മനുഷ്യന്‍ സൃഷ്ടിച്ചിട്ടുള്ളതില്‍ വെച്ച് ഏറ്റവും നശീകരണശേഷിയുള്ള ആയുധമാണ്‌ മതം.

Saturday, April 24, 2010

'നിര്‍ഗുണ പരബ്രഹ്മം- ഒലക്കന്റെ മൂട്'- ചര്‍ച്ച @ ചായക്കട

'ഞാനും നിങ്ങളൊക്കെ ഇപ്പം ഈ സംസാരിക്കണുണ്ടല്ലോ? എഴുന്നേറ്റ്‌ നടക്കണുംണ്ടല്ലോ? അതെങ്ങന്യാണ്‌? നായും പട്ടീം പൂച്യൊന്നും സംസാരിക്കണില്ലല്ലോ. അതാ പറഞ്ഞത്‌ ഇതിന്ത്യോക്കെ പിന്ന്‌ലൊര്‌ ശക്തിണ്ട്‌ന്നു്‌. അത്വന്ന്യാണ്‌ ദൈവം.'- ഗോപാലന്‍ മാഷ് കത്തിക്കയറുകയാണ്‌.

'അല്ല മാഷേ, ഈ 'ശക്തീ'ന്ന് പറയണത് നിങ്ങള്‌ ഊര്‍ജ്ജതന്ത്രത്തില്‍ പിഠിപ്പിക്കണ ആ 'ശക്തി' തന്ന്യാണോ? അതായത് എനര്‍ജി?'

'അല്ലല്ലല്ല..... അത് പ്രകൃതിശക്തി. ഇത് പ്രകൃത്യാതീത ശക്ത്യാണ്‌.'

'ഈ പ്രകൃതി ശക്തീകളായ കാറ്റ്, ഇടമിന്നല്‍, മഴ, വൈദ്യുതി ഇവയ്ക്കൊന്നും ബോധമില്ലല്ലോ? അതായത്, ഗോപാലന്മാഷ്, മമ്മാലിക്ക, അപ്പുട്ടി, ജോസഫ് എന്നൊന്നുള്ള വകഭേദംല്ല്യ. കരണ്ട്‌മ്മ്‌ല്‌ ആര്‌‌ തൊട്ടാലും ഷോക്കടിക്ക്യല്ലോ? ഇങ്ങള്‌ പറേണ പ്രകൃത്യതീത ശക്തിയും അത്പോലെ തന്നെയാണോ? ബൊധംല്ല്യേ?'

'ആ ആ അത്...'

'മാഷേ, ഇങ്ങള്‌ സാവകാശം ആലോചിച്ച് പറാഞ്ഞാ മതീന്ന്, തെരക്ക് കൂട്ടണ്ട.'

'ആ അതായത്... ദൈവം നിര്‍ഗുണ നിരാകാര പരബ്രഹ്മമാണ്‌.'

'എന്തേയ്നും?'-
-മമ്മാലിക്കയ്ക്ക് അപ്പറഞ്ഞത് അത്രയ്ക്കങ്ങ് മനസ്സിലായില്ലാന്നു തോന്നുന്നു.

'അതായത്... ബ്രഹ്മം അനാദിയാണ്‌; അപരിമേയമാണ്‌... മനുഷ്യന്റെ അളവുകോല്‍ വെച്ച് അതിനെ അളക്കാന്‍ കഴിയില്ല. മനുഷ്യന്‍ ആരോപിക്കുന്ന ഗുണങ്ങളൊന്നും അതിന്‌ കല്പ്പിക്കാന്‍ കഴിയില്ല. അതുകൊണ്ട് ദൈവത്തിന്‌ ബൊധമുണ്ടൊ ഇല്ലേന്നൊന്നും ചോദിക്കണേലര്‍ത്ഥമില്ല. അതിന്‌ പ്രത്യേക രൂപമില്ല. ആരോടും വകഭേദമില്ല. അതിന്‌ മുന്നില്‍ വലിയവനും ചെറിയവനുമില്ല.'

'നിങ്ങള്‌ നല്ലോണം അളന്നു മുറിച്ചാണല്ലോ മാഷേ ദൈവത്തെക്കുറിച്ച് പറേണത്? മനുഷ്യന്റെ അളവുകോല്‍ വെച്ച് അളക്കാന്‍ കഴിയില്ലെന്നും പറയുന്നു. പിന്നെ ആരാ മാഷേ നിങ്ങക്ക് ദൈവത്തെ ഇത്ര കൃത്യമായി അളന്നുതൂക്കി തന്നത്?'

'അപ്പുട്ട്യേ, ഇജ്ജ് എടെക്കേറി ഏടങ്കോല്‌ടേര്ത്.' -
-മമ്മാലിക്ക ഇടപെട്ടു.

'നിര്‍ഗുണ പരബ്രഹ്മം- ഒലക്കന്റെ മൂട്.- ന്നട്ടാണോ മാഷേ നിങ്ങള്‌ രാവില്യേം വൈകിട്ടും അമ്പലത്തില്‌ പോയി പ്രാര്‍ഥിക്ക്യേം വഴിപാട് കഴിക്ക്യേം ഒക്കെ ചെയ്യണത്? നിര്‍ഗുണ പരബ്രഹ്മമാണെങ്കില്‍ പിന്നെ മാഷ് പറഞ്ഞ മാതിരി പ്രര്‍ഥിക്കണോലോടും അല്ലാത്തോലോടും ഒരു വകഭേദും ഉണ്ടാകൂലല്ലോ. നിര്‍ഗുണമാണെങ്കില്‍ പിന്നെ ഒരു ഒരു വിശേഷഗുണും ഉണ്ടാകൂല. പിന്നെ വഴിപാട് കൊണ്ടെന്താ കാര്യം?'

'അപ്പുട്ട്യേ, ഇയ്യി അറ്യാത്ത കാര്യത്തീക്കേറി വര്‍ത്താനം പറേര്‌‍ത്. ഇതാ യുക്തിവാദികള്‍ടെ കൊഴപ്പം. അവനാന്‌ അറ്യൂലാച്ചിട്ട് ഒക്കെ ഇല്ല്യാന്ന് പറ്യാന്‍ പറ്റ്വോ? നമ്മക്കാര്‍ക്കും അറ്യാത്തതായി എത്ര കാര്യങ്ങള്‌ണ്ട് ലോകത്ത്? അതൊന്നും ഇല്ല്യാന്നാ അതിന്റെ അര്‍ത്ഥം?'

'അല്ല മാഷേ, അതിന്‌ ഇല്ല്യാന്നും ഉണ്ട്ന്നും ഞങ്ങളാരും പറഞ്ഞില്ലല്ലോ? മാഷല്ലെ പറഞ്ഞത് പ്രകൃത്യാതീത ശക്തിണ്ട്‌ന്ന്‌?' നിര്‍ഗുണ പരബ്രഹ്മമാകുമ്പം അത് നമ്മുടെ പ്രാര്‍തനകളൊക്കെ കേള്‍ക്ക്വോ? വഴിപാട് സ്വീകരിക്ക്യോ? എന്നിട്ട് പ്രര്‍ഥനയുടേയും വഴിപാടിന്റെയും അളവ് നോക്കി പ്രതിഫലം തര്വോ?'
-അപ്പുട്ടിയേട്ടന്‍ വിടുന്ന മട്ടില്ല.

'അതായത്, നിര്‍ഗുണ പരബ്രഹ്മം എന്നൊക്കെ പറഞ്ഞാല്‍ അത് ജ്ഞാനികള്‍ക്കേ മനസ്സിലാകൂ. തന്നെതന്നെ അറിഞ്ഞവര്‍ക്ക്. ബ്രഹ്മത്തെ അറഞ്ഞവനാണ്‌ ജ്ഞാനി. അല്ലാത്ത സാധാരണക്കാര്‍ക്ക് വേണ്ടി ഏര്‍പ്പാടാക്കിയതാണ്‌ ഈ വിഗ്രഹാരാധനയും പ്രാര്‍ഥനയും വഴിപാടുമൊക്കെ'

അപ്പോ നിങ്ങക്ക് തീരെ ജ്ഞാനം ഇല്ലേ മാഷേ? എന്നാപിന്നെ അറ്യാത്ത കാര്യങ്ങള്‍ പറയാത് ഇരുന്നൂടേ? ജ്ഞാനമില്ലാത്തോര്‍ക്ക് പറഞ്ഞുവെച്ചതൊക്കെ നിങ്ങള്‌ ചെയ്യണോണ്ട് ചോദിച്ചതാ.'

'ഓ.. ന്റെ അപ്പുട്ട്യേ, ഇജ്ജ് ദൊന്ന് കേക്കാനും സമ്മതിക്ക്യൂലേ?-
മമ്മാലിക്ക അക്ഷമനായി.

'അതായത്, ദൈവത്തെ നമുക്ക് നിര്‍ഗുണമായും സഗുണമായും കാണാം. ജ്ഞാനികള്‍ അതിനെ നിര്‍ഗുണമായി കാണുന്നു. അവര്‍ക്ക് ദൈവവുമായി അടുക്കാന്‍ അമ്പലവും പ്രാര്‍ഥനയും വഴിപാടുമൊന്നും വേണ്ട. പക്ഷേ സാധാരണക്കാരുടേ കാര്യം അതല്ലല്ലോ? വെള്ളത്തെ വിവിധ ആകൃതിയിലുള്ള പാത്രത്തില്‍ എടുക്കുമ്പോള്‍ അത് പാത്രത്തിന്റെ ആകൃതി കൈക്കൊള്ളുന്നു. അതുപോലെയാണ്‌ പരബ്രഹ്മവും. അതിനെ നമ്മള്‍ ശിവനായും, ബ്രഹ്മാവായും വിഷ്ണുവായും പലരൂപത്തില്‍ കാണുന്നു. മുപ്പത്തിമുക്കോടി ദൈവങ്ങള്‍ എന്നൊക്കെ പറയുന്നത് ഇതേ പരബ്രഹ്മത്തിന്റെ തന്നെ വ്യത്യസ്ത സങ്കല്പ്പങ്ങളാണ്‌.'

'അതായത് വിഗ്രഹത്തില്‍ നമ്മള്‍ ബ്രഹ്മത്തെത്തന്നെയാണ്‌ കാണുന്നത്. അല്ലെങ്കിലും ഈ ലോകത്ത് വിഗ്രഹാരാധകരല്ലാത്തതായി ആരാണുള്ളത്? നമ്മുടെ ദേശീയ പതാകയെ നോക്കൂ. അതില്‍ നമ്മള്‍ ദേശീയതതെ സങ്കല്പിക്കുന്നില്ലേ? വിപ്ലവപാര്‍ട്ടിക്കാരുടേ ചെങ്കൊടി നോക്കൂ. അവര്‍ അതിനെ വിപ്ലവത്തിന്റെ പ്രതിരൂപമായി കാണുന്നില്ലേ? രക്തസാക്ഷി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തുന്നില്ലേ? കൃസ്ത്യാനികളുടേ കുരിശും, ദിവ്യന്മാരുടേ പ്രതിമകളും വിഗ്രഹങ്ങള്‍ തന്നെയല്ലേ? മുസ്ലിംകള്‍ ആരാധിക്കുന്ന ആ കറുത്തകല്ലും വിഗ്രഹമല്ലാതെ മറ്റെന്താണ്‌?

ഒടുവില്‍ പറഞ്ഞത് മമ്മാലിക്കക്ക് അത്ര ഇഷ്ടമായില്ലെന്നു തോന്നുന്നു.
'അപ്പോ ഇതിലൊക്കെ അത്രേള്ളു, ല്ലേ മാഷേ?'

'അതെയതെ. വിഗ്രഹാരാധനയിലൊക്കെ അത്രേള്ളു'

'എന്നാലൊന്ന് ചോദിക്കട്ടെ മാഷെ, ദേശീയ പതാകയും ചെങ്കൊടിയും, രക്തസാക്ഷി മണ്ഡപവുമൊന്നും നിര്‍മ്മിക്കുമ്പോള്‍ ആരും അതിലേക്ക് ദേശീയതയും വിപ്ലവത്തെയും രക്തസാക്ഷിയെയുമൊന്നും ആവാഹിച്ച് കുടിയിരുത്തുന്നില്ലല്ലോ? എന്നാല്‍ വിഗ്രഹം പ്രതിഷ്ഠിക്കുമ്പോള്‍ അതിലേക്ക് പൂജാരികള്‍ ദൈവത്തെ ആവാഹിച്ച് കുടിയിരുത്തുകയാണെന്നാണല്ലോ പറയുന്നത്? അമ്പലം ഉണ്ടാക്കുന്നതിനേക്കാള്‍ കൂടുതല്‍ പണം ആവാഹിക്കാനും ആവാഹകരെ പോറ്റാണുമാണല്ലോ മാഷേ ചെലവഴിക്കുന്നത്?'

'അപ്പുട്ട്യേ, അണക്ക് അറ്യാത്തകാര്യാണെങ്കില്‍ വെറ്തെ ഓരോന്ന് പര്യേര്‌ത്. ട്ടോ.'

'അല്ല മാഷേ, നിങ്ങള്‌ അറ്യണ ആളായതോണ്ടല്ലേ ചോദിക്കണത്? വിഗ്രഹത്തില്‍ ദൈവത്തെ സങ്കല്പ്പിച്ചിട്ടേ ഉള്ളുവെങ്കില്‍ പിന്നെ എന്തിനാണ്‌ നിങ്ങല്‍ പ്രാര്‍ഥിക്കാന്‍ അവിടെത്തന്നെ പോണത്? അമ്പലത്തില്‍ വഴിപാട് നടത്തണതെന്തിനാണ്‌? എന്തിലെങ്കിലും ദൈവത്തെ സങ്കല്പ്പിച്ചെ തീരൂവെങ്കില്‍ വീട്ടിലെ മേശയിലോകസേരയിലോ ടി വി സ്റ്റാന്റിലോ ദൈവത്തെ സങ്കല്പ്പിച്ചിട്ട് പ്രാര്‍ഥിച്ചാല്‍ പോരെ?'

' ഇജ്ജൊന്ന് മുണ്ടാതെക്കെന്റെ അപ്പുട്ട്യേ. ആ മാഷെ ഇങ്ങനെ വെള്ളം കുടിപ്പിക്കാതെ'
മമ്മാലിക്ക രംഗം തണുപ്പിക്കാന്‍ ശ്രമിച്ചു.

'അതാണ്‌ മമ്മാല്യേ കാര്യം. ഈ യുക്തിവാദ്യേക്ക് എന്തെങ്കില്വോക്കെ പറഞ്ഞ് വാദിക്കനന്നേ ഉള്ളു. ഓലെ ബുദ്ധിക്ക് "വാതം" പിടിച്ചിരിക്ക്യല്ലേ? ഇക്ക്യാണെങ്കി പോകാന്‍ തെരക്കുംണ്ട്. അമ്പലത്തിലൊന്ന് പോണം ഒരു ശത്രുസംഹാര "മുട്ടറുക്കല്‍" വഴിപാട് കഴിക്യാന്‌ണ്ടേ.

Sunday, April 4, 2010

അവിശ്വാസി പരലോകത്തില്‍

(അപ്പൂട്ടന്റെ യുക്തിവാദിയെന്നത്‌ വട്ടപ്പേരോ? എന്ന പോസ്റ്റില്‍ ഇട്ട ഒരു കമന്റാണിത്. )
-----------------------------------------------------------
അപ്പൂട്ടന്‍ said...

സുശീൽ,

പണ്ടൊരു പോസ്റ്റ്‌ കണ്ടിരുന്നു, ആരാണ്‌ എഴുതിയതെന്ന്‌ ഓർമ്മയില്ലാത്തതിനാൽ പേര്‌ ഊഹിച്ചു പറയുന്നില്ല. പുനർജ്ജന്മവിശ്വാസികൾ, ഏകജന്മ(സ്വർഗ്ഗ-നരക) വിശ്വാസികൾ, നിരീശ്വരവാദികൾ എന്നിങ്ങിനെ മൂന്നു ഗ്രൂപുകളിൽ ദൈവമുണ്ടെന്നു വരികിൽ ഏറ്റവും വലിയ നഷ്ടം നിരീശ്വരവാദികൾക്കായിരിക്കുമെന്ന്‌, കാരണം മതവിശ്വാസങ്ങളിൽ പറയുന്ന ശിക്ഷകൾ ഏറ്റുവാങ്ങേണ്ടത്‌ അവരായിരിക്കുമല്ലൊ. ഇതേ വിശ്വാസം, അല്ലെങ്കിൽ മറിച്ച്‌, എത്രപേർക്കുണ്ടെന്നറിയില്ല, പക്ഷെ ചിലരെങ്കിലും "ഈ പറയുന്നതൊക്കെ തെറ്റാണെന്നറിയാം, എന്നാലും എങ്ങാനും ശരിയായാലോ" എന്ന ചിന്തയുള്ളവരാണ്‌.
-------------------------------------------------------------------

> അപ്പൂട്ടന്‍,

ഇത് വളരെ രസകരമായ ഒരു വിഷയമാണ്‌. അപ്പൂട്ടന്റെ പോസ്റ്റുമായി ബന്ധമില്ലെങ്കിലും പറയട്ടെ.
മതവിശ്വാസികളും നിരീശ്വരവാദികളും മരിച്ച് പരലോകത്ത് ചെല്ലുന്ന ചില രംഗങ്ങള്‍:

1. ഒരു വിഗ്രാരാധകനായ ഹിന്ദുമതവിശ്വസിയാണ്‌ മരിച്ചശേഷം പരലോകത്ത് എത്തുന്നത് എന്നിരിക്കട്ടെ. അവിടെ അദ്ദേഹം കാണുന്നത് മുസ്ലിംകളുടെ അല്ലാഹുവിനെയും. എന്താകും പുകല്?
അല്ലാഹുവല്ലാത്ത ഒരു ദൈവത്തെ ആരാധിക്കുന്നതാണ്‌ ഒരു മനുഷ്യന്‌ ചെയ്യാവുന്നതില്‍ വെച്ച് ഏറ്റവും വലിയ തെറ്റെന്ന് ഖുര്‍: അനില്‍ പറയുന്നുണ്ട്. അവര്‍ക്കുള്ള ശിക്ഷ നിത്യനരകമാണ്‌. ജീവിതകാലം മുഴുവന്‍ വിശ്വസിച്ചാരാധിച്ച ആ സാധുവിനെ നരകത്തീയിലിട്ട് റോസ്റ്റ് ചെയ്യില്ലേ?

2. സത്യവും ജീവനും ഞാനാകുന്നുവെന്നും രക്ഷ എന്നില്‍കൂടി മാത്രമെന്നും പറഞ്ഞ കൃസ്ത്യന്‍ ദൈവത്തെയാണ്‌ ഒരു മുസ്ലിം ഭക്തന്‍ മരിച്ചുചെല്ലുമ്പോള്‍ പരലോകത്തില്‍ കാണുന്നതെങ്കിലും ഫലം ഇതു തന്നെ.

3. ഇനി ജീവിതകാലം മുഴുവന്‍ അല്ലാഹുവിനെ ആരാധിച്ചു ജീവിച്ച് മരിച്ച ഒരു ദീനി വിശ്വാസി ഹിന്ദു ദൈവങ്ങളുടെ മുന്നിലാണ്‌ എത്തുന്നതെങ്കിലോ? അവനെ വല്ല പട്ടിയോ പൂച്ചയോ പുഴുവോ കൃമിയോ ആയി പുനര്‍ജനിപ്പിച്ചു ഭൂമിയിലേക്കുതന്നെ അയക്കില്ലേ?

4. എന്നാല്‍ ജീവിതത്തില്‍ ഒരിക്കലും മതം ആചരിക്കാത്ത ഒരു നിരീശ്വരവാദി ഇതില്‍ ഏത് ദൈവത്തിന്റെ മുന്നില്‍ എത്തിയാലും അന്തായിരിക്കും സംഭവിക്കുക?

ദൈവം: എന്താണ്‌ ഒരു നിരീശ്വരവാദിയായി ജീവിച്ചത്? അത് തെറ്റാണെന്നറിയില്ലേ?

നിരീശ്വരവാദി: പലരും പല ദൈവത്തിലാണ്‌ വിശ്വസിരുന്നത്. ഏതാണ്‌ നേരന്നറിയാന്‍ മാര്‍ഗ്ഗമില്ലായിരുന്നു. നിസ്സാരനായ മനുഷ്യന്‌ ദൈവം ഉണ്ടോ എന്നറിയാന്‍പോലുമുള്ള വ്യതമായ തെളിവില്ലായിരുന്നു. എനിക്ക് ആവശ്യത്തിന്‌ തെളിവില്ലായിരുന്നു ദൈവം; ഒട്ടും തെളിവില്ലായിരുന്നു.

ദൈവം: ഓ, അങ്ങനെയൊരു പ്രശ്നമുണ്ടായിരുന്നു അല്ലേ? നിനക്കുമുമ്പ് ഇവിടേയെത്തിയ ഒരു മരമണ്ടാന്‍ വിശ്വാസിയും അത് പറഞ്ഞില്ലല്ലോ? ഏതായാലും നീ അവിടെ പര്‍സ്പര സ്പര്‍ദ്ദയൊന്നുമുണ്ടാക്കാതെ, ആരെയും കൊല്ലാതെ 'ഹാലിളകി പറയിപ്പിക്കാതെ' വിവേകത്തോടെ ജീവിച്ചുവല്ലോ? നിനക്ക് സ്വര്‍ഗ്ഗത്തിലേക്കു പോകാം.

> അപ്പൂട്ടാ,

ദൈവങ്ങള്‍ക്കെല്ലാം വല്ലാത്ത കണ്ണ്ക്കടിയും പരസ്പരം അസൂയയുമാണ്‌. വിശ്വസിക്കാത്തനോട് അവര്‍ ക്ഷമിച്ചുവെന്നിരിക്കും; പക്ഷേ തന്നെയല്ലതെ മറ്റൊരു ദൈവത്ത ആരാധിക്കുന്നത് ഒരു ദൈവവും പൊറുക്കുകയില്ല. അത് കൊണ്ട് നിരീശ്വരവാദികള്‍ ഒട്ടും ഭയപ്പേടേണ്ടതില്ല.

----------------------------------------------------------------

(റിച്ചാര്‍ഡ് ഡാക്കിന്‍സിന്റെ 'The God Delusion' എന്ന പുസ്തകത്തെ ആസ്പദമാക്കി സി. രവിചന്ദ്രന്‍ എഴുതിയ 'നാസ്തികനായ ദൈവം' എന്ന പുസ്തകത്തില്‍ (D C Books- Rs. 220/-) ഇക്കാര്യങ്ങളെല്ലാം വിശദമായി ചര്‍ച്ച ചെയ്യുന്നുണ്ട്. വായിച്ചിട്ടില്ലെങ്കില്‍ സമയമുള്ളപ്പോള്‍ വായിക്കുക.)