മേയ് 2011 ലക്കം 'യുക്തിവിചാരം' മാസികയിൽ വന്ന ഡോ. ലാസർ തേവർമഠത്തിന്റെ ലേഖനത്തെക്കുറിച്ച് ശ്രീ. രവീന്ദ്രനാഥ് ടി കെ,അദ്ദേഹത്തിന്റെ atheism ബ്ലോഗിൽ യുക്തിവാദം എന്ത്? : രാജഗോപാല്‍ വാകത്താനം കാണാതെ പോകുന്ന കാര്യങ്ങള്‍എന്ന പേരില്‍ ഒരു പോസ്റ്റ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഈ പോസ്റ്റിൽ ഇട്ട കമന്റ് പ്രസക്തമെന്ന് തോന്നുന്നതിനാൽ ഇവിടെ ഇടുന്നു.
ഡോ: ലാസറിന്റെ ലേഖനം വായിച്ചപ്പോള്‍, രാജഗോപാല്‍ പറയുന്നതിലും ലാസര്‍ പറയുന്നതിലും ശരിതെറ്റുകളുണ്ടെന്നു തോന്നി. “ എന്നു പറയുന്നതു പോലെ ഈ പോസ്റ്റ് വായിച്ചപ്പോൾ രവീന്ദ്രനാഥ് സർ പറയുന്നതിലും ശരിതെറ്റുകളുണ്ടെന്നാണ് എനിക്ക് തോന്നുന്നത്.
യുക്തിവാദി സംഘത്തിന്റെ പ്രവർത്തന മേഖലയിലെ ഊന്നൽ എന്തിനാകണം എന്ന കാര്യത്തിൽ ലേഖകന്റെ അഭിപ്രായത്തോട് യോജിക്കുന്നു. അന്ധവിശ്വാസം, അനാചാരങ്ങൾ, ജാതീയവും മതപരവുമായ വിവേചനം, ആശാസ്ത്രീയമായ വിശ്വാസപമാണങ്ങൾ-(ജ്യോതിഷം മുതൽ ഹോമിയോപ്പതി വരെ) എന്നിവയ്ക്കെതിരായ പ്രചരണവും ബോധവല്ക്കരണവും തന്നെയാണ് യുക്തിവാദികൾ മുഖ്യ അജണ്ടയായി എടുക്കേണ്ടത്. അതിനുള്ള ന്യായവും ശരിതന്നെ; നിലവിൽ യുക്തിവാദി സംഘടനകൾക്ക് വളരെ പരിമിതമായ റിസോഴ്സുകൾ മാത്രമേയുള്ളു. ഇത് മുഖ്യലക്ഷ്യങ്ങൾക്കുവേണ്ടി മാറ്റിവെയ്ക്കുകതന്നെ വേണം.
ഒരു സംഘടന എന്ന നിലയിൽ പരിമിതമായ വിഭവശേഷിയിൽ യുക്തിവാദി സംഘടനയ്ക്ക് ഇത്രയൊക്കെയേ ചെയ്യാൻ കഴിയൂ എന്ന കാര്യത്തില്‍ യോജിക്കുമ്പോഴും ഒരു വ്യക്തിയെന്ന നിലയിൽ 'യുക്തിവാദി' എന്തായിരിക്കണം എന്ന കാര്യത്തില്‍ ശ്രീ. രാജഗോപാലിന്റെ നിരീക്ഷണങ്ങൾക്ക് വളരെയേറെ പ്രസക്തിയുണ്ടെന്ന് ഞാൻ കരുതുന്നു. ‘മാനവികമായ സാമൂഹിക-സാംസ്കാരിക-രാഷ്ട്രീയ-ജീവിതത്തെപ്പറ്റിയുള്ള ഒരു സമഗ്രസംഹിത’ യുടെ അനുയായികളാവണം യുക്തിവാദികള്‍ എന്നു നിഷ്കര്‍ഷിച്ചാല്‍ യുക്തിവാദികളാവാന്‍ ആളെ കിട്ടില്ല. “ എന്ന വാദം ഈ സാഹചര്യത്തിൽ തികച്ചും നിഷേധാത്മകമാണെന്ന് പറയാതെ വയ്യ.
ഒരു സംഘടന എന്ന നിലയിൽ യുക്തിവാദികൾ അംഗങ്ങളായ സംഘങ്ങൾക്ക് (സംഘടന ഏതായാലും) കുറെയേറെ പരിമിതികളുണ്ടാകും. ഉദാഹരണത്തിന് മദ്യപാനം, പുകവലി, ലഹരി ഉപയോഗം തുടങ്ങിയ വിഷയങ്ങൾ എടുക്കുക. യുക്തിവാദി സംഘം ഇതിനെതിരായ ബോധവർക്കരണത്തിന് നില്‍ക്കണം എന്നു പറഞ്ഞാൽ അത് പ്രായോഗികമാവുകയില്ല. പരിസ്ഥിതിയുടെ പ്രശ്നമെടുക്കുക. ഈ വിഷയത്തെ മുഖ്യവിഷയമായി എടുത്ത് പ്രവർത്തിക്കാൻ യുക്തിവാദി സംഘത്തിന് കഴിയുകയില്ല. കലാ സാംസ്കാരിക രംഗങ്ങളിൽ മുന്നിട്ടിറങ്ങി പ്രവർത്തിക്കാനും ഒരു സംഘടന എന്ന നിലയിൽ സംഘത്തിന് ബുദ്ധിമുട്ടാകും.
എന്നാൽ ഒരു യുക്തിവാദി ഈ വിഷയങ്ങളിലെല്ലാം സ്വന്തമായ ഉറച്ച നിലപാടുള്ളയാളായിരിക്കണം. ഈ വിഷയങ്ങൾ യുക്തിവാദിസംഘടന എന്ന നിലയിൽ ഏറ്റെടുക്കുന്നത് ബുദ്ധിമുട്ടായിരിക്കുമെങ്കിലും (അതിൽ പ്രായോഗികമായ ഒരു പാട് വിഷമങ്ങൾ, പരിമിതികൾ ഉണ്ടാകും) ഈ മേഖലകളിൽ പ്രവർത്തിക്കുന്ന മറ്റ് സംഘടനകളുമായി യോജിച്ച് പ്രവർത്തിക്കുന്നതിൽ യുക്തിവാദികൾക്ക് ബുദ്ധിമുട്ടുണ്ടാകേണ്ടതില്ലെന്ന് മാത്രവുമല്ല, അത് അനിവാര്യവുമാണ്.
തീര്‍ച്ചയായും ശാസ്ത്രസിദ്ധാന്തങ്ങള്‍ക്ക് വിലകല്‍പ്പിക്കുന്നവനാകണം യുക്തിവാദി. അവന്റെ മിനിമം ക്വാളിഫിക്കേഷന്‍, ശാസ്ത്രബോധം മുറുകെപ്പിടിക്കുകയും, യുക്തിപരമായി ചിന്തിച്ചു പ്രവര്‍ത്തിക്കുകയും, മതാന്ധവിശ്വാസങ്ങളെ വ്യക്തിജീവിതത്തില്‍ നിന്ന് ഒഴിവാക്കുകയും, അതെനെതിരെ പ്രതികരിക്കുകയും, ചെയ്യുക എന്നതായിരിക്കണം. ഒരു യുക്തിവാദി ഇപ്പറഞ്ഞതെല്ലാമാകണം. ജീവിതത്തിൽ സത്യാസത്യങ്ങളെ വിവേചിച്ചറിയാൻ യുക്തിയുടെയും ശാസ്ത്രത്തിന്റെയും ഉരക്കല്ലിൽ സകല പ്രശ്നങ്ങളെയും ഉരച്ചുനോക്കി മാത്രം നിലപാടെടുക്കാൻ യുക്തിവാദിക്കു കഴിയണം.
സംഘടന എന്ന നിലയിൽ പല പരിമിതികളും പ്രവർത്തന മേഖലയിലെ മുൻഗണനകൾക്ക് ഉണ്ടെങ്കിലും പൊതുവായ സാമൂഹ്യ വിഷയങ്ങളിൽ യുക്തിവാദി സംഘടനകൾക്ക് വ്യക്തമായ നിലപാടെടുക്കേണ്ടതായും അത് പ്രചരിപ്പിക്കേണ്ടാതായും വരുന്ന സന്ദർഭങ്ങൾ ഉണ്ടാകും. ഉദഹരണം, ഏറ്റവും ഒടുവിൽ ഉണ്ടായ എന്റോസൾഫാൻ പ്രശ്നം. ഈ വിഷയത്തിൽ മുൻനിന്ന് പ്രവർത്തനം നടത്താൻ പരിമിതികൾ ഉണ്ടാകാമെങ്കിലും സംഘത്തിന് ഇക്കാര്യത്തിൽ വ്യക്തമായ കാഴ്ചപ്പാടുകൾ ഉണ്ടായിരുന്നു. അതേ പോലെ പരിസ്ഥിതി, കലാ സാംസ്കാരിക പ്രവർത്തനം, മദ്യപാനം, ലഹരി ഉപയോഗം തുടങ്ങിയ മേഖലകളിലും സംഘടനയ്ക്ക് സ്വന്തമായ അഭിപ്രായം രൂപീകരിക്കാൻ ബാധ്യതയുണ്ട്.
സാമൂഹ്യനീതിയുടെ പ്രശ്നമെടുക്കുക. സഹസ്രാബ്ദങ്ങളായി ജാതീയമായ അതിക്രമങ്ങൾക്കും വിവേചനങ്ങൾക്കും വിധേയമായ പട്ടികജാതി, പിന്നോക്ക സമുദായങ്ങൾക്ക് ഭരണ-ഉദ്ധ്യോഗ രംഗങ്ങളിൽ സംവരണം നല്കണമെന്ന വിഷയത്തിലും യുക്തിവാദി സംഘത്തിന് വ്യക്തമായ നിലപാടുണ്ട്.
പറഞ്ഞു വന്നത് “‘മാനവികമായ സാമൂഹിക-സാംസ്കാരിക-രാഷ്ട്രീയ-ജീവിതത്തെപ്പറ്റിയുള്ള ഒരു സമഗ്രസംഹിത’യുടെ അനുയായികളാവണം യുക്തിവാദികള്‍ ” എന്ന വാദം വളരെയേറെ പ്രസക്തമാകണം എന്നുതന്നെയാണ്. ഇതിന്റെ അർത്ഥം എല്ല യുക്തിവാദികളും സി പി എമ്മിൽ മെമ്പർഷിപ്പെടുക്കണം എന്നല്ല. സാമൂഹികവും സാംസ്കാരികവും, രാഷ്ട്രീയവുമായ സമസ്തമേഖലകളിലും സമഗ്രമായ കഴ്ചപ്പാട് ആർജിക്കാൻ യുക്തിവാദികൾക്ക് കഴിയണം എന്നാണ്.
ഒരു പക്ഷെ രാജഗോപാല്‍ ഉദ്ദേശിക്കുന്ന ‘സമരോല്സുകം’ ഇതിനുമപ്പുറത്തുള്ള സാമൂഹിക നീതിക്ക് വേണ്ടിയുള്ള സമരമാകാം. യുക്തിവാദികള്‍ അത്രടം വരെ പോകേണ്ടതില്ല. എന്ന് ലേഖകൻ പറയുമ്പോഴും ഇതേ പ്രശ്നം ബാക്കി നില്ക്കുന്നു. സാമൂഹ്യനീതിയ്ക്കു വേണ്ടിയുള്ള പോരാട്ടത്തിന് നേരിട്ട് നേതൃത്വം നല്‍കാന്‍, സംഘടന എന്ന നിലയിൽ യുക്തിവാദി സംഘത്തിന് പരിമിതികൾ ഉണ്ടാകാമെന്ന് സമ്മതിച്ചാലും, സാമൂഹ്യനീതിക്കു വേണ്ടിയുള്ള പോരാട്ടത്തിലെ മുന്നണിപ്പോരാളിയായിരിക്കണം ഓരോ യുക്തിവാദിയും എന്നതിൽ തർക്കത്തിനേ പ്രസക്തിയില്ല. മനുഷ്യൻ മനുഷ്യനുമേൽ ആധിപത്യം സ്ഥാപിച്ച് നില നില്‍ക്കുന്ന ഏത് സംവിധാനത്തിനും (ഉദാ: ഇന്ത്യൻ ജാതിവ്യവസ്ഥ, സാമ്രാജ്യത്ത മോഹത്തോടെ യുദ്ധങ്ങളിലേർപ്പെടുന്ന നയങ്ങള്‍, അയിത്തം, തൊട്ടുകൂടായ്മ തുടങ്ങിയവ) എതിരെ വ്യക്തമായ അഭിപ്രായമുള്ളയാളും അതിനെതിരായ പോരാട്ടത്തിന്റെ മുന്നണിപ്പോരാളിയുമാകണം ഓരോ യുക്തിവാദിയും.