മനുഷ്യന്‍ സൃഷ്ടിച്ചിട്ടുള്ളതില്‍ വെച്ച് ഏറ്റവും നശീകരണശേഷിയുള്ള ആയുധമാണ്‌ മതം.

Saturday, January 15, 2011

നാസ്തികതയുടെ സംഘഗാഥയുമായി പെരിയാറുടെ മണ്ണില്‍

     നാസ്തികത- ഒരു ബദല്‍ സംസ്കാരം' എന്ന മുദ്രാവാക്യമുയര്‍ത്തി തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയില്‍ നടന്ന ലോക നാസ്തികസമ്മേളനം ആവേശത്തിന്റെ അലയൊലികളോടെ വിജയകരമായി പരിസമാപിച്ചു. 2011 ജനുവരി 7 മുതല്‍ 9 വരെ നടന്ന സമ്മേളനത്തില്‍ കാശ്മീര്‍ മുതല്‍ കന്യാകുമാരിവരെയുള്ള വിവിധ ദേശക്കാരും ഭാഷക്കാരുമായ പ്രതിനിധികള്‍ക്കുപുറമെ ഇംഗ്ലണ്ട്, നോര്‍വേ, സ്വീഡന്‍, ഫിന്‍ലാന്റ്, സ്വിറ്റ്സര്‍ലാന്റ്, യുനൈറ്റഡ് സ്റ്റേറ്റ്സ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള പ്രതിനിധികളും പങ്കുകൊണ്ടു.

     ദൈവത്തിന്റെയും മതത്തിന്റെയും ജാതിയുടെയും പേരില്‍ വിദ്യാഭ്യാസവും തൊഴിലും നിഷേധിക്കപ്പെട്ട തമിഴ്‌ജനതയുടെ ആത്മാഭിമാനത്തിന്റെയും പകുത്തറിവിന്റെയും സാക്ഷാത്കാരമായി മഹാനായ സാമൂഹ്യവിപ്ലവകാരി പെരിയാര്‍ ഇ വി രാമസ്വാമി പടുത്തുയര്‍ത്തിയ തമിഴ്നാട്ടിലെ ദ്രാവിഢര്‍ കഴകം,  ആന്ധ്രപ്രദേശിലെ മഹാനായ നിരീശ്വരവാദി ഗോറ സ്ഥാപിച്ച എതീസ്റ്റ് സെന്റര്‍  കെ വീരമണി അധ്യക്ഷനായ റാഷനലിസ്റ്റ്സ് ഫോറം എന്നിവയുടെ ആഭിമുഖ്യത്തില്‍ നടന്ന സമ്മേളനം അക്ഷരാര്‍ത്ഥത്തില്‍ തിരുച്ചിറപ്പള്ളി നഗരത്തിന്റെ ഉല്‍സവമായി മാറി.

     നിരീശ്വരവാദത്തിന്റെയും യുക്തിവാദത്തിന്റെയും മാനവികതയുടെയും പുത്തന്‍ സന്ദേശങ്ങളുമായി പെരിയാര്‍ എജ്യൂക്കേഷന്‍ കോമ്പ്ലക്സ്(ട്രിച്ചി), പെരിയാര്‍ മണിയമ്മൈ യൂണിവേഴ്സിറ്റി(തഞ്ചാവൂര്‍) എന്നിവിടങ്ങളിലായി നടന്ന വിവിധ സെഷനുകളില്‍ സെമിനാര്‍ പഠനക്ലാസുകള്‍ പേപ്പര്‍ പ്രസന്റേഷനുകള്‍ ഫിലിംഷോ, വീഡിയോ പ്രസന്റേഷന്‍ സയന്‍സ് എക്സിബിഷന്‍  പുസ്തകപ്രദര്‍ശനം തുടങ്ങിയ പരിപാടികള്‍ നടന്നു.

     ജനുവരി 6 നു വൈകുന്നേരത്തോടുകൂടിതന്നെ വിവിധ സംസ്ഥാനങ്ങളില്‍നിന്നുള്ള പ്രതിനിധികള്‍ എത്തിക്കൊണ്ടിരുന്നു. ജനുവരി 7 ന്‌ രാവിലെ പെരിയാര്‍ മെട്രിക്കുലേഷന്‍ സ്കൂളില്‍ സയന്‍സ് എക്സിബിഷന്‍ തമിഴ്നാട് സ്റ്റേറ്റ് പ്ലാനിങ്ങ് കമ്മീഷന്‍ വൈസ് ചെയര്‍മാന്‍ ഡോ. എം നാഗനാഥന്‍ ഉല്‍ഘാടനം ചെയതു. പുസ്തക പ്രദര്‍ശനം ഉല്‍ഘാടനം ചെയ്തത് തമിഴ്നാട് സ്റ്റേറ്റ് ഹയര്‍ എജ്യൂക്കേഷന്‍ കൗണ്‍സില്‍ വൈസ് ചെയര്‍മാന്‍ ഡോ. എ രാമസാമിയായരുന്നു.

     രാവിലെ മുതല്‍ തന്നെ സുന്ദര്‍ നഗറിലേക്കുള്ള ബസ്സുകളും മറ്റ് വാഹനങ്ങളും കറുത്ത കുപ്പായക്കാരായ ദ്രാവിഡര്‍ കഴകം പ്രവര്‍ത്തകരെക്കൊണ്ട് നിറഞ്ഞിരുന്നു. പെരിയാര്‍ സ്കൂളിന്റെയും ഫാര്‍മസികോളേജിന്റെയും കാമ്പസുകള്‍ തോരണങ്ങള്‍ കൊണ്ടും ഫാന്‍സി ബള്‍ബുകള്‍ കൊണ്ടും അലങ്കരിക്കപ്പെട്ടു. കമാനങ്ങളും സ്വാഗത ബോര്‍ഡുകളും കൊണ്ട് അലംകൃതമായ ചുറ്റുപാടുകള്‍ ലോകനാസ്തികസമ്മേളനത്തിന്റെ പ്രൗഡിയെ വിളിച്ചോതി. തമിഴ്നാട്ടിലെ നാസ്തികപ്രസ്ഥാനമായ ദ്രാവിഡര്‍ കഴകം ഒരു കേഡര്‍ സംഘടനയാണ്‌. സമ്മേളന നഗരിയിലെ ഓരോ ചലനങ്ങളെയും പരിശീലനം ലഭിച്ച, പാന്റും കറുപ്പുഷര്‍ട്ടും തൊപ്പിയും യൂണിഫോമണിഞ്ഞ കേഡര്‍മാര്‍ നിയന്ത്രിച്ചുകൊണ്ടിരുന്നു. പെരിയാര്‍ കോളേജിലെയും യൂണിവേഴ്സിറ്റിയിലെയും വിദ്യാര്‍ത്ഥികളും സ്റ്റാഫും രാവും പകലുമില്ലാതെ സമ്മേളനവിജയത്തുനുവേണ്ടി അരയും തലയും മുറുക്കി രംഗത്തുണ്ടായിരുന്നു.

     11 മണിക്ക് പെരിയാര്‍ സെന്റനറി എജ്യൂക്കേഷന്‍ കോമ്പ്ലക്സിന്റെ അങ്കണത്തില്‍ പ്രത്യേകം സജ്ജമാക്കിയ പന്തലില്‍ ആയിരങ്ങളെ സാക്ഷിയാക്കി ഉല്‍ഘാടന സമ്മേളനം ആരംഭിച്ചു. ഡോ. കെ വീരമണിയുടെ അധ്യക്ഷതയില്‍ സമ്മേളനത്തിന്റെ ഔപചാരികമായ ഉല്‍ഘാടനം ശ്രീ. ലെവി ഫ്രെയ്ഗല്‍(Mr. Levi Fragell: Former President, IHEU, Norway) നിര്‍വ്വഹിച്ചു. ബഹു. തമിഴ്നാട് മുഖ്യമന്ത്രി എം കരുണാനിധിയുടെ സന്ദേശം കെ വീരമണി വായിച്ചത് സദസ്സ് ഹര്‍ഷാരവത്തോടെയാണ്‌ സ്വീകരിച്ചത്. സമ്മേളനത്തിന്റെ പ്രതിപാദ്യവിഷയം ഡോ. വിജയം (Atheist Centre, Vijayawada) അവതരിപ്പിച്ചു. ശ്രീ. സനല്‍ ഇടമറുക് സംസാരിച്ചു.

     തുടര്‍ന്ന് നടന്ന പ്ലീനറി സെഷനില്‍ ഫിറ(FIRA) പ്രസിഡന്റ് പ്രൊഫ. നരേന്ദ്രനായിക് അധ്യക്ഷനായിരുന്നു. 4 മണിക്ക് ഫാര്‍മസി കോളേജില്‍ "നാസ്തികതയും മാനവികതയും ഒരു ജീവിതരീതി", "നാസ്തികത സാമൂഹ്യമാറ്റത്തിന്‌", "നിരീശ്വരതയുടെ വ്യാപനത്തില്‍ കുട്ടികളുടെ പങ്ക്" എന്നീ വിഷയങ്ങളില്‍ ശ്രീ. ലവണം, ജി. കരുണാനിധി, പ്രിന്‍സ് എന്നാറെസ് പെരിയാര്‍ എന്നിവരുടെ നേതൃത്വത്തില്‍  മൂന്ന് സെഷനുകള്‍ നടന്നു.

     ദിവ്യാല്‍ഭുതങ്ങളെ തുറന്നുകാട്ടുന്ന കനലാട്ടം(Fire Walking)ഉള്‍‍പ്പെടെയുള്ള അനാവരണപരിപാടികള്‍ സമ്മേളനത്തിന്റെ ഇടവേളകളെ ധന്യമാക്കി. സ്കൂള്‍ അങ്കണത്തില്‍ ഒരുക്കിയ തീക്കനലിലൂടെ ദ്രാവിഡര്‍ കഴകം പ്രവര്‍ത്തകര്‍ക്കൊപ്പം വിവിധ സംസ്ഥാനക്കാരും വിദേശികളുമായ പ്രതിനിധികളും കാലിലൊറുപോറല്‍പോലുമേല്‍ക്കാതെ നടന്നുനീങ്ങിയപ്പോള്‍  'കടവുള്‍ ഇല്ലൈ, കടവുള്‍ ഇല്ലൈ' എന്ന ഉറച്ച മുദ്രവാക്യം അന്തരീക്ഷത്തെ പ്രകമ്പനം കൊള്ളിച്ചുകൊണ്ടിരുന്നു.

     ആറുമണിമുതല്‍ നടന്ന സാംസ്കാരിക പരിപാടി ഒരു പുത്തന്‍ അനുഭവമായിരുന്നു. നാടകവും നൃത്തവും സിനിമയും കോര്‍ത്തിണക്കി പെരിയാറുടെ ജീവിതത്തെയും ആധുനിക ശാസ്ത്രത്തെയും സമന്വയിപ്പിച്ച് അവതരിപ്പിച്ച പരിപാടി ഏവരുടെയും മനം കുളിര്‍ക്കുന്നതായിരുന്നു. ദൈവവന്ദനവുമായി ആരംഭിക്കുകയും അവസാനിക്കുകയും ചെയ്യുന്ന ഭാരതീയ നൃത്തങ്ങളെ നാസ്തികതയുമായി എങ്ങനെ സമന്വയിപ്പിക്കാമെന്നും അത് ഒരു പുത്തന്‍ സംസ്കാരമാകുന്നതെങ്ങനെയെന്നും വിസ്മയത്തോടുകൂടി മാത്രമേ നോക്കിക്കാണാനായുള്ളു. ആസ്തിക്യം അരങ്ങൊഴിയുമ്പോള്‍ നാസ്തിക്യം നീനാള്‍ വാഴുമെന്നുള്ള ഗാനങ്ങളുമായി അരങ്ങ് കൊഴുപ്പിച്ച ഭരതനനാട്യത്തിന്റെ ചുവടുകളില്‍ സദസ്സ് മതിമറന്നിരുന്നു. പെരിയാറുടെ ദൈവ-മത-ജാതിവിരുദ്ധ പോരാട്ടങ്ങള്‍ക്കൊപ്പം ഗലീലിയോയും, ഡാര്‍വിനും ആധുനികശാസ്ത്രത്തിന്റെ വളര്‍ച്ചയുടെ പടവുകളും സാംസ്കാരികപരിപാടിയില്‍ ദൃശ്യവല്‍ക്കരിക്കപ്പെട്ടു.

     പിറ്റേന്ന് കാലത്ത് 9 മണിക്ക് പ്രതിനിധികളെയും വഹിച്ച് പെരിയാര്‍ സ്കൂളിന്റെ ബസ്സുകള്‍ ഒരു മണിക്കൂറോളം യാത്രചെയ്ത് തഞ്ചാവൂരിനടുത്തുള്ള പെരിയാര്‍ മണിയമ്മൈ യൂണിവേഴ്സിറ്റിയില്‍ എത്തിച്ചേര്‍ന്നു. നൂറ്റിമുപ്പതിലധികം ഏക്ര ഭൂമിയില്‍ പരന്നുകിടക്കുന്ന യൂണിവേഴ്സിറ്റി കാമ്പസ് പകുത്തറിവിനെയും പരിസ്ഥിതിയെയും എങ്ങനെ സമന്വയിപ്പിക്കാമെന്നതിന്‌ മുകുടോദാഹരണമാണ്‌. മഹാന്മാരായ നിരീശ്വരവാദികളുടെ ആപ്തവാക്യങ്ങള്‍ യൂണിവേഴ്സിറ്റിയുടെ ചുവരുകളെ അലങ്കരിച്ചു. അവിടുത്തെ ഓരോ മണല്‍തരിയിലും പെരിയാറുടെ സ്മരണകള്‍ നല്‍കുന്ന ആവേശം തിരിച്ചറിയപ്പെട്ടു. പെരിയാര്‍ മണിയമ്മൈ യൂണിവേഴ്സിറ്റി മാത്രമല്ല, നിരവധി കോളേജുകളും, പോളിറ്റെക്നിക്കുകളും, ആശുപത്രികളും, സൗജന്യ ചികില്‍സാ ക്ലിനിക്കുകളും, കൗണ്‍സിലിങ്ങ് സെന്ററുകളും, നിയമസഹാസ സെല്ലുകളും, മ്യൂസിയവും, അവയവദാന ക്ലബ്ബും, ഉള്‍പ്പെടെ ചെറുതും വലുതുമായ അന്‍പതിലധികം സ്ഥാപനങ്ങള്‍ പെരിയാര്‍ സ്മാരകങ്ങളായി നിലകൊള്ളുന്നു.

     യൂണിവേഴ്റ്റി കാമ്പസില്‍ പ്രത്യേകം സജ്ജമാക്കിയ സ്ഥലത്ത് വൃക്ഷത്തൈകള്‍ നട്ടുകൊണ്ടാണ്‌ പ്രതിനിധികള്‍ കാമ്പസിനകത്തേക്ക് പ്രവേശിച്ചത്. വൃക്ഷത്തൈകള്‍ നനയ്ക്കുന്നതിനുള്ള ഡ്രിപ്പ് ഇറിഗേഷന്‍ സംവിധാനത്തിന്റെ ഉല്‍ഘാടനം ഡോ. കെ വീരമണി നിര്‍വ്വഹിച്ചു. തുടര്‍ന്ന് വാദ്യമേളങ്ങളുടെയും നിരയായി അണിനിരന്ന വിദ്യാര്‍ത്ഥിനികളുടെ കയ്യടിയുടെയും അകമ്പടിയോടെ മുളംകൂട്ടങ്ങള്‍ക്കിടയില്‍ സജ്ജമാക്കിയ രമണീയവും കുളിരാര്‍ന്നതുമായ അന്തരീക്ഷത്തിലേക്ക് ആനയിച്ച്‍ ലഘുഭക്ഷണം നല്‍കി. മാലിന്യ സംസ്കരണയൂണിറ്റും വെര്‍മി കമ്പോസ്റ്റ് യൂണിറ്റും പേപ്പര്‍ പ്രൊസസിങ് യൂണിറ്റും ഹോളോബ്രിക്സ് യൂണിറ്റും ഭക്ഷ്യസംസ്കരണ യൂണിറ്റുമുള്‍പ്പെടെ യൂണിവേഴ്സിറ്റിയുടെ കാമ്പസ് പ്രതിനിധികള്‍ നടന്നുകണ്ടു.

     11 മണിക്ക് കോണ്‍ഫറന്‍സ് ഹാളില്‍ പെരിയാര്‍ മണിയമ്മൈ യൂണിവേഴിറ്റി വൈസ് ചാന്‍സലര്‍ ഡോ. എന്‍ രാമചന്ദ്രന്റെ നേതൃത്വത്തില്‍ സ്പെഷല്‍ സെഷന്‍ ആരംഭിച്ചു. നാസ്തികതിയിലൂന്നിയ യൂണിവേഴ്സിറ്റിയുടെ പ്രവര്‍ത്തനങ്ങളെ അദ്ദേഹം വിവിരിച്ചു. IHEU എക്സിക്യൂട്ടിവ് ഡയരക്ടര്‍ ഡോ. ബാബു ഗോഗിനേനിയുടെ പ്രസംഗം രാഷ്ട്രീയ നിലനില്പ്പിനുവേണ്ടി ജ്യോതിഷികള്‍ക്കുമുമ്പില്‍ അപ്പീല്‍ നല്‍കുകയും ഗ്രഹങ്ങളെ പ്രീണിപ്പിക്കാന്‍ തങ്ങളുടെ പേരുകള്‍ പോലും മാറ്റുകയും ചെയ്യുന്ന രാഷ്ട്രീയ നേതാക്കളെ തുറന്നുകാട്ടുന്നതായിരുന്നു.

     തുടര്‍ന്ന് ഡോ. വി സുന്ദരരാജലു, ഡോ. എം തവമണി, ഡോ. ഡി കുമാര്‍ ഡോ . ഇളങ്കുവന്‍ തമിള്‍ എന്നിവരുടെ അധ്യക്ഷതയില്‍ നാല്‌ സെഷനുകളിലായി സെമിനാറുകള്‍ നടന്നു. നാസ്തികത- ശാസ്ത്രത്തിന്റെയും ശാസ്ത്രീയവീക്ഷണത്തിന്റെയും ആണിക്കല്ല്, നാസ്തികത സ്ത്രീശാക്തീകരണത്തിന്‌, ശാസ്ത്രവും കപടശാസ്ത്രവും, യുവാക്കളും നാസ്തികതയും എന്നീ വിഷയങ്ങളില്‍ പേപ്പര്‍ പ്രസന്റേഷനുകളും ചര്‍ച്ചയും നടന്നു. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ സി. രവിചന്ദ്രന്‍ അവതരിപ്പിച്ച ന്യൂ ഏജ് ഓഫ് റീസണിങ്ങ് പ്രസന്റേഷന്‍ സദസ്സിന്റെ വിശേഷശ്രദ്ധയാകര്‍ഷിച്ചു.  ശാസ്ത്രം, നവനാസ്തിക പ്രസ്ഥാനങ്ങളുടെ അനിവാര്യത, നിരീശ്വരവാദത്തിന്റെ വ്യാപനത്തില്‍ പെരിയാറുടെ പങ്ക് തുടങ്ങി വൈവിധ്യമാര്‍ന്ന വിഷയങ്ങളെ അവലംബിച്ച് നടന്ന സെമിനാറുകള്‍ പ്രതിനിധികള്‍ക്ക് പുത്തനുണര്‍വ് നല്‍കുന്നതും നാസ്തികപ്രസ്ഥാനങ്ങളുടെ ഭാവി ഭാസുരമാണെന്ന് വിളിച്ചോതുന്നതുമായിരുന്നു.

     തിരിച്ച് പ്രതിനിധികളെയും വഹിച്ച വാഹനങ്ങള്‍ ട്രിച്ചി നഗരത്തില്‍ പ്രവേശിക്കുമ്പോഴേക്കും പതിനായിരക്കണക്കിന്‌ ദ്രാവിഡര്‍ കഴകം പ്രവര്‍ത്തകര്‍ അണിനിരന്ന പ്രകടനം നഗരത്തെ പ്രകമ്പനം കൊള്ളിച്ചുകൊണ്ട് ആരംഭിച്ചുകഴിഞ്ഞിരുന്നു. ദിവ്യാല്‍ഭുത അനാവരണ പരിപാടി DK ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറി ശ്രീ. ഗുണശേഖരന്‍ ഫ്ലാഗ് ഓഫ് ചെയ്തു. മുതുകില്‍ കൊളുത്തിട്ട് അതില്‍ കാറ് കെട്ടിവലിച്ചുകൊണ്ട് DK പ്രവര്‍‍ത്തകര്‍ പ്രകടനത്തിന്‌ മുന്നില്‍ ദൈവികമെന്ന് വിശേഷിപ്പിച്ച് നടത്തിവരുന്ന തട്ടിപ്പിനെ അനാവരണം ചെയ്തു. 'തമിഴാ തമിഴാ കടവുള്‍ ഇല്ലൈ', 'കടവുള്‍ ഇല്ലൈ' 'കടവുള്‍ ഇല്ലൈ'  എന്ന മുദ്രാവാക്യത്തിന്റെ അലയൊലികള്‍ അന്തരീക്ഷത്തില്‍ അലയടിച്ചപ്പോള്‍ സംഘടിത നാസ്തികപ്രസ്ഥാനത്തിന്റെ കരുത്തിനുമുന്നില്‍ ട്രിച്ചിനഗരം കോരിത്തരിച്ചു.

     കയ്യില്‍ കര്‍പ്പൂരം കത്തിച്ചും കത്തുന്ന തീച്ചട്ടികള്‍ ഉള്ളം കയ്യില്‍ അമ്മാനമാടിയും അവര്‍ ദിവ്യന്മാരെയും ആള്‍ ദൈവങ്ങളെയും തുറന്നുകാട്ടിക്കൊണ്ടിരുന്നു. കറുത്തകുപ്പായക്കാരുടെ ഒഴുക്ക് പൊതുസമ്മേളനനഗരിയില്‍ എത്തിച്ചേര്‍ന്നപ്പൊള്‍ 'എത്തീസം വെല്‍ക്കംസ്' എന്ന തീം ഗാനം ഒഴുകിക്കൊണ്ടിരുന്നു. കറുപ്പുകുപ്പായക്കാരായ പ്രകടനക്കാരുടെ 'കടവുള്‍‍ ഇല്ലൈ' എന്ന് മുദ്രാവാക്യത്തെ കറുപ്പുകുപ്പായക്കാരായ ഒരുകൂട്ടം അയ്യപ്പഭക്തന്മാര്‍ അമ്പരപ്പോടുകൂടി വീക്ഷിക്കുന്നത് കാണാനിടയായെന്ന സ്വാഗതപ്രാസംഗികന്റെ പരാമര്‍ശം ചിരിക്കുവകനല്‍കുന്നതും ഒപ്പം ചിന്തനീയവുമായി.

     ശ്രീമതി. കനിമൊഴി എം പി യാണ്‌ പൊതുസമ്മേളനം ഉല്‍ഘാടനം ചെയ്തത്. പുരോഗമന വേദികളെ അവഗണിക്കുകയും, മതവേദികളില്‍ ആവശ്യത്തിലേറെ വലിഞ്ഞുകയറി പ്രീണന പ്രസംഗങ്ങല്‍ നടത്തുകയും ചെയ്യുന്ന കേരളത്തിലെ വിപ്ലവരാഷ്ട്രീയക്കാരില്‍ നിന്ന് വ്യത്യസ്തമായി പച്ചയായി തന്റെ അഭിപ്രായം തുറന്നടിക്കുന്ന ഈ തമിഴ് രാഷ്ട്രീയക്കാരിയുടെ പ്രസംഗം ആവേശകരമായിരുന്നു. നിരീശ്വരവാദം തന്റെ പ്രസംഗത്തില്‍ നിറഞ്ഞ് തുളുമ്പുമ്പോഴും വോട്ടുകള്‍ ഇതിന്റെ പേരില്‍ നഷ്ടപ്പെട്ട് പോകുമോ എന്ന് അവര്‍ വേവലാതിപ്പെട്ടുകണ്ടില്ല. കാരണം പെരിയാര്‍ തമിഴ്ജനതയുടെ രക്തത്തില്‍ അലിഞ്ഞുചേര്‍ന്ന വികാരമാണ്‌. നാസ്തികത പെരിയാറുടെ ആപ്തവാക്യവും.

     ജനുവരി 9 നു രാവിലെ 9മണിക്ക് രണ്ട് സെഷനുകളിലായാണ്‌ സെമിനാര്‍ നടന്നത്. മതനിരപേക്ഷതയുടെയും നാസ്തികതയുടെയും, മാനവികതയുടെയും ശക്തീകരണത്തില്‍ മാധ്യമങ്ങളുടെ പങ്ക് എന്ന വിഷയത്തില്‍ ഡോ. ധനേശ്വര്‍ സാഹുവിന്റെയും, വ്യക്തിപരവും സാമൂഹ്യവുമായ ആരൊഗ്യപാലനത്തില്‍‍ നാസ്തികതയുടെ പങ്ക് എന്ന വിഷയത്തില്‍ ഡോ. സുകുമാരന്റെയും അധ്യക്തതയിലാണ്‌ സെമിനാര്‍ നടന്നത്.

      തുടര്‍ന്ന് നടന്ന പ്ലീനല്‍ ഡിസ്കഷന്‍‍ ഡോ. കെ വീരമണി, ഡോ. വിജയം, ലെവി ഫ്രയ്ഗല്‍ തുടങ്ങിയവര്‍ നയിച്ചു. വിവിധ സെഷനുകളിലെ അധ്യക്ഷന്മാര്‍ സെമിനാറുകളില്‍ അവത്രിപ്പിച്ച പ്രബന്ധങ്ങളെ സമഗ്രമായി വിലയിരുത്തി. സമാപനസമ്മേളനത്തിനും പൊങ്കല്‍ ആഘോഷങ്ങള്‍ക്കും ശേഷം സമ്മേളനം അവസാനിച്ചു.

     ഇന്ത്യയിലെ ഒട്ടുമിക്ക സംസ്ഥാനങ്ങളില്‍നിന്നുമുള്ള പ്രതിനിധികള്‍ പങ്കെടുത്തു എന്നത് ഈ സമ്മേളനത്തിന്റെ പ്രാധാന്യം വിളിച്ചോതുന്നു. മതങ്ങള്‍ സംഹാരതാണ്ഡവമാടുകയും മതസംഘടനകള്‍ വളര്‍ന്ന് തഴയ്ക്കുകയും മതം ഭീകരതയും ഫാസിസവുമായി മാറുകയും ചെയ്യുന്ന ആധുനികകാലത്ത് നിരീശ്വരവാദികള്‍ക്കും യുക്തിവാദികള്‍ക്കും, മാനവികവാദികള്‍ക്കും നിസ്സംഗരായി മാറിനില്‍ക്കാനാകില്ല എന്ന അടിയുറച്ച സന്ദേശമാണ്‌ ഈ സമ്മേളനം നല്‍കുന്നത്. പങ്കെടുത്ത പ്രതിനിധികളില്‍ ഒട്ടുമിക്കവരും ചെറുപ്പക്കാരായിരുന്നുവെന്നതും പ്രതിനിധികളില്‍ നല്ലൊരു പങ്കും സ്ത്രീകളായിരുന്നുവെന്നതും എടുത്തുപറയേണ്ടതാണ്‌. സമ്മേളനത്തെ ഒരു വന്‍ വിജയവും തിരുച്ചിറപ്പള്ളി നഗരത്തിന്റെ ഉല്‍സവവുമാക്കി മാറ്റുന്നതില്‍ സംഘാടകര്‍ വഹിച്ച പങ്ക് പ്രശംസനീയമാണ്‌. നെടുനീളന്‍ ചുവരെഴുത്തുകളും പടുകൂറ്റന്‍ ബോര്‍ഡുകളും കമാനങ്ങളും കൊണ്ട് അലംകൃതമായ നഗരം നിരീശ്വരതയുടെ അലയൊലികളില്‍ പുളകിതമായി. രാജാവ് നഗ്നനാണെന്ന് ഉറക്കെ വിളിച്ചുപറയാന്‍ കെല്പ്പുള്ള കുട്ടിയുടെ നിഷകളങ്കത ഒരു ദൗര്‍ബല്യമല്ലെന്നും അത് ഈ ലോകത്തിന്റെ തന്നെ നിലനില്പ്പിനുള്ള ഒരേയൊരു മാര്‍ഗമാണെന്നും തിരിച്ചറിഞ്ഞുകൊണ്ടും മതഭ്രാന്തിനെതിരെയുള്ള പോരാട്ടത്തില്‍ തങ്ങള്‍ ഒറ്റയ്ക്കല്ലെന്നും തിരിച്ചറിഞ്ഞുകൊണ്ടാണ്‌ വിവിധ ദേശക്കാരും ഭാഷക്കാരുമായ പ്രതിനിധികള്‍ തിരുച്ചിറപ്പള്ളിയോട് വിടപറഞ്ഞത്.
  

Monday, November 8, 2010

പ്രൊഫ. പി എ വാഹിദിന്റെ തമാശകള്‍


     ഡാര്‍വിനിസത്തിന്റെ ശാസ്ത്ര വിരുദ്ധതയും നിരീശ്വരവാദത്തിന്റെ അന്ത്യവും എന്ന തലക്കെട്ടില്‍ പ്രബോധനം വാരിക ഒക്ടോബര്‍ 30 ലക്കത്തില്‍ പ്രൊഫ. പി എ വാഹിദിന്റെ ഒരു ലേഖനം  പ്രസിദ്ധീകരിച്ചിരിക്കുന്നു.

     ഇതില്‍ പ്രതിപാദിച്ചിരിക്കുന്ന കാര്യങ്ങളുടെ ചുരുക്കം ഇവയാണ്‌:

 1. ശാസ്ത്രരംഗത്ത് മേധാവിത്വം പുലര്‍ത്തുന്ന നിരീശ്വരലോബി മതവും ശാസ്ത്രവും പരസ്പരവിരുദ്ധമായ ആശയങ്ങളാണെന്ന് സ്ഥാപിക്കാന്‍ അവരുടെ നിരീശ്വരവാദത്തിലധിഷ്ഠിതമായ അശാസ്ത്രീയ സിദ്ധന്തങ്ങളിലൂടെ ശ്രമിച്ചുകൊണ്ടിരിക്കുന്നു.


2. ഭൗതിക പ്രപഞ്ചത്തിന്റെയും സമയത്തിന്റെയും ഉല്‍ഭവം വിശദീകരിച്ച മഹാവിസ്ഫോടന സിദ്ധാന്തം (Big bang Theory) പ്രപഞ്ചത്തിന്‌ സ്രഷ്ടാവുണ്ടെന്ന സത്യം ലോകത്തെ മുഴുവന്‍ ബോധ്യപ്പെടുത്താനുതകുന്നതായിരുന്നു.


3. ഈശ്വരന്‍ സത്യമാണെന്ന് പ്രഖ്യാപിക്കുന്ന മഹാവിസ്ഫോടന സിദ്ധാന്തത്തില്‍ വിളറിപിടിച്ച നാസ്തികലോബി സുസ്ഥിരപ്രപഞ്ചസിദ്ധാന്തം അവതരിപ്പിച്ചെങ്കിലും പരാജയപ്പെട്ടു. ഇതില്‍ നിന്ന് കരകയറാന്‍ നാസ്തികലോബി ഡാര്‍വിന്റെ പരിണാമസദ്ധാന്തത്തെ കൂട്ടുപിടിച്ചു. പക്ഷേ പരിണാമസിദ്ധാന്തവും ജീവോല്പ്പത്തി സിദ്ധാന്തവും ജീന്‍ ജീനോം സിദ്ധാന്തവും എങ്ങുമെത്താതെ കടുത്ത പ്രതിസന്ധിയിലാണ്‌. 


മഹാവിസ്ഫോടനസിദ്ധാന്തം 'ദൈവത്തിന്റെ' അസ്തിത്വത്തിന്‌ തെളിവാകുന്നെന്ന ലേഖകന്റെ പ്രസ്ഥാവന കേവലം ബാലിശമായ തമാശ മാത്രം. A Brief History of Time എന്ന കൃതിയില്‍ വിഖ്യാത ശാസ്ത്രജ്ഞന്‍ സ്റ്റീഫന്‍ ഹോക്കിങ്ങിന്റെ സാന്ദര്‍ഭികമായ ഒരു പരാമര്‍ശത്തെ വളച്ചോടിച്ച് തനിക്കനുകൂലമാക്കാനും ലേഖകന്‍ ശ്രമിച്ചുകാണുന്നു. ദിവ്യവെളിപാടുകളിലുള്ള(ഖുര്‍ ആനിലെ മാത്രം) തന്റെ വിശ്വാസം ശാസ്ത്രബോധത്തെ തകിടം മറിയ്ക്കമ്പോള്‍ ഉണ്ടാകുന്ന വിചിത്രമായ വാദമാണിത്‌. സ്ഥിരസ്ഥിതി പ്രപഞ്ചസിദ്ധാന്തമായാലും മഹാവിസ്ഫോടന സിദ്ധാന്തമായാലും അവ താല്‍കാലിക ഭൗതികസിദ്ധാന്തങ്ങള്‍ മാത്രമാണ്‌. ഏതെങ്കിലും ദൈവത്തിന്റെ വെളിപാടോ ശാശ്വത സത്യങ്ങളോ അല്ലെന്നര്‍ത്ഥം. ലഭ്യമായ ഭൗതിക തെളിവുകളുടെ അടിസ്ഥാനത്തുലുള്ള നിഗമനങ്ങള്‍ ആണവ. എത്രതവണ പരീക്ഷണഫലങ്ങള്‍ ഒരു ശാസ്ത്രസിദ്ധാന്തത്തെ സാധൂകരിച്ചാലും അടുത്ത തവണ ഒരു പരീക്ഷണഫലം വിപരീതമായാല്‍ ആ സിദ്ധാന്തം ചോദ്യം ചെയ്യപ്പെടാം. സ്ഥിരസ്ഥിതിപ്രപഞ്ച സിദ്ധാന്തം ചോദ്യം ചെയ്യപ്പെട്ടത് അപ്രകാരമാണ്‌. അപ്പോള്‍ ആ സിദ്ധാന്തങ്ങള്‍ പരിഷ്കരിക്കേണ്ടിവരും. അത്തരത്തില്‍ ശാസ്ത്രസിദ്ധാന്തമെന്തെന്ന് സാമാന്യബോധമുള്ള ഒരാള്‍ അത് തന്റെ കിതാബിലെ ദൈവത്തിന്റെ അസ്തിത്വത്തിന്‌ തെളിവാണെന്ന വിചിത്ര വാദവുമായി  വരി‍കയില്ല


  ഉല്പത്തി പുസ്തകപ്രകാരം പ്രപഞ്ചത്തിന്റെ തുടക്കം  കൃസ്തുവിന്‌5000 വര്‍ഷങ്ങള്‍ക്ക് മുമ്പായിരുന്നു. ഇത്തരം വിശ്വാസം വെച്ചുപുലര്‍ത്തുന്ന കതോലിക്കാ പള്ളിയാണ്‌ മഹാ വിസ്ഫോടന സിദ്ധാന്തത്തെ ഔദ്ധ്യോഗികമായി 1951 ല്‍ അംഗീകരിച്ചത്. അങ്ങനെ വരുമ്പോള്‍ മഹാ വിസ്ഫോടനം നടന്നത്  കൃസ്തുവിന്‌5000 വര്‍ഷം മുമ്പായിരുന്നു എന്ന് സമ്മതിക്കേണ്ടിവരും. അല്ലെങ്കില്‍ ഉല്‍പ്പത്തിപുസ്തകം തെറ്റാണെന്ന് സമ്മതിക്കേണ്ടിവരും.

മഹാവിസ്ഫോടാനത്തെ തങ്ങളുടെ മതഗ്രന്ഥങ്ങളിലെ 'സൃഷ്ടി'യുമായി കൂട്ടിക്കുഴച്ച് ആശയക്കുഴപ്പമുണ്ടാക്കാന്‍ എല്ലാ മതക്കാരും ശ്രമിച്ചിട്ടുണ്ട്. മഹാവിസ്ഫോടനം നടന്നപ്പോള്‍ ഉണ്ടായ ശബ്ദമാണ്‌ 'ഓംകാരം' ഒരു കൂട്ടര്‍ വാദിക്കുന്നുണ്ട്. ഇതുപോലെ വിചിത്രമാണ്‌ ലേഖകന്റ വാദവും.


ഈ ലോകത്തെ സൃഷ്ടിച്ചത് എങ്ങനെയെന്ന് അല്ലാഹു തന്നെ വ്യക്തമായി വിവരിച്ചുതന്നിട്ടുണ്ടല്ലോ? അതിന്‌ വിശ്വാസ്യത പോരാഞ്ഞിട്ടാണോ ലേഖകന്‍ മഹാ വിസ്ഫോടന സിദ്ധാന്തത്തെ കൂട്ടുപിടിക്കുന്നത്?


"ഭൂമിയെ ഒരു വിരിപ്പായും ആകാശാത്തെ ഒരു മേല്‍കൂരയായും അല്ലാഹു സൃഷ്ടിച്ചിരിക്കുന്നു. ആകാശാത്തുനിന്നും അവന്‍ വെള്ളം ഇറക്കിത്തരുന്നു."(ഖുര്‍ ആന്‍ 2:22)


"നിങ്ങള്‍ക്ക് കാണാവുന്ന തൂണുകള്‍ കൂടാതെ ആകാശത്തെ അവന്‍ ഉയര്‍ത്തി(13:2) "ആകാശവും ഭൂമിയും ഒട്ടിച്ചേര്‍ന്ന് കിടക്കുകയായിരുന്നു. അവയെ നാം പിന്നീട് വേര്‍പെടുത്തിമാറ്റി".(21:30)


"ആകാശവും ഭൂമിയും ഏഴുതട്ടുകളായി അടുക്കിവെച്ചിരിക്കുന്നു."(65:12)


"അല്ലാഹു ഭൂമി സൃഷ്ടിക്കാനുദ്ദേശിച്ചപ്പോള്‍ കാറ്റുകളോട് വീശാന്‍ കല്പ്പിച്ചു. അത് വീശിയപ്പോള്‍ ജലാശയങ്ങള്‍ ഇളകി. അങ്ങനെ തിരകളുണ്ടായി. അവ അന്യോന്യം കൂട്ടിമുട്ടി. കാറ്റുകള്‍ പിന്നെയും വീശിക്കൊണ്ടിരുന്നപ്പോള്‍ വെള്ളം നുരച്ചു, ആ നുര കട്ടിയായി"


"ഏഴാകാശാത്തില്‍ ഏറ്റവുംതാഴത്തെ ആകാശാത്തെ നക്ഷത്രങ്ങള്‍കൊണ്ട് അലങ്കരിച്ചിരിക്കുന്നു. നക്ഷത്രങ്ങളെ പിശാചുക്കളെ ഏറിയാനുള്ള അസ്ത്രങ്ങളാക്കുകയും ചെയ്തിരിക്കുന്നു." (65:5)
  
ലോകാവസാനത്തില്‍ എല്ലാ നക്ഷത്രങ്ങളെയും തുടച്ചുനീക്കുമെന്നും അവ ഭൂമിയിലേക്ക് ഉതിര്‍ന്നുവീഴുമെന്നും ദിവ്യവെളിപാടിലുണ്ട്. സൃഷ്ടി സംബന്ധിച്ച് ഇത്ര കൃത്യമായി വെളിപാടുതന്ന അല്ലാഹു താന്‍ മഹാവിസ്ഫോടാനത്തിലൂടെയാണ്‌ ഭൂമിയെ(അതിലും വലിയ പ്രപഞ്ചമൊന്നും വെളിപാട് ഗ്രന്ഥത്തില്‍ ഇല്ലല്ലോ?) ഉണ്ടാക്കിയതെങ്കില്‍ അക്കാര്യം വെളിപ്പെടുത്താതിരിക്കും എന്നു കരുതുന്നതില്‍ ന്യായമില്ല.

 ലേഖകന്‍ ഇവിടെ കാപഠ്യം കളിക്കുകയാണ്. ഒന്നുകില്‍ തന്റെ മതഗ്രന്ഥത്തിലെ വെളിപാടുകള്‍ സത്യമാണെന്ന് പറയണം. അല്ലെങ്കില്‍ അത് തെറ്റാണ്‌; മഹാവിസ്ഫോടന സിദ്ധാന്തമാണ്‌ ശരി എന്ന് സമ്മതിക്കണം. ഈ രണ്ടും കെട്ട കളി വളരെ അരോചകമായി തോന്നുന്നു.


4. പരിണാമ സിദ്ധാന്തത്തെ ശാസ്ത്രമായി അംഗീകരിക്കാനാകില്ല. ഫോസിലുകളില്‍ നിന്ന് ലഭ്യമായ തെളിവുകള്‍ അപൂര്‍ണമാണ്‌. ദൈവസൃഷ്ടികളില്‍ ദൈവത്തിനെതിരെ തെളിവുകള്‍ കണ്ടെത്താനുള്ള ഗൂഢശ്രമമാണ്‌ ഡാര്‍വിന്‍ നടത്തിയത്.


 5. പരിണാമ വാദത്തേക്കാല്‍ കൂടുതല്‍ ശാസ്ത്രീയമായത്  Intelligent Design (ID)എന്ന ആശയം ഈശ്വരവാത്തിന്‌ പുതിയ മാനങ്ങള്‍ നല്‍കുന്നു. അമേരിക്കയില്‍ ഇത് പാഠ്യപദ്ധതില്‍ ഉള്‍പ്പെടുത്താന്‍ ശ്രമിക്കുന്നുണ്ട്. 


6. ജീവനെ ഒരു ഭൗതിക(പദാര്‍ത്ഥ) പ്രതിഭാസമായാണ് ശാസ്ത്രലോകം കാണുന്നത്. കൃത്രിമ ജീനുകളും കൃത്രിമകോശവും സൃഷ്ടിച്ചു എന്നുള്ള വാദം ശരിയല്ല. ജീവനുള്ള കോശം ഉപയോഗിക്കാതെ ജീവന്‍ സൃഷ്ടിച്ചാലേ അത് കൃത്രിമമാകൂ.


7. ജീവന്‍ ഒരു ഭൗതിക പ്രതിഭാസമല്ലെന്നുള്ള ദിവ്യവെളിപാടുകളെ പിന്തുണയ്ക്കുന്നതാണ് കൃത്രിമ ജീവനുണ്ടാക്കാന്‍ ഇന്നേവരെ നടന്നിട്ടുള്ള പരീക്ഷണങ്ങളുടെ പരാജയങ്ങള്‍. മഹാ വിസ്ഫോടന സിദ്ധാന്തത്തിലൂടെ ഭൗതിക ശാസ്ത്രവും ജീവനെന്ന അഭൗതികപ്രതിഭാസത്തിലൂടെ ജീവശാസ്ത്രവും ഈശ്വരനെന്ന സത്യം സ്ഥിരീകരിക്കുന്നതിലൂടെ നിരീശ്വരവാദത്തിന്റെ അന്ത്യം കുറിക്കും.


ജീവന്റെ ആദിമരൂപമായ അമിനോ ആസിഡിനെ പൂര്‍ണമായും കൃത്രിമമായി ഉണ്ടാക്കാന്‍ ശാസ്ത്രത്തിന്‌ വര്‍ഷങ്ങള്‍ക്കുമുമ്പേ കഴിഞ്ഞിരുന്നു. അതിനുശേഷമുള്ള വന്‍ കുതിച്ചുചാട്ടമാണ്‌ ക്ലോണിങ്. ഒടുവില്‍ ഒരു ജീവകോശത്തില്‍ സന്നിവേശിപ്പിപ്പിച്ച അജൈവവസ്തുവില്‍നിന്നും ജീവന്‍ സൃഷ്ടിക്കാന്‍ കഴിഞ്ഞിരിക്കുന്നു. ഇതിന്റെ സങ്കീര്‍ണമായ പടവുകള്‍ ഒന്നും കണ്ടില്ലെന്ന് നടിച്ച് പൂര്‍ണമായും കൃത്രിമമായി ഇപ്പോള്‍ തന്നെ ജീവന്‍ ഉണ്ടാക്കിയാലേ അംഗീകരിക്കാനാകൂ എന്നുള്ള വാദം   ഒന്നുകില്‍ ശാസ്ത്രത്തെക്കുറിച്ചുള്ള അജ്ഞതയാണ്‌ അല്ലെങ്കില്‍ അറിഞ്ഞിട്ടും അറിഞ്ഞില്ലെന്ന് നടിക്കലാണ്‌. ഇനി പരിണാമ വാദം മൊത്തം തെറ്റാണെന്ന് സ്ഥാപിക്കാന്‍ ലേഖകന്‌ കഴിഞ്ഞാലും അതുമൂലം തന്റെ മത ഗ്രന്ഥത്തിലെ അമ്മൂമ്മക്കഥകള്‍ ശരിയാണെന്നെങ്ങനെ പറയാന്‍ കഴിയും? സൃഷ്ടിവാദത്തിന്‌ തെളിവ് എന്താണ്‌? ദൈവം സൃഷ്ടി നടത്തി എന്ന് ആദ്യമേ തീരുമാനിക്കുന്നു. ആ ദൈവംതന്റെ കിതാബിലെ ദൈവം തന്നെയാണെന്നും മുന്‍ കൂട്ടി തീരുമാനിക്കുന്നു. ആ തീരുമാനം ഉറപ്പിക്കാന്‍ വാദങ്ങള്‍ നിരത്തുന്നു എന്നല്ലാതെ വസ്തുനിഷ്ഠമായി എന്ത് തെളിവണ്‌ സൃഷ്ടിവാദികള്‍ നിരത്തുന്നത്?

    ലേഖകന്‍ പറഞ്ഞപോലെ ഭൗതിക പ്രപഞ്ചവും ജീവനുമെല്ലാം അല്ലാഹുവിന്റെ ദാനമാണെന്ന് ശാസ്ത്രിയമായി ബോധ്യപ്പെട്ടാന്‍ നിരീശ്വരവാദത്തിന്റെ അന്ത്യം കുറിക്കുകതന്നെ ചെയ്യും. അതിനെ ഒരു നിരീശ്വരലോബിയും അംഗികരിക്കാതിരിക്കുകയില്ല. മറിച്ച് നാളെ ഭൗതികമായ പദാര്‍ഥങ്ങളില്‍നിന്ന് കൃത്രിമമായി ജീവന്‍ സൃഷ്ടിക്കാനായാല്‍ (അത് അതിവിദൂരമല്ല) അതിനെതിരെയും ഞൊണ്ടിഞായം നിരത്താന്‍ പ്രബോധകര്‍ ഉണ്ടാകുമെന്നതില്‍ തര്‍ക്കമില്ല.




സ്റ്റീഫന്‍ ഹാക്കിന്‍സിനെ പ്രൊഫ. പി എ വാഹിദ് വളച്ചൊടിക്കുന്നു:


വാഹിദിന്റെ ലേഖനത്തില്‍ നിന്ന്: പ്രശസ്ത ശാസ്ത്രജ്ഞനായ സ്റ്റീഫന്‍ ഹാക്കിന്‍സ്  A Brief History of Time എന്ന് പുസ്തകത്തില്‍ ഈ വസ്തുത എടുത്തു പറയുന്നുണ്ട്:"കാലത്തിന്‌(സമയത്തിന്‌) ഒരു ആരംഭമുണ്ടായിരുന്നെന്ന് സമ്മതിക്കാന്‍ പലരും ഇഷ്ടപ്പെടുന്നില്ലെന്നുള്ളതാണ്‌ സത്യം. അത് സമ്മതിച്ചാല്‍ ദൈവത്തിന്റെ ഇടപെടല്‍ സ്ഥിരീകരിക്കപ്പെടുമോ എന്ന് ഭയമായിരിക്കാം അതിന്റെ പിന്നിലെ ചേതോവികാരം.. അക്കാരണത്താല്‍ ...


എന്നാല്‍ എനിക്ക് വായിക്കാനായത് ഇങ്ങനെയാണ്:- "കാലത്തിന്‌ ഒരു തുടക്കമുണ്ട് എന്നുള്ള ആശയം അധികമാളുകളും ഇഷ്ടപ്പെടുന്നില്ല.ഒരു പക്ഷേ ഇതിനു കാരണം ദൈവികമായ ഇടപെടലിന്‌ ഇതൊരു കനത്ത പ്രഹരമായി ഭവിക്കാം എന്നതുകൊണ്ടായിരിക്കാം."


ഏതായാലും സ്വീഫന്‍ ഹോക്കിങ്ങിന്റെ ഈ വിഷയത്തിലുള്ള ശരിയായ അഭിപ്രായം തിരക്കിയപ്പോള്‍ സംഗതി കിട്ടി.തന്റെ ഏറ്റവും പുതിയ പുസ്തകമായ The Grand Design-ല്‍ അദ്ദേഹം എഴുതുന്നു: "ക്വാണ്ടം ഗ്രാവിറ്റി എന്ന് ഒറ്റ നിയമം മതി പ്രപഞ്ചത്തിന്റെ ഉല്പത്തിയെക്കുറിച്ചും പരിണാമത്തെക്കുറിച്ചും വിശദീകരിക്കുന്നതിന്‌." 


ഒന്നുമില്ലായ്മയില്‍ നിന്ന് ഈ പ്രപഞ്ചവും ജീവനുമുണ്ടായതിന്റെ വിശദീകരണം പൂര്‍ണമായും ഭൗതികനിയമങ്ങള്‍ക്കനുസരിച്ച് വ്യക്തമാക്കാന്‍ കഴിയുമെങ്കില്‍ പ്രപഞ്ചത്തിന്റെ തിരശ്ശീലയില്‍ ചിത്രം വരയ്ക്കാന്‍ ഒരു ദൈവത്തിന്റെ കൈ ആവശ്യമില്ല.


The Grand Design is a popular-science book written by physicists Stephen Hawking and Leonard Mlodinow and published by Bantam Books in 2010. It argues that invoking God is not necessary to explain the origins of the universe, and that the Big Bang is a consequence of the laws of physics alone.[1] In response to criticism, Hawking has said; "One can't prove that God doesn't exist, but science makes God unnecessary."[2] However, when pressed on his own religious views by the BBC channel 4 documentary Genius of Britain, he has clarified that he does not believe in a personal God.[3][4][5]
The authors of the book point out that a Unified Field Theory (a theory, based on an early model of the universe, proposed by Albert Einstein and other physicists) may not exist. The book examines the history of scientific knowledge about the universe and explains 11 dimension M-theory, a theory many modern physicists support.[6]
Published in the United States on September 7, 2010, the book became the number one bestseller on Amazon.com just a few days after publication.[7][8][9] The book was published in the United Kingdom on September 9, 2010, and became the number two bestseller on Amazon.co.uk on the same day.[10]

http://en.wikipedia.org/wiki/The_Grand_Design_(book)


Wednesday, November 3, 2010

എന്‍ എം ഹുസ്സൈന്റെ വിഭ്രാന്തികള്‍

റിച്ചാഡ് ഡാക്കിന്‍സിന്റെ The God Delusion എന്ന കൃതിയെ ആധാരമാക്കി ശ്രീ. രവിചന്ദ്രന്‍ രചിച്ച 'നാസ്തികനായ ദൈവം' എന്ന കൃതിയെ ഖണ്ഡിക്കാനെന്ന പേരില്‍ മുജാഹിദ് ബുദ്ധിജീവിയായ ശ്രീ. എന്‍ എം ഹുസ്സൈന്‍ എഴുതുന്ന ലേഖനപരമ്പര 'നവ സാസ്തികത- റിച്ചാഡ് ഡാകിന്‍സിന്റെവിഭ്രാന്തികള്‍' എന്ന പേരില്‍ സ്നേഹസംവാദം മാസികയില്‍ പ്രസിദ്ധീകരിച്ചുതുടങ്ങിയിരിക്കുന്നു.

     'ദൈവവിഭ്രാന്തി' പുറത്തിറങ്ങി ചുരുങ്ങിയ സമയത്തിനുള്ളില്‍ തന്നെ ഡസന്‍ കണക്കിന് മറുപടി പുസ്തകങ്ങള്‍ അമേരിക്കയില്‍ തന്നെ പുറത്തിറങ്ങിക്കഴിഞ്ഞിട്ടുണ്ട്. അടിമുടി മതത്തില്‍ മുങ്ങി നില്‍ക്കുന്ന അമേരിക്കന്‍ സമൂഹത്തില്‍ ശ്രദ്ധേയമായ ചലനം സൃഷ്ടിക്കാന്‍ 'ദൈവവിഭ്രാന്തി'യ്ക്കു കഴിഞ്ഞിട്ടുണ്ട്. ഈ സാഹചര്യത്തില്‍ മലയാളത്തിലും അതിന് മറുപടി ഇറങ്ങിയില്ലെങ്കിലേ അല്‍ഭുതമുള്ളു.

     ഒരു ലേഖന പരമ്പര പ്രസിദ്ധീകരിച്ചു തുടങ്ങുമ്പോള്‍ തന്നെ അതിന് മറുപടിയുമായി ഇറങ്ങേണ്ടതില്ലെന്നറിയാം. വായിച്ചിടത്തോളം അതില്‍ മറുപടിപറയത്തക്കതായി പുതിയതെന്തെങ്കിലും ഉണ്ടെന്നും തോന്നുന്നില്ല. ഏതായാലും സമഗ്രമായി അതിനെ വിലയിരുത്തി പ്രതികരിക്കത്തക്കതായി വല്ലതുമുണ്ടെങ്കില്‍ ഉത്തരവാദപ്പെട്ടവര്‍ അത് ചെയ്യുമെന്ന് കരുതുന്നു. നാസ്തികനായ ദൈവം അഭിസംബോധന ചെയ്യുന്ന വിഷയങ്ങളെ അവഗണിച്ച്‌ വാചകക്കസര്‍ത്തു നടത്തുന്ന എന്‍ എം ഹുസ്സൈന്റെ വാദഗതികളുടെ പൊള്ളത്തരം വെളിവാക്കുക എന്നത് മാത്രമാണ്‌ ഈ പോസ്റ്റില്‍ ഉദ്ദേശിക്കുന്നത്.


തുടരുക