മനുഷ്യന്‍ സൃഷ്ടിച്ചിട്ടുള്ളതില്‍ വെച്ച് ഏറ്റവും നശീകരണശേഷിയുള്ള ആയുധമാണ്‌ മതം.

Tuesday, December 25, 2012

സ്ത്രീകള്‍ക്കെതിരായ ക്രൂരതകള്‍- ആര്‍ വി ജി മേനോന്‍

സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങളെക്കുറിച്ചുള്ള വാര്‍ത്തകളില്ലാതെ ഒരു ദിവസത്തെ പത്രം പോലും പുറത്തിറങ്ങാറില്ല എന്ന് തോന്നുന്നു. ദില്ലിയിലെ കൂട്ടബലാത്സംഗത്തിന്റെ വാര്‍ത്തയ്ക്കു പിന്നാലെ തന്നെ പിന്നെയും കൂട്ടത്തോടെ അത്തരം വാര്‍ത്തകള്‍ വന്നുകൊണ്ടിരിക്കുന്നു. ബംഗളൂരുകാര്‍ പറയുന്നത് അവിടത്തെ കാര്യം ദില്ലിയിലെക്കാളും കഷ്ടമാണെന്നാണ്. ഐ ടി കമ്പനികളിലും മറ്റുമായി ധാരാളം പെണ്‍കുട്ടികള്‍ ജോലി ചെയ്യുന്ന ആ നഗരത്തില്‍ അസമയത്ത് യാത്ര ചെയ്യേണ്ടിവരുന്ന പെണ്‍കുട്ടികള്‍ നേരിടുന്ന മാനസിക സംഘര്‍ഷം അവഗണിക്കാനാവില്ല. എന്നാലിത് വന്‍ നഗരങ്ങളില്‍ മാത്രം ഒതുങ്ങുന്ന പ്രശ്‌നവുമല്ല. ബിഹാറില്‍ എട്ടുവയസ്സായ ഒരു പിഞ്ചു ബാലികയെ  ബലാല്‍സംഗം ചെയ്തിട്ട് കൊന്നുകളഞ്ഞു എന്ന് മറ്റൊരു വാര്‍ത്ത!. സിലിഗുരിയില്‍ ഒരു സ്ത്രീയെ കൂട്ടബലാല്‍സംഗം ചെയ്തിട്ട് ചുട്ടുകൊന്നു. ഒഡീഷ്യയില്‍ ഒരു 19 വയസുകാരിയെയും 21 വയസുകാരിയെയും കൂട്ട ബലാല്‍സംഗത്തിനിരയാക്കി. വന്‍ നഗരങ്ങളില്‍ മാത്രമല്ല ചെറു പട്ടണങ്ങളിലും ഗ്രാമങ്ങളില്‍ പോലും സ്ത്രീകള്‍ക്കെതിരെയുള്ള അക്രമങ്ങള്‍ വര്‍ധിച്ചുവരികയാണ് എന്നാണല്ലോ ഇത് കാണിക്കുന്നത്. അവിടങ്ങളില്‍ ഇരകള്‍ പലപ്പോഴും ദളിതരും സമൂഹത്തിലെ മറ്റു പീഡിത വിഭാഗങ്ങളില്‍ പെട്ടവരും ആയിരിക്കും എന്ന് മാത്രം. ദില്ലി ദേശീയ തലസ്ഥാനം ആകയാലും ഇലക്‌ട്രോണിക് മാധ്യമങ്ങളുടെ കണ്‍മുന്നില്‍ നടന്ന സംഭവം ആകയാലും ഇരയായ പെണ്‍കുട്ടി അഭ്യസ്തവിദ്യയും പ്രൊഫഷണല്‍ കോഴ്‌സ് വിദ്യാര്‍ഥിനിയും ആകയാലും ആയിരിക്കാം ആ സംഭവത്തിനു പതിവില്‍ കവിഞ്ഞ വാര്‍ത്താ പ്രാധാന്യം കിട്ടിയത്. അതുകൊണ്ടുതന്നെയായിരിക്കാം അസാധാരണമായ ശുഷ്‌കാന്തിയോടെ പ്രതികളെ പിടിക്കാന്‍ ദില്ലി പൊലീസ് തുനിഞ്ഞതും. പ്രധാനമന്ത്രിയും സോണിയാ ഗാന്ധിയും ഉള്‍പ്പെടെയുള്ള വി ഐ പി കള്‍ പ്രത്യേക താത്പര്യം എടുക്കുന്ന സ്ഥിതിക്ക് അതിവേഗ കേസുവിചാരണയും തക്കതായ ശിക്ഷയും ഉണ്ടാകും എന്നും പ്രതീക്ഷിക്കാം. പക്ഷെ, ദില്ലിയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന  ബാലാത്സംഗകേസുകളില്‍ 12 ശതമാനം മാത്രമേ ശിക്ഷയില്‍ അവസാനിക്കാറുള്ളൂ എന്ന് മറ്റൊരു വാര്‍ത്തയില്‍ പറയുന്നു. പലപ്പോഴും ഇത്തരം കുറ്റങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടാറില്ലാ എന്നതും കൂടി ഓര്‍ക്കുമ്പോള്‍ യഥാര്‍ഥ ചിത്രം എത്രമേല്‍ ബീഭത്സം ആണെന്ന് ബോധ്യമാകും. 
ദില്ലി പ്രക്ഷോഭത്തില്‍ ഉയര്‍ന്നുകേട്ട മുദ്രാവാക്യം 'ഞങ്ങള്‍ക്ക് നീതി കിട്ടണം' എന്നതായിരുന്നെങ്കിലും ഒരു പ്രധാന ഡിമാണ്ട് ആയി  പല മാധ്യമങ്ങളും പ്രധാന ആവശ്യമായി  അവതരിപ്പിച്ചിരിക്കുന്നത് ബലാല്‍സംഗക്കുറ്റത്തിനു വധശിക്ഷ നല്‍കണം എന്നതാണ്. ഇത് അനുവദിക്കാന്‍ നിയമനിര്‍മാതാക്കള്‍ക്ക് മടിയൊന്നും ഉണ്ടാവില്ല. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ വിവിധ ദേശീയ കക്ഷികള്‍ നിര്‍ത്തിയ സ്ഥാനാര്‍ഥികളില്‍ പലരും (17 ലോക സഭക്കാരും 34 എം എല്‍ എ പദമോഹികളും) ബലാല്‍സംഗക്കേസുകള്‍ നേരിടുന്നവരായിരുന്നു എന്ന റിപ്പോര്‍ട്ട് നമുക്ക് സൗകര്യപൂര്‍വ്വം  മറക്കാം! ബഹുജനരോഷം തല്‍ക്കാലം ശമിപ്പിക്കാന്‍ വധശിക്ഷ നിര്‍ബന്ധിതം ആക്കുന്ന നിയമനിര്‍മാണം ഉതകിയേക്കാം. വെറും ദേഹോപദ്രവം ഏല്‍പ്പിച്ചവനെതിരെ കൊലക്കുറ്റത്തിനു കേസ് ചാര്‍ജ് ചെയ്ത് കൈയ്യടി നേടുന്നവരാണ് പലപ്പോഴും ഭരണാധികാരികള്‍.  അങ്ങനെ ചെയ്താല്‍, അതുകൊണ്ട് തന്നെ ചിലപ്പോള്‍ കേസ് തള്ളിപ്പോയേക്കാം എന്നത് അവര്‍ക്കൊരു പ്രശ്‌നമല്ല. അതുപോലെ, ബലാല്‍ സംഗക്കുറ്റത്തിന് വധശിക്ഷ നിര്‍ബന്ധമാക്കിയാല്‍ അതിന്റെ ഭവിഷ്യത്ത് എന്തായിരിക്കും എന്നത് അവര്‍ ആലോചിക്കുന്നുണ്ടാവില്ല. പല സ്ത്രീസംഘടനകളും ഭയപ്പെടുന്നത് അത് ബലാല്‍സംഗത്തിന് ഇരയാകുന്ന സ്ത്രീകള്‍ക്ക് കൂടുതല്‍ അപകടം വരുത്തുമെന്നാണ്. ബലാല്‍സംഗക്കേസുകളില്‍  പ്രധാന സാക്ഷി അതിനു ഇരയാകുന്ന സ്ത്രീ ആയിരിക്കുമല്ലോ. അപ്പോള്‍ ആ സാക്ഷിയെക്കൂടി കൊന്നു തെളിവ് നശിപ്പിക്കാനല്ലേ പ്രതികള്‍ ശ്രമിക്കുക? ബലാല്‍സംഗത്തിന് പിടിച്ചാല്‍ തന്നെ വധശിക്ഷ ഉറപ്പ്. ഇരയെ കൊല്ലുന്നതുകൊണ്ട് ശിക്ഷയുടെ കാഠിന്യം കൂടാന്‍ പോകുന്നില്ല എന്നത് കൊല്ലാനുള്ള പ്രേരണ ആവില്ലേ? ബലാല്‍സംഗക്കുറ്റത്തിനുള്ള  ശിക്ഷ കഠിനം ആയിരിക്കണം എന്നുള്ളതില്‍ സംശയമില്ല. അതിനായി നിര്‍ബന്ധിത വരിയുടക്കല്‍, ജീവപര്യന്തം തടവ് മുതലായ മറ്റു ശിക്ഷകള്‍ പരിഗണിക്കാവുന്നതാണ്. 
പക്ഷെ ഇത്തരം സംഭവങ്ങള്‍ ഇല്ലാതാക്കുന്നതല്ലേ അതിനേക്കാള്‍ പ്രധാനം. അതിനെന്താണ് ചെയ്യാന്‍ കഴിയുക? ബലാല്‍സംഗമോ മാനഭംഗശ്രമമോ ഉണ്ടായാല്‍ ഉടനെ കേള്‍ക്കുന്ന ഒരു ആക്ഷേപം അത് പെണ്‍കുട്ടിയുടെ കുറ്റം കൊണ്ട്, അല്ലെങ്കില്‍ ശ്രദ്ധക്കുറവുകൊണ്ട്, പറ്റിയതാണ് എന്നതായിരിക്കും. പ്രകോപനകരമായ വസ്ത്രധാരണം, അല്ലെങ്കില്‍ എന്തിനു അസമയത്ത് അവിടെ പോയി? കൂടെ ആണ്‍ തുണ ഉറപ്പാക്കാമായിരുന്നില്ലെ? അങ്ങനെ പോകും ആക്ഷേപങ്ങള്‍. ദില്ലിയിലെ ദൗര്‍ഭാഗ്യകരമായ സംഭവത്തില്‍ ഇത്തരം ആക്ഷേപത്തിനൊന്നും പഴുതില്ല എന്നത് അതിന്റെ സവിശേഷത ആണ്. എങ്കിലും, ഇരയെ പഴിക്കുക എന്ന ഈ രീതി വളരെ പഴയതാണ്. കാര്‍ മോഷണം പോയാലും പേഴ്‌സ് പോക്കറ്റടിച്ചാലും 'നിങ്ങള്‍ എന്തുകൊണ്ട് സൂക്ഷിച്ചില്ലാ' എന്ന് നമ്മെ കുറ്റം പറയുന്നവരാണ് പലരും. സ്ത്രീകള്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങള്‍ ആകുമ്പോള്‍ അതിനു മറ്റു പല മാനങ്ങളും വരുന്നു എന്നുമാത്രം. ആധുനിക സ്ത്രീ, പരമ്പരാഗതമായി അവള്‍ക്കു കല്‍പ്പിച്ചിട്ടുള്ള സ്ഥാനത്തു 'അടങ്ങിയൊതുങ്ങി' കഴിയുന്നില്ല എന്നതിലെ അസഹിഷ്ണുതയാണ് പലപ്പോഴും ഇത്തരം ആക്ഷേപങ്ങളിലൂടെ പുറത്തു ചാടുന്നത്. ഇവരുടെയൊക്കെ മാതൃക തങ്ങളുടെ വീട്ടിലെ സ്ത്രീകളും പിന്‍തുടര്‍ന്നാലോ എന്ന ഭയവും ആകാം. പുരുഷന്മാര്‍ക്കു കുത്തക ഉണ്ടായിരുന്ന മേഖലകളില്‍ തങ്ങള്‍ക്കു നഷ്ടപ്പെടുന്ന മേല്‍ക്കൈയെപ്പറ്റിയുള്ള ഭീതിയും അവരെ പ്രകോപിപ്പിക്കുന്നുണ്ടാവാം. ഇതൊക്കെ ചില വ്യക്തികളുടെ കാര്യത്തില്‍ ശരിയാവാമെങ്കിലും ഒരിക്കലും അതൊന്നും ഭരണകൂടത്തിന്റെ മനോഭാവത്തിലോ നടപടികളിലോ പ്രതിഫലിക്കാന്‍ പാടില്ലാത്തതാണ്. നിയമത്തിന്റെ കണ്ണില്‍, പുരുഷന്മാര്‍ക്കുള്ള സഞ്ചാര സ്വാതന്ത്ര്യവും പ്രവര്‍ത്തന സ്വാതന്ത്ര്യവും സ്ത്രീകള്‍ക്കും അവകാശപ്പെട്ടതാണ്. അത് ഉറപ്പു വരുത്തുക എന്നത് ഭരണകൂടത്തിന്റെ ചുമതല ആണ്. അതില്‍ വീഴ്ചവന്നാല്‍ അത് ഭരണ പരാജയമല്ലാതെ മറ്റൊന്നുമല്ല. പക്ഷെ, നിയമത്തിന്റെ ഈ കാഴ്ചപ്പാട് സമൂഹത്തിന്റെ കാഴ്ചപ്പാട് ആയി മാറിയിട്ടില്ല എന്നതാണ് നമ്മുടെ പ്രശ്‌നം. അത് നമ്മുടെ സമൂഹത്തിന്റെ ആധുനികവല്‍ക്കരണത്തിലെ പോരായ്മ ആണ് കാണിക്കുന്നത്. ഇക്കാര്യത്തില്‍ രാഷ്ട്രീയ നേതൃത്വത്തിനും സാംസ്‌കാരിക പ്രവര്‍ത്തകര്‍ക്കും വലിയ പങ്കു വഹിക്കാനുണ്ട്. 
സ്ത്രീകള്‍ക്കെതിരെയുള്ള ക്രൂരതയും അക്രമങ്ങളും വന്‍നഗരങ്ങളില്‍ ഒതുങ്ങുന്നില്ല എന്നത് ഉത്കണ്ഠ ഉളവാക്കുന്ന മറ്റൊരു സംഗതിയാണ്. നഗരവത്കരണത്തിന്റെ ഭാഗമായ അദൃശ്യതയും അന്യവത്കരണവും ചിലപ്പോള്‍ സാധാരണഗതിയില്‍ ഒരുവന്‍ ചെയ്യാന്‍ മടിക്കുന്ന ക്രൂരതകളിലേക്ക് അവനെ നയിച്ചേക്കാം. 'എന്നെ ആരും അറിയില്ല, എന്തെങ്കിലും കുറ്റം ചെയ്താലും പിടിക്കപ്പെടില്ല, ആള്‍ക്കൂട്ടത്തില്‍ മറയാം' എന്നൊക്കെയുള്ള ചിന്തകളാകാം അതിനുള്ള ധൈര്യം നല്‍കുന്നത്. എന്നാല്‍ ബിഹാറിലും ഒഡീഷയിലും ഉള്ള ഗ്രാമങ്ങളില്‍ പോലും ഇത്തരം ക്രൂരതകള്‍ പതിവാകുന്നു എന്നത് പ്രശ്‌നം നമ്മുടെ സമൂഹത്തെ ആഴത്തില്‍ ബാധിച്ചിരിക്കുന്നു എന്നതിന്റെ തെളിവാണ്. പലപ്പോഴും അത് ജാതീയമായ വിവേചനത്തിന്റെയും പീഡനത്തിന്റെയും  തുടര്‍ച്ചയാകാം. ആക്രമകാരികളും അധിനിവേശ ശക്തികളും സ്ത്രീകളെ മാനഭംഗപ്പെടുത്തികൊണ്ടാണല്ലോ അവരുടെ മേധാവിത്തം പലപ്പോഴും അടിച്ചേല്‍പ്പിക്കുന്നത്. അവിടെ ലക്ഷ്യം കാമപൂരണം എന്നതിനേക്കാള്‍ അധികാരമദം പ്രയോഗിക്കല്‍ ആണ്. എവിടെയും  ഇരകളാകുന്നത് സ്ത്രീകള്‍ തന്നെ! 
ഇത്തരം സംഭവങ്ങള്‍ ഉണ്ടാകുമ്പോള്‍ വൈകാരികമായ പ്രതികരണങ്ങളും പ്രതിഷേധങ്ങളും ഉണ്ടാകുന്നത് സ്വാഭാവികമാണ്. അധികാരികളെക്കൊണ്ട് ഉടന്‍ നടപടികള്‍ എടുപ്പിക്കുന്നതിനു അത് സഹായിച്ചേക്കാം. കുറച്ചുകൂടെ കര്‍ശനമായ പൊലീസിങ്ങിലേക്ക് അത് നയിച്ചേക്കാം. അത് നല്ലത് തന്നെ. എന്നാല്‍ അടിസ്ഥാനപരമായ പ്രശ്‌നം പരിഹരിക്കുന്നതിന് അത് മതിയാവില്ല. ചിലപ്പോള്‍ വധശിക്ഷയ്ക്കുള്ള ആഹ്വാനം പോലെ തെറ്റായ ദിശയിലേക്കു അത് തിരിച്ചുവിടപ്പെടാനും വഴിയുണ്ട്. ഏതെങ്കിലും ഭരണാധികാരിയുടെ മേല്‍ കുറ്റം ചാര്‍ത്തി കസേര തെറിപ്പിക്കുന്നതുകൊണ്ടും പ്രശ്‌നം തീരാന്‍ പോകുന്നില്ല. തന്നെയുമല്ല, ഇത്തരം നീക്കുപോക്കുകള്‍ യഥാര്‍ഥ കാരണം കണ്ടുപിടിച്ചു ഈ ദുസ്ഥിതിയില്‍ നിന്ന് സമൂഹത്തെ മോചിപ്പിക്കുന്നതിനു തടസം ആകുകയും ചെയ്യും. 
ദില്ലി സംഭവത്തിന്റെയും സ്ത്രീകള്‍ക്കെതിരെയുള്ള മറ്റു പല  അക്രമ സംഭവങ്ങളുടെയും ഒരു പ്രത്യേകത അതിലെ അതിരുകടന്ന, വിശദീകരിക്കാനാവാത്ത, ക്രൂരതയാണ്. അതിനെ ബലാല്‍സംഗം എന്നവാക്കുകൊണ്ട് വിശേഷിപ്പിക്കുന്നത് ശരിയാവില്ല. അതിനെ മൃഗീയം എന്ന് വിശേഷിപ്പിച്ചാല്‍ അത്  മൃഗങ്ങളോടുള്ള അനീതി ആയിരിക്കും. അത് മറ്റെന്തൊക്കെയോ മനോവൈകൃതങ്ങളുടെ  ബഹിസ്ഫുരണം ആയിരിക്കണം. എന്തുകൊണ്ട് ഇത്തരം മനോവ്യാപാരങ്ങള്‍ സമൂഹത്തില്‍ വളരുന്നു എന്നത് പഠിക്കേണ്ടിയിരിക്കുന്നു. സ്ത്രീകളുടെ അവസ്ഥയെപ്പറ്റിയും ലൈംഗികതയെപ്പറ്റിയും സമൂഹത്തില്‍ നിലനില്‍ക്കുന്ന തെറ്റായ ധാരണകളും പെരുമാറ്റച്ചട്ടങ്ങളും ആണോ കാരണം?  സ്ത്രീകളെ 'ചരക്ക്' ആയി ചിത്രീകരിക്കുന്ന മാധ്യമങ്ങളും സാഹിത്യവും ആണോ പ്രശ്‌നം? അതോ, സ്വതന്ത്രമായ, ഉത്തരവാദത്തൊടെയുള്ള, ആണ്‍ പെണ്‍ ഇടപെടലുകള്‍ക്ക് കുട്ടികള്‍ക്കും യുവാക്കള്‍ക്കും അവസരം കിട്ടാത്തതാണോ കാരണം? എങ്കില്‍ സ്‌കൂളുകളിലും കോളജുകളിലും പണി സ്ഥലങ്ങളിലും പൊതുസ്ഥലങ്ങളിലും ഏതു തരത്തിലുള്ള  ഇടപെടലുകളാണ് പ്രോത്സാഹിപ്പിക്കേണ്ടത്? അതിനു പാകമായ തരത്തില്‍ എങ്ങനെ സമൂഹത്തിന്റെ കാഴ്ചപ്പാടുകളെ മാറ്റിയെടുക്കാം? ഇതൊക്കെ ഗഹനമായ ആലോചനകള്‍ക്കും പഠനങ്ങള്‍ക്കും വിഷയമാകേണ്ടതുണ്ട്.  വാസ്തവത്തില്‍ നമ്മുടെ ഉന്നതവിദ്യാഭ്യാസം നമ്മെ സഹായിക്കേണ്ടത് സമൂഹം നേരിടുന്ന ഇത്തരം ഗഹനമായ പ്രശ്‌നങ്ങള്‍ നേരിടുന്നതിന്  ആവശ്യമായ അറിവുകളും പഠനങ്ങളും ലഭ്യമാക്കുന്നതിനാണ്. അല്ലാതെ കുറെപ്പേര്‍ക്ക് ഉന്നതമായ  പദവികളും ജീവിത സൗകര്യങ്ങളും നല്‍കി അവരെ ആദരിക്കുന്നതിനല്ല. സമൂഹത്തിന്റെ ജീവത് പ്രശ്‌നങ്ങളെ നേരിടുന്നതിനു അറിവ് ആവശ്യമുണ്ടെന്നും അത് പഠനങ്ങളിലും ഗവേഷണങ്ങളിലും കൂടി നിര്‍മിക്കപ്പെടെണ്ടതാണ് എന്നും അതിനാണ് ഉന്നത വിദ്യാഭ്യാസം നമ്മെ സഹായിക്കേണ്ടത് എന്നും നാം തിരിച്ചറിയേണ്ടിയിരിക്കുന്നു.

(കടപ്പാട്: ജനയുഗം ദിനപത്രം- 25-12-2012)

Friday, December 23, 2011

വി ടിയെ ഓർക്കുമ്പോൾ..


(ലേഖകന്‍: സി . എ കൃഷ്ണന്‍.)

കേരളത്തിന്റെ സാമൂഹ്യനവോത്ഥാന ചരിത്രത്തിൽ താരത്തിളക്കം മാഞ്ഞുപോകാത്ത മൂ ഭട്ടതിരിമാരുണ്ട്. ഒന്ന്, വി. ടി. ഭട്ടതിരിപ്പാട് എന്ന വി. ടി, രണ്ട് എം. ആർ. ഭട്ടതിരിപ്പാട് എന്ന എം. ആർ. ബി., മൂന്ന് എം. പി. ഭട്ടതിരിപ്പാട് എന്ന് പ്രേംജി. ഇവരാ ആ ഭട്ടതിരിമാർ.
വി. ടി. ഭട്ടതിരിപ്പാട്.
നമ്പൂതിരി സമുദായത്തിൽ വിപ്ലവം സൃഷ്ടിക്കപ്പെടുന്നതും അവരെ മനുഷ്യരിലേക്ക് അടുപ്പിക്കുന്നതും വി. ടി. എന്ന വി. ടി. ഭട്ടതിരിപ്പാടിലൂടെയായിരുന്നു. കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യ-മധ്യദശകങ്ങളിലായിരുന്നു അതിന്റെ കാഹളം മുഴങ്ങിയത്.

1896-ൽ അങ്കമാലി കിടങ്ങലൂരിലായിരുന്നു രാമൻ ഭട്ടതിരി എന്ന വി. ടിയുടെ ജനനം. പിൽകാലത്ത് മേഴത്തൂരിൽ ജീവിച്ചുകൊണ്ടാണ്‌ അദ്ദേഹം വിധവാവിവാഹത്തിനും മിശ്രവിവാഹത്തിനും നേതൃത്വം ഏറ്റെടുത്തുകൊണ്ട് സമൂഹ്യപരിഷ്കരണത്തിലെ വിപ്ലവനക്ഷത്രമായത്. ശാന്തിക്കാരനായാണ്‌ വി.ടി ജീവിതം ആരംഭിക്കുന്നത്. പിന്നീട് അതിനോട് വിടപറഞ്ഞ് തൃശൂരിൽ മംഗളോദയത്തിൽ പ്രൂഫ്റീഡറായി ചേർന്നു. അവിടെ നിന്നാണ്‌ മുഴുവൻ സമയ പൊതുജീവിതത്തിലേക്ക് എടുത്തു ചാടുന്നത്. 1982-ൽ വി. ടി. അന്തരിച്ചു.

1929-ൽ പുറത്തുവന്ന വി. ടി. യുടെ 'അടുക്കളയിൽ നിന്നും അരങ്ങത്തേക്ക്' എന്ന നാടകമാണ്‌ മറക്കുടയ്ക്കുള്ളിലെ മഹാനരകത്തിൽ നിന്നും അന്തർജനങ്ങൾക്കു പുറത്തുകടക്കാൻ പ്രേരണയായത്. അത് അന്തർജനസമാജം എന്ന വനിതാസംഘടനക്കുതന്നെ വിത്തുപാകി. ചെറുപ്പക്കാരായ നമ്പൂതിരി സ്ത്രീകൾ അവരുടെ വേഷം പരിഷ്കരിച്ചു. കാതു മുറിച്ച് കമ്മലിട്ടു. തുണി ഒക്കുവെച്ചുടുക്കുന്ന രീതി മാറ്റി. മുണ്ട് ചുറ്റാൻ തുടങ്ങി. ബ്ലൗസിട്ടു. വി. ടി.യുടെ രസി​കസദനമായിരുന്നു ഇതിനെല്ലാം ആസ്ഥാനമായത്. പാർവ്വതി നെന്മിനിമംഗലം, ആര്യ പള്ളം, പാർവ്വതി നിലയങ്ങോട്ട് തുടങ്ങിയവരായിരുന്നു അന്നത്തെ വനിതാനേതാക്കൾ യാഥാസ്ഥികർ അന്ന് അവരെ നോക്കി തോന്ന്യാസികൾ എന്ന് അട്ടഹസിച്ചു!

ഭരത് പ്രേംജി
നമ്പൂതിരി പരിഷ്കരണപ്രസ്ഥാനം ശക്തമാക്കാനായി 1931-ൽ ഏപ്രിൽ 6 ന്‌ വി. ടി. യുടെ നേതൃത്വത്തിൽ തൃശൂരിൽ നിന്നൊരു യാത്ര നടത്തി. യാചനയാത്ര! ഒരോ നമ്പൂതിരി ഇല്ലത്തും ചെന്ന്  ബോധവല്ക്കരണം നടത്തി സമുദായോദ്ധാരണത്തിന്‌ സംഭാവന ശേഖരിക്കുകയായിരുന്നു ആ യാത്രയുടെ ലക്ഷ്യം. 38 ദിനം നീണ്ട യാത്ര പിൽക്കാലത്ത് നമ്പൂതിരി യാഥാസ്ഥികത്വത്തെ ചുട്ടെരിക്കാൻ പര്യാപ്തമായി.

 അന്ന് വി. ടി നമ്പൂതിരി യുവജന സംഘം സെക്രട്ടറിയായിരുന്നു. ആശയപ്രചരണത്തിനായി അവർ ആയുധമാക്കിയത് ‘ഉണ്ണി നമ്പൂതിരി’ എന്ന സ്വന്തം പത്രമായിരുന്നു.

1935-ലാണ്‌ വിധവാവിവാഹത്തിലേക്ക് ഇവർ എടുത്തുചാടുന്നത്. വന്നേരി മുല്ലമംഗലത്തെ രാമൻ ഭട്ടതിരിപ്പാടിന്‌ വി. ടി. സ്വന്തം വസതിയിൽ വെച്ച് സ്വന്തം ഭാര്യാസഹോദരിയും വിധവയുമായ 16 കാരി ഉമയെ വിവാഹം ചെയ്തുകൊടുത്തു. എല്ലാ ആചാരങ്ങളെയും പൊട്ടിച്ചെറിഞ്ഞുകൊണ്ടായിരുന്നു അന്നാ വിവാഹം നടന്നത്. സമുദായവും സവർണാധിപത്യവും ഒന്നാകെ അതിനുനേരെ കണ്ണുരുട്ടി അട്ടഹസിച്ചു. പിന്നീട് വിധവാ വിവാഹത്തിൽ പങ്കുകൊണ്ട നൂറിലധികം വരുന്ന നമ്പൂതിരിമാരെ ഓരോരുത്തരെയും പേരെടുത്തുപറഞ്ഞ് അവരെ സർക്കാർ വക ക്ഷേത്രങ്ങളിലോ ക്ഷേത്രക്കുളങ്ങളിലോ പ്രവേശിച്ചുകൂടെന്നു വിലക്കി കൊച്ചി മഹാരാജാവിനെക്കൊണ്ട് വിളംബരം പുറപ്പെടുവിക്കുകയുണ്ടായി.

മംഗളോദയത്തിൽ വി. ടി.യുടെ അസിസ്റ്റന്റായി തൊഴിലും പൊതുജീവിതവും ആരംഭിച്ച പ്രേംജി എന്ന പാമേശ്വരൻ ഭട്ടതിരിപ്പാടും പിൽകാലത്ത്, സഹോദാനായ എം ആർ ബിയുടെ പാത പിന്തുടർന്നു. 1948 ആഗസ്തിലായിരുന്നു പ്രേംജിയുടെ വിധവാ വിവാഹം നടന്നത്. പ്രേംജിയിലെ മഹത്വം നിറഞ്ഞ മനുഷ്യനെ മാത്രമല്ല അദ്ദേഹത്തിലെ അഭിനയ ചക്രവർത്തിയെ കണ്ടെത്തിയതും വി. ടി. തന്നെയായിരുന്നു.

ശ്രീനാരായണഗുരുവിനുശേഷം കേരള സമൂഹത്തെയാകെ സമുദ്ധരിച്ച സാമൂഹ്യനവോദ്ധാന പ്രസ്ഥാനത്തിന്റെ അമരക്കാരനായിരുന്നു വി.ടി. ആ ഓർമ്മകൾക്ക് അതാവശ്യപ്പെടുന്ന പരിഗണന നല്കാൻ ഇന്നാടിനും പിൽതലമുറകൾക്കും കഴിഞ്ഞുവോ എന്ന ചോദ്യം മനസ്സാക്ഷിയുള്ളവരെ മുഴുവൻ ഞെട്ടിക്കുന്നതായി അവശേഷിക്കുന്നു.   

 (കടപ്പാട്: ഹിന്ദുവിശ്വ മാഗസിന്‍ 2011 ഡിസംബര്‍- 2012 ജനുവരി.)