മനുഷ്യന്‍ സൃഷ്ടിച്ചിട്ടുള്ളതില്‍ വെച്ച് ഏറ്റവും നശീകരണശേഷിയുള്ള ആയുധമാണ്‌ മതം.

Saturday, June 18, 2011

യാഗഗവേഷണം എന്ന പ്രഹസനം(യാഗാഭാസത്തിനെതിരെ ശാസ്ത്രചിന്തകരും എഴുത്തുകാരും പ്രതികരിക്കുന്നു.)

ഒരു സമൂഹത്തിനാകെ ഭ്രാന്ത് പിടിക്കുമ്പോള്‍
ഒരു കാലത്ത് ദുരാചാരമായി ഭാരതത്തെ വേട്ടയാടിയിരുന്ന യാഗങ്ങള്‍ പുനരുദ്ധരിക്കാന്‍ ഇന്ന് കേരളത്തിലെ ചില വിഭാഗങ്ങള്‍ കിണഞ്ഞു പരിശ്രമിക്കുന്നുവെന്നത് ആശങ്കാജനകമാണ്. മൂവായിരം വര്‍ഷം മുന്‍പ് വൈദികജനത ദേവകളെ പ്രീതിപ്പെടുത്തുവാന്‍ നടത്തിയിരുന്ന ചടങ്ങുകള്‍ വിപുലീകരിച്ച് പുരോഹിതവര്‍ഗ്ഗം ധനലാഭത്തിനും സമൂഹത്തില്‍ ഉത്തമര്‍ണ്ണ്യം സ്ഥാപിക്കാനും രൂപപ്പെടുത്തിയതാണു യാഗങ്ങള്‍ എന്നു ചരിത്രം പറയുന്നു. ഇഹത്തിലും പരത്തിലുമുള്ള സവിശേഷസിദ്ധികള്‍ നേടാമെന്നു വ്യാമോഹിച്ച് രാജാക്കന്‍മാരില്‍ നിന്നും യാഗത്തിനു ഭീമമായ ദക്ഷിണ പിടുങ്ങി പുരോഹിതവര്‍ഗ്ഗം ധൂര്‍ത്തജീവിതം നയിച്ചു. മൃഗബലിയും മാംസഭോജനവും ലഹരിസേവയും യാഗങ്ങളുടെ അവിഭാജ്യഘടകങ്ങളായിരുന്നു. ഹിന്ദുമതത്തിനു തന്നെ ഭാരമായിത്തീര്‍ന്ന യാഗങ്ങളോടുള്ള പ്രതിഷേധത്തില്‍ നിന്നാണു ബുദ്ധ-ജൈന മതങ്ങള്‍ ഉരുത്തിരിയുന്നത്. ചാതുര്‍വര്‍ണ്യമെന്ന സാമൂഹിക അസമത്വം ഊട്ടിയുറപ്പിക്കാന്‍ യാഗങ്ങള്‍ പങ്കുവഹിച്ചിട്ടുണ്ട്. ഹൈന്ദവചിന്തകരെല്ലാം പില്‍ക്കാലത്തു യാഗത്തെ നിരാകരിച്ചിട്ടുണ്ട്.
പ്രാചീന ദുരാചാരങ്ങളെ, ചരിത്രസത്യങ്ങള്‍ മൂടിവെച്ച് മഹത്തായൊരു ആത്മീയ കര്‍മ്മമായി ഇന്നത്തെ സമൂഹത്തിനു മുന്നില്‍ അവതരിപ്പിക്കുന്നതിനു പിന്നിലുള്ള ഗൂഢലക്ഷ്യങ്ങളെ തിരിച്ചറിയേണ്ടതുണ്ട്. കഴിഞ്ഞ 35 വര്‍ഷങ്ങളായി കേരളത്തില്‍ യാഗപുനരുത്ഥാനം ഊര്‍ജിതമായി നടന്നുപോരുന്നു എന്നതു ഈ നാടിനു ലജ്ജാകരമാണ്. ദേശവിദേശങ്ങളില്‍ നിന്നു കോടിക്കണക്കിനു രൂപയുടെ ഫണ്ടു ശേഖരിച്ചു ധൂര്‍ത്തടിക്കാനുള്ള വേദികളായിരിക്കുന്നു കേരളത്തിലെ ആധുനികയാഗശാലകള്‍. ഈ കുല്‍സിത പ്രവര്‍ത്തനങ്ങളില്‍ ഇവിടത്തെ ശാസ്ത്രജ്ഞരും പണ്ഡിതരും പങ്കാളികളാകുന്നു എന്നത് അലോസരപ്പെടുത്തുന്ന സത്യമാണ്. നിക്ഷിപ്ത താല്‍പര്യത്തോടുകൂടിയ ഈ അവിശുദ്ധ ബാന്ധവം ഏറ്റവും പ്രകടമാണ്.
രണ്ടു മാസം മുന്‍പ് പാഞ്ഞാളില്‍ വച്ചു നടന്ന അതിരാത്രത്തിന്റെ വേളയിലാണ് . പ്രശസ്തരായ ഒരു സംഘം സീനിയര്‍ ശാസ്ത്രജ്ഞരും പ്രൊഫസര്‍മാരും യാഗവേളയിലെ പ്രതിഭാസങ്ങളെക്കുറിച്ചു “ശാസ്ത്രീയഗവേഷണം” നടത്താന്‍ മുന്നോട്ടു വന്നു. ഈ ഗവേഷണസംരംഭം സാമാന്യബുദ്ധിയെ പരിഹസിക്കുന്ന പൊറാട്ടുനാടകമാണെന്ന് ഈയിടെ പുറത്തിറക്കിയ പ്രാഥമിക പരീക്ഷണഫലങ്ങള്‍ വ്യക്തമാക്കുന്നു. ശാസ്ത്രത്തിന്റെ രീതിവ്യവസ്ഥ (മെതഡോളജി) പാലിക്കാതെ, എന്നല്ല കേവലയുക്തി പോലും പ്രയോഗിക്കാതെ നടത്തപ്പെട്ട വികലമായ പഠനങ്ങളാണ് ഈ “യാഗഗവേഷണം” എന്ന് ഒറ്റനോട്ടത്തില്‍ മനസ്സിലാകും.
എന്തെങ്കിലും ഒരു പുതിയ പ്രതിഭാസം കാണപ്പെടുമ്പോഴാണല്ലോ അതെപ്പറ്റി പഠിക്കേണ്ട ആവശ്യം വരിക. ചരിത്രത്തിലിന്നോളം നടന്ന ഒരൊറ്റ യാഗത്തിലും എന്തെങ്കിലും ഒരു സവിശേഷപ്രതിഭാസം ദര്‍ശിച്ചിട്ടില്ല. അഗ്നിയെ ആരാധിച്ചിരുന്ന വൈദികജനത യാഗച്ചടങ്ങുകളെ പ്രകീര്‍ത്തിച്ചു മന്ത്രങ്ങള്‍ എഴുതിയിരിക്കാം. അതൊക്കെ ഏതോ ദിവ്യപ്രതിഭാസത്തിന്റെ സൂചനയായി കരുതി ഗവേഷണത്തിനു പുറപ്പെടാന്‍ സാമാന്യബുദ്ധിയുള്ള ശാസ്ത്രജ്ഞരാരും മുതിരുകയില്ല. യാഗവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ (യാഗശാലയുടെ ഘടന, ചിതിയുടെ നിര്‍മ്മാണം, അരണി കടഞ്ഞത് അഗ്നിയുണ്ടാക്കല്‍, ഹവനക്രിയ, മന്ത്രോച്ഛാരണം തുടങ്ങി യാഗശാലാ ദഹനം വരെ) ഇന്നത്തെ ശാസ്ത്രജ്ഞാനത്തിനു വിശദീകരിക്കാനാവാത്ത നിഗൂഡരഹസ്യങ്ങളൊന്നും ഒളിഞ്ഞിരിപ്പില്ല. അതുകൊണ്ടു തന്നെ യാഗച്ചടങ്ങുകളുടെ ശാസ്ത്രീയ പര്യവേഷണം ശുദ്ധഭോഷത്തരമാണ്.
ഈ യാഗഗവേഷണം അപൂര്‍വ്വവും നൂതനവുമായൊരു സംരംഭമാണെന്ന മട്ടിലാണ് പാഞ്ഞാള്‍ അതിരാത്രത്തിന്റെ സംഘാടകരും ഗവേഷണസംഘത്തലവനും കാര്യങ്ങള്‍ അവതരിപ്പിച്ചത്. വാസ്തവത്തില്‍ 1990 ല്‍ കുണ്ടൂരില്‍ നടന്ന അതിരാത്രത്തില്‍ ഇന്ത്യയിലെയും വിദേശത്തെയും ശാസ്ത്രജ്ഞര്‍ ഒട്ടേറെ പരീക്ഷണങ്ങള്‍ നടത്തിയിരുന്നു. മനുഷ്യരെയും മൃഗങ്ങളെയും സസ്യങ്ങളെയും ഉപയോഗിച്ചും, ഭൗമകാന്തികത അടക്കമുള്ള വിവരങ്ങള്‍ അളന്നും ചെയ്ത പരീക്ഷണങ്ങളില്‍ യാഗത്തിന്റെ സ്വാധീനം ഉണ്ടെന്നു സംശയിക്കാവുന്ന യാതൊരു ഗുണഫലവും രേഖപ്പെടുത്തിയിട്ടില്ല എന്നാണറിവ്. വിപുലമായ ആ പരീക്ഷണപരമ്പരകളെപ്പറ്റി പിന്നീട് റിപ്പോര്‍ട്ടുകളോ പ്രബന്ധങ്ങളോ ഒന്നും പ്രസിദ്ധീകരിക്കപ്പെട്ടിട്ടില്ല. പാഞ്ഞാള്‍ അതിരാത്രസംഘാടകരും ശാസ്ത്രജ്ഞരും ഇക്കാര്യം അതിവിദഗ്ദ്ധമായി മൂടിവച്ചു ജനവഞ്ചന നടത്തുകയായിരുന്നു.
പ്രഗല്‍ഭരായി ഉയര്‍ന്ന പദവിയിലിരുന്ന സീനിയര്‍ ശാസ്ത്രജ്ഞരാണ് യാഗഗവേഷണപദ്ധതി തയ്യാറാക്കിയതെങ്കിലും ഗവേഷണത്തില്‍ പാലിക്കേണ്ട അടിസ്ഥാനകാര്യങ്ങളൊന്നും പഠനത്തില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. മിക്ക പരീക്ഷണങ്ങളും മുന്‍നിശ്ചയ (open -ended) സ്വഭാവത്തോടു കൂടിയവയാണ്. അതുകൊണ്ടു തന്നെ അശാസ്ത്രീയവും യാഗശാലക്കു ചുറ്റും കടലവിത്തുകള്‍ മുളപ്പിച്ചത് ഉദാഹരണം. എതു ദിശയില്‍ വിത്തുമുളപ്പിച്ചാലും യാഗഫലമാണെന്നു വ്യാഖ്യാനിക്കാം. താരതമ്യങ്ങള്‍ (controls) ഉള്‍പ്പെടുത്താതെയാണ് പരീക്ഷണഫലങ്ങള്‍ ശേഖരിച്ചതെന്നതാണ് മറ്റൊരു ന്യൂനത. ബാക്ടീരിയ പോലുള്ള സൂക്ഷ്മജീവികളുടെ കണക്കെടുപ്പ് ഉദാഹരണം. യാഗത്തിന്റെ ദിവ്യപരിവേഷമില്ലാത്ത സാധാരണ അഗ്നികുണ്ഡമൊരുക്കി അതിന്റെ പരിസരവുമായി താരതമ്യപ്പെടുത്തിയാലേ അതിന്റെ പഠനത്തിന് എന്തെങ്കിലും പ്രസക്തി കല്‍പിക്കാനാകൂ. അതിരാത്രവേദിയില്‍ നടത്തിയ പഠനങ്ങളെല്ലാം തന്നെ പ്രതിലോമഫലങ്ങള്‍ (negative Results) ഒഴിവാക്കപ്പെടുംവിധമാണ് ക്രമീകരിച്ചിട്ടുള്ളതെന്ന് കാണാം. ഈ കൗശലം വഴി യാഗക്രിയകള്‍ ഗുണകരമാണെന്ന് എല്ലായ്‌പോഴും അവകാശപ്പെടാനാകും.
വെറും സര്‍വ്വസാധാരണ നിരീക്ഷണങ്ങള്‍ യാഗത്തിന്റെ ഗുണഫലമാണെന്നു വ്യാഖ്യാനിച്ചുണ്ടാക്കാന്‍ അതിന്റെ വക്താക്കള്‍ മുതിര്‍ന്നിട്ടുണ്ട്. യാഗശാലാപരിസരത്ത് സൂക്ഷ്മാണുക്കള്‍ കുറവാണെന്ന പ്രസ്താവന ഇതിനുദാഹരണമാണ്. ചുടു തട്ടിയാല്‍ അണുക്കള്‍ നശിക്കും എന്ന സൂക്ഷ്മാണു വീജ്ഞാനീയത്തിന്റെ (മൈക്രോബയോളജി) ബാലപാഠം വലിയൊരു കണ്ടെത്തലായി അവതരിപ്പിക്കപ്പെടുകയാണിവിടെ. 1956 ല്‍ അതിരാത്രം നടന്നിരുന്ന കുളത്തില്‍ സൂക്ഷ്മജീവികളുടെ അഭാവമുണ്ടെന്നും മറ്റും പറഞ്ഞത് വിശ്വസനീയതയുടെ പരിധിക്കപ്പുറമാണ്. “ശുദ്ധി” എന്നതിന്റെ നിര്‍വചനം വശദമാക്കാതെ ജലവും വായുവും മണ്ണും ശുദ്ധമായി എന്നു നിഗമനം ചെയ്യപ്പെടുന്നതിന്റെ പ്രസക്തി ചോദ്യം ചെയ്യപ്പെടേണ്ടതുണ്ട്.
യാഗസ്ഥലത്തെ പഠനങ്ങളില്‍ സാങ്കേതികതകൊണ്ട് ശ്രദ്ധയാകര്‍ഷിക്കുന്നത് പ്രൊഫ. സക്‌സേന (ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് അസ്‌ട്രോഫിസിക്‌സ്) നടത്തിയ “പ്രവര്‍ഗ്യ”ത്തെക്കുറിച്ചുള്ള പരിശോധനയാണ്. കലത്തില്‍ അതിതപ്തമായ നെയ്യില്‍ പാലൊഴിക്കുമ്പോള്‍ അഗ്നിഗോളമായി മേല്‍പോട്ടു പൊങ്ങുന്ന പ്രവര്‍ഗ്യക്രിയ യാഗശാല ശുദ്ധികരിക്കാനാണെന്നാണു വെയ്പ്. നെയ്യ് അമിതമായി ചൂടാക്കിയാല്‍ തീപിടിക്കുമെന്ന കാര്യം മനസിലാക്കാന്‍ വലിയ ധൈഷണികപാടവമൊന്നും വേണ്ട. തപ്തബാഷ്പങ്ങളുടെ ജ്വലനത്തിന്റെ രസതന്ത്രവും പ്രകാശികസ്വഭാവവും ഇന്നു സുപരിചിതമാണ് എന്നിരിക്കെ ഒരു സീനിയര്‍ ശാസ്ത്രജ്ഞന്‍ പ്രവര്‍ഗ്യാഗ്നിയുടെ വികിരണരാജിയും സഞ്ചാരവേഗവും പഠിക്കാന്‍ മുതിര്‍ന്നത് വൃഥാവ്യായാമമാണ്. ഈ പഠനത്തിന്റെ ഫലത്തെക്കുറിച്ചു പത്രക്കുറിപ്പുകളില്‍ ഇപ്രകാരം കാണുന്നു: “(പ്രവര്‍ഗ്യത്തിലെ) തീനാളങ്ങളുടെ തീവ്രത ലേസര്‍ രശ്മികളുടേതു പോലെ അപൂര്‍വ്വമായ താപനില രേഖപ്പെടുത്തി,” യാഗശാലയുടെ ശുദ്ധിക്കു തെളിവായി ഹൈഡ്രജന്‍ കണ്ടെത്തിയെന്നും പരാമര്‍ശമുണ്ടായി. അസ്വഭാവികമായി തോന്നിയ ഈ പരാമര്‍ശങ്ങളെപ്പറ്റി പ്രൊ. സക്‌സേനയോട് നേരിട്ട് എഴുതി ചോദിച്ചപ്പോള്‍ മറുപടി ഇപ്രകാരമായിരുന്നു: “അത്തരത്തിലുള്ള നിരീക്ഷണമൊന്നും ഞാന്‍ നടത്തിയിട്ടില്ല. ഹൈഡ്രജന്റെ വികിരണങ്ങള്‍ ദര്‍ശിച്ചിട്ടുമില്ല. ഒരുപക്ഷേ അതു മറ്റാരെങ്കിലും കൂട്ടിച്ചേര്‍ത്തതാകാനാണ് വഴി.” യാഗവക്താക്കള്‍ ജനങ്ങളെ വഴി തെറ്റിക്കാന്‍ നടത്തിയ കുല്‍സിതശ്രമമായിരുന്നു അതെന്നു വ്യക്തം. വികലമായ പരീക്ഷണങ്ങള്‍ നടത്തി അതിന്റെ ഫലങ്ങള്‍ ഊതിപ്പെരുപ്പിച്ചും അസത്യങ്ങള്‍ ഉരുക്കഴിച്ചും യാഗത്തിനു ഗുണഫലമുണ്ടെന്നു വരുത്തിത്തീര്‍ക്കാനുള്ള ഹീനമായ ശ്രമമാണ് പാഞ്ഞാള്‍ അതിരാത്രത്തോടനുബന്ധിച്ചു നടന്നത്. ശാസ്ത്രജ്ഞരുടെ വശത്തു നിന്നുണ്ടായ ഈ അനാശാസ്യ സഹകരണം നിരുത്തരവാദപരവും പ്രതിഷേധാര്‍ഹവുമാണ്.

തൃശ്ശൂര്‍ / 18..06..2011

1. പ്രൊഫ. കെ. പാപ്പുട്ടി (കേരള ശാസ്ത്ര-സാഹിത്യ പരിഷത്ത്)
2. ഡോ. കെ.പി. അരവിന്ദന്‍ (ആലപ്പുഴ മെഡിക്കല്‍ കോളേജ്)
4. ഡോ. എസ്. ശങ്കര്‍ (ശാസ്ത്രജ്ഞന്‍, കെ.എഫ്.ആര്‍.ഐ., പീച്ചി)
5. യു.കലാനാഥന്‍ (പ്രസിഡന്റ്, കേരള യുക്തിവാദി സംഘം)
6. ഡോ. സി.പി. രാജേന്ദ്രന്‍ (ഭൗമ ശാസ്ത്രജ്ഞന്‍)
7. എന്‍. ശങ്കരനാരായണന്‍, (മുന്‍ ശാസ്ത്രജ്ഞന്‍, ബാബ ആറ്റമിക് റിസച്ച് സെന്റര്‍, മുംബൈ)
8. ഡോ. മനോജ് കോമത്ത് (ശാസ്ത്രജ്ഞന്‍, ശ്രീചിത്തിര ഇന്‍സ്റ്റിറ്റിയൂട്ട്, തിരു..പുരം )
9. ഡോ. കെ.ആര്‍ വാസുദേവന്‍ (ചെയര്‍മാന്‍, കോവൂര്‍ ട്രസ്റ്റ്)
10. ഡോ. സി. രാമചന്ദ്രന്‍ (മുന്‍ ശാസ്ത്രജ്ഞന്‍, ഐ.എസ്.ആര്‍.ഒ)
11. ഡോ. പി.കെ. നാരായണന്‍ (മന:ശാസ്ത്രജ്ഞന്‍)
12. ഡോ. പി.റ്റി. രാമചന്ദ്രന്‍ (കോഴിക്കോട് സര്‍വ്വകലാശാല)
13. പ്രൊഫ. സി രവിചന്ദ്രന്‍ (യൂണിവേഴ്‌സിറ്റി കോളേജ്, തിരു..പുരം)
14. ഡോ.റ്റി.വി സജീവ് (ശാസ്ത്രജ്ഞന്‍, കെ.എഫ്.ആര്‍.ഐ., പീച്ചി)
15. അഡ്വ. കെ. എന്‍. അനില്‍കുമാര്‍ (ജന.സെക്രട്ടറി, കേരള യുക്തിവാദി സംഘം)
16. ഇരിങ്ങല്‍ കൃഷ്ണന്‍ (സെക്രട്ടറി, കേരള യുക്തിവാദി സംഘം)
17. കെ.പി. ശബരി ഗീരീഷ് (പവനന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ സെക്കുലര്‍ സ്റ്റഡീസ്)
18. റ്റി.കെ. ശക്തിധരന്‍ (സെക്രട്ടറി, കേരള യുക്തിവാദി സംഘം)

10 comments:

സുശീല്‍ കുമാര്‍ said...

യാഗങ്ങളെക്കുറിച്ച് ഗവേഷണം നടത്തുന്നതിനേക്കാള്‍ നല്ലത് തവളകള്‍ "പേക്രോം പേക്രോം" എന്നു പറയുമ്പോള്‍ മഴ പെയ്യുന്നതെന്തുകൊണ്ട് എന്ന് ഗവേഷണം നടത്തുകയാണ്‌. കാരണം ആ ശബ്ദത്തേക്കാള്‍ ഒരു മഹത്വവും യാഗങ്ങളില്‍ ഉരുവിടുന്ന മന്ത്രങ്ങള്‍ക്കില്ല.

Unknown said...

ലേഖനം നന്നായി, പ്രൊഫൈലില്‍ പറഞ്ഞ പോലെ എന്റെം വിശ്വാസം അത്രതന്നെ!

ശാസ്ത്രത്തിലുള്ള അറിവ്, പുരാണങ്ങളിലുള്ള അറിവ് തുലോം കുറവായതിനാല്‍, ഇത്രെം മാത്രം പറഞ്ഞ് പോകുകാണേ!

ChethuVasu said...

90 ലെ അതിരാത്രത്തില്‍ ഒരു മഹാ എ സംഭവമായി "കിര്‍ലിയന്‍ ഫോട്ടോ " ഗ്രാഫി ആക്ഹോഷിക്കപ്പെട്ടിരുന്നു .. (ഒരു ഇന്ഫ്ര റെഡ് ഇമേജ് രേകൊര്‍ദിംഗ് ആണ് എന്നാണ് തോന്നുന്നത് ).ഇപ്പൊ എന്തൊക്കെ പുറത്തു വരും എന്നൊക്കെ പ്രതീതി ജനിപ്പിച്ചു പത്ര റിപ്പോര്‍ട്ടുകളും ഉണ്ടായിരുന്നു . എന്തോ എന്തായാലും പിന്നെ അതിന്റെ അഡ്രസ്സ് കണ്ടില്ല .

ഒരു കാര്യം ശ്രദ്ധിച്ചത് , ഒപ്പ് വച്ചവര്‍ എല്ലാം ഹിന്ദു നാമധേയരായ വ്യക്തികള്‍ ആണെന്ന കാര്യം ആണ് . ഹൈന്ദവ ആയുക്തികളെ വിമര്‍ശിക്കുന്നവര്‍ 'ഹൈന്ദവ യുക്തിവാദികളും' , മറ്റു മതവിഭാഗങ്ങളെ വിമര്‍ശിക്കുന്നവര്‍ 'അതതു വിഭാഗത്തില്‍ പെട്ട യുക്തിവാദികളും' ആകണം എന്ന് വല്ല നിബന്ധനയും .............??? ;-)

ബിജു ചന്ദ്രന്‍ said...

മുകളിലെ ചിത്രത്തിന്‍റെ അടിക്കുറിപ്പ് നന്നായി. മന്ദ ബുദ്ധികളായ നമ്പൂരിമാരുടെ മണ്ടത്തരങ്ങള്‍ . ഫോട്ടോണിക്സ് നമ്പൂരി , ആസ്ട്രോ ഫിസിക്സ്‌ സക് സേന (സക്സേനയും ഒരു കിഴങ്ങന്‍ ആവാനാണ് വഴി കാരണം ഇത്തരം ഒരു തട്ടിപ്പിന് ചൂട്ടു പിടിക്കാന്‍ അയാളും ബാംഗ്ലൂരില്‍ നിന്നും വന്നല്ലോ ) തുടങ്ങിയവന്മാരെയൊക്കെ വല്ല പൊതു സംവാദത്തിലും വെച്ച് തുറന്നു കാട്ടേണ്ടിയിരിക്കുന്നു .

ദിവാരേട്ടN said...

ഈ കലാപരിപാടി, ഇതൊക്കെ ചെയ്യുന്നവരെ സംബന്ധിച്ചിടത്തോളം വളരെ ലാഭകരം ആണ് സുശീല്‍ . 'ഭിക്ഷ'യും [പുട്ടടി], 'തീര്‍ത്ഥസേവ' [വെള്ളമടി] കുറച്ചുകാലം ഇതിന്റെ ചിലവില്‍ ഉള്‍ക്കൊള്ളിക്കാം.

Rational books said...

പാഠപുസ്തകം നിശ്ചയിക്കേണ്ടത് കത്തോലിക്കാ സഭയല്ല. പ്രതിഷേധ മാർച്ചും സെക്രട്ടേറിയേറ്റ് ധർണ്ണയും

Rational books said...

പാഞ്ഞാള്‍ അതിരാത്രം: അവകാശവാദങ്ങള്‍ ശാസ്‌ത്രവിരുദ്ധം
പാഞ്ഞാളില്‍ നടത്തിയ അതിരാത്ര യാഗത്തിന്റെ ഫലത്തെ സംബന്ധിച്ച്‌ അശാസ്‌ത്രീയമായ അവകാശവാദങ്ങളാണ്‌ പുറത്തുവരുന്നതെന്ന്‌ യാഗപരിസരം സന്ദര്‍ശിച്ച്‌ പഠനം നടത്തിയ ശാസ്‌ത്രസംഘം വിലയിരുത്തി. കേരള യുക്തിവാദി സംഘത്തിന്റെ നേതൃത്വത്തില്‍ 11 ശാസ്‌ത്രപണ്ഡിതരും സംഘം നേതാക്കളായ അഞ്ചുപേരുമാണ്‌ പഠനം നടത്തിയത്‌. വെള്ളിയാഴ്‌ച രാവിലെ 9.30 മുതല്‍ 11.30 വരെ സംഘം യാഗപരിസരത്തെ ഒട്ടേറെ പേരെ കണ്ട്‌ വസ്‌തുതകള്‍ ചോദിച്ചറിയുകയും ചെയ്‌തു.

യാഗഫലമായി കാര്‍ഷിക വളര്‍ച്ച മെച്ചപ്പെട്ടുവെന്ന ഡോ. വി പി എന്‍ നമ്പൂതിരി എന്ന ശാസ്‌ത്രജ്ഞന്റെ അവകാശവാദം തെറ്റാണെന്ന്‌ നാട്ടുകാര്‍ സംഘത്തോട്‌ വിശദീകരിച്ചു. യാഗം നടത്തിയ വയലില്‍ നേരത്തെ മൂന്നു വിള കൃഷി നടത്തിയിരുന്നു. എന്നാല്‍ ഇത്തവണ വിത്തിറക്കുകപോലുമുണ്ടായിട്ടില്ല.

മൊത്തത്തില്‍ കാര്‍ഷികരംഗത്ത്‌ സ്‌തംഭനാവസ്ഥയാണെന്ന്‌ കര്‍ഷകരടക്കമുള്ള ജനങ്ങള്‍ സംഘത്തോട്‌ വിശദീകരിച്ചു. മാത്രമല്ല, യാഗശാല നിര്‍മാണം മഴമൂലം തടസ്സപ്പെടുകയും ചെയ്‌തു. മഴയാകട്ടെ യാഗഫലമായിരുന്നില്ല. യാഗഫലമായി വായു, ജലം, മണ്ണ്‌ എന്നിവ ശുദ്ധമായി എന്ന വാദവും ശാസ്‌ത്രീയമായിരുന്നില്ല. യാഗപരിസരത്തുള്ള അമ്പലക്കുളത്തിലെ ജലം ശുദ്ധമായെന്നാണ്‌ യാഗാനുകൂലികള്‍ പറയുന്നത്‌. എന്നാല്‍ പാഞ്ഞാള്‍ പഞ്ചായത്ത്‌ തൊഴിലുറപ്പ്‌ പദ്ധതി പ്രകാരം 2010 നവംബര്‍ ഒമ്പതിനു മുമ്പ്‌ അമ്പലക്കുളം ശുദ്ധീകരിച്ചിരുന്നു. ഇതിനായി 1,23,540 രൂപ ചെലവാക്കുകയും ചെയ്‌തതായി സ്ഥലവാസിയായ എന്‍ എസ്‌ ജെയിംസ്‌ പറഞ്ഞു. ഇക്കാര്യം പഞ്ചായത്ത്‌ സെക്രട്ടറി സ്ഥിരീകരിച്ചതായും സംഘം വ്യക്തമാക്കി.
യാഗത്തിന്റെ ഫലമായി സസ്യവളര്‍ച്ച കൂടുകയോ വിത്ത്‌ മുളയ്‌ക്കല്‍ ത്വരിതപ്പെടുകയോ ഉറക്കത്തില്‍ മാറ്റമോ ആരോഗ്യത്തില്‍ മാറ്റമോ അനുഭവപ്പെട്ടിട്ടില്ലെന്ന്‌ അന്തര്‍ജനങ്ങളായ ഗൗരി(78), സ്‌മിത(38) എന്നിവര്‍ പറഞ്ഞു. ഇക്കാര്യം ശരിയാണെന്ന്‌ പഞ്ചായത്ത്‌ പ്രസിഡന്റും മുന്‍ പഞ്ചായത്ത്‌ പ്രസിഡന്റും വ്യക്തമാക്കി.

യാഗമന്ത്രത്തില്‍ നിന്നുള്ള വൈബ്രേഷന്‍സാണ്‌ വിത്തു മുളയ്‌ക്കാന്‍ കാരണമെങ്കില്‍ പടിഞ്ഞാറ്‌ ഭാഗത്തെ വിത്തു മാത്രം 2000 ഇരട്ടി വേഗത്തില്‍ മുളച്ചതെങ്ങനെ എന്നാണ്‌ സംശയം. സമാനകമ്പനങ്ങള്‍ സമാനഗുണങ്ങളേ ഉല്‌പാദിപ്പിക്കൂ എന്നും ഡോ. വി പി എന്‍ നമ്പൂതിരിയുടെ അവകാശവാദം അശാസ്‌ത്രീയമാണെന്നും സംസ്ഥാന സര്‍ക്കാര്‍ വിജ്ഞാനകോശം ഡയറക്‌ടര്‍ ഡോ കെ പാപ്പുട്ടി പറഞ്ഞു.

പ്രവര്‍ഗ്യത്തിലെ തീനാളങ്ങളുടെ തീവ്രത ലേസര്‍ രശ്‌മികളുടേതുപോലെ അപൂര്‍വമായ താപനില രേഖപ്പെടുത്തിയെന്നും യാഗശാലയുടെ ശുദ്ധിക്ക്‌ തെളിവായി ഹൈഡ്രജന്‍ കണ്ടെത്തിയെന്നും പരാമര്‍ശമുണ്ടായി.

യാഗസ്ഥലത്ത്‌ പരിശോധന നടത്തിയ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ അസ്‌ട്രോഫിസിക്‌സിലെ പ്രഫ സക്‌സേന ഇങ്ങനെ പറഞ്ഞെന്നാണ്‌ യാഗവക്താക്കള്‍ പ്രചരിപ്പിച്ചത്‌. എന്നാല്‍ ഇക്കാര്യത്തില്‍ സംശയം തോന്നിയ ശ്രീചിത്തിര ഇന്‍സ്റ്റിറ്റിയൂട്ടിലെ ശാസ്‌ത്രജ്ഞന്‍ ഡോ. മനോജ്‌ കോമത്ത്‌ പ്രഫ. സക്‌സേനയോട്‌ നേരിട്ട്‌ എഴുതി ചോദിച്ചപ്പോള്‍ അത്തരത്തിലുള്ള നിരീക്ഷണം നടത്തിയിട്ടില്ലെന്നും ഹൈഡ്രജന്റെ വികിരണങ്ങള്‍ ദര്‍ശിച്ചിട്ടില്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ മറുപടി. അത്‌ മറ്റാരെങ്കിലും കൂട്ടിച്ചേര്‍ത്തതാകാമെന്നും സക്‌സേന വ്യക്തമാക്കി.

ദുരാചാരമായി ഭാരതത്തെ വേട്ടയാടിയിരുന്ന യാഗങ്ങള്‍ പുനരുദ്ധരിക്കാനുള്ള ചിലരുടെ കുത്സിത ശ്രമങ്ങള്‍ക്ക്‌ ശാസ്‌ത്രത്തിന്റെ മേലങ്കി അണിയിക്കാനുള്ള പ്രചാരണമാണിതെന്ന്‌ യുക്തിവാദിസംഘം പ്രസിഡന്റ്‌ യു കലാനാഥന്‍ പറഞ്ഞു.

വികലമായ പരീക്ഷണങ്ങള്‍ നടത്തി അതിന്റെ ഫലങ്ങള്‍ ഊതിപ്പെരുപ്പിച്ചു യാഗത്തിനു ഗുണഫലങ്ങള്‍ ഉണ്ടെന്ന്‌ വരുത്തിത്തീര്‍ക്കാനുള്ള ഹീനമായ ശ്രമമാണ്‌ പാഞ്ഞാള്‍ അതിരാത്രത്തോടനുബന്ധിച്ച്‌ നടന്നതെന്ന്‌ പ്രഫ. കെ പാപ്പുട്ടി, ഡോ കെ പി അരവിന്ദന്‍ (ആലപ്പുഴ മെഡി. കോളജ്‌), ഡോ. എസ്‌ ശങ്കര്‍(ശാസ്‌ത്രജ്ഞന്‍ കെ എഫ്‌ ആര്‍ ഐ പീച്ചി), യു കലാനാഥന്‍, ഡോ. സി പി രാജേന്ദ്രന്‍ (ഇന്ത്യന്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ സയന്‍സ്‌ ബാംഗ്ലൂര്‍), ഡോ. എന്‍ ശങ്കരനാരായണന്‍ (മുന്‍ ശാസ്‌ത്രജ്ഞന്‍, ബാബ ആറ്റമിക്‌ റിസര്‍ച്ച്‌ സെന്റര്‍, മുംബൈ), ഡോ മനോജ്‌ കോമത്ത്‌, ഡോ. കെ ആര്‍ വാസുദേവന്‍ (ചെയര്‍മാന്‍, കോവൂര്‍ ട്രസ്റ്റ്‌), ഡോ. സി രാമചന്ദ്രന്‍ (മുന്‍ ശാസ്‌ത്രജ്ഞന്‍ ഐ എസ്‌ ആര്‍ ഒ), ഡോ. പി കെ നാരായണന്‍ (മനശ്ശാസ്‌ത്രജ്ഞന്‍), ഡോ. പി ടി രാമചന്ദ്രന്‍ (കോഴിക്കോട്‌ സര്‍വകലാശാല), പ്രഫ. സി രവിചന്ദ്രന്‍ (യൂണിവേഴ്‌സിറ്റി കോളജ്‌, തിരുവനന്തപുരം), ഡോ. ടി വി സജീവ്‌ (ശാസ്‌ത്രജ്ഞന്‍ കെ എഫ്‌ ആര്‍ ഐ പീച്ചി), അഡ്വ. കെ എന്‍ അനില്‍കുമാര്‍ (ജന. സെക്രട്ടറി യുക്തിവാദിസംഘം), ഇരിങ്ങല്‍ കൃഷ്‌ണന്‍ (യുക്തിവാദിസംഘം), കെ പി ശബരിഗിരീഷ്‌ (പവനന്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഫോര്‍ സെക്കുലര്‍ സ്റ്റഡീസ്‌), ടി കെ ശശിധരന്‍ (യുക്തിവാദിസംഘം) എന്നിവര്‍ പറഞ്ഞു.

ജനയുഗം 19-06-11

Manoj മനോജ് said...

മതങ്ങല്‍ ശാസ്ത്രത്തെ ഹൈജാക്ക് ചെയ്യുന്ന ദയനീയ കാഴ്ചകളുടെ തുടര്‍ച്ച :(

praveen gopinath said...

വളരെ നല്ല ലേഖനം. എല്ലാത്തിനോടും യോജിക്കുന്നു. ശാസ്ത്രജ്ഞന്മാരുടെ പേര് പറഞ്ഞു കള്ളവു പ്രജരിപ്പികുന്നത് ജനങ്ങളെ ബോധിപ്പിക്കെണ്ടിയിരിക്കുന്നു. സുശീല്‍ കുമാറിന് അഭിനന്ദനങ്ങള്‍.

അപ്പൂട്ടൻ said...

മുൻകൂട്ടി തീരുമാനിച്ചുറപ്പിച്ച ഒരു പഠനറിപ്പോർട്ട് ആണ് ഇതെന്ന് തോന്നിക്കുന്ന ഒന്നാണ്, ശാസ്ത്രീയമെഥഡോളജിയിൽ എന്തെങ്കിലും ഇവിടെ നടന്നതായി എനിക്ക് തോന്നുന്നില്ല.
സൂക്ഷ്മജീവികളെ ഇല്ലാതാക്കലും മറ്റും ഈ യാഗം നടക്കുന്നതിനിടെ തന്നെ കേട്ടതാണ്. ഇത് ഒരു പഠനറിപ്പോർട്ടിന്റെ രൂപത്തിലും വന്നേയ്ക്കാം എന്ന് അന്നുതന്നെ സംശയം തോന്നിയതുമായിരുന്നു. എന്തെങ്കിലും രീതിയിൽ ഒരു പഠനം നടത്തുന്നതിനുമുൻപ് തന്നെ ഇത്തരം ഒരു നിഗമനം വന്നിരുന്നു എന്നതുതന്നെ ഈ പഠനഫലത്തിന്റെ വിശ്വാസ്യതയിൽ സംശയം ജനിപ്പിക്കുന്നതാണ്.
ഇതിനൊക്കെ വ്യക്തമായ അജണ്ട ഉണ്ടെന്ന് സംശയിക്കേണ്ടിയിരിക്കുന്നു, അതും വെറും സാമ്പത്തികം മാത്രമല്ലെന്ന് ചിന്തിച്ചാലും തെറ്റുപറയാനാവില്ല.
ബ്രാഹ്മണരുടെ കുലമഹിമ, ഔന്നത്യം, സവിശേഷത, സാംസ്കാരികഔന്നത്യം എന്നിവയൊക്കെ മനസിൽ ധരിച്ചുവെച്ച് അവരുടെ അപ്രമാദിത്വം അംഗീകരിക്കപ്പെടേണ്ടതാണെന്ന ധാരണയോടെ ധാരാളം ആളുകൾ ജീവിക്കുന്നുണ്ട് ഇന്നും. (അത് ബ്രാഹ്മണരിൽ മാത്രം ഒതുങ്ങുന്നതുമല്ല). അത് ഊട്ടിയുറപ്പിക്കുവാനുള്ള ഏറ്റവും അനുയോജ്യമായ ഇടം തന്നെയാണ് യാഗങ്ങൾ. ഇതിലൊക്കെ നമുക്കറിയാത്ത ഒരുപാട് ശാസ്ത്രം എന്തൊക്കെയോ ഉണ്ട് എന്ന് ചിന്തിക്കുന്ന ജനക്കൂട്ടത്തിനിടയിലേക്ക് ഒരു reinforcement ആയി ഇറങ്ങുന്നതാണ് ഇത്തരം ശാസ്ത്രപഠനാഭാസങ്ങൾ.