മനുഷ്യന്‍ സൃഷ്ടിച്ചിട്ടുള്ളതില്‍ വെച്ച് ഏറ്റവും നശീകരണശേഷിയുള്ള ആയുധമാണ്‌ മതം.

Sunday, March 22, 2009

ബ്രഹ്മാനന്ദ സ്വാമി ശിവയോഗി- സാംസ്കാരിക വിപ്ലവകാരി.

ശ്രീനാരായണഗുരുവിന്റെ ദര്‍ശനങ്ങള്‍ നല്‍കിയ പുത്തനുണര്‍വ് കേരളത്തിന്റെ സംസ്കാരിക ബോധത്തെ രൂപപ്പെടുത്തുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചിട്ടുണ്‍ട്. മതത്തിനുള്ളില്‍ നിന്നുകൊണ്ട് തന്നെ മതപരിഷ്കരണത്തിനിറങ്ങി അതില്‍ ഒരു പരിധിവരെ വിജയം കണ്ട ഗുരു പക്ഷേ ഇന്ന്‌ വിഗ്രഹവല്‍ക്കരിക്കപ്പെട്ടിരിക്കുകയാണ്‌. ഗുരുവിന്റെ ചിന്തകളെ ഫ്രീസറില്‍ സൂക്ഷിക്കുകയും ഗുരുവെന്ന ബിംബത്തെ ഉയര്‍ത്തിപ്പിടിക്കുകയും ചെയ്യുന്ന ഇരട്ടാത്താപ്പാണ്‌ ഇന്ന്‌ നടമാടിക്കൊണ്ടിരിക്കുന്നത്.
മതപരിഷ്കര്‍ത്താവായിരുന്ന ഗുരുവിന്റെ സ്ഥിതി ഇതാണെങ്കില്‍ കാലാകാലങ്ങളായി മതം പുലര്‍ത്തിവന്ന അനാചാരങ്ങള്‍ക്കെതിരെ നേര്‍ക്കുനേര്‍ നിന്നു പോരാടി, ജീവിച്ചിരുന്ന കാലത്തുതന്നെ അപ്രീതിക്കുപാത്രമായ ബ്രഹ്മാനന്ദ സ്വാമി ശിവയോഗി ഇന്ന്‌ വിസ്മൃതനായിരിക്കുന്നതില്‍ അല്‍ഭുതമില്ല.
ഭാരതം ഒട്ടേറെ ഋഷിമാരുടെ ജന്മഭൂമിയാണ്‌. ഒട്ടേറെ ജ്ഞാനി ശ്രേഷ്ഠന്മാരും യോഗിവര്യന്മാരും ഇവിടെ ജീവിച്ചിരുന്നിട്ടുണ്ട്. എന്നിട്ടും ജാതിയുടെയും അയിത്തത്തിന്റെയും പേരില്‍ അനേകം പേര്‍ ആട്ടിയോടിക്കപ്പെടുകയും അക്ഷരവും ജ്ഞാനവും നിഷേധിച്ച്‌ അധകൃതവല്‍ക്കരിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. എന്നും അധമരായി കഴിയേണ്ടവരാനെന്ന ബോധം അവരില്‍തന്നെ ഉറപ്പിക്കുന്നതില്‍ മേലാളര്‍ വിജയം കണ്ടു.
കേരളം ജാതിഭ്രാന്തിന്റെയും അസമത്വത്തിന്റെയും മൂര്‍ധന്യത്തിലായിരുന്ന കാലത്ത് 1852-ല്‍ ജനിച്ച ബ്രഹ്മാനന്ദ സ്വാമി ശിവയോഗി അക്ഷോഭ്യനും അചഞ്ചലനുമായി, സമൂഹത്തില്‍ കാലങ്ങളായി വേരുറച്ച അന്ധവിശ്വാസങ്ങള്‍ക്കും അസമത്വങ്ങള്‍ക്കുമെതിരെ പോരാടി. ജ്ഞാനത്തെ വരേണ്യവര്‍ഗ്ഗത്തിന്റെ മാത്രം കുത്തകയാക്കിയ സംബ്രദായത്തെ ശിവയോഗി ചോദ്യം ചെയ്തു. ജാതി വര്‍ഗ്ഗരഹിതമായ അരു സമൂഹത്തെ സംഘടിപ്പിക്കുന്നതിനുതകുന്ന ആദര്‍ശ ശുദ്ധിയും ആത്മാര്‍ത്ഥതയും ബ്രഹ്മാനന്ദ സ്വാമി ശിവയോഗിയുടെ ആനന്ദാദര്‍ശത്തില്‍ നമുക്ക് ദര്‍ശിക്കാന്‍ കഴിയും.
ആനന്ദാദര്‍ശ തത്വങ്ങളുടെ സരാല്‍ സാരമായി അംഗീകരിച്ചിട്ടുള്ള കാര്യങ്ങളിലൂടെ നമുക്കൊന്ന്‌ കണ്ണോടിക്കാം:-
"ആനന്ദ ഏവ വിജയതേ മനസ്വസ്ഥതൈവനന്ദ:
മനോജയ ഏവമഹജയ: അഹിംസൈവപരമോധര്‍മ്മ:
അജ്ഞാന ദു:ഖായൈവ യജ്ഞാദികര്‍മ്മ
ആനന്ദമേവ സഹജം സര്‍വ്വേഷാമന്യത് സര്‍വ്വം കല്പ്പിതം."

സര്‍വ്വരും ഒരുപോലെ ആഗ്രഹിക്കുന്ന ആനന്ദം മനസ്സിന്റെ സ്വസ്ഥത-ശാന്തിയില്‍നിന്നു മാത്രം ലഭിക്കുന്നു. മനസ്സിനെ ജയിക്കുകയാണ്‌ ഏറ്റവും വലിയ ജയം. അഹിംസയാണ്‌ സര്‍വ്വ ധര്‍മ്മങ്ങളിലും പ്രധാനം. യാഗ-വ്രത-പ്രാര്‍ത്ഥനാ ആരാധനകളെല്ലാം ദു:ഖം വര്‍ധിപ്പിക്കുന്നവ തന്നെ. സഹജമായിട്ടുള്ളത്‌ ആനന്ദം മാത്രമാണ്‌.
ഇക്കാര്യങ്ങളെല്ലാം യുക്തിഭദ്രമായി സ്ഥാപിച്ചുകൊണ്ട് ശിവയോഗി മോക്ഷപ്രദീപം, ആനന്ദാദര്‍ശം, സിദ്ധാനുഭൂതി, ആനന്ദവിമാനം, വഗ്രഹാരാധനാ ഖണ്ഢനം തുടങ്ങിയ പതിനാറ് പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്. ഒഴുക്കിന്‌ അനുകൂലമായി നീന്താന്‍ പോകാതെ തീര്‍ത്തും പ്രതികൂലമായിത്തന്നെ നീന്തി തന്റെ ആശയങ്ങളും ചിന്താഗതികളും അല്പം പോലും വെള്ളം ചേര്‍ക്കാതെ അദ്ദേഹം തുറന്നടിച്ചു. ശ്രീനാരായണഗുരു ജതിക്കെതിരെ ശബ്ദിച്ചെങ്കിലും മതത്തോട് അത്രമാത്രം കടുംപിടുത്തം കാണിച്ചില്ല. എന്നാല്‍ ലോക മാനവ സൃഷ്ടിക്കുതകുന്ന ദര്‍ശനങ്ങള്‍ മൂലം ശിവയോഗിക്ക്‌ ഏറ്റവുമധികം എതിര്‍പ്പുകള്‍ നേരിടേണ്ടിവന്നത്‌ അദ്ധേഹത്തിന്റെ ജനിച്ച സമുദായത്തില്‍ നിന്നുതന്നെയായിരുന്നു.

ജാതി മതഭേദങ്ങളെ ഇത്രമാത്രം കടന്നാക്രമിച്ച മറ്റൊരു ജ്ഞാനയോഗിയില്ലതന്നെ.
ജീവന്‍ ഹിന്ദുവല്ല, ജീവനഹോ ബൗദ്ധജാതിയം അല്ലാ.
ജീവന്‍ കൃസ്ത്യനുമല്ല ജീവനൊരു ജാതിയില്ല സത്തല്ലോ.
ഇല്ല ശരീരത്തിനും ചൊല്ലാന്‍ സൗദ്ധാദി ജാതിഭേദങ്ങള്‍,
എല്ലാം ഭൗതികമല്ലോ തല്ലാനന്യോന്യമൊന്നുമില്ലല്ലോ.

"കര്‍മ്മഠന്മാരുടെ കൊട്ടിനും താളത്തിനുമനുസരിച്ച് കളിക്കുന്ന ഒരു വികാരിയായ ദൈവം ഇല്ലെന്ന്" അസന്നിഗ്ദമായി പ്രസ്ത്ഥാവിച്ച യോഗി വിഗ്രഹാരാധനയെ അജ്ഞാന കര്‍മ്മമായി കണ്ടു. "ക്ഷേത്രത്തില്‍ മണ്ഡലകാലത്തില്‍ ദൈവത്തിനെ എഴുന്നള്ളീക്കുമ്പോള്‍കൂടി ചിലപ്പോള്‍ ആന വിരണ്ട് ആനക്കാരനെയുംശാന്തിക്കാരനെയും മറ്റും കുത്തിക്കൊല്ലുന്നു. വെടിമരുന്ന് പ്രയോഗം കൊണ്ട് ചിലര്‍ ദുര്‍മരണത്തെ പ്രാപിക്കുന്നു. ദൈവം വികാരിയാണെങ്കില്‍ തന്റെ മംഗളകരമായ എഴുന്നള്ളത്തില്‍ മരണം മുതലായ അമംഗളങ്ങളും വരുന്നത് കണ്ടിരിക്കുമോ?" എന്ന് അദ്ധേഹം തന്റെ ആനന്ദവിമാനത്തില്‍ ചോദിക്കുന്നു.

പ്രാര്‍ത്ഥനകളിലൂടെയും വഴിപാടുകളിലൂടെയും പ്രീതിപ്പെടുത്താവുന്ന "വികാരിയായ" ഒരു ദൈവമില്ലെന്ന്‌ ഉറപ്പിച്ചുപറയുന്ന ശിവയോഗിയുടെ വാക്കുകള്‍:-
"ഈശ്വരന്‍ നമ്മുടെ കുതിരക്കാരനല്ല, കൂട്ടില്‍ നിന്ന്‌ പതിച്ച് പറക്കാന്‍ കഴിയാതെ പിടഞ്ഞു ദു:ഖിക്കുന്ന ഒരു പക്ഷിക്കുഞ്ഞിനെ കൂടി അതിന്റെ കൂട്ടില്‍ ദൈവം എടുത്ത് ചേര്‍ത്തിക്കാണുന്നില്ല. വഴിതെറ്റി വാവിട്ടുകരയുന്ന ആട്ടിന്‍കുട്ടി, മാട്ടിന്‍കുട്ടി, മാന്‍കുട്ടി മുതലായ ദയനീയ ജന്തുക്കുട്ടികള്‍ക്കുകൂടി ദൈവം വഴി കാണിച്ചു കൊടുത്തുകാണുന്നില്ല. നദീപ്രവാഹത്തില്‍ ഒലിച്ചുപോകുന്ന എറുമ്പ് മുതലായ ദീന ജീവികളെയും ഈശ്വരന്‍ കയറ്റിവിടുന്നില്ല. ആട്, കോഴി മുതലായ അനേക പ്രാണികളെ മനുഷ്യന്‍ അറുക്കുമ്പോള്‍ ആ അന്യായകര്‍മ്മം കണ്ടിട്ടും അവയുടെ ആര്‍ച്ചനാദം കേട്ടിട്ടും ആ അനാഥപ്രാണികളുടെ സങ്കട നിവൃത്തിയെകക്കൂടി ഈശ്വരന്‍ ചെയ്യുന്നില്ല. തീയില്‍ കൂട്ടം കൂട്ടമായിവീണു വെന്തുരുകിച്ചാകുന്ന പാറ്റയ്ക്കുകൂടി ദൈവം വഴികാണിച്ചുകൊടുക്കുന്നില്ല"
"ഈശ്വരന്‍ സര്‍വ്വശക്തനും ദയാനിധിയും ലോകപിതാവും ആകുന്നു എന്ന് സമ്മതിക്കുന്ന അവസ്ഥയ്ക്ക്‌ ഒന്നും അറിഞ്ഞുകൂടാത്തവരോട് സങ്കടം പറഞ്ഞുമനസ്സിലാക്കുന്നതുപോലെയും ഫലേച്ഛുവായ ദയാഹീനനു വല്ലതും കൊടുത്തിട്ട് പ്രസാദിപ്പിക്കുന്നതുപോലെയും ഈശ്വരനെ പ്രസാദിപ്പിക്കാമെന്ന്‌ വിചാരിക്കുന്നത് തെറ്റാണ്‌."

വിഗ്രഹാരാധനയെ ശിവയോഗികള്‍ നേരിടുന്നതു നോക്കൂ:-
ദൈവം വിഗ്രഹാരാധനാദികള്‍കൊണ്ട് അനുഗ്രഹിക്കുന്ന വികാരിയാണെന്ന്‌ വിചാരിക്കുന്ന വിദ്വാന്മാര്‍ക്ക്‌ ദൈവത്തെ എളുപ്പത്തില്‍ കണ്ടുപിടിച്ച് ആനന്ദിപ്പാനുള്ള ഉപായം ഉണ്ട്. അത് എന്താകുന്നു എങ്കില്‍ ദൈവത്തെ അസഹ്യമാം വണ്ണം അസഭ്യം പറയുക തന്നെ. അപ്പോള്‍ ദൈവം കോപിച്ച്‌ കൊല്ലുവാനായി ചാടിവരും. അപ്പോള്‍ ദൈവത്തൊടു മാപ്പുപറഞ്ഞ് നിന്നെ നേരില്‍ കാണാനുള്ള ആഗ്രഹം കൊണ്ട് ചെയ്തുപോയതാണെന്നു പറയുകയും ചെയ്യാം"
എത്രതന്നെ കുറ്റങ്ങളെ ചെയ്താലും തന്നെ ശിക്ഷിക്കാന്‍ ആരും ഇല്ലാ എന്നറിഞ്ഞിട്ടും മനസ്സാ വാചാ കര്‍മ്മണാ കുറ്റം ചെയ്യാതെ ഇരിക്കുന്നവനാണ്‌ ശുദ്ധഹൃദയന്‍. മനസ്സിനെ ശുദ്ധമാക്കണം. എങ്കിലേ മുക്തി (ആനന്ദം) സിദ്ധിക്കുകയുള്ളൂ എന്ന് ശിവയോഗി പറയുന്നു.
മനസ്സിന്റെ സുസ്ഥിതിതന്നെ സ്വര്‍ഗ്ഗം, മനസ്സിന്റെ ദുസ്ഥിതിതന്നെ നരകം എന്നുകൂടി പറയുന്ന ശിവയോഗി ചാതുര്‍വര്‍ണ്യ സംസ്കാരത്തിനെതിരെയും ആഞ്ഞടിക്കുന്നു.
" നായിനെപ്പോലെ നായന്മാര്‍ ബ്രഹ്മണര്‍ക്ക്‌ അടിമകളായി കിടക്കണെമെന്നല്ലോ മനു, രമകൃഷ്ണപരമഹംസര്‍ മുതലായവരുടെ നിയമം? ഇങ്ങനെ ഒരു നിയമം ഏര്‍പ്പെടുത്തുന്നതിനെക്കാള്‍ ശൂദ്രരെ ഇരുട്ടറയിലിട്ട് കൊല്ലുവാന്‍ ഒരു നിയമം ഉണ്ടാക്കി വെക്കുന്നതായിരുന്നു ഉത്തമമായിരുന്നത്."

ശരീരത്തിനും മനസ്സിനും പുറത്ത് ഒരു ദൈവത്തെ അന്വേഷിക്കുന്നത് നിരര്‍ത്ഥകമാണെന്ന്‌ ഉദ്ഘോഷിക്കുന്ന ശിവയോഗി ജാതി മത ഭേദങ്ങളെയും അന്ധവിശ്വാസാനാചാരങ്ങളെയും അതിജീവിച്ച്‌ മനസ്സിനെ ശുദ്ധമാക്കി മുക്തി നേടുവാന്‍ ആഹ്വാനം ചെയ്യുന്നു. വിദ്യാസമ്പന്നരായ അന്ധവിശ്വാസിളുടെ സമൂഹം വളര്‍ന്ന് പന്തലിക്കുന്ന പുതിയ കാലത്ത് ശിവയോഗി ഒരു നൂറ്റാണ്ടിനുമുമ്പ് പറഞ്ഞുവെച്ച ആശയങ്ങള്‍ക്ക് മുമ്പെങ്ങുമില്ലാത്ത പ്രസക്തിയാണുള്ളത്.

Friday, February 20, 2009

ദൈവ സങ്കല്പങ്ങളിലെ വൈരുദ്ധ്യം എന്തുകൊണ്ട്?

ജബ്ബാര്‍ മാസ്റ്ററുടെ ബ്ലോഗില്‍ (.yukthivadam.blogspot.com) ദൈവാസ്തിക്യത്തെക്കുറിച്ച് നടന്ന ചര്‍ച്ചയില്‍ ഉരുത്തിരിഞ്ഞുവന്ന രണ്ട് വാദഗതികളെ പരിശോധിക്കാനാണ്‌ ഇവിടെ ശ്രമിക്കുന്നത്. 'ദൈവം' എന്ന വാക്കിന്‌ രണ്ട് സുഹൃത്തുക്കള്‍ നല്‍കിയ നിര്‍വചനം നോക്കൂ.
1. ചിന്തകന്‍:1) സര്‍വ്വലോകത്തെയും സൃഷ്ടിച്ചതും, സൃഷ്ടി ആവര്‍ത്തിക്കുന്നതും അതിനെ വികസിപ്പിച്ച് കൊണ്ടിരിക്കുന്നതുമായ ഒരെ ഒരു ശക്തി.

2)സര്‍വ്വ പ്രപഞ്ചത്തിന്റെയും സംവിധായകനും, നിയന്താവും പരിപാലകനുമായുള്ളവന്‍.

3)ദൈവം ഏകനാണ്. ദൈവം സര്‍വ്വശക്തനാണ്, പരാശ്രയ മുക്തനാണ്.എന്നാല്‍ ദൈവത്തെ എല്ലാവരും ആശ്രയിക്കുന്നു.ദൈവം അറിയാത്ത ഒരു കര്യവും ഈ സര്‍വ്വ പ്രപഞ്ചത്തിലും നടക്കുന്നില്ല.

4)ദൈവം ആരുടെയും പിതാവല്ല.ആരുടെയും പുത്രനുമല്ല.


2. ശ്രീ @ ശ്രേയസ്: ഈയുള്ളവന്‍റെ അഭിപ്രായത്തില്‍ ഈശ്വരന് ബുദ്ധിയില്ല, രൂപമില്ല, ഗുണമില്ല, ഭയമില്ല, വികാരമില്ല, സംഗമില്ല, ആദ്യന്തമില്ല, ചലനമില്ല, പ്രവര്‍ത്തിയില്ല എന്നത്രേ ഈയുള്ളവന്‍റെ വിശ്വാസം. ഈശ്വരന്‍ ഏകനാണ്, സത്യമാണ്, നിത്യമാണ്, സുധമാണ്, കേവലമാണ്, ശാശ്വതമാണ്, പരിപൂര്‍ണമാണ്, പരമാനന്ദമാണ്, ഉണ്മയാണ്, ജ്ഞാനമാണ്, അനന്തനാണ്, അപ്രാപ്യനാണ്...


രണ്ട് സുഹൃത്തുക്കളുടെ അഭിപ്രായങ്ങള്‍ അവര്‍ സ്വയം ചിന്തിച്ച് ഉണ്ടാക്കിയെടുത്തതൊന്നുമല്ല; അവരവര്‍ വിശ്വസിക്കുന്ന മതത്തിന്റെ ഗ്രന്ഥത്തില്‍നിന്നും എടുത്ത് ഉദ്ധരിച്ചതാണ്‌. ഇതു കൂടാതെ പിതാവും പുത്രനും പരിശുദ്ധാത്മാവുമുള്ള ലോകത്തിലെ ഏറ്റവും വലിയ മതമായ കൃസ്തുമതം വേറെയുമുണ്ട്.
ഈ അഭിപ്രായങ്ങളെ പരിശോധിച്ചപ്പോള്‍ എനിക്ക് മനസ്സിലാകുന്ന ഒരു കാര്യം അതില്‍ കൂടുതല്‍ വിലയിരുത്തലുകളും പരസ്പരവിരുദ്ധമാണെന്നതാണ്‌. ഒരാള്‍ എല്ലാ കാര്യങ്ങളും അറിയുകയും സംരക്ഷിക്കുകയും ചെയ്യുന്ന വ്യക്തിസ്വരൂപനായ ദൈവത്തെ അവതരിപ്പിക്കുന്നു. മറ്റേ ആള്‍ പറയുന്നത് ദൈവം നിര്‍ഗുണ നിരാകാര പരബ്രഹ്മമാണെന്നാണ്‌. ദൈവത്തിന്‌ മക്കളുണ്ടാകില്ലെന്ന് ഒരാള്‍ പറയുമ്പോള്‍ ക്രൈസ്തവര്‍ യേശു ദൈവത്തിന്റെ പുത്രനാണെന്ന്‌ വിശ്വസിക്കുന്നു.
എന്തുകൊണ്ടാണ്‌ ദൈവത്തെക്കുറിച്ചുള്ള വലയിരുത്തലുകള്‍ ഇത്ര പരസ്പരവിരുദ്ധമാകുന്നത്?

ഈ നിര്‍വ്വചനങ്ങളിലെ വൈരുദ്ധ്യത്തെ ചൂണ്ടിക്കാട്ടിയ എനിക്ക് കിട്ടിയ മറുപടികള്‍ ഇങ്ങനെ:

ശ്രീ @ ശ്രേയസ് said...

ശ്രീ സുശീല്‍,മറ്റൊരാളുടെ സങ്കല്പത്തിന് ഈയുള്ളവന്‍ ഉത്തരവാദിയല്ല. അതിനാല്‍ ശ്രീ ചിന്തകന്‍റെ അഭിപ്രായവുമായി കൂട്ടിക്കുഴഞ്ഞു ദയവായി ബുദ്ധിമുട്ടരുത്.
ചിന്തകന്‍:

"എല്ലാ മതങ്ങളുടെയും ഗ്രന്ഥങ്ങളെ ന്യായീകരിക്കുക എന്നത് എന്റെ ജോലിയല്ല. ഞാന്‍ എവിടെയാണോ അതിനെ ന്യായീകരിക്കാനെ എനിക്ക് കഴിയുകയുള്ളൂ".

ഇവിടെ നമുക്ക് മനസ്സിലാക്കാവുന്ന ഒരു കാര്യം ഓരോരുത്തരും അവരവരുടെ വിശ്വാസങ്ങളില്‍ ഉറച്ചുനില്‍ക്കുകയാണെന്നതാണ്‌. മറ്റേ ആളിന്റെ വാദഗതി ഒന്നു പരിശോധിച്ചുനോക്കാന്‍ പോലും അവരുടെ മനസ്സിലുറച്ചുപോയ ധാരണകള്‍ അവരെ അനുവദിക്കുന്നില്ല. ഓരോരുത്തരെ സംബന്ധിച്ചും അവരവരുടെ വാദഗതികള്‍ ശരി എന്ന് വിശ്വസിക്കുന്നതില്‍ ധാര്‍മികമായി തടസ്സമൊന്നുമില്ല. എന്നാല്‍ ഈ രണ്ട് വാദഗതികളെ വസ്തുനിഷ്ഠമായി വിലയിരുത്തുന്ന ഒരാളെ സംബന്ധിച്ച് ഈ വൈരുധ്യങ്ങളെ കണ്ടില്ലെന്നു നടിക്കാനാവില്ല. ഇത് രണ്ടും കൂടി ഏതായാലും സത്യമാവുകയില്ല. ചുരുങ്ങിയ പക്ഷം ഒന്നെങ്കിലും തെറ്റാകും; അല്ലെങ്കില്‍ രണ്ടും തെറ്റാകാം. ഏതായാലും രണ്ടും കൂടി സത്യമാകനുള്ള സാധ്യത ഒട്ടുമില്ലതന്നെ.

ചിന്തകന്‍ വിവരിക്കുന്ന ദൈവം ഖുര്‍ ആനിലെ അല്ലാഹുവാണ്‌. ഈ ദൈവം മനുഷ്യരെപ്പോലെ സന്തോഷിക്കുകയും, ദുഖിക്കുകയും, കോപിക്കുകയും ചീത്തവിളിക്കുകയും തന്റെ സൃഷ്ടികളില്‍ ഒരു പക്ഷം ചേര്‍ന്ന് മറ്റേ പക്ഷത്തെ ദുഷിക്കുകയുമൊക്കെ ചെയ്യുന്ന വ്യക്തിസ്വരൂപനാണ്‌. ശ്രീ അവതരിപ്പിക്കുന്നത് അദ്വൈതവാദത്തിലെ പ്രപഞ്ചികശക്തിയായ "ബ്രഹ്മ"ത്തെയാണ്‌. ബ്രഹ്മം നിര്‍ഗുണവും നിരാകാരവും ആത്യന്തികവുമാണ്‌. എന്നാല്‍ ഹിന്ദുമതത്തിലെ തന്നെ രണ്ടാം കിട ദൈവ സങ്കള്‍പമായ ബ്രഹ്മാവ്, വിഷ്ണു, ശിവന്‍ തുടങ്ങിയവ മുതല്‍ മുപ്പത്തിമുക്കോടി ദൈവങ്ങളും പ്രീണനം കൊണ്ട് പ്രീതിപ്പെടുന്നതും പ്രകോപനം കൊണ്ട് കോപാകുലരാകുന്നവയുമാണ്‌.

നിരാകാരമായ ബ്രഹ്മസങ്കല്പ്പവും വിഗ്രഹാരാധന ഉള്‍പ്പെടെയുള്ള ബഹുദൈവാരധനയും എങ്ങനെയാണ്‌ ഒത്തുപോവുക?

ശ്രീ @ ശ്രേയസ് അവകാശപ്പെടുന്നതുനോക്കൂ.

നിരാകാരമായ ബ്രഹ്മം എങ്ങനെ സാകാരമായ (രൂപമുള്ള) ഈശ്വരനായിത്തീരുന്നു? പ്രത്യേക ആകൃതിയില്ലാത്ത വെള്ളം ഏത് പാത്രത്തിലെടുത്തു ശീതീകരിച്ച്‌ ആ പാത്രത്തിന്‍റെ രൂപത്തിലുള്ള മഞ്ഞുകട്ടയായി മാറുന്നുവോ, അതുപോലെ ഭക്തന്മാരുടെ ഭക്തിശൈത്യം കൊണ്ട് ബ്രഹ്മം സാകാരമായ ഈശ്വരനായിത്തീരുന്നു എന്നാണ് ശ്രീരാമകൃഷ്ണന്‍ പറഞ്ഞുതരുന്നത്.
എന്തുകൊണ്ടാണ് ഈ രൂപമുള്ള ദൈവങ്ങളെ എല്ലാ മതങ്ങളും സൃഷ്ടിച്ചിരിക്കുന്നത്? ഈശ്വരന്‍റെ വിവിധഭാവങ്ങളിലുള്ള രൂപങ്ങളെ, ഈശ്വര അവതാരങ്ങളെ, ദൈവപുത്രന്മാരെ, ദൈവപുത്രന്‍റെ മാതാവിനെയൊക്കെ നാം ആരാധിക്കാറുണ്ട്. അതെന്താ അങ്ങനെ?
ഹിന്ദു പുരാണങ്ങളില്‍ ധാരാളം ദേവന്മാരെയും ദേവിമാരെയും മറ്റും വര്‍ണിച്ചിട്ടുണ്ടല്ലോ. അവരെയെല്ലാം സാധാരണയായി ഓരോ ദൈവമായും അങ്ങനെ ഹിന്ദുക്കള്‍ക്ക് "മുപ്പത്തി മുക്കോടി" ദൈവങ്ങള്‍ ഉണ്ടെന്നും, ഹിന്ദുക്കള്‍ കല്ലിനെയാണ് പൂജിക്കുന്നത് എന്നും ഹിന്ദുമതവിശ്വാസികളും മറ്റു മതവിശ്വാസികളും നിരീശ്വരവാദികളും യുക്തിവാദികളുമൊക്കെ കരുതുന്നു. എന്നാല്‍ ഇതില്‍ എത്രത്തോളം സത്യമുണ്ട്?
നമുക്ക് അമ്മയുണ്ട്‌, സഹോദരിയുണ്ട്, ഭാര്യയുണ്ട്, വനിതാസുഹൃത്തുണ്ട്, പെണ്‍കുഞ്ഞുണ്ട് - ഇവരെല്ലാം സ്ത്രീ വര്‍ഗ്ഗം തന്നെ. എന്നാലും ഓരോരുത്തരോടും നമുക്ക് ഓരോ ഭാവമാണ്. അതുപോലെതന്നെ നിര്‍ഗ്ഗുണപരബ്രഹ്മത്തെ മനുഷ്യന്‍ ഓരോരോ ഭാവത്തിലും രൂപത്തിലും ആരാധിക്കുന്നു.
എന്തെങ്കിലും ഒരു പുതിയകാര്യം തുടങ്ങുന്നതിനുമുമ്പ് വിഘ്നേശ്വരനെ പ്രാര്‍ത്ഥിക്കുന്നു, അതോടെ തടസ്സങ്ങള്‍ മാറിയതായി ഒരു സാധാരണക്കാരന്‍റെ മനസ്സില്‍ ഉറപ്പുതോന്നുന്നു. കൊച്ചുകുഞ്ഞുങ്ങളെ സ്നേഹിക്കുന്ന
മധ്യവയസ്കരും അമ്മമാരും ഉണ്ണികൃഷ്ണനെ ആരാധിക്കുന്നു, അങ്ങനെ അവരുടെ മനസ്സിന് സായൂജ്യം ലഭിക്കുന്നു. പഠിക്കാന്‍ തുടങ്ങുമ്പോള്‍ കുട്ടികള്‍ സരസ്വതിയെ വിദ്യാദേവതയായി സങ്കല്‍പ്പിക്കുന്നു. അങ്ങനെ നിര്‍ഗ്ഗുണ പരബ്രഹ്മമായ ഈശ്വരനെ ഓരോരോ ഭാവം കൊടുത്ത് ആരാധിക്കുന്നു. ഏത് രൂപത്തിലായാലും ഭാവത്തിലായാലും രൂപമില്ലാതെയാണെങ്കിലും അവരവരുടെ മനസ്സിലെ ഉറച്ച വിശ്വാസം ആത്മവിശ്വാസമായി പരിണമിക്കുകയും നന്മയിലേക്ക് നയിക്കുകയും ചെയ്യുന്നു.
ഈ വാദഗതികളെ നമുക്കൊന്ന്‌ വസ്തുനിഷ്ഠമായി പരിശോധിക്കാം. വെള്ളത്തെ ഏത്‌ ആകൃതിയിലുള്ള പാത്രത്തിലാക്കിയാലും അതിന്റെ സ്വഭാവത്തില്‍ മാറ്റം വരുന്നില്ല. ചായ ഗ്ലാസിലായാലും കോപ്പയിലായാലും, കപ്പിലായാലും ചായ തന്നെയാണ്‌; ചാരായമാകുന്നില്ല. എന്നാല്‍ നിര്‍ഗുണ, നിരാകാര പരബ്രഹ്മം സാകാരനാകുമ്പോള്‍ അതിന്റെ സ്വഭാവത്തില്‍ വ്യത്യാസം വരുന്നതായാണ്‌ കാണുന്നത്. നിര്‍ഗുണ നിരകാര പരബ്രഹ്മത്തിന്റെ മഹത്വം പുലമ്പുകയും വേണം, (ശ്രീ @ ശ്രേയസ് പറഞ്ഞു: ഈയുള്ളവന് വേദാന്തവും മറ്റു ബന്ധപ്പെട്ട വിഷയങ്ങളും ആണ് ഇപ്പോള്‍ താത്പര്യം, അത്രേയുള്ളൂ. അതിനാണ് ശ്രമിക്കുന്നത്. അതുകൊണ്ടാണ് ബ്രഹ്മം, ആത്മാവ്, ഉണ്മ എന്നൊക്കെ പുലമ്പുന്നത്.) തന്റെ മനസ്സിലെ എല്ലാ അന്ധവിശ്വാസങ്ങളുടെയും മേല്‍ അടയിരിക്കുകയും വേണം എന്നാതാണ്‌ എല്ലാ വേദാന്തക്കാരുടെയും ഇന്നത്തെ അവസ്ഥ. അച്ഛന്റെ കൂടെ പോകുകയും വേണം അമ്മയുടെ കൂടെ കിടക്കുകയും വേണം എന്ന് വാശി പിടിക്കുന്ന കുട്ടിയുടെ പരിപാടിയാണിത്.
ബൈബിള്‍ പഴയ നിയമത്തിലെയും പുതിയനിയമത്തിലെയും ദൈവസങ്കല്പങ്ങള്‍ തമ്മിലും ഒരുപാട് ദൈരുദ്ധ്യങ്ങള്‍ ദൃശ്യമാണ്‌. ജൈനമതം ദൈവാസ്തിക്യത്തെ നിഷേധിച്ചപ്പോള്‍ സംഖ്യം, വൈശേഷികം, യോഗം, ന്യായം, മീമാംസ എന്നീ ഉപനിഷത് മാര്‍ഗങ്ങള്‍ സൃഷ്ടികര്‍ത്താവായ ഒരീശ്വര സങ്കല്പത്തെ നിഷേധിക്കുന്നു.
ദൈവസ്തിക്യത്തെകുറിച്ചുള്ള അഭിപ്രായങ്ങളിലെ ഇത്രമാത്രം വൈരുധ്യങ്ങള്‍ക്ക്‌ കാരണമെന്താണ്‌?

ഉത്തരം വളരെ ലളിതമാണ്‌. ആ സങ്കല്പ്പങ്ങളെല്ലാം മനോനിഷ്ഠമാണ്‌, വ്യക്തിനിഷ്ഠമാണ്‌, ആത്മനിഷ്ഠമാണ്‌. പ്രപഞ്ചത്തെക്കുറിച്ച് അറിയുന്നതിന്‌ മനോനിഷ്ഠ മാര്‍ഗങ്ങള്‍ സ്വീകരിച്ചതിനാലാണ്‌ അതുവഴി ലഭ്യമാകുന്ന അറിവുകള്‍ പരസ്പരവിരുദ്ധമാകുന്നത്‌. ഭൗതിക യാഥാര്‍ത്ഥ്യമായ പ്രപഞ്ചത്തെക്കുറിച്ച് മനസ്സിലാക്കാന്‍ എന്തെല്ലാം പരിമിതികളുണ്ടെങ്കിലും വസ്തുനിഷ്ഠവും ശസ്ത്രീയവുമായ അന്വേഷണം മാത്രമാണ്‌ അഭികാമ്യമായിട്ടുള്ളത്.
ഈ പ്രപഞ്ചം ഒരു ഭൗതിക പ്രതിഭാസമാണ്‌. ആശയം നിലനില്‍ക്കുന്നത്‌ മനുഷ്യമനസ്സില്‍ മാത്രമാണ്‌. മനസ്സാകട്ടെ തലച്ചോറിന്റെയും നാഡീവ്യൂഹങ്ങളുടെയും കൂട്ടായ പ്രവര്‍ത്തനത്തിന്റെ ഉല്പ്പന്നവും. അതുകൊണ്ടുതന്നെ ബോധം ഒരു ഭൗതികപ്രതിഭാസമാണ്‌.

എല്ലാം സൃഷ്ടിച്ച്‌ പരിപാലിക്കുന്ന ഒരു ശക്തി എന്നത് മനോനിഷ്ടമായ സങ്കല്പം മാത്രമാണ്‌. ശക്തി അഥവാ ഊര്‍ജ്ജം എന്നത് ദ്രവ്യത്തില്‍നിന്ന് വ്യത്യസ്തമായ ഒരു പ്രതിഭാസമല്ല; മറിച്ച് അത്‌ ദ്രവ്യത്തിന്റെ തന്നെ മറ്റൊരു രൂപമാണ്‌. ദ്രവ്യവുമായി ബന്ധമില്ലാതെ ഒരു ഊര്‍ജത്തിനും സ്വതന്ത്രമായി നിലനില്പ്പില്ല.
സര്‍വ്വശക്ത്നും സര്‍വ്വജ്ഞാനിയുമായ ഒരു ദൈവമാണ്‌ ദൈവത്തെക്കുറിക്കുന്ന അറിവുകള്‍ നല്‍കിയത് എന്ന മതവിശ്വാസികളുടെ വാദഗതി വസ്തുതകള്‍ക്കുമുന്നില്‍ നിലനില്‍ക്കുന്നതല്ല, കാരണം അങ്ങനെയെങ്കില്‍ അത്തരം അറിവുകളില്‍ പരസ്പരവിരുദ്ധമായ വിവരങ്ങള്‍ ഉണ്ടാകുമായിരുന്നില്ല.

മുന്‍ വിധികളുടെയും ആധികാരികതകളുടെയും മാര്‍ഗം തള്ളിക്കളയുകയും, ശാസ്ത്രീയ രീതി വഴി ശസ്ത്രീയ രീതിപോലും പരിശോധനാവിധേയമാക്കുന്ന ഒരു ചിന്താ പദ്ധതി താരതമ്യേന നല്ലതാണെന്നാണ്‌ ഈയുള്ളവന്റെ അഭിപ്രായം. അതിന്റെ പരിമിതികളെ പര്‍വ്വതീകരിച്ചുകാണിച്ച്‌ വെളിപാടുകളെ ആധികാരികതകളായി സ്വീകരിക്കുന്നത് ചിന്താപരമായ പാപ്പരത്തമാണ്‌.

Sunday, February 8, 2009

ദൈവം എന്ന പതിനെട്ടാമത്തെ ആന: ആര്‍. വി. ജി. മേനോന്‍




http://www.yukthivadam.blogspot.com/ എന്ന ജബ്ബാര്‍ മാസ്റ്ററുടെ ബ്ലോഗില്‍ ഞാന്‍ ദൈവനിഷേധിയല്ല എന്ന പേരില്‍ നടന്നുവരുന്ന ചര്‍ച്ചക്ക് അനുബന്ധമായി ഉപകാരപ്പെടുമെന്ന്‌ കരുതുന്ന ഒരു ലേഖനം എവിടെ ചേര്‍ക്കുന്നു.ദൈവം എന്ന പതിനെട്ടാമത്തെ ആന: ആര്‍. വി. ജി. മേനോന്‍, (ജനയുഗം ദിനപത്രം:08/07/2008)