മനുഷ്യന്‍ സൃഷ്ടിച്ചിട്ടുള്ളതില്‍ വെച്ച് ഏറ്റവും നശീകരണശേഷിയുള്ള ആയുധമാണ്‌ മതം.

Friday, March 8, 2013

‘വൻകര വിസ്ഫോടന സിദ്ധാന്ത’വും തോഡരും.


(07-03-2013 ന് ജനയുഗം ദിനപത്രത്തിൽ പ്രസിദ്ധീകരിച്ച കിറിപ്പ്)





23-02-2003 തിയ്യതിയിലെ ജനയുഗത്തിൽ ‘രുജാം മുതുമുത്തശ്ശിക്ക് നൂറ്റിപ്പത്തിലും ബാല്യം’ എന്ന ശീർഷകത്തിൽ പ്രസിദ്ധീകരിച്ച വാർത്തയാണ് ഈ കുറിപ്പിന്നാധാരം. ഊട്ടി-ഗൂഡല്ലൂർ റോഡിലെ ഗ്ലെന്മോർഗനിൽ തോഡ ഗിരിവർഗസമൂഹം ഒന്നടങ്കം അവരുടെ മുതുമുത്തശ്ശിയുടെ നൂറ്റിപ്പത്താം ജന്മദിനം ആട്ടവും പാട്ടും തീനും കുടിയുമായി ആഘോഷിച്ച വാർത്ത ഹൃദ്യമായി. എന്നാൽ വാർത്തയിൽ കടന്നുകൂടിയ ഒരു ഭീമൻ തെറ്റ് ചൂണ്ടിക്കാണിക്കാനാണ് ഇത് എഴുതുന്നത്.

“പണ്ടെങ്ങോ ഒരിക്കൽ ഒരു ഭൂമി പലകഷണങ്ങളായി വിഭജിക്കപ്പെട്ട് ഭൂഖണ്ഡങ്ങളായി രൂപാന്തരപ്പെട്ട വൻകര വിസ്ഫോടന സിദ്ധാന്തമനുസരിച്ച് ഗ്രീസിൽ നിന്നും മുറിഞ്ഞ ഒരു തുണ്ട് ഭൂമിക്കൊപ്പം ഏഷ്യൻ ഭൂഖണ്ഡത്തിന്റെ ഭാഗമായി ഇന്ത്യയിലെത്തിയവരാണ് തോഡർ എന്നാണ് നരവംശശാസ്ത്രജ്ഞർ പറയുന്നത്‘ എന്നാണ് ആ വാർത്ത. ഇവരുടെ ആചാരരീതികൾക്കും വേഷഭൂഷകൾക്കും പേരുകൾക്കും ഇപ്പോഴും ഗ്രീക്കുകാരോട് സാമ്യമുണ്ടന്നും ഇതിന് അനുബന്ധമായി പറയുന്നു.

ഇത് ഒരു ശാസ്ത്രവാർത്തയല്ലാത്തതിനാൽ ‘അങ്ങനെ വിശ്വസിക്കപ്പെടുന്നു‘ എന്നോ ‘കരുതപ്പെടുന്നു‘ എന്നോ ആണ് പ്രയോഗിച്ചിരുന്നതെങ്കിൽ ഈ കുറിപ്പ് എഴുതില്ലായിരുന്നു. എന്നാൽ നരവംശശാസ്ത്രജ്ഞർ പറയുന്നു എന്ന് ആധികാരികമായി പറയുമ്പോൾ അത് തെറ്റിദ്ധാരണകൾക്ക് വഴിവെക്കുന്നു.

ദക്ഷിണാർധഗോളത്തിലെ ഗോണ്ഡ്വാന (Gondwana) എന്ന സൂപ്പർ കോണ്ടിനന്റ് (Super Continent) കഴിഞ്ഞ 13 കോടി വർഷങ്ങൾക്ക് മുമ്പ് ക്രിറ്റേഷ്യസ് യുഗത്തിൽ പിളർന്ന് 5 ഭൂഖണ്ഡങ്ങളായി വേർ പിരിയുന്നുണ്ട്. ഗോണ്ട്വാനയുടെ പടിഞ്ഞാറേ ഭാഗം പിളർന്ന് നീങ്ങി വടക്കേ അമേരിക്കൻ ഭൂഖണ്ടവുമായി ചേരുന്നു.  അതാണ് തെക്കേ അമേരിക്ക.  പിളർന്ന് ദക്ഷിണഭാഗത്തേക്ക് നീങ്ങിയ ഭാഗമാണ് അന്റാർട്ടിക്ക. മറ്റൊരു ഭാഗം വേറിട്ട് ആസ്ട്രേലിയ ആയിത്തീർന്നു. പിന്നീട് കിഴക്കൻ ആഫ്രിക്കയുടെ ഒരു ഭാഗം കൂടി പിളർന്ന് ഒരു ചെറിയ ഭാഗം മെയിൻ ലാന്റിൽ നിന്നും വേർപെട്ട് നേരെ വടക്കോട്ട് യാത്ര തിരിക്കുന്നു. ഈ ഭൂഭാഗമാണ് ഇന്ത്യാ ഭൂഖണ്ഡം എന്നതിന് തെളിവുകൾ ഉണ്ട്. ഈ ഭൂഭാഗം13 കോടി വർഷങ്ങൾക്ക് മുമ്പ് വടക്കോട്ടുള്ള യാത്രതുടങ്ങി 5600 കിലോമീറ്റർ പിന്നിട്ട് കഴിഞ്ഞ 5 കോടി വർഷങ്ങൾക്ക് മുമ്പ് ഇയോസിൻ യുഗത്തിൽ ഏഷ്യൻ ഭൂഖണ്ഡത്തിൽ വന്നിടിക്കുന്നു. ഈ ഇടിയുടെ അനന്തരഫലമായി 5 കോടി വർഷങ്ങൾക്ക് മുമ്പ് ഉയർന്നുതുടങ്ങി ഇന്നത്തെ അവസ്ഥയിൽ എത്തിയതാണ് ഹിമാലയ പർവ്വതം. ഭൂഖണ്ഡങ്ങളുടെ ഈ യാത്രകൾ വളരെ പതുക്കെയാണ് നടക്കുന്നത്, നമ്മുടെ നഖം വളരുന്നത്രയും പതുക്കെ. അത് ഒരു വർഷത്തിൽ ശരാശരി 2.8 ഇഞ്ച് വരുമെന്ന് കണക്കാക്കുന്നു.

ഈ ഭൂഖണ്ഡ രൂപീകരണത്തെ തോഡരുടെ വംശാവലിയുമായി ബന്ധിപ്പിക്കാൻ ശ്രമിക്കുമ്പോൾ നമ്മൾ മനസ്സിലാക്കേണ്ട ഒരു പ്രധാനപ്പെട്ട സംഗതിയുണ്ട്. 13 മുതൽ 5 കോടി വർഷങ്ങൾക്ക് മുമ്പ് ഗോണ്ട്വന പിളർന്ന് ഭൂഖണ്ഡങ്ങൾ രൂപപ്പെട്ട കാലത്ത് തോഡർ എന്നല്ല, ആധിനിക മനുഷ്യർ പോലും ഭൂമുഖത്ത് ഇല്ലായിരുന്നു എന്നതാണ് ആ വസ്തുത. മനുഷ്യരുടെയും, ഇന്ന് ജീവിച്ചിരിക്കുന്ന ഇതര പൈമേറ്റ് വർഗങ്ങളുടെയും പൊതുപൂർവ്വികരായിരുന്ന കുഞ്ഞു പ്രൈമേറ്റുകൾ മാത്രമേ അക്കാലത്ത് ഉണ്ടായിരുന്നുള്ളു എന്നതിന് ഫോസിൽ രേഖകൾ ഉണ്ട്. അതുകൊണ്ടുതന്നെ ഗ്രീസിൽ നിന്ന് പിളർന്നുവന്ന് ഇന്ത്യാഭൂഖണ്ഡത്തോട് ചേർന്ന ഭാഗത്തുള്ളവരാണ് തോഡർ എന്നത് ഒരു മികച്ച കെട്ടുകഥതന്നെയാണ്.

ഇനി നമുക്ക് തോഡർ, ഗ്രീക്കുകാരുമായി ഏതെങ്കിലും വിധത്തിൽ നരവംശശാസ്തപരമായി ബന്ധപ്പെടുന്നുണ്ടോ എന്ന് പരിശോധിക്കാം.  ഹോമോസാപ്പിയൻസ് സാപ്പിയൻസ് എന്ന ശാസ്ത്രനാമത്തിൽ അറിയപ്പെടുന്ന ആധുനിക മനുഷ്യരെ ഭൂമിശാസ്ത്രപരമായി നരവംശശാസ്ത്രജ്ഞർ മുഖ്യമായി 5 മുഖ്യ വർണങ്ങളായാണ് തിരിച്ചിരിക്കുന്നത്. കാപ്പോയ്ഡ് അഥവാ ഖോയ്സാനിഡ് മുഖ്യവർണം (തെക്കേ അമേരിക്ക), നീഗ്രോയ്ഡ് അഥവാ കോംഗോയിഡ് മുഖ്യവർണം (സബ് സഹാറൻ ആഫ്രിക്ക), കോക്കസോയ്ഡ് അഥവാ യൂറോപ്യൻ മുഖ്യവർണം, ആസ്ട്രലോയ്ഡ് മുഖ്യവർണം, മംഗോളിയിഡ് മുഖ്യവർണം എന്നിവയാണവ. ഇതിൽ ഗ്രീക്കുകാർ മുഖ്യമായും കോക്കസോയ്ഡ് വർണത്തിലാണ് ഉൾപ്പെടുന്നത്. എന്നാൽ തെക്കെ ഇന്ത്യയിലെ ഗോത്രവർഗ വിഭാഗങ്ങൾ ആസ്ട്രലോയ്ഡ് മുഖ്യവർണത്തിലാണ് ഉൾപ്പെടുക. ഇതിൽ നിന്ന് വ്യത്യസ്തമായി തോഡർ വിഭാഗം ഗ്രീക്കുകാരുമായി എന്തെങ്കിലും വിധത്തിൽ സാമ്യം പുലർത്തുന്നുവെങ്കിൽ അതിന് മനുഷ്യർ നടത്തിയ കുടിയേറ്റങ്ങളുമായി എന്തെങ്കിലും ബന്ധങ്ങൾ ഉണ്ടോ എന്ന് അന്വേഷിക്കുകയാകും ഉചിതം. മറിച്ച് കോടിക്കണക്കിന് വർഷങ്ങൾക്ക് മുമ്പ് നടന്ന ഭൂഖണ്ഡ രൂപീകരണ സിദ്ധാന്തങ്ങളുമായി അതിനെ കൂട്ടിക്കെട്ടുന്നത് വൻ അബദ്ധമായിരിക്കും. മനുഷ്യർ ഭൂമുഖത്ത് വ്യാപകമായി വ്യാപിക്കാൻ തുടങ്ങിയിട്ട് ഏതാനും പതിനായിരക്കണക്കിന് വർഷങ്ങളേ ആയിട്ടുള്ളു എന്ന വസ്തുത നാം വിസ്മരിച്ചുകൂടാ. മാത്രമല്ല, ആധുനിക മനുഷ്യൻ ഭൂമുഖത്ത് പരിണമിച്ച് രൂപപ്പെട്ടിട്ട് രണ്ട് ലക്ഷത്തിലധികം വർഷങ്ങൾ ആയിട്ടില്ല എന്നും.



3 comments:

Vijin Venu said...
This comment has been removed by the author.
Vijin Venu said...
This comment has been removed by the author.
Vijin Venu said...
This comment has been removed by the author.