രണ്ട് നിലപാടുകള്‍
അമ്പിളി മാമന്റെ സുന്ദരമായ മുഖത്ത് വലിയ പാടുകള്‍ കാണാത്തവരുണ്ടൊ? നാം അതില്‍ മുയലിന്റെയും മനുഷ്യമുഖത്തിന്റെയും രൂപങ്ങള്‍ സങ്കല്പിച്ചു. ഇവ ചന്ദ്രനിലെ ഇരുപതുലക്ഷം ചതുരശ്ര മൈല്‍ വിസ്തീര്‍ണമുള്ള 'ഓഷ്യാനസ് പ്രോസല്ലാറം' എന്ന് പേരിട്ട ഗര്‍ത്തമാണെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. ചന്ദ്രനില്‍ വലുതും ചെറുതുമായ ഗര്‍ത്തങ്ങളും കൊടുമുടികളുമുണ്ടെന്നും അവര്‍ പറയുന്നു. ചന്ദ്രനില്‍ ഉണ്ടായിട്ടുള്ള ഉല്‍ക്കാപതനമാണെത്രെ ഈ ഗര്‍ത്തങ്ങള്‍ക്ക് കാരണം.
ചന്ദ്രനിലെ ഗര്‍ത്തങ്ങള്‍ക്കുകാരണം ഉല്‍ക്കാപതനമാണ് എന്നതു സംബന്ധിച്ച് ഉണ്ടാകാവുന്ന രണ്ട് വ്യത്യസ്ത നിലപാടുകളാണ് ഇവിടെ വിശകലനം ചെയ്യുന്നത്:
നിലപാട് 1
ചന്ദ്രനെക്കുറിച്ചുള്ള പഠനങ്ങളില്‍നിന്നും അവിടെ അന്തരീക്ഷമില്ലെന്ന് കണ്ടെത്തിയുട്ടുണ്ട്. അതിനാല്‍ ചന്ദ്രന്റെ ആകര്‍ഷണ പരിധിയില്‍ എത്തുന്ന ഏതൊരു വസ്തുവും തടസ്സമില്ലാതെ ചന്ദ്രോപരിതലത്തില്‍ പതിക്കുന്നു. ഇത് വലിയ ഗര്‍ത്തങ്ങളും പര്‍വ്വതങ്ങളും രൂപപ്പെടുന്നതിന് കാരണമാകുന്നു.
നിലപാട് 2
1. ചന്ദ്രന്റെ മുഖത്ത് കാണുന്ന കറുത്ത പാടുകള്‍ ഉല്‍ക്കാപതനം മൂലമുണ്ടായ ഗര്‍ത്തങ്ങളാണെന്ന് ജ്യോതിഷ പഠന കേന്ദ്രത്തിന്റെ പ്രസിഡണ്ടിന് 'വ്യക്തിപരമായ ദൃഢവിശ്വസ'മുണ്ട്.
2. ഈ അറിവ് ശ്രീമാന്‍ രാമന് എന്ന വ്യക്തിക്ക് ഏതോ ദിവ്യശക്തി 'സ്വകാര്യമായി വെളിവാക്കി'ക്കൊടുത്തിട്ടുണ്ട്.
3. ചന്ദ്രോപരിതലത്തിലെ പാടുകള്‍ ഉല്‍ക്കാപതനം മൂലമുണ്ടായ ഗര്ത്തങ്ങളാണെന്ന വിശ്വാസം ചോദ്യം ചെയ്യാനാകാത്ത 'സത്യ'മായി അംഗീകരിക്കാനുള്ള പരിശീലനം പ്രൊഫ. കൃഷ്ണന് ബാല്യം മുതലേ ലഭിച്ചിട്ടുണ്ട്.
4. ഉല്‍ക്കാപതനമാണ് കാരണമെന്ന നിഗമനം നിയമമായി അംഗീകരിക്കാനും അതില്‍ മരണം വരെ ഉറച്ചുനില്ക്കാനും സുശീല്‍ എല്ലാ സുശീലന്മാരെയും പരസ്യമായി ഉല്‍ബോധിപ്പിച്ചിട്ടുണ്ട്.
5. ഗര്‍ത്തങ്ങളുടെ കാരണം ഉല്‍ക്കാപതനമാണെന്ന് വിശ്വാസത്തെ ചോദ്യം ചെയ്യുന്നവരുടെ വാക്കുകള്‍ പ്രസിഡണ്ട് ഗോപാലന് നായരുടെ 'വികാരത്തെ വ്രണപ്പെടുത്തും'.
6. ഉല്‍ക്കാപതനം മൂലമാണ് ഗര്‍ത്തങ്ങള്‍ ഉണ്ടായതെന്ന വിശ്വാസം പ്രൊഫസര്‍ മത്തായിക്ക് ആഴത്തിലുള്ള ആത്മവിശ്വാസവും അഗാധമായ മന:ശ്ശാന്തിയും നല്‍കിവരികയാണ്.
7. ഉല്‍ക്കാപതനം മൂലമാണ് ചന്ദ്രനില്‍ ഗര്ത്തങ്ങല് രൂപപ്പെട്ടതെന്ന് വിശ്വസിക്കാത്ത എല്ലാവര്‍ക്കുമെതിരെ നാഷണല്‍ സൊസൈറ്റി ഓഫ് അസ്ട്രൊളജിയുടെ പ്രസിഡന്റ് 'ഫത്വ' പുറപ്പെടുവിച്ചിട്ടുണ്ട്. ആയതിനാല്‍ ഉല്‍ക്കാപതനമാണ് ചന്ദ്രനിലെ ഗര്‍ത്തങ്ങളുടെ കാരണമെന്ന് 'സത്യവിശ്വാസമായി' അംഗീകരിക്കപ്പെട്ടിരിക്കുന്നു.
ഉല്‍ക്കാപതനം കാരണമാണ് ഗര്‍ത്തങ്ങള്‍ ഉണ്ടായതെന്ന് ആദ്യവിഭാഗം ശസ്ത്രീയമായി വിശകലനം ചെയ്യുമ്പോള്‍, രണ്ടാമത്തെ വിഭാഗം അതിനു കാരണം ഉല്ക്കാപതനമുണ്ടായതുകൊണ്ടാണെന്ന് 'വിശ്വസിക്കുന്നു.' ആ വിശ്വാസം അവര്‍ക്ക് നിരീക്ഷണത്തിലൂടെ ലഭിച്ചതല്ല മറിച്ച് ഏതൊ ദിവ്യ ശക്തി 'വെളിവാക്കിക്കൊടുത്ത'താണ്. മാത്രമല്ല, മറ്റൊരു കാരണം കൊണ്ടാണ് ഗര്‍ത്തമുണ്ടായതെന്ന് മറ്റൊരു നിഗമനമുണ്ടെങ്കില് അതിനെയും ശാസ്ത്രീയമായി ഒന്നാമത്തെ വിഭാഗം പരിശോധിക്കും. എന്നാല്‍ രണ്ടാമത്തെ വിഭാഗമാകട്ടെ അത് അവരുടെ സത്യവിശ്വാസമായി അംഗീകരിച്ചതിനാല്‍ ഒരു പുന:പരിശോധന അവരുടെ 'മത'വികാരത്തെ വ്രണപ്പെടുത്താനിടയുണ്ട്.
NB:- ഇതില്‍ പറഞ്ഞിട്ടുള്ള പേരുകള്‍ ജീവിച്ചിരിക്കുന്നവരൊ മരിച്ചവരോ ആയ വല്ലവരുമായും സാമ്യം തോന്നുന്നുവെങ്കില്‍ അത് യാദൃശ്ചികം മാത്രമാണ്. ഇക്കാര്യം പൊലീസില്‍ അറിയിച്ച് 'ചന്ദ്രനിന്ദയ്ക്ക്' കേസ് എടുപ്പിക്കുന്നതിലേക്കായി ആരും ശ്രീമാന്‍ രാമനുണ്ണിയെ അറിയിക്കുകയുമരുത്.