മനുഷ്യന്‍ സൃഷ്ടിച്ചിട്ടുള്ളതില്‍ വെച്ച് ഏറ്റവും നശീകരണശേഷിയുള്ള ആയുധമാണ്‌ മതം.

Tuesday, June 17, 2014

സ്വപ്നലോകത്തിലെ ബാലഭാസ്കരന്മാർ!


(ഇന്ത്യൻ ജനാധിപത്യത്തിൽ ഇടതുപക്ഷത്തിന്‌ എന്താണു പണി?


ഒടുവിൽ തീവ്രഹിന്ദുത്വം തീർത്ത രക്തപ്പാടുകളെ മൂലധനമാക്കി നരേന്ദ്രമോഡി ഇന്ത്യയുടെ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തിരിക്കുന്നു. ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് അതിന്റെ ചരിത്രത്തിലെ ഏറ്റവും വലുതെന്ന് വിശേഷിപ്പിക്കാവുന്ന പതനത്തിലേക്ക് കൂപ്പുകുത്തപ്പെട്ടു.. സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ പ്രധാന പ്രതിപക്ഷമായിരുന്ന കമ്മ്യൂണിസ്റ്റുകാരാകട്ടെ, വിരലിലെണ്ണാവുന്ന സീറ്റുകളിൽ ഒതുങ്ങി നിർണായകസ്വാധീനമില്ലാത്ത അവസ്ഥയിൽ എത്തിയിരിക്കുന്നു. കോൺഗ്രസ്സിന്റെ പതനം മുൻകൂട്ടി കണ്ട കുത്തകമാധ്യമങ്ങൾ മാസങ്ങൾക്കുമുമ്പുതന്നെ ‘മോഡി തരംഗ’ത്തിന്റെ കുഴലൂത്തുകാരായി മാറിക്കഴിഞ്ഞിരുന്നു. ബി ജെ പിയുടെ സംസ്ഥാനമുഖ്യമന്ത്രിമാരിൽ ഒരാൾ മാത്രമായിരുന്ന നരേന്ദ്രമോഡിയെ മുന്നിൽ നിർത്തിക്കൊണ്ട് മൂലധനശക്തികളും കുത്തകമാധ്യമങ്ങളും നടത്തിയ ഹൈടെക് പ്രചാരവേലകൾക്കൊടുവിൽ ആർ എസ്സ് എസ്സും ബി ജെ പിയും അതേറ്റുപിടിക്കാൻ നിർബന്ധിക്കപ്പെടുകയായിരുന്നുവെന്നാണല്ലോ അങ്ങാടിപ്പാട്ട്. ഫാസിസത്തിന്റെ അടിസ്ഥാനസ്വഭാവമായ വ്യക്തിപൂജ മോഡിസ്തുതികളിലൂടെ അതിന്റെ പാരമ്യത്തിലെത്തുന്നതും നാം കണ്ടു. ‘ഹരഹര മോഡി’, ‘നമോ’ തുടങ്ങിയ മോഡി സ്തുതികളുമായി മോഡി ഫാൻസ് നിറഞ്ഞാടിയപ്പോൾ നിരത്തായ നിരത്തുകൾ മുഴുവനും നിറഞ്ഞ ഫ്ലെക്സ് ബോർഡുകളിൽ പരസ്യപ്പെടുത്തപ്പെട്ടത് മോഡികീർത്തനങ്ങൾക്കൊപ്പം, സംഘപരിവാറിന്റെ മാനിഫെസ്റ്റോ എന്ന് വിശേഷിപ്പിക്കാവുന്ന ഗോൾവാൾക്കറുടെ വിചാരധാരയിലെ വരികൾ കൂടിയായിരുന്നു..
ഹിന്ദുത്വശക്തികളുടെ കാർമ്മികത്വത്തിൽ ഇന്ത്യ എങ്ങോട്ടാണ്‌ നയിക്കപ്പെടുകയെന്ന് നമുക്ക് കാത്തിരുന്നുകാണാം. പക്ഷേ, അതിനുമുമ്പ് കഴിഞ്ഞ തെരഞ്ഞെടുപ്പുഫലത്തിന്റെ അടിസ്ഥാനത്തിൽ കോൺഗ്രസ്സും ഇടതുപക്ഷ പാർടികളുമെല്ലാം തങ്ങളുടെ ബാലൻസ് ഷീറ്റുകൾ പരിശോധിക്കുന്ന തിരക്കിലാണല്ലോ.
 
 കഴിഞ്ഞ 10 വർഷമായി യു പി എ സർക്കാർ പിന്തുടർന്നുവന്ന ജനവിരുദ്ധമായ സാമ്പത്തികനയങ്ങളായിരുന്നു കോൺഗ്രസ്സിന്റെ പതനത്തിനു കാരണമെന്ന് കോൺഗ്രസ്സ് നേതാക്കൾ തന്നെ പരസ്യമായി അഭിപ്രായപ്രകടനം നടത്തിത്തുടങ്ങിയിരിക്കുന്നു; അവരിലാരും തന്നെ ഇക്കാലമത്രയും അതിനെതിരെ ഒരക്ഷരം ഉരിയാടാൻ ധൈര്യം കാണിച്ചിരുന്നില്ലെങ്കിലും! ഓപ്പൺ മാർക്കറ്റ് പോളിസിയിലൂടെ ശാസ്ത്രസാങ്കേതിക വിദ്യയുടെ പല നേട്ടങ്ങളും സാധാരണക്കാരിൽ വരെ എത്തിയെങ്കിലും പെട്രോളിയം ഉല്പ്പന്നങ്ങളുടെ വിലനിർണയാവകാശം പെട്രോളിയം കമ്പനികൾക്ക് തീറെഴുതപ്പെട്ടതും അതുമൂലമുണ്ടായ അനിയന്ത്രിയമായ വിലക്കയറ്റവും സാധാരണജനങ്ങളുടെ നിത്യജീവിതത്തെ ദുരിതത്തിലാഴ്തി. പൊതുമേഖലാ സ്ഥാപനങ്ങളെ തകർക്കുന്ന നയം നെഹ്രുവും തുടർന്ന് ഇന്ദിരാഗാന്ധിയും തുടർന്നുവന്ന സമ്മിശ്ര സമ്പദ് വ്യവസ്ഥയുടെ ചരമക്കുറിപ്പെഴുതാൻ തുടങ്ങി. കോൺഗ്രസ്സിന്റെയും ഘടകകക്ഷികളുടെയും നേതാക്കൾ അഴിമതിയിലൂടെ കോടിക്കണക്കിനുരൂപയുടെ പൊതുമുതൽ കൊള്ളയടിച്ചു. അഴിമതിയിലൂടെ സ്വരൂപിച്ചെടുത്ത കള്ളപ്പണത്തിന്റെ പങ്ക് തെരെഞ്ഞെടുപ്പുചെലവുകൾക്കായി പ്രാദേശികഘടകങ്ങളിൽ വരെ ഒഴുകിയെത്തിയപ്പോൾ ജനാധിപത്യം പണാധിപത്യത്തിനു വഴിമാറി. 
 
ഒരിക്കൽ ഇന്ത്യൻ ഭരണം ഒറ്റയ്ക്കു കയ്യാളിയിരുന്ന കോൺഗ്രസ്സിന്‌ അതിന്റെ പരമപ്രധാന സ്വാധീന മേഖലയായിരുന്ന ഹിന്ദി ബെല്റ്റിലെ സ്വാധീനം നഷ്ടമാകുന്നത് മണ്ഡൽ കമ്മീഷൻ റിപ്പൊർട്ടിനെത്തുടർന്ന് പല സംസ്ഥാനങ്ങളിലും ഉയർന്നുവന്ന ജാതിരാഷ്ട്രീയമായിരുന്നു. പലതായി ഭിന്നിക്കപ്പെട്ട ജനതാപാർടിയുടെ അവശിഷ്ടങ്ങളായ പ്രാദേശികപാർടികളും പുതുതായി മുളച്ചുവന്ന ജാതീയപാർടികളുമെല്ലാം ഇന്ത്യൻ സാമൂഹ്യവ്യവസ്ഥയുടെ ഉല്പ്പന്നങ്ങളായ ജാതീയതയിൽ തങ്ങളുടെ രാഷ്ട്രീയ സ്വപ്നങ്ങൾക്ക് ഊടും പാവും നെയ്തു. ഈ ജാതീയ രാഷ്ട്രീയത്തിനുമേൽ ബി ജെ പി നേടിയ മേൽ കയ്യാണ്‌ അവരിലേക്ക് 2014 ലെ തെരെഞ്ഞെടുപ്പിൽ ഇന്ദ്രപ്രസ്ഥത്തിന്റെ നിയന്ത്രണം കൊണ്ടെത്തിക്കുന്നതിൽ പ്രധാന കാരണമായത്. എന്നാൽ ഏറെ ദയനീയമായിരിക്കുന്നത് ഇടതുപക്ഷപാർടികളുടെ അവസ്ഥയാണ്‌. പശ്ചിമബംഗാൾ, കേരളം, തൃപുര എന്നീ സ്ംസ്ഥാനങ്ങളിൽ നിർണായക സ്വാധീനമുള്ള സി പി ഐ എമ്മിന്‌, ആ സ്വാധീനവും അതുപയോഗിച്ച് ഇതര സംസ്ഥാനങ്ങളിലെ പ്രാദേശികപാർടികളുമായിചേർന്ന് നേടിയ വിരലിണ്ണാവുന്ന സീറ്റുകളും മാത്രമായിരുന്നു രാഷ്ട്രീയ മൂലധനം. കേരളത്തിലെ ലോക് സഭാ സീറ്റുകളിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടാകാറുണ്ടെങ്കിലും മൂന്നരപതിറ്റാണ്ടോളം ബംഗാളീലെ മുടിചൂടാമന്നന്മാരായി നേടിയ സീറ്റുകളുടെ ബലത്തിലാണ്‌ സി പി ഐ എം ഇടതുകക്ഷികളുടെ നേതൃത്വത്തിലേക്ക് വരുന്നതും, പലപ്പോഴും കേന്ദ്ര രാഷ്ട്രീയത്തിലെ രാഷ്ട്രീയരംഗസംവിധായകരായി മാറിയതും. എന്നാൽ എപ്പോൾ മുതലാണോ സി പി ഐ എം ചവിട്ടിനിന്ന മണ്ണീനെ മറന്ന്, തങ്ങളുടെ കരുത്തായ പാവപ്പെട്ട കർഷകരുടെ നെഞ്ചിലേക്ക് പോലും നിറയൊഴിക്കാനുള്ള ചങ്കുറപ്പ് നേറിയത്, അവരുടെ പതനം അവിടെ തുടങ്ങുന്നു. 

1964 ലെ പിളർപ്പിനുശേഷവും ബിഹാർ, ആന്ധ്രപ്രദേശ്, തമിഴ്നാട്, പഞ്ചാബ്, ഒരീസ്സ, മണിപ്പൂർ, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിൽ നിർണായക സ്വാധീനമുണ്ടായിരുന്ന സി പി ഐ ആകട്ടെ, പില്ക്കാലത്ത് ചില പോക്കറ്റുകളിലേക്ക് ഒതുക്കപ്പെടുന്നതും, പിന്നീട് ജാതിരാഷ്ട്രീയത്തിന്റെ കടന്നുവരവോടെ ചിത്രത്തിൽ നിന്നും നിഷ്കാസനം ചെയ്യപ്പെടുന്നതുമാണ്‌ കാണാൻ കഴിയുന്നത്. സി പി ഐ എമ്മിനൊപ്പം ചേർന്ന് നിന്നുകൊണ്ട് ബംഗാളിൽ നിന്നും കേരളത്തിൽ നിന്നും നേടാൻ കഴിഞ്ഞിരുന്ന ചില സീറ്റുകളും തമിഴ്നാട്, ഒറീസ്സ, ആന്ധ്രപ്രദേശ്, മണിപ്പൂർ തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്ന് ചില പ്രാദേശികപാർടികളുടെ സന്മനസ്സിൽ കിട്ടിയ ഒന്നോ രണ്ടോ സീറ്റുകളുമായി ദേശീയ കക്ഷി എന്ന പദവി നിലനിർത്താൻ ഇക്കാലമത്രമുയും സി പി ഐക്ക് കഴിഞ്ഞു. എന്നാൽ ബംഗാളും, തമിഴ്നാട്ടും, ഒറീസ്സയും, മണിപ്പൂരുമെല്ലാം കൈവിട്ടുപോയപ്പോൾ കേരളത്തിൽ നിന്ന് ലഭിച്ച ഒരേയൊരു സീറ്റിന്റെ ബലത്തിൽ പാർലമെന്റിൽ പ്രാതിനിധ്യം നിലനിർത്താൻ കഴിഞ്ഞ സി പി ഐയെ സംബന്ധിച്ചും ഭാവി ഏറെ ചർച്ചചെയ്യപ്പെടേണ്ടതും കാലോചിതമായ തീരുമാനങ്ങൾ എടുത്ത് മുന്നോട്ട് പോകേണ്ടതുമുണ്ട്. പാർലമെന്റ് തെരെഞ്ഞെടുപ്പിനെത്തുടർന്ന് ഇടതുപക്ഷരാഷ്ട്രീയത്തിന്റെ ഇന്ത്യയിലെ പ്രസക്തിയെ സംബന്ധിച്ച്‌ പ്രസ്ഥാനത്തെ സ്നേഹിക്കുന്നവർക്കിടയിൽ നിന്നും ശത്രുക്കൾക്കിടയിൽ നിന്നും സംവാദങ്ങൾ ഉയർന്നുവന്നുകഴിഞ്ഞിട്ടുണ്ട്. കമ്മ്യൂണിസ്റ്റുപാർടികളുടെ ദേശീയപാർടി പദവി പോലും നഷ്ടമാകുന്ന അവസ്ഥയുണ്ടെന്നും ഇനി ഇന്ത്യയിൽ അവർക്ക് നിലനില്ക്കാനാവില്ലെന്നുമുള്ള ആഘോഷങ്ങൾ സോഷ്യൽ മീഡിയയിൽ പോലും ശക്തമാണ്‌. എന്നാൽ ഇന്ത്യയിലെ പീഡിതജനതയുടെ ഉയർത്തെഴുന്നേല്പ്പിന്‌ ഇടതുപക്ഷത്തിന്റെ നിലനില്പ്പ് അത്യന്താപേക്ഷിതമാണെന്ന് കരുതുന്നവർ നിലനില്പ്പിന്റെ ആശങ്കകൾ പങ്കുവെക്കുന്നതോടൊപ്പം അതിനുള്ള നിർദ്ദേശങ്ങളും മുന്നോട്ട് വെയ്ക്കുന്നു. ഇതിൽ ആദ്യത്തേതാണ്‌, കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ പുനരേകീകരണം മുഖ്യ അജണ്ടയായി ചർച്ചകൾക്ക് തുടക്കം കുറിക്കണമെന്ന അഭിപ്രായത്തോടെ സി പി ഐ നേതാവ് ബിനോയ് വിശ്വം ജനയുഗം ദിനപത്രത്തിൽ എഴുതിയ മുഖപ്രസംഗം. കമ്മ്യൂണിസ്റ്റ് പാർടിയുടെ ഇന്ത്യയിലെ നിലവിലുള്ള ഒരേയൊരു പാർലമെന്റ് അംഗമായ സി എൻ ജയദേവനും ഇതേ ആശയം പങ്ക് വെക്കുന്നുണ്ട്. കമ്മ്യൂണിസം ഒരു മന്ത്രമൊന്നുമല്ല, ഒരു വഴികാട്ടി മാത്രമാണ്‌; അത് ഇന്ത്യൻ സാഹചര്യത്തിൽ പ്രായോഗികമായി ഉപയോഗിക്കുകയാണ്‌ വേണ്ടതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടതായി പത്രങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സി പി ഐയെ സംബന്ധിച്ച് ഇത് ഒരു പുതിയ അഭിപ്രായമൊന്നുമല്ല. കമ്മ്യൂണിസ്റ്റ് പുനരേകീകരണം അവർ എന്നേ മുഖ്യ ചർച്ചയായി എടുത്തുകഴിഞ്ഞിരുന്നു. അത് സി പി ഐ യും സി പി ഐ എമ്മും തമ്മിലുള്ള ലയനമല്ല, മറിച്ച് ഇന്ത്യയിലെ എല്ലാ കമ്മ്യൂണിസ്റ്റ് ഗ്രൂപ്പുകളുടെയും പുനരേകീകരണമാണെന്നും അവർ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ സി പി എമ്മിന്റെ ഭാഗത്തുനിന്ന് ഇന്നുവരെ അനുകൂല സമീപനം ഉണ്ടായിട്ടില്ല. ബിനോയ് വിശ്വത്തിന്റെ അഭിപ്രായം അകാലികമായ അഭിപ്രായമാണെന്നാണല്ലോ സി പി എം പി ബി അംഗം എം ഏ ബേബി വിലയിരുത്തിയത്.

കമ്മ്യൂണിസ്റ്റുപാർടികൾക്ക് ഇന്നുള്ള രൂപത്തിൽ എത്രകാലം മുന്നോട്ട് പോകാനാകും? പോയാൽ തന്നെ, തങ്ങളുടെ നിലനില്പ്പുകൊണ്ട് സമൂഹത്തിന്‌ എന്ത് സംഭാവന നല്കാനാകും? ഇന്ത്യൻ ജനാധിപത്യത്തിൽ ക്രിയാത്മകമായി ഒന്നും ചെയ്യാനാകാതെ, തങ്ങളുടെ ദേശീയപാർടിപദവി നിലനിർത്തി ഉന്തിത്തള്ളി മുന്നോട്ട് പോവുക എന്ന മിനിമം അജണ്ടയുമായി ഇത്തരം പാർടികൾ കൊണ്ട് രാജ്യത്തിനും ജനതയ്ക്കും വല്ല നേട്ടവുമുണ്ടാകുമോ? ഇന്ത്യൻ ജനാധിപത്യത്തിന്റെ ഭാവിതന്നെ ഫാസിസത്തിന്റെ മുൾമുനയിൽ നില്ക്കുമ്പോൾ രാജ്യത്തെയും ജനാധിപത്യത്തെയും സംബന്ധിച്ച് ചിന്തിക്കുന്നവരെ സംബന്ധിച്ച് ഏറെ പ്രസക്തിയുള്ള ചോദ്യമാണിത്. ശതകോടീശ്വരന്മാരും സഹസ്രകോടീശ്വരന്മാരും നിറഞ്ഞാടുന്ന ഇന്ത്യൻ ജനാധിപത്യത്തിൽ ജനപക്ഷത്തു നിന്നുകൊണ്ട് സംസാരിക്കാൻ ഒരു ശക്തമായ ഇടതുപക്ഷം ഇന്ത്യക്കാവശ്യമില്ലേ?
 

എന്താണ്‌ പോംവഴി?

2012-ൽ പാറ്റ്നയിൽ നടന്ന സി പി ഐ 21-ആം പാർടി കോൺഗ്രസ്സ് അംഗീകരിച്ച രാഷ്ട്രീയപ്രമേയം സമൂഹത്തിന്റെ അടിസ്ഥാനപരമായ മാറ്റത്തിന്‌ വേണ്ട അടിയന്തിരകടമയായി പാർടി സംഘടന കെട്ടിപ്പടുക്കുന്ന കാര്യമാണ്‌ എടുത്തുപറയുന്നത്. എല്ലാ സംസ്ഥാനങ്ങളിലും ശക്തമായ പാർടി സംഘടനയില്ലാതെ ജനങ്ങളുടെ അടിസ്ഥാനപ്രശ്നങ്ങളിൽ ഇടപെടാനാകില്ലെന്ന് രേഖ എടുത്തുപറയുന്നു. എന്നാൽ സി പി ഐയെ സംബന്ധിച്ച് മാത്രമല്ല, സി പി ഐ എമ്മിനെ സംബന്ധിച്ചും ഇന്ന് ഇല്ലാത്തത് അതുതന്നെയാണ്‌. (കേരളവും, ബംഗാളും ത്രിപുരയും മാറ്റി നിർത്താം). സങ്കുചിത താല്പര്യങ്ങളും കുടുംബ താല്പര്യങ്ങളും മാത്രം ലക്ഷ്യം വെയ്ക്കുന്ന പ്രാദേശികപാർടികളുടെ കാരുണ്യത്തിൽ ഏതാനും സീറ്റുകൾ അസംബ്ലികളിലേക്കും പാർലമെന്റിലേക്കും നേടുകയെന്ന അജണ്ടയിലപ്പുറം ഇന്നുള്ള പാർടി സംവിധാനവുമായി ഇന്ത്യയിൽ എന്തു പണിയാണ്‌ ഇടതുപക്ഷത്തിനു ക്രിയാത്മകമായി ചെയ്യാനാവുക എന്നൊരു ചോദ്യത്തിനാണ്‌ നേതൃത്വം ഉത്തരം തരേണ്ടത്.

പാർലമെന്ററി ജനാധിപത്യം സമരതന്ത്രം മാത്രമോ?

1964 ലെ പിളർപ്പിനുശേഷം രൂപം കൊണ്ട സി പി ഐ എം പാർലമെന്ററി ജനാധിപത്യത്തിൽ ഇടപെടുന്നതിനെ ഒരു സമരതന്ത്രമായി കണ്ടപ്പോൾ സി പി ഐ സമാധാനപരമായ പാർലമെന്ററി പ്രവർത്തനത്തിലൂടെയുള്ള സാമൂഹിക പരിവർത്തനമാണ്‌ മുന്നോട്ട് വെച്ചത്. സി പി ഐ ഭരണഘടനയുടെ ആമുഖത്തിൽ ഒരു ഖണ്ഡികയിൽ ഇങ്ങനെ കാണുന്നു. “ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർടി നിയപ്രകാരം സ്ഥാപിതമായ ഇന്ത്യൻ ഭരണഘടനയോടും, സോഷ്യലിസം, മതനിരപേക്ഷത, ജനാധിപത്യം എന്നീ തത്വങ്ങളോടും ആത്മാർത്ഥമായ കൂറും വിശ്വാസവും പുലർത്തുകയും ഇന്ത്യയുടെ പരമാധികാരവും ഐക്യവും, അവിച്ഛന്നതയും ഉയർത്തിപ്പിടിക്കുകയും ചെയ്യുന്നതാണ്‌.” എന്നാൽ അതേ ആമുഖത്തിൽ തന്നെ മറ്റൊരിടത്ത് ഇങ്ങനെയാണുള്ളത് : “സോഷ്യലിലം കെട്ടിപ്പടുക്കുന്നതിനു സോഷ്യലിസ്റ്റ് ജനാധിപത്യത്തിൽ അധിഷ്ഠിതമായ, അധ്വാനിക്കുന്ന ജനങ്ങളുടെ ഭരണാധികാരം നേടിയെടുക്കേണ്ടത് അത്യാവശ്യമാണ്‌. അധ്വാനിക്കുന്ന ജനങ്ങളോടും അവരുടെ ചരിത്രപരമായ ദൗത്യത്തോടും അടിപതറാത്ത കൂറു പുലർത്തിക്കൊണ്ട് ഇന്ത്യൻ കമ്മ്യൂണിസ്റ്റുപാർടി ഈ ദൗത്യത്തിന്റെ സാക്ഷാത്കാരാത്തിനുവേണ്ടി പ്രയത്നികുകയും, ഇന്ത്യയിൽ ഒരു കമ്മ്യൂണിസ്റ്റ് സമുദായം സ്ഥാപിക്കുകയെന്ന അതിന്റെ അന്തിമലക്ഷ്യത്തിലേക്ക് മുന്നേറുകയും ചെയ്യും. “ സായുധവിപ്ലത്തിലൂടെയുള്ള സാമൂഹികപരിവർത്തനം എന്ന ആശയത്തെ എന്നേ തള്ളീക്കളഞ്ഞ പാർടിയെന്ന നിലയിൽ സി പി ഐ മുന്നോട്ട് വെയ്ക്കുന്നത് പാർലമെന്ററി ജനാധിപത്യത്തിലൂടെയുള്ള അധികാരലബ്ധിയും ഭൂപരിഷ്കരണമടക്കമുള്ള വിപ്ലവകരമായ തീരുമാനങ്ങൾ നടപ്പാക്കിയ അതേ സോഷ്യൽ പീസ് മീൽ എഞ്ചിനീയറിങ്ങിന്റെ രീതിയും തന്നെയായിരിക്കുമെന്ന് നമുക്ക് ഊഹിക്കാം.
എന്നാൽ സി പി ഐ എം ഭരണഘടന “തൊഴിലാളിവർഗ സർവാധിപത്യം സ്ഥാപിക്കുന്നതിലൂടെ സോഷ്യലിസവും കമ്മ്യൂണിസവും കൈവരുത്തുകയാണ്‌ തങ്ങളുടെ ലക്ഷ്യമെന്ന്” ഭരണഘടനയിലൂടെ വ്യക്തമാക്കുന്നു. തൊഴിലാളി വർഗ സർവാധിപത്യമെന്ന ആശയം അടിസ്ഥാനപരമായി പാർടി ആധിപത്യംതന്നെയാണെന്ന് സോവിയറ്റ് യൂണിയനിലെയും മറ്റ് കാലഹരണപ്പെട്ട സോഷ്യലിസ്റ്റ് രാജ്യങ്ങളിലെയും അനുഭവം നമ്മളെ പടിപ്പിക്കുന്നു. ഉത്തരകൊറിയയിൽ ഇന്ന് അത് കുടുംബാധിപത്യവും ഫാസിസവുമായി രൂപപ്പെട്ടിരിക്കുന്നതും നമുക്ക് കാണാനാകും. പാർലമെന്ററി ജനാധിപത്യത്തിലൂടെയായാലും, തൊഴിലാളിവർഗ വിപ്ലവത്തിലൂടെയായാലും നിലവിലുള്ള ലോക സാഹചര്യത്തിൽ ഇന്ത്യയിൽ ഒരു ‘കമ്മ്യൂണിസ്റ്റ് സമൂഹം കെട്ടിപ്പടുക്കുക’ എന്നൊക്കെയുള്ള അവകാശവാദം ഏതുനിലക്ക് നോക്കിയാലും ഒരിക്കലും നടപ്പാകാത്ത ഒരു സ്വപ്നമായി അവശേഷിക്കാനാണിട. ബലപ്രയോഗത്തിലൂടെ ഇത്തരം നീക്കങ്ങൾ നടന്ന കഴിഞ്ഞ നൂറ്റാണ്ടിന്റെ ചരിത്രം നമുക്ക് നല്കുന്ന പാഠം അതാണ്‌. പ്രായോഗികമായി നോക്കിയാലും ഇത്തരം അവകാശവാദങ്ങൾ എത്രതലമുറകൾക്ക്ക് ശേഷമായിരിക്കും നടപ്പാകുകയെന്നതും അത് നടപ്പാക്കാൻ തങ്ങളുടെ കൈവശമുള്ള വിഭവങ്ങളും ഉപായങ്ങളും എന്തെന്നും കൂടി വ്യക്തമാക്കപ്പെടേണ്ടതുണ്ട്. ലോകം മാറുന്നതും തലമുറ മാറുന്നതും അറിയാതെ പോയകാലത്തിന്റെ കടും പിടുത്തങ്ങളുമായി ഏറെകാലം മുന്നോട്ട് പോകാനാകില്ല. എന്നാൽ രാപകലും പണിയെടുത്തിട്ടും വേണ്ടത്ര വിദ്യാഭ്യാസവും പാർപ്പിട സൗകര്യങ്ങളും ആതുരസേവനവും ലഭ്യമാകാത്ത ഒരു ജനത ചുറ്റുമുണ്ടുതാനും. ഭൂപരിഷ്കരണം, പൊജനാരോഗ്യം, പൊതുവിതരണം, കൃഷി, ജനകീയാസൂത്രണം, പൊതുവിദ്യാഭ്യാസം തുടങ്ങിയ മേഖലകളിൽ പോയ ഇടതുപക്ഷ സർക്കാരുകൾ തുടങ്ങിവെച്ച സോഷ്യൽ പീസ് മീൽ എഞ്ചിനീയറിങ്ങിന്റെ വഴിതന്നെയാണ്‌ മെച്ചപ്പെട്ട വഴിയെന്നും അതൊക്കെ നടപ്പാക്കത്തക്ക രീതിയിൽ സംഘടനാ സംവിധാനത്തെ മെച്ചപ്പെടുത്തേണ്ടതുണ്ടെന്നും അതിനു പുതിയ വഴികൾ ആരായേണ്ടതുണ്ടെന്നും കൺതുറന്നുകാണാൻ ഇന്ത്യയിലെ ഇടതുപക്ഷപ്രസ്ഥാനത്തിനു കഴിയേണ്ടതുണ്ട്.
എം എ ബേബിയും അദ്ദേഹത്തിന്റെ പാർടിയും പറയുന്നതുപോലെ സി പി ഐയും സി പി ഐ എമ്മും തമ്മിൽ കടലാസിലും പ്രയോഗത്തിലും ഒരുപാട് അഭിപ്രായ ഭിന്നതകൾ ബാക്കിയുണ്ട്. ആ അഭിപ്രായ ഭിന്നതകൾ നിലനില്ക്കുമ്പോൾ ലയനം ‘അകാലികം’ തന്നെ. എന്നാൽ അപ്രയോഗികമായ വിപ്ലവ വഴികളെചൊല്ലി ശണ്ഠകൂടി കാലം കഴിക്കുന്നതിനുപകരം നിലവിലുള്ള ഇന്ത്യൻ സാഹചര്യങ്ങളെ കൂട്ടായിരുന്നൊന്ന് വിലയിരുത്തുവാനും, അതിൽ നിന്നും കൂട്ടായ നിഗമനങ്ങളിൽ എത്തുവാനും കഴിഞ്ഞാൽ ഇത്തരം ഭിന്നതകളെ ദൂരീകരിക്കാനാകും. നരച്ചുപഴകിയ വിപ്ലവസ്വപ്നങ്ങളെ താലോലിക്കുകയും സാങ്കല്പിക വഴികളുടെ പേരിൽ ശണ്ഠകൂടുകയുമല്ല, പ്രായോഗികാർത്ഥത്തിൽ എന്തുചെയ്യണെമെന്ന് ചിന്തിക്കുകയാണ്‌ ബുദ്ധിയുള്ളവർ ചെയ്യേണ്ടത്. സ. ബിനോയ് വിശ്വം തുടങ്ങിവെച്ച ചർച്ചകൾ അത്തരമൊരു പോസിറ്റീവായ വഴിയിലേക്ക് നീങ്ങിയാൽ അത് ഇന്ത്യയിൽ ദൂരവ്യാപകമായ ഫലങ്ങൾ ചെയ്തേക്കാം. സി പി ഐ യും സി പി ഐ എമ്മും മാത്രമല്ല, ഇതരപാർടികളിൽ പ്രവർത്തിക്കുന്നവരും അല്ലാത്തവരുമായ സമാന മനസ്കരും ചേർന്നുകൊണ്ട് ഒരു പുതിയ ഇടതുപക്ഷപ്രസ്ഥാനം ഇന്ത്യയിൽ വളർന്നു വരണം. പുതിയ പ്രതീക്ഷകളെ മുന്നോട്ട് നയിക്കാൻ പുതിയ തലമുറ മുന്നോട്ട് വരുമെന്ന് ഇന്ത്യയിൽ ഉദയം ചെയ്ത ആം ആദ്മി പാർടിയുടെ പിന്നിൽ അണിനിരന്ന ജനതയുടെ പാഠം നമ്മോട് പറയുന്നു. അവിടെ ഒരിക്കലും നടക്കാത്ത ഉട്ടോപ്യൻ സ്വപ്നങ്ങളല്ല, ഇന്ത്യൻ ജനതയുടെ ദൈന്യതയാണ്‌ വഴികാട്ടിയാകേണ്ടത്. ഇവിടെയാണ്‌ സ. ജയദേവൻ പറഞ്ഞുവെച്ച ആശയത്തിന്റെ പ്രസക്തി. കമ്മ്യൂണിസം ഒരു മന്ത്രമൊന്നുമല്ല, ഒരു വഴികാട്ടി മാത്രമാണ്‌. അത് ഇന്ത്യൻ സാഹചര്യത്തിൽ പ്രായോഗികമായി ഉപയോഗിക്കുകയാണ്‌ വേണ്ടത്. കമ്മ്യൂണിസമെന്നത് മർദ്ദിതജനതയോടുള്ള പക്ഷപാതിത്വവും അവരുടെ ഉയർത്തെഴുന്നേല്പ്പിനുവേണ്ടിയുള്ള പാർലമെന്ററി ജനാധിപത്യത്തിലൂടേയുള്ള സോഷ്യൽ പീസ് മീൽ എഞ്ചിനീയറിങ്ങും തന്നെയാണെന്നതാണ്‌ ആ ഇന്ത്യൻ സാഹചര്യം.

Saturday, May 3, 2014

അടഞ്ഞ വായകൾ , അടപ്പിക്കപ്പെട്ട വായകൾ


ഒരു നുണ നൂറ്‌ വട്ടം ആവർത്തിച്ചാൽ സത്യമാക്കാമെന്നും അതുവഴി അത് പൊതുജനം വിശ്വസിച്ചുകൊള്ളുമെന്നുമുള്ള കണ്ടെത്തൽ വിജയകരമായി പ്രയോഗത്തിൽ വരുത്തിയയാളായിരുന്നു നാസി ജർമ്മനിയിൽ ഹിറ്റ്ലറുടെ പ്രചരണ മന്ത്രിയായിരുന്ന പോൾ ജോസഫ് ഗീബൽസ്. ഗീബൽസ് കഴിഞ്ഞ നൂറ്റാണ്ടിൽ പ്രയോഗിച്ച ഈ തന്ത്രം മറ്റൊരു രൂപത്തിൽ പ്രയോഗത്തിലേക്കെത്തിക്കുകയാണ്‌ മലയാളത്തിലെ ചില ദൃശ്യ-പത്ര മാധ്യമങ്ങൾ.. തങ്ങളുടെ താല്പര്യങ്ങൾക്ക് ഹിതകരമല്ലാത്ത വാർത്തകളെ നിരന്തരമായി തമസ്കരിക്കുകയോ വളചൊടിക്കുകയോ   ചെയ്യുക വഴി അവ സത്യമല്ലെന്ന പ്രതീതി ജനിപ്പിച്ച് പൊതുജനത്തെ കഴുതയാക്കുകയെന്ന തന്ത്രമാണ്‌ ഇക്കൂട്ടർ നടപ്പാക്കിക്കൊണ്ടിരിക്കുന്നത്.
കേരളത്തിലെ ഏറ്റവും ശക്തമായ അധികാരസ്രോതസ്സുകളിൽ ഒന്നായ അമൃതാനന്ദമയിക്കും അവരുടെ മഠത്തിനുമെതിരെ അതിതീഷ്ണമായ വിമർശനങ്ങൾ നടത്തിയ  അവരുടെ തന്നെ മുൻ ശിഷ്യ ഗെയ്ൽ ട്രെഡ് വെലുമായി  ജോൺബ്രിട്ടാസ് നടത്തിയ അഭിമുഖം കൈരളി ടി വി സംപ്രേഷണം ചെയ്തപ്പോൾ കേരളമൊന്നടങ്കം ശ്വാസമടക്കിപ്പിടിച്ചുകൊണ്ടാണ്‌ ടി വിയുടെ മുന്നിലിരുന്നത്. കേരളത്തിന്റെ സാമൂഹ്യ-സാംസ്കാരിക മനസ്സാക്ഷിക്കുമേൽ വിസ്ഫോടനമായിമാറിയ ഈ ആഭിമുഖത്തിന്റെ വിശദാംശങ്ങൾ അറിയാൻ ആകാംക്ഷയോടെ പിറ്റേ ദിവസത്തെ പത്രം പരതിയവർ വിഢ്ഠികളായി മാറി. മലയാളത്തിലെ മുത്തശ്ശിപ്പത്രങ്ങൾ മനോരമയും മാതൃഭൂമിയും വിവരമറിഞ്ഞതേയില്ല! ദേശാഭിമായിലെങ്കിലും മുൻപേജിൽ ഒരു വാർത്ത പ്രതിക്ഷിച്ചവർക്ക് തെറ്റി. എങ്ങും തൊടാതെ ഒരു വാർത്ത ഉൾപേജിലെങ്കിലും കൊടുക്കാൻ അവർക്ക് കഴിഞ്ഞതിൽ അവരെ അഭിനന്ദിക്കാതിരിക്കാൻ നിവൃത്തിയില്ല.
ഗെയ്ൽ - ബ്രിട്ടാസ് ഇന്റർവ്യൂവിനു മുംമ്പുതന്നെ ഹോളി ഹെൽ’ കേരളത്തിൽ ചർച്ചയായിരുന്നുവെങ്കിലും അത് ഒരു പരിധിവരെ സൈബർ ലോകത്ത് ഒതുങ്ങി നില്ക്കുകയായിരുന്നു. ആൾദൈവ-അധോലോകമുയർത്തുന്ന പ്രശ്നങ്ങൾ മുമ്പും പലവട്ടം ചർച്ചകളിൽ വന്നുവങ്കിലും അതെല്ലാം താല്ക്കാലിക വാദപ്രതിവാദങ്ങൾക്കുശേഷം വിസ്മൃതിയിലാണ്ടുപോയ ചരിത്രമാണുള്ളത്. ഹോളി ഹെൽ ഉയർത്തിയ വിമർശനങ്ങളുടെ പശ്ചാത്തലത്തിൽ മീഡിയ വൺ ചാനൽ സംപ്രേഷണം ചെയ്ത ട്രൂത്ത് ഇൻസൈഡ്എന്ന പരിപാടിയിൽ  അമ്മ സ്വരൂപം” എന്നപേരിൽ അവതരിപ്പിച്ച അരമണിക്കൂർ ദൈർഘ്യമുള്ള എപ്പിസോഡ് വിശദമായിത്തന്നെ അമൃതാനന്ദമയിയുടെ യഥാർത്ഥ മുഖത്തെ അനാവരണം ചെയ്തു. സുധാമണി എന്ന കൗമാരക്കാരിയിൽ നിന്നും അമൃതാനന്ദമയി എന്ന ആൾദൈവത്തിലേക്കുള്ള വളർച്ചയെയും അതിനുപിന്നിലുള്ള സ്ഥാപിതതാല്പര്യങ്ങളെയും കൃത്യമായി അവലോകനം ചെയ്തുകൊണ്ടും സമൂഹത്തിന്റെ വ്യത്യസ്ത തുറകളിലുള്ളവരെ അഭിമുഖം ചെയ്തുകൊണ്ടും മീഡിയവൺ നടത്തിയ ശ്രമം നിസ്തുലമെത്രെ.


റിപ്പോർട്ടർ ടി വി ബിഗ് സ്റ്റോറിയിൽ ഗൈയിലിന്റെ പുസ്തകം ഉയർത്തുന്ന പ്രശ്നങ്ങളെ വിശകലനം ചെയ്തു. പ്രസ്തുത പരിപാടിയിൽ അമൃതാനന്ദമയിക്കുവേണ്ടി ലജ്ജാലേശമന്യേ മുറവിളികൂട്ടിയ രാഹുൽ ഈശ്വർ തന്നെ അഭിപ്രായപ്പെട്ടതുപോലെ സോഷ്യൽ മീഡിയയിൽ വന്ന ചർച്ചകൾ ഇല്ലായിരുന്നുവെങ്കിൽ ഹോളിഹെൽ എന്ന പുസ്തകം ചർച്ചചെയ്യപ്പെടുകപോലുമില്ലാതെ പോകുമായിരുന്നു എന്നതാണ്‌ വസ്തുത. ഇന്ത്യാവിഷൻ ചാനൽ ന്യൂസ് നൈറ്റിൽ വിശദമായിതന്നെ ഗെയ്‌ലിന്റെ പുസ്തകം ഉയർത്തിയ വിമർശനങ്ങളോട് മഠം പുലർത്തിയ നിലപാടുകളെ പരിശോധനാ വിധേയമാക്കി. മഠം നടത്തുന്ന സാമൂഹ്യ സേവനങ്ങളുടെ പേരിൽ മുൻകൂർ ജാമ്യമെടുത്തുകൊണ്ടാണെങ്കിലും ഏഷ്യാനെറ്റ് ന്യൂസ് കവർസ്റ്റോറിയിൽ വിഷയം ചർച്ച ചെയ്തു.
കേരളത്തിലെയെന്നല്ലഇന്ത്യയിലെ തന്നെ ഏറ്റവും വലുതെന്ന് വിശേഷിപ്പിക്കാവുന്ന ആൾദൈവ സാമ്പത്തിക കേന്ദ്രമായ അമൃതാനന്ദമയീ മഠത്തിനെതിരെ ഗുരുതരമായ ആരോപണങ്ങളാണ്‌ ഗെയ്ൽ തന്റെ പുസ്തകത്തിൽ ഉന്നയിക്കുന്നത്. സ്നേഹത്തിന്റെ അവതാരമന്നൊക്കെ അനുയായികൾ പാടിപ്പുകഴ്ത്തുന്ന അമൃതാനന്ദമയിയുടെ യഥാർത്ഥ മുഖം അതല്ലഅവർ അക്രമകാരിയായ സ്ത്രീയാണ്‌,തനിക്കെതിരെ ഉയരുന്ന ചെറു ശബ്ദങ്ങൾ പോലും അവർ പേടിപ്പിച്ചും ഉപദ്രവിച്ചും ഇല്ലായ്മചെയ്യും.കൃഷ്ണഭാവത്തിൽ എത്തിയതിനുശേഷം അവർക്ക് ആർത്തവം ഉണ്ടായിട്ടില്ല- ഒരു സാധാരണ സ്ത്രീക്കപ്പുറത്തേക്ക് അവർ പരിവർത്തിക്കപ്പെട്ടു എന്ന വാദത്തെ അവർ നിരാകരിക്കുന്നു. അവർക്ക് തന്റെ ശിഷ്യന്മാരായ നിരവധി സ്വാമിമാരുമായി അവിഹിത ബന്ധമുണ്ട്താനത് തന്റെ കണ്ണുകൊണ്ട് കണ്ടിട്ടുണ്ട്. അവർക്ക് പണത്തോടും സ്വർണത്തോടും ആർത്തിയാണ്‌. സംഭാവനയായി ലഭിക്കുന്ന പണം തന്റെ കുടുംബത്തിനുവേണ്ടി ചെലവാക്കുന്നു ---ബലാൽസംഗം സാമ്പത്തിക അഴിമതി ഇങ്ങനെ തുടങ്ങി ഒരു ഹോളിവുഡ്-ബോളിവുഡ് സിനിമയുടെ ചേരുവകൾ എല്ലാമുള്ളതെന്ന് ബ്രിട്ടാസ് വിശേഷിപ്പിച്ച ഹോളിഹെൽ ഉയർത്തിവിട്ട ആരോപണങ്ങൾക്ക് വാർത്താപ്രാധാന്യമില്ലാത്തതുകൊ്ടോ, വിശ്വാസ്യതയില്ലാത്തതുകൊണ്ടോ അല്ല മലയാളത്തിലെ മുഖ്യധാരാ മാധ്യമങ്ങൾ നീചമായി തമസ്കരിച്ചത്. ഈ മകാരമാധ്യമങ്ങളും അമൃതാനന്ദമയീ മഠവുമായുള്ള അവിശുദ്ധമായ  സാമ്പത്തിക കെട്ടുപാടുകളുടെ കഥയുണ്ടിതിനു പിന്നിൽ.സോഷ്യൽ മീഡിയയിലും ഏതാനും ചാനലുകളിലും ഗൈൽ ട്രെഡ് വെല്ലിന്റെ  വെളിപ്പെടുത്തലുകൾ സജീവ ചർച്ച ആയ ദിവസങ്ങളിൽ വായ അടച്ചിരുന്ന പത്രങ്ങളിൽ പൊടുന്നനെ  മഠത്തിന്റെ മുഴു പേജ് പരസ്യം പ്രത്യക്ഷപ്പെട്ടതോർക്കുക .
ഗെയ്ൽ ട്രെഡ് വെൽ- ബ്രിട്ടാസ് അഭിമുഖം അമൃതാനന്ദമയീ മഠം- ഒരു സന്യാസിനിയുടെ വെളിപ്പെടുത്തലുകൾ’ എന്ന പേരിൽ പുറത്തിറക്കാൻ  ഡി സി ബുക്സ് കാണിച്ച   ധൈര്യമാണ്  കേരളീയ   അക്ഷരലോകത്തിന്റെ നാണം കെട്ട  ഇരുട്ടിനെ കീറി മുറിച്ച  ഒരു തീനാളം . എല്ലാ കേടുപാടുകളും പണമുപയോഗിച്ച് നികത്താമെന്ന അഹന്തയുമായി നടക്കുന്ന അഭിനവ ആത്മീയകച്ചവടക്കാർക്ക് , മകാര മാധ്യമങ്ങളെ എന്നാ പോലെ ഡി.സി . ബുക്സിനെ എളുപ്പത്തിൽ  വിലക്കെടുക്കാൻ പറ്റിയില്ല എന്നതിൽ കടുത്ത നിരാശ ഉണ്ടായിക്കാണുമെന്നു ഊഹിക്കാം.   
രാഷ്ട്രീയ നിരീക്ഷകനായ ഭാസുരേന്ദ്രബാബുസി പി ഐ നേതാവ് വി എസ് സുനിൽ കുമാർ എന്നിവർ നിർഭയമായ അഭിപ്രായങ്ങൾ രേഖപ്പെടുത്തുക വഴി വാർത്തകളോട് നീതി പുലർത്തി. സോഷ്യൽ മീഡിയയിൽ വന്ന പ്രതികരണങ്ങളോട് സഹിഷ്ണുതയോടെ പ്രതികരിക്കുന്നതിനും തങ്ങളുടെ ഭാഗം വ്യക്തമാക്കുന്നതിനും പകരം പ്രതികരിച്ചവർക്കെതിരെയും ലൈക്ക് ചെയ്തവർക്കെതിരെയുമെല്ലാം കേസ് എടുപ്പിക്കാൻ അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ ശ്രമം തികഞ്ഞ ഫാസിസമാണെന്ന് വി എസ് സുനിൽ കുമാർ അഭിപ്രായപ്പെട്ടു. അമൃതാനന്ദമയീ മഠം മാത്രമല്ലയോഹന്നാനെപ്പോലുള്ള കൃസ്ത്യൻ സുവിശേഷകരും മുസ്ലിം ആൾദൈവതട്ടിപ്പുകാരും പറ്റുന്ന വിദേശഫണ്ടിനെയും അതിന്റെ വിനിയോഗത്തെയും കുറിച്ച് വിശദമായ അന്വേഷണം ആവശ്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ആൾദൈവ പ്രസ്ഥാനങ്ങൾക്ക് വിമർശനങ്ങളൊട് സഹിഷ്ണുതയോടെ പ്രതികരിച്ച ചരിത്രമില്ലെന്നുംപെട്ടെന്ന് ഒരു സുപ്രഭാതത്തിൽ മുളച്ചുപൊന്തി കണ്ണഞ്ചിക്കുന്ന വേഗത്തിൽ തഴച്ചുവളരുന്ന അത്തരം സ്ഥാപനങ്ങളുടെ സാമ്പത്തിക സ്രോതസ്സ് അന്വേഷിക്കേണ്ടതാണെന്നും ഭാസുരേന്ദ്രബാബുവും അഭിപ്രായം രേഖപ്പെടുത്തി. 
കേരളം കണ്ട നിരവധി വിഷയങ്ങളിൽഒടുവിൽ സ്വന്തം പാർടിക്കാർ പ്രതിസ്ഥാനത്തു നിർത്തപ്പെട്ട ടി പി വധക്കേസിൽ ഉൾപ്പെടെ സ്വന്തം വീക്ഷണം പുലർത്തിയ  ശ്രീ വി എസ് അച്യുതാനന്ദൻ ഈ വിഷയത്തിൽ എടുത്ത നിലപാട് തികച്ചും പിന്തിരിപ്പൻ ആയിരുന്നുവെന്ന് പറയാതെ വയ്യ.  തീരദേശത്തുനിന്ന് ഉയർന്നുവന്ന അമ്മക്കെതിരെയുള്ള അന്യമതസ്ഥരുടെ   ഗൂഡാലോചനയാണ്‌ ഗെയിലിന്റെ വെളിപ്പെടുത്തൽ എന്ന രീതിയിലുള്ള അദ്ദേഹത്തിന്റെ നിരുത്തരവാദപരമായ നിലപാടുകൾ ഏറെ വിചിത്രമായിരുന്നു. സാമ്പത്തിക ക്രമക്കേടുകളെക്കുറിച്ചുള്ള ആരോപണങ്ങൾ പോലും മുഖവിലക്കെടുക്കാവുന്നതല്ലെന്ന വി എസ്സിന്റെ നിലപാടുകൾ ഏറെ പ്രതിലോമകരമായി എന്ന് നിസ്സംശയം പറയാം. ഇതിനിടയിൽ സി പി ഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയൻ ഈ വാർത്തകളെ ഗൗരവത്തോടെ കാണെണ്ടതാണെന്ന തന്റെ അഭിപ്രായം രേഖപ്പെടുത്തി.
വ്യത്യസ്തമായ നിലപാടുകളിലൂടെ നിരന്തരം തന്റെ പാർടിയായ കോൺഗ്രസ്സിന്റെ  പോലും കണ്ണിലെ കരടായി മാറിയ വി ടി ബൽറാം എം എൽ എ ഈ വിഷയത്തിലും തന്റെ നിലപാടുകൾ നിർഭയം വ്യക്തമാക്കി. എന്നാൽ മഠം സമൂഹത്തിനു ചെയ്യുന്ന വലിയ വലിയ കാര്യങ്ങളിൽ പങ്കാളിയാകുന്ന ഒരാളെന്ന നിലയിൽ മഠത്തിലെ പ്രമുഖർക്കെതിരെ വന്ന ലൈംഗികവും സാമ്പത്തികവുമായ ആരോപണങ്ങളെ മുഖവിലക്കെടുക്കേണ്ടതില്ലെന്ന കേരള മുഖ്യമന്ത്രിയുടെ നിലപാടുകൾ താൻ വഹിക്കുന്ന സ്ഥാനത്തിനു തന്നെ അപമാനകരമാണ്‌. ഗെയ്ൽ ഉയർത്തിയ ലൈംഗികാരോപണങ്ങളും സാമ്പത്തികാരോപണങ്ങളും മാത്രമല്ലഅനുമതിയില്ലാത്ത കെട്ടിട നിർമ്മാണം, കെട്ടിട നികുതിയിൽ കോടികളുടെ വെട്ടിപ്പ്അനധികൃത വയൽ നികത്തൽ എന്നിത്യാദി നിരവധി ആരോപണങ്ങൾ അമൃതാനന്ദമയീ മഠത്തിനെതിരെ ഉയർന്നുവന്നിട്ടുണ്ടെന്നിരിക്കെ അതൊക്കെ അവർ നടത്തുന്ന വലിയ വലിയ സാമൂഹ്യസേവനങ്ങളുടെ മറവിൽ കണ്ടില്ലെന്ന് നടിക്കേണ്ടതാണന്നെ കേരള മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നിലപാട് സത്യപ്രതിജ്ഞാ ലംഘനം കൂടിയാണെന്ന് പറയാതെ വയ്യ. ആൾദൈവമഠങ്ങളുടെയും സന്യാസീ ആശ്രമങ്ങളുടേയുംസമുദായിക വർഗീയ സംഘടനകളുടെയും ആജ്ഞാനുവർത്തികളായതുകൊണ്ട് മാത്രം കേരളത്തിന്റെ ഭരണസിരാകേന്ദ്രത്തിന്റെ നിയന്ത്രണം കൈപ്പിടിയിൽ ഒരുക്കിയിരിക്കുന്ന ഒരു മുഖ്യമന്ത്രിയിൽ നിന്നും ഇതിലപ്പുറമൊന്ന് പ്രതീക്ഷിക്കുന്നതുതന്നെ അധികപ്പറ്റാകുമെന്നതാണ്‌ വസ്തുത.
വാർത്തകൾ പുറത്തുവന്ന് ദിവസങ്ങൾ കഴിഞ്ഞിട്ടും താൻ ഇക്കാര്യം വിശദമായി പഠിച്ചിട്ടില്ലെന്നും,അതുകൊണ്ട് വിശദമായി തന്നെ കാര്യങ്ങൾ പഠിച്ച് അവതരിപ്പിക്കുന്ന അമൃതാനന്ദമയീ മഠത്തിന്റെ നിലപാടുകൾ അവിശ്വസിക്കേണ്ടതില്ലെന്നുമായിരുന്നു ആദർശസുധീരശബ്ദം. ശരിയായാലും തെറ്റായാലും തന്റെ നിലപാടുകൾ ഉറച്ചശബ്ദത്തിൽ വിളിച്ചുപറയുന്നയാളാണ്‌ കണ്ണൂർ രാഷ്ട്രീയത്തിന്റെ തീഷ്ണതയിൽ വളർന്നുവന്ന സി പി ഐ എം നേതാവ് പി ജയരാജൻ. അദ്ദേഹം തന്റെ ഫേസ് ബുക്ക് പേജിൽ നടത്തിയ പരാമർശങ്ങൾ വെളിച്ചം കാണുന്നതിനുമുമ്പുതന്നെ പിൻ വലിക്കപ്പെട്ടു എന്നത് ചെറിയ സംഭവമല്ല. ഒന്നുകിൽ അദ്ദേഹം ആരെയോ ഭയപ്പെടുന്നുഅല്ലെങ്കിൽ അദ്ദേഹത്തിന്റെ പാർടിയിൽ നിന്ന് അത്തരമൊരു നിർദ്ദേശം കിട്ടിയിരിക്കുന്നു എന്നേ നമുക്ക് ഊഹിക്കാൻ പറ്റൂ. വോട്ട് ബാങ്കുകൾ ഉള്ളിടത്തൊക്കെ തലകുത്തിവീണുകിടക്കാൻ വിധിക്കപ്പെട്ടവരാണ്‌ ജനാധിപത്യവ്യവസ്ഥയിലെ രാഷ്ട്രീയക്കാർ എന്ന വസ്തുത കണക്കിലെടുത്താൽ ഈ നേതാക്കളുടെയൊക്കെ നിലപാടുകളുടെ സാംഗത്യത്തിന്റെ പൊരുളുകൾ പകൽ വെളിച്ചം പോലെ വ്യക്തമാകുമെന്നതിനാൽ അതിനെക്കുറിച്ചുള്ള വേവലാതികൾക്ക് സ്ഥാനമില്ല. എന്നാൽ എല്ലാ ആൾദൈവ-ആത്മീയ തട്ടിപ്പുകളുടേയും സംരക്ഷണാവകാശം മൊത്തത്തിൽ ഏറ്റെടുക്കുകയും അതുവഴി വെളിച്ചം നഷ്ടമാകുന്ന മനസ്സുകളിൽ തങ്ങളുടെ പ്രസ്ഥാനത്തിന്റെ തഴച്ചുവളരൽ സ്വപ്നം കാണുകയും ചെയ്യുന്ന ഹിന്ദുത്വവാദികൾ ഏറെ പ്രകോപനപരമായാണ്‌ പൊതുസമൂഹത്തിൽ തങ്ങളുടെ വിശ്വരൂപം വെളിവാക്കിയത്. അമൃതാനന്ദമയീ മഠം- ഒരു സന്യാസിനിയുടെ വെളിപ്പെടുത്തലുകൾ എന്ന അഭിമുഖപ്പുസ്തകം പുറത്തിറക്കിയതിന്റെ പേരിൽ ഡി സി ബുക്സിനുനേരെയും അതിന്റെ ഉടമ ഡി സി രവിയുടെ വീടിനുനേരെയും തങ്ങളുടെ കാവിക്കൊടിവിതറി ഭീകരതസൃഷ്ടിച്ചവർ സമൂഹത്തിനു നല്കുന്ന സന്ദേശം എന്താണ്‌ആൾദൈവ സാമ്പത്തിക കേന്ദ്രങ്ങൾക്കുനേറെ ഉയരുന്ന ശബ്ദം ഏതുദിക്കിൽ നിന്ന് ആയാലും വെച്ചുപൊറുപ്പിക്കേണ്ടതില്ല എന്ന സന്ദേശമാണ്‌ ഹിന്ദുത്വശക്തികളുടെ വർഗീയ പ്രാസംഗിക ശശികല ടീച്ചർ അണികൾക്കു നല്കിയത് എന്നത് ഇതുമായി കൂട്ടിവായിക്കേണ്ടതാണ്‌.  ഒരു പ്രസാധക സ്ഥാപനത്തിനുനേരെ അതിക്രമം നടന്നിട്ടും മറ്റൊരു പ്രസിദ്ധീകരണ സ്ഥാപനമായ മനോരമ നല്കിയ വാർത്ത വായിച്ചാൽ ആക്രമിച്ചവനാണൊ കുറ്റക്കാരൻ അതോ ആക്രമിക്കപ്പെട്ടവനോ എന്നൊരു വർണ്യത്തിൽ ആശങ്ക നമുക്കുണ്ടാകും. ഏതോ അജ്ഞാത സംഘമാണ്‌ ആക്രമണം നടത്തിയതെന്നാണ്‌ ഇവർ വ്യക്തമാക്കിയതെങ്കിലുംഅത് മതാനന്ദമയീ മഠത്തെ അപകീർത്തിപ്പെടുത്താൻ വേണ്ടി ആസൂത്രണം ചെയ്തതാണെന്ന നിഗമനം പ്രസിദ്ധീകരിക്കാൻ അവർക്ക് യാതൊരു ഉളുപ്പുമില്ലാതെപോയി.
ഗീതാ സന്ദേശത്തിനു താൻ നല്കിയ വ്യാഖ്യാനങ്ങൾ ഹൈന്ദവർക്കിടയിൽ പ്രചരിപ്പിച്ചുകൊണ്ട് സമാധാനപരമായി സന്യാസജീവിതം നയിക്കുന്ന വ്യക്തിയാണ്‌ സ്വാമി സന്ദീപാനന്ദഗിരി. ആൾദൈവ ആത്മീയതയല്ല ശരിയായ ആത്മീയതയെന്ന തന്റെ നിലപാടുകൾ സധൈര്യം പ്രഖ്യാപിക്കുന്നതിൽ അദ്ദേഹം ഒരിടത്തും ഒരു പഞ്ഞവും കാണിക്കാറില്ല. അമൃതാനന്ദമയീ വിഷയത്തിൽ തന്റെ നിലപാടുകൾ തുറന്നുപറഞ്ഞതിന്റെ പേരിൽ കഴിഞ്ഞ മാസത്തിൽ രണ്ട് തവണയാണ്‌ അദ്ദേഹത്തിനുഅമ്മയുടെ കിങ്കരന്മാരിൽ നിന്നും ശാരീരികാക്രമണം നേരിടേണ്ടി വന്നത്. ആദ്യതവണ സ്ത്രീകളടക്കം ചൂലുമായെത്തി അദ്ദേഹത്തെ നേരിടാൻ ശ്രമിക്കുകയായിരുന്നു. വളരെ നികൃഷ്ടമായ ഭാഷയിൽ അദ്ദേഹത്തെ അസഭ്യം വിളിച്ച ഭക്തിഭ്രാന്തന്മാരെ അദ്ദേഹം സമാധാനത്തോടെ നേരിട്ടു. ഒടുവിൽ പ്രഭാഷണം കേൾക്കാനെത്തിയവർ തന്നെ പ്രതിഷേധക്കാരെ ഓടിച്ചുവിടുകയായിരുന്നു. എന്നാൽ തിരൂർ തുഞ്ചൻ പറമ്പിൽ അദ്ദേഹത്തിനുനേരെ ശാരീരികമായ അതിക്രമമുണ്ടായിപരിക്കുകളോടെ ആശുപത്രിയിൽ കഴിയേണ്ടി വന്നു. കാവിയുടുത്ത ഒരു സ്വാമിക്കുപോലും രക്ഷയില്ലെങ്കിൽ ഈ ഭക്തിഭ്രാന്തരിൽ നിന്നും ആർക്കാണ്‌ രക്ഷ പ്രതീക്ഷിക്കാനാകുക!!
2012 ൽ അമൃതാനന്ദമയീ ആശ്രമത്തിൽ വെച്ച് അമ്മഭക്തരുടെയും തുടർന്ന് പോലീസിന്റെയും പീഡനത്തെത്തുടർന്ന് കൊല്ലപ്പെട്ട സത്നാം സിങ്ങ് എന്ന ആത്മീയാന്വേഷകന്റെ കൊലപാതകത്തെക്കുറിച്ചുള്ള അന്വേഷണം അധികാര സാമ്പത്തിക ശക്തികളുടെ ഇടപെടലിനെത്തുടർന്ന് വിസ്മൃതിയിലായിക്കഴിഞ്ഞിരിക്കുന്നു.
ചെയ്യുന്ന ജോലിക്ക്, ജീവിക്കാനാൻ ആവശ്യമായ പ്രതിഫലം ആവശ്യപ്പെട്ട് സമരം ചെയ്ത നഴ്സുമാരെ കാവിയിട്ട ഗുണ്ടകളെ ഉപയോഗിച്ച് നേരിട്ട ചിത്രങ്ങൾ നമ്മൾ ചാനലുകളിൽ കണ്ടതാണ്‌.
ഗെയ്ലിന്റെ പുസ്തകം വാർത്തയാക്കാൻ വിഷമമുണ്ടായില്ലെങ്കിലും മനോരമമാതൃഭൂമി ചാനലുകൾക്ക് അതിനെതിരെയുള്ള വിമർശനങ്ങൾ പ്രസിദ്ധീകരിക്കാൻ ഒട്ടും സമയക്കുറവുണ്ടായില്ല. സിനിമാതാരങ്ങളെയും സെലിബ്രിറ്റികളെയുമെല്ലാം അവർ അമൃതാനന്ദമയിയുടെ അപദാനങ്ങൾ പാടിപ്പുകഴ്താൻ ഉപയോഗിച്ചു. പണത്തിനുവേണ്ടിയാണ്‌ ഗെയിൽ പുസ്തകം ഇറക്കിയതാണന്നാണ്‌ ഒരു സിനിമാ താരം പ്രതികരിച്ചത്. പണത്തിനുവേണ്ടിയോപ്രശസ്തിക്കുവേണ്ടിയോ ആകാംപക്ഷേഇത്രയും സ്വാധീമുള്ള ഒരു മഠത്തിലെ പ്രധാനികൾക്കെതിരെവന്ന ലൈംഗിക-സാമ്പത്തിക കുറ്റാരോപണങ്ങൾ അന്വേഷണ വിധേയമാക്കേണ്ടതില്ലേ എന്നതാണ്‌ അടിസ്ഥാനപരമായ ചൊദ്യം. പത്ര വാർത്തകളുടെപേരിൽ പോലും കേസെടുത്ത് അന്വേഷണം നടത്തിയ പാരമ്പര്യമുള്ള ഒരു രാജ്യത്ത് ആൾദൈവ-ആത്മീയ -സാമ്പത്തിക കേന്ദ്രത്തിനുനേരെ ഉയർന്ന ഇത്തരം ഗുരുതരമായ ആരോപണങ്ങൾക്ക്മേൽ യാതൊരു അന്വേഷണവും ആവശ്യമില്ലെന്ന് വിധിയെഴുതിയ രാഷ്ട്രീയ-മാധ്യമ ലോകം ലോകത്തിനു നല്കുന്ന സന്ദേശം ഏറെ പ്രതിലോമകരമാണെന്നതിൽ തർക്കമില്ല.

Sunday, June 30, 2013

ഹിന്ദുത്വത്തിൽ നിന്നും ഫാസിസത്തിലേക്കുള്ള ദൂരം.




“ദേശത്തിന്റെയോ വർഗത്തിന്റെയോ ഭാഷയുടെയോ അടിസ്ഥാനത്തിലല്ല ദേശീയത തീരുമാനിക്കപ്പെടുക. രക്തമാണ് അതിന്റെ അടിസ്ഥാനം. ഒരു ജനസമൂഹത്തെ ‘ജർമ്മൻ’ സമൂഹമാക്കി മാറ്റുക എന്ന ലക്ഷ്യം സാധിക്കുന്നതിന് അവരെ ജർമ്മൻ ഭാഷക്കാരാക്കി മാറ്റിയാൽ പോരാ, അവരുടെ രക്തം ശുദ്ധമായ ജർമ്മൻ രക്തമാക്കി മാറ്റാൻ കഴിയണം. ഇതു തീർത്തും അസാധ്യമാണ്. രക്തങ്ങൾ തമ്മിൽ കലരുമ്പോൾ ഒരു മാറ്റം ഉണ്ടാകും. പക്ഷേ, അത് എപ്പൊഴും ഉയർന്ന വർഗത്തിന്റെ നിലവാരം താഴ്ത്തുന്ന മാറ്റമാണ്. താഴ്ന്ന വർഗ്ഗവുമായി സംയോഗത്തിലേർപ്പെടുക വഴി ഉയർന്ന വർഗ്ഗത്തിന്റെ സാംസ്കാരിക ശക്തി നഷ്ടപ്പെട്ട് പോകും.  സംയോഗഫലമായുണ്ടാകുന്ന സന്തതികൾ ഉയർന്ന വർഗ്ഗത്തിന്റെ ഭാഷ സംസാരിച്ചതുകൊണ്ട് ഈ നഷ്ടം നികത്താനാവുകയില്ല.” 



 കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളിൽ വംശഹത്യകളിലൂടെയും ഉന്മൂലന സിദ്ധാന്തത്തിലൂടെയും ലോകത്തെ വിറപ്പിച്ച അഡോൾഫ് ഹിറ്റ് ലറുടെ ആത്മകഥയിൽ നിന്നുള്ളതാണ് ഈ വരികൾ. ജർമ്മനി നേരിടുന്ന ദേശീയ വിപത്ത് പരദേശികളായ ജൂതന്മാർക്ക് ലഭിക്കുന്ന അമിത പരിഗണനയാണെന്നും അതിനുള്ള ഏക പരിഹാരം ജൂതന്മാരുടെ ഉന്മൂലനം മാത്രമാണെന്നും വിശ്വസിച്ചിരുന്ന ‘നാസി‘ പാർടിയുടെ ഫാസിസ്റ്റ് നടപടികൾക്ക് സൈദ്ധാന്തിക പിൻബലമേകാൻ ചമയ്ക്കപ്പെട്ട വാദഗതികൾ ഈ ശുദ്ധരക്തവാദത്തെ അടിസ്ഥാനപ്പെടുത്തിയുള്ളതായിരുന്നു.  

രക്തശുദ്ധിയുടെയോ, ദേശഭക്തിയുടെയോ, വർഗത്തിന്റെയോ, മതത്തിന്റെയോ ‘മഹത്വ‘ത്തെ ഉൽഘോഷിച്ചുകൊണ്ടാ‍ണ് ഫാസിസം ലോകത്തെല്ലായിടത്തും അതിന്റെ തേർവാഴ്ചകൾ നടത്തിയിട്ടുള്ളത്. റോമാ സാമ്രാജ്യത്തിന്റെ ‘മഹത്വ‘മായിരുന്നു ഇറ്റലിയിൽ മുസ്സോളിനിയുടെ അധികാരവാഴ്ചക്കുപിന്നിൽ ദേശീയവാദികളെ അണിനിരത്തിയ മുഖ്യപ്രചരണായുധം. ദാരിദ്ര്യത്തിൽ നിന്നും പട്ടിണിയിൽ നിന്നും കരകയറ്റാൻ തന്റെ കയ്യിൽ ഒറ്റമൂലിയുണ്ടെന്ന് പ്രലോഭിപ്പിച്ചാണ് മുസ്സോളിനി തനിക്കുപിന്നിൽ ഇടത്തരക്കാരെയും ദരിദ്രരെയും അണിനിരത്തിയത്. 1922-ൽ ഇമ്മാന്വേൽ രണ്ടാമനെ അട്ടിമറിച്ച് മുസ്സോളിനിയുടെ ഗുണ്ടാസംഘം അധികാരം പിടിച്ചയുടനെ സമൂലമായ വിദ്യാഭ്യാസപരിഷ്കരണത്തിനാണ് മുസ്സോളിനി തുടക്കം കുറിച്ചത്. “ചെറുപ്പത്തിലേ പിടികൂടുക” എന്നതായിരുന്നു ഫാസിസത്തിന്റെ കുപ്രസിദ്ധ മുദ്രാവാക്യം. പാഠപുസ്തകങ്ങൾ തിരുത്തിയെഴുതിക്കൊണ്ടും റോമൻ പാരമ്പര്യവും ദേശീയതും സർവ്വകലാശാലാ വിദ്യാഭ്യാസത്തിൽ നിർബന്ധമാക്കിക്കൊണ്ടും തന്റെ ലക്ഷ്യത്തിലേക്കുള്ള പാത സുഗമമാക്കാൻ മുസ്സോളിനി തന്ത്രങ്ങൾ ആവിഷ്കരിച്ചു. എതിർത്തവരെ വിചാരണചെയ്യാനും കൂട്ടക്കൊലചെയ്യാനും മുസ്സോളിനി പ്രത്യേക വകുപ്പുണ്ടാക്കുകയും ഭരണത്തലവനെ പ്രതിഷ്ഠിക്കുകയും ചെയ്തു.

ഒന്നാം ലോകമഹായുദ്ധത്തിനുശേഷം ചില യൂറോപ്യൻ രാജ്യങ്ങളിൽ ഉദയം ചെയ്ത ഫാസിസം പാർലമെന്ററി ജനാധിപത്യത്തെ നിരാകരിക്കുകയും തൊഴിലാളി പ്രസ്ഥാനങ്ങളോടും സോഷ്യലിസ്റ്റ് ചിന്താഗതിക്കാരോടും കടുത്ത ശത്രുത പുലർത്തുകയും ചെയ്തു. ദേശീയതയുടേയോ വംശീയതയുടെയോ പേരിലുള്ള ഭ്രാന്തമായ ആവേശമാണ് ഫാസിസത്തിന്റെ മുഖമുദ്ര. വ്യക്തികളെ കൂടുതൽ അന്തസ്സുറ്റവരും വിശാലമനസ്കരുമാക്കുന്നതും സ്വതന്ത്രമായി ചിന്തിക്കാൻ പ്രാപ്തരാക്കുന്നതുമായ എല്ലാ ചിന്താധാരകളെയും ഫാസിസം ഇല്ലായ്മചെയ്യാൻ ശ്രമിച്ചു. അതിനുപകരം പാരമ്പര്യത്തിലുള്ള അഭിമാനത്തെ അത് ഊതിക്കത്തിച്ചുകൊണ്ടിരുന്നു. സ്വാതന്ത്ര്യം, സമത്വം, സഹോദര്യം എന്നതല്ല മറിച്ച് വിശ്വസിക്കുക, അനുസരിക്കുക, പൊരുതുക എന്നതാണ് അവരുടെ വേദമന്ത്രം.

ഒരുവശത്ത് ഇത്തരത്തിൽ രക്തശുദ്ധിയും ദേശീയതയുമെല്ലാം ആയുധമാക്കിയപ്പോൾ മറുവശത്ത് വെറുപ്പും വിദ്വേഷവും ഊതിക്കത്തിക്കാനും ഫാസിസം മറന്നില്ല. സെമിറ്റിക് (അറബ്-ജൂത) വംശത്തോടുള്ള വിദേഷമായിരുന്നു അവരുടെ മറ്റൊരു തുറുപ്പുചീട്ട്. സ്വന്തമായി ചിന്തിക്കേണ്ടതില്ലെന്നും നേതാവിന്റെ തീരുമാനങ്ങൾ ചോദ്യം ചെയ്യാതെ അനുസരിക്കുകമാത്രമാണ് തങ്ങളുടെ കടമയെന്നും വിശ്വസിക്കപ്പെട്ടു.  1930 കളിൽ വൻവ്യവസായികളുടെയും, വലതുപക്ഷപാർടികളുടെയും, സൈന്യത്തിന്റെയും പിന്തുണ ആർജിച്ചുകൊണ്ടാണ് ഹിറ്റ് ലറുടെ ‘നാസി‘ പാർടി ജർമ്മനിയിൽ അധികാരത്തിലെത്തിയത്. അധികാരമേറ്റയുടനെ അവർ ചെയ്തത് ട്രേഡ് യൂണിയനുകളെയും ഇടതുപക്ഷ പാർടികളെയും നിരോധിക്കുകയായിരുന്നു. കമ്മ്യൂണിസ്റ്റുകാരെയും സ്സോഷ്യലിസ്റ്റുകാരെയും അവർ കോൺസൻട്രേഷൻ ക്യാമ്പുകളിലേക്കയച്ചു. വിദ്യാഭ്യാസ- സാംസ്കാരികമേഖലകളും ആരാധനാലയങ്ങളും നാസികളുടേ അധീനതയിലായി. 



 
‘വർഗ’ചിന്തയായിരുന്നു നാസി പ്രത്യയശാസ്ത്രത്തിന്റെ ആധാരം. ബുദ്ധിമാന്ദ്യമുള്ളവരെയും ബുദ്ധിസ്ഥിരതയില്ലാത്തവരെയും ശാരീരിക വൈകല്യങ്ങളുള്ളവരെയും തെരഞ്ഞുപിടിച്ച് വന്ധ്യംകരിക്കണമെന്ന ആശയം മുന്നോട്ടുവെച്ച അമേരിക്കൻ യൂജനിക് സൊസൈറ്റിയുടെ സിദ്ധാന്തത്തെ അവർ പ്രാവർത്തികമാക്കി. അതുവഴി ഉയർന്ന ശാരീരിക-ബൌദ്ധികശേഷിയുള്ള ഒരു സമൂഹത്തെ ഉയർത്തിക്കൊണ്ടുവരാമെന്ന് അവർ ആഗ്രഹിച്ചു. ജർമ്മനിയുടെ ‘സംശുദ്ധമായ ആര്യൻ സംസ്കാര‘ത്തിന് ഭീഷണിയായ ജൂതരെ  അവർ കൂട്ടക്കൊലക്കിരയാക്കി വംശശുദ്ധീകരണ നടപടികൾക്ക് ആക്കം കൂട്ടി.

ഹിന്ദുത്വത്തിന്റെ നീരാളികൈകൾ

ഫാസിസ്റ്റ് പ്രത്യയ ശാസ്ത്രങ്ങൾക്ക് ചില യൂറോപ്യൻ രാജ്യങ്ങളിൽ സ്വീകാര്യത ലഭിച്ചുകൊണ്ടിരിക്കുന്ന അതേ കാലയളവിൽ തന്നെയാണ് 1925-ൽ നാഗ്പൂരിൽ വെച്ച് രാഷ്ട്രീയ സ്വയം സേവക് സംഘ് (RSS) രൂപം കൊള്ളുന്നത്. സമ്പൂ‍ർണ സവർണ-പുരുഷമേധാവിത്വമുള്ളതും ഏകഛത്രാധിപത്യത്തിനു കീഴിലുള്ളതുമായ ആർ എസ്സ് എസ്സ്, ഫാസിസ്റ്റ് പ്രത്യയശാസ്ത്രവുമായി ഏറെ അടുത്തിനിൽക്കുന്ന പ്രസ്ഥാനമാണ്. പ്രത്യയശാസ്ത്രത്തിന്റെ കാര്യത്തിലുപരി ഫാസിസ്റ്റുകളും നാസികളുമായി ഒരു സാഹോദര്യബന്ധം തന്നെ ആർ എസ്സ് എസ്സിനുണ്ടെന്ന് ചരിത്രരേഖകൾ സാക്ഷ്യപ്പെടുത്തുന്നു. മാർസിയ കസോലറി (Marzia Casolari 1)ഇങ്ങനെ നിരീക്ഷിക്കുന്നു: “മുസ്സോളിനി ഉൾപ്പെടെയുള്ള ഇറ്റലിയിലെ ഫാസിസ്റ്റ് നേതാക്കളുമായി ഹിന്ദു വംശീയവാദികൾക്ക് നേരിട്ട് ബന്ധമുണ്ടായിരുന്നു. പ്രത്യയശാസ്ത്രത്തോടുള്ള കേവല താല്പര്യമായോ ചില വ്യക്തികൾക്ക് ഇടയ്ക്ക് തോന്നിയ ഭ്രമമായോ അത് നിസ്സാരവൽക്കരിക്കരുത്. മറിച്ച് ഹിന്ദു ദേശീയവാദികൾ -പ്രത്യേകിച്ച് മഹാരാഷ്ട്രയിലെ നേതാക്കൾ -ഇറ്റലിയിലെ ഫാസിസ്റ്റ് ഭരണകൂടത്തെയും അതിന്റെ നേതൃത്വത്തെയും ആഴത്തിൽ മനസ്സിലാക്കിയതിന്റെ ഫലമായാണ് ഇത്തരമൊരു ബന്ധം ഉടലെടുത്തത് എന്നുവേണം വിശ്വസിക്കാൻ. ‘യാഥാസ്ഥിക വിപ്ലവ‘ത്തിന് ഒരു ഉദാഹരണമായാണ് അവർ ഫാസിസത്തെ കണ്ടത്. “



 
ആർ എസ്സ് എസ്സോ, അതിനു അടിത്തറപാകിയ ഹിന്ദുമഹാ‍സഭയോ ഒരിക്കൽ പോലും ജനങ്ങൾ നേരിടുന്ന അടിസ്ഥാനവിഷയങ്ങളെക്കുറിച്ച് ആവലാതിപ്പെടുകയോ അഭിപ്രായം പറയുകപോലുമോ ചെയ്ത ചരിത്രമില്ല. ബ്രിട്ടീഷ് സേവപിടിച്ചും ഇന്ത്യൻ സ്വാതന്ത്ര്യസമരത്തെ തള്ളിപ്പറഞ്ഞും നിരന്തരമായി വർഗീയലഹളകൾ സംഘടിപ്പിച്ചുമാണ് അവർ ഏക്കാലവും നിലകൊണ്ടിട്ടുള്ളത്. ചൗരി ചൗരാ സംഭവവും ജാലിയൻ വാലാബാഗും മൂലം ഉയർന്നുവന്ന ജനകീയ പ്രതിഷേധങ്ങളുടെ നടുവിലും ബ്രിട്ടീഷുകാരെ പേരിനൊന്നു വിമർശിക്കാൻ പോലും അവർക്ക് കഴിഞ്ഞില്ല.

ഇന്ത്യക്ക് സ്വന്തമായി ഒരു ദേശീയതയുണ്ടെന്നും, അത് ഹിന്ദുദേശീയതയാണെന്നുമാണ് സംഘപരിവാർ പ്രചരിപ്പിച്ചുകൊണ്ടിരുന്നത്. അതിനുവേണ്ടി അവർ ഹൈന്ദവവികാരങ്ങളെ തീവ്രവൽക്കരിക്കാനും മുസ്ലിം വിരോധത്തെ ഊതിവീർപ്പിക്കാനും ശ്രമിച്ചുകൊണ്ടിരുന്നു. എന്നാൽ ജർമ്മനിയിലോ ഇറ്റലിയിലോ ഉണ്ടായതുപോലെ ഫാസിസത്തെ യാഥാർത്ഥവൽക്കരിക്കാനുള്ള അവരുടെ ശ്രമം വിജയം കാണാതെ പോയി. ജർമ്മനി, ഇറ്റലി, സ്പെയിൽ തുടങ്ങിയ രാജ്യങ്ങളിൽ ഫാസിസം വിജയം കണ്ടപ്പോൾ ഇന്ത്യയിൽ ഒരിക്കലും അതിന് മുഖ്യധാരയിലേക്കുയരാൻ കഴിഞ്ഞില്ല. എന്നാൽ എല്ലായ്പ്പോഴും അതിന്റെ പ്രവണതകളെ സമൂഹത്തിൽ നിലനിർത്താനും പ്രയോഗവൽക്കരിക്കാനും അവർ ശ്രമിച്ചുകൊണ്ടിരിക്കുന്നു. കാലങ്ങളോളമായി ഊതിക്കത്തിച്ചുകൊണ്ടിരുന്ന ഹൈന്ദവിവികാരത്തെ ഉപയോഗിച്ചുകൊണ്ട് ബാബരി മസ്ജിദ് തകർക്കാനും ഗുജറാത്തിൽ മുസ്ലിംകളെ തെരഞ്ഞുപിടിച്ച് ഉന്മൂലനം ചെയ്യാനും, ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സർക്കാരുകളെ ഉപയോഗിച്ചുകൊണ്ടുതന്നെ സംഘപരിവാറിന് കഴിഞ്ഞത് നിസ്സാരമായി തള്ളിക്കളയാവതല്ല. ഒന്നാം ലോക യുദ്ധത്തിനുശേഷം യൂറോപ്പിലുണ്ടായ സാമൂഹിക-സാമ്പത്തിക-രാഷ്ട്രീയ സ്ഥിതിഗതികളാണ് അവിടങ്ങളിൽ ഫാസിസത്തിന് വളരാൻ അനുകൂലമായ മണ്ണൊരുക്കിയത്. അന്ന് അത്തരമൊരു സ്ഥിതിവിശേഷം ഇന്ത്യയിൽ ഇല്ലായിരുന്നു എന്നതിനാൽ നമുക്ക് ഫാസിസത്തിൽ നിന്ന് രക്ഷപ്പെടാൻ സാധിച്ചു എന്ന് സമാധാനിക്കാം. ഫാസിസ്റ്റ് സ്വഭാവം നിലനിൽക്കുകയും എന്നാൽ ആ ഫാസിസത്തിന് വിജയിക്കാൻ കഴിയാതെ പൊവുകയും ചെയ്തുവെന്ന് വിലയിരുത്താമെങ്കിലും ഇന്ത്യയിൽ ഫാസിസവും വർഗീയതയും മടങ്ങിവരാനുള്ള സാധ്യത നിലനിൽക്കുന്നു. മതേതരത്വവും ജനാധിപത്യവും അട്ടിമറിക്കപ്പെടാനും വർഗീയത വിജയിക്കാനുമുള്ള അവസരങ്ങൾക്ക് തക്കം പാർത്തിരിക്കുന്നവർ വളരെ നിശബ്ദമായ പ്രവർത്തനമാണ് അടിത്തട്ടിൽ നടത്തിക്കൊണ്ടിരിക്കുന്നത്. ആർ എസ്സ് എസ്സ് ഒരിക്കൽ പോലും നേരിട്ട് ജനങ്ങളൊട് സംവദിച്ച ചരിത്രമില്ല. പലപ്പോഴായി രൂപപ്പെടുത്തിയ നിരവധി ‘മുന്നണിസംഘടന‘കളുടെ കരാള ഹസ്തങ്ങൾ കടന്നുചെല്ലാത്തയിടങ്ങൾ വിരളമാണെന്നു കാണാം. അതിന്റെ അജണ്ടകൾ നടപ്പാക്കുന്നതിനായി ആർ എസ്സ് എസ്സ് ഒരിക്കലും പ്രത്യക്ഷരംഗപ്രവേശം ചെയ്യാറില്ല എന്നാണനുഭവം. ആർ എസ്സ് എസ്സ് പ്രചാരക് ആയിരുന്ന നാഥുറാം വിനായക് ഗോഡ്സെ ഗാന്ധിജിയെ വധിച്ചപ്പോഴും ബാബരിമസ്ജിത് തകർക്കപ്പെട്ടപ്പൊഴുമാണ് ഇതിന് അപവാദങ്ങൾ സംഭവിച്ചത്.

 എല്ലായ്പ്പൊഴും അജണ്ട നിശ്ചയിക്കുന്നതും അണികളെക്കൊണ്ട് അത് ചെയ്യിക്കുന്നതും ആർ എസ്സ് എസ്സ് തന്നെയായിരിക്കും. എന്നാൽ പൊതുചർച്ചകളോടും സംവാദങ്ങളോടും അവർ എപ്പോഴും പുറം തിരിഞ്ഞുനിന്നു. അണിയറയിൽ ഒതുങ്ങുന്ന പ്രവർത്തനവും പൊതുസമൂഹത്തോട് സംവദിക്കാതെ, സ്വന്തം അണികളെ നേരിട്ട് പഠിപ്പിക്കുന്ന ശൈലിയും മൂലം അര ലക്ഷത്തിലധികം ശാഖകളും അൻപത് ലക്ഷത്തിലധികം അംഗങ്ങളുമുണ്ടെന്ന് കരുതുന്ന ആർ എസ്സ് എസ്സിനെക്കുറിച്ച് വളരെ കുറച്ച് കാര്യങ്ങൾ മാത്രമേ പൊതുസമൂഹത്തിന് അറിയാൻ കഴിയുന്നുള്ളു എന്ന് കാണാം. ഇന്ത്യയിലാകമാനം എൺപതിലധികം അഖിലേന്ത്യാ സ്വഭാ‍വമുള്ള മുന്നണി സംഘടനകൾ വിവിധ പേരുകളിൽ സംഘപരിവാറിന്റെ കരങ്ങളായി പ്രവത്തിച്ചുവരുന്നതായി കരുതപ്പെടുന്നു. വിദ്യാഭ്യാസ, ആരോഗ്യ, സാംസ്കാരിക, സന്നദ്ധ മേഖലകൾക്കുപുറമെ ആദിവാസി മേഖലയിൽ വരെ തങ്ങളുടെ സാന്നിധ്യം അവർ ഉറപ്പാക്കിയിട്ടുണ്ട്. എൺപതുകളുലും തൊണ്ണൂറുകളിലുമാണ് ആർ എസ്സ് എസ്സിന്റെ ഫാസിസ്റ്റ് മുഖം അതിന്റെ എല്ലാ ഭീകരതയോടും കൂടി അനാവൃതമാക്കപ്പെട്ടത്. സൻസാർ ഭാരതിയെന്ന സാംസ്കാരിക സംഘടനയും, സാൻസ്ക്രിറ്റ് ഭാരതിയെന്ന സംസ്കൃതഭാഷാ പ്രചരണ സംഘടനയും, ഭാരതീയ ഇതിഹാസ സംഘലൻ യോജന എന്ന ചരിത്രകാരന്മാരുടെ സംഘടനയും, പ്രയാഗാഭാരതി ദീൻദയാൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് എന്ന ബുദ്ധിജീവി സംഘടനയും, അഖിലഭാരതീയ സഹിത്യപരിഷത് എന്ന ഹൈന്ദവസാഹിത്യസംഘടനയും ചേർന്നുകൊണ്ട് നടത്തുന്ന മസ്തിഷ്ക പ്രക്ഷാളനങ്ങളിലൂടെയാണ്  ജനങ്ങളുടെ സാസ്കാരിക- ബൌദ്ധിക-ചരിത്ര ബോധത്തെ തകിടം മറിച്ചുകൊണ്ട് തങ്ങൾക്കനുകൂലമായ തന്ത്രങ്ങൾ ആവിഷ്കരിക്കുന്നത്.

അർധഫാസിസ്റ്റ്- സവർണ്ണ സംഘടന.

വിശ്വഹിന്ദു സാഹോദര്യവും മുസ്ലിം വിരോധവുമാണ് ഇന്ന് ഹിന്ദുത്വസംഘടനകളുടെ മുഖമുദ്രയെങ്കിലും 1870 മുതൽ കീഴ്ജാതി ഹിന്ദുക്കൾ നടത്തിയ ബ്രാഹ്മണാധിപത്യത്തിനെതിരായ പോരാട്ടങ്ങളെ അടിച്ചമർത്തുക തന്നെയായിരുന്നു ആർ എസ്സ് എസ്സിന്റെ ജന്മലക്ഷ്യമെന്ന് ചരിത്രരേഖകൾ പറയുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യദശകങ്ങളിൽ കീഴാളരുടെ അതിജീവനസമരങ്ങൾ വ്യാപിച്ചതും അത് അംബേദ്കർ അടക്കമുള്ളവർ ഏറ്റെടുത്തതും മഹാരാഷ്ട്രയിലെ സവർണ്ണ ബ്രാഹ്മണർ തങ്ങളുടെ നിലനിൽ‌പ്പിനുവേണ്ടി  പുതിയ മാർഗങ്ങൾ ആരായാൻ കാരണമായി. കായബലവും ആയുധവും മൂലധനമാക്കിക്കൊണ്ട് ആർ എസ്സ് എസ്സ് ബീജാവാപം ചെയ്യപ്പെട്ടതിനുപിന്നിലെ മുഖ്യ അജണ്ഡ കീഴ്ജാതിക്കാർക്കെതിരായ പ്രതിരോധം തന്നെയായിരുന്നു. “ സവർണ ഹിന്ദുക്കൾക്ക് നേരിടേണ്ടി വരുന്ന ആക്രമങ്ങളെ ചെറുക്കുന്നതിന് താണജാ‍തിയിൽ പെട്ടവരെ കായികമായി ആശ്രയിക്കേണ്ടി വരുന്ന ലജ്ജാകരമായ അവസ്ഥ മാറ്റുന്നതെങ്ങനെയെന്നതായിരുന്നു അവരുടെ മുഖ്യ പ്രശ്നം. ബ്രാഹ്മണരും ബ്രാഹ്മണേതാരരും തമ്മിലുള്ള സംഘർഷം വർധിച്ചുവരുന്നതിനാൽ സവർണ്ണർ സ്വയരക്ഷക്കായുള്ള പരിശീലനം നേടണമെന്നവർ തീരുമാനിച്ചു.” ( Khaki shorts and saffron flags: a critique of the Hindu right: Tapan basu)


 

ആർ എസ്സ് എസ്സിന്റെ ചോദ്യം ചെയ്യപ്പെടാനാകാത്ത ഏക അധികാരകേന്ദ്രം അതിന്റെ സർസംഘ് ചാലക് ആണ്. സംഘടനയുടെ സർവാധികാരിയായ സർസംഘ് ചാലകിനെ ഒരിക്കൽ നാമനിർദ്ദേശം ചെയ്തുകഴിഞ്ഞാൽ അദ്ദേഹത്തിന് ആജീവനാന്തം തൽസ്ഥാനത്ത് തുടരാമെന്ന് മാത്രമല്ല,  തന്റെ പിൻഗാമിയെ നിശ്ചയിക്കാനുള്ള അധികാരവും അദ്ദേഹത്തിൽ നിക്ഷിപ്തമാണ്. ഇപ്പോഴത്തെ സർസംഘ്ചാലക് മോഹൻ ഭഗവത് 2009-ൽ കെ എസ് സുദർശന്റെ പിൻ ഗാമിയായിട്ടാണ് അധികാരമേൽകുന്നത്. ഈ ഏകഛത്രാദിപതികളുടെ പരമ്പരയെടുത്ത് പരിശോധിച്ചാൽ നാലാമനായിരുന്ന രാജേന്ദ്രസിംഗ് ഒഴികെയുള്ളവർ എല്ലാം ബ്രാഹ്മരായിരുന്നുവെന്നത് യാഥൃശ്ചികമല്ല. 

ബ്രാഹ്മണമേധാവിത്വം മാത്രമല്ല, ആർ എസ്സ് എസ്സിന്റെ പ്രത്യേകത, അതിൽ ഒരു സ്ത്രീക്കുപോലും അംഗത്വമില്ല എന്നതുമാണ്. സംഘടനയുടെ രൂപീകരണകാലത്തുതന്നെ വനിതാ അംഗത്വം ചർച്ചാവിഷയമായിരുന്നെങ്കിലും ആദ്യത്തെ ഏകാധിപധിയായിരുന്ന ഹെഡ് ഗേവാർ അത് തള്ളിക്കളയുകയാണുണ്ടായത്. “വി ഓർ ഔവർ നാഷൻഹുഡ് ഡിഫൈൻഡ്“(We or Our Nationhood defined - M. S. Golwalkar ) എന്ന പുസ്തകത്തിൽ രണ്ടാമത്തെ സർസംഘ്ചാലക് ആയിരുന്ന എം. എസ്. ഗോൾവാൾക്കർ നാസി ഫാസിസത്തെ പ്രകീർത്തിക്കുകയും അതിലെ പല ആശയങ്ങളോടും യോജിപ്പ് പ്രകടിപ്പിക്കുകയും ചെയ്യുന്നുണ്ട്. വംശത്തിന്റെ പേരിൽ അഭിമാനം കൊള്ളുന്നതിനെയും ഹിന്ദുക്കളെല്ലാത്ത എല്ലാ വിഭാഗങ്ങളെയും ക്രൂരമായി കൈകാര്യം ചെയ്യുന്നതിനെയും അദ്ദേഹം ന്യായീകരിക്കുന്നു. ഹൈന്ദവസംസ്കാരം രാഷ്ട്രത്തിന്റെ സംസ്കാരമായി അംഗീകരിക്കണമെന്ന് മാത്രമല്ല, ഇതര മതക്കാരെ രണ്ടാം തരക്കാരായി പരിഗണിക്കണമെന്നും അവർക്കുള്ള അധികാരങ്ങൾ പരിമിതപ്പെടുത്തണമെന്നും കൂടി ഗോൾവാൾക്കർ ആവശ്യപ്പെടുന്നു. ഇന്ത്യയിലെ തൊഴിലിനെ അടിസ്ഥാനമാക്കിയുള്ള ജാതിവ്യവസ്ഥയുടെ മാഹാത്മ്യത്തെ പ്രകീർത്തിക്കാൻ കടുത്ത മനുസ്മൃതി ആരാധകൻ കൂടിയായ ഇദ്ദേഹം മറക്കുന്നില്ല.

പ്രതിബന്ധം ഹിന്ദുമതം തന്നെ!

വംശമഹിമയെയും ജാതിസംബ്രദായത്തെയും പ്രകീർത്തിച്ചുകൊണ്ട് രംഗത്തെത്തിയ സംഘപരിവാർ ഇന്ന് ഹിന്ദുസാഹോദര്യത്തെക്കുറിച്ചാണ് പറഞ്ഞുകൊണ്ടിരിക്കുന്നത് എന്നത് അവർക്ക് കാലാന്തരത്തിൽ വന്നുപെട്ട അനിവാര്യമായ ഒരു വഴിത്തിരിവായി വേണം കാ‍ണാൻ. സത്യത്തിൽ വിവിധ ജാതികളായും ഉപജാതികളായും ഒരിക്കലും പരസ്പരം പൊരുത്തപ്പെടാതെ ഭിന്നിച്ചുനിൽക്കുന്ന ‘ഹിന്ദുമതം’ തന്നെയാണ് അവർക്കുമുന്നിലുള്ള പ്രതിബന്ധവും എന്ന് വിലയിരുത്തുന്നതാകും യുക്തിസഹം. സവർണ സംസ്കാരത്തെയും സവർണബോധത്തെയും സവർണ ഭാഷയെയുമെല്ലാം ഇതരവിഭാഗങ്ങൾക്കുമേൽ അധിനിവേശിപ്പിച്ചുകൊണ്ടും ഇന്ത്യയുടെ സാംസ്കാരിക വൈവിധ്യത്തെ ഹൈജാക്ക് ചെയ്തുകൊണ്ടുമാണ് ഈ പ്രതിസന്ധിയെ നേരിടാൻ സംഘപരിവാർ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. ഞെക്കിക്കൊല്ലാൽ പറ്റിയില്ലെങ്കിൽ നക്കിക്കൊല്ലുക എന്ന അതേ നയം. അതേ സമയം തന്നെ ജാതിയെ ഇല്ലായ്മചെയ്യുന്നത് മനുഷ്യന്റെ ആത്മാഭിമാനത്തെ തട്ടിയുണർത്തുമെന്നും അതുവഴി സ്വതന്ത്രചിന്തയും സ്വാതന്ത്ര്ര്യബോധവും അവരിൽ അങ്കുരിക്കുമെന്നുമുള്ള തിരിച്ചറിവും അവർക്കുണ്ട്. തങ്ങളുടെ സവർണാധികാരത്തിനുമേലുള്ള ഏതൊരു കടന്നുകയറ്റവും അവർക്ക് സഹിക്കാവുന്നതിലുമപ്പുറമായിരിക്കും. അതുകൊണ്ടുതന്നെ ജാതിയെയും ജാതിബോധത്തെയും നിലനിർത്തിക്കൊണ്ടുതന്നെ ഹിന്ദു ഐക്യത്തെക്കുറിച്ച് വാചോടാ‍പം നടത്തുന്ന രീതിയാണ് അവർ അനുവർത്തിച്ചുവരുന്നത്. ഇക്കാലമത്രയും അടിച്ചമർത്തിവെച്ച് ചൂഷണം ചെയ്തിരുന്ന അതേ ‘അധ:കൃതജനത‘യെ അവരുടെ മതവികാരത്തെയും ‘ഹൈന്ദവബോധ‘ത്തെയും തൊട്ടുണർത്തി തങ്ങൾക്കനുകൂലമാക്കാനുള്ള ഗൂഡ നീക്കങ്ങൾ സമകാലിക സമൂഹത്തിൽ നടന്നുകൊണ്ടിരിക്കുന്ന ഓരോ ചലനങ്ങളും സസൂക്ഷമം നിരീക്ഷിച്ചാൽ നമുക്ക് കണ്ടെത്താനാകും.

യാഗസംസ്കാരത്തിന്റെ പുനരുജ്ജീവനവും ക്ഷേത്ര പുനരുദ്ധാരണവും

യാഗങ്ങളുടെ ‘ശാസ്ത്രീയത’യിൽ ‘ഗവേഷണം’ നടത്തുവാനും അതിനെ പുനരുജ്ജീവിപ്പിക്കനുമായി അടുത്തകാലത്തായി നടത്തിവരുന്ന ശ്രമങ്ങൾ സംഘപരിവാറിന്റെ ബോധപൂർവമായ അജണ്ടയുടെ ഭാഗം തന്നെയാണ്. പ്രകൃതിശക്തികളെ ആരാധിച്ച് സ്വന്തം കാര്യങ്ങൾ നേടാമെന്ന് വിശ്വസിച്ചിരുന്ന വേദകാലത്തിന്റെ ശേഷിപ്പുകളായ യാഗങ്ങളെയും യജ്ഞങ്ങളെയും പുനരുദ്ധരിക്കുകയും അവയിൽ ശാസ്ത്രീയമായ പലതുമുണ്ടെന്ന് സാമാന്യജനത്തെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്തുകൊണ്ടാണ് ഇതിനു കോപ്പുകൂട്ടുന്നത്. കോടിക്കണക്കുനു രൂപയും ഭക്ഷ്യധാന്യങ്ങളും ദുർവ്യയം ചെയ്തുകൊണ്ടാണ് ഈ കോപ്രായങ്ങൾ കട്ടിക്കൂട്ടുന്നത് എന്ന സാമൂഹ്യവശത്തെ മാറ്റിവെച്ചാൽ പോലും ഇത്തരത്തിലുള്ള “പഴമയിലുള്ള ശാസ്ത്രത്തെ തിരക്കിപ്പോകൽ“ കേവലം അന്വേഷണ തല്പരതയല്ലെന്നും അതിനുപിന്നിൽ വ്യക്തമായ അജണ്ടകൾ ഉണ്ടെന്നും തിരിച്ചറിയാൻ പുരോഗനമമെന്ന് സ്വയം അവകാശപ്പെടുന്ന സംഘടനകൾക്ക് പോലുമായിട്ടുണ്ടോ എന്ന് സംശയമാണ്. യാ‍ഗത്തിന്റെയും യോഗയുടെയും ഉയർത്തെഴുന്നേൽ‌പ്പിനുപിന്നിൽ വെറും സാമ്പത്തിക താല്പര്യങ്ങൾ മാത്രമല്ല ഉള്ളതെന്നും ഉള്ളിലൊളിപ്പിച്ചുവെക്കപ്പെട്ട മറ്റുപലതുമാണ് അവയുടെ പ്രേരകശക്തിയെന്നും തിരിച്ചറിയാൻ വൈകിയാൽ അനന്തരഫലം ഭയാനകമായിരിക്കും.

അതുപോലെതന്നെയാണ് ആർക്കും വേണ്ടാതെ കാടുപിടിച്ചുകിടന്നിരുന്ന പല ക്ഷേത്രങ്ങളും പുനരുദ്ധരിക്കപ്പെടുന്നതിനു പിന്നിലെ പ്രേരകശക്തിയും. ഒരു അമ്പലം നശിച്ചാൽ അത്രയും അന്ധവിശ്വാസം നശിക്കുമെന്ന് അഭിപ്രായപ്പെട്ട സി കേശവന്റെയും, ഇനി നമുക്ക് അമ്പലങ്ങൾക്ക് തീകൊളുത്താമെന്ന് പ്രഖ്യാപിച്ച വി ടി ഭട്ടതിരിപ്പാടിന്റെയും നാട്ടിൽ, മണ്ണടിയപ്പെട്ട അമ്പലങ്ങൾ ഇന്ന് പുനരുദ്ധരിക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. എല്ലാ പുനരുദ്ധാരണങ്ങൾക്കുപിന്നിലും പ്രത്യക്ഷമായോ പരോക്ഷമായോ പ്രവർത്തിക്കുന്നത് ഒരേ കൈകൾ തന്നെയാണെന്നതാണ് വസ്തുത. ഉള്ളിൽ ഉറങ്ങിക്കിടക്കുന്ന മതവിശ്വാസത്തെ തട്ടിയുണർത്തി കമ്മ്യൂണിസ്റ്റുകാരെ പോലും ഹിന്ദുത്വബോധമുള്ളവരാക്കിമാറ്റാൻ ഇതിനേക്കാൾ എളുപ്പമായ മറ്റൊരു മാർഗവുമില്ലെന്ന് അവർക്കറിയാം. “മതത്തെ ഉപേക്ഷിക്കുക, ചോറിനുവേണ്ടി പൊരുതുക“ എന്ന മുദ്രാവാക്യത്തിലൂടെ പ്രതിലോമകരമായ മതബോധത്തെ കെട്ടിയിട്ട്, വർഗബോധം ഉയർത്താൻ യത്നിച്ച പി കൃഷ്ണപിള്ളയുടെ പിന്മുറക്കാർ പലരും ഈ പുനരുദ്ധാരണ മാമാങ്കങ്ങളിൾ പങ്കാളികളാകുന്നതും, ഒടുവിൽ ഹിന്ദുബോധം മൂത്ത് ക്രമേണ സംഘപരിവാർ അനുഭാവികളായി മാറുന്നതും ഇന്ന് പൊതുസമൂഹത്തിൽ നേർകാഴ്ചയാണ്. മനുഷ്യനമസ്സുകളിൽ ചെറുപ്പത്തിലേ വേരുറക്കപ്പെട്ട മതബോധത്തെ തങ്ങളുടെ രാഷ്ട്രീയ അജണ്ടകൾ നടപ്പാക്കാൻ എപ്രകാരം ഉപയോഗിക്കണമെന്ന് ആർ എസ്സ് എസ്സിന് നന്നായി അറിയാമെന്ന് സാരം. 


 
ന്യൂനപക്ഷമെന്ന പേരിൽ മുസ്ലിംകൾ പലതും നേടുന്നുവെന്നും ഹിന്ദു അവഗണിക്കപ്പെടുകയും പീഢിപ്പിക്കപ്പെടുകയും ചെയ്യുന്നുവെന്നും ആ‍വർത്തിച്ചുകൊണ്ടാണ് സംഘപരിവാർ പ്രചരണങ്ങൾ നടത്തിക്കൊണ്ടിരിക്കുന്നത്. പൊതുസമൂഹവുമായുള്ള ഇടപഴകലിലൂടെയും വിദ്യാഭാസത്തിലൂടെയും വിദേശ തൊഴിലവസരങ്ങളിലൂടെയും കേരളത്തിലെ മുസ്ലിംകൾ താരതമ്യേന സാമ്പത്തിക ഉന്നതിയിൽ എത്തിയിട്ടുണ്ടെങ്കിലും ഇതര സംസ്ഥാനങ്ങളിലെ മുസ്ലിംകളുടെ അവസ്ഥ അവിടങ്ങളിലെ പിന്നോക്ക ഹിന്ദുക്കളുടെ അവസ്ഥയുടേതിനു തുല്യമാണ് എന്നതാണ് സത്യം. പൊതുസമൂഹത്തോട് ഇഴുകിച്ചേരാനുള്ള വിമുഖതയാണ് ഇതര സംസ്ഥാനങ്ങളിലെ മുസ്ലിംകളുടെ പിന്നോക്കാവസ്ഥക്കു പ്രധാനകാരണമെന്ന് വിലയിരുത്തുന്നതിൽ തെറ്റുണ്ടാകില്ല. എന്നിരിക്കിലും പട്ടികജാതി- ആദിവാസി സമൂഹങ്ങൾ തന്നെയാണ്  ചരിത്രപരവും സാംസ്കാരികവുമായ കാരണങ്ങളാൽ ഇന്നും ഏറ്റവും അധസ്ഥിതാവസ്ഥയിലുള്ളത് എന്ന കാര്യം സംഘപരിവാർ ഉയർത്തിക്കാട്ടാറില്ല. പ്രത്യേകമായ പിന്നോക്കാവസ്ഥയുണ്ടോ എന്ന് പരിഗണിക്കാതെ ന്യൂനപക്ഷമാണ് എന്നതിന്റെ പേരിൽ മാത്രം ആനുകൂല്യങ്ങൾ അനുവദിക്കുകയും മതപരമായ ജോലിചെയ്യുന്നവർക്ക് പെൻഷനും മറ്റ് ആനുകൂല്യങ്ങളും പ്രഖ്യാപിക്കുകയും ചെയ്യുന്നത് ഒരു സമൂഹത്തെ ഉദ്ധരിക്കുക എന്നതിലുപരി, പ്രീണനത്തിലൂടെ തങ്ങളുടെ വോട്ട് ബാങ്കുകൾ സുരക്ഷിതമാക്കുക എന്ന രാഷ്ട്രീയപാർടികളുടെ ഗൂഡലക്ഷ്യമാകുമ്പോൾ അതിനെ ഉയർത്തിക്കാട്ടി  ഹിന്ദുവികാരത്തെ ഉണർത്താൻ സംഘപരിവാർ നടത്തുന്ന ശ്രമങ്ങൾക്ക് ഉത്തേജനമാകുകയാണെന്ന സത്യം പലപ്പൊഴും  വിസ്മരിക്കപ്പെടുകയാണ്. ഇന്ത്യയിലെ ഹിന്ദുജനവിഭാഗത്തിൽ ബഹുഭൂരിപക്ഷവും മതവിശ്വാസികളായിരിക്കെതന്നെ മതനിരപേക്ഷമായി ചിന്തിക്കുന്നവരും, സംഘപരിവാറിന്റെ ഹിന്ദുത്വ അജണ്ടകളോട് അനുഭാവമില്ലാത്തവരുമാണെന്നതാണ് സത്യം. ഈ ബഹുഭൂരിപക്ഷജനതയ്ക്കൊപ്പം നിൽക്കുകയും മതേതരപ്രസ്ഥാനങ്ങളിൽ അണിനിരക്കുകയും ചെയ്യുന്നതിനുപകരം മതപരമായി സംഘടിച്ച്, വർഗീയ ഗ്രൂപ്പുകൾക്കും തീവ്രവാദി സംഘടനകൾക്കും രൂപം കൊടുത്ത് വർഗീയത വളർത്താൻ മുസ്ലിംകളിൽ ഗണ്യമായൊരു വിഭാഗം ശ്രമിക്കുന്നത് ആത്മഹത്യാപരമാണ്. മുസ്ലിം വർഗീയതയും ഭീകരവാദവും ഉയർത്തിക്കാട്ടിയാണ് സംഘപരിവാർ അവരുടെ ഹിന്ദുത്വ അജണ്ടയും പ്രത്യയശാസ്ത്രവും പ്രചരിപ്പിക്കുന്നത് എന്നതിൽ നിന്നുതന്നെ, ഇരുവിഭാഗം വർഗീയവാദികളും പരസ്പരം പോരടിക്കുന്നതോടൊപ്പം പരസ്പരം വളർത്തുകയാണ് ചെയ്യുന്നതെന്ന് വ്യക്തമാണ്.  മതപരമായ വിശ്വാസത്തെ പരമാവധി മുതലെടുത്തുകൊണ്ട് തങ്ങളുടെ രാഷ്ട്രീയ അജണ്ടകൾ നടപ്പിലാക്കാൻ ശ്രമിക്കുകവഴി രാജ്യത്തിന്റെ മതനിരപേക്ഷതയുടെ അടിവേരുകൾ അറുക്കാനാണ് ഇരുവിഭാഗങ്ങളും ശ്രമിച്ചുകൊണ്ടിരിക്കുന്നത്.

നിർദോഷമായൊരു ചുവന്ന കുറിയും കൌതുകമെന്നുകരുതി അണിഞ്ഞ ഉണ്ണികൃഷ്ണവേഷവും.

ബാലഗോകുലമെന്ന സംഘപരിവാർ സംഘടനയുടെ ബാ‍നറിൽ ആർ എസ്സ് എസ്സ് എല്ലാ വർഷവും ശ്രീകൃഷ്ണ ജയന്തി ഘോഷയാത്രകൾ സംഘടിപ്പിച്ച് വരുന്നുണ്ട്. ആകർഷകായി അലങ്കരിച്ച ‘രഥ‘ങ്ങളും ശ്രീകൃഷ്ണ-ഗോപികാ വേഷങ്ങളുമായി അമ്പലങ്ങൾ കേന്ദ്രീകരിച്ച് പൊതുനിരത്തുകളിൽ നടത്തുന്ന ഈ ഘോഷയാത്രകൾ കാഴ്ചക്ക് ഏറെ ആകർഷകമാണ്. മതപരമായ ഒരു പരിപാടി എന്ന ധാരണയിൽ ഹിന്ദുത്വവാദികൾ അല്ലാത്ത നിരവധിപേർ ഇതുമായി സഹകരിച്ചുവരുന്നുണ്ട്. സംഘപരിവാർ ഹിന്ദുസമൂഹത്തിനുമേൽ വലിച്ചെറിഞ്ഞ വലിയൊരു വലക്കണ്ണിയിലാണ് തങ്ങൾ ചെന്ന് കുടുങ്ങുന്നതെന്ന് ഇവരിൽ അധികമാരും അറിയുന്നില്ല. ഇതുതിരിച്ചറിയാതെ ഘോഷയാത്രകൾക്കകത്തുചെന്ന് ‘ഉണ്ണിക്കണ്ണ‘ന്മാർക്ക് മുത്തം കൊടുക്കുന്ന മതേതരരാഷ്ട്രീയക്കാരുടെ ഉത്തരവാദിത്വമില്ലായ്മ  പൊതുസമൂഹത്തിനു നൽകുന്ന സന്ദേശം പ്രതിലോമകരമായിരിക്കും.  കുട്ടികളെ ചെറുപ്പത്തിലേ പിടികൂടി ഹിന്ദുത്വബോധം അടിച്ചേൽ‌പ്പിക്കുന്നതിനായിട്ടാ‍ണ് ‘ബാലഗോകുലം’ ഇത്തരം ഘോഷയാത്രകൾ സംഘടിപ്പിക്കുന്നത്. ഈ ബാലന്മാരിൽ കുത്തിവക്കപ്പെട്ട വർഗീയവിഷങ്ങളാണ് ഭാവിയിൽ ഹിന്ദുത്വാഭിമാനവും മുസ്ലിം വിരോധവും തുളുമ്പുന്ന ഒന്നാംതരം മതമൌലികവാദികളെ സൃഷ്ടിക്കുന്നതെന്നെങ്കിലും നാം തിരിച്ചറിയേണ്ടതുണ്ട്. 


താൽകാലിക തിരിച്ചടികൾക്കുശേഷം ഹിന്ദുത്വശക്തികൾ ദുർബലമായിരിക്കുന്നു എന്ന് ആശ്വസിക്കുന്നവർ ഉണ്ട്. ഈ ധാരണയ്ക്ക് യാഥാർത്ഥ്യവുമായി യാതൊരു ബന്ധവുമില്ല. സംഘപരിവാർ അതിന്റെ നീരാളിക്കൈകൾ നീട്ടി ഇവിടെയൊക്കെതന്നെയുണ്ട്; നാം അറിയാതെ നമ്മിലേക്ക് സമർത്ഥമായി  മതബോധവും അന്യമതവിരോധവുമെല്ലാം കുത്തിവെച്ചുകൊണ്ട്. ജനതയുടെ മതവിശ്വാസം തന്നെയാണ് അടിസ്ഥാനപരമായി ചൂഷണം ചെയ്യപ്പെടുന്നത്. ചെറുപ്പത്തിലേ മുലപ്പാലിനൊപ്പം ഉള്ളിലെത്തുന്ന മതവിശ്വാസത്തിൽ തങ്ങളുടെ വർഗീയാജണ്ടകളെ സന്നിവേശിപ്പിക്കുക മാത്രമാണ് എല്ലാ വർഗീയപ്രത്യയശാസ്ത്രങ്ങളും ചെയ്യുന്നത്. വെള്ളത്തിനുമുകളിൽ തീ പടരുകയില്ല. എല്ലാതരം വർഗീയ-ഫാസിസ്റ്റ് പ്രത്യയശാസ്ത്രങ്ങൾക്കും ഇന്ധനമായി വർത്തിക്കുന്നത് അടിസ്ഥാനപരമായി മതവിശ്വാസം തന്നെയാണ്. ഇതുകാണാതെ പരിഹാരങ്ങൾ തേടുന്നത് രോഗഹേതുവിനെകാണാതെ ചികിത്സ നിർണയിക്കുന്നതിനു തുല്യമായിരിക്കും.


റഫറൻസ്.

  1. സംഘപരിവാറിന്റെ ഫാസിസ്റ്റ് മുഖം- രാം പുനിയാനി.
  2. ജനാധിപത്യത്തിൽ ഫാസിസത്തിനൊരു മുറിയുണ്ട്- PAG Bulletin
  3. Mein Kampf- ഹിറ്റ്ലറുടെ ആത്മകഥ.
  4. Khaki shorts and saffron flags: a critique of the Hindu right- തപൻ ബസു
  5. We or Our Nationhood defined – എം എസ് ഗോൾവാൾക്കർ

കുറിപ്പ്.
1. Marzia Casolari is Lecturer of Asian History at the University of Perugia. She carries out research on India, South and South East Asia. She wrote several papers of the relationships between Indian nationalism and fascism, Hindu political radicalism, Islam in India. Since 2010 Marzia Casolari is chairman of Asia Maior, an association of Italian scholars working and writing on Asia.

(ജൂൺ ലക്കം യുക്തിയുഗം മാസികയിൽ പ്രസിദ്ധീകരിച്ചത്)