മനുഷ്യന്‍ സൃഷ്ടിച്ചിട്ടുള്ളതില്‍ വെച്ച് ഏറ്റവും നശീകരണശേഷിയുള്ള ആയുധമാണ്‌ മതം.

Saturday, January 23, 2010

മകരജ്യോതി തട്ടിപ്പ്‌ അവസാനിപ്പിക്കുക.

ശബരിമലയില്‍ ഒരു മകരവിളക്ക് മാമാങ്കം കൂടി അവസാനിച്ചിരിക്കുന്നു, പുണ്യ ജ്യോതി കണ്ട് സായൂജ്യമടയുന്ന ഭക്തരുടെ ചിത്രങ്ങള്‍ സഹിതം ഉഗ്രന്‍ കവറേജാണ്‌ മാധ്യമങ്ങള്‍ ഇതിന്‌ നല്‍കിയിരിക്കുന്നത്.

"തിരുവാഭരണ വിഭൂഷിതനായ അയ്യപ്പനു ദേവഗണങ്ങളുടെ ദീപാരാധനയായി കിഴക്കേ ചക്രവാളത്തില്‍ മകരനക്ഷത്രം ഉദിച്ചതോടെ ശരണം വിളികള്‍ ഉച്ചസ്ഥായിയിലായി. ഭക്തിപ്രഭയുടെ പൊന്‍ കിരണങ്ങളുമായി ഒടുവില്‍ 6.30 ന് മകരജ്യോതി തെളിഞ്ഞു."- 'ഭക്തലക്ഷങ്ങള്‍ക്ക് ദര്‍ശന സുകൃതമായി മകരജ്യോതി' എന്ന തലക്കെട്ടില്‍ മലയാള മനോരമ ദിനപത്രം റിപ്പോര്‍ട്ട് ചെയ്തത് ഇങ്ങനെയായിരുന്നു.

ഇന്‍വെസ്സ്റ്റിഗേഷന്‍ ജേര്‍ണലിസത്തിന്റെ ഉസ്താദുമാരായി ചമയുന്ന ഒരു പത്രമാണ്‌ സര്‍ക്കുലേഷന്‍ മാത്രം ലക്ഷ്യമാക്കി യതൊരുളുപ്പുമില്ലാതെ ഈ നാണക്കേട് എഴുന്നെള്ളിച്ചിരിക്കുന്നത്. ചക്രവാളത്തില്‍ നക്ഷത്രമുദിക്കുന്നത് തിരുവാഭരണ വിഭൂഷിതനായ അയ്യപ്പനുള്ള ദേവഗണങ്ങളുടെ ദീപാരാധനയാണെന്നാണ്‌ ഈ മുത്തശ്സിപത്രത്തിന്റെ കണ്ടെത്തല്‍. ഈ കാവ്യരചന ഇന്നും ഇന്നലെയും തുടങ്ങിയതല്ല.

വിശ്വാസികള്‍ക്ക് ക്ഷേത്രത്തിലോ പള്ളിയിലോ മറ്റ് ഏത് ആദാധനാലയത്തിലോ പോകാനും പ്രാര്‍ഥിക്കാനുമുള്ള അവകാശമുണ്ട്. അതിനെ ആരും ചോദ്യം ചെയ്യുന്നില്ല. എന്നാല്‍ ദേവസ്വം ബൊര്‍ഡും കേരള സര്‍ക്കാരും ദേവസ്വം, വനം, പോലീസ് വകുപ്പുകളും ചേര്‍ന്ന് നടത്തുന്ന ഈ തട്ടിപ്പിന്‌ ദിവ്യപരിവേഷം നല്‍കി അവതരിപ്പിക്കുന്നത് എന്ത് പത്രധര്‍മമാണ്‌? വരുമാനമുള്ള ഏര്‍പ്പാടായതിനാല്‍ സര്‍ക്കാരിന്‌ ഇത് കയ്യൊഴിയാനും കഴിയില്ല! പക്ഷേ, മകരവിളക്ക് ദിവ്യമാനെന്ന് കരുതി അന്യ സംസ്ഥാനങ്ങലില്‍ നിന്ന് ഒഴുകുന്ന ഭക്തരെ വഞ്ചിക്കുന്ന ഈ ഏര്‍പ്പാട് ആരാധനാ സ്വാതന്ത്യമല്ല, ശുദ്ധ തട്ടിപ്പാണ്‌. ഇത് സാംസ്കാരിക കേരളത്തിന്‌ അപമാനമാണ്‌. ഇതിനെതിരെ വിശ്വാസി-അവിശ്വാസി ഭേദമന്യേ പ്രതിഷേധം ഉയരേണ്ടതുണ്ട്.