പ്രമുഖ ബ്രിട്ടീഷ് പരിണാമശാസ്ത്രജ്ഞനായ റിച്ചാഡ് ഡോക്കിന്‍സിന്റെ ‘The God Delusion എന്ന ഗ്രന്ഥത്തെ അടിസ്ഥാനമാക്കി രചിച്ച “'നാസ്തികനായ ദൈവം'’(ഡി.സി ബുക്‌സ്, 2009) എന്ന ബെസ്റ്റ് സെല്ലറിലൂടെ മലയാളി വായനക്കാര്‍ക്ക് പരിചിതനായ തിരുവനന്തപുരം യൂണിവേഴ്‌സിറ്റികോളേജിലെ സി. രവിചന്ദ്രന്റെ പുതിയ പുസ്തകമാണ് 'മൃത്യുവിന്റെ വ്യാകരണം'. മരണവുമായി അലംഘനീയമായ ഒരു കരാറില്‍ ഏര്‍പ്പെട്ടു കൊണ്ടാണ് ഓരോ ശിശുവും ഇവിടെയെത്തുന്നത്. സുനിശ്ചിതമായ അന്ത്യത്തിന്റെ അനിശ്ചിതത്വഭാവമാണ് ജീവിതം. ഒരിക്കല്‍ മാത്രം സിദ്ധിക്കപ്പെട്ട ജിവിതത്തില്‍ എണ്ണപ്പെട്ട ദിനങ്ങള്‍ മാത്രമേ അവശേഷിക്കുന്നുള്ളൂ എന്ന് തിരിച്ചറിഞ്ഞതോടെ ബാക്കിയായ ഓരോ നിമിഷവും സഹജീവീകള്‍ക്കു മുന്നില്‍പ്രകാശമായി എരിഞ്ഞടങ്ങിയ ഒരു മനുഷ്യന്റെ സമാനതകളില്ലാത്ത പോരാട്ടത്തിന്റെ പശ്ചാത്തലത്തിലാണ് മൃത്യുവിന്റെ വ്യാകരണം നിര്‍ധാരണം ചെയ്യപ്പെടുന്നത്. അമേരിക്കയിലെ കാര്‍ണഗിമെലന്‍ യൂണിവേഴ്‌സിറ്റിയില്‍ കമ്പ്യൂട്ടര്‍ വകുപ്പില്‍ അസോസിയേറ്റ് പ്രൊഫസറായിരിക്കെ 47 ാം വയസ്സില്‍ ആഗ്നേയഗ്രന്ഥിയില്‍ അര്‍ബുദം ബാധിച്ചു മരണപ്പെട്ട ഡോ.റാന്‍ഡി പോഷിന്റെ (Dr. Randy Pausch) സ്‌തോഭജനകമായ സമരവീര്യമാണ് പുസ്തകത്തിന്റെ അടിത്തട്ട് പ്രമേയം.
മൃത്യുവിലേക്കുള്ള ദൂരം ദൈര്‍ഘ്യമേറിയതാണെന്ന തോന്നലാണ് ചെറുപ്പത്തില്‍ മരണ ചിന്തയെ അകറ്റുന്നത്. എന്നാല്‍ രോഗവും അനിവാര്യമായ വാര്‍ദ്ധക്യവും ഈ അകലം നേര്‍പ്പിക്കുന്നതോടെ മരണഭീതി ബോധത്തിനു ചുറ്റും മാറാല കെട്ടുന്നു. മരണത്തെ രംഗബോധ മില്ലാത്ത കോമാളിയെന്ന് നാം പൊതുവെ വിശേഷിപ്പിക്കാറുണ്ട്. ഈ തണുത്ത യാഥാര്‍ഥ്യത്തെ ആവേശത്തോടെ എതിരേല്‍ക്കാന്‍ കൊതിച്ച കാല്‍പ്പനിക നായകരെ കുറിച്ചും അപൂര്‍വമായെങ്കിലും നാം കേട്ടിട്ടുണ്ട്. എങ്കിലും പരിശീലനവും മുന്‍പരിചയവും ആവശ്യമില്ലാതെ നിര്‍വഹിക്കാവുന്ന ഒരേയൊരു സമ്പൂര്‍ണ കര്‍മ്മമായ മൃത്യുവിനെ ആത്മവിശ്വാസത്തോടെ നേരിടുകയെന്നത് സാധാരണ മനുഷ്യന് വഴങ്ങാത്ത വിദ്യയാണ്. അപ്രതീക്ഷിതമായ അന്ത്യം ബന്ധുമിത്രാദികള്‍ക്ക് ആഘാതമായേക്കാമെങ്കിലും മരിക്കുന്നയാളെ സംബന്ധിച്ച് അന്ത്യവേള അങ്ങനെയാകണമെന്നില്ല. പരിസമാപ്തിക്ക് മുമ്പ് മൃത്യുവുമായി രമ്യതപ്പെടുന്ന ഒരുതരം ശീതികരിക്കപ്പെട്ട 'സമാധിബോധത്തിന്' അയാള്‍ കീഴടങ്ങുമെന്ന് രവിചന്ദ്രന്‍ പറയുന്നു.
മരണവുമായി ഹസ്തദാനം ചെയ്യാന്‍ വിധിക്കപ്പെട്ട ഒരു മനുഷ്യന്റെ ശിഷ്ടജീവിതം എങ്ങനെയാവും? കൊടിയിറങ്ങുന്നതോടെ ബഹുഭൂരിപക്ഷവും സമൂഹത്തില്‍നിന്ന് പൂര്‍ണ്ണമായും ഉള്‍വലിഞ്ഞ്, ആത്മവിശ്വാസം നശിച്ച് തന്നിലേക്ക് തന്നെ ചുരുണ്ടുകൂടി ‘ആത്മനിന്ദയുടേയും നിസ്സഹായതയുടെയും കാണാക്കയങ്ങളിലേക്ക് കൂപ്പുകുത്തുന്നതായാണ്് നാം സാധാരണ കാണുക. എന്നാല്‍ അന്ത്യവിധിയുമായി നിര്‍മലമായി സംവദിച്ചുകൊണ്ട് ലോകത്തിനു മുന്നില്‍ ഒരു മഹാവിസ്മയമായി തീര്‍ന്നയാളാണ് റാന്‍ഡി പോഷ് .അദ്ദേഹത്തിന്റെ വിശ്വപ്രസിദ്ധമായി തീര്‍ന്ന 'അന്ത്യഭാഷണം' (‘The Last Lecture’) ഇന്റെര്‍നെറ്റിലൂടെ ജനകോടികള്‍ ഇതിനകം വീക്ഷിച്ചു കഴിഞ്ഞു. ജീവിതത്തിനു വിലപറഞ്ഞ അര്‍ബുദത്തെ യഥാര്‍ത്ഥ്യബോധത്തോടെ തിരിച്ചറിഞ്ഞ പരിഭവരഹിതമായി അന്ത്യംവരെ പോരാടിയാണ് റാന്‍ഡി ലോകശ്രദ്ധയാകര്‍ഷിച്ചത്.
ദിനങ്ങള്‍ എണ്ണപ്പെട്ട ഒരു മനുഷ്യന്‍ സ്വന്തം കോളേജില്‍വെച്ച് വിദ്യാര്‍ത്ഥികളുടേയും സഹപ്രവര്‍ത്തകരുടേയും മുന്നില്‍വെച്ച് ഒന്നേകാല്‍ മണിക്കൂര്‍ നീളുന്ന ഒരു പ്രഭാഷണം നടത്തുന്നത് കേട്ടുകേള്‍വിയില്ലാത്ത കാര്യമാണ്. ആ വേളയില്‍ പ്രഭാഷകന്‍ ആസന്നമരണത്തേയും രോഗത്തെയും കുറിച്ചും വാചാലനാകുമെന്നും നിയന്ത്രിക്കാനാകാതെ പൊട്ടിത്തകരുമെന്നും നാം ചിന്തിക്കും. പക്ഷേ, തന്റെ ബാല്യകാല സ്വപ്നങ്ങളുടെ സാക്ഷാത്ക്കാരത്തെക്കുറിച്ച് പവര്‍ പോയിന്റ് പ്രസന്റേഷനിലൂടെയും, വേഷപ്പകര്‍ച്ചകളിലൂടെയും, അനുസ്യൂതമായ കറുത്ത ഫലിതങ്ങളിലൂടെയും, ജീവിച്ചിരിക്കുന്നവര്‍ക്ക് നല്‍കിയ അമൂല്യമായ സന്ദേശമായി അന്ത്യഭാഷണത്തെ മാറ്റാന്‍ റാന്‍ഡിക്കായി. ഒട്ടും പളപളപ്പില്ലാത്ത, അതേസമയം ദാര്‍ശനികഭംഗിയുടെ അടിയൊഴുക്കുള്ള ശൈലിയിലാണ് ഗ്രന്ഥകാരനായ ശ്രീ. രവിചന്ദ്രന്‍ വായനക്കാര്‍ക്കു മുന്നില്‍ റാന്‍ഡിയുടെ അന്ത്യപോരാട്ടത്തിന്റെ സിലബസ്സ് തുറക്കുന്നത്. ഇത്ര ധീരതയോടെയും മനഃസാന്നിധ്യത്തോടെയും മരണത്തെ അഭിമുഖീകരിച്ചതില്‍ കഥാപുരുഷന്റെ മതവിശ്വാസത്തിന് പങ്കുണ്ടായിരുന്നോ? ഈ സമസ്യയുടെ ആഴത്തിലുള്ള വിശദീകരണമാണ് ഗ്രന്ഥകാരന്‍ നല്‍കുന്നത്. മരണാസന്നനായ ഒരാള്‍ക്ക് ആശ്വാസമേകാന്‍ മതവിശ്വാസം ആവശ്യമാണന്ന മതപ്രചരണത്തിന്റെ പൊള്ളത്തരം തുറന്നുകാട്ടുകയാണ് 'റാന്‍ഡിയുടെ മതവിശ്വാസം' എന്ന അധ്യായത്തില്‍. ഭൂരിപക്ഷം മതവിശ്വാസികളും ദൈന്യതയുടെ ആള്‍രൂപങ്ങളായാണ് എരിഞ്ഞടങ്ങുക. അന്ധമായ വിശ്വാസം നല്‍കുന്ന അനസ്‌തേഷ്യ ദുഃഖത്തിന്റെ കാട്ടുതീയില്‍ റദ്ദാക്കപ്പെടുകയാണ് ചെയ്യുന്നത്. എന്നാല്‍ മരണതിന്റെ അനിവാര്യത ഉള്‍കൊള്ളുന്നതോടെ പരിദേവനങ്ങള്‍ക്കും അവധി കൊടുത്ത് ആസന്നമായ ഒരു സമാധിബോധത്തിലേക്ക് അവര്‍ എത്തിച്ചേരുന്നുവെന്ന് വാദിക്കുന്ന ഗ്രന്ഥകാരന്റെ അഭിപ്രായത്തില്‍ വിശ്വാസിയായാലും അവിശ്വാസിയായാലും മൃത്യുവിന്റെ അനിവാര്യത യഥാര്‍ത്ഥ്യബോധത്തോടെ ഉള്‍കൊള്ളുമ്പോള്‍ മാത്രമേ അത് സഹനീയമാകുന്നുള്ളു.
അമേരിക്കയില്‍ ആളെക്കൊല്ലി രോഗങ്ങളില്‍ പാന്‍ക്രിയാറ്റിക് കാന്‍സറിന് 4 ാം സ്ഥാനമാണുള്ളത്. അത്ര സാധാരണമല്ലാത്ത ഈ രോഗം ഇന്നും മനുഷ്യന് വഴങ്ങുന്നില്ലെന്നതാണ് വാസ്തവം. ആവശ്യമായ ഗവേഷണത്തിനുള്ള ഫണ്ടിന്റെ അഭാവമാണിതിന് കാരണം. മരിക്കുന്നതിന് ഏതാനും ആഴ്ചകള്‍ക്ക് മുമ്പ് അമേരിക്കന്‍ കോണ്‍ഗ്രസിന്റെ പ്രത്യേക കമ്മറ്റിക്കു മുമ്പാകെ നേരിട്ട് ഹാജരായി ഈ വിഷയം ദേശീയശ്രദ്ധയിലെത്തിച്ചതിലൂടെ റാന്‍ഡി ഈ രംഗത്ത് നിസ്തുല സംഭാവനയാണ് നല്‍കിയത്. വിത്തുകോശങ്ങള്‍ ഉപയോഗിച്ചുള്ള ചികിത്സയിലൂടെ മാത്രമേ അര്‍ബുദത്തിനെതിരായ പോരാട്ടത്തില്‍ ശ്വാശ്വതവിജയം സാധ്യമാകൂ. എന്നാല്‍ വിത്തുകോശങ്ങളിലുള്ള പരീക്ഷണങ്ങളോട് മുഖം തിരിക്കുന്ന യഥാസ്ഥിക മതനിലപാടുകള്‍ മനുഷ്യന്റെ അതിജീവനത്തിന് തന്നെ ഭീഷണിയാവുകയാണ്. റാന്‍ഡിക്ക് പുറമെ അര്‍ബുദത്തിനെതിരെ ധീരോദാത്തമായ ചെറുത്തുനില്‍പ്പുനടത്തി ലോകത്തിന് വെളിച്ചമായി മാറിയ നിരവധി മഹദ്‌വ്യക്തികളുടെ പോരാട്ടത്തിന്റെ തിരക്കഥയും ഗ്രന്ഥകാരന്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്. ലാന്‍സ് ആംസ്‌ട്രോങ് മുതല്‍ ക്രിസ്റ്റഫര്‍ ഹിച്ചന്‍സ് വരെയുള്ളവര്‍ ഈ പുസ്തകത്തില്‍ സ്ഥാനംപിടിക്കുന്നത് അങ്ങനെയാണ്. അര്‍ബുദത്തേയും വിത്തുകോശചികിത്സയെക്കുറിച്ചുമുള്ള മെച്ചപ്പെട്ട അവബോധം സമ്മാനിക്കുന്ന ദീര്‍ഘമായ ശാസ്ത്രവിശദീകരണങ്ങള്‍ സാധാരണക്കാര്‍ക്ക് ഏറെ സഹായകരമാണ്. ഒരു കുറ്റാന്വേഷകനോവല്‍ പോലെ വായിക്കാവുന്ന ത്രസിപ്പിക്കുന്ന ഒരു വായനാ അനുഭവമാണ് ഈ പുസ്തകം സമ്മാനിക്കുന്നത്. പുസ്തകത്തിന്റെ പുറംചട്ടയില്‍ സൂചിപ്പിക്കുന്നതുപോലെ ജീവിതമെന്ന മഹത്തായ അത്ഭുതത്തെ നിസ്സാരവല്‍ക്കരിക്കുന്നവര്‍ക്കുള്ള ഒരു കനത്ത താക്കീതാണ് 'മൃത്യുവിന്റെ വ്യാകരണം'.
11 comments:
ഇത്ര ധീരതയോടെയും മനഃസാന്നിധ്യത്തോടെയും മരണത്തെ അഭിമുഖീകരിച്ചതില്‍ കഥാപുരുഷന്റെ മതവിശ്വാസത്തിന് പങ്കുണ്ടായിരുന്നോ? ഈ സമസ്യയുടെ ആഴത്തിലുള്ള വിശദീകരണമാണ് ഗ്രന്ഥകാരന്‍ നല്‍കുന്നത്. മരണാസന്നനായ ഒരാള്‍ക്ക് ആശ്വാസമേകാന്‍ മതവിശ്വാസം ആവശ്യമാണന്ന മതപ്രചരണത്തിന്റെ പൊള്ളത്തരം തുറന്നുകാട്ടുകയാണ് 'റാന്‍ഡിയുടെ മതവിശ്വാസം' എന്ന അധ്യായത്തില്‍. ഭൂരിപക്ഷം മതവിശ്വാസികളും ദൈന്യതയുടെ ആള്‍രൂപങ്ങളായാണ് എരിഞ്ഞടങ്ങുക. അന്ധമായ വിശ്വാസം നല്‍കുന്ന അനസ്‌തേഷ്യ ദുഃഖത്തിന്റെ കാട്ടുതീയില്‍ റദ്ദാക്കപ്പെടുകയാണ് ചെയ്യുന്നത്. എന്നാല്‍ മരണതിന്റെ അനിവാര്യത ഉള്‍കൊള്ളുന്നതോടെ പരിദേവനങ്ങള്‍ക്കും അവധി കൊടുത്ത് ആസന്നമായ ഒരു സമാധിബോധത്തിലേക്ക് അവര്‍ എത്തിച്ചേരുന്നുവെന്ന് വാദിക്കുന്ന ഗ്രന്ഥകാരന്റെ അഭിപ്രായത്തില്‍ വിശ്വാസിയായാലും അവിശ്വാസിയായാലും മൃത്യുവിന്റെ അനിവാര്യത യഥാര്‍ത്ഥ്യബോധത്തോടെ ഉള്‍കൊള്ളുമ്പോള്‍ മാത്രമേ അത് സഹനീയമാകുന്നുള്ളു.
വായിക്കപ്പെടേണ്ട ഈ പുസ്തകത്തെക്കുറിച്ചും ജീവിതത്തെക്കുറിച്ചും ഉള്‍ക്കാഴ്ച്ച നല്‍കിയ മനോഹരമായ ഈ പോസ്റ്റിനു നന്ദി.
റാന്‍ഡി പോഷ് നിരൂപണം പ്രതീക്ഷിക്കാം
റാന്‍ഡി പോഷ് 'കണ്ടന'മല്ലെ?:-)
പുസ്തകത്തെ പരിചയപ്പെടുത്തിയത് നന്നായി.
നന്ദി സുശീല്‍
വെറുതേ പിരി കയറ്റണ്ട.. "റാന്‍ഡി പോഷ്" എന്ന പേരു തന്നെ അബദ്ധജടിലമെന്നു വാദിച്ചു കളയും ചിലർ !!
പുസ്തകം പരിചയപ്പെടുത്തിയതിനു നന്ദി.ഉടനെ സമഗ്രമായ ഖണ്ഡനം പ്രതീക്ഷിക്കാം. അതും കാത്തിരിക്കുന്നു.എല്ലാത്തിനും ഒരു കൊഴുപ്പൊക്കെ വേണ്ടേ !?
അത്ഭുതകരമായിരിക്കുന്നത് മറ്റൊരു കാര്യമാണ്. അയാന്‍ ഹെര്‍സി അലിയുടെ 'അവിശ്വാസി' എന്ന കൃതി എന്തു കൊണ്ടാണ് 'കണ്ടകനും'ശിഷ്യന്‍ 'ശനി'യും( കണ്ടക-ശനിമാര്‍) അവഗണിച്ചതെന്നു മനസ്സിലാകുന്നില്ല !!!
വളരെ നന്ദി സുശീൽ.
act to BAN ENDOSULFAN....
www.viwekam.blogspot.com
പതിനാറാം പേജ് കാണുക.
Post a Comment