീ ബ്ലോഗിലെഴിതിയാല്‍ കുഴപ്പമൊന്നുമില്ല, പക്ഷേ അടിയില്‍ എന്റെ പേര്‌ വെയ്ക്കണം.

പേര്‌ വെയ്ക്കാം, പക്ഷേ കുട്ടികളാരെങ്കിലും സംശയം ചോദിച്ചാല്‍ ആരുത്തരം പറയും?

സംശയം മാത്രമല്ല, ആരെങ്കിലും മൂക്കു ചെത്താനൊ, കൈവട്ടാനോ വന്നാല്‍ നിന്റെ കണക്കില്‍ തന്നെ വരവുവെച്ചൊണ്ടാ മതി.

സാറിന്റെ ചിരി വീണ്ടും മുഴങ്ങി, വണ്ടിയിറങ്ങും വരെ.

Wednesday, July 21, 2010

മത ഭീകരവാദം- പ്രശ്നങ്ങളും പ്രതിരോധവും

മത ഭീകരവാദം- പ്രശ്നങ്ങളും പ്രതിരോധവും

സെമിനാര്‍
25-07-2010- 2 p m -ഇ എം എസ് ഹാള്‍- തിരൂര്‍

ഹമീദ് ചേന്ദമംഗലൂര്‍,

ടി വി രാജേഷ്- DYFI

ലിജു-Youth Congress

കെ രാജന്‍-AIYF

എം ബാപ്പുട്ടി

ഇ എ ജബ്ബാര്‍

ഡോ കെ ആര്‍ വാസുദേവന്‍

സംഘാടകര്‍- കേരള യുക്തിവാദി സംഘം, മലപ്പുറം ജില്ലാ കമ്മിറ്റി

സ്വാഗതം

Saturday, July 10, 2010

താലിബാനിസത്തിന്റെ ഇന്ധനം എവിടെ നിന്നാണ്‌? തൊഗാഡിയസത്തിന്റെയും?

ഈ വര്‍ഷം ഒന്നാം ക്ലാസില്‍ ചേര്‍ത്തിയ എന്റെ മകളോട് തമാശയ്ക്കായി ചോദിച്ചു:

നിനക്ക് ടീച്ചറോട് തല്ലുകിട്ടിയതായി കേട്ടല്ലോ?

ഇല്ലല്ലോ.. അതിന്‌ ഞങ്ങളാരും വികൃതി കാട്ടണില്ലല്ലോ?

പിന്നെ ആരാ വികൃതി കാട്ടണത്?

അബു സുഫിയാന്‍‍, ദേവനന്ദു, പിന്നെ ശ്രീലക്ഷ്മി.....

അവരൊക്കെ ആരാ?

അബൂ സുഫിയാനു‌ണ്ടല്ലൊ, മുശ്ലീമാ...

എന്താണെന്ന്??

ഓന്‍ പറഞ്ഞു ഓന്‍ മുശ്ലീമാണെന്ന്; ഞങ്ങളൊക്കെ 'ഇന്ദുക്കളാ'ണെന്നും പറഞ്ഞു.

ഞാന്‍ അമ്പരന്നു പോയി. ഒന്നാം ക്ലാസില്‍ പഠിക്കുന്ന മകളോട് എന്നേവരെ അവളുടെ ജാതിയെക്കുറിച്ചോ, മതത്തെക്കുറിച്ചോ, ഹിന്ദു ആരാണെന്നോ, മുസ്ലിം ആരാനെന്നോ യുക്തിവാദി ആരെന്നോ വരെ ഇന്നുവരെ ഞാന്‍ പറഞ്ഞുകൊടുത്തിട്ടില്ല. എന്നാല്‍ അവളുടെ അതേ പ്രായമുള്ള മറ്റൊരു നിഷ്കളങ്ക ബാല്യം അവളോട് തന്റെയും മറ്റുള്ളവരുടെയും മതം തിരിച്ച് പറഞ്ഞുകൊടുത്തിരിക്കുന്നു.
ഇത്ര ചെറുപ്പത്തിലേ ഈ സങ്കുചിത മതബോധം ഈ കൊച്ചുതലയില്‍ ആരാണ്‌ അടിച്ചുകയറ്റിയിരിക്കുന്നത്?

==========================================================
ഇനി പറയാന്‍ പോകുന്നത് പത്ത് വര്‍ഷം മുമ്പുള്ള അനുഭവമാണ്‌. മരണം വരെ മറക്കാന്‍ കഴിയാത്ത അനുഭവം.

ഇപ്പോള്‍ ഞാന്‍ നില്‍ക്കുന്നത് ഞങ്ങളുടെ തൊട്ടടുത്ത പ്രദേശത്തുള്ള ഒരു ഗവര്‍മെണ്ട് മാപ്പിള (സത്യരാജിന്റെ പഴയ തമിഴ് സിനിമയല്ല) ലോവര്‍ പ്രൈമറി സ്കൂളിന്റെ കവാടത്തിലാണ്‌. കേന്ദ്ര ഫീല്‍ഡ് പബ്ലിസിറ്റി ഡയറക്റ്ററേറ്റുമായി സഹകരിച്ച് ഞങ്ങളുടെ കലാസമിതി സ്കൂളുകള്‍ കേന്ദ്രീകരിച്ച് സംഘടിപ്പിക്കുന്ന കുട്ടികളുടെ ചലചിത്രോല്‍സവത്തിന്റെ ഭാഗമായി പ്രസ്തുത സ്കൂളില്‍ പ്രദര്‍ശനം നടത്താന്‍ വന്നതാണ്‌ ഞങ്ങള്‍. പ്രദര്‍ശന ഉപകരണങ്ങളും തോളില്‍ തൂക്കി ഞാന്‍ മുന്നില്‍ സ്കൂള്‍ കവാടം കടന്നു.

പെട്ടെന്ന് മുഖം നിറയെ ചിരിയുമായി ഒരു കൊച്ചു കുട്ടി എന്റെ അടുത്തേക്കോടിവന്നു. അവന്റെ തലയില്‍ ഒരു വെള്ളത്തൊപ്പിയുണ്ടായിരുന്നു. നിഷ്കളങ്കമായി എന്നെ നോക്കി വീണ്ടും ചിരിച്ച് അവന്‍ അഭിവാദ്യം ചെയ്തു.

അസലാമു ആലേയ്ക്കും.

അവന്റെ സൗഹൃദത്തിനു മുന്നില്‍ അതേ സൗഹൃദത്തൊടെ പ്രത്യഭിവാദ്യം ചെയ്തു.

വ ആലേക്കും സലാം.

അപ്പോള്‍ അവന്റെ മുഖത്തെ പുഞ്ചിരിപൂമൊട്ട് ഒരു വലിയ താമരപൂവായി വിരിഞ്ഞു. എന്നിട്ട് ബഹുസന്തോഷത്തോടെ പറഞ്ഞു:

ഇപ്പം എനിക്കൊരു കാര്യം മനസ്സിലായി.

എന്ത് കാര്യമാ മോന് മനസ്സിലായത്‌?

ഇങ്ങളൊര്‌ മുസ്ലിമാണെന്ന്‌.

ഞാന്‍ ശരിക്കും ഞെട്ടി. ഈയുള്ളവന്‍ തങ്ങള്‍ക്കു വേണ്ടി ഫിലിം പ്രദര്‍ശിപ്പിക്കാന്‍ വന്നതാണെന്നല്ല അവന്‌ മനസ്സിലായിരിക്കുന്നത്; മറിച്ച് ഒരു മുസ്ലിം ആണെന്നാണ്‌.

ഉടന്‍ വന്നു അടുത്ത ചോദ്യം:

ഇങ്ങളെ പേരെന്താ?

മറുപടിക്ക് ഒട്ടും അമാന്തിക്കേണ്ടി വന്നില്ല.

മുഹമ്മദ് സുശീല്‍കുമാര്‍

മുഹമ്മദ്..... സുശീല്‍കുമാറോ...??? അതെന്ത് പേരാ!!!!!

അങ്ങനയും ഒരു പേരുണ്ട്.

അവന്‍ എന്റെ മുഖത്തേക്കും നിലത്തേക്കും മുകളിലേക്കും മാറി മാറി നോക്കി. എന്നിട്ട് ആ പേര്‌ വീണ്ടും വീണ്ടും ഉരുവിട്ടുകൊണ്ടും സംശയത്തോടെ വീണ്ടും വീണ്ടും തിരിഞ്ഞു നോക്കിയും അവന്‍ കൂട്ടുകാര്‍ക്കിടയില്‍ മറഞ്ഞു.

ഒരു മനുഷ്യന്റെ മതം കണ്ടെത്താന്‍ എട്ടൊമ്പത് വയസ്സു മാത്രമുള്ള ഒരു കൊച്ചു കുട്ടി കണ്ടെത്തിയ കുറുക്കു വഴി നോക്കൂ. ഈ സങ്കുചിത സ്വത്വ ബോധം എത്ര ചെറുപ്പത്തിലേ അവന്റെ ഇളം മനസ്സിലേക്ക് അടിച്ചു കയറ്റിയതരാണ്‌? വിശാലമായ ഈ ലോകത്തെ ഇത്ര സങ്കുചിതമായി നോക്കിക്കാണാന്‍ കുഞ്ഞു നാളിലേ പഠിപ്പിച്ചവര്‍ അവനോട് തന്നെയൊ അതൊ ഈ ലോകത്തൊട്‌ മുഴുവനോ തെറ്റ് ചെയ്തത്?
=============================================


രണ്ട് വര്‍ഷം മുമ്പ് നടന്നതാണ്‌ ഈ സംഭവം. ആള്‍ ദൈവങ്ങള്‍ക്കെതിരായ ജനകീയ വികാരം മാധ്യമങ്ങളില്‍ നിറഞ്ഞുനിന്ന കാലം. സ്ഥലം കോഴിക്കോട് ജില്ലയിലെ രാമനാട്ടുകരയെന്ന കൊച്ചു പട്ടണം. മൂന്നും കൂടിയ ജങ്ഷന്‌ സമീപം യുക്തിവാദിസംഘം പ്രവര്‍ത്തകര്‍ തയാറാക്കിയ വേദി.


ഫറോക്കിലെ BPL-ആള്‍ദൈവം ഗോപാലന്റെ തിളപ്പിച്ച ഗുരുതി തര്‍പ്പണം എന്ന ചെപ്പടി വിദ്യ പൊളിച്ചുകാട്ടാന്‍ ദവ്യാല്‍ഭുത അനാവരണം നടക്കുന്നു. വലിയൊരു ഉരുളി അടുപ്പില്‍ കയറ്റിവെച്ച് അടിയില്‍ തീ കൊളുത്തി 'ഗുരുതി' തിളപ്പിച്ച് ആ വെള്ളം കഴുങ്ങിന്‍ പൂങ്കുല കൊണ്ട് അടിച്ച് ശരീരത്തില്‍ തെറിപ്പിക്കുകയും, ഉരുളിയില്‍ കയറിനില്‍ക്കുകയും, തിളയ്ക്കുന്ന വെള്ളത്തില്‍ തൊടുകയും തുടര്‍ന്ന് ഉരുളി കമിഴ്തിയിട്ട് അതിന്മേല്‍ കയറി നിന്ന് നൃത്തം ചെയ്യുന്നതുമൊക്കെയാണ്‌ ഈ ദിവ്യാല്‍ഭുതം. ഈ കഴിവ്‌ തനിക്കു കിട്ടിയത് ഉപാസനാ മൂര്‍ത്തിയായ കാളിയുടെ അനുഗ്രഹം മൂലമാണെന്ന് വ്യാപകമായി പ്രചരിപ്പിച്ച് കുറഞ്ഞകാലം കൊണ്ടുതന്നെ ബി പി എല്‍ ഗോപാലന്‍ എ പി എല്‍ ഗോപാലനായി മാറിക്കഴിഞ്ഞിട്ടുണ്ട്.

പരിപാടി തുടങ്ങുമ്പോള്‍ ഒരു കൂട്ടം RSS പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി എത്തുന്നു. പരിപാടി നടത്താന്‍ അനുവദിക്കുകയില്ലെന്ന് ആക്രൊശിച്ചുകൊണ്ട് അവര്‍ അലങ്കോലപ്പെടുത്താന്‍ ശ്രമം നടത്തി. പക്ഷേ അവിടെ തടിച്ചുകൂടിയ വിവിധ ജാതിമതസ്ഥരായ ജനക്കൂട്ടം (ബഹു ഭൂരി പക്ഷവും മത വിശ്വാസികളാണെന്ന് എടുത്തു പറായേണ്ടല്ലൊ) അക്രമികള്‍ക്കെതിരെ തിരിഞ്ഞു. യുക്തിവാദി സംഘം നടത്തിയ പരിപാടികളില്‍ ഇത്രയേറെ ജന പിന്തുണ കിട്ടിയ പരിപാടി അടുത്തെങ്ങും നടന്നിട്ടില്ല. ജനക്കൂട്ടത്തിന്റെ ചെറുത്തുനില്പ്പില്‍ അക്രമികള്‍ പിന്തിരിഞ്ഞു. ഗോപാലന്‍ദൈവത്തിന്റെ അല്‍ഭുത പ്രവൃത്തി സംഘം പ്രവര്‍ത്തകര്‍ അതേപടി അവതരിപ്പിക്കുമ്പോള്‍ ആള്‍ക്കൂട്ടം ഗൊപാലന്‍ ദൈവത്തെ കൂകി വിളിച്ചുകൊണ്ടിരുന്നു. എന്നാല്‍ പരിപാടി നടക്കവേ പിന്മാറിയ മത സംരക്ഷകര്‍ കൂടുതല്‍ ആളെ കൂട്ടി പ്രകടനവുമായെത്തി. മറുപുറത്ത് DYFI പ്രവര്‍ത്തകരും സംഘടിച്ചതിനാല്‍ അവര്‍ക്ക് ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല.

ഈ സംഗതികള്‍ നടന്നുകൊണ്ടിരിക്കേ കാര്യമൊന്നുമറിയാതെ രണ്ട് കാവി മുണ്ടുധാരികള്‍ റോഡിലൂടെ നടന്നു വരുന്നു.
ഒരാള്‍ : എന്താ പ്രശ്നം?

വഴിയോരത്തുനിന്ന മൂന്നാമന്‍: യുക്തിവാദികള്‌ ഗുരുതിക്കെതിരെ പരിപാടി നടത്വാ...

നായക്കള്‌... ഓല്‍ക്ക് ഹിന്ദുക്കളെ നേരെ കുത്‌ര കേറാനേ നേരൊള്ളു. മാപ്ലാര്‌ എന്ത് ചെയ്താലും ഒരു കൊഴപ്പുംല്ല്യ. ഇതങ്ങനെ വിട്ടാ പറ്റൂല.

കലി പിടിച്ച രണ്ടാളും കൂടി ആറെസ്സെസ്സുകാരുടെ പ്രകടനത്തിലേക്ക് നൂണ്ട് കയറി.

ഹിന്ദു വികാരമെന്ന് പറയുന്ന സാധനം വളരെ പെട്ടെന്നാണ്‌ നുരഞ്ഞു പൊന്തിയത്. ആരെന്തു തട്ടിപ്പു നടത്തിയാലും ഇക്കൂട്ടര്‍ക്ക് പ്രശ്നമില്ല. തട്ടിപ്പിനിരയാകുന്നത് 'സ്വന്തം ആള്‍ക്കാരാ'യാലെന്ത്? ദൈവത്തിന്റെ പേരിലാകുമ്പോള്‍ പ്രതിരോധിക്കാതെ തരമില്ല. ആള്‍ ദൈവങ്ങള്‍ പിടിക്കപ്പെടുന്നതുവരെ ഈ 'സനാതന സംരക്ഷകര്‍' അവര്‍ക്ക് വിടുവേല ചെയ്തുകൊണ്ടിരിക്കും. സ്വന്തം അമ്മ പെങ്ങന്മാരെ സന്തോഷ് മാധവന്മാരുടെ മുന്നില്‍ 'ഭജനയിരുത്താനും' ബഹു സന്തോഷമാണ്‌. പിടിക്കപ്പെട്ടാലോ- തല്‍ക്കാലത്തേക്ക് തള്ളിപ്പറഞ്ഞ്‌ തടി രക്ഷിക്കാമല്ലൊ? ആളൊടുങ്ങുമ്പോള്‍ വീണ്ടും സനാതന സംരക്ഷണം തുടങ്ങാം.
======================================================
മുഷിയുന്നില്ലെങ്കില്‍ ഒരു സംഭവം കൂടി പറയാം. നാലു വര്‍ഷം മുമ്പ്- മഞ്ചേരി പുതിയ ബസ് സ്റ്റാന്റ് പരിസരം. ശബരിമല മകരവിളക്ക് തട്ടിപ്പിനെ തുറന്നു കാട്ടാന്‍ യുക്തിവാദിസംഘം പ്രവര്‍ത്തകര്‍ പ്രകടനമായെത്തി പൊതുയോഗത്തിനൊരുങ്ങുന്നു. പ്രതീകാത്മകമായി 'മകരജ്യോതി' കത്തിച്ചുകാണിച്ച് സര്‍ക്കാര്‍ വിലാസം തട്ടിപ്പിനെതിരെ പ്രതിഷേധിക്കുന്നു. തുടര്‍ന്ന് ഈ തട്ടിപ്പിനെ തുറന്നു കാട്ടി പ്രസംഗം നടക്കുന്നു.

ഈ സമയമത്രയും പ്രസംഗവേദിക്കു ചുറ്റും കയ്യടിച്ചു പ്രോല്‍സാഹിപ്പിച്ചുകൊണ്ട് കുറച്ച് ചെറുപ്പക്കാര്‍ കൂടി നിന്നിരുന്നു. യു കലാനാധന്‍ മാസ്റ്റര്‍ തന്റെ പ്രസംഗത്തിലെ ഇല്ലാത്ത ദൈവത്തിന്റെ പേരില്‍..... ന്നൊരു വാചകം പറഞ്ഞതേയുള്ളു. മുന്നില്‍ അതുവരെ ചിരിച്ചുകൊണ്ടു നിന്ന ഒരു ഊശാന്‍ താടിക്കാരന്‍ ഒരു ചോദ്യവുമായി മാഷെ നേരിട്ടു:

അപ്പോ... ദൈവമില്ലെന്നാണോ മാഷ് പറയുന്നത്?

കൂടെ കുറേ പേരും.

ഇത് ചോദ്യോത്തര വേദിയല്ലെന്നും, പൊതുയോഗം കഴിഞ്ഞ ശേഷം സമയമുണ്ടെങ്കില്‍ ചോദ്യങ്ങള്‍ക്ക് മറുപടി പറയാമെന്നും മാഷ് പറഞ്ഞെങ്കിലും അവര്‍ മുന്‍ കൂട്ടി തയ്യാറാക്കിയ അജണ്ടയനുസരിച്ച് തുടര്‍ കലാപരിപാടികള്‍ ആരംഭിച്ചു. ജനറേറ്റര്‍ പ്രവര്‍ത്തനരഹിതമാക്കി അക്കൂട്ടര്‍ തങ്ങളുടെ 'ദൈവം' ഉണ്ട് എന്ന് സ്ഥാപിച്ചു. ദൈവത്തെ വിളിച്ചോളൂ, ജനറേറ്റര്‍ നന്നാകുമെന്ന് ഒരു ദൈവസംരക്ഷകന്‍ ഉപദേശിക്കുന്നതും കേട്ടു. എന്‍ ഡി എഫിന്റെ ഗുണ്ടാപ്പടക്കിടയില്‍ നിന്ന് മാഷെ അന്ന് ഒരുവിധം രക്ഷിച്ച് പ്രവര്‍ത്തകര്‍ വാഹനത്തില്‍ കയറ്റി.

ഇതിനിടെ ഓട്ടോ റിക്ഷയില്‍ വന്നിറഞ്ഞി ബസ്സില്‍ കയറാന്‍ ഓടുന്നത്തിനിടയില്‍ ഒരാള്‍ (പച്ചക്കറിയും വാങ്ങി വീട്ടിലേക്കു മടങ്ങുന്ന ഒരു ഗൃഹനാഥനാണെന്ന് ഒറ്റനോട്ടത്തിലറിയാം) ആള്‍കൂട്ടത്തെ വകഞ്ഞു മാറ്റി എത്തി നോക്കി; അയാളുടെ പാന്റിന്റെ കാലുകള്‍ നെരിയണിക്കു മുകള്‍ ഭാഗം വരെയേ ഉണ്ടായിരുന്നുള്ളു; ഒരാളെ തൊണ്ടി ചൊദിച്ചു:

എന്താ കാര്യം?

യുക്തിവാദികളുടെ പരിപാടിയാ..

തല്ലെടാ ഓലെ..ഒരു യുക്തിവാദ്യേള്‌ വന്ന്‌ക്ക്ണ്‌....

അവിടെ നടക്കുന്നതെന്തെന്ന് അയാള്‍ക്കറിയില്ല, യുക്തിവാദികള്‍ ചെയ്ത തെറ്റെന്തെന്നും അറിയില്ല. പക്ഷേ ഒന്നയാള്‍ക്ക് ഒന്ന് നിര്‍ബന്ധമുണ്ടായിരുന്നു. 'ഓലെ തല്ലണം'

അന്ന് അസഹിഷ്ണുതയുടെ ഭീഭല്‍സമായ ഒരു മുഖം കൂടി കണ്ടു. ഗുജറാത്തില്‍ വംശഹത്യ എന്ന കലാപരിപടികളില്‍ പങ്കെടുത്ത് ശൂലവും കത്തിയുമായി അര്‍മാദിച്ചു നില്‍ക്കുന്ന ഹിന്ദു മത ഭ്രാന്തനും അതേ മുഖച്ഛായയായികുന്നു.
========================================================
സുഹൃത്തേ,

മേലുദ്ധരിച്ചവ എന്റെ ജീവിതത്തിലുണ്ടായ നേരനുഭവങ്ങളാണ്‌. അതിനിയുമെത്രയോ ഉണ്ട്, എന്നാല്‍ അതെല്ലാം എടുത്തിട്ട് ഒരു നീണ്ട കഥ പറയാന്‍ ഉദ്ദേശമില്ല. പറയാനുള്ളതിത്ര മാത്രം:

മതം സ്നേഹമാണെന്നും, തേനാണെന്നും, പാലാണെന്നും ഗീര്‍വാണപ്രസംഗം നടത്തുന്നവര്‍ തന്റെ മതമല്ലാത്തതെന്തിനേയും അസഹിഷ്നുതയുടെ കണ്ണുകൊണ്ട് വീക്ഷിക്കുന്നു. കുഞ്ഞു നാളിലേ മനസ്സുകളിലേക്ക് വിഷം അടിച്ചു കയറ്റപ്പെടുന്നു. മനുഷ്യന്‍ എന്ന അഭിമാനത്തിനു പകരം ഹിന്ദുവെന്നും , മുസ്ലിമെന്നും, കൃസ്ത്യാനിയെന്നും അഭിമാനിക്കാന്‍ 'ജന്മനാതന്നെ' ഓരോരുത്തരും പഠിക്കുന്നു. അതിലേക്ക് തങ്ങള്‍ക്കാകുന്ന സംഭാവനകള്‍ മത മേലധികാരികളും മല്‍സരിച്ചു നല്‍കുന്നു. കൃസ്ത്യാനിയുടെ കുട്ടി കൃസ്ത്യാനിയുടെ സ്കൂളില്‍ പഠിച്ചാല്‍ മതിയെന്ന്‌ തിട്ടൂരമിറക്കുന്നവര്‍ ഒരു വശത്ത്. ചോദ്യപ്പേപ്പറിട്ടതിന്‌ അധ്യാപകന്റെ കൈ വെട്ടുന്നവര്‍ മറുവശത്ത്. മുസ്ലിം എന്നും കൃസ്ത്യാനിയെന്നും കേള്‍ക്കുമ്പോളെ സനാതന വികാരം അനപൊട്ടിയൊഴുകുന്നവര്‍ മറ്റൊരു വശത്ത്.

ഇവരും ഇവരുടെ 'ദൈവപ്രോക്തമായ' പ്രത്യയ ശാസ്ത്രങ്ങളും മുന്നിലുള്ളപ്പോള്‍ നിങ്ങളെവിടെയാണ്‌ സുഹൃത്തേ പരതിക്കൊണ്ടിരിക്കുന്നത്, മത ഭീകരതയുടെ അടിവേരുകള്‍?

ഭീകരത ഒരു ദിവസം രാവിലെ മുളച്ചു പൊന്തി വന്നതാണെന്നു തോന്നും ചിലരുടെ പ്രതികരണം കണ്ടാല്‍. ഭീകരാക്രമണങ്ങല്‍ നടക്കുമ്പോഴേക്കും 'ഭീകരര്‍ക്ക്‌ മതമില്ലെന്ന' പതിവുപല്ലവികള്‍ ഉയരുകയായി. ഭീകരതയെ അപലപിക്കുന്നതിനും മുമ്പേ ഈ മന്ത്രം ഉരുവിടണമെന്ന് ചിലര്‍ക്ക് നിര്‍ബന്ധമാണ്‌. ഈ വാദത്തില്‍ വല്ല സത്യവുമുണ്ടോ? ഈ പറച്ചിലിന്‌ വല്ല ആത്മാര്‍ത്ഥതയുമുണ്ടൊ? ഭീകരത സാമ്രാജ്യത്വ സൃഷ്ടിയാണെന്നു പറഞ്ഞാല്‍ ആര്‍ക്കും വലിയ പരിക്കില്ലാതെ കഴിക്കാം. അപ്പറഞ്ഞതിന്‌ ചോദിക്കാനും കൈവട്ടാനും തൃശൂലം കയറ്റാനും 'സാമ്രാജ്യത്വം' വരില്ലല്ലോ.

ഭീകരതയെ സൃഷ്ടിക്കുന്നതില്‍ സാമ്രാജ്യത്വത്തിന്‌ പങ്കില്ലെന്നല്ല ഇപ്പറഞ്ഞതിനര്‍ത്ഥം. എന്നാല്‍ 'ശുദ്ധശൂന്യത'യില്‍ നിന്ന് ഭീകരതയെ സൃഷ്ടിക്കുന്ന മാജിക്കുകാരനാണൊ സാമ്രാജ്യത്വം? അവര്‍ ഭീകരതയെ സൃഷ്ടിക്കുകയല്ല ഉപയോഗിക്കുകയാണ്‌ ചെയ്യുന്നത്. ഭീകരതയ്ക്കു്‌ വളരാണുള്ള മണ്ണൊരുക്കുകയും ചെയ്യുന്നുണ്ടാകാം. എന്നാല്‍ ഈ മതഭീകരത എന്നു പറയുന്ന സാധനത്തിന്റെ വിത്തുകളും, അതിനുള്ള ഇന്ധനവും മതത്തില്‍ തന്നെയാണെന്ന സത്യത്തെ ആരെല്ലാം എത്രയെല്ലാം കാലം മൂടിവെച്ചാലും അത് സത്യമല്ലാതാകുകയില്ല.

മത ഭീകരത മതത്തിന്റെതന്നെ ഉല്പ്പന്നമാനെന്ന്‌ എല്ലാവര്‍ക്കുമറിയാം. മതത്തെ അതിന്റെ പാപഭാരത്തില്‍നിന്ന് കുറ്റവിമുക്തമാക്കാന്‍ പെടാപ്പാടു പെടുന്നവര്‍ക്ക് അത് മറ്റാരേക്കാളുമറിയാം. മത വിശ്വാസത്തില്‍ നിന്നും മത മൗലിക വാദത്തിലേക്കും അവിടെനിന്നും മത തീവ്രവാദത്തിലേക്കും, തുടര്‍ന്ന് മത ഭീകരവാദത്തിലേക്കും, വംശഹത്യയിലേക്കുമുള്ള ദൂരം വളരെ വളരെ കുറവാണ്‌.

മത വിശ്വാസത്തോടൊപ്പം വിശാല മാനവികത പുലര്‍ത്തുന്നവരാണ്‌ കേരളത്തിലെ എല്ലാ മത വിഭാഗത്തിലും പെട്ട ഭൂരിപക്ഷം മത വിശ്വാസികളുമെന്ന് ഉറക്കെപ്പറഞ്ഞുകൊണ്ടുതന്നെയാണ്‌ ഇത്രയും എഴുതിയത്. കേരളത്തിലെ എന്ന് എടുത്തു പറയുകയാണ്‌. കാരണം മറ്റു സംസ്ഥാനങ്ങളിലും ഇതര മതരാജ്യങ്ങളിലും ഇതു തന്നെയാണോ സ്ഥിതി എന്ന് പരിശോധിക്കേണ്ടിയിരിക്കുന്നു. മത ഭേദത്തിനതീതമായ സൗഹൃദവും സ്നേഹവും പുലര്‍ത്തുന്നവരാണ്‌ ബഹിഭൂരിപക്ഷം വരുന്ന ഇവിടുത്തെ മതവിശ്വാസി സമൂഹമെങ്കില്‍ അതിന്റെ ക്രെഡിറ്റ് അവരുടെ മതത്തിനല്ല മറിച്ച് അവര്‍ ജീവിക്കുന്ന മതനിരപേക്ഷ സമൂഹത്തിനാണ്‌ അര്‍ഹമാകുന്നത്. മതമാണ്‌ സഹിഷ്നുതയുടെയും സഹജീവി സ്നേഹത്തിന്റെയും ഉറവിടമെങ്കില്‍ അത് മതമുള്ള എല്ലായിടത്തും ഒരേപോലെ കാണേണ്ടതായിരുന്നു. മത രാജ്യമായ പാക്കിസ്ഥാനിലെ മുസല്‍മാന്റെ, ഹിന്ദുവിനൊടും അഹമ്മദീയനോടുമുള്ള സമീപനമല്ല കേരളത്തിലെ സാധാരണ മുസല്‍മാന്റേത്. അതു പോലെ മുസ്ലിമായി ജനിച്ചു എന്ന ഒരു തെറ്റുമാത്രം ചെയ്ത ഗര്‍ഭിണിയെ വയര്‍ കുത്തിക്കീറി അതുകൊണ്ടരിശം തീരാഞ്ഞ് ഭ്രൂണത്തെ ശൂലത്തില്‍ കോര്‍ത്ത് ആനന്ദ നൃത്തമാടിയ കിരാത ഹിന്ദുവിന്റെ, അയല്‍ക്കാനായ മുസ്ലിമിനോടുള്ള സമീപനമല്ല സമാധാനപ്രിയരായ ഇവിടുത്തെ സാധാരണ ഹിന്ദു മതവിശ്വാസിക്കുള്ളത്.

മത വിശ്വാസികളുടെ സഹിഷ്ണുതയും സ്നേഹവും മതത്തിന്റെയല്ല മറിച്ച് അവര്‍ ജീവിക്കുന്ന മത നിരപേക്ഷ സമൂഹത്തിന്റെ സംഭാവനയാണെന്നര്‍ത്ഥം.

എന്നാല്‍ മറ്റൊരു ക്രൂര സത്യം എന്നെ ഭയപ്പെടുത്തുന്നു. സ്നേഹവും സൗഹൃദവും സഹിഷ്ണുതയുമുള്ള ചില മത വിശ്വാസികളുടെയെങ്കിലും ഉള്ളില്‍ ഉറങ്ങിക്കിടക്കുന്ന മതപരമായ അസഹിഷ്ണുത എപ്പോള്‍ വേണമെങ്കിലും ഉയര്‍ത്തെഴുന്നെല്‍ക്കാമെന്ന്. അത് 'മണിച്ചിത്രത്താഴ്' സിനിമയില്‍ ശോഭന അവതരിപ്പിച്ച 'നാഗവല്ലിയെ'പ്പോലെ എപ്പോള്‍ വേണമെങ്കിലും തനിസ്വഭാവം കാണിക്കാം. ഇത്‌ ഏതെങ്കിലും മത വിശ്വാസികളെ ആക്ഷേപിക്കാന്‍ മനപൂര്‍വ്വം പറയുന്നതല്ല. മഞ്ചേരിയിലും, രാമനാട്ടുകരയിലും മാത്രമല്ല, മാറാട്ട് മുസ്ലിം മതമൗലികവാദികള്‍ കൂട്ടക്കൊല നടത്തിയപ്പോള്‍ ഞാനറിയുന്ന പല കമ്യൂണിസ്റ്റുകാരായ ഹിന്ദു മതവിശ്വാസികളിലും ആ നാഗവല്ലിയെ ഞാന്‍ കണ്ടു. അന്ന് ഒരു ശുദ്ധ കമ്മ്യൂണിസ്റ്റുകാരന്‍ എന്റെ മുഖത്തുനൊക്കിപ്പറഞ്ഞു: നിന്നെപ്പോലുള്ള യുക്തിവാദികളാണ്‌ ഇതിനൊക്കെ വളം വെയ്ക്കുന്നതെന്ന്. മാറാട്ട് ഹിന്ദുക്കളെ കൊന്നതിന്‌ അവര്‍ എന്റെ മേല്‍ പ്രതികാരം കാണിക്കുമോ എന്നു പോലും ഞാന്‍ ഭയപ്പെട്ടു എന്നു പറഞ്ഞാല്‍ അതില്‍ അതിശയോക്തിയില്ല.

പ്രിയ സുഹൃത്തെ,

മത ഭീകരനെയും അവനെ സൃഷ്ടിക്കുന്നവനെയും പരതി മറ്റെവിടെയും പോകേണ്ടാതില്ല. ഉള്ളിന്റെയുള്ളിലെ സ്വത്വബോധത്തില്‍ അത് എവിടെയോ പതുങ്ങിയിരിക്കുന്നുണ്ടൊ എന്ന് ആത്മപരിശോധന നടത്തി നോക്കുക.

ഇനി ആത്മാര്‍ത്ഥമായി സ്വന്തം മനസ്സാക്ഷിയെ വഞ്ചിക്കാതെ ഉത്തരം പറയുക:

താലിബാനിസത്തിന്റെ ഇന്ധനം എവിടെ നിന്നാണ്‌? തൊഗാഡിയസത്തിന്റെയും?