മനുഷ്യന്‍ സൃഷ്ടിച്ചിട്ടുള്ളതില്‍ വെച്ച് ഏറ്റവും നശീകരണശേഷിയുള്ള ആയുധമാണ്‌ മതം.

Sunday, November 23, 2014

അൽഭുതങ്ങളുടെ നൂലിഴകൾ..




 












സമയരഥങ്ങളിൽ ഞങ്ങൾ മറുകര തേടുന്നു…“  
ഇത് ഒരു പഴയ സിനിമാ ഗാനത്തിലെ ഈരടികളാണ്. ഇരിക്കുന്ന സ്ഥലത്ത് ഇരുന്നുകൊണ്ടോ, കിടക്കുന്ന സ്ഥലത്ത് കിടന്നുകൊണ്ടോതന്നെ നൂറ്റാണ്ടുകൾക്കോ സഹസ്രാബ്ദങ്ങൾക്കോ അപ്പുറത്തേക്ക്, കടലുകൾക്കക്കരേക്ക്,  ഗ്രഹങ്ങൾക്കും നക്ഷത്രങ്ങൾക്കും ഗാലക്സികൾക്കുമപ്പുറത്തേക്കുംപോലും മനസ്സുകൊണ്ട് യാത്ര ചെയ്യാൻ കഴിയുന്ന ജീവിയാണ് മനുഷ്യൻ. വർത്തമാന കാലത്തിൽ വിഹരിക്കാൻ മാത്രമല്ല, ഭൂതകാലത്തിലേക്കും ഭാവിയിലേക്കും മനോരഥത്തിൽ യാത്രചെയ്യാൻ കഴിയുന്ന ഏക ജീവിയും, ഒരു പക്ഷേ മനുഷ്യൻ മാത്രമായിരിക്കും. ഒരുസമയ യന്ത്രത്തിൽ കയറി ഒരു നൂറ്റാണ്ട് മുന്നിലേക്ക് നമുക്ക് സഞ്ചരിക്കാൻ കഴിയുകയാണെങ്കിൽ നമുക്ക് കാണാൻ കഴിയാവുന്ന കാര്യങ്ങൾ ഒന്ന് സങ്കൽപ്പിച്ച് നോക്കൂ. ഇന്ന് അസംഭവ്യമെന്നോ, ദിവ്യാൽഭുതമെന്നോ വിളിക്കാവുന്ന പലതും നമുക്ക് അവിടെ കാണാൻ കഴിഞ്ഞേക്കാം. ഒരു ശാസ്ത്ര കൽപ്പിത കഥാകാരന് പ്രകാശത്തേക്കാൽ വേഗത്തിൽ സഞ്ചരിക്കുന്ന ഒരു റോക്കറ്റിലേന്തി നമ്മൾ ഭാവികാലത്തിലേക്ക് പറക്കുന്നത് സങ്കൽപ്പിക്കാൻ കഴിയും. ഇന്ന് നാം സങ്കൽപ്പിക്കുന്നതെല്ലാം നാളെ സത്യമാകുമെന്ന് അതുകൊണ്ടർത്ഥമാക്കേണ്ടതില്ല. പക്ഷേ, ചിലതെല്ലാം നാളെ സംഭവ്യമായേക്കാം; അധികവും സങ്കൽപ്പമായിതന്നെ അവശേഷിക്കാമെങ്കിലും

ഒരു ഇരുപത് വർഷങ്ങൾക്ക് മുമ്പ്, മൊബൈൽ ഫോണുകൾ ഇത്രയും സുപരിചിതമാകാതിരുന്ന കാലത്ത്, നാട്ടിൻ പുറത്തുകൂടി ഒരാൾ മൊബൈലിൽ സംസാരിച്ചുകൊണ്ട് നടന്നുപോകുന്നതിനെ ജനങ്ങൾ ഒട്ടൊക്കെ വിസ്മയത്തോടുകൂടി നോക്കിക്കണ്ടിരുന്നു! അന്ന്, ഇയാൾ ഒരു പ്രാന്തൻ, എന്തൊക്കെയാണ് ഒറ്റയ്ക്ക് പിറുപിറുത്തുകൊണ്ട് നടക്കുന്നതെന്ന് ചിന്തിച്ചവരുമുണ്ടാകും. നാലാം ക്ലാസിൽ പഠിക്കുമ്പോഴാണെന്നാണോർമ്മ, ഞങ്ങളുടെ ക്ലാസ് ടീച്ചർ താൻ മറ്റൊരു സ്ഥലത്തുവെച്ച് കണ്ട ഒരു അൽഭുതപ്പെട്ടിയുടെ കാര്യം ഞങ്ങൾക്ക് വിവരിച്ചുതന്നു. “നമ്മൾ റേഡിയോയിൽ വാർത്ത കേൾക്കുകയാണല്ലോ ചെയ്യുക; എന്നാൽ ഈ പെട്ടിയിൽ വാർത്ത വായിക്കുന്ന ആളെ നേരിൽ കാണാം.“ ഇന്ന് ടെലിവിഷനുകൾ ഇല്ലാത്ത വീടുകൾ വിരളം. എന്നാൽ ടെലിവിഷൻ എന്നദൂരദർശന യന്ത്രംനേരിൽ കാണാതെ അതിനെക്കുറിച്ച് പറഞ്ഞുകേൾക്കുകമാത്രം ചെയ്യുന്ന ഒരാൾക്ക് അത് സങ്കൽപ്പിക്കുക ഏറെ ശ്രമകരമായിരിക്കും. നന്നെചെറുപ്പത്തിൽ, ഞാൻ കണ്ട ഏറ്റവും വലിയ ജലാശയം ചാലിയാർ പുഴ മാത്രമായിരുന്ന ഒരു കാലത്ത് പറഞ്ഞു മാത്രം കേട്ടിട്ടുള്ള,  അക്കെരെ നോക്കിയാൽ കാണാത്ത കടലിനെഎനിക്ക് ഒരിക്കലും സങ്കൽപ്പിക്കാൻ കഴിഞ്ഞിരുന്നില്ലെന്നത് ഇന്നോർക്കുമ്പോൾ ഏറെ രസകരമായി തോന്നുന്നു! നമുക്ക് പരിചിതമായ വസ്തുക്കളുമായി ബന്ധപ്പെടുത്തി മാത്രമേ പുതിയതൊന്നിനെ സങ്കൽപ്പിച്ചെടുക്കാൻ കഴിയുകയുള്ളു. അതുകൊണ്ടായിരിക്കാം മനുഷ്യൻ മെനഞ്ഞെടുത്ത എല്ലാ ദൈവങ്ങളും മനുഷ്യസ്വഭാവത്തിലുള്ളവയും മനുഷ്യന്റെ എല്ലാ ദൌബല്യങ്ങളോടുകൂടിയവയും ആയത്. ഇന്റർനെറ്റും, ടെലിവിഷനും അതിനുമുമ്പ് റേഡിയോയും, തീവണ്ടിയും, തോക്കും, വിമാനവും മാത്രമല്ല ഇന്ന് നമുക്ക് സർവ്വസാധാരണമായ പലതും കുറച്ചു വർഷങ്ങൾക്ക് മുമ്പ് ജീവിച്ചിരുന്ന മനുഷ്യരെ സംബന്ധിച്ച് അവിശ്വസനീയവും അൽഭുതവുമായിരുന്നു. ഇന്നലെത്തെ അൽഭുതങ്ങൾ ഇന്നത്തെ യാഥാർത്ഥ്യങ്ങളായിരിക്കുന്നു. ഇന്നത്തെ അൽഭുതങ്ങൾ നാളത്തെ യാഥാർത്ഥ്യങ്ങളാകാം

ശാസ്ത്രീയമായ അറിവുകളും ശാസ്ത്രത്തിന്റെ രീതിശാസ്ത്രവും ഇത്രത്തോളം വ്യാപകമാകുന്നതിനുമുമ്പ്, മനുഷ്യർക്ക് മനസ്സിലാകാത്ത പ്രതിഭാസങ്ങളെ അവർ അൽഭുതങ്ങളെന്നും, പ്രകൃത്യാതീതമെന്നും പേരിട്ട് വിളിച്ചു. ഒരു അഞ്ചു നൂറ്റാണ്ടുകൾക്കു മുമ്പ് ജീവിച്ചിരുന്ന ഒരു മനുഷ്യൻ, അയാൾ അന്നത്തെ നിലയ്ക്ക് ഏറ്റവും വിദ്യാസമ്പന്നൻ ആണെന്നുതന്നെയിരിക്കട്ടെ, ഒരു ലാപ്ടോപ്പ് കമ്പ്യൂട്ടർ, ഒരു മൊബൈൽ ഫോൺ അല്ലെങ്കിൽ ഒരു വിമാനം കാണാനിടയായാൽ അയാൾ തീർച്ചയായും അതിനെ അമാനുഷികമെന്നോ, ദിവ്യാൽഭുതമെന്നോ, പ്രകൃത്യാതീതമെന്നോ ഒക്കെ  വിളിച്ചിരിക്കും തീർച്ച. ഒരു ഇന്റർനാഷണൽ ക്രിമിനൽ സംഘം അത്യന്താധുനിക വാർത്താവിനിമയ സൌകര്യങ്ങൾ ഉപയോഗിച്ച് അവരുടെ ക്രിമിനൽ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചാൽ അത്ഷേർലക്ക് ഹോംസിനെ സംബന്ധിച്ച് ടെലിപ്പതിയാകുമായിരുന്നു! ഒരു ദിവസം രാവിലെ ലണ്ടനിൽ നടന്ന ഒരു കൊലപാതകത്തിലെ പ്രതിക്ക്, താൻ അന്നു വൈകുന്നേരം ന്യൂയോർക്കിലായിരുന്നെന്ന് സമർത്ഥിക്കാൻ സാധിച്ചാൽ അയാൾ നിരപരാധിയാണെന്ന് തെളിയിക്കാൻ കഴിയുമായിരുന്നു, ഷേർലക്ക് ഹോംസ് കഥകളിൽ; കാരണം പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ ഒരാൾക്ക് ഒരേ ദിവസം ന്യൂയോർക്കിലും, അന്നേ ദിവസം ലണ്ടനിലും ഉണ്ടായിരിക്കുക അസാധ്യമായിരുന്നു. സംഗതി അങ്ങനെയൊക്കെയാണെങ്കിലും ഇത്തരം അൽഭുതകഥകൾ എല്ലാം ഇക്കാലത്തുമാത്രമല്ല, അക്കാലത്തും മനുഷ്യർക്കിടയിൽ സഞ്ചരിക്കുന്നത് സൂപ്പർ ജെറ്റിനേക്കാൾ വേഗത്തിലാണെന്നതാണ് രസകരമായ കാര്യം. അൽഭുതകഥകൾ പറയുന്നതും പ്രചരിപ്പിക്കുന്നതും മനുഷ്യരുടെ ഒരു ദൌർബല്യമാണെന്നു പറയാം. മറ്റൊരാളോടും പറയരുതെന്ന് പറഞ്ഞ് ഒരാൾ പറഞ്ഞുതരുന്ന രഹസ്യം ഒരു നാലാളോടെങ്കിലും പറഞ്ഞില്ലെങ്കിൽ ഉറക്കം കിട്ടുന്ന എത്രപേരുണ്ടാകും

തനിക്ക് മനസ്സിലാകാത്ത എല്ലാ പ്രകൃതി പ്രതിഭാസങ്ങളെയും അന്നെല്ലാം മനുഷ്യർ അമാനുഷികമെന്നൊ പ്രകൃത്യാതീതമെന്നോ വിളിച്ചുപോന്നു. ഇന്നും തനിക്ക് മനസ്സിലാകാത്ത കാര്യത്തെ ഒരു അമാനുഷിക ശക്തിയുടെ ഇടപെടലായി വിശ്വസിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനുമാണ് ഒരു സാമാന്യ മനുഷ്യന്റെ സ്വാഭാവിക താല്പര്യം. സാധാരണക്കാരുടെ കാര്യം അവിടെ നിൽക്കട്ടെ, കേരളത്തിലെ ഏറ്റവും പ്രതിഭാശാലികളിൽ ഒരാളെന്നും പുരോഗമനപ്രസ്ഥാനത്തിന്റെ സഹയാത്രികനെന്നുമൊക്കെ വിശേഷിപ്പിക്കപ്പെട്ടിരുന്ന ശ്രീ. വി ആർ കൃഷ്ണയ്യരുടെ കാര്യമെടുത്താലോ? മരിച്ചുപോയ തന്റെ സഹധർമ്മിണിയുമായി സ്ഥിരമായി സംഭാഷണത്തിലേർപ്പടാറുണ്ടെന്ന് അവകാശപ്പെടുന്ന വ്യക്തിയാണദ്ദേഹം! നോക്കൂ,  പലഅമാനുഷികപ്രതിഭാസങ്ങളുടെയും വിവരണം പോകുന്ന പോക്ക് ഇപ്രകാരമായിരിക്കും: എന്റെ അകന്ന ബന്ധത്തിൽ പെട്ട ഒരു പ്രമുഖ വ്യക്തി അല്ലെങ്കിൽ ഒരു പ്രമുഖ രാഷ്ട്രീയനേതാവ് അതുമല്ലെങ്കിൽ ഒരു പ്രമുഖ സിനിമാ താരം,  ഞാൻ ഈയിടെയൊന്നും അദ്ദേഹത്തെക്കുറിച്ച് ചിന്തിച്ചിട്ടുകൂടിയില്ല, പക്ഷേ, ഞാനദ്ദേഹത്തെ ഇന്നലെ രാത്രി സ്വപ്നം കണ്ടു. അൽഭുതകരമെന്നു പറയട്ടെ അദ്ദേഹം ഇന്നലെ രാത്രി മരണപ്പെടുകയും ചെയ്തു. ഇത് മഹാൽഭുതമല്ലാതെ മറ്റെന്താണ്? ഇതിനൊക്കെ എങ്ങനെ ശാസ്ത്രീയ വിശദീകരണം നൽകും?ഇത്തരം കഥകൾ ചൂടപ്പം പോലെ വിറ്റഴിയപ്പെടും. അത് അപ്പൂപ്പൻ താടിയുടെ വേഗതയിൽ കാറ്റിലുയർന്ന് വിതരണം ചെയ്യപ്പെടുകയും ചെയ്യും.

ഈ അൽഭുതകഥകൾക്ക് പലപ്പോഴും നേർ ദൃക്ഷാക്ഷികൾ ഉണ്ടായിരിക്കണമെന്ന് യാതൊരു നിർബന്ധവുമില്ല. ഒരാൾ മറ്റൊരാളിൽ നിന്നും,  അദ്ദേഹം അദ്ദേഹത്തിന്റെ ഭാര്യയിൽ നിന്നും,  അവർ അവരുടെ സുഹൃത്തിന്റെ സഹോദരനിൽ നിന്നും.. കേട്ടതാണിത്. കഥ ഒരാളിൽ നിന്നും മറ്റൊരാളിലേക്ക് കൈമാറ്റം ചെയ്യപ്പെടുമ്പോൾ രണ്ടാമൻ അതിൽ തന്റേതായ കുറെ മനോധർമ്മങ്ങൾ ചേർത്തിരിക്കും. മൂന്നാമൻ അതിൽ തന്റെ വക കുറെ പൊടിപ്പും തൊങ്ങലും ചേർക്കുന്നു. അങ്ങനെ കൈമാറി കൈമാറി കഥ തുടങ്ങിയ സ്ഥലത്തുതന്നെ തിരിച്ചെത്തുകയാണെങ്കിൽ അതിനു ഒറിജിനൽ കഥയുമായി പുലബന്ധം പോലുമുണ്ടാകുമെന്ന് യാതൊരുറപ്പുമില്ല. ഒടുവിൽ ഹോജാ കഥയിലെ ബിരിയാണിക്കഥപോലെയാകും കഥ പടച്ചുവിട്ടവന്റെ അവസ്ഥ. ഇനിയെങ്ങാനും ബിരിയാണി കൊടുക്കുന്നുണ്ടാകുമോ എന്ന് സംശയിച്ച് അയാളും കഥയ്ക്കൊപ്പം ഓട്ടം തുടങ്ങുംസായിബാബ ഒരേ സമയം ഒന്നിലധികം സ്ഥലങ്ങളിൽ പ്രത്യക്ഷപ്പെട്ട കഥ എത്ര തന്മയത്തത്തോടെയാണ് പ്രചരിപ്പിപ്പക്കെട്ടത്! പ്രശസ്തരായ പല വ്യക്തികളുടെ മരണശേഷവും ഇത്തരത്തിലുള്ള കഥകൾ പ്രചരിക്കപ്പെട്ടിട്ടുണ്ട്. പ്രശസ്ത അമേരിക്കൻ സംഗീതജ്ഞനായിരുന്ന എൽവിസ് പ്രസ്ലി, മെർലിൻ മണ്ട്രോ, എന്തിന് അഡോൾഫ് ഹിറ്റ്ലറുടെ പോലും മരണശേഷം ഇത്തരം കഥകൾ പ്രചരിപ്പിക്കപ്പെട്ടു. എന്തുകൊണ്ടാണ് ജനങ്ങൾ ഇത്തരം കേട്ടുകേൾവികളും യാഥൃശ്ചിക സംഭവങ്ങളും സത്യമാണെന്ന രീതിയിൽ തന്മയത്വത്തോടേ  അവതരിപ്പിക്കുന്നതിൽ ഏറെ മനസ്സംതൃപ്തി അനുഭവികുന്നത് എന്നത് ഏറേ വിചിത്രമാണെങ്കിലും അങ്ങനെ സംഭവിക്കുന്നു എന്നതാണ് സത്യം. 2009-ൽ മൈക്കൽ ജാക്സന്റെ മരണശേഷം പ്രക്ഷേപണം ചെയ്യപ്പെട്ട അദ്ദേഹത്തെ സംബന്ധിച്ച ഒരു ടെലിവിഷൻ പരിപാടിക്കിടയിൽ ജാക്സന്റെ ആത്മാവിനെ കണ്ടതായ വാർത്ത വൻപ്രചാരം നേടി. തന്റെ കാറിന്റെ പ്രതലത്തിൽ ജാക്സന്റെ ആത്മാവിന്റെ ചിത്രമെന്നവകാശപ്പെട്ട് ഒരാൾ പ്രചരിപ്പിച്ച ചിത്രവും വൻ പ്രസിദ്ധിയാണ് നേടിയത്. ഇത് യുട്യൂബിൽ 15 ദശലക്ഷത്തിലധികം ഹിറ്റുകൾ നേടി! മൈക്കിൾ ജാക്സൺ അന്ത്യശ്വാസം വലിച്ച ലേ മാന്‍ഷനിൽ അദ്ദേഹത്തിന്റെ ആത്മാവിനെ കണ്ടെന്ന്‌ അയൽവാസികൾ അവകാശപ്പെട്ടാതായ വാർത്തയും പരന്നു. മൈക്കിൾ ജാക്സന്റെ ത്രില്ലർ വീഡിയോയിൽ കാണുന്ന പോലെ അദ്ദേഹത്തിന്റെ ആത്മാവ് പാടുകയും ഡാന്‍സ് ചെയ്യുന്നതും കണ്ടെന്നാണ്‌ അയൽ വാസികൾ പറയുന്നതെത്രെ.  




 
ഇത്തരത്തിൽ ഉല്പാദിപ്പിക്കപ്പെടുന്ന കഥകൾ പ്രചരിപ്പിക്കുന്നതിൽ മനുഷ്യർ അവാച്യമായ ആത്മസംതൃപ്തി അനുഭവിക്കുന്നുണ്ട്. എല്ലാവരും ഈ കഥകൾ ആസ്വദിക്കുകയും ചെയ്യും.  അധിക പേർക്കുമറിയാം ഇതൊക്കെ കഥകൾ മാത്രമാണെന്ന്. എന്നാൽ ഈ കഥകൾ ഏതെങ്കിലും പുസ്തകങ്ങളിൽ എഴുതിവെക്കപ്പെട്ടാലാകട്ടെ കഥ മാറുന്നു, വിശേഷിച്ചും പുരാതനമായ പുസ്തകങ്ങളിലാണെങ്കിൽ. ഇത്തരം കഥകളും കേട്ടുകേൾവികളും മതഗ്രന്ഥങ്ങളിലാണ് എഴുതപ്പെട്ടതെങ്കിൽ അവ തമാശക്കഥകളുടെ തലത്തിൽ നിന്നും പാരമ്പര്യവിശ്വാസം എന്ന തലത്തിലേക്ക് ഉദാത്തവൽ‌ക്കരിക്കപ്പെടുന്നു. ‘സിന്റർല്ല കഥയിൽ തണ്ണിമത്തൻ കോച്ച് ആകുന്നതും, കാലിയായ തൊപ്പിയിൽ നിന്ന് മുയലുകൾ പുറത്തുചാടുന്നതും, കഥകളിലെ അൽഭുതപ്പെടുത്തുന്ന തീ തുപ്പുന്ന വ്യാളിയും, അൽഭുതസിദ്ധികളുള്ള രാജകുമാരനുമെല്ലാം അമ്മൂക്കക്കഥകളുടെ തലത്തിൽ എടുക്കാൻ യാതൊരു മടിയുമില്ലാത്ത സാമാന്യ മനുഷ്യൻ, രണ്ടായിരം വർഷങ്ങൾക്ക് മുമ്പ് ഒരു മനുഷ്യൻ വെള്ളത്തെ വീഞ്ഞാക്കിയ കഥയും പറക്കുന്ന കുതിരപ്പുറത്തേറി സ്വർഗത്തിൽ പോകുന്ന കഥയും ഹനുമാൻ പർവ്വതത്തെ ഉള്ളം കയ്യിലെടുത്ത് പറന്ന കഥയും കടൽ ചാടിക്കടന്ന് ലങ്കാദഹനം നടത്തിയ കഥയുമെല്ലാം ഒട്ടും വൈഷമ്യമില്ലാതെ തൊണ്ടതൊടാതെ വിഴുങ്ങിക്കൊള്ളും. ഒരൊറ്റ നിബന്ധന മാത്രം, അതെല്ലാം താൻ വിശ്വസിക്കുന്ന ഗ്രന്ഥത്തിൽ ഉള്ളതു മാത്രമായിരിക്കണം. മറ്റേതെങ്കിലും പുസ്തകത്തിൽ രേഖപ്പെടുത്തപ്പെട്ട കഥയാണെങ്കിൽ അത് അമ്മൂമ്മക്കഥകളുടെ ഗണത്തിലേക്ക് വകമാറ്റി എഴുതപ്പെടും!

മരിച്ചുപോയവരുമായി സമ്പർക്കത്തിലേപ്പെടുകയും അവരെ നേരിൽ കാണുകയും സംസാരിക്കുകയും ചെയ്തതായ എത്രയോ കഥകൾ നമ്മൾ കേട്ടിരിക്കുന്നു! എന്തുകൊണ്ടാണ് മനുഷ്യർ ഇത്തരത്തിൽ മരിച്ചുപോയവരെ വീണ്ടും കണ്ടതായ കഥകൾ പ്രചരിപ്പിക്കാനിടവരുന്നത്? മനുഷ്യൻ ഒരു സാമൂഹ്യജീവിയാണ്. മുന്നിലില്ലെങ്കിലും മറ്റ് മനുഷ്യരുടെ രൂപങ്ങൾ സങ്കൽ‌പ്പിക്കത്തക്ക രീതിയിൽ പ്രോഗ്രാം ചെയ്യപ്പെട്ടതാണ് മനുഷ്യ മസ്തിഷ്കം. മേഘങ്ങളിൽ ഇഷ്ടദൈവങ്ങളുടെ രൂപവും റൊട്ടിയിലും മുറിച്ച തണ്ണിമത്തനിലും മറ്റ് പഴങ്ങളിലുമെല്ലാം മതഗ്രന്ഥങ്ങളിലെ വചനങ്ങളും പശുവിന്റെ മേനിയിൽ ഓംചിഹ്നവുമെല്ലാം മെനഞ്ഞെടുക്കാൻ മനുഷ്യ മസ്തിഷ്കത്തിനു കഴിയും! ലോകത്തിന്റെ ഏതെല്ലാം കോണുകളിൽ, ചുമരിലെ പെയ്ന്റിങ്ങ് പാടുകൾക്കിടയിൽ എത്രയോ തവണ ദൈവസാന്നിധ്യമുണ്ടായിട്ടുണ്ട്!! എന്നാൽ രസകരമായ വസ്തുത, ഒരു കൃസ്തുമതവിശ്വാസി ശ്രീകൃഷ്ണന്റെ രൂപമോ, ഒരു ഹിന്ദുമതവിശ്വാസി യേശുക്രിസ്തുവിന്റെ രൂപമോ ഇന്നുവരെ ഒരു കാർമേഘത്തിലും ദർശിച്ചിട്ടില്ലെന്നതാണ്. പശുവിന്റെ മേനിയിൽ ഓം അടയാളം കാണുന്നത് എപ്പോഴും ഹിന്ദുമതഭക്തനും, ഖുർ ആൻ വചനം കാണുന്നത് എപ്പോഴും ഇസ്ലാമിക ഭക്തനുമായിരിക്കും!

ഒരുത്തനെതന്നെ നിനച്ചിരുന്നാൽ.
വരുന്നതെല്ലാമവനെന്ന് തോന്നും!

കാലങ്ങളായി താൻ ഓർമ്മിക്കുകപോലും ചയ്യാത്ത ഒരു വ്യക്തി താൻ സ്വപ്നത്തിൽ കണ്ട  അന്നുരാത്രി മരണപ്പെട്ടതായ അനുഭവങ്ങൾക്ക് സമാനമായ എത്രയെത്ര കഥകൾ പലപ്പോഴായി നാം കേൾക്കേണ്ടി വന്നിട്ടുണ്ട്! അമ്മ മരിച്ച രാത്രി, മരണ സമയത്ത് കടലുകൾക്കക്കരെ വിദേശത്തായിരുന്ന തന്റെ കിടപ്പുമുറിയിൽ ഉറക്കത്തിൽ അമ്മ തേക്കുമായിരുന്ന കാച്ചെണ്ണയുടെ സുഗന്ധം പരന്ന കഥാനുഭവങ്ങൾ, പരിചിതനായ വ്യക്തി തലേന്നു രാത്രി മരണപ്പെട്ടതായി രാവിലത്തെ പത്രത്തിൽ വായിച്ചുകൊണ്ടിരിക്കെ അദ്ദേഹം എഴുതിയ കത്ത് വാതിൽ പടിയിൽ കാത്തുകിടന്നിരുന്നത്, ഇന്നലെ കണ്ട സ്വപ്നം ഫലിച്ചതായ അനുഭവങ്ങൾ .. ഇത്തരം പല പല അനുഭവങ്ങൾ പൊടിപ്പും തൊങ്ങലും വെച്ച് കഥകളിൽ മാത്രമല്ല, ആത്മകഥകളിലും എത്രതവണ നാമെല്ലാം വായിച്ചിട്ടുണ്ടാകും; അനുഭവവിവരണങ്ങൾ എത്രതവണ കേട്ടിട്ടുണ്ടാകും? ആ വ്യക്തികളെല്ലാം നുണപറയുകയാണെന്നോ കഥകൾ കെട്ടിച്ചമച്ച് നമ്മെ പറ്റിക്കുകയാണെന്നോ കരുതാമോ? അതും ഒരിക്കലും കള്ളം പറയില്ലെന്ന് നമുക്കുറപ്പുള്ള ഒരു വ്യക്തി? പിന്നെയെന്താണിവിടെ സംഭവിക്കുന്നത്?


ഒരു വ്യക്തി ഉറക്കത്തിൽ നിരവധി സ്വപ്നങ്ങൾ കാണുന്നുണ്ട്. ഇതിൽ ഒട്ടുമിക്കതും ഉണരുമ്പോഴേ മറന്നുപോയിട്ടുണ്ടാകും. ചില സ്വപ്നങ്ങൾ ഉണർന്നതിനു ശേഷവും ഓർമ്മയുണ്ടാകും. അത്തരം സ്വപ്നങ്ങളിലെ വിചിത്രമായ യാദൃശ്ചികതകളെ യാഥാർത്ഥ്യവുമായി പൊരുത്തപ്പെടുത്താൻ കഴിയാത്ത അവസ്ഥയിൽ മാത്രമാണ് വിചിത്രാനുഭവങ്ങളായി അവ പുറത്തുവരുന്നത്.അടുത്തകാലത്തൊന്നും ഓർക്കുക കൂടി ചെയ്യാത്ത അകന്ന ബന്ധത്തിലെ ഒരമ്മാവനെ ഇന്നലെ രാത്രി ഞാൻ സ്വപ്നത്തിൽ കണ്ടു. വിചിത്രമെന്ന് പറയട്ടെ, രാവിലെ ഉണർന്നപ്പോഴാണറിയുന്നത് അദ്ദേഹം രാത്രി മരണപ്പെട്ടിരിക്കുന്നുവെന്ന്. ഞാൻ ഇത്തരം സ്വപ്നങ്ങളിലൊന്നും വിശ്വസിക്കുന്നയാളല്ല, പക്ഷേ, എനിക്കിപ്പോൾ തോന്നുന്നു. ഇതിലെന്തൊക്കെയോ നമുക്ക് മനസ്സിലാകാത്തതായി ഉണ്ട്.”- ഇത്തരമൊരു അനുഭവവിവരണം നമ്മിൽ പലരും കേട്ടിരിക്കും. എന്നാൽ നോക്കൂ-   അടുത്തകാലത്തൊന്നും ഓർക്കുക കൂടി ചെയ്യാത്ത അകന്ന ബന്ധത്തിലെ ഒരമ്മാവനെ ഇന്നലെ രാത്രി ഞാൻ സ്വപ്നത്തിൽ കണ്ടു. വിചിത്രമെന്ന് പറയട്ടെ, രാവിലെ ഉണർന്നപ്പോഴാണറിയുന്നത് അദ്ദേഹം രാത്രി മരണപ്പെട്ടിരുന്നില്ലെന്ന് “ – ഇത്തരമൊരു അനുഭവവിവരണം, അല്ലെങ്കിൽ ഒരു വാർത്ത, അതുമല്ലെങ്കിൽ ഒരു കഥാസന്ധർഭമെങ്കിലും നാം ഒരിക്കലെങ്കിലും കേട്ടിട്ടുണ്ടോ?  ഇല്ലെന്നുറപ്പ്. അപ്പോൾ അതാണ് സംഗതി. ഇദ്ദേഹം എത്രയോ രാത്രികളിൽ എത്രയോ സ്വപ്നങ്ങൾ കണ്ടിരിക്കുന്നു, അതിൽ ഒട്ടുമിക്കതും ഓർമ്മിക്കുന്നുകൂടിയില്ല. കൂടാ‍തെ  ഇദ്ദേഹത്തിന്റെ എത്രയോ ബന്ധുക്കൾ മരണപ്പെടുകയും ചെയ്തിട്ടുണ്ട്. അപ്പോഴും അതൊന്നും അവിശ്വസനീയമായ വാർത്തയായിട്ടില്ല. യാദൃശ്ചികമായി ഈ രണ്ട് സംഭവങ്ങളും ഒരേ രാത്രിയിൽ സംഭവിച്ചു എന്നതാണിവിടെ വിചിത്രാനുഭവമായി വിവരിക്കപ്പെടുന്നത്.

ഇനി ഇതേ കഥയുടെ മറ്റൊരു ഗതി നോക്കൂ.  ഇദ്ദേഹം പറയുന്നു താൻ ഈ സ്വപ്നം കാണുന്നത് ഏതാണ്ട്  പുലർച്ചെയായിരിക്കുമെന്ന്. ഇത് കേട്ടയാൾ കഥ വിവരിക്കുമ്പോൾ അത് ഏതാണ്ട് പുലർച്ചെ 3 മണിയോടുത്ത സമയത്താകുന്നു. അടുത്തയാൾ ഇത് റിപ്പോർട്ട് ചെയ്യുന്നതാകട്ടെ മൂന്നുമണിയോടടുത്ത സമയത്താണ് സ്വപ്നം കാണുന്നതെന്നാണ്. കഥ ആളുകളിൽ നിന്ന് ആളുകളിലേക്ക് പകർന്ന് എത്തുമ്പോഴാകട്ടെ അത് ഇപ്രകാരമായിട്ടുണ്ടാ‍കും. അദ്ദേഹം കൃത്യം പുലർച്ചെ 3 മണിക്ക് മരിച്ചു. എന്റെ കസിന്റെ സുഹൃത്തിന്റെ ഭാര്യയുടെ പിതാവ് ഇക്കാര്യം കൃത്യം 3 മണിക്ക് സ്വപ്നത്തിൽ ദർശിക്കുകയും ചെയ്തു.“

പ്രസിദ്ധ അമേരിക്കൻ ശാസ്ത്രജ്ഞനായിരുന്ന റിച്ചാർഡ് ഫെയ്ൻമാന്റെ ജീവിതത്തിൽ ഇത്തരമൊരു വിചിത്രാനുഭവമുണ്ടായി. തന്റെ ബാല്യകാല സഖിയായിരുന്ന ആർലിൻ ഗ്രീൻ ബോമിനെയായിരുന്നു അദ്ദേഹം വിവാഹം ചെയ്തിരുന്നത്. അവർ 1945-ൽ ക്ഷയരോഗം വന്ന് മരണമടഞ്ഞു.. വിചിത്രമെന്ന് പറയട്ടെ, അവർ മരിച്ച അതേ നിമിഷം തന്നെ അവർ കിടന്നിരുന്ന റൂമിലെ ക്ലോക്ക് നിശ്ചലമായി. കഥകൾ മെനയാൻ ഏറ്റവും ഉചിതമായ സമയം, പക്ഷേ, സയൻസിനെ ജീവിതചര്യയാക്കിയ ആ ശാസ്ത്രജ്ഞൻ അത്രത്തോളം തരം താഴാൻ തയ്യാറായില്ല. അദ്ദേഹം ഈ വിചിത്രാനുഭവത്തിന്റെ കാരണം തിരക്കി കണ്ടെത്തി. അക്കാലത്ത് ഇന്നുള്ളതുപോലുള്ള ഡിജിറ്റൽ ക്ലോക്കുകളോ സമയമറിയാൻ മറ്റ് മാർഗങ്ങളോ ഇല്ലെന്നോർക്കണം.  രോഗി കിടന്നിരുന്ന മുറിയിൽ വേണ്ടത്ര വെളിച്ചമില്ലായിരുന്നു. മരണസമയം കൃത്യമായി രേഖപ്പെടുത്താനായി നഴ്സ് ക്ലോക്ക് കയ്യിലെടുത്ത് ജനലിലൂടെ കടന്നുവരുന്ന വെളിച്ചത്തിനുനേരെപിടിച്ച് സമയം നോക്കിയ ശേഷം ക്ലോക്ക് യഥാസ്ഥാനത്ത് വെച്ചു. എന്നാൽ സ്പിങ്ങിൽ പ്രവർത്തിക്കുന്ന ആ ക്ലോക്ക് അൽപ്പം ചെരിച്ചുവെച്ചാലോ അല്ലെങ്കിൽ ഇളക്കിയാലോ നിന്നുപോകുന്ന അവസ്ഥയിലുള്ളതായിരുന്നു. നഴ്സ് സമയം നോക്കാൻ എടുത്ത് തിരിച്ചുവെച്ച സമയത്ത് ക്ലോക്ക് നിന്നുപോയി. ഈ സംഭവം റിച്ചാർഡ് ഫെയ്ൻമാനെപ്പോലെ  പ്രശസ്തനായ ഒരു വ്യക്തിയെസംബന്ധിച്ച് വലിയൊരു ദിവ്യാൽഭുതമായി വ്യാഖ്യാനിക്കപ്പെടാമായിരുന്നു. റോക്കറ്റ് വിടുന്നതിനുമുമ്പ് തേങ്ങയുടെക്കുകയും ബ്രാഹ്മണരെ വിളിച്ച് പൂജനടത്തുകയും ചെയ്യുന്ന ഒരു ഇന്ത്യൻ ശാസ്ത്രജ്ഞനായിരുന്നു അദ്ദേഹം എങ്കിൽ ഉണ്ടാകാമായിരുന്ന പുകിലുകൾ, ആഘോഷങ്ങൾ ഒന്നാലോചിച്ചുനോക്കൂ! ഇനി ഈ സംഭവത്തിന്റെ യഥാർത്ഥ കാരണം കണ്ടെത്തപ്പെട്ടിട്ടിലെന്നുതന്നെയിരിക്കട്ടെ, അമേരിക്കയിൽ ഓരോ മിനിറ്റിലും, ഓരോ രാത്രിയിലും, ഓരോ ദിവസവും എത്രയോ ക്ലോക്കുകൾ നിശ്ചലമായിരിക്കും. അതുപോലെ എത്രയോ മനുഷ്യർ ഒരോ നിമിഷവും മരണപ്പെടുന്നുമുണ്ടാകും. പക്ഷേ, എന്റെ ക്ലോക്ക് കൃത്യം 4 മണിക്ക്  നിന്നുപോയി, പക്ഷേ, നിങ്ങളത് വിശ്വസിക്കുമോ എന്നറിയില്ല, ആ സമയത്ത് ആരും മരണപ്പെട്ടില്ല”- എന്നൊരു വാർത്ത നമ്മൾ എവിടെനിന്നും പ്രതീക്ഷിക്കേണ്ടതില്ല. 

ഇന്ന് നാം ഒരു അൽഭുത സംഭവത്തെക്കുറിച്ച്, അത് നിലവിലുള്ള സയൻസിന്റെ അറിവുവെച്ച് വിശദീകരിക്കാൻ കഴിയാത്തതാണെന്നിരിക്കട്ടെ,  കേൾക്കുന്നുവെങ്കിൽ നമുക്ക് രണ്ട് നിഗമനങ്ങളിലാണെത്താൻ കഴിയുക. ഒന്നുകിൽ അത് ഒരിക്കലും സംഭവിച്ചിട്ടില്ല, അത് അനുഭവിച്ചയാൾക്ക് തെറ്റ് പറ്റിയതാകാം, അയാൾ ബോധപൂർവ്വമായി കളവ് പറഞ്ഞതാകാം, ഒരു ചെപ്പടി വിദ്യയുമാകാം; അതല്ലെങ്കിൽ ഇന്നത്തെ സയൻസിന്റെ അറിവുവെച്ച് അതിനൊരു വിശദീകരണം നൽകാൻ നമുക്ക് കഴിയുന്നില്ല എന്നേ വരുന്നുള്ളു. അതിനർത്ഥം അതിനു ഒരിക്കലും വിശദീകരണം നൽകാൻ കഴിയില്ലെന്നല്ല. മറിച്ച് അതിനു യുക്തമായ വിശദീകരണം കണ്ടെത്താൻ നാം നമ്മുടെ സയൻസിനെ കൂടുതൽ മെച്ചപ്പെടുത്തേണ്ടതുണ്ട് എന്ന് മാത്രമാണ്. മനുഷ്യന് അറിയാത്തതായും അറിയാൻ കഴിയാത്തതായും എത്രയോ കാര്യങ്ങളുണ്ടീ പ്രപഞ്ചത്തിൽ, എല്ലാമറിയുമെന്ന് അഹങ്കരിച്ച് ഒരു നാസ്തികനാകല്ലേ,  ഈ പ്രപഞ്ചത്തിന്റെ നിഗൂഡതകൾക്കുമുന്നിൽ വിനയാന്വിതയായി പ്രപഞ്ചസ്രഷ്ടാവിനെ നമിക്കൂ എന്ന്  എത്രയോ നാവുകൾ നമുക്കുചുറ്റും മന്ത്രങ്ങൾ ഉരുവിട്ടുകൊണ്ടിരിക്കുന്നുണ്ട്.  അറിയാത്ത വസ്തുതകളെ നിഗൂഡതയെന്നോ ദിവ്യാൽഭുതമെന്നോ വിളിച്ച് എല്ലാ അന്വേഷണങ്ങളും അവിടെവെച്ച് അവസാനിപ്പിച്ച് ആരാധന തുടങ്ങുകയല്ല, മറിച്ച് ഇന്ന് അത് എനിക്കറിയില്ല, പക്ഷേ നാളെ ഞാനത് കണ്ടെത്തുക തന്നെ ചെയ്യും എന്ന് ഉറക്കെ പറയുന്നതാണ് സത്യസന്ധതയുടെ മാർഗം. അതുതന്നെയാണ് വിനയത്തിന്റെ മാർഗവും. വെറുമൊരു മൃഗമായിരുന്ന മനുഷ്യൻ നാഗരികനായത് ഈ മാർഗത്തിലൂടെ മാത്രമാണ്. അറിയാത്തിടത്ത് വെച്ച് എല്ലാ അന്വേഷണങ്ങളും നിർത്തി കീർത്തനങ്ങൾ ആലപിച്ചവനല്ല, മറിച്ച് അറിയാത്തതിനെ അന്വേഷിച്ച് കണ്ടെത്തിയവനാണീ ലോകത്തെ ഇങ്ങനെയെല്ലാം മാറ്റിത്തീർത്തത്. അൽഭുതങ്ങളുടെ നൂലിഴകൾ അഴിച്ചെടുക്കുന്ന ദൌത്യം ശ്രമകരമാണ്. പക്ഷേ, അനിവാര്യവും.