മരണ ശേഷം ഭൗതിക ശരീരത്തില്‍ നിന്നും വിമുക്തമാകുന്ന, സ്വതന്ത്ര വ്യക്തിത്വമുള്ള ഒരു ആത്മാവ് നിലനില്‍ക്കുന്നു എന്നുള്ള വിശ്വാസത്തിലാണ് സകല മതങ്ങളും കെട്ടിപ്പൊക്കിയിരിക്കുന്നത്. ദൈവത്തിന്റെ അസ്തീത്വത്തെ നിഷേധിക്കുന്ന മതങ്ങള്‍ പോലും ആത്മാവിനെ നിഷേധിക്കുന്നില്ല. അത്തരത്തിലുള്ള ഒരത്മാവിന്റെ സാധ്യതയെക്കുറിച്ച് തലപൊക്കുന്ന സംശയത്തിന്റെ ചെറുനാമ്പുകള്‍ പോലും വെച്ചുപൊറുപ്പിക്കാന്‍ ഒരു മതവും തയ്യാറാവുകയില്ല.
ആത്മാവ് നിലനില്‍ക്കുന്നില്ലെങ്കില്‍ പിന്നെ ദൈവത്തിനും, അതുവഴി മതത്തിനും പ്രസക്തി നഷ്ടപ്പെടുന്നു എന്നുള്ളതാണ് അവരെ അലട്ടുന്ന പ്രശ്നം. ജീവന്റെ ആദ്യരൂപത്തെ ഭൗതിക പദാര്‍ത്ഥത്തില്‍ നിന്നും വേര്‍തിരിച്ചെടുത്തതിനെയും ക്ലോണിങ്ങിനെയും അസഹിഷ്ണുതയോടെ കാണുന്നവരുടെ വേവലാതിയും മറ്റൊന്നല്ല.
പ്രാചീന മനുഷ്യന്‍ തന്റെ സ്വപ്നത്തിലും സങ്കലപത്തിലും നിന്ന് സൃഷ്ടിച്ചെടുത്ത ആത്മാവിനെ ദര്‍ശനത്തിന്റെ ആവരണമണിയിച്ചു എഴുന്നെള്ളിക്കുകയാണ് മതങ്ങള്‍ ചെയ്തത്. പ്രാകൃത മനുഷ്യന്‍, തങ്ങള്‍ തന്നെ ജന്മം നല്‍കിയാ ആത്മാവിനെ ഭയപ്പെടുകയും അവയെ പ്രീതിപ്പെടുത്തി വരുതിയിലാക്കാന്‍ ശ്രമിക്കുകയും ചെയ്തുവെങ്കില്‍ മതങ്ങള്‍ ചെയ്തത് അതിനെ സ്വര്‍ഗ-നരക സിദ്ധാന്തത്തിന്റെയും അതുവഴി തങ്ങളുടെ നിലനില്പ്പിന്റെയും അടിക്കല്ലാക്കുകയാണ്.
മരണ ശേഷം സ്വതന്ത്രമാക്കപ്പെടുന്ന ആത്മാക്കള്‍ക്ക് എന്തു സംഭവിക്കുന്നു എന്ന കാര്യത്തില്‍ മതങ്ങള്‍ തമ്മില്‍ ഒരിക്കലും ഐക്യമുണ്ടായിട്ടില്ല. മരണ ശേഷം തങ്ങളുടെ മുജ്ജന്മ കര്‍മങ്ങള്‍ക്കനുസരിച്ച് ഓരോരുത്തരും വ്യത്യസ്ത ജീവികളായി പുനര്‍ജനിക്കുന്നു എന്നും പരബ്രഹ്മത്തെ പ്രാപിച്ച് മുക്തി നേടലാണ് അന്തിമ ലക്ഷ്യമെന്നും 'ഹിന്ദു' മതം പഠിപ്പിക്കുന്നു. മറ്റൊരു പ്രബല വിഭാഗക്കാരകട്ടെ പുനര്‍ജന്മ വാദത്തെ പുച്ഛിച്ചു തള്ളുന്നു. പുനര്‍ജന്മ വാദത്തിന്റെ അശാസ്ത്രീയതയെ തുറന്നു കാട്ടാന്‍ അവര്‍ ലോകോത്തര 'യുക്തിവാദി'കളായി മാറുന്നത് കാണാം. അബുല്‍ അ അ്‌ലാ മൗദൂദി 'ഇസ്ലാം' എന്ന പുസ്തകത്തില്‍ പറയുന്നത് ശ്രദ്ധിക്കുക: ഇപ്പോള്‍ ചോദ്യമുദിക്കുന്നത്, ആദ്യം എന്ത് വസ്തുവായിരുന്നു എന്നാണ്. ആദ്യം മനുഷ്യനായിരുന്നുവെന്നാണുത്തരമെങ്കില്‍ അതിനു മുമ്പ് മൃഗമോ വൃക്ഷമോ ആയിരുന്നുവെന്നും സമ്മതിക്കേണ്ടിവരും. അല്ലെങ്കില്‍ പ്രസ്തുത മനുഷ്യരൂപം ഏതൊരു സത്കര്‍മത്തിന്റെ ഫലമായി ജനിച്ചുവെന്ന ചോദ്യമുല്‍ഭവിക്കുന്നതാണ്. ഇനി ആദ്യം മൃഗമായിരുന്നുവെന്നാണ് പറയുന്നതെങ്കില്‍ അതിനു മുമ്പ് മനുഷ്യനായിരുന്നുവെന്ന് സമ്മതിക്കേണ്ടിവരും. അല്ലാത്ത പക്ഷം പ്രസ്തുത മൃഗത്തിന്റെയോ വൃക്ഷ്ത്തിന്റെയോ രൂപം ഏതൊരു ദുഷ്കര്‍മത്തിനെ ഫലമായി ലഭിച്ചുവെന്ന ചോദ്യവും ഉല്‍ഭവിക്കും. ചുരുക്കത്തില്‍ ഈ ആദര്‍ശക്കാര്‍ക്ക് സൃഷ്ടികളുടെ ആരംഭം ഇന്ന ജന്മത്തില്‍ നിന്നാണെന്ന് തീരുമാനിക്കുക സാദ്ധ്യമല്ല. കാരണം, ഓരോ ജന്മവും മുജ്ജന്മത്തിന്റെ കര്‍മഫലമാണെന്ന് തീരുമാനിക്കണമെങ്കല്‍ ഓരോ ജമത്തിന്റെയൂം മുമ്പ് മറ്റൊരു ജന്മമുണ്ടായിരിക്കേണ്‍ടതു നിര്‍ബന്ധമാണ്. അതാകട്ടെ യുക്തിക്ക് കടകവിരുദ്ധവുമാണ്.
എന്തൊരു തെളിഞ്ഞ യുക്തി അല്ലേ?
ഇത്തരം കടുത്ത യുക്തിവാദ പ്രസംഗം നടത്തി പുനര്‍ജന്മവാദത്തെ നിരാകരിച്ച ശേഷം തങ്ങളുടെ വിശ്വാസത്തെ എങ്ങനെ ന്യായീകരിക്കുന്നു എന്നു നോക്കുക: മൂന്നാമത്തെ വിഭാഗം(മുസ്ലിംകള്‍) അന്ത്യദിനം(യൗമുല്‍ ഖിയാമത്ത്), യൗമുല്‍ ഹശ്ര്‍, ദൈവിക കോടതിയില്‍ ഹാജരാകല്‍, അനന്തരമുള്ള ദൈവത്തിന്റെ രക്ഷാശിക്ഷ എന്നിതുകളില്‍ വിശ്വസിക്കുന്നവരാണ്. അതില്‍ ഏറ്റവും പരമമായി വിവരിക്കുന്നത് ഈ ലോകത്തിനൊരന്ത്യം വരുമെന്നും ദൈവം ഇഹലോമാകുന്ന വ്യവസായശാല നശിപ്പിച്ച് സര്‍വോപരി ഉന്നതവും അനശ്വരവുമായ ഒരു പുതിയ ലോകം സൃഷ്ടിക്കമെന്നുമാണ്. ഈ സംഗതി ശരിയാണെന്നതില്‍ സംശയത്തിനൊട്ടും തന്നെ പഴുതില്ല.
മറ്റുള്ളവരുടെ വിസ്വാസങ്ങളെ തലനാരിഴ കീറി വ്യാഖ്യാനിച്ച് അതിലെ അയിക്തി പുറത്തുകൊണ്ടു വരാന്‍ അത്യുല്‍സാഹം കാണിക്കുന്ന ഇക്കൂട്ടര്‍ തങ്ങളുടെ മതത്തിന്റെ കാര്യം വരുമ്പോള്‍ തങ്ങളുടെ യുക്തിയെ സൗകര്യ പൂര്‍വ്വം മാറ്റിവെക്കുന്നു. മൗദൂദി തന്നെ പറയുന്നത് നോക്കൂ: പരലോകത്തെക്കുറിച്ചുള്ള നമ്മുടെ വിശ്വാസം വാസ്തവത്തില്‍, യുക്തിയെ ആസ്പദിച്ചുള്ളതല്ല. അടിയുറച്ച വിശ്വാസമാണതിന്റെ അടിസ്ഥാനം.
ഭൂമിയില്‍ ദൈവത്തെ അനുസരിച്ച് ജീവിക്കുന്നവര്‍ക്ക് പരലോകത്തലെത്തിയാല കിട്ടാന്‍ പോകുന്ന സൗഭാഗ്യ കേന്ദ്രമാണ് സെമിറ്റിക് മതങ്ങള്‍ വാഗ്ദാനം ചെയ്യുന്ന സ്വര്‍ഗം. തേനിന്റെയും പാലിന്റെയും നദികള്‍ അവിടെ ഒഴുകിക്കൊണ്ടിരിക്കുന്നു. സര്‍വ്വതും സന്തോഷ്ത്തോടെ സമര്‍പ്പിക്കാന്‍ തയ്യാറായ അതിസുന്ദരികളായ സ്ത്രീകള്‍ അവിടെയുണ്ട്. എന്തു സേവനവും ചെയ്യാന്‍ ദാഹിച്ചു നില്‍ക്കുന്ന ബാലന്മാരും മദ്യം നിറച്ച കോപ്പകളുമായി ഓടി നടക്കുന്നു.സുന്ദരികളായ ഹൂറികള്‍, നാടന്‍ സ്ത്രീകള്‍ സുമുഖന്മാരായ ബാലന്മാര്‍, തിന്നാനും കുടിക്കാനുമുള്ള വിഭവങ്ങള്‍, കിടക്കാനുള്ള മികച്ച സൗകര്യം, ധരിക്കാന്‍ നല്ല വസ്ത്രം, ശാന്തമായ അന്തരീക്ഷം, സര്‍വ്വോപരി ദൈവത്തെ നേരില്‍ കാണാന്‍ കഴിയുന്ന ഏക സ്ഥലം-ഇത്രയുമാണ് മനുഷ്യന്റെ പരമോന്നതാവസ്ഥയെക്കുടിച്ചുള്ള (സ്വര്‍ഗ) സങ്കല്പ്പം.
ആധുനിക സമൂഹത്തില്‍ ജീവിക്കുന്ന ഒരു സാധാരണ മനുഷ്യനെപ്പോലും തൃപ്തനാക്കുന്നല്ല ഈ ദൈവ സങ്കല്പം. പണമുള്ളവര്‍ക്ക് ഇവിടെ ജീവിക്കുമ്പോള്‍ തന്നെ ലഭിക്കുന്ന സുഖസൗകര്യങ്ങളുടെ ഒരംശം പോലും സെമിറ്റിക് സ്വര്‍ഗത്തില്‍ വാഗ്ദാനം ചെയ്യപ്പെടുന്നില്ല. സ്വിച്ച് ഓണ്‍ ചെയ്താല്‍ ചൂടുവെള്ളം ചുരത്തുന്ന വൈദ്ധ്യുത കാമധേനുവോ ശീതള പ്രവാഹം തരുന്ന ഫാനോ, മധുര സംഗീതം പൊഴിക്കുന്ന ഗാന പേടകമോ കലാദൃശ്യങ്ങള്‍ പകര്‍ത്തുന്ന ടെലിവിഷനോ സ്വര്‍ഗത്തില്‍ ഇല്ല. ഇന്റര്‍നെറ്റിന്റെ കാര്യം പിന്നെ പറയാനുമില്ലല്ലോ. ഇന്നു സാധാരണക്കാര്‍ക്കുപോലും ഇതൊട്ടും ആകര്‍ഷക്മായി തോന്നാനിടയില്ല.
ആധുനിക കാലതിന്റെ വെളിച്ചത്തില്‍ സ്വര്‍ഗത്തിലെ സൗകര്യങ്ങള്‍ അപര്യപ്തമാണെന്ന വിമര്‍ശനത്തെ ആഗ്രഹിക്കുന്നതെന്തും ലഭിക്കുമെന്ന് പറഞ്ഞാണ് മതത്തിന്റെ ആധുനിക വ്യാഖ്യാതാക്കള്‍ നേരിടുന്നത്. എന്നാല്‍ ആഗ്രഹങ്ങള്‍ക്കു് തനതായ നിലനില്പ്പില്ലെന്ന് ഇവര്‍ മനസ്സിലാക്കുന്നില്ല. ഒരാള്‍ക്ക് അയാള്‍ ജീവിക്കുന്ന കാലഘട്ടത്തിനും സ്ഥലത്തിനും അകത്തുനിന്നുകൊണ്ട് മാത്രമേ എന്തും ആഗ്രഹിക്കാന്‍ കഴിയൂ. മനുഷ്യവര്‍ഗത്തിന്റെ വളര്‍ച്ചയിലെ വിവിധ ഘട്ടങ്ങളില്‍ മരിച്ചുപോയവര്‍ക്ക് സ്വര്‍ഗത്തില്‍ പൊതുവായ ആഗ്രഹത്തില്‍ ഒന്നിക്കാനാകില്ല. കാടത്തയുഗത്തില്‍ മരിച്ചുപോയ ഒരു മനുഷ്യന്‍ പച്ച മാംസം കടിച്ചുതിന്നാനാണ് ആഗ്രഹിക്കുക. അവന്‍ ഒരിക്കലും ചിക്കന്‍ ഫ്രൈ ആഗ്രഹിക്കില്ല. കളര്‍ ടി വിയോ എ സി റൂമോ കാറോ അവന്‍ എങ്ങനെ ആഗ്രഹിക്കും? ആധുനിക സമൂഹത്തില്‍ ജീവിച്ച ഒരു മനുഷ്യന്റെ ആഗ്രഹങ്ങള്‍ ഒരു കാടന്റെ ആഗ്രഹങ്ങളുമായി ഒരിക്കലും ഒത്തുപോകില്ല. അപ്പോള്‍ അവിടെ അഭിപ്രായ സംഘട്ടനങ്ങള്‍ സ്വാഭാവികം. ( സ്വര്‍ഗത്തില്‍ യുദ്ധമുണ്ടായി എന്ന് ബൈബിളില്‍ കണ്‍ടിട്ടുണ്‍ട്.) അങ്ങനെ വന്നാര്‍ ഓരോ കാലത്തും ദേശത്തും ജീവിച്ചവര്‍ക്ക് പ്രത്യേകം പ്രത്യേകം സ്വര്‍ഗം പണിയേണ്ടി വരില്ലേ?
ആധുനിക സാമൂഹ്യ വളര്‍ച്ചയുടെ വെളിച്ചത്തില്‍ നോക്കിയാല്‍ മതം വാഗ്ദാനം ചെയ്യുന്ന സ്വര്‍ഗം ഏതുനിലയിലും ദരിദ്രമാണ‌്. ആധുനിക മത വ്യാഖ്യാതാക്കള്‍ക്ക് ചില്ലറ വ്യാഖ്യാനക്കസര്‍ത്തുകള്‍ നടത്തി തല്‍ക്കാലം തടിത്തപ്പാന്‍ കഴിഞ്ഞേക്കും. പക്ഷേ സ്വര്‍ഗവും നരകവും ഉള്‍പ്പെടെയുള്ള മതസങ്കല്പ്പങ്ങള്‍ അധികം വൈകാതെ അപ്രത്യക്ഷമാകാതെ തരമില്ല.