മനുഷ്യന്‍ സൃഷ്ടിച്ചിട്ടുള്ളതില്‍ വെച്ച് ഏറ്റവും നശീകരണശേഷിയുള്ള ആയുധമാണ്‌ മതം.

Friday, December 23, 2011

വി ടിയെ ഓർക്കുമ്പോൾ..


(ലേഖകന്‍: സി . എ കൃഷ്ണന്‍.)

കേരളത്തിന്റെ സാമൂഹ്യനവോത്ഥാന ചരിത്രത്തിൽ താരത്തിളക്കം മാഞ്ഞുപോകാത്ത മൂ ഭട്ടതിരിമാരുണ്ട്. ഒന്ന്, വി. ടി. ഭട്ടതിരിപ്പാട് എന്ന വി. ടി, രണ്ട് എം. ആർ. ഭട്ടതിരിപ്പാട് എന്ന എം. ആർ. ബി., മൂന്ന് എം. പി. ഭട്ടതിരിപ്പാട് എന്ന് പ്രേംജി. ഇവരാ ആ ഭട്ടതിരിമാർ.
വി. ടി. ഭട്ടതിരിപ്പാട്.
നമ്പൂതിരി സമുദായത്തിൽ വിപ്ലവം സൃഷ്ടിക്കപ്പെടുന്നതും അവരെ മനുഷ്യരിലേക്ക് അടുപ്പിക്കുന്നതും വി. ടി. എന്ന വി. ടി. ഭട്ടതിരിപ്പാടിലൂടെയായിരുന്നു. കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യ-മധ്യദശകങ്ങളിലായിരുന്നു അതിന്റെ കാഹളം മുഴങ്ങിയത്.

1896-ൽ അങ്കമാലി കിടങ്ങലൂരിലായിരുന്നു രാമൻ ഭട്ടതിരി എന്ന വി. ടിയുടെ ജനനം. പിൽകാലത്ത് മേഴത്തൂരിൽ ജീവിച്ചുകൊണ്ടാണ്‌ അദ്ദേഹം വിധവാവിവാഹത്തിനും മിശ്രവിവാഹത്തിനും നേതൃത്വം ഏറ്റെടുത്തുകൊണ്ട് സമൂഹ്യപരിഷ്കരണത്തിലെ വിപ്ലവനക്ഷത്രമായത്. ശാന്തിക്കാരനായാണ്‌ വി.ടി ജീവിതം ആരംഭിക്കുന്നത്. പിന്നീട് അതിനോട് വിടപറഞ്ഞ് തൃശൂരിൽ മംഗളോദയത്തിൽ പ്രൂഫ്റീഡറായി ചേർന്നു. അവിടെ നിന്നാണ്‌ മുഴുവൻ സമയ പൊതുജീവിതത്തിലേക്ക് എടുത്തു ചാടുന്നത്. 1982-ൽ വി. ടി. അന്തരിച്ചു.

1929-ൽ പുറത്തുവന്ന വി. ടി. യുടെ 'അടുക്കളയിൽ നിന്നും അരങ്ങത്തേക്ക്' എന്ന നാടകമാണ്‌ മറക്കുടയ്ക്കുള്ളിലെ മഹാനരകത്തിൽ നിന്നും അന്തർജനങ്ങൾക്കു പുറത്തുകടക്കാൻ പ്രേരണയായത്. അത് അന്തർജനസമാജം എന്ന വനിതാസംഘടനക്കുതന്നെ വിത്തുപാകി. ചെറുപ്പക്കാരായ നമ്പൂതിരി സ്ത്രീകൾ അവരുടെ വേഷം പരിഷ്കരിച്ചു. കാതു മുറിച്ച് കമ്മലിട്ടു. തുണി ഒക്കുവെച്ചുടുക്കുന്ന രീതി മാറ്റി. മുണ്ട് ചുറ്റാൻ തുടങ്ങി. ബ്ലൗസിട്ടു. വി. ടി.യുടെ രസി​കസദനമായിരുന്നു ഇതിനെല്ലാം ആസ്ഥാനമായത്. പാർവ്വതി നെന്മിനിമംഗലം, ആര്യ പള്ളം, പാർവ്വതി നിലയങ്ങോട്ട് തുടങ്ങിയവരായിരുന്നു അന്നത്തെ വനിതാനേതാക്കൾ യാഥാസ്ഥികർ അന്ന് അവരെ നോക്കി തോന്ന്യാസികൾ എന്ന് അട്ടഹസിച്ചു!

ഭരത് പ്രേംജി
നമ്പൂതിരി പരിഷ്കരണപ്രസ്ഥാനം ശക്തമാക്കാനായി 1931-ൽ ഏപ്രിൽ 6 ന്‌ വി. ടി. യുടെ നേതൃത്വത്തിൽ തൃശൂരിൽ നിന്നൊരു യാത്ര നടത്തി. യാചനയാത്ര! ഒരോ നമ്പൂതിരി ഇല്ലത്തും ചെന്ന്  ബോധവല്ക്കരണം നടത്തി സമുദായോദ്ധാരണത്തിന്‌ സംഭാവന ശേഖരിക്കുകയായിരുന്നു ആ യാത്രയുടെ ലക്ഷ്യം. 38 ദിനം നീണ്ട യാത്ര പിൽക്കാലത്ത് നമ്പൂതിരി യാഥാസ്ഥികത്വത്തെ ചുട്ടെരിക്കാൻ പര്യാപ്തമായി.

 അന്ന് വി. ടി നമ്പൂതിരി യുവജന സംഘം സെക്രട്ടറിയായിരുന്നു. ആശയപ്രചരണത്തിനായി അവർ ആയുധമാക്കിയത് ‘ഉണ്ണി നമ്പൂതിരി’ എന്ന സ്വന്തം പത്രമായിരുന്നു.

1935-ലാണ്‌ വിധവാവിവാഹത്തിലേക്ക് ഇവർ എടുത്തുചാടുന്നത്. വന്നേരി മുല്ലമംഗലത്തെ രാമൻ ഭട്ടതിരിപ്പാടിന്‌ വി. ടി. സ്വന്തം വസതിയിൽ വെച്ച് സ്വന്തം ഭാര്യാസഹോദരിയും വിധവയുമായ 16 കാരി ഉമയെ വിവാഹം ചെയ്തുകൊടുത്തു. എല്ലാ ആചാരങ്ങളെയും പൊട്ടിച്ചെറിഞ്ഞുകൊണ്ടായിരുന്നു അന്നാ വിവാഹം നടന്നത്. സമുദായവും സവർണാധിപത്യവും ഒന്നാകെ അതിനുനേരെ കണ്ണുരുട്ടി അട്ടഹസിച്ചു. പിന്നീട് വിധവാ വിവാഹത്തിൽ പങ്കുകൊണ്ട നൂറിലധികം വരുന്ന നമ്പൂതിരിമാരെ ഓരോരുത്തരെയും പേരെടുത്തുപറഞ്ഞ് അവരെ സർക്കാർ വക ക്ഷേത്രങ്ങളിലോ ക്ഷേത്രക്കുളങ്ങളിലോ പ്രവേശിച്ചുകൂടെന്നു വിലക്കി കൊച്ചി മഹാരാജാവിനെക്കൊണ്ട് വിളംബരം പുറപ്പെടുവിക്കുകയുണ്ടായി.

മംഗളോദയത്തിൽ വി. ടി.യുടെ അസിസ്റ്റന്റായി തൊഴിലും പൊതുജീവിതവും ആരംഭിച്ച പ്രേംജി എന്ന പാമേശ്വരൻ ഭട്ടതിരിപ്പാടും പിൽകാലത്ത്, സഹോദാനായ എം ആർ ബിയുടെ പാത പിന്തുടർന്നു. 1948 ആഗസ്തിലായിരുന്നു പ്രേംജിയുടെ വിധവാ വിവാഹം നടന്നത്. പ്രേംജിയിലെ മഹത്വം നിറഞ്ഞ മനുഷ്യനെ മാത്രമല്ല അദ്ദേഹത്തിലെ അഭിനയ ചക്രവർത്തിയെ കണ്ടെത്തിയതും വി. ടി. തന്നെയായിരുന്നു.

ശ്രീനാരായണഗുരുവിനുശേഷം കേരള സമൂഹത്തെയാകെ സമുദ്ധരിച്ച സാമൂഹ്യനവോദ്ധാന പ്രസ്ഥാനത്തിന്റെ അമരക്കാരനായിരുന്നു വി.ടി. ആ ഓർമ്മകൾക്ക് അതാവശ്യപ്പെടുന്ന പരിഗണന നല്കാൻ ഇന്നാടിനും പിൽതലമുറകൾക്കും കഴിഞ്ഞുവോ എന്ന ചോദ്യം മനസ്സാക്ഷിയുള്ളവരെ മുഴുവൻ ഞെട്ടിക്കുന്നതായി അവശേഷിക്കുന്നു.   

 (കടപ്പാട്: ഹിന്ദുവിശ്വ മാഗസിന്‍ 2011 ഡിസംബര്‍- 2012 ജനുവരി.)

11 comments:

സുശീല്‍ കുമാര്‍ said...

വിശ്വഹിന്ദുപരിഷത്തിന്റെ ഔദ്ധ്യോഗിക മാസികയായ ഹിന്ദുവിശ്വയുടെ ഈ ലക്കത്തില്‍ ശ്രീ. സി എ കൃഷ്ണന്‍ എഴുതിയതാണ് ഈ ലേഖനം. ലേഖകനും ലേഖനം പ്രസിദ്ധീകരിച്ച ഹിന്ദുവിശ്വയ്ക്കും അഭിനന്ദനങ്ങള്‍.

സുശീല്‍ കുമാര്‍ said...

ലേഖകനെയും മാസികയെയും ഒരു സുപ്രധാനകാര്യം അറിയിക്കാന്‍ താല്പര്യപ്പെടുന്നു. ഈ ലേഖനത്തില്‍ വളരെ പ്രധാനപ്പെട്ട ഒരു കാര്യം വിട്ടുപോയിട്ടുണ്ട്. മഹാനായ വി. ടി. കേരളത്തിലെ എക്കാലത്തെയും മികച്ച യുക്തിവാദികളില്‍ പ്രമുഖരായിരുന്നു എന്ന കാര്യം.

K.P.Sukumaran said...

മഹാനായ ഒരു സാമൂഹ്യപരിഷ്ക്കര്‍ത്താവ് എന്ന നിലയിലാണ് കേരള ചരിത്രത്തില്‍ വി.ടി.യുടെ സ്ഥാനം :)

സുശീല്‍ കുമാര്‍ said...

"നമ്പൂതിരി സമുദായത്തിൽ വിപ്ലവം സൃഷ്ടിക്കപ്പെടുന്നതും അവരെ മനുഷ്യരിലേക്ക് അടുപ്പിക്കുന്നതും വി. ടി. എന്ന വി. ടി. ഭട്ടതിരിപ്പാടിലൂടെയായിരുന്നു. കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യ-മധ്യദശകങ്ങളിലായിരുന്നു അതിന്റെ കാഹളം മുഴങ്ങിയത്."

>>>>>>>>>ആര്‍ഷഭാരത സംസ്കാരം എന്നെല്ലാം കൊട്ടിഘോഷിക്കുന്ന ഇന്ത്യയിലെ ബ്രാഹ്മണരുടെ ശരിയായ ഒരു ചിത്ര ഈ വരികളില്‍തന്നെയുണ്ട്. അവരെ "മനുഷ്യരാക്കാന്‍" മനുസ്മൃതി വാദിയല്ലാത്ത വി. വേണ്ടിവന്നു!

ശങ്കരനാരായണന്‍ മലപ്പുറം said...

അത്ഭുതം തന്നെ സുശീല്‍കുമാര്‍. ഇത്തരമൊരു ലേഖനം വിശ്വഹിന്ദു പരിഷത്തിന്റെ പ്രസിദ്ധീകരണത്തില്‍ വന്നെന്നോ? നല്ല കാര്യം. അതെ, പ്രസംഗംകൊണ്ടും എഴുത്തുകൊണ്ടുമല്ല പ്രവൃത്തിയിലൂടെ വിപ്‌ളവം കാണിച്ച ഈ മഹാന്‍ തന്നെയാണ് കേരളത്തില്‍ നമ്പൂതിരി സമുദായത്തില്‍ പിറന്ന എറ്റവും വലിയ വിപഌവകാരി. വി.ടി.യുടെ ഭാര്യാ സഹോദരിയായ(ഐ.പിസി.നമ്പൂതിരിയുടെകൂടി സഹോദരി) പ്രിയദത്തയെ സി.പി.ഐ. നേതാവും തിയ്യനുമായ കല്ലാട്ട് കൃഷ്ണന് കല്യാണം കഴിച്ചുകൊടുക്കാന്‍ മുന്‍കൈ എഴുത്തതും ഇതേ വി.ടി.ഭട്ടതിരിപ്പാടാണ്.

Unknown said...

>> <>അത്ഭുതം തന്നെ സുശീല്‍കുമാര്‍. ഇത്തരമൊരു ലേഖനം വിശ്വഹിന്ദു പരിഷത്തിന്റെ പ്രസിദ്ധീകരണത്തില്‍ വന്നെന്നോ? നല്ല കാര്യം.<><<

:)
ഒന്നുമില്ല. ഒരു ചെറുപുഞ്ചിരി മാത്രം.

ആക്ഷേപിക്കുന്നതല്ലെന്നു നെഞ്ചിൽത്തൊട്ടു പറയുന്നു.

ആളുകൾ "അത്ഭുതം"കാണിച്ചാണു പലപ്പോഴും അന്ധവിശ്വാസമുണ്ടാക്കുന്നത്. അതിന്റെ മറുവശത്ത് - അന്ധവിശ്വാസങ്ങൾ തെറ്റുമ്പോളും അത്ഭുതമുണ്ടാകുന്നല്ലോ എന്നോർത്തു പോയതാണ്.

Unknown said...

ശങ്കരേട്ടാ

ലോകത്തെ നശിപ്പിച്ച ഗ്രന്ഥങ്ങള്‍ മൂന്നെണ്ണമാണെന്നും അതിലൊന്ന് മനുസ്മൃതിയാണെന്നും പറഞ്ഞ , പരശുരാമന്‍ ഭാരതത്തിന്റെ ശത്രുവാണെന്ന് പഠിപ്പിച്ച റ്റി ആര്‍ സോമശേഖരന്‍ സംസ്ഥാന ബൌദ്ധിക് പ്രമുഖായിരുന്ന ഒരു പ്രസ്ഥാനത്തിനു ഇതു അത്ര വലിയ അത്ഭുതമൊന്നുമല്ല :)

ചാർവാകം said...

രണ്ട് കാര്യങ്ങൾ ഇവിടെ പ്രസക്തമാണ്‌. ഒന്ന്- വി.ടി യിലെ യുക്തിവാദി അവഗണിക്കപ്പെട്ടത്. ഇത് മനപ്പൂർവമാവണം. കാരണം, അദ്ദേഹത്തിന്റെ സാമൂഹ്യപരിഷ്കരണസ്വഭാവം ഞങ്ങളുടെ സംഭാവനയാണ്‌ അല്ലാതെ ഭൗതികവാദത്തിന്റെ സ്വാധീനം മൂലമല്ല എന്ന് വരുത്തിത്തീർക്കാനുള്ള ഗൂഡോദ്ദേശ്യം. “അതും ഞമ്മളാ” എന്ന് പറയാൻ എല്ലാവരു ശ്രമിക്കാറുണ്ട്. രണ്ട്- ഇങ്ങനെ ഒരു ലേഖനം ഇങ്ങനെ ഒരു മാസികയിൽ പ്രസിദ്ധീകരിക്കപ്പെട്ടത്. റേറ്റിങ്ങ് നോക്കി പ്രതികരിക്കുക എന്നത് ചാനൽ കാലത്ത് ഫേഷനാണല്ലോ! യുക്തിവാദി ഇതിൽ അടങ്ങിയിരിക്കുന്ന അപകടം കാണാതെ പോകരുത്.

ChethuVasu said...

വളരെ വൈകിയാണ് വി ടി അക്ഷരാഭ്യാസം നേടിയത് എന്ന് കേട്ടിട്ടുണ്ട് .( പതിനേഴാമത്തെ വയസ്സിലോ മറ്റോ )..പൊതുവില്‍ സമുദായത്തിന്റെ അവസ്ഥ അങ്ങനെ ആയിരിക്കണം .സ്വസമുദായത്തിലെ ബഹുഭൂരിപക്ഷവും കാര്യമായ വിദ്യാഭ്യാസമോ അറിവോ ഇല്ലാതെ അന്ധകാരത്തില്‍ അഭിരമിക്കുമ്പോള്‍ , അക്ഷരം പഠിച്ചു , അതില്‍ നിന്നും അറിവ് നേടി , അത് സ്വസമുദായത്തിലെ മറ്റുള്ളവരിലേക്ക് പകര്‍ത്താന്‍ അദ്ദേഹം എടുത്ത താത്പര്യം എത്ര എടുത്തു പറഞ്ഞാലും മതിയാവുകയില്ല .

അനില്‍@ബ്ലോഗ് // anil said...

നല്ല കുറിപ്പ്.
ഓഫ്ഫ്:
കാണാപ്പുറം നകുലൻ കാണാപ്പുറത്തായെന്നാ കരുതിയത്. :)

ravi said...

വി.ടിയെപ്പറ്റി നമുക്ക് രസിക്കാത്ത ചില അഭിപ്രായങ്ങള്‍ കൂടി കാണണ്ടേ. 11 .05 .08 ന്റെ മാതൃഭൂമി ആഴ്ച പ്പത്പ്പില്‍
പി. എസ്. ലീലാകൃഷ്ണന്‍, കൊയിലാണ്ടി എന്നയാളെഴുതിയതാണ്: വി.ടി. ഭട്ടതിരിപ്പാട് പറഞ്ഞത്രേ: "സാമാന്യ
ജനങ്ങളെ നമ്പൂതിരിയാക്കാനുള്ള ശ്രമമാണ്‌ വേണ്ടത്". എന്ന്‌. ലീലാകൃഷ്ണന്റെ വാക്കുകള്‍: "വി.ടി. ഭട്ട തിരിപ്പാട് മന്ത്ര
തന്ത്രാടികളും, തേവാരവും, ഉപാസനയും, വിടാതെ അനുഷ്ടിച്ചുവത്രേ. ജാതകത്തിലുള്ള ആയുസ്സ് ദീര്‍ഘിപ്പിക്കുവാന്‍
എന്തോ കടുത്ത ഉപാസന നടത്തിയിരുന്നതായി അക്കിത്തം ഒരു ലേഖനത്തില്‍ പരാമര്‍ശിച്ചിരുന്നു." ഇതൊന്നും ലീലാ കൃഷ്ണന്‍ പറഞ്ഞ
താവില്ല. ചില കേട്ടു കേള്‍വികള്‍ അവതരിപ്പിച്ചു എന്ന്‌ കരുതിയാല്‍ മതി.
എനാല്‍ വി.ടി. പറഞ്ഞത് നോക്കു: "ഞാനൊരു ശാന്തിക്കാരനായിരുന്നെങ്കില്‍ വെച്ചു കഴിഞ്ഞ നിവേദ്യം വിശന്നു
വലയുന്ന കേരളത്തിലെ പാവങ്ങള്‍ക്ക് വിളമ്പി കൊടുക്കും. ദേവന്റെ മേല്‍ ചാര്തിക്കഴിഞ്ഞ പട്ടുതിരുവുടയാട
അര്‍ദ്ധനഗനരായ പാവങ്ങളുടെ അര മറക്കാന്‍ ചീന്തി കൊടുക്കും. പുകഞ്ഞു തുടങ്ങിയ ധൂപം അമ്പലത്തിലുള്ള പെരുച്ചാഴികളെ -
നമ്പൂതിരി, പട്ടര്‍ തുടങ്ങിയ പെരുച്ചാഴികളെ - പുറത്തേക്കു ഓടിച്ചു വിടാനാണ് ഉപയോഗിക്കുക. അത്ര വെറുപ്പ്‌ തോന്നുന്നു എനിക്ക്
അമ്പലങ്ങളോട്. നമ്മുടെ അനാചാരങ്ങളെ കെട്ടുകെട്ടായി നശിപ്പിച്ചു കളയാന്‍ ഒരു എളുപ്പു മാര്‍ഗമുണ്ട്. അതാണ്‌
അമ്പലങ്ങള്‍ക്കു തീ വെക്കുക" (ഉണ്ണി നമ്പൂതിരി എന്ന പത്രത്തില്‍ എഴുതിയത്)