മരണ ശേഷം ഭൗതിക ശരീരത്തില്‍ നിന്നും വിമുക്തമാകുന്ന, സ്വതന്ത്ര വ്യക്തിത്വമുള്ള ഒരു ആത്മാവ് നിലനില്ക്കുന്നു എന്നുള്ള വിശ്വാസത്തിലാണ് സകല മതങ്ങളും കെട്ടിപ്പൊക്കിയിരിക്കുന്നത്. ദൈവത്തിന്റെ അസ്തീത്വത്തെ നിഷേധിക്കുന്ന മതങ്ങള്‍ പോലും ആത്മാവിനെ നിഷേധിക്കുന്നില്ല. അത്തരത്തിലുള്ള ഒരത്മാവിന്റെ സാധ്യതയെക്കുറിച്ച് തലപൊക്കുന്ന സംശയത്തിന്റെ ചെറുനാമ്പുകള്‍ പോലും വെച്ചുപൊറുപ്പിക്കാന്‍ ഒരു മതവും തയ്യാറാവുകയില്ല.
ആത്മാവ് നിലനില്ക്കുന്നില്ലെങ്കില് പിന്നെ ദൈവത്തിനും, അതുവഴി മതത്തിനും പ്രസക്തി നഷ്ടപ്പെടുന്നു എന്നുള്ളതാണ് അവരെ അലട്ടുന്ന പ്രശ്നം. ജീവന്റെ ആദ്യരൂപത്തെ ഭൗതിക പദാര്‍ത്ഥത്തില്‍ നിന്നും വേര്‍തിരിച്ചെടുത്തതിനെയും ക്ലോണിങ്ങിനെയും അസഹിഷ്ണുതയോടെ കാണുന്നവരുടെ വേവലാതിയും മറ്റൊന്നല്ല.
പ്രാചീന മനുഷ്യന് തന്റെ സ്വപ്നത്തിലും സങ്കലപത്തിലും നിന്ന് സൃഷ്ടിച്ചെടുത്ത ആത്മാവിനെ ദര്‍ശനത്തിന്റെ ആവരണമണിയിച്ചു എഴുന്നെള്ളിക്കുകയാണ് മതങ്ങള്‍ ചെയ്തത്. പ്രാകൃത മനുഷ്യന്, തങ്ങള്‍ തന്നെ ജന്മം നല്കിയാ ആത്മാവിനെ ഭയപ്പെടുകയും അവയെ പ്രീതിപ്പെടുത്തി വരുതിയിലാക്കാന്‍ ശ്രമിക്കുകയും ചെയ്തുവെങ്കില്‍ മതങ്ങള്‍ ചെയ്തത് അതിനെ സ്വര്‍ഗ-നരക സിദ്ധാന്തത്തിന്റെയും അതുവഴി തങ്ങളുടെ നിലനില്‍പ്പിന്റെയും അടിക്കല്ലാക്കുകയാണ്.
മരണ ശേഷം സ്വതന്ത്രമാക്കപ്പെടുന്ന ആത്മാക്കള്‍ക്ക് എന്തു സംഭവിക്കുന്നു എന്ന കാര്യത്തില്‍ മതങ്ങള്‍ തമ്മില്‍ ഒരിക്കലും ഐക്യമുണ്ടായിട്ടില്ല. മരണ ശേഷം തങ്ങളുടെ മുജ്ജന്മ കര്‍മങ്ങള്‍ക്കനുസരിച്ച് ഓരോരുത്തരും വ്യത്യസ്ത ജീവികളായി പുനര്‍ജനിക്കുന്നു എന്നും പരബ്രഹ്മത്തെ പ്രാപിച്ച് മുക്തി നേടലാണ് അന്തിമ ലക്ഷ്യമെന്നും 'ഹിന്ദു' മതം പഠിപ്പിക്കുന്നു. മറ്റൊരു പ്രബല വിഭാഗക്കാരകട്ടെ പുനര്ജന്മ വാദത്തെ പുച്ഛിച്ചു തള്ളുന്നു. പുനര്ജന്മ വാദത്തിന്റെ അശാസ്ത്രീയതയെ തുറന്നു കാട്ടാന്‍ അവര്‍ ലോകോത്തര 'യുക്തിവാദി'കളായി മാറുന്നത് കാണാം. അബുല്‍ അ അ്ലാ മൗദൂദി 'ഇസ്ലാം' എന്ന പുസ്തകത്തില്‍ പറയുന്നത് ശ്രദ്ധിക്കുക: ഇപ്പോള്‍ ചോദ്യമുദിക്കുന്നത്, ആദ്യം എന്ത് വസ്തുവായിരുന്നു എന്നാണ്. ആദ്യം മനുഷ്യനായിരുന്നുവെന്നാണുത്തരമെങ്കില്‍ അതിനു മുമ്പ് മൃഗമോ വൃക്ഷമോ ആയിരുന്നുവെന്നും സമ്മതിക്കേണ്ടിവരും. അല്ലെങ്കില്‍ പ്രസ്തുത മനുഷ്യരൂപം ഏതൊരു സത്കര്‍മത്തിന്റെ ഫലമായി ജനിച്ചുവെന്ന ചോദ്യമുല്‍ഭവിക്കുന്നതാണ്. ഇനി ആദ്യം മൃഗമായിരുന്നുവെന്നാണ് പറയുന്നതെങ്കില്‍ അതിനു മുമ്പ് മനുഷ്യനായിരുന്നുവെന്ന് സമ്മതിക്കേണ്ടിവരും. അല്ലാത്ത പക്ഷം പ്രസ്തുത മൃഗത്തിന്റെയോ വൃക്ഷ്ത്തിന്റെയോ രൂപം ഏതൊരു ദുഷ്കര്‍മത്തിനെ ഫലമായി ലഭിച്ചുവെന്ന ചോദ്യവും ഉല്‍ഭവിക്കും. ചുരുക്കത്തില്‍ ഈ ആദര്‍ശക്കാര്‍ക്ക് സൃഷ്ടികളുടെ ആരംഭം ഇന്ന ജന്മത്തില് നിന്നാണെന്ന് തീരുമാനിക്കുക സാദ്ധ്യമല്ല. കാരണം, ഓരോ ജന്മവും മുജ്ജന്മത്തിന്റെ കര്‍മഫലമാണെന്ന് തീരുമാനിക്കണമെങ്കല്‍ ഓരോ ജമത്തിന്റെയൂം മുമ്പ് മറ്റൊരു ജന്മമുണ്ടായിരിക്കേണ്‍ടതു നിര്‍ബന്ധമാണ്. അതാകട്ടെ യുക്തിക്ക് കടകവിരുദ്ധവുമാണ്.
എന്തൊരു തെളിഞ്ഞ യുക്തി അല്ലേ?
ഇത്തരം കടുത്ത യുക്തിവാദ പ്രസംഗം നടത്തി പുനര്‍ജന്മവാദത്തെ നിരാകരിച്ച ശേഷം തങ്ങളുടെ വിശ്വാസത്തെ എങ്ങനെ ന്യായീകരിക്കുന്നു എന്നു നോക്കുക: മൂന്നാമത്തെ വിഭാഗം(മുസ്ലിംകള്) അന്ത്യദിനം(യൗമുല്‍ ഖിയാമത്ത്), യൗമുല്‍ ഹശ്ര്, ദൈവിക കോടതിയില്‍ ഹാജരാകല്‍, അനന്തരമുള്ള ദൈവത്തിന്റെ രക്ഷാശിക്ഷ എന്നിതുകളില് വിശ്വസിക്കുന്നവരാണ്. അതില്‍ ഏറ്റവും പരമമായി വിവരിക്കുന്നത് ഈ ലോകത്തിനൊരന്ത്യം വരുമെന്നും ദൈവം ഇഹലോമാകുന്ന വ്യവസായശാല നശിപ്പിച്ച് സര്‍വോപരി ഉന്നതവും അനശ്വരവുമായ ഒരു പുതിയ ലോകം സൃഷ്ടിക്കമെന്നുമാണ്. ഈ സംഗതി ശരിയാണെന്നതില്‍ സംശയത്തിനൊട്ടും തന്നെ പഴുതില്ല.
മറ്റുള്ളവരുടെ വിസ്വാസങ്ങളെ തലനാരിഴ കീറി വ്യാഖ്യാനിച്ച് അതിലെ അയിക്തി പുറത്തുകൊണ്ടു വരാന്‍ അത്യുല്‍സാഹം കാണിക്കുന്ന ഇക്കൂട്ടര്‍ തങ്ങളുടെ മതത്തിന്റെ കാര്യം വരുമ്പോള്‍ തങ്ങളുടെ യുക്തിയെ സൗകര്യ പൂര്‍വ്വം മാറ്റിവെക്കുന്നു. മൗദൂദി തന്നെ പറയുന്നത് നോക്കൂ: പരലോകത്തെക്കുറിച്ചുള്ള നമ്മുടെ വിശ്വാസം വാസ്തവത്തില്‍, യുക്തിയെ ആസ്പദിച്ചുള്ളതല്ല. അടിയുറച്ച വിശ്വാസമാണതിന്റെ അടിസ്ഥാനം.
ഭൂമിയില്‍ ദൈവത്തെ അനുസരിച്ച് ജീവിക്കുന്നവര്‍ക്ക് പരലോകത്തലെത്തിയാല കിട്ടാന്‍ പോകുന്ന സൗഭാഗ്യ കേന്ദ്രമാണ് സെമിറ്റിക് മതങ്ങള്‍ വാഗ്ദാനം ചെയ്യുന്ന സ്വര്‍ഗം. തേനിന്റെയും പാലിന്റെയും നദികള്‍ അവിടെ ഒഴുകിക്കൊണ്ടിരിക്കുന്നു. സര്‍വ്വതും സന്തോഷ്ത്തോടെ സമര്‍പ്പിക്കാന്‍ തയ്യാറായ അതിസുന്ദരികളായ സ്ത്രീകള്‍ അവിടെയുണ്ട്. എന്തു സേവനവും ചെയ്യാന്‍ ദാഹിച്ചു നില്ക്കുന്ന ബാലന്മാരും മദ്യം നിറച്ച കോപ്പകളുമായി ഓടി നടക്കുന്നു.സുന്ദരികളായ ഹൂറികള്‍, നാടന്‍ സ്ത്രീകള്‍ സുമുഖന്മാരായ ബാലന്മാര്, തിന്നാനും കുടിക്കാനുമുള്ള വിഭവങ്ങള്‍, കിടക്കാനുള്ള മികച്ച സൗകര്യം, ധരിക്കാന്‍ നല്ല വസ്ത്രം, ശാന്തമായ അന്തരീക്ഷം, സര്‍വ്വോപരി ദൈവത്തെ നേരില്‍ കാണാന്‍ കഴിയുന്ന ഏക സ്ഥലം-ഇത്രയുമാണ് മനുഷ്യന്റെ പരമോന്നതാവസ്ഥയെക്കുടിച്ചുള്ള (സ്വര്‍ഗ) സങ്കല്‍പ്പം.
ആധുനിക സമൂഹത്തില്‍ ജീവിക്കുന്ന ഒരു സാധാരണ മനുഷ്യനെപ്പോലും തൃപ്തനാക്കുന്നല്ല ഈ ദൈവ സങ്കല്പം. പണമുള്ളവര്‍ക്ക് ഇവിടെ ജീവിക്കുമ്പോള്‍ തന്നെ ലഭിക്കുന്ന സുഖസൗകര്യങ്ങളുടെ ഒരംശം പോലും സെമിറ്റിക് സ്വര്‍ഗത്തില്‍ വാഗ്ദാനം ചെയ്യപ്പെടുന്നില്ല. സ്വിച്ച് ഓണ്‍ ചെയ്താല്‍ ചൂടുവെള്ളം ചുരത്തുന്ന വൈദ്ധ്യുത കാമധേനുവോ ശീതള പ്രവാഹം തരുന്ന ഫാനോ, മധുര സംഗീതം പൊഴിക്കുന്ന ഗാന പേടകമോ കലാദൃശ്യങ്ങള്‍ പകര്‍ത്തുന്ന ടെലിവിഷനോ സ്വര്‍ഗത്തില്‍ ഇല്ല. ഇന്റര്‍നെറ്റിന്റെ കാര്യം പിന്നെ പറയാനുമില്ലല്ലോ. ഇന്നു സാധാരണക്കാര്‍ക്കുപോലും ഇതൊട്ടും ആകര്‍ഷക്മായി തോന്നാനിടയില്ല.
ആധുനിക കാലതിന്റെ വെളിച്ചത്തില്‍ സ്വര്‍ഗത്തിലെ സൗകര്യങ്ങള്‍ അപര്യപ്തമാണെന്ന വിമര്‍ശനത്തെ ആഗ്രഹിക്കുന്നതെന്തും ലഭിക്കുമെന്ന് പറഞ്ഞാണ് മതത്തിന്റെ ആധുനിക വ്യാഖ്യാതാക്കള്‍ നേരിടുന്നത്. എന്നാല്‍ ആഗ്രഹങ്ങള്‍ക്കു് തനതായ നിലനില്‍പ്പില്ലെന്ന് ഇവര്‍ മനസ്സിലാക്കുന്നില്ല. ഒരാള്‍ക്ക് അയാള്‍ ജീവിക്കുന്ന കാലഘട്ടത്തിനും സ്ഥലത്തിനും അകത്തുനിന്നുകൊണ്ട് മാത്രമേ എന്തും ആഗ്രഹിക്കാന്‍ കഴിയൂ. മനുഷ്യവര്‍ഗത്തിന്റെ വളര്‍ച്ചയിലെ വിവിധ ഘട്ടങ്ങളില്‍ മരിച്ചുപോയവര്‍ക്ക് സ്വര്‍ഗത്തില്‍ പൊതുവായ ആഗ്രഹത്തില്‍ ഒന്നിക്കാനാകില്ല. കാടത്തയുഗത്തില്‍ മരിച്ചുപോയ ഒരു മനുഷ്യന് പച്ച മാംസം കടിച്ചുതിന്നാനാണ് ആഗ്രഹിക്കുക. അവന് ഒരിക്കലും ചിക്കന്‍ ഫ്രൈ ആഗ്രഹിക്കില്ല. കളര്‍ ടി വിയോ എ സി റൂമോ കാറോ അവന് എങ്ങനെ ആഗ്രഹിക്കും? ആധുനിക സമൂഹത്തില്‍ ജീവിച്ച ഒരു മനുഷ്യന്റെ ആഗ്രഹങ്ങള്‍ ഒരു കാടന്റെ ആഗ്രഹങ്ങളുമായി ഒരിക്കലും ഒത്തുപോകില്ല. അപ്പോള്‍ അവിടെ അഭിപ്രായ സംഘട്ടനങ്ങള്‍ സ്വാഭാവികം. ( സ്വര്‍ഗത്തില്‍ യുദ്ധമുണ്ടായി എന്ന് ബൈബിളില്‍ കണ്ടിട്ടുണ്ട്.) അങ്ങനെ വന്നാര് ഓരോ കാലത്തും ദേശത്തും ജീവിച്ചവര്‍ക്ക് പ്രത്യേകം പ്രത്യേകം സ്വര്‍ഗം പണിയേണ്ടി വരില്ലേ?
ആധുനിക സാമൂഹ്യ വളര്‍ച്ചയുടെ വെളിച്ചത്തില്‍ നോക്കിയാല്‍ മതം വാഗ്ദാനം ചെയ്യുന്ന സ്വര്‍ഗം ഏതുനിലയിലും ദരിദ്രമാണ്. ആധുനിക മത വ്യാഖ്യാതാക്കള്‍ക്ക് ചില്ലറ വ്യാഖ്യാനക്കസര്‍ത്തുകള്‍ നടത്തി തല്ക്കാലം തടിത്തപ്പാന്‍ കഴിഞ്ഞേക്കും. പക്ഷേ സ്വര്‍ഗവും നരകവും ഉള്‍പ്പെടെയുള്ള മതസങ്കല്പ്പങ്ങള് അധികം വൈകാതെ അപ്രത്യക്ഷമാകാതെ തരമില്ല.
30 comments:
"ഇപ്പോള്‍ ചോദ്യമുദിക്കുന്നത്, ആദ്യം എന്ത് വസ്തുവായിരുന്നു എന്നാണ്. ആദ്യം മനുഷ്യനായിരുന്നുവെന്നാണുത്തരമെങ്കില്‍ അതിനു മുമ്പ് മൃഗമോ വൃക്ഷമോ ആയിരുന്നുവെന്നും സമ്മതിക്കേണ്ടിവരും. അല്ലെങ്കില്‍ പ്രസ്തുത മനുഷ്യരൂപം ഏതൊരു സത്കര്‍മത്തിന്റെ ഫലമായി ജനിച്ചുവെന്ന ചോദ്യമുല്‍ഭവിക്കുന്നതാണ്. ഇനി ആദ്യം മൃഗമായിരുന്നുവെന്നാണ് പറയുന്നതെങ്കില്‍ അതിനു മുമ്പ് മനുഷ്യനായിരുന്നുവെന്ന് സമ്മതിക്കേണ്ടിവരും. അല്ലാത്ത പക്ഷം പ്രസ്തുത മൃഗത്തിന്റെയോ വൃക്ഷ്ത്തിന്റെയോ രൂപം ഏതൊരു ദുഷ്കര്‍മത്തിനെ ഫലമായി ലഭിച്ചുവെന്ന ചോദ്യവും ഉല്‍ഭവിക്കും. ചുരുക്കത്തില്‍ ഈ ആദര്‍ശക്കാര്‍ക്ക് സൃഷ്ടികളുടെ ആരംഭം ഇന്ന ജന്മത്തില് നിന്നാണെന്ന് തീരുമാനിക്കുക സാദ്ധ്യമല്ല. കാരണം, ഓരോ ജന്മവും മുജ്ജന്മത്തിന്റെ കര്‍മഫലമാണെന്ന് തീരുമാനിക്കണമെങ്കല്‍ ഓരോ ജമത്തിന്റെയൂം മുമ്പ് മറ്റൊരു ജന്മമുണ്ടായിരിക്കേണ്‍ടതു നിര്‍ബന്ധമാണ്. അതാകട്ടെ യുക്തിക്ക് കടകവിരുദ്ധവുമാണ്."--- പുനര്ജന്മ സിദ്ധാന്തത്തെ മൗദൂദി വിശദമായിത്തന്നെ പൊളിച്ചതിനാല്‍ അതിലേക്ക് കൂടുതല്‍ കടക്കുന്നില്ല.
ഇതുപോലെ എല്ലാ മതങ്ങളും മറ്റു മതങ്ങളുടെ സിദ്ധാന്തങ്ങളെ യുക്തികൊണ്ട് തകര്‍ക്കും; എന്നാല്‍ തങ്ങളുടെ മതത്തിന്റെ കാര്യം വരുമ്പോള്‍ അവര്‍ തനിനിറം കാണിക്കും. കൃസ്ത്യാനികള്‍ മറ്റു മതക്കാരെ പാപികളേ എന്ന് വിളിക്കും, അള്ളാഹുവല്ലാത്ത ദൈവങ്ങളെയും അവയെ ആരാധിക്കുന്നവരെയും നരകത്തിലെ വിറകാക്കുമെന്ന് അവരും വീമ്പിളക്കും. ഹിന്ദു ദൈവങ്ങളും ഇതിലും വലിയ വീമ്പിളക്കിയിട്ടുണ്ട്. എല്ലാവര്ക്കും എന്റെ മതം മാത്രം ശരി, മറ്റെല്ലാം തെറ്റും. നിഷ്പക്ഷമായി നോക്കുന്നവര്‍ക്ക് ഇതിലെല്ലാം ചില ദൃഷ്ടാന്തങ്ങളുണ്ട്.
ഇനി ഞാനെന്തു പറയാനാ...!
കിടിലൻ സുശീലേ..!!
Simple and Superb...!!
Congrats Susheel....
തങ്ങള്‍ കണ്ടത് മാത്രമേ ഉള്‍കൊള്ളുകയുള്ളൂ എന്ന് പറയുന്നവരും അടിസ്ഥാനപരമായി ദൈവനിഷേധം ഉള്‍കൊള്ളുന്ന ഏത് വാറോലകളെയും, സ്വന്തം മതത്തെ അവഹേളിക്കുന്നവരേയും എളുപ്പം വിശ്വസിക്കും. അതിനെ എതിര്‍ക്കുന്നവരെ സഹിഷ്ണുതയില്ലാത്തവര് എന്ന് ആക്ഷേപിക്കും.
'നിഷ്പക്ഷമായി നോക്കുന്നവര്‍ക്ക് ഇതിലെല്ലാം ചില ദൃഷ്ടാന്തങ്ങളുണ്ട്.'
പ്രിയ സി കെ ലത്തീഫ്, വിഷയത്തിലേക്ക് കടന്ന് ചര്‍ച്ച ചെയ്യാന്‍ താങ്കളെ സ്നേഹപൂര്‍വ്വം ക്ഷണിക്കുന്നു. കാണാത്തവയില്‍ ഏതെല്ലാമാണ് ഉള്ക്കൊള്ളാവുന്നവയെന്ന് തീരുമാനിക്കാനുള്ള മാനദണ്ഡങ്ങള്‍ അറിയില്ലല്ലോ? താങ്കള്‍ ഉള്‍ക്കൊണ്ടതുപോലെ ഉള്‍ക്കൊള്ളുകയാണെങ്കില്‍ ഞാന്‍ ഉള്‍ക്കൊള്ളേണ്ടത് പുനര്ജന്മ സിദ്ധാന്തമാണ്. കാരണം ഞാന്‍ പുനര്ജന്മത്തില് വിശ്വസിക്കുന്ന മതത്തിലാണ് ജനിച്ചത്. അതിനെ തങ്കളുടെ നേതാവ് മൗദൂദി ഖണ്ഠിച്ചത് എനിക്ക് ബോധിച്ചു. ഇക്കാര്യത്തില്‍ ഞാന്‍ മൗദൂദിയുടെ കൂടെയാണ്. പക്ഷേ സ്വര്‍ഗ നരഗ സിദ്ധാന്തത്തെ അതുപോലെ വിമര്‍ശിക്കാനുള്ള സ്വാതന്ത്ര്യം മറ്റുള്ളവര്‍ക്കുമുണ്ടെന്ന് അംഗീകരിച്ചു തരരുതോ? ഇസ്ലാമിക രാജ്യത്ത് അതിനുള്ള സ്വാതന്ത്ര്യം കിട്ടില്ലെന്നറിയാം. എന്നാല്‍ ഈ ജനാധിപത്യ രാജ്യത്തിലെങ്കിലും?
പ്രിയ സുശീല്‍ കുമാര്‍
താങ്കളുടെ അഭിപ്രായപ്രകടനങ്ങള്‍ ജബ്ബാര്‍ മാഷുടെ ബ്ലോഗിനപ്പുറം ചിലകാര്യങ്ങള്‍ സ്വന്തമായി വായിക്കുന്ന ആളാണെന്ന് മനസ്സിലാകുന്നു. താങ്കളുടെ അഭിപ്രായങ്ങള്‍ക്ക് അതനനുസരിച്ച് ഒരു മാര്‍ദവം കാണാനുമുണ്ട് അതുകൊണ്ടാണ് ചെറിയ ഒരു അഭിപ്രായം ഞാനും നല്‍കിയത്. എന്റെ വിശ്വാസത്തെ ചോദ്യം ചെയ്യുന്നതില്‍ എനിക്ക് ഒട്ടും അസ്ക്യത ഇല്ല. താങ്കള്‍ക്ക് ഇസ്ലാമിനെ വിമര്‍ശിക്കാനും നിരൂപണം ചെയ്യാനും ചോദ്യം ചെയ്യാനും അധികാരവും അവകാശവുമുണ്ട്. മനുഷ്യന്റെ അടിസ്ഥാനപരമായ അവകാശങ്ങളില്‍ പെട്ടതാണത്. താങ്കള്‍ പറയുന്ന ഇസ്ലാമിക രാഷ്ട്രങ്ങളില്‍ താങ്കള്‍ക്ക് മാത്രമല്ല അഭിപ്രായ പ്രകടനത്തിന് വിലക്കുള്ളത്. തനില്‍ ഖുര്‍ആനില്‍ നിന്ന് പോലും അവര്‍ എഴുതികൊടുക്കുന്നതല്ലാതെ മിക്ക രാജ്യങ്ങളില്‍ സാധ്യമല്ല. അതില്‍ നിന്ന് താങ്കളെപ്പോലുള്ളവര്‍ ഇസ്്ലാമിക രാഷ്്ട്രം അഭിപ്രായ പ്രകടനം അംഗീകരിക്കുകയില്ല എന്ന കണ്ക്ലൂഷനിലെത്തിയാല് അതിലൊട്ടും അത്ഭുതമില്ല. ഞാന്‍ മുസ്്ലിമായി തന്നെയാണ് ജനിച്ചത് പക്ഷേ അതിന് ശേഷം കുറച്ചൊക്കെ അതിനെക്കുറിച്ച് പഠിക്കാന്‍ അവസരം ലഭിച്ചിരിക്കുന്നു. ഇപ്പോള്‍ എനിക്കുള്ളത് കേവലവിശ്വാസമല്ല. ദൃഢവിശ്വാസമാണ്. അറിവിന്റെ അടിസ്ഥാനത്തിലെ അതുണ്ടാകൂ. ആ അറിവ് അപരനും ലഭിക്കുമെങ്കില്‍ അദ്ദേഹവും തന്റെ അതേ വിശ്വാസത്തിലെത്തും എന്ന ഒരു ചിന്തകൂടി അത്തരം വിശ്വാസത്തിന്റെ ഭാഗമാണ്. മാത്രമല്ല അന്യരോടുള്ള ഗുണകാംക്ഷയുടെ യഥാര്‍ഥ പ്രകടനവും അതാണ് എന്ന് എന്നെപ്പോലെയുള്ളവര്‍ മനസ്സിലാക്കുന്നു. താങ്കള്‍ക്ക് വിശ്വസിക്കാനുള്ള സ്വാതന്ത്ര്യം പോലെതന്നെ നിഷേധിക്കാനുള്ള അവകാശവുമുണ്ട്. തെളിവുകളില്ലാതെ ഒന്നും വിശ്വസിക്കരുത് അതാണ് അന്ധവിശ്വാസം. അതിനാല്‍ നിഷേധിക്കുന്നതിന് മുമ്പും അല്പം ആലോചിക്കുന്നത് നല്ലതാണ്. അത് നിഷേധിക്കാനാവശ്യമായ വസ്തുതകള്‍ ഞാന്‍ കരസ്്ഥമാക്കിയോ എന്ന്. അത്രമാത്രമേ എനിക്കിപ്പോള്‍ പറയാനുള്ളൂ.
'കാടത്തയുഗത്തില്‍ മരിച്ചുപോയ ഒരു മനുഷ്യന് പച്ച മാംസം കടിച്ചുതിന്നാനാണ് ആഗ്രഹിക്കുക. അവന് ഒരിക്കലും ചിക്കന്‍ ഫ്രൈ ആഗ്രഹിക്കില്ല.'
സ്വര്ഗനരകങ്ങളിലുള്ള വിശ്വാസം ഒരു സ്വതന്ത്രവിശ്വാസമല്ല. പരലോകവിശ്വാസത്തിന്റെ ഭാഗമാണ്. അതാകട്ടേ ദൈവവിശ്വാസവും പ്രവാചകവിശ്വാസവും വേദഗ്രന്ഥത്തലുള്ള വിശ്വാസവുമായി ബന്ധപ്പെട്ടിരിക്കുന്നു. ഇത് അടിസ്ഥാനപരമായി മനസ്സിലാക്കുന്നതുകൊണ്ട് നിങ്ങളുടെ ഇവ്വിഷയകമായ പോസ്റ്റില്‍ അഭിപ്രായം പറയുന്നതിന് പരിമിതിയുണ്ട്. ഇവിടത്തെകര്മങ്ങള്ക്ക് കൃത്യമായ രക്ഷാശിക്ഷകള്‍ നല്കപ്പെടുന്ന ഒരിടം ഉണ്ടായിരുന്നുവെങ്കില്‍ ജീവിതത്തിന്റെ ഏതെങ്കിലും സന്ദര്‍ഭത്തില്‍ നാം ഓര്‍ത്തു പോകാനിടയുണ്ട്. നമ്മുടെ ജീവിതത്തെക്കുറിച്ച് ചിന്തിച്ചാലറിയാം ആദ്യാവസാനം നഷ്ട്പ്പെട്ട ഒരു പുസ്തകത്തെപ്പോലെ അപൂര്ണമാണത്. അത് കണ്ടെത്താനുള്ള ശ്രമത്തില്‍ നിന്നാണ് വ്യത്യസ്ഥമായ മരണാനന്തര ജീവിതത്തെക്കുറിച്ചുള്ള സങ്കല്പം ഉരുത്തിരിഞ്ഞത്. ഏതായാലും ഒന്ന് സത്യമായിരിക്കും. ഒന്നുകില്‍ അങ്ങനെ ഒരു ലോകമുണ്ടാകും അല്ലെങ്കില്‍ ഉണ്ടാവില്ല. ഇതു രണ്ടും വിശ്വാസമാണ് എന്നാണ് ഞാന്‍ പറയുക. പിന്നെയുള്ളത് ഇതിലേതാണ് ശരി എന്ന ചിന്തയാണ്. വിശ്വസിക്കാന്‍ വേണ്ട അറിവുപോലും നിഷേധിക്കാന്‍ വേണ്ട. കാണുന്നില്ല കണ്ടിട്ടില്ല എന്നൊക്കെയുള്ള ന്യായീകരണം മതിയാകും. കണ്ടാല്‍ പിന്നെ വിശ്വാസം ആവശ്യമില്ല എന്നതാണ് നേര്.
ഈ ജന്മത്തിലെ എല്ലാ കഷ്ടനഷ്ടങ്ങള്‍ക്കും കാരണം മുജ്ജന്മത്തിലെ കര്‍മങ്ങളുടെ ഫലമാണെന്നും അതിനാല്‍ എതിരഭിപ്രായം പറയാതെ എല്ലാം അനുസരിക്കണമെന്നും പറഞ്ഞാണ് ചാതുര്‍വര്‍ണ്യം ഭാരതത്തില്‍ കിരാതത്വം അടിച്ചേല്‍പ്പിച്ചത്. അതുപോലെത്തന്നെയണ് ഈ ജന്മത്തിലെ കര്‍മങ്ങള്‍ക്ക് മരണ ശേഷം ഫലം കിട്ടുമെന്ന വാദവും. രണ്ടും മനുഷ്യനെ കിട്ടാത്ത സ്വപ്നങ്ങളില്‍ തളച്ചിടുന്നു. അത് തലക്കു മുന്നില്‍ ഇല കെട്ടിത്തൂക്കി കഴുതയെ നടത്തിക്കുന്നത് പോലെയാണ്. എതിരഭിപ്രായമില്ലാതെ അനുസരിപ്പിക്കാന്‍ അതിലും നല്ല മാര്‍ഗമില്ല തന്നെ. അറിയാത്ത കാര്യങ്ങളെക്കുറിച്ചറിയാനുള്ള അംഗീകൃത മാര്‍ഗം ശാസ്ത്രത്തിന്റേത് മാത്രമാണ്; വിശ്വാസത്തിന്റേതല്ല. ഒന്ന് മനുഷ്യനെ പുരോഗതിയിലേക്ക് നയിക്കുമ്പോള്‍ മറ്റേത് യാഥാസ്ത്ഥിതികത്വത്തില് തളച്ചിടുന്നു. എനിക്ക് സ്വീകാര്യമായത് സംശയിക്കുകയും ചോദ്യം ചെയ്യുകയും അന്വേഷിക്കുകയും പരീക്ഷണ നിരീക്ഷണങ്ങള്‍ നടത്തുകയും നിഗമനങ്ങളില്‍ എത്തുകയും സിദ്ധാന്തവല്‍ക്കരിക്കുകയും ചെയ്യുന്ന ശാസ്ത്രത്തിന്റെ മാര്‍ഗം തന്നെയാണ്. മതത്തിന്റെ മാര്‍ഗം എതിരഭിപ്രായമില്ലാതെ, ശാശ്വതമെന്ന് പറയുന്ന അബദ്ധങ്ങളില്‍ വിശ്വസിക്കുകയും
ചിലകാര്യങ്ങള്‍ ചുരുക്കി പറയട്ടേ.
* ഇസ്ലാം വിഭാവനം ചെയ്യുന്ന സ്വര്‍ഗം കിട്ടാത്തതാണ് എന്ന് നാം വിശ്വസിക്കുന്നതിന് മുമ്പ്. അത് ലഭിക്കാതിരിക്കാന്‍ എന്തുണ്ട് തടസ്സം എന്നാണ് ചിന്തിക്കേണ്ടത്.
* യഥാര്‍ഥമതം ചൂഷണത്തില്‍ നിന്ന് മുക്തമായിരിക്കും. മനുഷ്യാടിമത്തത്തില്‍ നിന്നും.
*ദൈവിക മതം മനുഷ്യനെ പുരോഗതിയിലേക്കും സമാധാനത്തിലേക്കും മാത്രമേ നയിക്കൂ. അതിന് വിരുദ്ധമായി തോന്നുന്നെങ്കില്‍ അത് ശരിയായ രീതിയിലല്ല ആചരിക്കപ്പെടുന്നത് എന്നാണര്‍ഥം.
*ദൈവികമതവം ശാസ്ത്രവും ഒരിക്കലും ഏറ്റുമുട്ടുകയില്ല. പരസ്്പര അനുപൂരകമായിരിക്കും.
*ദൈവികമതം സ്വതന്ത്രചിന്തയെ തടയുകയില്ല.
*യഥാര്ഥമതത്തെയും പൌരോഹിത്യമതവും കൂട്ടിക്കുഴക്കുകയും അവരണ്ടിന്റെയും വ്യത്യാസം തിരിച്ചറിയാതെ പോകുകയും ചെയ്യുന്ന അബന്ധം സാധാരണ സംഭവിക്കുന്നതാണ്. പൌരോഹിത്യം ദൈവികത്വത്തിന് എതിരാണ്. എല്ലാ മതത്തിലും (ഇസ്ലാമില്‍ പൌരോഹിത്യമില്ല - മുഹമ്മദ് നബി).
*ഇസ്ലാമിലെ സ്വര്‍ഗം താങ്കള്‍ വിചാരിക്കുന്നതുപോലെ ദരിദ്രമല്ല. മിനിമം സ്വര്‍ഗം ലഭിച്ചാല്‍ കൂടുതല്‍ സൌകര്യങ്ങള്‍ക്ക് ആഗ്രഹിക്കാന്‍ മനുഷ്യന് പ്രയാസമുണ്ടാവില്ല. കാട്ടില്‍ വസിക്കുന്നവന് സ്വര്ഗവകാശിയായിതീരാനുള്ള പ്രവര്‍ത്തനങ്ങള്‍ ചെയ്യാനവന് ബുദ്ധിയുണ്ടെങ്കില്‍. സൌകര്യങ്ങള്‍ ആഗ്രഹിക്കാനും അവന് കഴിയും. ആദ്യമേ അവന് ചോദിക്കുന്ന സ്വര്‍ഗം നല്കുകയല്ല ചെയ്യുക. അതിലുള്ള സൌകര്യങ്ങളാണ് ആഗ്രഹമനുസരിച്ച് വര്‍ദ്ധിപ്പിച്ച് കൊടുക്കുന്നത്. അതിനാല്‍ ശിലാവാസിക്ക് ചിക്കന്‍ 65 ആഗ്രഹിക്കാനാവില്ല എന്ന വാദം ശരിയാണെങ്കിലും. ഇവിടെ ആ ഉദാഹരണത്തിന് ഒരു പ്രസക്തിയുമില്ല.
സ്വന്തം മതത്തെ മറ്റുള്ളവര്‍ക്കിടയില്‍ കൊച്ചാക്കിയിട്ടു വേണോടോ സ്വര്‍ഗത്തെ എതിര്‍ക്കാന്‍? സനാതന സങ്കല്‍പ്പങ്ങളെ എതിര്‍ക്കാന്‍ മൗദൂദിയെന്നല്ല, ഒരുത്തനും കഴിയില്ല. അവര്‍ അവരുടെ മതത്തിലെ കാര്യം നോക്കട്ടെ. പുനര്ജന്മ കാര്യമൊക്കെ നോക്കാന്‍ എവിടെ വേറെയും ആളുണ്ട്.
ലത്തീഫ് പറയുന്നതുപോലെ സുന്ദരമാണ് മതമെങ്കില്‍ കുഴപ്പമൊന്നുമില്ല. പക്ഷേ ഏത് ഗ്രഹത്തിലെ മതത്തിന്റെ കാര്യമാണ് പറയുന്നത് എന്ന കാര്യത്തിലാണ് ആശായക്കുഴപ്പം. ഭൂമിയില കാര്യവുമായി ഇതിന് ഒട്ടും സാമ്യം തോന്നുന്നില്ല. തന്റെ മതം ഇതൊന്നുമല്ലെന്ന് ഇവിടുത്തെ വിശ്വാസികള്‍ക്ക് പറഞ്ഞുകൊടുക്കാന്‍ ഇവിടെ ഒരു ദൈവം പോലുമില്ലാത്തതാണ് കുഴപ്പമെന്നു തോന്നുന്നു.
പിന്നെ അജ്ഞാത വേഷത്തില്‍ വരുന്നതിനുപകരം ആള് വെളിപ്പെടുത്തിപറയുമ്പോള് "സ്വന്തം" മതക്കാര്‍ക്ക് മറുപടി പറയാം.
പ്രിയ സുശീല്‍
തങ്ങളുടെ മതം ദൈവികമെന്ന് അഭിപ്രായപ്പെടുന്നവരാണെല്ലാവരും. ദൈവിക മതം ഈ പ്രകൃതിയെപ്പോലെ സുന്ദരമായിരിക്കും. എന്റെ അഭിപ്രായത്തില്‍ ഇസ്്ലാം അതിന്റെ തനതായ രൂപത്തില്‍ സുന്ദരമാണ്. നിങ്ങള്‍ക്കും പരിശോധിക്കാം. കേട്ടത് അണ്ണാക്ക് തൊടാതെ വിഴുങ്ങാതിരുന്നാല്‍ മതി അത് മുസ്്ലിം യുക്തിവാദി പറഞ്ഞാലും മുസ്്ലിം പ്രബോധകര്‍ പറഞ്ഞാലും. കണിശമായ വിചാരണക്ക് ശേഷം മാത്രം താങ്കള്‍ നിഗമനത്തിലെത്തൂ. ഞാന്‍ പറയുന്ന കാര്യങ്ങല്‍ ഭൂമിയില്‍ ഇന്ന് നിലനിര്‍ക്കുന്ന ദൈവിക ദര്‍ശനത്തെക്കുറിച്ച് തന്നെ എന്ന് താങ്കള്‍ക്ക് ബോധ്യപ്പെടാതിരിക്കില്ല. മുന്‍ധാരണകളും മുകളില്‍ കണ്ട അജ്ഞാതന്റെ ആത്മവിശ്വാസവും സത്യത്തിന്റെ മാര്‍ഗത്തില്‍ ഒട്ടും പ്രയോജനപ്പെടില്ല.
വിവിധ മതങ്ങളിലെ ദൈവസങ്കല്‍പ്പങ്ങളെ ഇവിടെ വിശകലനം ചെയ്തിട്ടുണ്ട്.
ഇപ്പോഴാണു ശ്രദ്ധയില്‍ പെട്ടത്. വളരെ നല്ല പോസ്റ്റ് അഭിനന്ദനങ്ങള്‍ !
പ്രിയ ലത്തീഫ്,
"വിശ്വസിക്കാന്‍ വേണ്ട അറിവുപോലും നിഷേധിക്കാന്‍ വേണ്ട."
യഥാര്‍ത്ഥത്തില്‍ വിശ്വസിക്കാനല്ലേ അറിവു വേണ്ടാത്തത്/ആവശ്യമില്ലാത്തത് ? എല്ലാ മതങ്ങളും മുന്നോട്ട് വെയ്ക്കുന്നത് നിരുപാധികമായ വിശ്വാസമല്ലേ ? കാണുകയോ കേള്‍ക്കുകയോ അനുഭവിക്കുകയോ ചെയ്യാത്ത, കാര്യങ്ങള്‍ യാതൊരു പരിശോധനയും ചോദ്യം ചെയ്യലും കൂടാതെ അബോധമായോ സബോധമായോ സ്വീകരിക്കുക, ഇതിനെയല്ലേ വിശ്വാസം എന്നു പറയുക. താങ്കളെ പോലെ നിശിതമായ പഠനത്തിനു ശേഷം മതം സ്വീകരിച്ചവരൊഴികെയുള്ള ബഹുഭൂരിപക്ഷ വിശ്വാസികളുടേയും അവസ്ഥ ഇതു തന്നെയല്ലേ ! അവര്‍ ജനിച്ചുവീഴുന്ന മതത്തിലേയും അതിലെ ദൈവത്തിന്റേയും വിശ്വാസികളാകുന്നു. താങ്കള്‍ ഹിന്ദുവിലോ കൃസ്തുമതത്തിലോ ജനിച്ചിരുന്നെങ്കില്‍ ഏതു വിശ്വാസത്തെ പിന്തുടര്‍ന്നേനെ ? പക്ഷേ നിഷേധിക്കാനാണ് അറിവു വേണ്ടത്.
‘സത്യം’എന്നത് ചുമ്മാതെ വിശ്വസിക്കേണ്ട സംഗതിയല്ല. അനുഭവിച്ചറിയേണ്ടതോ, അനുഭവിക്കാന്‍ സാധ്യമായ സംഗതിയോ ആണെന്നു തെളിവുകളുടെ അടിസ്ഥാനത്തില്‍ വിശകനംചെയ്തു ഉറപ്പിക്കുകയാണ്. ഇതിനു അറിവു ആവശ്യമാണ്.
നിസ്സഹായന്
ഒരര്‍ഥത്തില്‍ ഞാന്‍ താങ്കളോട് യോജിക്കുന്നു. അന്ധമായി വിശ്വസിച്ച് പോരുന്ന ചില കാര്യങ്ങള്‍ നിഷേധിക്കുന്നതിലേക്ക് എത്തുന്നത് ചിന്തയും യുക്തിയും തന്നെ. അതിനുമപ്പുറം വിശ്വാസം ദൃഢവിശ്വാസത്തിലേക്ക് മാറാന്‍ അറിവ് ആവശ്യമുണ്ട്. വ്യക്തമായ സംശയലേശമന്യയുള്ള അറിവ്. സംശയമുണ്ടെങ്കില്‍ നിങ്ങള്‍ അപ്രകാരം വിശ്വസിക്കുന്ന ചിലകാര്യങ്ങളെക്കുറിച്ച് ആലോചിച്ചുനോക്കുക. ദൈവത്തെക്കുറിച്ചും വേദത്തെക്കുറിച്ചും മറ്റുചില അഭൗതികകാര്യങ്ങളെക്കുറിച്ചും ഞങ്ങള്‍ വിശ്വാസികളില്‍ ചിലര്‍ക്കുള്ള അറിവ് അത്തരത്തിലുള്ളതാണ്. അതിന്റെ അടിസ്ഥാനത്തിലാണ് ആ വിശ്വാസം പടുത്തുയര്‍ത്തപ്പെട്ടിരിക്കുന്നത്. അല്പവിജ്ഞാനം മനുഷ്യനെ നിരീശ്വരവാദിയാക്കുന്നു എന്ന് പറയുന്നത് ശരിയാണെന്ന് ഞാന്‍ കരുതുന്നു. ഒരു പക്ഷേ അതാണ് ദൃഢവിശ്വാസത്തിലേക്കുള്ള ചുവടുവെപ്പ്. ഒരു ദൈവവുമില്ല എന്നതാണ് ഇസ്ലാമിലെ വിശുദ്ധവചനത്തിലെ ഒന്നാം ഭാഗം അല്ലാഹു അല്ലാതെ എന്നത് അതിന്റെ രണ്ടാം ഭാഗം. യുക്തിവാദികള്‍ ആദ്യഭാഗത്താണുള്ളത്. അല്ലാഹു അല്ലാതെ എന്ന് പറയാന്‍ (ഉറച്ച് പറയാന്‍) വിജ്ഞാനം ആവശ്യമുണ്ട്. ചങ്കുറപ്പും.
അല്ലാഹുവല്ലാതെ മറ്റൊരു ദൈവവുമില്ലെന്ന് മുസ്ലിംകള് വിശ്വസിക്കുന്നു. മറ്റു മതക്കാരും അവരവരുടെ മതങ്ങളില്‍ വിശ്വസിക്കുകയും മറ്റു ദൈവങ്ങളെയെല്ലാം തള്ളീക്കളയുകയും ചെയ്യുന്നു. ഇതിന് വലിയ ജ്ഞാനമൊന്നും ആവശ്യമില്ല. എല്ലാവരും അതു തന്നെ ചെയ്യുന്നു. എല്ലാം ശരിയെന്നു പറയുമ്പോള്‍ പിന്നെ തന്റെതിന് മാത്രം പ്രസക്തിയില്ലല്ലോ? നൂറു പേരില്‍ ഓരോരുത്തരും ഒരു ദൈവത്തെ കൊള്ളുകയും തൊണ്ണൂറ്റൊമ്പത് ദൈവങ്ങളെ തള്ളൂകയും ചെയ്യുന്നു. ഈ തൊണ്ണൂറ്റൊമ്പത് ദൈവങ്ങളുടെയും കാര്യത്തില്‍ ഓരോരുത്തരും നിരീശ്വരവാദി തന്നെയാണ്. ഹിന്ദു ദൈവങ്ങളുടെയും മറ്റെല്ലാ മത ദൈവങ്ങളുടെയും കാര്യത്തില്‍ ലതീഫും നിരീശ്വരവാദി തന്നെയാണ്. തൊണ്ണൂറ്റൊമ്പതും കിഴിച്ച് ബാക്കി വരുന്ന ഒരെണ്ണത്തെക്കൂടി തള്ളേണ്ട പണിയേ പിന്നെ യുക്തിവാദിക്കു ബക്കി വരുന്നുള്ളു. എന്നു വെച്ചാല്‍ ലത്തീഫും ഞാനും തമ്മില്‍ നിരീശ്വര വാദത്തിന്റെ കാര്യത്തില്‍ തൊണ്ണൂറ്റൊമ്പതും നൂറും തമ്മിലുള്ള ഒന്നിന്റെ വ്യത്യസം മാത്രമേ ഉള്ളു എന്നര്‍ത്ഥം.
വാദങ്ങള്‍ തുടരട്ടെ ..എന്റെ അഭിപ്രായം പിനീട് പറയാം സമയം കുറവുണ്ട് ......ലതീഫിനും ജബ്ബരിനും താങ്കള്‍ക്കും
ആസംസകള്‍
നന്ദന
'തൊണ്ണൂറ്റൊമ്പതും കിഴിച്ച് ബാക്കി വരുന്ന ഒരെണ്ണത്തെക്കൂടി തള്ളേണ്ട പണിയേ പിന്നെ യുക്തിവാദിക്കു ബക്കി വരുന്നുള്ളു.'
ഈ പ്രപഞ്ചത്തെ സൃഷ്്ടിച്ച ഒരു പടച്ച തമ്പുരാനെ വിശ്വസിക്കുന്നവരാണ് ദൈവവിശ്വാസികളില്‍ 99 ശതമാനവും. ആ അസ്തിത്വത്തിന് പറയുന്ന പേര് വ്യത്യസ്ഥ
മാണെന്ന് മാത്രം. അല്ലാഹു, കര്‍ത്താവ്, ഹുദാ, ഈശ്വരന്... സമാനമായ ഭാഷകളിലെ പേരെല്ലാം എടുത്തോളൂ. ഇവയെല്ലാം പേരില്‍ മാത്രമാണ് ഭിന്നമായിരിക്കുന്നത്. എല്ലാം ഒന്നുതന്നെ ഇതിലും കാഴ്ചപ്പാടിലും വീക്ഷണത്തിലും അല്ലറചില്ലറ വ്യത്യാസങ്ങളോടെ അതാതിന്റെ മതാനുയായികള്‍ സങ്കല്പിക്കുന്നു. ഈ ഒരു അസ്തിത്വത്തെ തള്ളിക്കളയുന്നവരാണ് ദൈവനിഷേധികള്‍. ഈ ഒരു അസ്തിത്വത്തെ തള്ളുന്നത് അതിനാല്‍ തന്നെ 99 ദൈവങ്ങളെ തള്ളുന്നതില്‍ നിന്ന് വ്യത്യാസമുണ്ട്. ബഹുദൈവവിശ്വാസിയും ഈ പറഞ്ഞ ഏകദൈവത്തത്തോട് ഒരടുപ്പം കാണിക്കുന്നു. സംശയമുണ്ടെങ്കില്‍ അഭിലാഷ് ആര്യയുടെ ബ്ലോഗ് സന്ദര്‍ശിക്കുക. പ്രവാചകന് മുഹമ്മദ് നബി മാത്രമല്ല ഏകദൈവത്വത്തിന്റെ ആദ്യത്തെ വക്താവ്. അബ്രഹാമും മോശയും യേശുവും പൗരാണിക ഹൈന്ദവ വേദങ്ങളും അതിനെ അനുകൂലിക്കുന്നു. ഇതേ ഏകദൈവത്വം ഊന്നിപ്പറയുക മാത്രമാണ് ഖുര്‍ആന്‍ ചെയ്തിട്ടുള്ളത്. ബൈബിളിലെ യഹോവയാണ് ഞങ്ങള്‍ ആരാധിക്കുന്ന അസ്തിത്വം. അതുകൊണ്ട് സുശീല്‍ ജി പറയുന്ന സാമാന്യവല്കരണത്തോട് യോജിക്കാനാവുന്നില്ല. അതുകൊണ്ട് യുക്തിവാദി മാഷിന്റെ ആ ശൈലി വിട്ടേക്കൂ. മതങ്ങള്‍ക്കിടയില്‍ യോജിക്കാവുന്ന പോയിന്റുകള്‍ ധാരാളമുണ്ട്. യുക്തിവാദത്തില്‍ നിന്ന് ദൈവവിശ്വാസത്തിലേക്കുള്ള അകലവും വിദൂരമല്ല. യുക്തിവാദം=മതസ്പര്ദവളര്ത്തല് എന്ന സമവാക്യം കൈവെടിയുക. സുഷീല്‍ അപ്രകാരമല്ല. പക്ഷേ യുക്തിവാദികള്‍ക്ക് അങ്ങനെയൊരു ചീത്തപേര് നല്കാന് പാകത്തില്‍ ഇടപെടുന്നവര്‍ ധാരാളമുണ്ട്.
ലത്തീഫ് പറയുന്നു:
ഒരു ദൈവവുമില്ല എന്നതാണ് ഇസ്ലാമിലെ വിശുദ്ധവചനത്തിലെ ഒന്നാം ഭാഗം അല്ലാഹു അല്ലാതെ എന്നത് അതിന്റെ രണ്ടാം ഭാഗം. യുക്തിവാദികള്‍ ആദ്യഭാഗത്താണുള്ളത്. അല്ലാഹു അല്ലാതെ എന്ന് പറയാന്‍ (ഉറച്ച് പറയാന്‍) വിജ്ഞാനം ആവശ്യമുണ്ട്. ചങ്കുറപ്പും.
-അല്ലാഹുവല്ലാതെ മറ്റൊരു ദൈവവുമില്ലെന്ന് പറയാനുള്ള 'ചങ്കുറപ്പ്' കാണിക്കുകയുംഒപ്പം തന്നെ തന്റെ വാദം സമര്‍ത്ഥിക്കാന്‍ എല്ലാ ദൈവങ്ങളും ഒന്നുതന്നെയെന്ന് വാദിക്കുകയും ചെയ്യുന്നത് ഇരട്ടാത്താപ്പാണ്. എല്ലാം ഒന്നുതന്നെയെന്ന് ലത്തീഫിന് പറയാമെങ്കിലും അല്ലാഹു ഇക്കാര്യത്തില്‍ വ്യത്യസ്ത്ഥ അഭിപ്രായക്കാരനായിരുന്നു. അല്ലെങ്കില്‍ മറ്റു ദൈവങ്ങളെ ആരാധിക്കുന്നവരെ മാത്രമല്ല അവരുടെ ദൈവങ്ങളെയും നരകത്തീയിലിട്ട് കത്തിക്കുമെന്ന് ഭീഷണിപ്പെടുത്തേണ്ടതില്ലല്ലോ? അല്ലാഹുവടക്കം എല്ലാ ദൈവങ്ങളും നിസ്സാരനായ മനുഷ്യന്റെ പ്രാര്‍ത്ഥനയും ആരാധനയും ഇരന്നും ഭീഷണിപ്പെടുത്തിയും വാങ്ങുന്ന 'മോഹികളാണ്'. ഈ മോഹം ദൈവത്തിന്റെ എല്ലാം തികഞ്ഞവനെന്ന അവകാശവാദത്തിനു വിരുദ്ധവുമാണ്.
പൗരാണിക ഹൈന്ദവ വേദങ്ങള്‍ ഏകദൈവവിശ്വാസത്തില്‍ അധിഷ്ടിതമല്ല; മറിച്ച് അവ പ്രകൃതി ശക്തികളെയാണ് ആരാധിക്കുന്നത്.
അഗ്നിയെ ആരാധിക്കുന്നതിനെ യുക്തിപൂർവമായി നേരിടാൻ സെമിറ്റിക് മതങ്ങൾക്ക് കഴിയും.. അപ്പോൾ ഭയങ്കര യുക്തിയാണ്. സെമിറ്റിക് വിശ്വാസത്തെ ഇതേ യുക്തി ഉപയോഗിച്ച് വിലയിരുത്താൻ ശ്രമിച്ചാൽ ദേണ്ടെ ഡിം...
വിശ്വാസത്തെ യുക്തിയുമായി കൂട്ടിക്കെട്ടേണ്ട ആവശ്യമില്ല എന്നാണെങ്കിൽ അംഗീകരിക്കാൻ സന്തോഷമേയുള്ളൂ. പക്ഷേ അപ്പോൾ ദേ ബിംഗ് ബാംഗും ഭ്രൂണശാസ്ത്രവും ദൈവം നേരിട്ടരുളിയ കഥകൾ, പരിണാമസിദ്ധാന്തത്തെ അംഗീകരിക്കാൻ മടി...
ഇതിനിടയിൽ എവിടെയോ യുക്തിവാദം - മതസ്പർദ്ധ എന്നു കണ്ടു.. യുക്തിവാദമെങ്ങനെ മതസ്പർദ്ധയാവും? ഒരു മതത്തിലും വിശ്വസിക്കാതിരിക്കുമ്പോൾ മതസ്പർദ്ധ ഉണ്ടാക്കാൻ ശ്രമിക്കുന്നു എന്ന പ്രശ്നമേ ഇല്ലല്ലോ.. മതങ്ങൾ തമ്മിലല്ലേ മതസ്പർദ്ധ ഉണ്ടാവൂ.
Good post chaarvakan
[i]പൗരാണിക ഹൈന്ദവ വേദങ്ങള്‍ ഏകദൈവവിശ്വാസത്തില്‍ അധിഷ്ടിതമല്ല; മറിച്ച് അവ പ്രകൃതി ശക്തികളെയാണ് ആരാധിക്കുന്നത്.
=================[/i]
Not true, there are Hindu scholars, who have strongly argued that Hindu scriptures, especially Vedas and Upanishaths teach monothiesm. Sawmi Dayantha Saraswathi, Rajaram Mohan Roy etc are an examples.
Malayalam wiki has the following to say about Hindusim.
ഏകദൈവമല്ല എന്നതാണ് മറ്റൊരു വിമര്‍ശനം. എന്നാല്‍ ഇത് ഹിന്ദു മതത്തിന്റെ അടിസ്ഥാനത്തെക്കുറിച്ച് വ്യക്തതയില്ലായ്മയാല്‍ ഉടലെടുത്ത തെറ്റിദ്ധാരണയാണ്. വാസ്തവത്തില്‍ ഹിന്ദുക്കള്‍ എല്ലാവരും ഏകദൈവ വിശ്വാസികള്‍ ആണ്. ഒരേ സത്യത്തെ പല പേരുകള്‍ പറഞ്ഞ് ആരാധിക്കുന്നു എന്നു മാത്രം. ‘ഏകം സത് വിപ്രാ: ബഹുധാ വദന്തി’ എന്ന വേദവാക്യം ഇതിന് ആധാരമാക്കാം. തന്റെ മനസ്സിന് ഇഷ്ടപ്പെട്ട രൂപത്തില്‍ ദൈവത്തെ ദര്‍ശിക്കാനുള്ള സ്വാതന്ത്ര്യം പക്ഷേ അവന് കൊടുത്തിരുന്നു എന്നു മാത്രം. സനാതന ധര്‍മ്മം എന്ന് പറയുന്നത് തന്നെ അതാണ് സൂചിപ്പിക്കുന്നത്.
http://ml.wikipedia.org/wiki/Hinduism
വിശ്വാസത്തെ ചോദ്യം ചെയ്താല്‍ അതിനെ എതിര്‍ക്കാന്‍ എല്ലാ വിശ്വാസികളും ഒന്നിക്കും .
എന്നിട്ട് തമ്മില്‍ തല്ലുകയും ചെയ്യും ...പറഞ്ഞിട്ട് കാര്യമില്ല ...
സ്വര്‍ഗ്ഗം എത്ര ദരിദ്രം , വളരെ നന്നായിട്ടുണ്ട് , ഈ സ്വര്‍ഗ്ഗത്തിനു വേണ്ടി മനുഷ്യനു എന്തു ചെയ്യാനും മടിയില്ല . ദൈവത്തിന്‍്റെ സ്വര്‍ഗ്ഗം നമ്മുടെ പബുകളുടെ നിലവാരത്തിനു തുല്യം
ടിപ്പു സുല്‍ത്താന്റെ മതെതരത്വങ്ങള് വായിക്കുക http://aarsha-abhi.blogspot.com/2010/11/tipu-sultan-villain-or-hero.html
ടിപ്പു മതനിരപെക്ഷന്‍!!സ്വാതന്ത്ര്യസമരസേനാനി!!!!
plse readthis book
http://www.tsbalan.com/books/thedead.pdf
please read this book full thank you
http://www.tsbalan.com/books/thedead.pdf
മതം എന്നത് യുക്തി കൊണ്ട് മനസ്സിലാക്കാൻ കഴിയില്ല. ജീവിതത്തിൽ കാണുന്നതും കേൾക്കുന്നതും മാത്രമേ വിശ്വസിക്കുന്നതെങ്കിൽ നിന്റെ ബുദ്ധിയെ കുറിച്ച് ഒന്ന് ചിന്തിക്ക് ബുദ്ധിയെ നിങ്ങളുടെ പഞ്ചയന്ത്രിയങ്ങൾ കൊണ്ട് മനസ്സിലാക്കാൻ കഴിയുന്നില്ല. എന്ന് കരുതി ബുദ്ധി ഇല്ലായന്നാണോ താങ്കൾ പറയുന്നത്
എല്ലാ മതവിശ്വാസികളും ഒരുമിച്ച് ഇരുന്ന് ദൈവത്തെക്കുറിച്ച് തീരുമാനിക്കാൻ വെഡിയോ കോളിലൂടെ ചർച്ച ചെയ്താൽ നന്നായിരിക്കും .. എന്നെപ്പോലുള്ള സാധാരണക്കാർക്ക് പ്രയോജനം ലഭിക്കും. കാരണം ഈ ലോകത്ത് പാഴാക്കാൻ ഞങ്ങൾക്ക് സമയമില്ല
Post a Comment