മനുഷ്യന്‍ സൃഷ്ടിച്ചിട്ടുള്ളതില്‍ വെച്ച് ഏറ്റവും നശീകരണശേഷിയുള്ള ആയുധമാണ്‌ മതം.

Friday, February 20, 2009

ദൈവ സങ്കല്പങ്ങളിലെ വൈരുദ്ധ്യം എന്തുകൊണ്ട്?

ജബ്ബാര്‍ മാസ്റ്ററുടെ ബ്ലോഗില്‍ (.yukthivadam.blogspot.com) ദൈവാസ്തിക്യത്തെക്കുറിച്ച് നടന്ന ചര്‍ച്ചയില്‍ ഉരുത്തിരിഞ്ഞുവന്ന രണ്ട് വാദഗതികളെ പരിശോധിക്കാനാണ്‌ ഇവിടെ ശ്രമിക്കുന്നത്. 'ദൈവം' എന്ന വാക്കിന്‌ രണ്ട് സുഹൃത്തുക്കള്‍ നല്‍കിയ നിര്‍വചനം നോക്കൂ.
1. ചിന്തകന്‍:1) സര്‍വ്വലോകത്തെയും സൃഷ്ടിച്ചതും, സൃഷ്ടി ആവര്‍ത്തിക്കുന്നതും അതിനെ വികസിപ്പിച്ച് കൊണ്ടിരിക്കുന്നതുമായ ഒരെ ഒരു ശക്തി.

2)സര്‍വ്വ പ്രപഞ്ചത്തിന്റെയും സംവിധായകനും, നിയന്താവും പരിപാലകനുമായുള്ളവന്‍.

3)ദൈവം ഏകനാണ്. ദൈവം സര്‍വ്വശക്തനാണ്, പരാശ്രയ മുക്തനാണ്.എന്നാല്‍ ദൈവത്തെ എല്ലാവരും ആശ്രയിക്കുന്നു.ദൈവം അറിയാത്ത ഒരു കര്യവും ഈ സര്‍വ്വ പ്രപഞ്ചത്തിലും നടക്കുന്നില്ല.

4)ദൈവം ആരുടെയും പിതാവല്ല.ആരുടെയും പുത്രനുമല്ല.


2. ശ്രീ @ ശ്രേയസ്: ഈയുള്ളവന്‍റെ അഭിപ്രായത്തില്‍ ഈശ്വരന് ബുദ്ധിയില്ല, രൂപമില്ല, ഗുണമില്ല, ഭയമില്ല, വികാരമില്ല, സംഗമില്ല, ആദ്യന്തമില്ല, ചലനമില്ല, പ്രവര്‍ത്തിയില്ല എന്നത്രേ ഈയുള്ളവന്‍റെ വിശ്വാസം. ഈശ്വരന്‍ ഏകനാണ്, സത്യമാണ്, നിത്യമാണ്, സുധമാണ്, കേവലമാണ്, ശാശ്വതമാണ്, പരിപൂര്‍ണമാണ്, പരമാനന്ദമാണ്, ഉണ്മയാണ്, ജ്ഞാനമാണ്, അനന്തനാണ്, അപ്രാപ്യനാണ്...


രണ്ട് സുഹൃത്തുക്കളുടെ അഭിപ്രായങ്ങള്‍ അവര്‍ സ്വയം ചിന്തിച്ച് ഉണ്ടാക്കിയെടുത്തതൊന്നുമല്ല; അവരവര്‍ വിശ്വസിക്കുന്ന മതത്തിന്റെ ഗ്രന്ഥത്തില്‍നിന്നും എടുത്ത് ഉദ്ധരിച്ചതാണ്‌. ഇതു കൂടാതെ പിതാവും പുത്രനും പരിശുദ്ധാത്മാവുമുള്ള ലോകത്തിലെ ഏറ്റവും വലിയ മതമായ കൃസ്തുമതം വേറെയുമുണ്ട്.
ഈ അഭിപ്രായങ്ങളെ പരിശോധിച്ചപ്പോള്‍ എനിക്ക് മനസ്സിലാകുന്ന ഒരു കാര്യം അതില്‍ കൂടുതല്‍ വിലയിരുത്തലുകളും പരസ്പരവിരുദ്ധമാണെന്നതാണ്‌. ഒരാള്‍ എല്ലാ കാര്യങ്ങളും അറിയുകയും സംരക്ഷിക്കുകയും ചെയ്യുന്ന വ്യക്തിസ്വരൂപനായ ദൈവത്തെ അവതരിപ്പിക്കുന്നു. മറ്റേ ആള്‍ പറയുന്നത് ദൈവം നിര്‍ഗുണ നിരാകാര പരബ്രഹ്മമാണെന്നാണ്‌. ദൈവത്തിന്‌ മക്കളുണ്ടാകില്ലെന്ന് ഒരാള്‍ പറയുമ്പോള്‍ ക്രൈസ്തവര്‍ യേശു ദൈവത്തിന്റെ പുത്രനാണെന്ന്‌ വിശ്വസിക്കുന്നു.
എന്തുകൊണ്ടാണ്‌ ദൈവത്തെക്കുറിച്ചുള്ള വലയിരുത്തലുകള്‍ ഇത്ര പരസ്പരവിരുദ്ധമാകുന്നത്?

ഈ നിര്‍വ്വചനങ്ങളിലെ വൈരുദ്ധ്യത്തെ ചൂണ്ടിക്കാട്ടിയ എനിക്ക് കിട്ടിയ മറുപടികള്‍ ഇങ്ങനെ:

ശ്രീ @ ശ്രേയസ് said...

ശ്രീ സുശീല്‍,മറ്റൊരാളുടെ സങ്കല്പത്തിന് ഈയുള്ളവന്‍ ഉത്തരവാദിയല്ല. അതിനാല്‍ ശ്രീ ചിന്തകന്‍റെ അഭിപ്രായവുമായി കൂട്ടിക്കുഴഞ്ഞു ദയവായി ബുദ്ധിമുട്ടരുത്.
ചിന്തകന്‍:

"എല്ലാ മതങ്ങളുടെയും ഗ്രന്ഥങ്ങളെ ന്യായീകരിക്കുക എന്നത് എന്റെ ജോലിയല്ല. ഞാന്‍ എവിടെയാണോ അതിനെ ന്യായീകരിക്കാനെ എനിക്ക് കഴിയുകയുള്ളൂ".

ഇവിടെ നമുക്ക് മനസ്സിലാക്കാവുന്ന ഒരു കാര്യം ഓരോരുത്തരും അവരവരുടെ വിശ്വാസങ്ങളില്‍ ഉറച്ചുനില്‍ക്കുകയാണെന്നതാണ്‌. മറ്റേ ആളിന്റെ വാദഗതി ഒന്നു പരിശോധിച്ചുനോക്കാന്‍ പോലും അവരുടെ മനസ്സിലുറച്ചുപോയ ധാരണകള്‍ അവരെ അനുവദിക്കുന്നില്ല. ഓരോരുത്തരെ സംബന്ധിച്ചും അവരവരുടെ വാദഗതികള്‍ ശരി എന്ന് വിശ്വസിക്കുന്നതില്‍ ധാര്‍മികമായി തടസ്സമൊന്നുമില്ല. എന്നാല്‍ ഈ രണ്ട് വാദഗതികളെ വസ്തുനിഷ്ഠമായി വിലയിരുത്തുന്ന ഒരാളെ സംബന്ധിച്ച് ഈ വൈരുധ്യങ്ങളെ കണ്ടില്ലെന്നു നടിക്കാനാവില്ല. ഇത് രണ്ടും കൂടി ഏതായാലും സത്യമാവുകയില്ല. ചുരുങ്ങിയ പക്ഷം ഒന്നെങ്കിലും തെറ്റാകും; അല്ലെങ്കില്‍ രണ്ടും തെറ്റാകാം. ഏതായാലും രണ്ടും കൂടി സത്യമാകനുള്ള സാധ്യത ഒട്ടുമില്ലതന്നെ.

ചിന്തകന്‍ വിവരിക്കുന്ന ദൈവം ഖുര്‍ ആനിലെ അല്ലാഹുവാണ്‌. ഈ ദൈവം മനുഷ്യരെപ്പോലെ സന്തോഷിക്കുകയും, ദുഖിക്കുകയും, കോപിക്കുകയും ചീത്തവിളിക്കുകയും തന്റെ സൃഷ്ടികളില്‍ ഒരു പക്ഷം ചേര്‍ന്ന് മറ്റേ പക്ഷത്തെ ദുഷിക്കുകയുമൊക്കെ ചെയ്യുന്ന വ്യക്തിസ്വരൂപനാണ്‌. ശ്രീ അവതരിപ്പിക്കുന്നത് അദ്വൈതവാദത്തിലെ പ്രപഞ്ചികശക്തിയായ "ബ്രഹ്മ"ത്തെയാണ്‌. ബ്രഹ്മം നിര്‍ഗുണവും നിരാകാരവും ആത്യന്തികവുമാണ്‌. എന്നാല്‍ ഹിന്ദുമതത്തിലെ തന്നെ രണ്ടാം കിട ദൈവ സങ്കള്‍പമായ ബ്രഹ്മാവ്, വിഷ്ണു, ശിവന്‍ തുടങ്ങിയവ മുതല്‍ മുപ്പത്തിമുക്കോടി ദൈവങ്ങളും പ്രീണനം കൊണ്ട് പ്രീതിപ്പെടുന്നതും പ്രകോപനം കൊണ്ട് കോപാകുലരാകുന്നവയുമാണ്‌.

നിരാകാരമായ ബ്രഹ്മസങ്കല്പ്പവും വിഗ്രഹാരാധന ഉള്‍പ്പെടെയുള്ള ബഹുദൈവാരധനയും എങ്ങനെയാണ്‌ ഒത്തുപോവുക?

ശ്രീ @ ശ്രേയസ് അവകാശപ്പെടുന്നതുനോക്കൂ.

നിരാകാരമായ ബ്രഹ്മം എങ്ങനെ സാകാരമായ (രൂപമുള്ള) ഈശ്വരനായിത്തീരുന്നു? പ്രത്യേക ആകൃതിയില്ലാത്ത വെള്ളം ഏത് പാത്രത്തിലെടുത്തു ശീതീകരിച്ച്‌ ആ പാത്രത്തിന്‍റെ രൂപത്തിലുള്ള മഞ്ഞുകട്ടയായി മാറുന്നുവോ, അതുപോലെ ഭക്തന്മാരുടെ ഭക്തിശൈത്യം കൊണ്ട് ബ്രഹ്മം സാകാരമായ ഈശ്വരനായിത്തീരുന്നു എന്നാണ് ശ്രീരാമകൃഷ്ണന്‍ പറഞ്ഞുതരുന്നത്.
എന്തുകൊണ്ടാണ് ഈ രൂപമുള്ള ദൈവങ്ങളെ എല്ലാ മതങ്ങളും സൃഷ്ടിച്ചിരിക്കുന്നത്? ഈശ്വരന്‍റെ വിവിധഭാവങ്ങളിലുള്ള രൂപങ്ങളെ, ഈശ്വര അവതാരങ്ങളെ, ദൈവപുത്രന്മാരെ, ദൈവപുത്രന്‍റെ മാതാവിനെയൊക്കെ നാം ആരാധിക്കാറുണ്ട്. അതെന്താ അങ്ങനെ?
ഹിന്ദു പുരാണങ്ങളില്‍ ധാരാളം ദേവന്മാരെയും ദേവിമാരെയും മറ്റും വര്‍ണിച്ചിട്ടുണ്ടല്ലോ. അവരെയെല്ലാം സാധാരണയായി ഓരോ ദൈവമായും അങ്ങനെ ഹിന്ദുക്കള്‍ക്ക് "മുപ്പത്തി മുക്കോടി" ദൈവങ്ങള്‍ ഉണ്ടെന്നും, ഹിന്ദുക്കള്‍ കല്ലിനെയാണ് പൂജിക്കുന്നത് എന്നും ഹിന്ദുമതവിശ്വാസികളും മറ്റു മതവിശ്വാസികളും നിരീശ്വരവാദികളും യുക്തിവാദികളുമൊക്കെ കരുതുന്നു. എന്നാല്‍ ഇതില്‍ എത്രത്തോളം സത്യമുണ്ട്?
നമുക്ക് അമ്മയുണ്ട്‌, സഹോദരിയുണ്ട്, ഭാര്യയുണ്ട്, വനിതാസുഹൃത്തുണ്ട്, പെണ്‍കുഞ്ഞുണ്ട് - ഇവരെല്ലാം സ്ത്രീ വര്‍ഗ്ഗം തന്നെ. എന്നാലും ഓരോരുത്തരോടും നമുക്ക് ഓരോ ഭാവമാണ്. അതുപോലെതന്നെ നിര്‍ഗ്ഗുണപരബ്രഹ്മത്തെ മനുഷ്യന്‍ ഓരോരോ ഭാവത്തിലും രൂപത്തിലും ആരാധിക്കുന്നു.
എന്തെങ്കിലും ഒരു പുതിയകാര്യം തുടങ്ങുന്നതിനുമുമ്പ് വിഘ്നേശ്വരനെ പ്രാര്‍ത്ഥിക്കുന്നു, അതോടെ തടസ്സങ്ങള്‍ മാറിയതായി ഒരു സാധാരണക്കാരന്‍റെ മനസ്സില്‍ ഉറപ്പുതോന്നുന്നു. കൊച്ചുകുഞ്ഞുങ്ങളെ സ്നേഹിക്കുന്ന
മധ്യവയസ്കരും അമ്മമാരും ഉണ്ണികൃഷ്ണനെ ആരാധിക്കുന്നു, അങ്ങനെ അവരുടെ മനസ്സിന് സായൂജ്യം ലഭിക്കുന്നു. പഠിക്കാന്‍ തുടങ്ങുമ്പോള്‍ കുട്ടികള്‍ സരസ്വതിയെ വിദ്യാദേവതയായി സങ്കല്‍പ്പിക്കുന്നു. അങ്ങനെ നിര്‍ഗ്ഗുണ പരബ്രഹ്മമായ ഈശ്വരനെ ഓരോരോ ഭാവം കൊടുത്ത് ആരാധിക്കുന്നു. ഏത് രൂപത്തിലായാലും ഭാവത്തിലായാലും രൂപമില്ലാതെയാണെങ്കിലും അവരവരുടെ മനസ്സിലെ ഉറച്ച വിശ്വാസം ആത്മവിശ്വാസമായി പരിണമിക്കുകയും നന്മയിലേക്ക് നയിക്കുകയും ചെയ്യുന്നു.
ഈ വാദഗതികളെ നമുക്കൊന്ന്‌ വസ്തുനിഷ്ഠമായി പരിശോധിക്കാം. വെള്ളത്തെ ഏത്‌ ആകൃതിയിലുള്ള പാത്രത്തിലാക്കിയാലും അതിന്റെ സ്വഭാവത്തില്‍ മാറ്റം വരുന്നില്ല. ചായ ഗ്ലാസിലായാലും കോപ്പയിലായാലും, കപ്പിലായാലും ചായ തന്നെയാണ്‌; ചാരായമാകുന്നില്ല. എന്നാല്‍ നിര്‍ഗുണ, നിരാകാര പരബ്രഹ്മം സാകാരനാകുമ്പോള്‍ അതിന്റെ സ്വഭാവത്തില്‍ വ്യത്യാസം വരുന്നതായാണ്‌ കാണുന്നത്. നിര്‍ഗുണ നിരകാര പരബ്രഹ്മത്തിന്റെ മഹത്വം പുലമ്പുകയും വേണം, (ശ്രീ @ ശ്രേയസ് പറഞ്ഞു: ഈയുള്ളവന് വേദാന്തവും മറ്റു ബന്ധപ്പെട്ട വിഷയങ്ങളും ആണ് ഇപ്പോള്‍ താത്പര്യം, അത്രേയുള്ളൂ. അതിനാണ് ശ്രമിക്കുന്നത്. അതുകൊണ്ടാണ് ബ്രഹ്മം, ആത്മാവ്, ഉണ്മ എന്നൊക്കെ പുലമ്പുന്നത്.) തന്റെ മനസ്സിലെ എല്ലാ അന്ധവിശ്വാസങ്ങളുടെയും മേല്‍ അടയിരിക്കുകയും വേണം എന്നാതാണ്‌ എല്ലാ വേദാന്തക്കാരുടെയും ഇന്നത്തെ അവസ്ഥ. അച്ഛന്റെ കൂടെ പോകുകയും വേണം അമ്മയുടെ കൂടെ കിടക്കുകയും വേണം എന്ന് വാശി പിടിക്കുന്ന കുട്ടിയുടെ പരിപാടിയാണിത്.
ബൈബിള്‍ പഴയ നിയമത്തിലെയും പുതിയനിയമത്തിലെയും ദൈവസങ്കല്പങ്ങള്‍ തമ്മിലും ഒരുപാട് ദൈരുദ്ധ്യങ്ങള്‍ ദൃശ്യമാണ്‌. ജൈനമതം ദൈവാസ്തിക്യത്തെ നിഷേധിച്ചപ്പോള്‍ സംഖ്യം, വൈശേഷികം, യോഗം, ന്യായം, മീമാംസ എന്നീ ഉപനിഷത് മാര്‍ഗങ്ങള്‍ സൃഷ്ടികര്‍ത്താവായ ഒരീശ്വര സങ്കല്പത്തെ നിഷേധിക്കുന്നു.
ദൈവസ്തിക്യത്തെകുറിച്ചുള്ള അഭിപ്രായങ്ങളിലെ ഇത്രമാത്രം വൈരുധ്യങ്ങള്‍ക്ക്‌ കാരണമെന്താണ്‌?

ഉത്തരം വളരെ ലളിതമാണ്‌. ആ സങ്കല്പ്പങ്ങളെല്ലാം മനോനിഷ്ഠമാണ്‌, വ്യക്തിനിഷ്ഠമാണ്‌, ആത്മനിഷ്ഠമാണ്‌. പ്രപഞ്ചത്തെക്കുറിച്ച് അറിയുന്നതിന്‌ മനോനിഷ്ഠ മാര്‍ഗങ്ങള്‍ സ്വീകരിച്ചതിനാലാണ്‌ അതുവഴി ലഭ്യമാകുന്ന അറിവുകള്‍ പരസ്പരവിരുദ്ധമാകുന്നത്‌. ഭൗതിക യാഥാര്‍ത്ഥ്യമായ പ്രപഞ്ചത്തെക്കുറിച്ച് മനസ്സിലാക്കാന്‍ എന്തെല്ലാം പരിമിതികളുണ്ടെങ്കിലും വസ്തുനിഷ്ഠവും ശസ്ത്രീയവുമായ അന്വേഷണം മാത്രമാണ്‌ അഭികാമ്യമായിട്ടുള്ളത്.
ഈ പ്രപഞ്ചം ഒരു ഭൗതിക പ്രതിഭാസമാണ്‌. ആശയം നിലനില്‍ക്കുന്നത്‌ മനുഷ്യമനസ്സില്‍ മാത്രമാണ്‌. മനസ്സാകട്ടെ തലച്ചോറിന്റെയും നാഡീവ്യൂഹങ്ങളുടെയും കൂട്ടായ പ്രവര്‍ത്തനത്തിന്റെ ഉല്പ്പന്നവും. അതുകൊണ്ടുതന്നെ ബോധം ഒരു ഭൗതികപ്രതിഭാസമാണ്‌.

എല്ലാം സൃഷ്ടിച്ച്‌ പരിപാലിക്കുന്ന ഒരു ശക്തി എന്നത് മനോനിഷ്ടമായ സങ്കല്പം മാത്രമാണ്‌. ശക്തി അഥവാ ഊര്‍ജ്ജം എന്നത് ദ്രവ്യത്തില്‍നിന്ന് വ്യത്യസ്തമായ ഒരു പ്രതിഭാസമല്ല; മറിച്ച് അത്‌ ദ്രവ്യത്തിന്റെ തന്നെ മറ്റൊരു രൂപമാണ്‌. ദ്രവ്യവുമായി ബന്ധമില്ലാതെ ഒരു ഊര്‍ജത്തിനും സ്വതന്ത്രമായി നിലനില്പ്പില്ല.
സര്‍വ്വശക്ത്നും സര്‍വ്വജ്ഞാനിയുമായ ഒരു ദൈവമാണ്‌ ദൈവത്തെക്കുറിക്കുന്ന അറിവുകള്‍ നല്‍കിയത് എന്ന മതവിശ്വാസികളുടെ വാദഗതി വസ്തുതകള്‍ക്കുമുന്നില്‍ നിലനില്‍ക്കുന്നതല്ല, കാരണം അങ്ങനെയെങ്കില്‍ അത്തരം അറിവുകളില്‍ പരസ്പരവിരുദ്ധമായ വിവരങ്ങള്‍ ഉണ്ടാകുമായിരുന്നില്ല.

മുന്‍ വിധികളുടെയും ആധികാരികതകളുടെയും മാര്‍ഗം തള്ളിക്കളയുകയും, ശാസ്ത്രീയ രീതി വഴി ശസ്ത്രീയ രീതിപോലും പരിശോധനാവിധേയമാക്കുന്ന ഒരു ചിന്താ പദ്ധതി താരതമ്യേന നല്ലതാണെന്നാണ്‌ ഈയുള്ളവന്റെ അഭിപ്രായം. അതിന്റെ പരിമിതികളെ പര്‍വ്വതീകരിച്ചുകാണിച്ച്‌ വെളിപാടുകളെ ആധികാരികതകളായി സ്വീകരിക്കുന്നത് ചിന്താപരമായ പാപ്പരത്തമാണ്‌.

Sunday, February 8, 2009

ദൈവം എന്ന പതിനെട്ടാമത്തെ ആന: ആര്‍. വി. ജി. മേനോന്‍




http://www.yukthivadam.blogspot.com/ എന്ന ജബ്ബാര്‍ മാസ്റ്ററുടെ ബ്ലോഗില്‍ ഞാന്‍ ദൈവനിഷേധിയല്ല എന്ന പേരില്‍ നടന്നുവരുന്ന ചര്‍ച്ചക്ക് അനുബന്ധമായി ഉപകാരപ്പെടുമെന്ന്‌ കരുതുന്ന ഒരു ലേഖനം എവിടെ ചേര്‍ക്കുന്നു.ദൈവം എന്ന പതിനെട്ടാമത്തെ ആന: ആര്‍. വി. ജി. മേനോന്‍, (ജനയുഗം ദിനപത്രം:08/07/2008)