മനുഷ്യന്‍ സൃഷ്ടിച്ചിട്ടുള്ളതില്‍ വെച്ച് ഏറ്റവും നശീകരണശേഷിയുള്ള ആയുധമാണ്‌ മതം.

Friday, July 30, 2010

ദൈവത്തിന്റെ ഭരണം കൊണ്ടുവരാന്‍ മഞ്ഞു കൊള്ളുന്നവര്‍

തിരക്കു കുറഞ്ഞ ട്രെയിനില്‍ എതിര്‍സീറ്റിലിരുന്ന രാമചന്ദ്രന്‍ സാറിന്‌ ചിരിയടക്കാന്‍ കഴയുന്നില്ല. കണക്കുമാഷാണെന്ന് പറഞ്ഞിട്ടെന്തു കാര്യം?, 'ഭൂലോകത്തിന്റെ സ്പന്ദനം കണക്കിലാണെന്ന്' ബലം പിടിച്ച 'ചാക്കോസാറി'ന്റെ ഭാവഹാവാദികള്‍ ഒട്ടുമില്ല പ്രൊഫസര്‍ രാമചന്ദ്രന്‌.


ചിരി നിയന്ത്രിക്കാന്‍ പാടുപെട്ട് അദ്ദേഹം പറഞ്ഞൊപ്പിച്ചു:

ഈ കുട്ടികളുടെ കാര്യമോര്‍ത്തിട്ട് എനിക്ക് ചിരിച്ചിട്ടു വയ്യ. ഈ ലോകത്തെ സൃഷ്ടിച്ചതും ഇപ്പോള്‍ നിയന്ത്രിച്ചുകൊണ്ടിരിക്കുന്നതും ദൈവമാണെന്നാണല്ലോ അവര്‌ പറയുന്നത്? വേണ്ടി വന്നാല്‍ ഒറ്റയടിക്ക് നിഗ്രഹിക്കാനും കഴിയും. അതായത് ഈ ലോകം ഭരിച്ചുകൊണ്ടിരിക്കുകയാണ്‌ മൂപ്പരെന്നര്‍ത്ഥം. ആ ദൈവത്തിന്റെ ഭരണം കൊണ്ടുവരാന്‍ ഈ കുട്ടികളിങ്ങനെ മഞ്ഞുകൊണ്ട് പോസ്റ്ററൊട്ടിക്കുകയും കൈ വെട്ടാന്‍ പിച്ചാത്തി കൊണ്ടു നടക്കുകയും ചെയ്യുന്നതെന്തിനാണെന്ന് എനിക്കൊട്ടും പിടി കിട്ടുന്നില്ല.

ഉത്തരമില്ലാത്ത ചൊദ്യമെറിഞ്ഞിട്ട് രാമചന്ദ്രന്‍ സാര്‍ വീണ്ടും വീണ്ടും ചിരിക്കുകയാണ്‌.

ഇപ്പറഞ്ഞ കാര്യം നീ ബ്ലോഗിലെഴിതിയാല്‍ കുഴപ്പമൊന്നുമില്ല, പക്ഷേ അടിയില്‍ എന്റെ പേര്‌ വെയ്ക്കണം.

പേര്‌ വെയ്ക്കാം, പക്ഷേ കുട്ടികളാരെങ്കിലും സംശയം ചോദിച്ചാല്‍ ആരുത്തരം പറയും?

സംശയം മാത്രമല്ല, ആരെങ്കിലും മൂക്കു ചെത്താനൊ, കൈവട്ടാനോ വന്നാല്‍ നിന്റെ കണക്കില്‍ തന്നെ വരവുവെച്ചൊണ്ടാ മതി.

സാറിന്റെ ചിരി വീണ്ടും മുഴങ്ങി, വണ്ടിയിറങ്ങും വരെ.

Wednesday, July 21, 2010

മത ഭീകരവാദം- പ്രശ്നങ്ങളും പ്രതിരോധവും

മത ഭീകരവാദം- പ്രശ്നങ്ങളും പ്രതിരോധവും

സെമിനാര്‍
25-07-2010- 2 p m -ഇ എം എസ് ഹാള്‍- തിരൂര്‍

ഹമീദ് ചേന്ദമംഗലൂര്‍,

ടി വി രാജേഷ്- DYFI

ലിജു-Youth Congress

കെ രാജന്‍-AIYF

എം ബാപ്പുട്ടി

ഇ എ ജബ്ബാര്‍

ഡോ കെ ആര്‍ വാസുദേവന്‍

സംഘാടകര്‍- കേരള യുക്തിവാദി സംഘം, മലപ്പുറം ജില്ലാ കമ്മിറ്റി

സ്വാഗതം

Saturday, July 10, 2010

താലിബാനിസത്തിന്റെ ഇന്ധനം എവിടെ നിന്നാണ്‌? തൊഗാഡിയസത്തിന്റെയും?

ഈ വര്‍ഷം ഒന്നാം ക്ലാസില്‍ ചേര്‍ത്തിയ എന്റെ മകളോട് തമാശയ്ക്കായി ചോദിച്ചു:

നിനക്ക് ടീച്ചറോട് തല്ലുകിട്ടിയതായി കേട്ടല്ലോ?

ഇല്ലല്ലോ.. അതിന്‌ ഞങ്ങളാരും വികൃതി കാട്ടണില്ലല്ലോ?

പിന്നെ ആരാ വികൃതി കാട്ടണത്?

അബു സുഫിയാന്‍‍, ദേവനന്ദു, പിന്നെ ശ്രീലക്ഷ്മി.....

അവരൊക്കെ ആരാ?

അബൂ സുഫിയാനു‌ണ്ടല്ലൊ, മുശ്ലീമാ...

എന്താണെന്ന്??

ഓന്‍ പറഞ്ഞു ഓന്‍ മുശ്ലീമാണെന്ന്; ഞങ്ങളൊക്കെ 'ഇന്ദുക്കളാ'ണെന്നും പറഞ്ഞു.

ഞാന്‍ അമ്പരന്നു പോയി. ഒന്നാം ക്ലാസില്‍ പഠിക്കുന്ന മകളോട് എന്നേവരെ അവളുടെ ജാതിയെക്കുറിച്ചോ, മതത്തെക്കുറിച്ചോ, ഹിന്ദു ആരാണെന്നോ, മുസ്ലിം ആരാനെന്നോ യുക്തിവാദി ആരെന്നോ വരെ ഇന്നുവരെ ഞാന്‍ പറഞ്ഞുകൊടുത്തിട്ടില്ല. എന്നാല്‍ അവളുടെ അതേ പ്രായമുള്ള മറ്റൊരു നിഷ്കളങ്ക ബാല്യം അവളോട് തന്റെയും മറ്റുള്ളവരുടെയും മതം തിരിച്ച് പറഞ്ഞുകൊടുത്തിരിക്കുന്നു.
ഇത്ര ചെറുപ്പത്തിലേ ഈ സങ്കുചിത മതബോധം ഈ കൊച്ചുതലയില്‍ ആരാണ്‌ അടിച്ചുകയറ്റിയിരിക്കുന്നത്?

==========================================================
ഇനി പറയാന്‍ പോകുന്നത് പത്ത് വര്‍ഷം മുമ്പുള്ള അനുഭവമാണ്‌. മരണം വരെ മറക്കാന്‍ കഴിയാത്ത അനുഭവം.

ഇപ്പോള്‍ ഞാന്‍ നില്‍ക്കുന്നത് ഞങ്ങളുടെ തൊട്ടടുത്ത പ്രദേശത്തുള്ള ഒരു ഗവര്‍മെണ്ട് മാപ്പിള (സത്യരാജിന്റെ പഴയ തമിഴ് സിനിമയല്ല) ലോവര്‍ പ്രൈമറി സ്കൂളിന്റെ കവാടത്തിലാണ്‌. കേന്ദ്ര ഫീല്‍ഡ് പബ്ലിസിറ്റി ഡയറക്റ്ററേറ്റുമായി സഹകരിച്ച് ഞങ്ങളുടെ കലാസമിതി സ്കൂളുകള്‍ കേന്ദ്രീകരിച്ച് സംഘടിപ്പിക്കുന്ന കുട്ടികളുടെ ചലചിത്രോല്‍സവത്തിന്റെ ഭാഗമായി പ്രസ്തുത സ്കൂളില്‍ പ്രദര്‍ശനം നടത്താന്‍ വന്നതാണ്‌ ഞങ്ങള്‍. പ്രദര്‍ശന ഉപകരണങ്ങളും തോളില്‍ തൂക്കി ഞാന്‍ മുന്നില്‍ സ്കൂള്‍ കവാടം കടന്നു.

പെട്ടെന്ന് മുഖം നിറയെ ചിരിയുമായി ഒരു കൊച്ചു കുട്ടി എന്റെ അടുത്തേക്കോടിവന്നു. അവന്റെ തലയില്‍ ഒരു വെള്ളത്തൊപ്പിയുണ്ടായിരുന്നു. നിഷ്കളങ്കമായി എന്നെ നോക്കി വീണ്ടും ചിരിച്ച് അവന്‍ അഭിവാദ്യം ചെയ്തു.

അസലാമു ആലേയ്ക്കും.

അവന്റെ സൗഹൃദത്തിനു മുന്നില്‍ അതേ സൗഹൃദത്തൊടെ പ്രത്യഭിവാദ്യം ചെയ്തു.

വ ആലേക്കും സലാം.

അപ്പോള്‍ അവന്റെ മുഖത്തെ പുഞ്ചിരിപൂമൊട്ട് ഒരു വലിയ താമരപൂവായി വിരിഞ്ഞു. എന്നിട്ട് ബഹുസന്തോഷത്തോടെ പറഞ്ഞു:

ഇപ്പം എനിക്കൊരു കാര്യം മനസ്സിലായി.

എന്ത് കാര്യമാ മോന് മനസ്സിലായത്‌?

ഇങ്ങളൊര്‌ മുസ്ലിമാണെന്ന്‌.

ഞാന്‍ ശരിക്കും ഞെട്ടി. ഈയുള്ളവന്‍ തങ്ങള്‍ക്കു വേണ്ടി ഫിലിം പ്രദര്‍ശിപ്പിക്കാന്‍ വന്നതാണെന്നല്ല അവന്‌ മനസ്സിലായിരിക്കുന്നത്; മറിച്ച് ഒരു മുസ്ലിം ആണെന്നാണ്‌.

ഉടന്‍ വന്നു അടുത്ത ചോദ്യം:

ഇങ്ങളെ പേരെന്താ?

മറുപടിക്ക് ഒട്ടും അമാന്തിക്കേണ്ടി വന്നില്ല.

മുഹമ്മദ് സുശീല്‍കുമാര്‍

മുഹമ്മദ്..... സുശീല്‍കുമാറോ...??? അതെന്ത് പേരാ!!!!!

അങ്ങനയും ഒരു പേരുണ്ട്.

അവന്‍ എന്റെ മുഖത്തേക്കും നിലത്തേക്കും മുകളിലേക്കും മാറി മാറി നോക്കി. എന്നിട്ട് ആ പേര്‌ വീണ്ടും വീണ്ടും ഉരുവിട്ടുകൊണ്ടും സംശയത്തോടെ വീണ്ടും വീണ്ടും തിരിഞ്ഞു നോക്കിയും അവന്‍ കൂട്ടുകാര്‍ക്കിടയില്‍ മറഞ്ഞു.

ഒരു മനുഷ്യന്റെ മതം കണ്ടെത്താന്‍ എട്ടൊമ്പത് വയസ്സു മാത്രമുള്ള ഒരു കൊച്ചു കുട്ടി കണ്ടെത്തിയ കുറുക്കു വഴി നോക്കൂ. ഈ സങ്കുചിത സ്വത്വ ബോധം എത്ര ചെറുപ്പത്തിലേ അവന്റെ ഇളം മനസ്സിലേക്ക് അടിച്ചു കയറ്റിയതരാണ്‌? വിശാലമായ ഈ ലോകത്തെ ഇത്ര സങ്കുചിതമായി നോക്കിക്കാണാന്‍ കുഞ്ഞു നാളിലേ പഠിപ്പിച്ചവര്‍ അവനോട് തന്നെയൊ അതൊ ഈ ലോകത്തൊട്‌ മുഴുവനോ തെറ്റ് ചെയ്തത്?
=============================================


രണ്ട് വര്‍ഷം മുമ്പ് നടന്നതാണ്‌ ഈ സംഭവം. ആള്‍ ദൈവങ്ങള്‍ക്കെതിരായ ജനകീയ വികാരം മാധ്യമങ്ങളില്‍ നിറഞ്ഞുനിന്ന കാലം. സ്ഥലം കോഴിക്കോട് ജില്ലയിലെ രാമനാട്ടുകരയെന്ന കൊച്ചു പട്ടണം. മൂന്നും കൂടിയ ജങ്ഷന്‌ സമീപം യുക്തിവാദിസംഘം പ്രവര്‍ത്തകര്‍ തയാറാക്കിയ വേദി.


ഫറോക്കിലെ BPL-ആള്‍ദൈവം ഗോപാലന്റെ തിളപ്പിച്ച ഗുരുതി തര്‍പ്പണം എന്ന ചെപ്പടി വിദ്യ പൊളിച്ചുകാട്ടാന്‍ ദവ്യാല്‍ഭുത അനാവരണം നടക്കുന്നു. വലിയൊരു ഉരുളി അടുപ്പില്‍ കയറ്റിവെച്ച് അടിയില്‍ തീ കൊളുത്തി 'ഗുരുതി' തിളപ്പിച്ച് ആ വെള്ളം കഴുങ്ങിന്‍ പൂങ്കുല കൊണ്ട് അടിച്ച് ശരീരത്തില്‍ തെറിപ്പിക്കുകയും, ഉരുളിയില്‍ കയറിനില്‍ക്കുകയും, തിളയ്ക്കുന്ന വെള്ളത്തില്‍ തൊടുകയും തുടര്‍ന്ന് ഉരുളി കമിഴ്തിയിട്ട് അതിന്മേല്‍ കയറി നിന്ന് നൃത്തം ചെയ്യുന്നതുമൊക്കെയാണ്‌ ഈ ദിവ്യാല്‍ഭുതം. ഈ കഴിവ്‌ തനിക്കു കിട്ടിയത് ഉപാസനാ മൂര്‍ത്തിയായ കാളിയുടെ അനുഗ്രഹം മൂലമാണെന്ന് വ്യാപകമായി പ്രചരിപ്പിച്ച് കുറഞ്ഞകാലം കൊണ്ടുതന്നെ ബി പി എല്‍ ഗോപാലന്‍ എ പി എല്‍ ഗോപാലനായി മാറിക്കഴിഞ്ഞിട്ടുണ്ട്.

പരിപാടി തുടങ്ങുമ്പോള്‍ ഒരു കൂട്ടം RSS പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി എത്തുന്നു. പരിപാടി നടത്താന്‍ അനുവദിക്കുകയില്ലെന്ന് ആക്രൊശിച്ചുകൊണ്ട് അവര്‍ അലങ്കോലപ്പെടുത്താന്‍ ശ്രമം നടത്തി. പക്ഷേ അവിടെ തടിച്ചുകൂടിയ വിവിധ ജാതിമതസ്ഥരായ ജനക്കൂട്ടം (ബഹു ഭൂരി പക്ഷവും മത വിശ്വാസികളാണെന്ന് എടുത്തു പറായേണ്ടല്ലൊ) അക്രമികള്‍ക്കെതിരെ തിരിഞ്ഞു. യുക്തിവാദി സംഘം നടത്തിയ പരിപാടികളില്‍ ഇത്രയേറെ ജന പിന്തുണ കിട്ടിയ പരിപാടി അടുത്തെങ്ങും നടന്നിട്ടില്ല. ജനക്കൂട്ടത്തിന്റെ ചെറുത്തുനില്പ്പില്‍ അക്രമികള്‍ പിന്തിരിഞ്ഞു. ഗോപാലന്‍ദൈവത്തിന്റെ അല്‍ഭുത പ്രവൃത്തി സംഘം പ്രവര്‍ത്തകര്‍ അതേപടി അവതരിപ്പിക്കുമ്പോള്‍ ആള്‍ക്കൂട്ടം ഗൊപാലന്‍ ദൈവത്തെ കൂകി വിളിച്ചുകൊണ്ടിരുന്നു. എന്നാല്‍ പരിപാടി നടക്കവേ പിന്മാറിയ മത സംരക്ഷകര്‍ കൂടുതല്‍ ആളെ കൂട്ടി പ്രകടനവുമായെത്തി. മറുപുറത്ത് DYFI പ്രവര്‍ത്തകരും സംഘടിച്ചതിനാല്‍ അവര്‍ക്ക് ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല.

ഈ സംഗതികള്‍ നടന്നുകൊണ്ടിരിക്കേ കാര്യമൊന്നുമറിയാതെ രണ്ട് കാവി മുണ്ടുധാരികള്‍ റോഡിലൂടെ നടന്നു വരുന്നു.
ഒരാള്‍ : എന്താ പ്രശ്നം?

വഴിയോരത്തുനിന്ന മൂന്നാമന്‍: യുക്തിവാദികള്‌ ഗുരുതിക്കെതിരെ പരിപാടി നടത്വാ...

നായക്കള്‌... ഓല്‍ക്ക് ഹിന്ദുക്കളെ നേരെ കുത്‌ര കേറാനേ നേരൊള്ളു. മാപ്ലാര്‌ എന്ത് ചെയ്താലും ഒരു കൊഴപ്പുംല്ല്യ. ഇതങ്ങനെ വിട്ടാ പറ്റൂല.

കലി പിടിച്ച രണ്ടാളും കൂടി ആറെസ്സെസ്സുകാരുടെ പ്രകടനത്തിലേക്ക് നൂണ്ട് കയറി.

ഹിന്ദു വികാരമെന്ന് പറയുന്ന സാധനം വളരെ പെട്ടെന്നാണ്‌ നുരഞ്ഞു പൊന്തിയത്. ആരെന്തു തട്ടിപ്പു നടത്തിയാലും ഇക്കൂട്ടര്‍ക്ക് പ്രശ്നമില്ല. തട്ടിപ്പിനിരയാകുന്നത് 'സ്വന്തം ആള്‍ക്കാരാ'യാലെന്ത്? ദൈവത്തിന്റെ പേരിലാകുമ്പോള്‍ പ്രതിരോധിക്കാതെ തരമില്ല. ആള്‍ ദൈവങ്ങള്‍ പിടിക്കപ്പെടുന്നതുവരെ ഈ 'സനാതന സംരക്ഷകര്‍' അവര്‍ക്ക് വിടുവേല ചെയ്തുകൊണ്ടിരിക്കും. സ്വന്തം അമ്മ പെങ്ങന്മാരെ സന്തോഷ് മാധവന്മാരുടെ മുന്നില്‍ 'ഭജനയിരുത്താനും' ബഹു സന്തോഷമാണ്‌. പിടിക്കപ്പെട്ടാലോ- തല്‍ക്കാലത്തേക്ക് തള്ളിപ്പറഞ്ഞ്‌ തടി രക്ഷിക്കാമല്ലൊ? ആളൊടുങ്ങുമ്പോള്‍ വീണ്ടും സനാതന സംരക്ഷണം തുടങ്ങാം.
======================================================
മുഷിയുന്നില്ലെങ്കില്‍ ഒരു സംഭവം കൂടി പറയാം. നാലു വര്‍ഷം മുമ്പ്- മഞ്ചേരി പുതിയ ബസ് സ്റ്റാന്റ് പരിസരം. ശബരിമല മകരവിളക്ക് തട്ടിപ്പിനെ തുറന്നു കാട്ടാന്‍ യുക്തിവാദിസംഘം പ്രവര്‍ത്തകര്‍ പ്രകടനമായെത്തി പൊതുയോഗത്തിനൊരുങ്ങുന്നു. പ്രതീകാത്മകമായി 'മകരജ്യോതി' കത്തിച്ചുകാണിച്ച് സര്‍ക്കാര്‍ വിലാസം തട്ടിപ്പിനെതിരെ പ്രതിഷേധിക്കുന്നു. തുടര്‍ന്ന് ഈ തട്ടിപ്പിനെ തുറന്നു കാട്ടി പ്രസംഗം നടക്കുന്നു.

ഈ സമയമത്രയും പ്രസംഗവേദിക്കു ചുറ്റും കയ്യടിച്ചു പ്രോല്‍സാഹിപ്പിച്ചുകൊണ്ട് കുറച്ച് ചെറുപ്പക്കാര്‍ കൂടി നിന്നിരുന്നു. യു കലാനാധന്‍ മാസ്റ്റര്‍ തന്റെ പ്രസംഗത്തിലെ ഇല്ലാത്ത ദൈവത്തിന്റെ പേരില്‍..... ന്നൊരു വാചകം പറഞ്ഞതേയുള്ളു. മുന്നില്‍ അതുവരെ ചിരിച്ചുകൊണ്ടു നിന്ന ഒരു ഊശാന്‍ താടിക്കാരന്‍ ഒരു ചോദ്യവുമായി മാഷെ നേരിട്ടു:

അപ്പോ... ദൈവമില്ലെന്നാണോ മാഷ് പറയുന്നത്?

കൂടെ കുറേ പേരും.

ഇത് ചോദ്യോത്തര വേദിയല്ലെന്നും, പൊതുയോഗം കഴിഞ്ഞ ശേഷം സമയമുണ്ടെങ്കില്‍ ചോദ്യങ്ങള്‍ക്ക് മറുപടി പറയാമെന്നും മാഷ് പറഞ്ഞെങ്കിലും അവര്‍ മുന്‍ കൂട്ടി തയ്യാറാക്കിയ അജണ്ടയനുസരിച്ച് തുടര്‍ കലാപരിപാടികള്‍ ആരംഭിച്ചു. ജനറേറ്റര്‍ പ്രവര്‍ത്തനരഹിതമാക്കി അക്കൂട്ടര്‍ തങ്ങളുടെ 'ദൈവം' ഉണ്ട് എന്ന് സ്ഥാപിച്ചു. ദൈവത്തെ വിളിച്ചോളൂ, ജനറേറ്റര്‍ നന്നാകുമെന്ന് ഒരു ദൈവസംരക്ഷകന്‍ ഉപദേശിക്കുന്നതും കേട്ടു. എന്‍ ഡി എഫിന്റെ ഗുണ്ടാപ്പടക്കിടയില്‍ നിന്ന് മാഷെ അന്ന് ഒരുവിധം രക്ഷിച്ച് പ്രവര്‍ത്തകര്‍ വാഹനത്തില്‍ കയറ്റി.

ഇതിനിടെ ഓട്ടോ റിക്ഷയില്‍ വന്നിറഞ്ഞി ബസ്സില്‍ കയറാന്‍ ഓടുന്നത്തിനിടയില്‍ ഒരാള്‍ (പച്ചക്കറിയും വാങ്ങി വീട്ടിലേക്കു മടങ്ങുന്ന ഒരു ഗൃഹനാഥനാണെന്ന് ഒറ്റനോട്ടത്തിലറിയാം) ആള്‍കൂട്ടത്തെ വകഞ്ഞു മാറ്റി എത്തി നോക്കി; അയാളുടെ പാന്റിന്റെ കാലുകള്‍ നെരിയണിക്കു മുകള്‍ ഭാഗം വരെയേ ഉണ്ടായിരുന്നുള്ളു; ഒരാളെ തൊണ്ടി ചൊദിച്ചു:

എന്താ കാര്യം?

യുക്തിവാദികളുടെ പരിപാടിയാ..

തല്ലെടാ ഓലെ..ഒരു യുക്തിവാദ്യേള്‌ വന്ന്‌ക്ക്ണ്‌....

അവിടെ നടക്കുന്നതെന്തെന്ന് അയാള്‍ക്കറിയില്ല, യുക്തിവാദികള്‍ ചെയ്ത തെറ്റെന്തെന്നും അറിയില്ല. പക്ഷേ ഒന്നയാള്‍ക്ക് ഒന്ന് നിര്‍ബന്ധമുണ്ടായിരുന്നു. 'ഓലെ തല്ലണം'

അന്ന് അസഹിഷ്ണുതയുടെ ഭീഭല്‍സമായ ഒരു മുഖം കൂടി കണ്ടു. ഗുജറാത്തില്‍ വംശഹത്യ എന്ന കലാപരിപടികളില്‍ പങ്കെടുത്ത് ശൂലവും കത്തിയുമായി അര്‍മാദിച്ചു നില്‍ക്കുന്ന ഹിന്ദു മത ഭ്രാന്തനും അതേ മുഖച്ഛായയായികുന്നു.
========================================================
സുഹൃത്തേ,

മേലുദ്ധരിച്ചവ എന്റെ ജീവിതത്തിലുണ്ടായ നേരനുഭവങ്ങളാണ്‌. അതിനിയുമെത്രയോ ഉണ്ട്, എന്നാല്‍ അതെല്ലാം എടുത്തിട്ട് ഒരു നീണ്ട കഥ പറയാന്‍ ഉദ്ദേശമില്ല. പറയാനുള്ളതിത്ര മാത്രം:

മതം സ്നേഹമാണെന്നും, തേനാണെന്നും, പാലാണെന്നും ഗീര്‍വാണപ്രസംഗം നടത്തുന്നവര്‍ തന്റെ മതമല്ലാത്തതെന്തിനേയും അസഹിഷ്നുതയുടെ കണ്ണുകൊണ്ട് വീക്ഷിക്കുന്നു. കുഞ്ഞു നാളിലേ മനസ്സുകളിലേക്ക് വിഷം അടിച്ചു കയറ്റപ്പെടുന്നു. മനുഷ്യന്‍ എന്ന അഭിമാനത്തിനു പകരം ഹിന്ദുവെന്നും , മുസ്ലിമെന്നും, കൃസ്ത്യാനിയെന്നും അഭിമാനിക്കാന്‍ 'ജന്മനാതന്നെ' ഓരോരുത്തരും പഠിക്കുന്നു. അതിലേക്ക് തങ്ങള്‍ക്കാകുന്ന സംഭാവനകള്‍ മത മേലധികാരികളും മല്‍സരിച്ചു നല്‍കുന്നു. കൃസ്ത്യാനിയുടെ കുട്ടി കൃസ്ത്യാനിയുടെ സ്കൂളില്‍ പഠിച്ചാല്‍ മതിയെന്ന്‌ തിട്ടൂരമിറക്കുന്നവര്‍ ഒരു വശത്ത്. ചോദ്യപ്പേപ്പറിട്ടതിന്‌ അധ്യാപകന്റെ കൈ വെട്ടുന്നവര്‍ മറുവശത്ത്. മുസ്ലിം എന്നും കൃസ്ത്യാനിയെന്നും കേള്‍ക്കുമ്പോളെ സനാതന വികാരം അനപൊട്ടിയൊഴുകുന്നവര്‍ മറ്റൊരു വശത്ത്.

ഇവരും ഇവരുടെ 'ദൈവപ്രോക്തമായ' പ്രത്യയ ശാസ്ത്രങ്ങളും മുന്നിലുള്ളപ്പോള്‍ നിങ്ങളെവിടെയാണ്‌ സുഹൃത്തേ പരതിക്കൊണ്ടിരിക്കുന്നത്, മത ഭീകരതയുടെ അടിവേരുകള്‍?

ഭീകരത ഒരു ദിവസം രാവിലെ മുളച്ചു പൊന്തി വന്നതാണെന്നു തോന്നും ചിലരുടെ പ്രതികരണം കണ്ടാല്‍. ഭീകരാക്രമണങ്ങല്‍ നടക്കുമ്പോഴേക്കും 'ഭീകരര്‍ക്ക്‌ മതമില്ലെന്ന' പതിവുപല്ലവികള്‍ ഉയരുകയായി. ഭീകരതയെ അപലപിക്കുന്നതിനും മുമ്പേ ഈ മന്ത്രം ഉരുവിടണമെന്ന് ചിലര്‍ക്ക് നിര്‍ബന്ധമാണ്‌. ഈ വാദത്തില്‍ വല്ല സത്യവുമുണ്ടോ? ഈ പറച്ചിലിന്‌ വല്ല ആത്മാര്‍ത്ഥതയുമുണ്ടൊ? ഭീകരത സാമ്രാജ്യത്വ സൃഷ്ടിയാണെന്നു പറഞ്ഞാല്‍ ആര്‍ക്കും വലിയ പരിക്കില്ലാതെ കഴിക്കാം. അപ്പറഞ്ഞതിന്‌ ചോദിക്കാനും കൈവട്ടാനും തൃശൂലം കയറ്റാനും 'സാമ്രാജ്യത്വം' വരില്ലല്ലോ.

ഭീകരതയെ സൃഷ്ടിക്കുന്നതില്‍ സാമ്രാജ്യത്വത്തിന്‌ പങ്കില്ലെന്നല്ല ഇപ്പറഞ്ഞതിനര്‍ത്ഥം. എന്നാല്‍ 'ശുദ്ധശൂന്യത'യില്‍ നിന്ന് ഭീകരതയെ സൃഷ്ടിക്കുന്ന മാജിക്കുകാരനാണൊ സാമ്രാജ്യത്വം? അവര്‍ ഭീകരതയെ സൃഷ്ടിക്കുകയല്ല ഉപയോഗിക്കുകയാണ്‌ ചെയ്യുന്നത്. ഭീകരതയ്ക്കു്‌ വളരാണുള്ള മണ്ണൊരുക്കുകയും ചെയ്യുന്നുണ്ടാകാം. എന്നാല്‍ ഈ മതഭീകരത എന്നു പറയുന്ന സാധനത്തിന്റെ വിത്തുകളും, അതിനുള്ള ഇന്ധനവും മതത്തില്‍ തന്നെയാണെന്ന സത്യത്തെ ആരെല്ലാം എത്രയെല്ലാം കാലം മൂടിവെച്ചാലും അത് സത്യമല്ലാതാകുകയില്ല.

മത ഭീകരത മതത്തിന്റെതന്നെ ഉല്പ്പന്നമാനെന്ന്‌ എല്ലാവര്‍ക്കുമറിയാം. മതത്തെ അതിന്റെ പാപഭാരത്തില്‍നിന്ന് കുറ്റവിമുക്തമാക്കാന്‍ പെടാപ്പാടു പെടുന്നവര്‍ക്ക് അത് മറ്റാരേക്കാളുമറിയാം. മത വിശ്വാസത്തില്‍ നിന്നും മത മൗലിക വാദത്തിലേക്കും അവിടെനിന്നും മത തീവ്രവാദത്തിലേക്കും, തുടര്‍ന്ന് മത ഭീകരവാദത്തിലേക്കും, വംശഹത്യയിലേക്കുമുള്ള ദൂരം വളരെ വളരെ കുറവാണ്‌.

മത വിശ്വാസത്തോടൊപ്പം വിശാല മാനവികത പുലര്‍ത്തുന്നവരാണ്‌ കേരളത്തിലെ എല്ലാ മത വിഭാഗത്തിലും പെട്ട ഭൂരിപക്ഷം മത വിശ്വാസികളുമെന്ന് ഉറക്കെപ്പറഞ്ഞുകൊണ്ടുതന്നെയാണ്‌ ഇത്രയും എഴുതിയത്. കേരളത്തിലെ എന്ന് എടുത്തു പറയുകയാണ്‌. കാരണം മറ്റു സംസ്ഥാനങ്ങളിലും ഇതര മതരാജ്യങ്ങളിലും ഇതു തന്നെയാണോ സ്ഥിതി എന്ന് പരിശോധിക്കേണ്ടിയിരിക്കുന്നു. മത ഭേദത്തിനതീതമായ സൗഹൃദവും സ്നേഹവും പുലര്‍ത്തുന്നവരാണ്‌ ബഹിഭൂരിപക്ഷം വരുന്ന ഇവിടുത്തെ മതവിശ്വാസി സമൂഹമെങ്കില്‍ അതിന്റെ ക്രെഡിറ്റ് അവരുടെ മതത്തിനല്ല മറിച്ച് അവര്‍ ജീവിക്കുന്ന മതനിരപേക്ഷ സമൂഹത്തിനാണ്‌ അര്‍ഹമാകുന്നത്. മതമാണ്‌ സഹിഷ്നുതയുടെയും സഹജീവി സ്നേഹത്തിന്റെയും ഉറവിടമെങ്കില്‍ അത് മതമുള്ള എല്ലായിടത്തും ഒരേപോലെ കാണേണ്ടതായിരുന്നു. മത രാജ്യമായ പാക്കിസ്ഥാനിലെ മുസല്‍മാന്റെ, ഹിന്ദുവിനൊടും അഹമ്മദീയനോടുമുള്ള സമീപനമല്ല കേരളത്തിലെ സാധാരണ മുസല്‍മാന്റേത്. അതു പോലെ മുസ്ലിമായി ജനിച്ചു എന്ന ഒരു തെറ്റുമാത്രം ചെയ്ത ഗര്‍ഭിണിയെ വയര്‍ കുത്തിക്കീറി അതുകൊണ്ടരിശം തീരാഞ്ഞ് ഭ്രൂണത്തെ ശൂലത്തില്‍ കോര്‍ത്ത് ആനന്ദ നൃത്തമാടിയ കിരാത ഹിന്ദുവിന്റെ, അയല്‍ക്കാനായ മുസ്ലിമിനോടുള്ള സമീപനമല്ല സമാധാനപ്രിയരായ ഇവിടുത്തെ സാധാരണ ഹിന്ദു മതവിശ്വാസിക്കുള്ളത്.

മത വിശ്വാസികളുടെ സഹിഷ്ണുതയും സ്നേഹവും മതത്തിന്റെയല്ല മറിച്ച് അവര്‍ ജീവിക്കുന്ന മത നിരപേക്ഷ സമൂഹത്തിന്റെ സംഭാവനയാണെന്നര്‍ത്ഥം.

എന്നാല്‍ മറ്റൊരു ക്രൂര സത്യം എന്നെ ഭയപ്പെടുത്തുന്നു. സ്നേഹവും സൗഹൃദവും സഹിഷ്ണുതയുമുള്ള ചില മത വിശ്വാസികളുടെയെങ്കിലും ഉള്ളില്‍ ഉറങ്ങിക്കിടക്കുന്ന മതപരമായ അസഹിഷ്ണുത എപ്പോള്‍ വേണമെങ്കിലും ഉയര്‍ത്തെഴുന്നെല്‍ക്കാമെന്ന്. അത് 'മണിച്ചിത്രത്താഴ്' സിനിമയില്‍ ശോഭന അവതരിപ്പിച്ച 'നാഗവല്ലിയെ'പ്പോലെ എപ്പോള്‍ വേണമെങ്കിലും തനിസ്വഭാവം കാണിക്കാം. ഇത്‌ ഏതെങ്കിലും മത വിശ്വാസികളെ ആക്ഷേപിക്കാന്‍ മനപൂര്‍വ്വം പറയുന്നതല്ല. മഞ്ചേരിയിലും, രാമനാട്ടുകരയിലും മാത്രമല്ല, മാറാട്ട് മുസ്ലിം മതമൗലികവാദികള്‍ കൂട്ടക്കൊല നടത്തിയപ്പോള്‍ ഞാനറിയുന്ന പല കമ്യൂണിസ്റ്റുകാരായ ഹിന്ദു മതവിശ്വാസികളിലും ആ നാഗവല്ലിയെ ഞാന്‍ കണ്ടു. അന്ന് ഒരു ശുദ്ധ കമ്മ്യൂണിസ്റ്റുകാരന്‍ എന്റെ മുഖത്തുനൊക്കിപ്പറഞ്ഞു: നിന്നെപ്പോലുള്ള യുക്തിവാദികളാണ്‌ ഇതിനൊക്കെ വളം വെയ്ക്കുന്നതെന്ന്. മാറാട്ട് ഹിന്ദുക്കളെ കൊന്നതിന്‌ അവര്‍ എന്റെ മേല്‍ പ്രതികാരം കാണിക്കുമോ എന്നു പോലും ഞാന്‍ ഭയപ്പെട്ടു എന്നു പറഞ്ഞാല്‍ അതില്‍ അതിശയോക്തിയില്ല.

പ്രിയ സുഹൃത്തെ,

മത ഭീകരനെയും അവനെ സൃഷ്ടിക്കുന്നവനെയും പരതി മറ്റെവിടെയും പോകേണ്ടാതില്ല. ഉള്ളിന്റെയുള്ളിലെ സ്വത്വബോധത്തില്‍ അത് എവിടെയോ പതുങ്ങിയിരിക്കുന്നുണ്ടൊ എന്ന് ആത്മപരിശോധന നടത്തി നോക്കുക.

ഇനി ആത്മാര്‍ത്ഥമായി സ്വന്തം മനസ്സാക്ഷിയെ വഞ്ചിക്കാതെ ഉത്തരം പറയുക:

താലിബാനിസത്തിന്റെ ഇന്ധനം എവിടെ നിന്നാണ്‌? തൊഗാഡിയസത്തിന്റെയും?

Saturday, July 3, 2010

ഓടി വരെണേ....ഭൗതികം വലിയ പ്രതിസന്ധിയിലാണ്‌.

ഭൗതികം വലിയ പ്രതിസന്ധിയിലാണ്‌.

അതുകൊണ്ട്?

എല്ലാവരും ഓടിവരൂ. ഇങ്ങനെയൊരു ലോകം സാധ്യമാണെങ്കില്‍ മറ്റൊന്ന് സാധ്യമല്ലെന്ന് എങ്ങനെ പറയാന്‍ കഴിയും?

എന്തോന്ന്‌?

ഇങ്ങനെയൊരു ലോകം സാധ്യമാണെങ്കില്‍ മറ്റൊന്ന് സാധ്യമല്ലെന്ന് എങ്ങനെ പറയാന്‍ കഴിയുമെന്ന്‌?

വല്ലതും പിടി കിട്ടിയോ?

ഇല്ലെങ്കില്‍ വായന തുടര്‍ന്നോളൂ.

ഭൗതിക പദാർഥമാണ്‌ സത്യമെന്നതിൽ അഭിരമിക്കുന്ന യുക്തിവാദികൾ തങ്ങളുടെ ജൽപനങ്ങൾക്ക്‌ ഏതെങ്കിലും വിധത്തിലുള്ള ശാസ്ത്രീയ തെളിവുകൾ ഉള്ളതുകൊണ്ടല്ല അങ്ങനെ വാദിക്കുന്നത്‌. എല്ലാ ചോദ്യത്തിനും യുക്തിവാദത്തിന്‌ ഉത്തരം നൽകാൻ കഴിയുമെന്നതുകൊണ്ടുമല്ല. പദാർഥമാണ്‌ ഏക സത്യമെന്ന്‌ തെറ്റിൻരിച്ച കാലഘട്ടത്തിലെ ചിന്തകന്മാരുടെ മാനസിക പരികൾപനയായി ഉയർന്നുവന്ന പദാർഥവാദം കേവലയുക്തിയുടെ ന്യായശാസ്ത്രമായി പിന്തുടരുകയാണ്‌ ആധുനിക യുക്തിവാദികൾ ചെയ്യുന്നത്‌. പഞ്ചേന്ദ്രിയങ്ങൾ നൽകുന്ന അറിവ്‌ എത്ര പരിമിതമാണെന്ന്‌ ആധുനിക ശാസ്ത്രം തെളിയിച്ചുകഴിഞ്ഞു. ഇനിയും ഉത്തരം കണ്ടെത്താൻ കഴിയാത്ത അനേകം പ്രശ്നങ്ങൾ, കണ്ടെത്താനുള്ള കണങ്ങൾ, പൂരിപ്പിക്കേണ്ട സമസ്യകൾ അങ്ങനെ എത്രയോ ചോദ്യങ്ങൾക്ക്‌ ഉത്തരം തെരയുകയാണ്‌ ശാസ്ത്രം. കേവല യുക്തികൊണ്ട് മാത്രം ഉത്തരം കണ്ടെത്താൻ കഴിയുന്നതല്ല അവയെന്ന് ശാസ്ത്രജ്ഞർ കരുതുന്നു. കേവല യുക്തിയുടെ ന്യായവാദങ്ങൾ പിന്തുടരുന്നവരെ സംബന്ധിച്ചേടത്തോളം ഇതൊന്നും പ്രസക്തമായി കൊള്ളണമെന്നില്ല. യുക്തിവാദികൾക്ക്‌ കൈമോശം വന്നത്‌ യുക്തി തന്നെയാണ്‌. ഇങ്ങനെയൊരു ലോകം സാധ്യമെങ്കിൽ മറ്റൊന്ന്‌ സാധ്യമല്ലെന്ന്‌ എങ്ങനെ പറയാൻ കഴിയും? യുക്തിരഹിതമായ യുക്തിവാദം കൊണ്ടല്ലാതെ അതിനെ നിഷേധിക്കാൻ കഴിയില്ല......

എന്റെ ആരെടാ ഈ യുക്തിവാദി എന്ന പോസ്റ്റില്‍ ചിന്തകന്‍ ഇട്ട ഒരു കമന്റാണിത്. ജൂണ്‍ 5 ലക്കം പ്രബോധനം വാരികയില്‍ കെ വി ഇസ്ഹാഖ് ഒതളൂര്‍ എഴുതിയ മതം ശാസ്ത്രം യുക്തിവാദം എന്ന ലേഖനത്തില്‍ നിന്നാണ്‌ അദ്ദേഹം ഇത് ഉദ്ധരിക്കുന്നത്.

ഭൗതികത്തിന്‌ പ്രതിസന്ധിയുള്ളതുകൊണ്ട് തങ്ങളുടെ പരലോകം സാധ്യമല്ല എന്ന് എങ്ങനെ പറയാന്‍ കഴിയുമെന്നാണ്‌  ചോദ്യം.

ഭൗതികവാദം കടുത്ത പ്രതിസന്ധിയിലാണെന്നാണ്‌ ലേഖകന്‍ പറയുന്നത്. പദാര്‍ത്ഥത്തിന്റെ ഘടനയെ സംബന്ധിച്ച ആഴത്തിലുള്ള പഠനങ്ങള്‍ കാണിക്കുന്നത് ഇന്നറിയപ്പെടുന്ന കണങ്ങളെല്ലാം അസ്ഥിരമോ ക്ഷണികമോ ആണെന്നാണ്‌. പലകണങ്ങളും മറ്റൊന്നായി മാറുകയും ചെയ്യുന്നു. നിയതമായ എന്തെങ്ക്ലും ഘടന്യോ ഗുണമോ നിറമോ സ്വാദൊ തുടങ്ങിയ ദ്രവ്യാത്മക വിശേഷണങ്ങളൊന്നും അവയ്ക്ക് ആരോപിക്കാന്‍ കഴിയില്ല. സംഭവ്യതക്ക്‌ നിയാമകത്വം (certainity) കൈവരണമെങ്കിൽ ഒരു നിയാമകന്റെ ആവശ്യം അനിവാര്യമായിവരുന്നു. സൃഷ്ടി സംഹാര പ്രക്രിയയുടെ നിയാമകമായ വിതരണ ശൃംഖലയാണ്‌ പദാർഥങ്ങളിൽ നാം കാണുന്ന വസ്തുനിഷ്ഠത. അല്ലാതെ ആത്യന്തിക യാഥാർഥ്യമല്ല. വിശുദ്ധ ഖുർആൻ പറഞ്ഞതെത്ര ശരി: "നിശ്ചയമായും ഏതൊരു വസ്തുവിനെയും നാം സൃഷ്ടിച്ചതു ഒരുവ്യവസ്ഥ പ്രകാരമാണ്‌" (54:49). ദൈവികമായ വ്യവസ്ഥപ്പെടുത്തൽ എല്ലാ പ്രപഞ്ച യാഥാർഥ്യങ്ങളിലുംസൂക്ഷ്മദൃക്കുകൾക്ക്‌ കാണാവുന്നതാണ്‌. അതുകൊണ്ടുതന്നെയാണ്‌ ശാസ്ത്രത്തെ പോലെമതവും പ്രപഞ്ചസത്യത്തെ മനസ്സിലാക്കാനുള്ള സമ്യക്‌ ദർശനമാണെന്ന്‌ പല ഭൗതികജ്ഞരും വ്യക്തമാക്കിയത്‌.

ചുരുക്കിപ്പറഞ്ഞാല്‍ ശാസ്ത്രം അല്ലാഹുവിന്റെ വ്യവസ്ഥയിലെക്കാണ്‌ പോകുന്നതെന്ന്.

അതുകൊണ്ട് മറ്റൊരു ലോകം (സ്വര്‍ഗ-നരക/ പരലോകം) സാധ്യമല്ലെന്ന് പറയാന്‍ യുക്തിവാദികള്‍ക്കെന്തവകാശം?

ഇതൊരു ഭയങ്കര ചോദ്യമാണ്‌.

ഭൗതികവാദത്തിന്റെയും യുക്തിവാദത്തിന്റെയും ഗോദയില്‍ കയറിനിന്ന് ഉണ്ടയില്ലാ വെടി പൊട്ടിക്കുന്നവര്‍ അറിഞ്ഞിട്ടും അറിഞ്ഞില്ലെന്ന് നടിക്കുന്ന ഒരു പച്ചപ്പരമാര്‍ഥമുണ്ട്. ആധുനിക ശാസ്ത്രം (സയന്‍സ്) എന്നത് വസ്തുനിഷ്ഠ സത്യം തേടലാണെന്നത്. ശാസ്ത്രത്തിന്‌ അതിന്റേതായ സമീപനങ്ങളും പരിശോധനാ രീതികളുമുണ്ട്.

ഭൗതികതയ്ക്കു്‌ അതീതമായ പല പ്രതിഭാസങ്ങളും പ്രപഞ്ചത്തിലുണ്ടെന്നും ശാസ്ത്രപഠനത്തിലൂടെ ഒരിക്കലുമാ സത്യങ്ങള്‍ എത്തിപ്പിടിക്കാനാവില്ലെന്നും ഇക്കാലമത്രയും വിടുവായത്തമടിച്ച ആത്മീയ വാദികള്‍ ശാസ്ത്രം നിയാമകതയിലേക്കാണ്‌ പോകുന്നതെന്ന ബ്ലണ്ടറുമായി ആത്മസായൂജ്യമടയുന്നതിന്റെ ആത്മാര്‍ത്ഥതയെന്താണ്‌?

സയന്‍സിന്റെ രീതി

ഭൗതിക നിരീക്ഷണങ്ങളില്‍ നിന്നും പൂര്‍വ്വാനുമാനങ്ങള്‍ (Hypothesis) ഉണ്ടാക്കുക, അത് പരീക്ഷിച്ച് ഒന്നുകൂടി ഉറപ്പാക്കുക, ഗണിത വിശകലനം നടത്തി പുതിയ സിദ്ധാന്തം(Theory) ഉണ്ടാക്കുക, സിദ്ധന്തത്തിനനുബന്ധമായി ഉരുത്തിരിയുന്ന പ്രവചനങ്ങള്‍ പരീക്ഷിച്ച് സിദ്ധാന്തത്തിന്റെ സാംഗത്യം സ്ഥിരീകരിക്കുക തുടങ്ങിയ പടവുകളിലൂടെയാണ്‌ ശാസ്ത്രം കടന്നു പോകുന്നത്. അതാണ്‌ സയന്‍സിന്റെ രീതി വ്യവസ്ഥ(method).

ശാസ്ത്ര മുന്നേറ്റത്തില്‍ മനുഷ്യന്‌ ഒരിക്കലും എത്തിപ്പിടിക്കാനാവില്ലെന്ന് കരുതപ്പെട്ട പ്രകൃതിയുടെ ദുരൂഹ തത്വങ്ങള്‍ പലതും കരഗതമായി. മതങ്ങള്‍ കുത്തകയാക്കി വെച്ചിരുന്ന പ്രപഞ്ച സൃഷ്ടിയും ജീവ സൃഷ്ടിയും ശാസ്ത്രത്തിന്റെ
കൈപ്പിടിയിലൊതുങ്ങുകയും, പുതിയ ജീവനെ തന്നെ സൃഷ്ടിക്കുന്നതിന്റെ പടവുകള്‍ ശാസ്ത്ര സമൂഹം ദ്രുതഗതിയില്‍ കയറിക്കൊണ്ടിരിക്കുകയും ചെയ്യുമ്പോള്‍ ശാസ്ത്രത്തിന്റെയും ഭൗതികവാദത്തിന്റെയും ഗൊദയിലിറങ്ങി മെയ്യഭ്യാസം നടത്തുന്നവര്‍ സ്വയം വഞ്ചിക്കുകയാണ്‌ ചെയ്യുന്നത്.

ദൈവത്തിന്റെയും, പരലോകത്തിന്റെയും പുനര്‍ജന്മ സിദ്ധാന്തത്തിന്റെയും അദൃശ്യ ജീവികളുടേയുമൊക്കെ അസ്തിത്വം ശാസ്ത്രത്തിന്റെ പരിധിയില്‍ വരുന്നതല്ലെന്ന് ഉദ്ഘോഷിക്കുകയും, ഒപ്പം തന്നെ ശാസ്ത്രം നിയാമകന്റെ അസ്തിത്വത്തെ അംഗീകരിക്കുന്നു എന്ന് പൊയ് വെടി പൊട്ടിക്കുകയും ചെയ്യുന്നവര്‍ ചെയ്യുന്നത് ഇരട്ടത്താപ്പാണ്‌.

പദര്‍ത്ഥത്തിന്റെ വസ്തുനിഷ്ഠത തകര്‍ന്നുവെന്ന് മുറവിളി കൂട്ടുന്നവര്‍ അറിഞ്ഞിരിക്കേണ്ട മറ്റൊരു സംഗതി കൂടിയുണ്ട്. 'പദാര്‍ത്ഥം' യുക്തിവാദികളുടെ 'ദൈവ'മൊന്നുമല്ലെന്ന്. ശാസ്ത്രം ശരികളില്‍ നിന്ന് കൂടുതല്‍ ശരികളിലേക്ക് നീങ്ങുപോള്‍ ആ കൂടുതല്‍ ശരികളെ അംഗീകരിക്കുന്നതാണ്‌ യുക്തിവാദ രീതി.

ഇനി ശാസ്ത്രം ഒരു നിയാമകന്റെ അസ്തിത്വം അംഗീകരിക്കുന്ന ഒരു ഘട്ടമുണ്ടെങ്കില്‍ (ഇത് ഒരു സാങ്കല്പിക ഘട്ടം മാത്രമാണ്‌) അതിനെയും അംഗീകരിക്കാന്‍ യുക്തിവാദികള്‍ക്ക് ഏതെങ്കിലും കിതാബില്‍ എഴുതിയിട്ടുണ്ടോ എന്ന് പരിശോധിച്ചു വരേണ്ട ഗതികേടുമുണ്ടാകില്ല.

യുക്തിവാദികള്‍ ഇവര്‍ ആരോപിക്കുന്നതുപോലെ യുക്തി കൈമോശം വന്നവരും, അവര്‍ പറയുന്നത് മുഴുവന്‍ തെറ്റുമാണെന്ന് വെയ്ക്കുക. അതുകൊണ്ട് തങ്ങള്‍ പറയുന്നതാണ്‌ ശരി എന്ന് പറയുന്നത് എന്ത് ന്യായമാണ്‌?

A പറയുന്നതൊക്കെ തെറ്റാണ്‌. അതുകൊണ്ട് B പറഞ്ഞതാണ്‌ ശരി.

ഇതെന്തൊരു വിചിത്രമായ വാദമാണ്‌?

യുക്തിവാദികള്‍ പറയുന്നത് തെറ്റായതിനാല്‍ തങ്ങള്‍ പറയുന്നതാണ്‌ ശരിയെന്ന വിചിത്രവാദമുയര്‍ത്തുന്നവര്‍ ശാസ്ത്രത്തിന്റെ പരിശോധനാ രീതികളാല്‍ തങ്ങളുടെ മൂഢവിശ്വാസങ്ങളെ പരിശോധന നടത്താന്‍ തയ്യാറുണ്ടോ?

ശാസ്ത്രം ആത്മീയ വാദത്തിലേക്കാണ്‌ നീങ്ങുന്നതെങ്കില്‍ യുക്തിവാദികളും പൂര്‍ണ്ണമനസ്സോടെ ആത്മീയ വാദികളാകാം. ഞങ്ങള്‍, ഇന്നത്തെ 'എല്ലാ ഭൗതിക സുഖങ്ങളിലും ആറാടി ജീവിക്കുന്ന കപട ആത്മീയ വാദി'യേക്കാള്‍ നല്ല ആത്മീയ വാദിയാകാം. പക്ഷേ,

അതിനു മുമ്പ്‌, ജിന്ന്, മലക്ക്, യക്ഷി, അല്ലാഹു, യഹോവ, ആത്മാവ്, പ്രേതം, ഭൂതം, പിശാച്, ഗന്ധര്‍വ്വന്‍ (ഇതില്‍ നിന്ന്‌ അതതിന്റെ ആളുകള്‍ ആവശ്യാനുസരണം വേര്‍തിരിച്ചെടുത്തുകൊള്ളുക) ഇത്യാദി മനോവ്യാപാരങ്ങളുടെ അസ്തിത്വത്തെ ശാസ്ത്രത്തിന്റെ പരിശോധനാ രീതികളുടേ ഉരകല്ലിലുരച്ച് പരിശോധിച്ചിട്ടുവരിക. അതുവരെ ശാസ്ത്രത്തിന്റെയും ഭൗതികവാദത്തിന്റെയും ഗൊദയില്‍ കയറിയുള്ള വാക്പയറ്റ് ദയവായി നിര്‍ത്തുക.