Sunday, November 15, 2009
മതം മാറ്റം കുറ്റകരമല്ല?
'മതം മാറ്റം ഭരണഘടനാപരം'
'മതം മാറ്റവും മന:സ്സാക്ഷിയും'
'മതം മാറ്റത്തെ ഭയക്കുന്നവര്‍ ആശയപരമായ പാപ്പരത്തമുള്ളവര്‍'
ഉദാത്തവും ജനാധിപത്യ-മതേതര മൂല്യങ്ങളെ അങ്ങേയറ്റം മാനിക്കുന്നതുമായ ഇത്തരം മുദ്രാവാക്യങ്ങള്‍ കൊണ്ട് നിറഞ്ഞിരിക്കുകയാണ് കേരളത്തിലെ ചുവരായ ചുവരുകളെല്ലാം. മുദ്രാവാക്യം മാത്രമല്ല ഇതിന്റെ ഭാഗമായ സെമിനാറുകളും സംവാദങ്ങളും നടന്നുകൊണ്ടിരിക്കുന്നു.ഏത് ജനാധിപത്യ-മതേതര-മനുഷ്യാവകാശ സംഘടനയുടേതാണ് ഈ മുദ്രാവാക്യങ്ങളെല്ലാം എന്നന്വേഷിക്കുമ്പോളാണ് നാം അമ്പരക്കുക-കേരളത്തില്‍ നിരന്തരം തമ്മിലടിക്കുകയും പരസ്പരം വാദ പ്രതിവാദങ്ങള്‍ നടത്തുകയും ചെയ്തുകൊണ്ടിരിക്കുന്ന സകല മുസ്ലിം സംഘടനകുളുടെയും പേരുകള്‍ പോസ്റ്ററുകള്‍ക്കടിയില്‍ കാണാം.
എന്ത് പ്രകോപനമാണ് ഇവരെയെല്ലാം ഇത്ര പെട്ടെന്ന് മതേതരവാദികളും മനുഷ്യാവകാശവാദികളുമാക്കിയത്? കേരളത്തില്‍ പത്രമാദ്ധ്യമങ്ങളില്‍ സജീവ ചര്‍ച്ചാവിഷയമാകുകയും കോടതിയില്‍ നിന്ന് പരാമര്‍ശമുണ്ടാകുകയും ചെയ്ത 'ലൗ ജിഹാദ്' 'റോമിയോ ജിഹാദ്' എന്നീ പദങ്ങളും അതിനെ തുടര്‍ന്ന് ഹൈന്ദവ സംഘടനകളില്‍ നിന്ന് ഉയര്‍ന്നുവന്നിരിക്കുന്ന ആശങ്കകളുമാണ് ഇവരെ ഇത്ര പെട്ടെന്ന് മതേതരവാദികളാക്കിയത്.ഇതര മതവിഭാഗങ്ങളില്‍ പെടുന്ന പെണ്‍കുട്ടികളെ കാമ്പസുകള്‍ കേന്ദ്രീകരിച്ച് പ്രണയം നടിച്ച് വിവാഹവാഗ്ദാനം നല്‍കി മതം മാറ്റുകയും തുടര്‍ന്ന് അവര്‍ വലിച്ചെറിയപ്പെടുകയോ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കപ്പെടുകയോ ചെയ്യുന്നുണ്ട് എന്ന വാദമാണ് പ്രശ്നത്തിനാധാരം.
ഈ റിപ്പോര്‍ട്ടുകള്‍ ചില അനൗദ്ധ്യോകിക വിവരങ്ങളുടെ അടിസ്ഥാനത്തിലുള്ളതാണെന്നും അവയ്ക്ക് വ്യക്തമായ തെളിവുകളില്ലെന്നും ഔദ്ധ്യോകിക വിശദീകരണം വന്നിട്ടുണ്‍ട്.സംഘടിതമായ ഇത്തരം ശ്രമങ്ങള്‍ ഉണ്ടൊ എന്നതിന് കൃത്യമായ തെളിവുകള്‍ ഉണ്ടെങ്കില്‍ അതിനെതിരെ നടപടിയുണ്ടാകേണ്‍ടതാണ്. എന്നാല്‍ വ്യക്തമായി നിര്‍വചിക്കപ്പെട്ടിട്ടില്ലാത്ത ലൗ ജിഹാദ് തുടങ്ങിയ വാക്കുകള്‍ കോടതി ഭാഷയില്‍ നിന്ന് ഒഴിവാക്കപ്പെടേണ്ടതുതന്നെയായിരുന്നു.സംഘടിതമായി ഉണ്ടോ എന്നറിയില്ലെങ്കിലും വിവാഹ ശേഷം മതം മാറ്റപ്പെട്ട രണ്ടിലധികം കേസുകള്‍ ഈയടുത്തകാലത്ത് എന്റെ അറിവിലുണ്ടായിട്ടുണ്ട്.
മതം പരിഗണിക്കപ്പെടാതെയുള്ള വിവാഹങ്ങള്‍ പ്രോല്‍സഹിപ്പിക്കപ്പെടേണ്ടതുതന്നെയാണ്. വിവാഹ ശേഷവും ദമ്പതിമാര്‍ മതം മാറാതെതന്നെ ഒന്നിച്ചു ജീവിക്കുന്ന എത്രയോ ഉദാഹരണങ്ങളുമുണ്ട്. എന്നാല്‍ വിവാഹ ശേഷം പെണ്‍കുട്ടികള്‍ മതം മാറാന്‍ നിര്‍ബന്ധിക്കപ്പെടുന്നത് അവര്‍ക്കുമുന്നില്‍ മറ്റൊരു വഴിയുമില്ലാതെ വരുമ്പോളാണ്. ഇക്കാര്യങ്ങള്‍ മുന്‍കൂട്ടി കണ്ട് തീരുമാനമെടുക്കാന്‍ പെണ്‍കുട്ടികള്‍ സജ്ജരാക്കപ്പെടേണ്ടതുണ്ട്.യഥാര്‍ത്ഥ മതരഹിത വിവാഹങ്ങള്‍ ഇത്തരം ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ സംശയ ദൃഷ്ടിയോടെ നോക്കിക്കാണാനുള്ള സാഹചര്യവും ഇതോടൊപ്പം സംജാതമാകുന്നുണ്ട്.
എന്നാല്‍ ഇവിടെ ചര്‍ച്ച ചെയ്യാനുദ്ദേശിക്കുന്ന വിഷയം അതല്ല. മതം മാറ്റത്തെ സംബന്ധിച്ച മുസ്ലിം സംഘടനകളുടെ വെളിപാടുകള്‍ എത്രത്തോളം ആത്മാര്‍ത്ഥതയുള്ളതാണ് എന്നതാണ് അക്കാര്യം.തങ്ങളുടെ മതത്തിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെടുന്നവര്‍ക്ക് ഉണ്ട് എന്ന് ഇവര്‍ പറയുന്ന മനസ്സാക്ഷി അവകാശവും ഭരണഘടനാപരമായ അവകാശവും തങ്ങളുടെ മതത്തില്‍നിന്ന് പുറത്തു പോകുന്നവര്‍ക്ക് ഇവര്‍ അനുവദിച്ചുനല്‍കാന്‍ തയ്യാറുണ്ടൊ എന്നതാണ്. മതത്തെ പ്രമാണങ്ങളില്‍നിന്ന് അറിയാന്‍ ആഹ്വാനം ചെയ്യുന്നവരടക്കം വ്യക്തമാക്കേണ്ട സംഗതിയാണത്.
മതം മാറ്റത്തെ സംബന്ധിച്ച യഥാര്‍ത്ഥ മത കാഴ്ച്ചപ്പാട് എന്താണ്? കുര്‍ ആന്‍ വ്യക്തമാക്കുന്നു: " അല്ലാഹുവില്‍ വിശ്വസിച്ച ശേഷം ആ വിശ്വാസം ഉപേക്ഷിച്ച് പോകുന്നവരാരോ അവരുടെ നേരെയാണ് അല്ലാഹുവിന്റെ കോപം. അവര്‍ക്കാണ് കഠിനമായ ശിക്ഷയും. (16-106) മത പരിത്യാഗിയെ വധിക്കാനാണ് ഇസ്ലാമികവിധി. ഒരു മുസ്ലിം ബുദ്ധിജീവി ഇതിനെ വ്യാഖ്യാനിച്ചിരിക്കുന്നത് നോക്കൂ:- ഇസ്ലാം സ്വീകരിക്കുന്നതിനും സ്വീകരിക്കാതിരിക്കുന്നതിനും പൂര്‍ണ സ്വാതന്ത്ര്യമുണ്ടെന്നിരിക്കെ, അതു സത്യമാണെന്ന് മനസ്സിലാകി സ്വമേഥയാ അതില്‍ പ്രവേശിച്ചാല്‍ പിന്നീടത് ഉപേക്ഷിച്ചു പോവുകയെന്നാല്‍ തികഞ്ഞ വഞ്ചനയും മുസ്ലിം സൊസൈറ്റിയെ ശിഥിലമാക്കാണുള്ള കപട തന്ത്രവുമായിട്ടാണ് ഇസ്ലാം ആ നടപടിയെ വീക്ഷിക്കുന്നത്.അവരെ പിടികൂടാനോ ശിക്ഷിക്കാനോ വ്യക്തികള്‍ക്ക് അധികാരമില്ലെങ്കിലും ഇസ്ലാമിക സ്റ്റേറ്റിന്റെ ഭദ്രത നിലനിര്‍ത്താന്‍ ദ്രോഹകാരികളായ അത്തരം ആളുകളെ ഇസ്ലാമിക കോടതി വിചാരണ ചെയ്യും. കുറ്റം തെളിഞ്ഞാല്‍ തെറ്റുതിരുത്താന്‍ അവസരം നല്‍കും. തിരുത്താനും തയാറായില്ലെങ്കില്‍ മത്രം വധശിക്ഷക്കു വിധിക്കും"- (യുക്തിവാദികളും ഇസ്ലാമും- ഒ അബ്ദുറഹ്മാന്‍, പേജ്- 141)
അദ്ദേഹം തുടരുന്നു:-" മുസ്ലിമായ ഒരു മനുഷ്യന്റെ രക്തം പവിത്രമല്ലാതായിത്തീരുന്നത് മൂന്ന് രൂപത്തിലാണ്: കൊലപാതകി, വിവാഹിതനായ വ്യഭിചാരി, മുസ്ലിം സമൂഹത്തില്‍ നിന്ന് വിഘടിതനായ മത പരിത്യാഗി. വല്ലവനും തന്റെ മതം മറ്റിക്കളഞ്ഞാല്‍ നിങ്ങളവനെ കൊന്നുകളയൂ(ബുഹാരി, മുസ്ലിം) എന്ന് പ്രവാചകന്‍ നിര്‍ദ്ധേശിച്ചതിന്റെ അര്‍ത്ഥം മേല്പറഞ്ഞതാണ്." മുസ്ലിം സംഘടനകള്‍ പ്രസിദ്ധീകരിച്ച് വില്പന നടത്തിവരുന്ന മത പ്രചരണ പുസ്തകങ്ങളില്‍ മതം മാറുന്നവനെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് ഇനിയുമെത്രയോ വ്യക്തമാക്കിയിട്ടുണ്ട്. അവയില്‍ ചിലത് ഉദ്ധരിക്കുക മാത്രമേ ചെയ്തിട്ടുള്ളു. എന്റെ സ്വന്തം വ്യാഖ്യാനങ്ങളൊന്നുമില്ലെന്ന് അര്‍ത്ഥം.
ഇവിടെ ഉന്നയിക്കുന്ന കാതലായ പ്രശ്നമിതാണ്. കുറ്റകരമല്ല എന്നും ഭരണഘടാനാപരമെന്നും കേരളത്തിലങ്ങോളം നോട്ടീസ് പതിച്ചത് ഏത് മതത്തില്‍ നിന്ന് ഏതെല്ലാം മതങ്ങളിലേക്കുള്ള പരിവര്‍ത്തനത്തിന്റെ കാര്യമാണ്?മതത്തിന്റെ അടിസ്ഥാന പ്രമാണങ്ങളില്‍ പറഞ്ഞ കാര്യങ്ങളെ കാലോചിതമായ രീതിയില്‍ തിരുത്തിയിട്ടാണ് ഇവര്‍ ഈ നിലപാട് സ്വീകരിക്കുന്നതെങ്കില്‍ അതിനെ ഹൃദയ പൂര്‍വ്വം സ്വാഗതം ചെയ്യുന്നു. അതല്ലെങ്കില്‍ ഇത് കടുത്ത ഇരട്ടത്താപ്പും ആത്മ വഞ്ചനയുമാണ്. ഈ ഇരട്ടമുഖം ഫാസിസത്തിനെ മുഖലക്ഷണവുമാണ്.പുറത്ത് സുന്ദരമായ മുഖം മൂടിയണിഞ്ഞ് ഉള്ളില്‍ തലിബാന്റെയും ശ്രീരാമ സേനയുടെയും തനിനിറം കൊണ്ടുനടക്കുന്ന കപടന്മാരല്ല തങ്ങളെന്ന് തെളിയിക്കാനുള്ള ഉത്തരവാദിത്വം ഇവര്‍ക്കുണ്ട്.അല്ലാത്ത പക്ഷം ഇവരുടെ മുഖം മൂടി സമൂഹത്തിനുമുന്നില്‍ ഊര്‍ന്നുവീഴുകതന്നെ ചെയ്യും
Friday, November 6, 2009
Friday, October 9, 2009
സ്വര്‍ഗം എത്ര ദരിദ്രം!!
മരണ ശേഷം ഭൗതിക ശരീരത്തില്‍ നിന്നും വിമുക്തമാകുന്ന, സ്വതന്ത്ര വ്യക്തിത്വമുള്ള ഒരു ആത്മാവ് നിലനില്‍ക്കുന്നു എന്നുള്ള വിശ്വാസത്തിലാണ് സകല മതങ്ങളും കെട്ടിപ്പൊക്കിയിരിക്കുന്നത്. ദൈവത്തിന്റെ അസ്തീത്വത്തെ നിഷേധിക്കുന്ന മതങ്ങള്‍ പോലും ആത്മാവിനെ നിഷേധിക്കുന്നില്ല. അത്തരത്തിലുള്ള ഒരത്മാവിന്റെ സാധ്യതയെക്കുറിച്ച് തലപൊക്കുന്ന സംശയത്തിന്റെ ചെറുനാമ്പുകള്‍ പോലും വെച്ചുപൊറുപ്പിക്കാന്‍ ഒരു മതവും തയ്യാറാവുകയില്ല.
ആത്മാവ് നിലനില്‍ക്കുന്നില്ലെങ്കില്‍ പിന്നെ ദൈവത്തിനും, അതുവഴി മതത്തിനും പ്രസക്തി നഷ്ടപ്പെടുന്നു എന്നുള്ളതാണ് അവരെ അലട്ടുന്ന പ്രശ്നം. ജീവന്റെ ആദ്യരൂപത്തെ ഭൗതിക പദാര്‍ത്ഥത്തില്‍ നിന്നും വേര്‍തിരിച്ചെടുത്തതിനെയും ക്ലോണിങ്ങിനെയും അസഹിഷ്ണുതയോടെ കാണുന്നവരുടെ വേവലാതിയും മറ്റൊന്നല്ല.
പ്രാചീന മനുഷ്യന്‍ തന്റെ സ്വപ്നത്തിലും സങ്കലപത്തിലും നിന്ന് സൃഷ്ടിച്ചെടുത്ത ആത്മാവിനെ ദര്‍ശനത്തിന്റെ ആവരണമണിയിച്ചു എഴുന്നെള്ളിക്കുകയാണ് മതങ്ങള്‍ ചെയ്തത്. പ്രാകൃത മനുഷ്യന്‍, തങ്ങള്‍ തന്നെ ജന്മം നല്‍കിയാ ആത്മാവിനെ ഭയപ്പെടുകയും അവയെ പ്രീതിപ്പെടുത്തി വരുതിയിലാക്കാന്‍ ശ്രമിക്കുകയും ചെയ്തുവെങ്കില്‍ മതങ്ങള്‍ ചെയ്തത് അതിനെ സ്വര്‍ഗ-നരക സിദ്ധാന്തത്തിന്റെയും അതുവഴി തങ്ങളുടെ നിലനില്പ്പിന്റെയും അടിക്കല്ലാക്കുകയാണ്.
മരണ ശേഷം സ്വതന്ത്രമാക്കപ്പെടുന്ന ആത്മാക്കള്‍ക്ക് എന്തു സംഭവിക്കുന്നു എന്ന കാര്യത്തില്‍ മതങ്ങള്‍ തമ്മില്‍ ഒരിക്കലും ഐക്യമുണ്ടായിട്ടില്ല. മരണ ശേഷം തങ്ങളുടെ മുജ്ജന്മ കര്‍മങ്ങള്‍ക്കനുസരിച്ച് ഓരോരുത്തരും വ്യത്യസ്ത ജീവികളായി പുനര്‍ജനിക്കുന്നു എന്നും പരബ്രഹ്മത്തെ പ്രാപിച്ച് മുക്തി നേടലാണ് അന്തിമ ലക്ഷ്യമെന്നും 'ഹിന്ദു' മതം പഠിപ്പിക്കുന്നു. മറ്റൊരു പ്രബല വിഭാഗക്കാരകട്ടെ പുനര്‍ജന്മ വാദത്തെ പുച്ഛിച്ചു തള്ളുന്നു. പുനര്‍ജന്മ വാദത്തിന്റെ അശാസ്ത്രീയതയെ തുറന്നു കാട്ടാന്‍ അവര്‍ ലോകോത്തര 'യുക്തിവാദി'കളായി മാറുന്നത് കാണാം. അബുല്‍ അ അ്‌ലാ മൗദൂദി 'ഇസ്ലാം' എന്ന പുസ്തകത്തില്‍ പറയുന്നത് ശ്രദ്ധിക്കുക: ഇപ്പോള്‍ ചോദ്യമുദിക്കുന്നത്, ആദ്യം എന്ത് വസ്തുവായിരുന്നു എന്നാണ്. ആദ്യം മനുഷ്യനായിരുന്നുവെന്നാണുത്തരമെങ്കില്‍ അതിനു മുമ്പ് മൃഗമോ വൃക്ഷമോ ആയിരുന്നുവെന്നും സമ്മതിക്കേണ്ടിവരും. അല്ലെങ്കില്‍ പ്രസ്തുത മനുഷ്യരൂപം ഏതൊരു സത്കര്‍മത്തിന്റെ ഫലമായി ജനിച്ചുവെന്ന ചോദ്യമുല്‍ഭവിക്കുന്നതാണ്. ഇനി ആദ്യം മൃഗമായിരുന്നുവെന്നാണ് പറയുന്നതെങ്കില്‍ അതിനു മുമ്പ് മനുഷ്യനായിരുന്നുവെന്ന് സമ്മതിക്കേണ്ടിവരും. അല്ലാത്ത പക്ഷം പ്രസ്തുത മൃഗത്തിന്റെയോ വൃക്ഷ്ത്തിന്റെയോ രൂപം ഏതൊരു ദുഷ്കര്‍മത്തിനെ ഫലമായി ലഭിച്ചുവെന്ന ചോദ്യവും ഉല്‍ഭവിക്കും. ചുരുക്കത്തില്‍ ഈ ആദര്‍ശക്കാര്‍ക്ക് സൃഷ്ടികളുടെ ആരംഭം ഇന്ന ജന്മത്തില്‍ നിന്നാണെന്ന് തീരുമാനിക്കുക സാദ്ധ്യമല്ല. കാരണം, ഓരോ ജന്മവും മുജ്ജന്മത്തിന്റെ കര്‍മഫലമാണെന്ന് തീരുമാനിക്കണമെങ്കല്‍ ഓരോ ജമത്തിന്റെയൂം മുമ്പ് മറ്റൊരു ജന്മമുണ്ടായിരിക്കേണ്‍ടതു നിര്‍ബന്ധമാണ്. അതാകട്ടെ യുക്തിക്ക് കടകവിരുദ്ധവുമാണ്.
എന്തൊരു തെളിഞ്ഞ യുക്തി അല്ലേ?
ഇത്തരം കടുത്ത യുക്തിവാദ പ്രസംഗം നടത്തി പുനര്‍ജന്മവാദത്തെ നിരാകരിച്ച ശേഷം തങ്ങളുടെ വിശ്വാസത്തെ എങ്ങനെ ന്യായീകരിക്കുന്നു എന്നു നോക്കുക: മൂന്നാമത്തെ വിഭാഗം(മുസ്ലിംകള്‍) അന്ത്യദിനം(യൗമുല്‍ ഖിയാമത്ത്), യൗമുല്‍ ഹശ്ര്‍, ദൈവിക കോടതിയില്‍ ഹാജരാകല്‍, അനന്തരമുള്ള ദൈവത്തിന്റെ രക്ഷാശിക്ഷ എന്നിതുകളില്‍ വിശ്വസിക്കുന്നവരാണ്. അതില്‍ ഏറ്റവും പരമമായി വിവരിക്കുന്നത് ഈ ലോകത്തിനൊരന്ത്യം വരുമെന്നും ദൈവം ഇഹലോമാകുന്ന വ്യവസായശാല നശിപ്പിച്ച് സര്‍വോപരി ഉന്നതവും അനശ്വരവുമായ ഒരു പുതിയ ലോകം സൃഷ്ടിക്കമെന്നുമാണ്. ഈ സംഗതി ശരിയാണെന്നതില്‍ സംശയത്തിനൊട്ടും തന്നെ പഴുതില്ല.
മറ്റുള്ളവരുടെ വിസ്വാസങ്ങളെ തലനാരിഴ കീറി വ്യാഖ്യാനിച്ച് അതിലെ അയിക്തി പുറത്തുകൊണ്ടു വരാന്‍ അത്യുല്‍സാഹം കാണിക്കുന്ന ഇക്കൂട്ടര്‍ തങ്ങളുടെ മതത്തിന്റെ കാര്യം വരുമ്പോള്‍ തങ്ങളുടെ യുക്തിയെ സൗകര്യ പൂര്‍വ്വം മാറ്റിവെക്കുന്നു. മൗദൂദി തന്നെ പറയുന്നത് നോക്കൂ: പരലോകത്തെക്കുറിച്ചുള്ള നമ്മുടെ വിശ്വാസം വാസ്തവത്തില്‍, യുക്തിയെ ആസ്പദിച്ചുള്ളതല്ല. അടിയുറച്ച വിശ്വാസമാണതിന്റെ അടിസ്ഥാനം.
ഭൂമിയില്‍ ദൈവത്തെ അനുസരിച്ച് ജീവിക്കുന്നവര്‍ക്ക് പരലോകത്തലെത്തിയാല കിട്ടാന്‍ പോകുന്ന സൗഭാഗ്യ കേന്ദ്രമാണ് സെമിറ്റിക് മതങ്ങള്‍ വാഗ്ദാനം ചെയ്യുന്ന സ്വര്‍ഗം. തേനിന്റെയും പാലിന്റെയും നദികള്‍ അവിടെ ഒഴുകിക്കൊണ്ടിരിക്കുന്നു. സര്‍വ്വതും സന്തോഷ്ത്തോടെ സമര്‍പ്പിക്കാന്‍ തയ്യാറായ അതിസുന്ദരികളായ സ്ത്രീകള്‍ അവിടെയുണ്ട്. എന്തു സേവനവും ചെയ്യാന്‍ ദാഹിച്ചു നില്‍ക്കുന്ന ബാലന്മാരും മദ്യം നിറച്ച കോപ്പകളുമായി ഓടി നടക്കുന്നു.സുന്ദരികളായ ഹൂറികള്‍, നാടന്‍ സ്ത്രീകള്‍ സുമുഖന്മാരായ ബാലന്മാര്‍, തിന്നാനും കുടിക്കാനുമുള്ള വിഭവങ്ങള്‍, കിടക്കാനുള്ള മികച്ച സൗകര്യം, ധരിക്കാന്‍ നല്ല വസ്ത്രം, ശാന്തമായ അന്തരീക്ഷം, സര്‍വ്വോപരി ദൈവത്തെ നേരില്‍ കാണാന്‍ കഴിയുന്ന ഏക സ്ഥലം-ഇത്രയുമാണ് മനുഷ്യന്റെ പരമോന്നതാവസ്ഥയെക്കുടിച്ചുള്ള (സ്വര്‍ഗ) സങ്കല്പ്പം.
ആധുനിക സമൂഹത്തില്‍ ജീവിക്കുന്ന ഒരു സാധാരണ മനുഷ്യനെപ്പോലും തൃപ്തനാക്കുന്നല്ല ഈ ദൈവ സങ്കല്പം. പണമുള്ളവര്‍ക്ക് ഇവിടെ ജീവിക്കുമ്പോള്‍ തന്നെ ലഭിക്കുന്ന സുഖസൗകര്യങ്ങളുടെ ഒരംശം പോലും സെമിറ്റിക് സ്വര്‍ഗത്തില്‍ വാഗ്ദാനം ചെയ്യപ്പെടുന്നില്ല. സ്വിച്ച് ഓണ്‍ ചെയ്താല്‍ ചൂടുവെള്ളം ചുരത്തുന്ന വൈദ്ധ്യുത കാമധേനുവോ ശീതള പ്രവാഹം തരുന്ന ഫാനോ, മധുര സംഗീതം പൊഴിക്കുന്ന ഗാന പേടകമോ കലാദൃശ്യങ്ങള്‍ പകര്‍ത്തുന്ന ടെലിവിഷനോ സ്വര്‍ഗത്തില്‍ ഇല്ല. ഇന്റര്‍നെറ്റിന്റെ കാര്യം പിന്നെ പറയാനുമില്ലല്ലോ. ഇന്നു സാധാരണക്കാര്‍ക്കുപോലും ഇതൊട്ടും ആകര്‍ഷക്മായി തോന്നാനിടയില്ല.
ആധുനിക കാലതിന്റെ വെളിച്ചത്തില്‍ സ്വര്‍ഗത്തിലെ സൗകര്യങ്ങള്‍ അപര്യപ്തമാണെന്ന വിമര്‍ശനത്തെ ആഗ്രഹിക്കുന്നതെന്തും ലഭിക്കുമെന്ന് പറഞ്ഞാണ് മതത്തിന്റെ ആധുനിക വ്യാഖ്യാതാക്കള്‍ നേരിടുന്നത്. എന്നാല്‍ ആഗ്രഹങ്ങള്‍ക്കു് തനതായ നിലനില്പ്പില്ലെന്ന് ഇവര്‍ മനസ്സിലാക്കുന്നില്ല. ഒരാള്‍ക്ക് അയാള്‍ ജീവിക്കുന്ന കാലഘട്ടത്തിനും സ്ഥലത്തിനും അകത്തുനിന്നുകൊണ്ട് മാത്രമേ എന്തും ആഗ്രഹിക്കാന്‍ കഴിയൂ. മനുഷ്യവര്‍ഗത്തിന്റെ വളര്‍ച്ചയിലെ വിവിധ ഘട്ടങ്ങളില്‍ മരിച്ചുപോയവര്‍ക്ക് സ്വര്‍ഗത്തില്‍ പൊതുവായ ആഗ്രഹത്തില്‍ ഒന്നിക്കാനാകില്ല. കാടത്തയുഗത്തില്‍ മരിച്ചുപോയ ഒരു മനുഷ്യന്‍ പച്ച മാംസം കടിച്ചുതിന്നാനാണ് ആഗ്രഹിക്കുക. അവന്‍ ഒരിക്കലും ചിക്കന്‍ ഫ്രൈ ആഗ്രഹിക്കില്ല. കളര്‍ ടി വിയോ എ സി റൂമോ കാറോ അവന്‍ എങ്ങനെ ആഗ്രഹിക്കും? ആധുനിക സമൂഹത്തില്‍ ജീവിച്ച ഒരു മനുഷ്യന്റെ ആഗ്രഹങ്ങള്‍ ഒരു കാടന്റെ ആഗ്രഹങ്ങളുമായി ഒരിക്കലും ഒത്തുപോകില്ല. അപ്പോള്‍ അവിടെ അഭിപ്രായ സംഘട്ടനങ്ങള്‍ സ്വാഭാവികം. ( സ്വര്‍ഗത്തില്‍ യുദ്ധമുണ്ടായി എന്ന് ബൈബിളില്‍ കണ്‍ടിട്ടുണ്‍ട്.) അങ്ങനെ വന്നാര്‍ ഓരോ കാലത്തും ദേശത്തും ജീവിച്ചവര്‍ക്ക് പ്രത്യേകം പ്രത്യേകം സ്വര്‍ഗം പണിയേണ്ടി വരില്ലേ?
ആധുനിക സാമൂഹ്യ വളര്‍ച്ചയുടെ വെളിച്ചത്തില്‍ നോക്കിയാല്‍ മതം വാഗ്ദാനം ചെയ്യുന്ന സ്വര്‍ഗം ഏതുനിലയിലും ദരിദ്രമാണ‌്. ആധുനിക മത വ്യാഖ്യാതാക്കള്‍ക്ക് ചില്ലറ വ്യാഖ്യാനക്കസര്‍ത്തുകള്‍ നടത്തി തല്‍ക്കാലം തടിത്തപ്പാന്‍ കഴിഞ്ഞേക്കും. പക്ഷേ സ്വര്‍ഗവും നരകവും ഉള്‍പ്പെടെയുള്ള മതസങ്കല്പ്പങ്ങള്‍ അധികം വൈകാതെ അപ്രത്യക്ഷമാകാതെ തരമില്ല.
Sunday, March 22, 2009
ബ്രഹ്മാനന്ദ സ്വാമി ശിവയോഗി- സാംസ്കാരിക വിപ്ലവകാരി.
മതപരിഷ്കര്‍ത്താവായിരുന്ന ഗുരുവിന്റെ സ്ഥിതി ഇതാണെങ്കില്‍ കാലാകാലങ്ങളായി മതം പുലര്‍ത്തിവന്ന അനാചാരങ്ങള്‍ക്കെതിരെ നേര്‍ക്കുനേര്‍ നിന്നു പോരാടി, ജീവിച്ചിരുന്ന കാലത്തുതന്നെ അപ്രീതിക്കുപാത്രമായ ബ്രഹ്മാനന്ദ സ്വാമി ശിവയോഗി ഇന്ന് വിസ്മൃതനായിരിക്കുന്നതില്‍ അല്‍ഭുതമില്ല.
ഭാരതം ഒട്ടേറെ ഋഷിമാരുടെ ജന്മഭൂമിയാണ്. ഒട്ടേറെ ജ്ഞാനി ശ്രേഷ്ഠന്മാരും യോഗിവര്യന്മാരും ഇവിടെ ജീവിച്ചിരുന്നിട്ടുണ്ട്. എന്നിട്ടും ജാതിയുടെയും അയിത്തത്തിന്റെയും പേരില്‍ അനേകം പേര്‍ ആട്ടിയോടിക്കപ്പെടുകയും അക്ഷരവും ജ്ഞാനവും നിഷേധിച്ച് അധകൃതവല്‍ക്കരിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. എന്നും അധമരായി കഴിയേണ്ടവരാനെന്ന ബോധം അവരില്‍തന്നെ ഉറപ്പിക്കുന്നതില്‍ മേലാളര്‍ വിജയം കണ്ടു.
കേരളം ജാതിഭ്രാന്തിന്റെയും അസമത്വത്തിന്റെയും മൂര്‍ധന്യത്തിലായിരുന്ന കാലത്ത് 1852-ല്‍ ജനിച്ച ബ്രഹ്മാനന്ദ സ്വാമി ശിവയോഗി അക്ഷോഭ്യനും അചഞ്ചലനുമായി, സമൂഹത്തില്‍ കാലങ്ങളായി വേരുറച്ച അന്ധവിശ്വാസങ്ങള്‍ക്കും അസമത്വങ്ങള്‍ക്കുമെതിരെ പോരാടി. ജ്ഞാനത്തെ വരേണ്യവര്‍ഗ്ഗത്തിന്റെ മാത്രം കുത്തകയാക്കിയ സംബ്രദായത്തെ ശിവയോഗി ചോദ്യം ചെയ്തു. ജാതി വര്‍ഗ്ഗരഹിതമായ അരു സമൂഹത്തെ സംഘടിപ്പിക്കുന്നതിനുതകുന്ന ആദര്‍ശ ശുദ്ധിയും ആത്മാര്‍ത്ഥതയും ബ്രഹ്മാനന്ദ സ്വാമി ശിവയോഗിയുടെ ആനന്ദാദര്‍ശത്തില്‍ നമുക്ക് ദര്‍ശിക്കാന്‍ കഴിയും.
ഇക്കാര്യങ്ങളെല്ലാം യുക്തിഭദ്രമായി സ്ഥാപിച്ചുകൊണ്ട് ശിവയോഗി മോക്ഷപ്രദീപം, ആനന്ദാദര്‍ശം, സിദ്ധാനുഭൂതി, ആനന്ദവിമാനം, വഗ്രഹാരാധനാ ഖണ്ഢനം തുടങ്ങിയ പതിനാറ് പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. ഒഴുക്കിന് അനുകൂലമായി നീന്താന്‍ പോകാതെ തീര്‍ത്തും പ്രതികൂലമായിത്തന്നെ നീന്തി തന്റെ ആശയങ്ങളും ചിന്താഗതികളും അല്പം പോലും വെള്ളം ചേര്‍ക്കാതെ അദ്ദേഹം തുറന്നടിച്ചു. ശ്രീനാരായണഗുരു ജതിക്കെതിരെ ശബ്ദിച്ചെങ്കിലും മതത്തോട് അത്രമാത്രം കടുംപിടുത്തം കാണിച്ചില്ല. എന്നാല്‍ ലോക മാനവ സൃഷ്ടിക്കുതകുന്ന ദര്‍ശനങ്ങള്‍ മൂലം ശിവയോഗിക്ക് ഏറ്റവുമധികം എതിര്‍പ്പുകള്‍ നേരിടേണ്ടിവന്നത് അദ്ധേഹത്തിന്റെ ജനിച്ച സമുദായത്തില്‍ നിന്നുതന്നെയായിരുന്നു.
"ഈശ്വരന് നമ്മുടെ കുതിരക്കാരനല്ല, കൂട്ടില്‍ നിന്ന് പതിച്ച് പറക്കാന്‍ കഴിയാതെ പിടഞ്ഞു ദു:ഖിക്കുന്ന ഒരു പക്ഷിക്കുഞ്ഞിനെ കൂടി അതിന്റെ കൂട്ടില്‍ ദൈവം എടുത്ത് ചേര്‍ത്തിക്കാണുന്നില്ല. വഴിതെറ്റി വാവിട്ടുകരയുന്ന ആട്ടിന്‍കുട്ടി, മാട്ടിന്‍കുട്ടി, മാന്‍കുട്ടി മുതലായ ദയനീയ ജന്തുക്കുട്ടികള്‍ക്കുകൂടി ദൈവം വഴി കാണിച്ചു കൊടുത്തുകാണുന്നില്ല. നദീപ്രവാഹത്തില്‍ ഒലിച്ചുപോകുന്ന എറുമ്പ് മുതലായ ദീന ജീവികളെയും ഈശ്വരന്‍ കയറ്റിവിടുന്നില്ല. ആട്, കോഴി മുതലായ അനേക പ്രാണികളെ മനുഷ്യന്‍ അറുക്കുമ്പോള്‍ ആ അന്യായകര്‍മ്മം കണ്ടിട്ടും അവയുടെ ആര്‍ച്ചനാദം കേട്ടിട്ടും ആ അനാഥപ്രാണികളുടെ സങ്കട നിവൃത്തിയെകക്കൂടി ഈശ്വരന്‍ ചെയ്യുന്നില്ല. തീയില്‍ കൂട്ടം കൂട്ടമായിവീണു വെന്തുരുകിച്ചാകുന്ന പാറ്റയ്ക്കുകൂടി ദൈവം വഴികാണിച്ചുകൊടുക്കുന്നില്ല"
"ഈശ്വരന്‍ സര്‍വ്വശക്തനും ദയാനിധിയും ലോകപിതാവും ആകുന്നു എന്ന് സമ്മതിക്കുന്ന അവസ്ഥയ്ക്ക് ഒന്നും അറിഞ്ഞുകൂടാത്തവരോട് സങ്കടം പറഞ്ഞുമനസ്സിലാക്കുന്നതുപോലെയും ഫലേച്ഛുവായ ദയാഹീനനു വല്ലതും കൊടുത്തിട്ട് പ്രസാദിപ്പിക്കുന്നതുപോലെയും ഈശ്വരനെ പ്രസാദിപ്പിക്കാമെന്ന് വിചാരിക്കുന്നത് തെറ്റാണ്."
ദൈവം വിഗ്രഹാരാധനാദികള്‍കൊണ്ട് അനുഗ്രഹിക്കുന്ന വികാരിയാണെന്ന് വിചാരിക്കുന്ന വിദ്വാന്മാര്‍ക്ക് ദൈവത്തെ എളുപ്പത്തില്‍ കണ്ടുപിടിച്ച് ആനന്ദിപ്പാനുള്ള ഉപായം ഉണ്ട്. അത് എന്താകുന്നു എങ്കില്‍ ദൈവത്തെ അസഹ്യമാം വണ്ണം അസഭ്യം പറയുക തന്നെ. അപ്പോള്‍ ദൈവം കോപിച്ച് കൊല്ലുവാനായി ചാടിവരും. അപ്പോള്‍ ദൈവത്തൊടു മാപ്പുപറഞ്ഞ് നിന്നെ നേരില്‍ കാണാനുള്ള ആഗ്രഹം കൊണ്ട് ചെയ്തുപോയതാണെന്നു പറയുകയും ചെയ്യാം"
മനസ്സിന്റെ സുസ്ഥിതിതന്നെ സ്വര്‍ഗ്ഗം, മനസ്സിന്റെ ദുസ്ഥിതിതന്നെ നരകം എന്നുകൂടി പറയുന്ന ശിവയോഗി ചാതുര്‍വര്‍ണ്യ സംസ്കാരത്തിനെതിരെയും ആഞ്ഞടിക്കുന്നു.
" നായിനെപ്പോലെ നായന്മാര്‍ ബ്രഹ്മണര്‍ക്ക് അടിമകളായി കിടക്കണെമെന്നല്ലോ മനു, രമകൃഷ്ണപരമഹംസര്‍ മുതലായവരുടെ നിയമം? ഇങ്ങനെ ഒരു നിയമം ഏര്‍പ്പെടുത്തുന്നതിനെക്കാള്‍ ശൂദ്രരെ ഇരുട്ടറയിലിട്ട് കൊല്ലുവാന്‍ ഒരു നിയമം ഉണ്ടാക്കി വെക്കുന്നതായിരുന്നു ഉത്തമമായിരുന്നത്."
Friday, February 20, 2009
ദൈവ സങ്കല്പങ്ങളിലെ വൈരുദ്ധ്യം എന്തുകൊണ്ട്?
ജബ്ബാര്‍ മാസ്റ്ററുടെ ബ്ലോഗില്‍ (.yukthivadam.blogspot.com) ദൈവാസ്തിക്യത്തെക്കുറിച്ച് നടന്ന ചര്‍ച്ചയില്‍ ഉരുത്തിരിഞ്ഞുവന്ന രണ്ട് വാദഗതികളെ പരിശോധിക്കാനാണ് ഇവിടെ ശ്രമിക്കുന്നത്. 'ദൈവം' എന്ന വാക്കിന് രണ്ട് സുഹൃത്തുക്കള്‍ നല്‍കിയ നിര്‍വചനം നോക്കൂ.
1. ചിന്തകന്‍:1) സര്‍വ്വലോകത്തെയും സൃഷ്ടിച്ചതും, സൃഷ്ടി ആവര്‍ത്തിക്കുന്നതും അതിനെ വികസിപ്പിച്ച് കൊണ്ടിരിക്കുന്നതുമായ ഒരെ ഒരു ശക്തി.
2)സര്‍വ്വ പ്രപഞ്ചത്തിന്റെയും സംവിധായകനും, നിയന്താവും പരിപാലകനുമായുള്ളവന്‍.
3)ദൈവം ഏകനാണ്. ദൈവം സര്‍വ്വശക്തനാണ്, പരാശ്രയ മുക്തനാണ്.എന്നാല്‍ ദൈവത്തെ എല്ലാവരും ആശ്രയിക്കുന്നു.ദൈവം അറിയാത്ത ഒരു കര്യവും ഈ സര്‍വ്വ പ്രപഞ്ചത്തിലും നടക്കുന്നില്ല.
4)ദൈവം ആരുടെയും പിതാവല്ല.ആരുടെയും പുത്രനുമല്ല.
ഈ രണ്ട് സുഹൃത്തുക്കളുടെ അഭിപ്രായങ്ങള്‍ അവര്‍ സ്വയം ചിന്തിച്ച് ഉണ്ടാക്കിയെടുത്തതൊന്നുമല്ല; അവരവര്‍ വിശ്വസിക്കുന്ന മതത്തിന്റെ ഗ്രന്ഥത്തില്‍നിന്നും എടുത്ത് ഉദ്ധരിച്ചതാണ്. ഇതു കൂടാതെ പിതാവും പുത്രനും പരിശുദ്ധാത്മാവുമുള്ള ലോകത്തിലെ ഏറ്റവും വലിയ മതമായ കൃസ്തുമതം വേറെയുമുണ്ട്.
ഈ അഭിപ്രായങ്ങളെ പരിശോധിച്ചപ്പോള്‍ എനിക്ക് മനസ്സിലാകുന്ന ഒരു കാര്യം അതില്‍ കൂടുതല്‍ വിലയിരുത്തലുകളും പരസ്പരവിരുദ്ധമാണെന്നതാണ്. ഒരാള്‍ എല്ലാ കാര്യങ്ങളും അറിയുകയും സംരക്ഷിക്കുകയും ചെയ്യുന്ന വ്യക്തിസ്വരൂപനായ ദൈവത്തെ അവതരിപ്പിക്കുന്നു. മറ്റേ ആള്‍ പറയുന്നത് ദൈവം നിര്‍ഗുണ നിരാകാര പരബ്രഹ്മമാണെന്നാണ്. ദൈവത്തിന് മക്കളുണ്ടാകില്ലെന്ന് ഒരാള്‍ പറയുമ്പോള്‍ ക്രൈസ്തവര്‍ യേശു ദൈവത്തിന്റെ പുത്രനാണെന്ന് വിശ്വസിക്കുന്നു.
എന്തുകൊണ്ടാണ് ദൈവത്തെക്കുറിച്ചുള്ള വലയിരുത്തലുകള്‍ ഇത്ര പരസ്പരവിരുദ്ധമാകുന്നത്?
ഈ നിര്‍വ്വചനങ്ങളിലെ വൈരുദ്ധ്യത്തെ ചൂണ്ടിക്കാട്ടിയ എനിക്ക് കിട്ടിയ മറുപടികള്‍ ഇങ്ങനെ:
ശ്രീ @ ശ്രേയസ് said...
ശ്രീ സുശീല്‍,മറ്റൊരാളുടെ സങ്കല്പത്തിന് ഈയുള്ളവന്‍ ഉത്തരവാദിയല്ല. അതിനാല്‍ ശ്രീ ചിന്തകന്‍റെ അഭിപ്രായവുമായി കൂട്ടിക്കുഴഞ്ഞു ദയവായി ബുദ്ധിമുട്ടരുത്.
ചിന്തകന്‍:
"എല്ലാ മതങ്ങളുടെയും ഗ്രന്ഥങ്ങളെ ന്യായീകരിക്കുക എന്നത് എന്റെ ജോലിയല്ല. ഞാന്‍ എവിടെയാണോ അതിനെ ന്യായീകരിക്കാനെ എനിക്ക് കഴിയുകയുള്ളൂ".
ഇവിടെ നമുക്ക് മനസ്സിലാക്കാവുന്ന ഒരു കാര്യം ഓരോരുത്തരും അവരവരുടെ വിശ്വാസങ്ങളില്‍ ഉറച്ചുനില്‍ക്കുകയാണെന്നതാണ്. മറ്റേ ആളിന്റെ വാദഗതി ഒന്നു പരിശോധിച്ചുനോക്കാന്‍ പോലും അവരുടെ മനസ്സിലുറച്ചുപോയ ധാരണകള്‍ അവരെ അനുവദിക്കുന്നില്ല. ഓരോരുത്തരെ സംബന്ധിച്ചും അവരവരുടെ വാദഗതികള്‍ ശരി എന്ന് വിശ്വസിക്കുന്നതില്‍ ധാര്‍മികമായി തടസ്സമൊന്നുമില്ല. എന്നാല്‍ ഈ രണ്ട് വാദഗതികളെ വസ്തുനിഷ്ഠമായി വിലയിരുത്തുന്ന ഒരാളെ സംബന്ധിച്ച് ഈ വൈരുധ്യങ്ങളെ കണ്ടില്ലെന്നു നടിക്കാനാവില്ല. ഇത് രണ്ടും കൂടി ഏതായാലും സത്യമാവുകയില്ല. ചുരുങ്ങിയ പക്ഷം ഒന്നെങ്കിലും തെറ്റാകും; അല്ലെങ്കില്‍ രണ്ടും തെറ്റാകാം. ഏതായാലും രണ്ടും കൂടി സത്യമാകനുള്ള സാധ്യത ഒട്ടുമില്ലതന്നെ.
ചിന്തകന്‍ വിവരിക്കുന്ന ദൈവം ഖുര്‍ ആനിലെ അല്ലാഹുവാണ്. ഈ ദൈവം മനുഷ്യരെപ്പോലെ സന്തോഷിക്കുകയും, ദുഖിക്കുകയും, കോപിക്കുകയും ചീത്തവിളിക്കുകയും തന്റെ സൃഷ്ടികളില്‍ ഒരു പക്ഷം ചേര്‍ന്ന് മറ്റേ പക്ഷത്തെ ദുഷിക്കുകയുമൊക്കെ ചെയ്യുന്ന വ്യക്തിസ്വരൂപനാണ്. ശ്രീ അവതരിപ്പിക്കുന്നത് അദ്വൈതവാദത്തിലെ പ്രപഞ്ചികശക്തിയായ "ബ്രഹ്മ"ത്തെയാണ്. ബ്രഹ്മം നിര്‍ഗുണവും നിരാകാരവും ആത്യന്തികവുമാണ്. എന്നാല്‍ ഹിന്ദുമതത്തിലെ തന്നെ രണ്ടാം കിട ദൈവ സങ്കള്‍പമായ ബ്രഹ്മാവ്, വിഷ്ണു, ശിവന്‍ തുടങ്ങിയവ മുതല്‍ മുപ്പത്തിമുക്കോടി ദൈവങ്ങളും പ്രീണനം കൊണ്ട് പ്രീതിപ്പെടുന്നതും പ്രകോപനം കൊണ്ട് കോപാകുലരാകുന്നവയുമാണ്.
നിരാകാരമായ ബ്രഹ്മസങ്കല്പ്പവും വിഗ്രഹാരാധന ഉള്‍പ്പെടെയുള്ള ബഹുദൈവാരധനയും എങ്ങനെയാണ് ഒത്തുപോവുക?
ശ്രീ @ ശ്രേയസ് അവകാശപ്പെടുന്നതുനോക്കൂ.
നിരാകാരമായ ബ്രഹ്മം എങ്ങനെ സാകാരമായ (രൂപമുള്ള) ഈശ്വരനായിത്തീരുന്നു? പ്രത്യേക ആകൃതിയില്ലാത്ത വെള്ളം ഏത് പാത്രത്തിലെടുത്തു ശീതീകരിച്ച് ആ പാത്രത്തിന്‍റെ രൂപത്തിലുള്ള മഞ്ഞുകട്ടയായി മാറുന്നുവോ, അതുപോലെ ഭക്തന്മാരുടെ ഭക്തിശൈത്യം കൊണ്ട് ബ്രഹ്മം സാകാരമായ ഈശ്വരനായിത്തീരുന്നു എന്നാണ് ശ്രീരാമകൃഷ്ണന്‍ പറഞ്ഞുതരുന്നത്.
എന്തുകൊണ്ടാണ് ഈ രൂപമുള്ള ദൈവങ്ങളെ എല്ലാ മതങ്ങളും സൃഷ്ടിച്ചിരിക്കുന്നത്? ഈശ്വരന്‍റെ വിവിധഭാവങ്ങളിലുള്ള രൂപങ്ങളെ, ഈശ്വര അവതാരങ്ങളെ, ദൈവപുത്രന്മാരെ, ദൈവപുത്രന്‍റെ മാതാവിനെയൊക്കെ നാം ആരാധിക്കാറുണ്ട്. അതെന്താ അങ്ങനെ?
ഹിന്ദു പുരാണങ്ങളില്‍ ധാരാളം ദേവന്മാരെയും ദേവിമാരെയും മറ്റും വര്‍ണിച്ചിട്ടുണ്ടല്ലോ. അവരെയെല്ലാം സാധാരണയായി ഓരോ ദൈവമായും അങ്ങനെ ഹിന്ദുക്കള്‍ക്ക് "മുപ്പത്തി മുക്കോടി" ദൈവങ്ങള്‍ ഉണ്ടെന്നും, ഹിന്ദുക്കള്‍ കല്ലിനെയാണ് പൂജിക്കുന്നത് എന്നും ഹിന്ദുമതവിശ്വാസികളും മറ്റു മതവിശ്വാസികളും നിരീശ്വരവാദികളും യുക്തിവാദികളുമൊക്കെ കരുതുന്നു. എന്നാല്‍ ഇതില്‍ എത്രത്തോളം സത്യമുണ്ട്?
നമുക്ക് അമ്മയുണ്ട്, സഹോദരിയുണ്ട്, ഭാര്യയുണ്ട്, വനിതാസുഹൃത്തുണ്ട്, പെണ്‍കുഞ്ഞുണ്ട് - ഇവരെല്ലാം സ്ത്രീ വര്‍ഗ്ഗം തന്നെ. എന്നാലും ഓരോരുത്തരോടും നമുക്ക് ഓരോ ഭാവമാണ്. അതുപോലെതന്നെ നിര്‍ഗ്ഗുണപരബ്രഹ്മത്തെ മനുഷ്യന്‍ ഓരോരോ ഭാവത്തിലും രൂപത്തിലും ആരാധിക്കുന്നു.
എന്തെങ്കിലും ഒരു പുതിയകാര്യം തുടങ്ങുന്നതിനുമുമ്പ് വിഘ്നേശ്വരനെ പ്രാര്‍ത്ഥിക്കുന്നു, അതോടെ തടസ്സങ്ങള്‍ മാറിയതായി ഒരു സാധാരണക്കാരന്‍റെ മനസ്സില്‍ ഉറപ്പുതോന്നുന്നു. കൊച്ചുകുഞ്ഞുങ്ങളെ സ്നേഹിക്കുന്ന മധ്യവയസ്കരും അമ്മമാരും ഉണ്ണികൃഷ്ണനെ ആരാധിക്കുന്നു, അങ്ങനെ അവരുടെ മനസ്സിന് സായൂജ്യം ലഭിക്കുന്നു. പഠിക്കാന്‍ തുടങ്ങുമ്പോള്‍ കുട്ടികള്‍ സരസ്വതിയെ വിദ്യാദേവതയായി സങ്കല്‍പ്പിക്കുന്നു. അങ്ങനെ നിര്‍ഗ്ഗുണ പരബ്രഹ്മമായ ഈശ്വരനെ ഓരോരോ ഭാവം കൊടുത്ത് ആരാധിക്കുന്നു. ഏത് രൂപത്തിലായാലും ഭാവത്തിലായാലും രൂപമില്ലാതെയാണെങ്കിലും അവരവരുടെ മനസ്സിലെ ഉറച്ച വിശ്വാസം ആത്മവിശ്വാസമായി പരിണമിക്കുകയും നന്മയിലേക്ക് നയിക്കുകയും ചെയ്യുന്നു.
ഈ വാദഗതികളെ നമുക്കൊന്ന് വസ്തുനിഷ്ഠമായി പരിശോധിക്കാം. വെള്ളത്തെ ഏത് ആകൃതിയിലുള്ള പാത്രത്തിലാക്കിയാലും അതിന്റെ സ്വഭാവത്തില്‍ മാറ്റം വരുന്നില്ല. ചായ ഗ്ലാസിലായാലും കോപ്പയിലായാലും, കപ്പിലായാലും ചായ തന്നെയാണ്; ചാരായമാകുന്നില്ല. എന്നാല്‍ നിര്‍ഗുണ, നിരാകാര പരബ്രഹ്മം സാകാരനാകുമ്പോള്‍ അതിന്റെ സ്വഭാവത്തില്‍ വ്യത്യാസം വരുന്നതായാണ് കാണുന്നത്. നിര്‍ഗുണ നിരകാര പരബ്രഹ്മത്തിന്റെ മഹത്വം പുലമ്പുകയും വേണം, (ശ്രീ @ ശ്രേയസ് പറഞ്ഞു: ഈയുള്ളവന് വേദാന്തവും മറ്റു ബന്ധപ്പെട്ട വിഷയങ്ങളും ആണ് ഇപ്പോള്‍ താത്പര്യം, അത്രേയുള്ളൂ. അതിനാണ് ശ്രമിക്കുന്നത്. അതുകൊണ്ടാണ് ബ്രഹ്മം, ആത്മാവ്, ഉണ്മ എന്നൊക്കെ പുലമ്പുന്നത്.) തന്റെ മനസ്സിലെ എല്ലാ അന്ധവിശ്വാസങ്ങളുടെയും മേല്‍ അടയിരിക്കുകയും വേണം എന്നാതാണ് എല്ലാ വേദാന്തക്കാരുടെയും ഇന്നത്തെ അവസ്ഥ. അച്ഛന്റെ കൂടെ പോകുകയും വേണം അമ്മയുടെ കൂടെ കിടക്കുകയും വേണം എന്ന് വാശി പിടിക്കുന്ന കുട്ടിയുടെ പരിപാടിയാണിത്.
ബൈബിള്‍ പഴയ നിയമത്തിലെയും പുതിയനിയമത്തിലെയും ദൈവസങ്കല്പങ്ങള്‍ തമ്മിലും ഒരുപാട് ദൈരുദ്ധ്യങ്ങള്‍ ദൃശ്യമാണ്. ജൈനമതം ദൈവാസ്തിക്യത്തെ നിഷേധിച്ചപ്പോള്‍ സംഖ്യം, വൈശേഷികം, യോഗം, ന്യായം, മീമാംസ എന്നീ ഉപനിഷത് മാര്‍ഗങ്ങള്‍ സൃഷ്ടികര്‍ത്താവായ ഒരീശ്വര സങ്കല്പത്തെ നിഷേധിക്കുന്നു.
ദൈവസ്തിക്യത്തെകുറിച്ചുള്ള അഭിപ്രായങ്ങളിലെ ഇത്രമാത്രം വൈരുധ്യങ്ങള്‍ക്ക് കാരണമെന്താണ്?
ഉത്തരം വളരെ ലളിതമാണ്. ആ സങ്കല്പ്പങ്ങളെല്ലാം മനോനിഷ്ഠമാണ്, വ്യക്തിനിഷ്ഠമാണ്, ആത്മനിഷ്ഠമാണ്. പ്രപഞ്ചത്തെക്കുറിച്ച് അറിയുന്നതിന് മനോനിഷ്ഠ മാര്‍ഗങ്ങള്‍ സ്വീകരിച്ചതിനാലാണ് അതുവഴി ലഭ്യമാകുന്ന അറിവുകള്‍ പരസ്പരവിരുദ്ധമാകുന്നത്. ഭൗതിക യാഥാര്‍ത്ഥ്യമായ പ്രപഞ്ചത്തെക്കുറിച്ച് മനസ്സിലാക്കാന്‍ എന്തെല്ലാം പരിമിതികളുണ്ടെങ്കിലും വസ്തുനിഷ്ഠവും ശസ്ത്രീയവുമായ അന്വേഷണം മാത്രമാണ് അഭികാമ്യമായിട്ടുള്ളത്.
ഈ പ്രപഞ്ചം ഒരു ഭൗതിക പ്രതിഭാസമാണ്. ആശയം നിലനില്‍ക്കുന്നത് മനുഷ്യമനസ്സില്‍ മാത്രമാണ്. മനസ്സാകട്ടെ തലച്ചോറിന്റെയും നാഡീവ്യൂഹങ്ങളുടെയും കൂട്ടായ പ്രവര്‍ത്തനത്തിന്റെ ഉല്പ്പന്നവും. അതുകൊണ്ടുതന്നെ ബോധം ഒരു ഭൗതികപ്രതിഭാസമാണ്.
എല്ലാം സൃഷ്ടിച്ച് പരിപാലിക്കുന്ന ഒരു ശക്തി എന്നത് മനോനിഷ്ടമായ സങ്കല്പം മാത്രമാണ്. ശക്തി അഥവാ ഊര്‍ജ്ജം എന്നത് ദ്രവ്യത്തില്‍നിന്ന് വ്യത്യസ്തമായ ഒരു പ്രതിഭാസമല്ല; മറിച്ച് അത് ദ്രവ്യത്തിന്റെ തന്നെ മറ്റൊരു രൂപമാണ്. ദ്രവ്യവുമായി ബന്ധമില്ലാതെ ഒരു ഊര്‍ജത്തിനും സ്വതന്ത്രമായി നിലനില്പ്പില്ല.
സര്‍വ്വശക്ത്നും സര്‍വ്വജ്ഞാനിയുമായ ഒരു ദൈവമാണ് ദൈവത്തെക്കുറിക്കുന്ന അറിവുകള്‍ നല്‍കിയത് എന്ന മതവിശ്വാസികളുടെ വാദഗതി വസ്തുതകള്‍ക്കുമുന്നില്‍ നിലനില്‍ക്കുന്നതല്ല, കാരണം അങ്ങനെയെങ്കില്‍ അത്തരം അറിവുകളില്‍ പരസ്പരവിരുദ്ധമായ വിവരങ്ങള്‍ ഉണ്ടാകുമായിരുന്നില്ല.
മുന്‍ വിധികളുടെയും ആധികാരികതകളുടെയും മാര്‍ഗം തള്ളിക്കളയുകയും, ശാസ്ത്രീയ രീതി വഴി ശസ്ത്രീയ രീതിപോലും പരിശോധനാവിധേയമാക്കുന്ന ഒരു ചിന്താ പദ്ധതി താരതമ്യേന നല്ലതാണെന്നാണ് ഈയുള്ളവന്റെ അഭിപ്രായം. അതിന്റെ പരിമിതികളെ പര്‍വ്വതീകരിച്ചുകാണിച്ച് വെളിപാടുകളെ ആധികാരികതകളായി സ്വീകരിക്കുന്നത് ചിന്താപരമായ പാപ്പരത്തമാണ്.
Sunday, February 8, 2009
ദൈവം എന്ന പതിനെട്ടാമത്തെ ആന: ആര്‍. വി. ജി. മേനോന്‍
Monday, January 12, 2009
രാഹു "കാലനും" ചൊവ്വാദോഷനും
കുട്ടപ്പന് ജോലി കിട്ടി. കേന്ദ്ര സര്‍വീസില്‍ കനപ്പെട്ട ശമ്പളത്തില്‍ തന്നെ. ഫിസിക്സില്‍ ബിരുദാനന്തര ബിരുദം നേടിയ ശേഷം വാനശാസ്ത്രത്തില്‍ ഗവേഷണവും നടത്തിയിട്ടുണ്ട് കുട്ടപ്പന്‍. ട്രെയിന്‍ പിടിക്കാന്‍ മണിക്കൂറുകള്‍ നേരത്തെ വീട്ടില്‍ നിന്നിറങ്ങേണ്ടി വന്നു കുട്ടപ്പന്. രാഹുകാലത്തിനുമുമ്പേ വീട്ടില്‍നിന്ന് ഇറങ്ങിയില്ലെങ്കില്‍ കുഴപ്പമാകും.ഇനി കുട്ടപ്പന് റെയില്‍വേ സ്റ്റേഷനില്‍ മണിക്കൂറുകള്‍ വാ പൊളിച്ചിരിക്കുക തന്നെ ശരണം.
ആരപ്പാ ഈ രാഹു! മനുഷ്യനെ ഇങ്ങനെ കണ്ണീല്‍ ചോരയില്ലാതെ ഉപദ്രവിക്കുന്ന പരമ ദ്രോഹി! ഇവനോടു നാം എന്ത് തെറ്റു ചെയ്തു? ഭാരതീയ ജ്യോതിഷപ്രകാരം രാഹു ഒരു പാമ്പ് ആണ്. ഇവന്‍ മൂലം മനുഷ്യന് പല ഉപദ്രവങ്ങളും ഉണ്ടാകുന്നു. പലപ്പോളും ഈ ക്രൂരന്‍ സൂര്യനെ മൊത്തമായി വിഴുങ്ങിക്കളഞ്ഞിട്ടുണ്ട്. ഇങ്ങനെ വിഴുങ്ങുമ്പോളാനെത്രെ സൂര്യഗ്രഹണം ഉണ്ടാകുന്നത്.
രാഹുവും കേതുവും
എന്താണ് രാഹു? ഭൂമിയില്‍ നിന്നു നോക്കുമ്പോള്‍ സൂര്യന്‍ ഭൂമിയെ ചുറ്റുന്നതായി തോന്നുന്നു. ചന്ദ്രന്‍ ഭൂമിയെ വലം വെക്കുന്നുണ്ട്. പക്ഷെ ഇവ രണ്ടും ഒറേ വൃത്തത്തിലൂടെയല്ല സഞ്ചരിക്കുന്നത്. അവയുടെ ചഞ്ചാര പഥങ്ങള്‍ തമ്മില്‍ അല്പം ചെരിവുണ്ട്. ഈ സഞ്ചാര പദങ്ങള്‍ തമ്മില്‍ രണ്ടു വ്യത്യസ്ത ബിന്ദുക്കളില്‍ ഖണ്ടിക്കുന്നു. ഈ സാങ്കല്പ്പിക ബിന്ദുക്കള്‍ ഒന്നിനെ രാഹുവെന്നും മറ്റേതിനെ കേതുവെന്നും വിളിക്കുന്നു. ആകാശത്തില്‍ ഇത്തരം ബിന്ദുക്കള്‍ ഒന്നുമില്ല എന്നതാണു യാഥര്‍ത്‍ഥ്യം. ഭൂമിയില്‍ നിന്നു നോക്കുന്ന നമ്മള്‍ക്കു അങ്ങനെ തോന്നുന്നു എന്നു മാത്രം. ഈ സാങ്കല്പിക ബിന്ദുക്കളാണ് കല്യാണ പാര്‍ടികളെയും ജോലിക്കു പോകുന്ന കുട്ടപ്പന്മാരെയുമൊക്കെ നിരന്തരം ഉപദ്രവിച്ചുകൊണ്ടിരിക്കുന്ന രാഹു-കേതുക്കള്‍. എത്ര വിചിത്രം അല്ലേ!!!!!
വാന ശാസ്ത്രത്തില്‍ ഗവേഷണം നടത്തിയ കുട്ടപ്പന് ശാസ്ത്ര ജ്ഞാനമില്ലെന്ന് പറയാനാകില്ല. പക്ഷേ ശസ്ത്ര ബോധം ഒട്ടുമില്ലതന്നെ. ഇത്തരത്തില്‍ ശാസ്ത്രബോധമില്ലാത്ത ശാസ്ത്ര വിദ്യാഭ്യാസമാണ് യഥാര്‍ത്ഥ കുറ്റവാളി.
ചൊവ്വാദോഷം
സൗരയൂഥത്തിലെ നാലാമത്തെ ഗ്രഹമാണ് ചൊവ്വ. ഭൂമിയേക്കാള്‍ ചെരിയ ഒരു സാധാരണ ഗ്രഹം. ആകാശത്തില്‍ ചുവന്ന നിറത്തില്‍ നമുക്കു കാണാവുന്ന ചൊവ്വയിലേക്ക് "പാത്ത് ഫൈന്റര്‍" അയച്ച് നാസയിലെ ശാസ്ത്രജ്ഞര്‍ പര്യവേഷനം നടത്തി. ടെലിവിഷനിലും പത്രങ്ങളിലും പാറയും മണ്ണും നിറഞ്ഞ ചൊവ്വയുടെ ഉപരിതലം നാം കണ്ടു. ചൊവ്വയില്‍ ജീവനുണ്ടായിരുന്നോ എന്ന ഗവേഷണങ്ങള്‍ ഇന്നും തുടര്‍ന്നുകൊണ്ടിരിക്കുന്നു. എന്നാല്‍ ഈ ചൊവ്വ നമുക്കെന്ത് ദോഷം ചെയ്തു? ആ!
ജാതകപ്രകാരം ചൊവ്വയുടെ അപഹാരമുള്ള വ്യക്തിക്കു പല ദോഷങ്ങളും ഉണ്ടാകുമെത്രെ. ക്രൂരനായ ചൊവ്വ മൂലം എത്രയോ പെണ്‍കുട്ടികളുടെ ഭാവി ഇരുളടഞ്ഞതാകുന്നു. പാവം ചൊവ്വ ഇതൊന്നുമറിയുന്നില്ലെന്ന് മാത്രം. ഭൂമിയിലെ കുറെ മണ്ടന്മാര്‍ തന്നെ പേടിച്ചു കാലം കഴിക്കുന്നതറിയാതെ ഇന്നും ചൊവ്വ സൂര്യനെ വലം വെച്ചുകൊണ്ടിരിക്കുന്നു.
നവഗ്രഹങ്ങള്‍-ശസ്ത്രത്തിലും, ജ്യോതിഷത്തിലും.
സൂര്യന് ചുറ്റും കറങ്ങിക്കൊണ്ടിരിക്കുന്ന ഒമ്പത് (ഇപ്പോള്‍ പ്ലൂട്ടോ പുറത്തായി) ഗ്രഹങ്ങളുണ്ടെന്ന് ജ്യോതിശാസ്ത്രം കണ്ടെത്തിയിട്ടുണ്ട്. ബുധന്‍, ശുക്രന്‍, ഭൂമി, ചൊവ്വ, വ്യഴം ശനി, യുറാനസ്, നെപ്റ്റ്യൂണ്‍, പ്ലൂട്ടോ എന്നിവയാണവ. ഗ്രഹഫലംവെച്ച് ഭാവി പറയുന്ന ജ്യോത്സ്യന്റെ രാശി ചക്രത്തിലും ഗ്രഹങ്ങള്‍ ഒമ്പതാണെന്നറിയുമ്പോള്‍ നിങ്ങള്‍ കരുതുന്നുവോ, ജ്യോതിഷം എത്ര ശസ്ത്രീയമെന്ന്? എന്നാല്‍ തെറ്റി. സൂര്യന്‍, ചന്ദ്രന്‍, ബുധന്‍, ശുക്രന്‍, ചൊവ്വ, വ്യഴം, ശനി, രാഹു, കേതു എന്നിവയാണ് ജ്യൊതിഷത്തിലെ നവഗ്രഹങ്ങള്‍. സത്യത്തില്‍ സൂര്യന്‍ ഒരു നക്ഷത്രമാണ്. ചന്ദ്രനോ വെറും ഒരു ഉപഗ്രഹവും. രാഹു, കേതു എന്നീ പേരില്‍ ഗ്രഹങ്ങള്‍ ഇല്ല. പക്ഷെ തെറ്റായ വസ്തുതകള്‍ വെച്ച് ജ്യോത്സ്യന്‍ നടത്തുന്ന പ്രവചനങ്ങള്‍ ശരിയാണെന്ന് ഇന്നും ജനങ്ങള്‍ വിശ്വസിക്കുന്നു. കണക്കു കൂട്ടുമ്പോള്‍ ആദ്യത്തെ സ്റ്റെപ്പ് തന്നെ തെറ്റിയാല്‍ ഉത്തരം ശരിയാകുന്നതെങ്ങനെ?
മധ്യത്തില്‍ സൂര്യനോ, അതോ ഭൂമിയോ?
സൂര്യന്‍ ഭൂമിയെ ചുറ്റുന്നോ അതോ ഭൂമി സൂര്യനെ ചുറ്റുന്നോ? എന്തൊരു മണ്ടന്‍ ചോദ്യം അല്ലേ? എന്നാല്‍ സംശയിക്കണ്‍ട. ജ്യൊത്സ്യന്റെ രാശിചക്രത്തില്‍ മധ്യത്തില്‍ ഭൂമിതന്നെയാണ്.
ഭൂമി എങ്ങനെ മധ്യത്തിലായി?
16 ആം നൂറ്റാണ്‍ടില്‍ നിക്കോളാസ് കോപ്പര്‍ നിക്കസും, തുടര്‍ന്ന് ഗലീലിയോയും സൗരകേന്ദ്ര സിദ്ധാന്തം ആവിഷ്കരിക്കുന്നതുവരെ (ഇന്നേക്ക് വെറും നാനൂറ് വര്‍ഷം മുമ്പു വരെ) ജനങ്ങള്‍ വിശ്വസിച്ചിരുന്നത് ഭൂമി പ്രപഞ്ചകേന്ദ്രമാണെന്നായിരുന്നു. മൂന്നോ നലോ സഹസ്രാബ്ധങ്ങള്‍ക്കുമുമ്പ് എഴുതപ്പെട്ട ജ്യൊതിഷ ഗ്രന്ഥങ്ങളില്‍ ഭൂമി മധ്യത്തിലായതില്‍ അല്‍ഭുതപ്പെടാനില്ല.
ഗലീലിയോയും ബ്രൂണോയും.
ഭൂമി സൂര്യനെ ചുറ്റുന്നു എന്നു പറഞ്ഞാല്‍ അത് ഒരു കുറ്റമാണോ? ആണെന്ന് കത്തോലിക്കാനേതൃത്വം പറഞ്ഞു. പറയുക മാത്രമല്ല ഇക്കാര്യം പറഞ്ഞ ഗലീലിയോവിനെ ദൈവദൂഷ്യം പറയുന്നു എന്നാരോപിച്ച് ഈ "സത്യകൃസ്ത്യാനികള്‍" മരണം വരെ തടവിലിടുകയും ചെയ്തു. ബ്രൂണോവിനെ ജീവനോടെ തീയിലിട്ടു ചുടുകയാണു ചെയ്തത്.
ജന്മ നക്ഷത്രം?
എന്താണ് നക്ഷത്രം? അവ സൂര്യനെപ്പോലെ സ്വയം ജ്വലിക്കുന്ന ഗോളങ്ങളെത്രെ. ഭൂമിയില്‍ നിന്നു ആയിരക്കണക്കിനോ, ലക്ഷക്കണക്കിനോ പ്രകാശവര്‍ഷങ്ങള്‍ അകലെയാണ്. കോടിക്കണക്കിന് ഗാലക്സികളിലായി കോടിക്കണക്കിനു നക്ഷത്രങ്ങളുണ്‍ട്. അതില്‍ നമുക്ക് കണ്ണു കൊണ്ടു കാണാവുന്നവ ഏതാനും ആയിരങ്ങള്‍ മാത്രം. അയില്‍ തന്നെ ചുരുക്കം ചിലതിനെ മാത്രം ചില കൂട്ടങ്ങളായി കണക്കാക്കി അവക്ക് 27 പേരുകള്‍ കൊടുത്തു. അതാണ് അശ്വതി മുതല്‍ രേവതി വരെയുള്ള നക്ഷത്രങ്ങള്‍. ഒരു കുഞ്ഞ് ജനിക്കുന്ന സമയം നോക്കി ഈ ഇരുപത്തിയേഴ് നക്ഷത്രങ്ങളില്‍ ഏതെങ്കിലും ഒന്നാണ് കുഞ്ഞിന്റെ ജന്മ നക്ഷത്രമെന്ന് ജ്യൊത്സ്യന്മാര്‍ പറയുന്നു. കുഞ്ഞു ജനിക്കുന്ന സമയത്ത് ചന്ദ്രന്‍ ഏത് നക്ഷത്ര ഗണത്തോടൊപ്പമാണോ ഭൂമിയില്‍നിന്ന് കാണപ്പെടുക, അതാണു ജന്മ നക്ഷത്രം. സത്യത്തില്‍ ഭൂമിയില്‍ നിന്ന് ഒന്നേകാല്‍ പ്രകാശ സെക്കന്റ് മാത്രം തൊട്ടടുത്ത് നില്‍ക്കുന്ന ചന്ദ്രനും ആയിരക്കനക്കിന് പ്രകാശ വര്‍ഷങ്ങള്‍ അകലെ നില്‍ക്കുന്ന നക്ഷത്രങ്ങളും തമ്മില്‍ യാതൊരു ബന്ധവുമില്ല. ഭൂമിയില്‍ നിന്നു നോക്കുന്ന നമുക്ക് അവ അടുത്തടുത്തായി കാണുന്നു എന്നു മാത്രം.
ഗ്രഹങ്ങള്‍ ദേവതകള്‍?
പ്രാചീന മനുഷ്യനു പാമ്പ്, കാറ്റ്, ഇടിമിന്നല്‍, സൂര്യന്‍, ചന്ദ്രന്‍, ഇന്ദ്രന്‍ എവയെല്ലാം ദേവതകളായിരുന്നു, ശസ്ത്ര വളര്‍ച്ചയില്‍ ഈ ദേവതകളെല്ലാം അപ്രത്യക്ഷരായി. എന്നാല്‍ ജ്യൊതിഷപ്രകാരം ഗ്രഹങ്ങളെല്ലാം നിഗ്രഹാനുഗ്രഹ ശക്തിയുള്ള ദേവതകളാണ്. അവയെ പ്രീതിപ്പെടുത്തി സുഖ സൗകര്യങ്ങള്‍ നേടാം. അല്ലറ ചില്ലറ കൈക്കൂലി കൊടുത്ത് പ്രീതിപ്പെടുത്തുകയമാകാം.
നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ജീവിച്ച മനുഷ്യന്‍ അന്നത്തെ അറിവിവെച്ചു രൂപപ്പെടുത്തിയ ജ്യൊതിഷം ആധുനി ശസ്ത്ര വളര്‍ച്ചക്കു മുമ്പില്‍ നില്‍ക്കക്കള്ളിയില്ലാത്ത അവസ്ഥയിലാണ്. എന്നാല്‍ ഇന്നും അന്ധവിസ്വാസത്തില്‍ കഴിയുന്ന ജനങ്ങളുടെ അജ്ഞാനത്തെ ചൂഷണം ചെയ്ത് ജ്യൊത്സ്യന്മാരും അവരുടെ കൂട്ടു കച്ചവടക്കാരായ മന്ത്രവാദികളും അരങ്ങു തകര്‍ക്കുകയാണ്. ചില സ്ഥാപിത താല്പര്യക്കാര്‍ അവയ്ക്ക് വളം വെക്കുകയും ചെയ്യുന്നു.
കമ്പ്യൂട്ടര്‍ യുഗമെന്നു വിളിക്കുന്ന പുതു നൂറ്റാണ്ടില്‍ കമ്പ്യൂട്ടറിനെപ്പോലും പോലും കൂട്ടു പിടിച്ച് ശസ്ത്ര വിരുദ്ധ പ്രവര്‍ത്തനം നടത്തുന്നത് ഏറ്റവും നല്ല ഉദാഹരണമാണ്.
ജ്യോതിഷം നിരുപദ്രവമായ ഒരു വിശ്വാസമല്ല. അതു ജനങ്ങളുടെ ജീവിതം അന്ധതയില്‍ തളച്ചിടുന്നു. ജനങ്ങള്‍ക്കു ബോധം വെച്ചാല്‍ തങ്ങളുടെ അന്നംമുട്ടുമെന്ന് ജ്യോതിഷികള്‍ക്കറിയാം. ഭരണ- ജുഡീഷ്യറിഅടക്കമുള്ള ഉന്നത മേഖലകളില്‍ വിഹരിക്കുന്ന സമുന്നത വ്യക്തികള്‍ പോലും ഈ അന്ധവിസ്വാസത്തില്‍ കുടുങ്ങിക്കിടക്കുന്നു എന്നാതാണ് കഷ്ടമായ കാര്യം. ശാസ്ത്രത്തിന്റെ ഉന്നത സങ്കേതിക വിദ്യയായ റോക്കറ്റ് വിക്ഷേപിക്കുമ്പോള്‍ തേങ്ങയുടയ്ക്കുന്നത് ഇന്ത്യയുടെ ശാപവും.
നിരക്ഷരന്‍ അന്ധവിശ്വാസിയായാല്‍ അവനാണു കോട്ടം. എന്നാല്‍ ശാസ്ത്ര ജ്ഞാനികള്‍ അന്ധവിശ്വാസികളായാലോ, അവര്‍ സമൂഹത്തെ ഒന്നാകെ മലീമസമാക്കും എന്നു പറഞ്ഞത് എത്ര ശരി!!!