മനുഷ്യന്‍ സൃഷ്ടിച്ചിട്ടുള്ളതില്‍ വെച്ച് ഏറ്റവും നശീകരണശേഷിയുള്ള ആയുധമാണ്‌ മതം.

Saturday, July 16, 2016

ഡിങ്കമതം ഒരു ചെറിയ മതമല്ല!


ദൈവങ്ങളെയുംദൈവജ്ഞരെയും മാത്രമല്ലആൾദൈവങ്ങളെയും തട്ടിത്തടഞ്ഞ്‌ വഴി നടക്കാൻ കഴിയാത്ത നാടാണ്‌ കേരളം. അതുകൊണ്ടാകണം കേരളത്തിനു ദൈവത്തിന്റെ സ്വന്തം നാടെന്ന പേരുവീണത്‌! ഈ കേരളത്തിലാണ്‌ ഒരു പുതിയ ദൈവം കൂടി ഉദയം ചെയ്തിരിക്കുന്നത്‌. സാക്ഷാൽ ഡിങ്കൻ! നിലവിലുള്ള പാരമ്പര്യമെടുത്തു പരിശോധിച്ചാൽ ഡിങ്കനും വിശ്വാസി സമൂഹത്താൽ രണ്ടു കയ്യും നീട്ടി സ്വീകരിക്കപ്പെടേണ്ടതാണ്‌. കാരണംഇക്കാലമത്രയും ജനിച്ചുവീണ പുതു ദൈവങ്ങൾക്കുംകുട്ടിച്ചാത്തന്മാർക്കും മാത്രമല്ല,  സന്തോഷ്‌ മാധവന്മാർക്കുപോലും മതവിശ്വാസി സമൂഹത്തിൽ നിന്ന് യാതൊരു  അസഹിഷ്ണുതയും ഏറ്റുവാങ്ങേണ്ടി വന്നിട്ടില്ല. പക്ഷേഎന്തുകൊണ്ടോ ഡിങ്കൻ മാത്രം പരമ്പരാഗത വിശ്വാസികളുടെ കണ്ണിലെ കരടായി മാറിയിരിക്കുന്നു. ബാലമംഗളത്തിലെ കോമാളി കഥാപാത്രമെന്നുംപുത്തൻ പേക്കൂത്തുകാരെന്നും ഡിങ്കനും ഡിങ്കാനുയായികളും നിരന്തരമായി വിമർശിക്കപ്പെടുന്നു. അങ്ങനെയെങ്കിൽ ഡിങ്കനെന്തോ സവിശേഷത വേണംഇതര ദൈവങ്ങളിൽ നിന്നും. അല്ലെങ്കിൽ ഇവർ എന്തിനിത്ര ആശങ്കപ്പെടണംഎന്തിനിത്ര അസഹിഷ്ണുത കാട്ടണം?




ആരാണു ഡിങ്കൻഎന്താണു ഡിങ്കമതം?


കുറെകാലമായി സോഷ്യൽ മീഡിയയിൽ നിറഞ്ഞു നിൽക്കുന്ന ഡിങ്കമതം ഇന്ന് സമൂഹത്തിലാകെ സംസാരവിഷയമായിരിക്കുന്നു. സോഷ്യൽ മീഡിയയിൽ നിന്നും സമൂഹത്തിലേക്ക്‌ ഇറങ്ങിയതോടെ ഡിങ്കൻ നാട്ടിൻപുറങ്ങളിലെ ചായക്കടകളിൽ പോലും ചർച്ച ചെയ്യപ്പെടുന്നു. ബാലമംഗളം എന്ന കുട്ടികൾക്കുവേണ്ടിയുള്ള കഥാ പുസ്തകത്തിലെ ആക്ഷൻ ഹീറോയായിരുന്നു ഒരിക്കൽ ഡിങ്കൻ. ശക്തരിൽ ശക്തൻഎതിരാളിക്കൊരു പോരാളി. തിന്മകൾക്കെതിരെ പ്രതികരിക്കുന്നവൻ, വിളിച്ചാൽ വിളിപ്പുറത്തെത്തുന്നവൻ.... ഇങ്ങനെ നിരവധി വിശേഷണങ്ങളുള്ള ഡിങ്കൻ ഇന്ന് വാർത്താ മാധ്യമങ്ങളിലും നിറഞ്ഞുനിൽക്കുന്നു. അതെഡിങ്കൻ ഇന്ന് ദൈവമാണ്‌. വെറും ദൈവമല്ലഏകദൈവം. ഈ പ്രപഞ്ചത്തെയുംഇതിലെ സകല ചരാചരങ്ങളെയും സൃഷ്ടിച്ച്‌ പരിപാലിക്കുന്ന സർവ്വശക്തനുംസർവ്വജ്ഞാനിയുംസർവ്വവ്യാപിയുമായ മഹാദൈവം. വിശുദ്ധ ബാലമംഗളം ഡിങ്കമതത്തിന്റെ വിശുദ്ധഗ്രന്ഥമാണ്‌അതിലെ വചനങ്ങൾ ആനുകാലികവും.മനുഷ്യരെ നന്മയിലേക്ക്‌ നയിക്കുവാനും പരസ്പരസ്നേഹത്തോടെ മറ്റുള്ളവർക്ക്‌ ഉപദ്രവമില്ലാതെ ജീവിക്കുവാനും അത്‌ മനുഷ്യരെ പഠിപ്പിക്കുന്നു.
ഇതര മതങ്ങളിൽ നിന്നും ഡിങ്കമതം ഏതുവിധം വ്യത്യാസപ്പെട്ടിരിക്കുന്നുവെന്ന് അറിയുമ്പോഴാണ്‌ ഡിങ്കൻ എന്തുകൊണ്ട്‌ യാഥാസ്ഥിക മതാനുയായികളാൽ വിമർശിക്കപ്പെടുന്നുവെന്ന് വ്യക്തമാകുക. നിലവിലുള്ള എല്ലാ മതങ്ങളും അവ രൂപം കൊണ്ട കാലഘട്ടത്തിലെ ആചാരങ്ങളിലും അനുഷ്ഠാനങ്ങളിലും കടിച്ചുതൂങ്ങുകയുംമാറ്റങ്ങളെ അസഹിഷ്ണുതയോടെ വീക്ഷിക്കുകയും ചെയ്യുമ്പോൾപുതിയ കാലത്തിനനുസരിച്ച്‌ തങ്ങളുടെ ജീവിതത്തെയും അതിനെ നയിക്കുന്ന നിയമങ്ങളെയും സ്വയം ക്രമപ്പെടുത്തുവാനാണ്‌ ഡിങ്കമതം ഉൽബോധിപ്പിക്കുന്നത്‌. എന്നു മാത്രമല്ലലോകാവസാനം വരെ മാറ്റമില്ല്ലാത്ത ഒരു ഗ്രന്ഥമായല്ലഡിങ്കോയിസ്റ്റുകൾ വിശുദ്ധ ബാലമംഗളത്തെ കാണുന്നത്‌. ഏറ്റവും പുതിയ ശാസ്ത്രീയ മുന്നേറ്റത്തെയും അംഗീകരിക്കുയുംഅതിനനുസരിച്ച്‌ മതഗ്രന്ഥത്തെ പുതിക്കിയെഴുതുകയും ചെയ്യുകയെന്ന, മറ്റു മതക്കാർക്ക്‌ സങ്കൽപ്പിക്കാൻ പോലും കഴിയാത്തത്ര വിപ്ലവകരവും പുരോഗമനകരവുമാണ്‌ ഡിങ്കമതം മുന്നോട്ട്‌ വെയ്ക്കുന്ന ദർശനം.
സയൻസിന്റെ രീതിശാസ്ത്രത്തെയും അതിന്റെ പരിശോധനാ രീതികളെയും ജീവിതചര്യയാക്കിയിരിക്കുന്നുവെന്നതാണ്‌ ഡിങ്കോയിസ്റ്റുകളും  മറ്റു മതക്കാരും തമ്മിലുള്ള പ്രധാന വ്യത്യാസം. പുതിയ ശാസ്ത്രീയ സിദ്ധാന്തങ്ങൾ അംഗീകരിക്കപ്പെടുമ്പോൾ വ്യവസ്ഥാപിത മതങ്ങളുടെ അനുയായികൾ തങ്ങളുടെ വ്യാഖ്യാന ഫാക്റ്ററികളിലിട്ട്‌ തങ്ങളുടെ ഗ്രന്ഥങ്ങളെ പുഴുങ്ങിവെളുപ്പിക്കുകയും,വ്യാഖ്യാനിച്ച്‌ വളവു നിവർത്തുകയും ചെയ്യുമ്പോൾ ഡിങ്കമതം തീർത്തും വ്യത്യസ്തമായി തങ്ങളുടെ വിശുദ്ധഗ്രന്ഥമായ ബാലമംഗളത്തെ പുതിയ അറിവുകൾക്കനുസരിച്ച്‌ മാറ്റിയെഴുതുകയാണു ചെയ്യുന്നത്‌. ഇത്‌ ഡിങ്കന്റെ കഴിവുകേടല്ലേയെന്ന് ചോദിക്കുന്ന ഇതരമതാനുയായികളോട്‌, മനുഷ്യർക്ക്‌ ഇപ്പോഴേ അറിയാൻ കഴിഞ്ഞുള്ളുവെങ്കിലും സർവ്വജ്ഞാനിയായ ഡിങ്കൻ ഇതെല്ലാം മഹാവിസ്ഫോടനത്തിലൂടെ പ്രപഞ്ചമുണ്ടാക്കുമ്പോൾ തന്നെ ഇതൊക്കെ രേഖപ്പെടുത്തിയിരുന്നുവെന്നും അതാതു കാലഘട്ടങ്ങളിലേക്ക്‌ ആവശ്യമുള്ളവ മാത്രം അപ്പപ്പോൾ അറിയിക്കുകയും ചെയ്യുന്നുവെന്നുമാണ്‌ ഡിങ്കോയിസ്റ്റുകൾ പറയുന്നത്‌. ഇത്രയും ശാസ്ത്രീയമായ ഒരു മതത്തെ അംഗീകരിക്കുവാൻ കൂടുതൽ ആളുകൾവിശിഷ്യാ യുവാക്കൾ മുന്നോട്ട്‌ വരുന്നുവെന്നതാണ്‌ ഇതര മതക്കാർക്ക്‌ വേവലാതിയുണ്ടാക്കുന്നത്‌. ഈയടുത്ത ദിവസങ്ങളിൽ കേരളത്തിലെ വിവിധ നഗരങ്ങൾ കേന്ദ്രീകരിച്ച്‌ ഡിങ്കോയിസ്റ്റുകൾ നടത്തിയ പൊതുപരിപാടികളിലെ ജനപങ്കാളിത്തം ഇക്കാര്യം അടിവരയിടുന്നതായിരുന്നുവെന്ന് പറയാതിരിക്കാനാകില്ല.

ഞങ്ങടെ ഡിങ്കനെ തൊട്ടുകളിച്ചാൽ...


സോഷ്യൽ മീഡിയയിൽ നിറഞ്ഞുനിന്ന ഡിങ്കമതംദിലീലിന്റെ, ഇറങ്ങാൻ പോകുന്ന പ്രൊഫസർ ഡിങ്കൻ എന്ന സിനിമയെക്കുറിച്ചുള്ള റിപ്പോർട്ടുകൾ പുറത്തുവന്നതിലൂടെയാണ്‌ പൊതുസമൂഹത്തിലേക്കിറങ്ങുന്നത്‌. സർവ്വലോകവും സൃഷ്ടിച്ചുപരിപാലിക്കുന്ന മഹാ ശക്തിയായ ഡിങ്കനെ സാധാരണ മനുഷ്യരെ വിശേഷിപ്പിക്കാൻ ഉപയോഗിക്കുന്ന പ്രൊഫസർ പോലെ'വിലകുറഞ്ഞൊരുപദം ഉപയോഗിച്ച്‌ വിശേഷിപ്പിക്കാൻ ശ്രമിക്കുന്നതിലെ അസംഗത്യം ഡിങ്കനിന്ദയാണെന്ന വാദവുമായാണ്‌ അന്ന് ഡിങ്കോയിസ്റ്റുകൾ ഏറണാകുളത്ത്‌ തെരുവിലിറങ്ങിയത്‌. ഡിങ്കനിന്ദക്കെതിരെ പ്രതിഷേധവുമായി അവർ ദിലീപിന്റെ ദി പുട്ട്‌’ എന്ന കടയ്ക്കു മുന്നിൽ പ്രതിഷേധ പ്രകടനം നടത്തി. ഇസ്ലാമിനെ വിമർശിച്ചുവെന്ന പേരുപറഞ്ഞ്‌  ബംഗ്ലാദേശിൽ നിന്ന് നാടുകടത്തിയ തസ്ലീമ നസ്രിനുംസരസ്വതിയുടെ നഗ്നചിത്രം വരച്ചുവെന്നാരോപിച്ച്‌ ഹിന്ദുത്വവാദികൾ ഇന്ത്യയിൽ നിന്ന് നാടുകടത്തിയ എം എഫ്‌ ഹുസ്സൈനും മാത്രമല്ലഫാസിസ്റ്റുകൾ കൊന്നുതള്ളിയ  നരേന്ദ്ര ധബോൽക്കറുംകൽബുർഗിയുംഗോവിന്ദ്‌ പൻസാരെയുംനമ്മുടെ അയൽ രാജ്യമായ ബംഗ്ലാദേശിൽ ഇസ്ലാമിക ഭീകരരുടെ കൊലക്കത്തിക്കിരയായിക്കൊണ്ടിരിക്കുന്ന നിരവധി യുക്തിചിന്തകരും മുതൽ മതന്ധതയുടെ കരാളഹസ്തങ്ങളാൽ ഇല്ലായ്മ ചെയ്യപ്പെട്ട നിരവധി മനുഷ്യർ മതഫാസിസത്തിന്റെ ഇരകളായി നമുക്ക്‌ മുന്നിലുണ്ട്‌. കേവലം മുപ്പതു വിദ്യാർത്ഥികൾ പഠിക്കുന്ന ഒരു ക്ലാസിലെ ക്ലാസ്‌ പരീക്ഷയ്ക്കു നൽകിയൊരു ചോദ്യപ്പേപ്പറിലെ ചോദ്യം തങ്ങളുടെ പ്രവാചകനെക്കുറിച്ചുതന്നെയാണെന്ന് ദിവ്യദൃഷ്ടിയിലൂടെ കണ്ടറിഞ്ഞ്‌ ജോസഫ്‌ മാഷുടെ കൈവട്ടിയ ഇസ്ലാമിക തീവ്രവാദികളും അവരെ കൊണ്ടാടിയൊരു വിചിത്രമനസ്സുള്ള സമൂഹവും നമുക്കുമുന്നിൽ യാഥാർത്ഥ്യമായി നിലകൊള്ളുന്നു. പർദ്ദക്കെതിരെ ഫേസ്ബുക്കിലൊരു പോസ്റ്റിട്ടതിന്റെ പേരിൽ റഫീഖ്‌ എന്ന തളിപ്പറമ്പുകാരന്റെ ജീവനോപാധിയായ സ്റ്റുഡിയോ തീയിട്ടു നശിപ്പിച്ചതുംഞങ്ങളുടെ മതത്തെ തൊട്ടുകളിക്കരുതെന്നൊരു താക്കീതായിരുന്നു. മതത്തെയോ മതദൈവത്തെയോ തൊട്ടുകളിച്ചാൽ ഇതൊക്കെ ഒരു സാധാരണ സംഭവമാണെന്നവിധം മനസ്സിനെ പാകപ്പെടുത്തപ്പെട്ട ഒരു സമൂഹത്തിനു മുന്നിലേക്കാണ്‌ ഡിങ്കനിന്ദക്കെതിരെ അന്ന് ഡിങ്കോയിസ്റ്റുകൾ പ്രതിഷേധ പ്രകടനവുമായി ഇറങ്ങിയത്‌. ചിലരെല്ലാം നോക്കി ചിരിച്ചു. ചിലർ അയ്യേയെന്നു പറഞ്ഞു. കൈവട്ടിയപ്പോഴും സ്റ്റുഡിയോ കത്തിച്ചപ്പൊഴും മനസ്സിൽ ആനന്ദനൃത്തം ചവിട്ടിയ ചിലർ മറ്റാരും കാണാതെ പല്ലു ഞെരിച്ചു. സംഹാരരുദ്രമായ മതം പൊതുസമൂഹത്തിൽ കാട്ടികൂട്ടുന്ന കൈ വെട്ടുകളെയും തീവെക്കലുകളെയും നാടുകടത്തലുകളെയുമൊക്കെ വോട്ടുരാഷ്ട്രീയത്തിന്റെ പേരിൽ കണ്ടില്ലെന്നു നടിക്കുന്ന ചില പുരോഗമനവാദികൾക്കൊക്കെ അത്‌ അരോചകമായും തോന്നി. ചിലരൊക്കെ ദിലീപിനോട്‌ പണം വാങ്ങി സിനിമയ്ക്ക്‌ പ്രചാരം  കൊടുക്കാനുള്ള പണിയാണെന്നാരോപിച്ച്‌ താത്വികമായ അവലോകനവും നടത്തി. ഏതാലായും ആ സംഭവം പത്രമാധ്യമങ്ങളിലും സോഷ്യൽ മീഡിയയിലും വൻ വാർത്താ പ്രാധാന്യം നേടി. അത്‌ കൊള്ളേണ്ട ചിലയിടത്തൊക്കെ കൊണ്ടുവെന്ന് സാരം. കേരളത്തിന്റെ മതനിരപേക്ഷമനസ്സാക്ഷിക്കുമുന്നിലേക്ക്‌ പുതിയ ചില ചോദ്യങ്ങൾ തൊടുത്തുവിടാൻ ആ പ്രതിഷേധ പരിപാടിക്കു കഴിഞ്ഞുവെന്ന് നിസ്തർക്കം പറയാം. ഇന്ന് ഡിങ്കമത പണ്ഡിതരുടെ പ്രഭാഷണങ്ങളുംഭക്തിഗാനങ്ങളും ഡിങ്കസ്തുതിഗീതങ്ങളുമെല്ലാം സോഷ്യൽ മീഡിയയിലും മറ്റ്‌ വാർത്താ മാധ്യമങ്ങളിലും നിറഞ്ഞുനിൽക്കുകയാണ്‌.

മൂഷിക സംഗമം


ഡിങ്ക മതക്കാർക്കും പോഷക സംഘടനകളായി നിരവധി ഗ്രൂപ്പുകളുണ്ട്‌. മൂഷികസേനഅൽ-ഡിങ്കോയിസ്റ്റ്‌ എന്നിങ്ങനെ വിവിധപേരുകളിലാണ്‌ അവ അറിയപ്പെടുന്നത്‌. വഴിയേ പോകുന്ന സ്ത്രീ പുരുഷന്മാരെ തടഞ്ഞു നിർത്തി സദാചാരപോലീസ്‌ കളിക്കുന്ന ചില സംഘടനകളുമായി മൂഷികസേനക്കോമനുഷ്യരുടെ തലകൊണ്ട്‌ ഫുട്ബോൾ കളിക്കുന്ന ചില രാജ്യാന്തര സംഘടനകളുമായി അൽ ഡിങ്കോയിസ്റ്റ്‌ ഗ്രൂപ്പിനോ വല്ല വിദൂരബന്ധവും തോന്നുന്നുവെങ്കിൽ അത്‌ യാദൃശ്ചികം മാത്രമാണ്‌. ഡിങ്ക ധർമ്മ സംസ്ഥാപനമാണ്‌ മൂഷികസേനയുടെ ധർമ്മമെന്ന് ഡിങ്കോയിസ്റ്റുകൾ അവകാശപ്പെടുന്നു. ആ മൂഷികസേനയുടെ വളണ്ടിയർമാരാണ്‌ 2016 ഫെബ്രുവരി 28നു ഏറണാകുളത്ത്‌ ഒത്തുചേർന്നത്‌.
ഡിങ്ക പ്രാർത്ഥനയ്ക്കും ഡിങ്കമതപ്രഭാഷണത്തിനും ശേഷം നടന്ന രോഗശാന്തി ശുശ്രൂഷ ഏറെ ശ്രദ്ധേയമായി. ദൈവങ്ങളുടെ നാമത്തിൽ മാറാരോഗങ്ങൾ മാറ്റുന്ന തട്ടിപ്പു പരിപാടികളിൽ നിന്ന് വ്യത്യസ്തമായി ഡിങ്കന്റെ വിശുദ്ധ ഭക്ഷണമായ കപ്പയുടെ ജ്യൂസ്‌ സൗജന്യമായി നൽകിക്കൊണ്ടാണ്‌ പ്രമുഖ ഡിങ്കമത പാസ്റ്ററായ ആശിഷ്‌ ജോസ്‌ അമ്പാട്ട്‌ ഒരു സാധു പെൺകുട്ടിയുടെ വളരെകാലമായുള്ള അസുഖം ഡിങ്കനാമത്തിൽ സുഖപ്പെടുത്തിയത്‌. എ സി ഓഫാക്കുപോൾ ചൂടെടുക്കുന്നതായിരുന്നു അവളുടെ മാറാരോഗംഎന്നുമാത്രമല്ല ഫാൻ കൂടി ഓഫാക്കുമ്പോൾ അവൾക്ക്‌ കടുത്ത ചൂട്‌ അനുഭവപ്പെട്ടു. എന്നാൽ ഡിങ്കനാമത്തിൽ നടത്തിയ രോഗശാന്തി ശുശ്രൂഷയിൽ ആ മാരകരോഗം മിനുറ്റുകൾക്കകം സുഖപ്പെട്ടു! ഡിങ്കന്റെ നാമം വാഴ്ത്തപ്പെടട്ടെ.

ഡിങ്കമതമാഹ സമ്മേളനം.


ലോകമെമ്പാടുമുള്ള ഡിങ്കമതാനുയായികാളെ സന്തോഷത്തിലുംസമൂഹത്തെ ആകാംക്ഷയിലും എന്നാൽ എതിരാളികളെ ആശങ്കയിലും ആറാടിച്ചുകൊണ്ടാണ്‌ കോഴിക്കോട്‌ മാനാഞ്ചിറ കേന്ദ്രീകരിച്ചുനടന്ന ഒന്നാമത്‌ ഡിങ്കമത മഹാസമ്മേളനം 2016 മാർച്ച്‌ 23നു  കോഴിക്കോട്‌  വെച്ച്‌ നടന്നത്‌. സത്യത്തിൽ ഇത്‌ 22367- ആമത്‌ സമ്മേളനമാണെന്നും ഇതുവരെ അണ്ടർഗ്രൗണ്ടിൽ നടന്നിരുന്ന സമ്മേളനത്തിങ്ങളിൽ പുറത്തു നടക്കുന്ന ആദ്യം സമ്മേളനം മാത്രമാണിതെന്നും ഡിങ്കോയിസ്റ്റുകൾ അവകാശപ്പെടുന്നു.  കോഴിക്കോട്‌ നഗരത്തിൽ നിറയെ ചുവരെഴുത്തുകളും പത്രമാധ്യമങ്ങളിലും സോഷ്യൽ മീഡിയയിലുമുള്ള പ്രചരണങ്ങളും ഈ മഹാ സമ്മേളനത്തിനു വലിയ പ്രചരണം തന്നെയണ്‌ നൽകിയത്‌. സ്പോർട്ട്സ്‌ കൗൺസിൽ ഹാളിനു പുറത്തു സ്ഥാപിച്ച പ്രവേശന കവാടത്തിനുമുന്നിൽ പുതിയമതത്തെക്കുറിച്ച്‌ അറിയാനും അതിൽ ചേർന്നാൽ എന്തൊക്കെ മരണാനന്തര 'ഓഫറു'കളാണുള്ളതെന്നറിയാനും നിരവധി അന്യമതാനുയായികളും തടിച്ചുകൂടി. വളരെ സൗഹൃദത്തോടും  ആദവരവോടും കൂടിയാണ്‌ അധികപേരും ഡിങ്കന്റെ  തിരുരൂപം ആലേഖനം ചെയ്ത ടി ഷർട്ട്‌ ധരിച്ച്‌   കോഴിക്കോട്‌ ആദ്യമായി എത്തുന്ന ഡിങ്കോയിസ്റ്റുകളെ സ്വാഗതം ചെയ്തതെങ്കിൽചിലരെല്ലാം 'കുരിശു'കണ്ട ചെകുത്താനെപ്പോലെയും നോക്കി.







ഭക്തിനിർഭരമായ അന്തരീക്ഷത്തിൽ ഡിങ്കപ്രാർത്ഥനയോടുകൂടിയാണ്‌ സമ്മേളനം ആരംഭിച്ചത്‌. തുടർന്ന് പ്രമുഖ ഡിങ്കോയിസ്റ്റായ സമൂസ ത്രികോണാധ്യായ സമ്മേളനത്തെ അഭിവാദ്യം ചെയ്തു. ചിരിയും ചിന്തയും വാരിവിതറിക്കൊണ്ടാണ്‌ അദ്ദേഹം സമ്മേളനത്തിലുടനീളം സംസാരിച്ചത്‌. ഡിങ്കചാരി പത്തിരി വൃത്ത ചൈതന്യ നടത്തിയ ഉപനിഷദ്‌ വ്യാഖ്യാനം ഏറെ ശ്രദ്ദേയമായി. എല്ലാ അറിവുകളും വേദങ്ങളിലും ഉപനിഷത്തുകളിലുമുണ്ടെന്ന് വ്യാഖ്യാനിക്കുന്ന പാരമ്പര്യഭക്തരെ ഏറെ പുളകം കൊള്ളിക്കുന്നതായിരുന്നു ഡിങ്കനും ഉപനിഷത്തിൽ ഉണ്ടെന്ന അറിവ്‌. എല്ലാ മതങ്ങളും ഡിങ്കമതത്തിൽ നിന്നുണ്ടായതാണെന്ന് ഈശാവാസ്യോപനിഷത്ത്‌ വ്യാഖാനിച്ചുകൊണ്ട്‌ പത്തിരി വൃത്ത ചൈതന്യ പറഞ്ഞു. ഈശാവാസ്യോപനിഷത്തിനെ ദുർവ്വ്യാഖ്യാനം ചെയ്തിട്ടാണ്‌ അദ്വൈതവും ദർശനവുമൊക്കെ ഉണ്ടാക്കിയതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഇരുട്ടിന്റെ ലോകത്തിലേക്ക്‌, മരിച്ച മനുഷ്യർ ചെല്ലുന്നു എന്നത്‌ ഇരുട്ടിന്റെ നാഥനായ ഡിങ്കനെയാണ്‌ ഉദ്ദേശിക്കുന്നത്‌ എന്ന് അദ്ദേഹം അർത്ഥശങ്കക്കിടയില്ലാത്തവിധം വ്യക്തമാക്കി. എല്ലാറ്റിന്റെയും ഉള്ളിൽ വസിക്കുന്നവൻ എന്നത്‌ തുരന്നു മാളമുണ്ടാക്കി അതിനകത്ത്‌ വസിക്കുന്ന ഡിങ്കനെയല്ലെങ്കിൽ പിന്നെ ആരയാണുദ്ദേശിക്കുന്നത്‌! ഈ ലോകത്തിലെ സർവ്വ ചരാചഹരങ്ങളെയുംമനുഷ്യരെ മാത്രലല്ലമിട്ടുമുയലിനെയും കേരകനെയുമടക്കം; തുല്യമായി കാണണമെന്നു പറയുന്ന ദർശനം ഡിങ്കോയിസമല്ലാതെ മറ്റെന്താണ്‌! ആത്മതത്വം എന്നു പറഞ്ഞാൽ അത്‌ ഡിങ്കൻ ആണെന്ന് മനസ്സിലാക്കാൻ വിഷമമില്ല. മറ്റേതെങ്കിലും മതത്തെയും അതിനെ ദർശനത്തെയും നിന്ദിക്കരുത്‌ എന്ന് ഡിങ്കമതമല്ലാതെ മറ്റേതെങ്കിലും മതം പറയുന്നുണ്ടോഡിങ്കമതമല്ലാതെമോക്ഷദായകമായ വിദ്യയെ ആരാധിക്കുന്നവൻ കൂരിരുട്ടിനെ പ്രാപിക്കുന്നുവെന്ന് ഉപനിഷത്‌ പറയുമ്പോൾ ഇരുട്ടിന്റെ നാഥനായ ഡിങ്കനെക്കുറിച്ചല്ലെങ്കിൽ അത്‌ പിന്നെ ആരെക്കുറിച്ചാണ്‌! പ്രാകശമാനമായ-സ്വർന്നനിറമുള്ള പാത്രംകൊണ്ട്‌ മൂടിവെച്ചിരിക്കുന്ന സത്യത്തെ ഞങ്ങൾ ദർശിച്ചോട്ടെആ പാത്രം മാറ്റൂ എന്ന് പറയുന്നത്‌സ്വർന്നനിറമുള്ള വസ്ത്രം ധരിച്ചിരിക്കുന്ന ഡിങ്കനെക്കുറിച്ചുതന്നെ എന്ന സത്യത്തെ  അദ്ദേഹം ലോകത്തിനുമുന്നിൽ അനാവൃതമാക്കി.  





കൗതുകവാർത്തകൾക്കുവേണ്ടി പരക്കം പായുന്ന മാധ്യമപ്രവർത്തകർക്ക്‌ അൽപ്പം ഗൗരുവമേറിയൊരു വാർത്തതന്നെയാണ്‌ തുടർന്ന് നടന്നഅക്ഷരാർത്ഥത്തിൽ വിപ്ലവകരമായ, പരിപാടി സമ്മാനിച്ചത്‌. അതാണ്‌ ചക്കയേറ്‌. ചക്കയേറ്‌ എന്നാൽ ചക്കകൊണ്ടുള്ള ഏറല്ലമറിച്ച്‌ ചക്കക്കിട്ടുള്ള ഏറാണ്‌. ഡിങ്കോയിസ്റ്റുകളുടെ മനസ്സിൽ എന്നും നീറ്റലുണ്ടാക്കുന്ന ആ പഴയ കഥ സമൂസ ത്രികോണാധ്യായ വിവരിച്ചു. പങ്കിലക്കാട്ടിലെ പ്രമുഖ ഡിങ്കോയിസ്റ്റുംഡിങ്കന്റെ അടുത്ത അനുയായിയുമായിരുന്ന മിട്ടുമുയലിന്റെ തലയിൽ ചക്കവീണ ദാരുണമായ സംഭവകഥയാണത്‌. 'ചക്കവീണു,മുയൽ ചത്തുഎന്നേ നിങ്ങൾ കേട്ടിരിക്കൂ. എന്നാൽ ഡിങ്കോയിസ്റ്റുകളുടെ കരളിന്റെ കരളായ മിട്ടുമുയലിനുണ്ടായ ഈ ദുരനുഭവം ഡിങ്കോയിസ്റ്റുകളെ ഒരു കടുത്ത തീരുമാനത്തിലേക്ക്‌ നയിച്ചു. അവർ ചക്കയെ എന്നെന്നേൽക്കുമയി ശത്രുവായി പ്രഖ്യാപിച്ചു. അന്നു മുതൽ അവർ എല്ലാ വർഷവും ഒത്തുകൂടി ചക്കയെ എറിഞ്ഞ്‌ പ്രതികാരം തീർക്കുന്ന ചടങ്ങ്‌ നടത്തി വരുന്നു. ആ ചടങ്ങാണ്‌ ഈ വർഷം കോഴിക്കോട്ട്‌ മഹാ സമ്മേളനതിലും നടത്തിയത്‌. ഡിങ്കരൂപം ആലേഖനം ചെയ്ത ടി ഷർട്ടുകളിട്ട ഡിങ്കോയിസ്റ്റുകൾ കൂട്ടം കൂടി ചക്കയെ എറിഞ്ഞു. ഡിങ്കനെക്കുറിച്ച്‌ അപകീർത്തികരമായ പരാമർശം നടത്തിയ ഒരു പ്രമുഖ പത്രത്തിന്റെ താളുകൾ ചുരുട്ടിയെറിഞ്ഞുകൊണ്ടാണ്‌ അവർ ചക്കയെ മാരകമയി എറിഞ്ഞ്‌ തങ്ങളുടെ പരമ്പരാഗതമായ പ്രതികാരം തീർത്തത്‌. എന്നാൽ ഇന്നുവരെ ഒരു മതത്തിന്റെ ചരിത്രത്തിലും കാണാത്തത്ര വിപ്ലവമാണ്‌ അന്ന് ഡിങ്കമതത്തിന്റെ ചരിത്രത്തിൽ നടന്നത്‌. ഒരു ചക്ക വീണു മുയൽ ചത്തെന്നു കരുതി എല്ല ചക്ക വീഴുമ്പോഴും മുയലുകൾ ചാകാറില്ലെന്നു മാത്രമല്ലചക്കവരട്ടിചക്ക ജാംചക്കപ്പുഴുക്ക്‌പഴുത്ത ചക്ക എന്നിത്യാദി വിഭവങ്ങൾ സ്വാദോടെ കഴിക്കുന്ന നാം ഈ അന്ധവിശ്വാസത്തിൽ നിന്നും വിട്ടുനിൽക്കണമെന്ന വാദവുമായി ഒരു ഡിങ്കോയിസ്റ്റുതന്നെ രംഗത്തെത്തി. മിട്ടുമുയൽ പ്ലാവിന്റെ ചുവട്ടിൽ പോയിനിന്നതുകൊണ്ടാണ്‌ ചക്ക തലയിൽ വീണതെന്നും സത്യത്തിൽ ചക്കയല്ലമുയൽതന്നെയാണ്‌ ഇതിൽ കുറ്റക്കാരനെന്ന അദ്ദേഹത്തിന്റെ വാദവും മതവികാരത്തിൽ വിവശരായി എറിയുന്നതിനിടയിലും ഡിങ്കോയിസ്റ്റുകൾ ഏറെ വിഷമത്തോടെയെങ്കിലും ശരിവെച്ചു. അതോടുകൂടി എന്നെന്നേക്കുമായി അവർ ചക്കയേറ്‌ എന്ന അനാചാരത്തെ ഉപേക്ഷിക്കുന്നതായി പ്രഖ്യാപിച്ചു. അതിനിടയിൽ വേറെ എവിടെകിട്ടും ഇതുപോലൊരു മതമെന്ന് ഒരു ഡിങ്കഭക്തൻ ഗദ്ഗദകണ്ഠനായി.
സംഗതി അതോടുകൂടി അവസാനിക്കേണ്ടതായിരുന്നു. എന്നാൽ ഏറെ വിചിത്രമായ വാദങ്ങളാണ്‌  പിറ്റേ ദിവസം മുതൽ സോഷ്യൽ മീഡിയയിൽ മുഴങ്ങിക്കേട്ടത്‌. സാങ്കൽപിക ശത്രുവിനെതിരായ ഏറ്‌കുത്ത്‌ ഇവയൊക്കെ പല മതങ്ങളിലും നടക്കുന്നുണ്ട്‌. അവരിൽ ചിലർക്കൊക്കെ ഇത്‌ എന്നെക്കുറിച്ചാണ്‌എന്നെക്കുറിച്ചാണ്‌എന്നെക്കുറിച്ചു മാത്രമാണ്‌ എന്ന് തോന്നിയത്‌ തീർച്ചയായും ഡിങ്കോയിസ്റ്റുകളുടെ കുറ്റമല്ല.
ഇന്ത്യയിൽ നിരന്തരമായി പീഡിപ്പിക്കപ്പെടുന്ന ഒരു ന്യൂനപക്ഷവിഭാത്തെ കളിയാക്കുകയാണ്‌ ഡിങ്കോയിസ്റ്റുകൾ ചെയ്തതെന്നും അത്‌ ഫാസിസത്തിനുള്ള കുഴലൂത്താണെന്നും ചിലർ വ്യാഖ്യാനിച്ചുകളഞ്ഞു. പട്ടാളക്കാർ അതിർത്തിയിൽ കാവൽ നിൽക്കുമ്പോൾ നിനക്കൊക്കെ എങ്ങനെ ഡാൻസുകളിക്കാനും സിനിമകാണാനും കഴിയുന്നുവെന്ന് പറയുന്നതുപോലെ ന്യൂനപക്ഷം ആക്രമിക്കപ്പെടുമ്പോൾ എങ്ങനെ അവരുടെ വിശ്വാസങ്ങളെ പരിഹസിക്കാൻ കഴിയുന്നു എന്നാണവരുടെ ചോദ്യം. സത്യത്തിൽ ഡിങ്കോയിസ്റ്റുകൾ ആരെയും പരിഹസിച്ചിരുന്നില്ല. അവർ അവരുടെ ആചാരത്തെ കാലോചിതമായി പുന:പരിശോധിക്കുക മാത്രമാണ്‌ ചെയ്തത്‌. മതങ്ങളുടെ പേരിൽ നടക്കുന്ന അനാചാരങ്ങളും യുക്തിവിരുദ്ധമായ അന്ധവിശ്വാസങ്ങളും ഒരിക്കൽ പോലും മാറ്റുന്നതോ തിരുത്തുന്നതൊ ആലോചിക്കുക പോലും ചെയ്യാൻ കരുത്തില്ലാത്ത മറ്റു മതക്കാർക്ക്‌ ചക്കയേറിൽ തങ്ങളുടെ പ്രതിബിംബം ദർശിക്കാനായെങ്കിൽ അത്‌ കണ്ണാടിയുടെ കുഴപ്പമല്ലസ്വന്തം മുഖത്തിന്റെ കുഴപ്പമാണെന്ന് തിരിച്ചറിയാൻ അവർക്കൊക്കെ എന്നാണു കഴിയുക?
ഇതിനിടയിൽ തനിക്ക്‌ ഡിങ്കനിലൂടെ സംസാരശേഷി തിരിച്ചുകിട്ടിയതായി അവകാശപ്പെട്ട്‌ ഒരു ഡിങ്കമതവിശ്വാസി രംഗത്തെത്തിയത്‌ ഏറെ ചിരി പടർത്തി. ഡിങ്കന്റെ നാമത്തിൽ തനിക്കു കിട്ടിയ ഈ സൗഭാഗ്യത്തിൽ അദ്ദേഹം ഡിങ്കേലൂയ ആലപിച്ചു. ഇത്‌ ഏതെങ്കിലും മത ന്യൂനപക്ഷത്തിനെതിരായ കളിയാക്കലാണെന്ന് ഇതുവരെ ആരും അവകാശവാദം ഉന്നയിച്ചിട്ടില്ല എന്നത്‌ എടുത്തു പറയേണ്ടതാണ്‌. തുടർന്നു നടന്ന ചോദ്യോത്തര പരിപാടി ഏറെ ശ്രദ്ധേയമായി. താൻ എലി ശല്യം കാരണം എലിപ്പെട്ടിയും എലിവിഷവും വാങ്ങാനാണ്‌ വീട്ടിൽ നിന്നിറങ്ങിയതെന്നും വരുന്നവഴിയാണ്‌ ഈ സമ്മേളനം കണ്ടതെന്നുംഇനി താൻ എലിപ്പെട്ടി വാങ്ങി വീട്ടിൽ പോയാൽ ഡിങ്കഭക്തർ തന്റെ വീടുകയറി ആക്രമിക്കുമോയെന്നും തന്റെ സ്റ്റുഡിയോ കത്തിക്കുമോയെന്നുമായിരുന്നു അദ്ദേഹത്തിന്റെ ആശങ്ക. ആ ചോദ്യത്തിനു കൊടുത്ത മറുപടിയും ഏറെ ശ്രദ്ധേയമായി. ആധുനിക വൈദ്യശാസ്ത്രം മനുഷ്യരുടെ ജീവരക്ഷക്കായി പരീക്ഷണങ്ങൾ നടത്തുന്നത്‌ മൂഷിക കുലത്തിലാണെന്നുംഎലികളുടെ ഈ ജീവത്യാഗം മനുഷ്യസമൂഹത്തിനുവേണ്ടിയാണെന്നും അതിനാൽ എലിപ്പെട്ടി വാങ്ങുന്നതിലോ എലികളെ പിടിക്കുന്നതിലോ ഡിങ്കോയിസ്റ്റുകൾക്ക്‌ യാതൊരു പ്രശ്നമില്ലെന്നുമായിരുന്നു സമൂസ അവർകളുടെ മറുപടി.






സമ്മേളനം കൊഴുക്കുന്നതിനിടയിലാണ്‌ പ്രമുഖ ശാസ്ത്ര ചിന്തകനും എഴുത്തുകാരനുമായ പ്രൊഫസർ കെ പാപ്പുട്ടി, താൻ ഡിങ്കമതം സ്വീകരിക്കുന്നുവെന്ന ആവേശകരമായ വാർത്തയുമായി വേദിയിലെത്തിയത്‌. ശാസ്ത്രത്തെയും ശാസ്ത്രബോധത്തെയും കൈമുതലാക്കിയ ഡിങ്കമതത്തിനു അദ്ദേഹം അഭിവാദ്യങ്ങൾ അർപ്പിച്ചു. തുടർന്ന് പ്രശസ്ത്ര യുക്തിവാദി ഇ എ ജബ്ബാർ ഡിങ്കൻ സ്വപ്നത്തിൽ പ്രത്യക്ഷപ്പെട്ട്‌ തന്റെ പ്രവാചകനാകാൻ ആവശ്യപ്പെട്ട കാര്യം അനുസ്മരിച്ചു. കാക്കകാരണവന്മാരായി പറഞ്ഞുകേട്ട ക്വാളിറ്റിയൊന്നും തന്റെ പ്രവാചകനാകൻ ആവശ്യമില്ലെന്നും,ശാസ്ത്രബോധമുള്ളവരായി ജീവിക്കുന്ന ആർക്കും ഡിങ്കപ്രവാചകനാകാൻ വിഷമമില്ലെന്നും ഡിങ്കൻ തന്നെ അറിയിച്ചതായി അദ്ദേഹം പറഞ്ഞു. പ്രമുഖ ഡിങ്കഗുരു സർവ്വശ്രീ ഡിങ്കശ്രീ ഭൂമി വാതിലനും സമൂസ ത്രികോണാധ്യായയും ചേർന്നാണ്‌ സദസ്സിന്റെ ചോദ്യങ്ങൾക്ക്‌ ഉത്തരം നൽകിയത്‌. ചോദ്യങ്ങളും അവയ്ക്കു നൽകപ്പെട്ട ഉത്തരങ്ങളും സമകാലീക ലോകത്തിന്റെ നേർച്ചിത്രം വരച്ചുകാട്ടുന്നവയായിരുന്നു. അതെല്ലാം തന്നെക്കുറിച്ചുതന്നെയന്ന് പലർക്കും തോന്നി എന്നത്‌ യാദൃശ്ചികമല്ല. ഡിങ്കമതാനുയായികൾ കപ്പപ്പാട്ടുമായി മനാഞ്ചിറയിൽ പ്രദക്ഷിണം നടത്തിയത്‌ ഏറെ കൗതുകത്തോടെയാണ്‌ ജനങ്ങൾ വീക്ഷിച്ചത്‌. ചിലർക്ക്‌ കൗതുകവും മറ്റു ചിലർക്ക്‌ ആശങ്കയും സമ്മാനിച്ചുകൊണ്ടാണ്‌ കോഴിക്കോട്‌ ഡിങ്കമതസമ്മേളനം സമാപിച്ചത്‌. സമ്മേളന കവാടത്തിൽ എത്തിയകാര്യം മനസ്സിലാകാത്ത ചിലരുംകാര്യം കൃത്യമായി മനസ്സിലായ മറ്റു ചിലരും  ഇത്‌ ഭ്രാന്തുതന്നെ മുൻവിധിയുമായി തങ്ങളുടെ സ്ഥിരം ഭ്രാന്തുകളിലേക്ക്‌ തിരിച്ചുപോയി.


ഡിങ്കമതം വിമർശിക്കപ്പെടുന്നു.


മതങ്ങൾ രൂപപ്പെട്ട കാലം മുതൽ തന്നെ മതവിമർശനവുമുണ്ട്‌. ബ്രാഹ്മണമതത്തിന്റെ വിമർശകരായി എല്ലാമാലത്തും ചാർവ്വാകന്മാർ ഉണ്ടായിരുന്നുവെന്നതിന്‌ ആ മതത്തിന്റെ ഗ്രന്ഥങ്ങൾ തന്നെ സാക്ഷി. മുഹമ്മദ്‌ പ്രവാചകപദവി അവകാശപ്പട്ട കാലത്തൊന്നും മക്കയിലെ പ്രമുഖർ ആരും തന്നെ അത്‌ അംഗീകരിക്കാൻ കൂട്ടാക്കിയില്ല എന്നതിനു ഇസ്ലാമിക സാഹിത്യം തന്നെ സാക്ഷ്യം പറയുന്നു. യേശുവിനു തന്റെ എതിരാളികളാൽ കുരിശിലേറേണ്ടിയും വന്നു. അതുപോലെത്തന്നെ ഡിങ്കമതത്തിനും എതിരാളികൾ ഉണ്ടാകുക സ്വാഭാവികമാണ്‌ എന്നു കരുതുന്നുവെങ്കിൽ തെറ്റി. ഡിങ്കന്റെ അൽഭുതപ്രവത്തികളോശക്തരിൽ ശക്തനെന്ന അവകാശവാദമോ ഒന്നും തങ്ങൾക്ക്‌ അംഗീകരിക്കാൻ കഴിയാത്തത്തല്ല ഡിങ്കമതവിമർശകരെ അലട്ടുന്ന പ്രശ്നം. കാരണം,അതിനേക്കാൽ വലിയ മണ്ടത്തരങ്ങൾ ഒക്കെ വലിയ വായിൽ വിഴുങ്ങുന്നതിലോ അതിനനുസരിച്ചുള്ള കോപ്രയങ്ങൾ തങ്ങളുടെ ജീവിതചര്യയാക്കുന്നതിലോ യാതൊരു യുക്തിഭംഗവും തോന്നാത്തവരാണല്ലോ അവരൊക്കെ. പിന്നെയെന്താകാം ഡിങ്കമതവിമർശകരെ അലട്ടുന്ന പ്രശ്നംഡിങ്കമതത്തെയും അവരുടെ ആചാരാനുഷ്ഠാനങ്ങളെയും കാണുമ്പോൾ അവർക്ക്‌ സ്വയം കണ്ണാടിയിൽ കാണുന്നതുപോലെ ഒരു തോന്നൽ. ഇതൊക്കെ തന്നെയാണല്ലോ തങ്ങളും ഇക്കാലമത്രയും കാട്ടിക്കൂട്ടിക്കൊണ്ടിരുന്നത്‌ എന്നൊരു സങ്കോചം. വികൃതമായ മുഖം കണ്ണാടിയിൽ കാണുമ്പോൾ സ്വയം സുന്ദരനെന്നഹങ്കരിച്ചിരുന്നവർക്കുതോന്നുന്ന ഒരു ലജ്ജ.  ഇത്‌ ഒരു ശരാശരി മതഭക്തനെ സംബന്ധിച്ച്‌ താങ്ങാവുന്നതിലധികമാണ്‌. അതുകൊണ്ടുതന്നെയാണ്‌അവർ പുതിയ മതമുണ്ടാക്കുന്നതിലോ ആചാരാനുഷ്ഠാനങ്ങൾ നടത്തുന്നതിലോ എനിക്ക്‌ വിരോധമില്ലഎന്നാൽ അവർ ഇടക്കിടെ എന്നെയിങ്ങനെ ഇടം കണ്ണിട്ട്‌ നോക്കണ്ട എന്നൊരു ചിന്ത ഇവർക്കുണ്ടാകുന്നത്‌.
ഇതരമതക്കാർക്കിടയിൽ നിന്നു മാത്രമല്ല ഡിങ്കമതത്തിനു വിമർശനങ്ങൾ ഏറ്റുവാങ്ങേണ്ടി വരുന്നത്‌. മതവിമർശകർക്കും യുക്തിചിന്തകർക്കുമിടയിൽ നിന്നുതന്നെ ഡിങ്കമതത്തെക്കുറിച്ച്‌ വ്യത്യസ്തങ്ങളായ വിലയിരുത്തലുകൾ ഉണ്ടായിട്ടുണ്ട്‌. എല്ലാ മതങ്ങളും ജന്മമെടുത്തത്‌ ഏതാണ്ടിതുപോലെയൊക്കെ തന്നെയാണെന്നും ഭാവിയിൽ ഡിങ്കമതവും ഒരു സംഘടിതമതമായി ജീർണ്ണിക്കുമോ എന്നുമാണ്‌ അവരിൽ ചിലരെല്ലാം ആശങ്കപ്പെടുന്നത്‌. നിലവിലുള്ള മതങ്ങളെല്ലാം കൂടിതന്നെ ഈ നാട്‌ കുട്ടിച്ചോറാക്കിക്കൊണ്ടിരിക്കുമ്പോൾ ഇനിയൊരു മതം കൂടി ആ ലിസ്റ്റിലേക്ക്‌ വന്നാലുണ്ടാകാവുന്ന അവരുടെ ആശങ്കയെ ഒറ്റയടിക്ക്‌ കുറ്റപ്പെടുത്താനാവില്ല. ഇവരിൽ തന്നെ മറ്റൊരു കൂട്ടർ ഡിങ്കമതത്തിനെതിരെ കടുത്ത നിലപാടുകാരാണ്‌. .  ആവശ്യത്തിലധികംഗൗരവരോഗം ബാധിച്ച ഇവർ തങ്ങളുടെ വടിവൊത്തതും, കൃത്യമായി അളന്നുമുറിച്ചതുമായ  സാമൂഹ്യബോധത്തിനകത്തുനിന്നുകൊണ്ട്‌ വളരെ വിമർശനബുദ്ധിയോടെ തന്നെയാണ്‌ ഡിങ്കോയിസത്തെയും വീക്ഷിക്കുന്നത്‌. ഡിങ്കോയിസ്റ്റുകൾ ഈ കാട്ടിക്കൂട്ടുന്നതൊക്കെ തനി കോമാളിത്തരങ്ങൾ ആണ്‌ എന്നാണ്‌ അവരും പറയുന്നത്‌. സ്വയം കോമാളിത്തരങ്ങൾ ആവശ്യത്തിലധികം കാട്ടിക്കൂട്ടിക്കൊണ്ടിരിക്കുന്ന ഇതര മതക്കാർ പറയുന്നതുപോലെയല്ല, മതവിരുദ്ധർ ഇതു പറയുന്നത്‌. ഒരു പക്ഷേതങ്ങൾ കാലങ്ങളായി എടുത്തണിഞ്ഞിരിക്കുകയുംസമൂഹം അവർക്ക്‌ കൽപ്പിച്ച്‌ നൽകുകയും ചെയ്തിരിക്കുന്ന ഗൗരവക്കണ്ണാടയിലൂടെ മാത്രം ലോകത്തെ വീക്ഷിക്കുമ്പോഴുണ്ടാകുന്നൊരു താൽകാലിക വിഭ്രാന്തിയാകാമത്‌. കുറേപേർക്കൊക്കെ അത്‌ മനസ്സിലായിക്കഴിഞ്ഞിട്ടുണ്ട്‌. തങ്ങൾ വരച്ചിട്ട അരോചകമായ വെട്ടുവഴികൾക്കുമപ്പുറം അന്ധവിശ്വാസ മൂഢതകളുടെ പൊള്ളത്തരങ്ങൾ മനുഷ്യമനസ്സുകളിലേക്കെത്തിക്കാൻ സരസവും പരമ്പരാഗതമല്ലാത്തതുമായ മാർഗങ്ങൾ പുതുതലമുറ തേടുമ്പോൾ ഉണ്ടാകുന്ന ആദ്യത്തെ അമ്പരപ്പ്‌ മാറ്റിവെച്ചുകൊണ്ട്‌ അവർ ഡിങ്കമതത്തെ പുൽകുമെന്നാണ്‌ ഡിങ്കോയിസ്റ്റുകൾ ആശിക്കുന്നത്‌.
മുള്ളിനെ മുള്ളുകൊണ്ടെടുക്കുക എന്നൊരു പ്രയോഗമുണ്ട്‌. അതിനർത്ഥം വീണ്ടുമൊരു മുള്ളു തറയ്ക്കുക എന്നല്ല. ഡിങ്കോയിസം വ്യവസ്ഥാപിത മതാന്ധതയ്ക്കുനേരെ തിരിച്ചുപിടിച്ചൊരു കണ്ണാടിയാണ്‌. ഡിങ്കമതത്തിന്റെ പേരിൽ നടക്കുന്ന ആചാരപ്പേക്കൂത്തുകൾ" കാണുന്ന മതയാഥാസ്ഥികർക്ക്‌ വേവലാതിയിളകുന്നത്‌ഈ കോലം കെട്ടലുകൾ കണ്ട്‌ സഹികെട്ടിട്ടൊന്നുമല്ലഅത്‌ അവരുടെ സാമാന്യ ബുദ്ധിയെയോ ശാസ്ത്ര ബോധത്തെയോ ചോദ്യം ചെയ്തതുകൊണ്ടുമല്ല. കാരണം ഇക്കാലമത്രയും അവരെല്ലാവരും കൂടി കാട്ടിക്കൂട്ടിയതും, ഇപ്പോളും കാട്ടിക്കൂട്ടിക്കൊണ്ടിരിക്കുന്നതും ഇതിനപ്പുറമുള്ള കോമാളിത്തരങ്ങൾ തന്നെയാണല്ലോ. അപ്പോൾ മതയാഥാസ്ഥികർക്ക്‌ വേവലാതിയുണ്ടാകുന്നത്‌ അവർ ഡിങ്കമതത്തിൽ ഒരു കണ്ണാടിയിലെന്നപോലെ തങ്ങളെ തന്നെ കാണുന്നതുകൊണ്ടാണെന്നു വ്യക്തം. ഇക്കാലമത്രയും തങ്ങൾ ചെയ്തുകൊണ്ടിരിക്കുന്ന മത കോമാളിത്തരങ്ങൾ മറ്റുള്ളവരെ സംബന്ധിച്ച്‌ ഇത്രമാത്രം അസഹ്യമായ അസംബന്ധങ്ങൾ ആയിരുന്നുവോയെന്ന് അവർ ഉള്ളിന്റെയുള്ളിൽ അശങ്കപ്പെടുന്നു. ഇത്തരമൊരു തോന്നലിനു താൻ വലിയ വിലകൊടുക്കേണ്ടിവരും എന്നുള്ള തിരിച്ചറിവാണ്‌ ഒരു സാമാന്യമതവിശ്വാസിയെ ഡിങ്കമതവിമർശകനാക്കുന്നത്‌.

കല്യാണ നിശ്ചയത്തിനു പോയ കാരണവരും ഐൻസ്റ്റൈന്റെ ദൈവവും.

ഞങ്ങളുടെ നാട്ടിലൊക്കെ പഴമക്കാർ പറയുന്നൊരു കഥയുണ്ട്‌. ഒരു പഴയ കരണവരെക്കുറിച്ചുള്ളതാണ്‌. രാവിലെ കല്യാണ നിശ്ചയത്തിനുപോകാൻ കുളിച്ച്‌ കുറിയിട്ട്‌ ഒരുങ്ങിനിൽക്കുകയാണ്‌ കാരണവർ. അപ്പൊഴാണ്‌ അടുത്ത ഒരു ബന്ധു മരിച്ച വിവരം അറിയിച്ച്‌ ആളുവരുന്നത്‌. കാരണവർ ധർമ്മ സങ്കടത്തിലായി. എന്തു ചെയ്യുംകല്യാണ നിശ്ചയത്തിനു പോയാൽ മൂക്കു മുട്ടെ വിഭവസമൃദ്ധമായ ഭക്ഷണം. മരണ വീട്ടിൽ പോയാൽ പട്ടിണിഎന്നാലോ പോകാതിരിക്കാനും പറ്റില്ല. അവസാനംഅദ്ദേഹം ഒരു ഉപായം കണ്ടെത്തി. മകനെ വിളിച്ച്‌ ഇങ്ങെനെ പറഞ്ഞുവെത്രെ.മരണ വീട്ടിലേക്ക്‌ മോൻ പൊയ്ക്കോകല്യാണ നിശ്ചയത്തിന്‌ എന്റെ പണ്ടാമടങ്ങിക്കോളാം.” ഇക്കാര്യമാണ്‌കേരളത്തിലെ വിശ്വാസിസമൂഹത്തിന്റെ മൊത്തം കുത്തകപ്രതിനിധിയായി സ്വയം അവരോധിക്കുകയും വാർത്താ മാധ്യമങ്ങൾ അംഗീകാരം നൽകുകയും ചെയ്ത ശ്രീ രാഹുൽ ഈശ്വർ സ്വതന്ത്ര ചിന്തർക്കു നൽകുന്ന പുതിയ ഉൽബോധനം കേട്ടപ്പോൾ എനിക്കോർമ്മ വന്നത്‌. യുക്തിചിന്തകരുംസ്വതന്ത്രചിന്തകരുമൊക്കെ തങ്ങളുടെ നാസ്തികവാദമൊക്കെ വെടിഞ്ഞ്‌ ഐൻസ്റ്റൈന്റെ ദൈവത്തെ ഏറ്റെടുക്കണമെത്രെ. ഓക്കെഅപ്പോൾ രാഹുൽ ഈശ്വരും ഈ ദൈവത്തെ ഏറ്റെടുക്കുമോഹേയ്‌നമ്മക്ക്‌ ശബരിമല അയ്യപ്പനുംഗുരുവായൂരപ്പനും ഒക്കെയുണ്ടല്ലോനമ്മൾ അതുമായി കഷ്ടപ്പെട്ട്‌- ബുദ്ധിമുട്ടി കഴിഞ്ഞുകൂടിക്കോളാംനിങ്ങൾ ഐൻസ്റ്റൈന്റെ ദൈവത്തെയുമെടുത്ത്‌ അർമ്മാദിച്ചാട്ടെ! എന്തരോ എന്തൊഇങ്ങേർ കഴിഞ്ഞ ദിവസംസ്വന്തമായി സർവ്വശക്തനായ ഒരു ദൈവത്തെ കണ്ടെത്തി ആരാധന തുടങ്ങിയ ഡിങ്കോയിസ്റ്റുകൾക്കും ഇതേ ഉപദേശം തന്നെ നൽകിക്കളഞ്ഞു. .
അതവിടെ നിൽക്കട്ടെഇനി നമുക്ക്‌ വിഖ്യാത ശാസ്ത്രജ്ഞൻ ആൽബർട്ട്‌ ഐൻസ്റ്റീൻ ഒരു മത-ദൈവ വിശ്വാസിയായിരുന്നോ എന്ന് പരിശോധിക്കാം. പല ശാസ്ത്രജ്ഞരും ദൈവം എന്ന വാക്ക്‌ ഒരു രൂപകാലങ്കാരം (Metaphor) ആയി ഉപയോഗിക്കുന്നതുകാണാറുണ്ട്‌. ഒരു മതവിശ്വാസിയെ സംബന്ധിച്ച്‌ ദൈവാസ്ഥിത്വത്തിനു മതഗ്രന്ഥത്തിൽ നിന്നുള്ള തെളിവുകൾ തന്നെ ആർഭാഢമാണെങ്കിലുംകുളിപ്പിച്ചുവെളുപ്പിച്ച ഒരു ‘കൃത്രിമ മതേതര ദൈവത്തെ സമൂഹത്തിനു മുന്നിൽ അവതരിപ്പിക്കാനുള്ള തത്രപ്പാടിനിടയിൽ പലരും അത്തരത്തിൽ ശാസ്ത്രജ്ഞർ ഉപയോഗിച്ച വാക്കുകൾ അവയുടെ പശ്ചാത്തലം കണക്കിലെടുക്കാതെ ബോധപൂർവ്വമായോ അല്ലാതെയോ അടർത്തിയെടുത്ത്‌ തങ്ങളുടെ മനോഗതിക്കനുസരിച്ച്‌ ഉപയോഗിച്ചുവരുന്നതായി കാണാം. പറഞ്ഞയാൾ ഉദ്ദേശിച്ച അർത്ഥമല്ലമറിച്ച്‌ പകർത്തെഴുത്തുകാരൻ ഉദ്ദേശിച്ച അർത്ഥമാണ്‌ ഇതിനു നൽകപ്പെടുന്നതെന്ന് സാരം.  സ്റ്റീഫൻ ഹോക്കിംഗ്‌ തന്റെ 'A Brief History of Time' എന്നപുസ്തകത്തിൽ ഉപയോഗിക്കുന്ന 'For then we should know the mind of God' എന്ന നാടകീയമായ ഒരു പ്രയോഗത്തെ ഹോക്കിംഗ്‌ ഒരു മതവിശ്വാസിയാണു് എന്ന നിഗമനത്തിലേക്കാണ്‌ ചില ദൈവവിശ്വാസികളെ കൊണ്ടുചെന്നെത്തിച്ചതു് എന്ന കാര്യം കൂടി കണക്കിലെടുത്തുവേണം ആൽബർട്ട്‌ ഐസ്റ്റൈനെ ദൈവത്തെയും സമീപിക്കാൻ. ‘Science without religion is lame, religion without science is blind’ (മതമില്ലാതെയുള്ള ശാസ്ത്രം മുടന്തുള്ളതാണ്‌ശാസ്ത്രമില്ലാതെയുള്ള മതം അന്ധവുമാണ്‌എന്ന പ്രയോഗത്തെ വളച്ചൊടിച്ചാണ്‌ ഐൻസ്റ്റൈൻ ഒരു മതവിശ്വാസിയായിരുന്നു എന്ന് സ്ഥാപിക്കാൻ ശ്രമിക്കുന്നത്‌. ദൈവത്തിന്റെ കാര്യത്തിലുള്ള തന്റെ നിലപാട്‌ ആൽബർട്ട്‌ ഐൻസ്റ്റൈൻ തന്നെ വ്യക്തമാക്കിയിട്ടുതാണ്‌. "It was, of course, a lie what you read about my religious convictions, a lie which is being systematically repeated. I do not believe in a personal God and I have never denied this but have expressed it clearly. If something is in me which can be called religious then it is the unbounded admiration for the structure of the world so far as our science can reveal it." (1) 
ഐൻസ്റ്റൈൻ വീണ്ടും മറ്റൊരിടത്തു്: "I am a deeply religious nonbeliever. This is a somewhat new kind of religion. ..... The idea of a personal God is quite alien to me and seem even naive (2)  ." എന്ന് വ്യക്തമാക്കിയിട്ടുമുണ്ട്‌. കാര്യങ്ങൾ ഇങ്ങിനെയൊക്കെയാണെങ്കിലും ശ്രീ. രാഹുൽ ഈശ്വറിനെപോലെ വിശ്വാസം അഭിനയിക്കുന്ന ചിലരെ സംബന്ധിച്ച്‌ ഐൻസ്റ്റൈനും,സ്റ്റീഫൻ ഹോക്കിങ്ങുമൊക്കെ വേണം തങ്ങളുടെ മതദൈവങ്ങളുടെ അസ്ഥിത്വം സ്ഥാപിച്ചുകിട്ടാൻ. വിശ്വാസിയുടെ വിശ്വാസത്തെയും ദൈവത്തെയും സർട്ടിഫൈ ചെയ്യാൻ യോഗ്യൻ പൂജാരിയോ പാതിരിയോ ആത്മീയനേതാവോ ഒന്നുമല്ലമറിച്ച്‌ ഭൗതികശാത്രജ്ജന്മാരാണെന്ന് സാരം! തന്റെ സ്വന്തം കൈപ്പിടിയിലുള്ള ദൈവങ്ങളായ അയ്യപ്പനെയും ഗുരുവായൂരപ്പനെയും ശ്രീപത്മനാഭനെയും യഹോവയെയും അല്ലാഹുവിനെയുമിക്കെ ഫ്രീസറിൽ വെച്ച്‌ മതാതീത ദൈവവുമായി സംവാദവേദികളിലെത്തുന്ന ഇത്തരക്കാർ സ്വയം വഞ്ചിക്കുകയാണെന്നു കാണാൻ വിഷമമില്ല. ഇവർ മനസ്സിൽ കാണുന്ന മതേതര ദൈവത്തെയും വെല്ലുന്നതാണ്‌ ഡിങ്കോയിസ്റ്റുകൾ മാനത്തുകാണുന്ന ഡിങ്കദൈവം എന്നിരിക്കെ ഡിങ്കനെയും മാറ്റിവെച്ച്‌ മതേതരദൈവത്തെ തേടിപ്പോകാനുള്ള അഭ്യർത്ഥനകൾ ഉള്ളിലുള്ള അസഹിഷ്ണുത തികട്ടിവരുന്നതായി കണ്ട്‌ സമാധാനിക്കാനേ കഴിയൂ.

ഡിങ്കമതവും യുക്തിവാദികളും

ഡിങ്കമതത്തെക്കുറിച്ചുള്ള യുക്തിവാദികളുടെ നിലപാട്‌ എന്താണെന്ന് പല ഭാഗത്തുനിന്നും ചോദ്യങ്ങൾ വന്നുകൊണ്ടിരിക്കുന്നുണ്ട്‌. ഡിങ്കമതം യുക്തിവാദികളുടെ ഒരു മുഖം മൂടിയാണെന്നാണ്‌ ചില സ്വയം പ്രഖ്യാപിത  “റാഷണലിസ്റ്റ്‌- സ്പിരിച്വലിസ്റ്റുകൾ ആക്ഷേപിക്കുന്നത്‌. യുക്തിവാദികളും ഡിങ്കോയിസ്റ്റുകളും തമ്മിൽ പ്രഥമദൃഷ്ഠ്യാ അകൽച്ചയിലല്ലെങ്കിലും അവർ തമ്മിൽ ഒരു അന്തർദ്ധാര നിലനിൽക്കുന്നുണ്ട്‌ എന്നാണ്‌ ഇവർ താത്വികമായി അവലോകനം ചെയ്യുന്നത്‌. ഈ പത്രകാരെക്കൊണ്ട്‌ തോറ്റു! യുക്തിവാദികളെ കാണുമ്പോഴേക്കും അവർക്കും അറിയേണ്ടത്‌ ഡിങ്കമതത്തെക്കുറിച്ചുതന്നെ. ഈ സാഹചര്യത്തിൽ ഡിങ്കമതത്തെക്കുറിച്ചുള്ള യുക്തിവാദികളുടെ നിലപാട്‌ എന്തെന്ന് വ്യക്തമാക്കപ്പെടേണ്ടതുണ്ട്‌. സത്യത്തിൽ യുക്തിവാദികളും  മതങ്ങളും തമ്മിൽമുജ്ജന്മ ശത്രുതയൊന്നും നിലവിലില്ല. ഏതു മതമായാലും അതിന്റെ ലോകവീക്ഷണത്തെയും അതിനവർ സ്വീകരിക്കുന്ന മാനദണ്ഡങ്ങളെയും അടിസ്ഥാനമാക്കിയാണ്‌ അത്‌ തള്ളാവുന്നതോ,കൊള്ളാവുന്നതോ എന്ന് യുക്തിവാദികൾ വിലയിരുത്തുന്നത്‌. കേട്ടുകേൾവികളെയുംവെളിപാടുകളെയും, പറയുന്ന ആളുകളുടെ വിശ്വാസ്യതയെയും മാത്രം ആധാരമാക്കി ലോകത്തെ അറിയുകയും ആ അറിവുകളിൽ അന്ധമായി വിശ്വസിക്കുകയും ചെയ്യുന്ന രീതിയെയാണ്‌ ഒട്ടുമിക്ക മതങ്ങളും പിന്തുടരുന്നത്‌. അത്‌ ഒരിക്കലും സ്വതന്ത്രചിന്തകരെ സംബന്ധിച്ച്‌ സ്വീകരിക്കാവുന്ന രീതിയല്ല. എന്നാൽ ചുരുക്കം ചില മതങ്ങളോമത ചിന്തകരോ ഭൗതിക പ്രപഞ്ചത്തെ ശാസ്ത്രത്തിന്റെ രീതിശാസ്ത്രമുപയോഗിച്ച്‌ പഠിക്കാനും വ്യാഖ്യാനിക്കാനും ശ്രമിക്കുന്നതു കാണാം. ഉദാഹരണം ചാർവ്വാകദർശനം. അക്കാലത്ത്‌ ലഭ്യമായിരുന്ന അറിവുകളെ വെച്ച്‌ ഭൗതികമായ ഒരു ലോകവീക്ഷണത്തെ സ്വീകരിച്ചതിനാലാണ്‌ ചാർവ്വാക ദർശനങ്ങൾ കാലികമായി യുക്തിവാദികളെ സംബന്ധിച്ച്‌ സ്വീകരിക്കാവുന്നതായ മാതൃകയാകുന്നത്‌. അതുപോലെ ഡിങ്കമതം മുന്നോട്ടു വെയ്ക്കുന്ന ലോക വീക്ഷണം സയൻസിന്റെ രീതിശാസ്ത്രത്തെ അംഗീകരിക്കുന്നതായതിനാൽ മാത്രമാണ്‌ യുക്തിവാദികൾ അതിനെ ഒരു പരിധിവരെ അംഗീകരിക്കുന്നത്‌. എന്നു മാത്രമല്ലഎല്ല കാലത്തേക്കും എല്ലാ ലോകത്തേക്കുമുള്ള അറിവുകളെ ഏതെങ്കിലും അപരിഷ്കൃത മനുഷ്യർക്കിടയിൽ ഇറക്കുമതി ചെയ്ത്‌ ഒളിഞ്ഞിരിക്കുകയല്ലമറിച്ച്‌ അതതു കാലത്തേക്ക് ജീവജാലങ്ങൾക്ക്‌ നിലനിൽപ്പിനും സുഖകരമായ അതിജീവനത്തിനും ആവശ്യമായ കാര്യങ്ങളെ അപ്പപ്പോൾ അറിയിക്കുകയാണ്‌ ഡിങ്കൻ ചെയ്യുന്നതെന്ന ഡിങ്കോയിസ്റ്റ്‌ നിലപാട്‌ യുക്തിവാദ നിലപാടുമായി ഏറെ യോജിക്കുന്നതാണ്‌. കോടാനുകോടി ഗാലക്സികളും അതിന്റെ നിർമാണമടക്കമുള്ള കാര്യങ്ങളുടെ മേൽനോട്ടവും തന്റെ ജോലിയാകയാൽ, ഈ കടുകുമണിയോളം പോലുമില്ലാത്ത ഭൂമിയെന്ന ഇട്ടാവട്ടത്തിലെ മനുഷ്യരുടെ ജീവിതവും നന്മതിന്മകളും നോക്കി മാർക്കിട്ട്‌ അതിന്റെ അടിസ്ഥാനത്തിൽ സ്വർഗനരകങ്ങളിൽ എന്തിക്കാനൊന്നും തനിക്ക്‌ ഒഴിവില്ലെന്നും അതിനായി ആരും തന്നെ പ്രാർത്ഥിച്ച്‌ സമയം കളയേണ്ടതില്ലെന്നുംനിനക്കൊക്കെ സൗകര്യമുണ്ടെങ്കിൽ നന്മചെയ്ത്‌ സമാധാനത്തോടെ ജീവിച്ചാൽ മതിയെന്നും ഡിങ്കൻ അർദ്ധശങ്കക്കിടമില്ലാത്തവിധം വ്യക്തമാക്കുമ്പോൾ അത്‌ ആർക്കാണ്‌ സ്വീകാര്യമാകാതെ വരിക?
രണ്ടായിരവും ആയിരത്തി നാനൂറും ഒക്കെ വർഷം പഴക്കമുള്ള മതഗ്രന്ഥങ്ങൾക്കൊന്നും സങ്കൽപ്പിക്കൻ പോലും കഴിയാത്തത്ര എത്ര കാലികപ്രസക്തവും ചിന്തനീയമായ വചനങ്ങളുമാണ്‌ ഡിങ്കൻ ഈയടുത്ത കാലത്ത്‌ വിശുദ്ധ ബാലമംഗളത്തിലൂടെ ലോകത്തിനു നൽകിയത്‌ എന്നതിനു ചില ഉദാഹരണങ്ങൾ നോക്കൂ:
1.ഹെയർസ്റ്റൈൽ കേടാവാതിരിക്കാൻ ഹെൽമെറ്റ് വെക്കാതിരുന്നാൽ ചില്ലിട്ട ഫോട്ടോയിൽ നല്ല ഭംഗിയുണ്ടാകും.
2. 
മൊബൈലിൽ സംസാരിച്ച് വാഹനമോടിക്കുന്നവൻ എന്നെന്നേക്കുമായി Not reachable ആവും
3. 
ഭയപ്പെടേണ്ടസീറ്റ്ബെൽറ്റ് കാറിനോട് കൂടെയുണ്ട്... നിന്റെ രക്ഷ നിന്റെ കയ്യിൽ തന്നെ...!!!
4. 
മദ്യപിച്ച് വാഹനമോടിക്കുന്നവന് വേണ്ടി ആറടി മണ്ണ് തുരന്ന് ഞാൻ മടുത്തു...
5. സീബ്രാലൈൻ കണ്ണിൽ പിടിക്കാത്തവൻ കാൽനടക്കാരാൽ കഴുത്തിൽ പിടിക്കപ്പെടും.

6. 
സിഗ്നലിൽ കിടന്ന് ഹോണടിക്കുന്നവന്റെ പിതാമഹന്മാർ മറ്റ് യാത്രക്കാരാൽ സ്മരിക്കപ്പെടും.
7. ഹെൽമറ്റ്‌ ധരിക്കാതെയും മൊബൈൽ ഫോണിൽ സംസാരിച്ചും ബൈക്ക്‌ ഓടിക്കുന്നവർ ഭാഗ്യവാന്മാർസ്വർഗരാജ്യം അവർക്കുള്ളതല്ലോ.
(വിശുദ്ധ ബാ. മം.: 12878:321-327)
ഇത്തരവും ചിന്തനീയവും അനുകരണീയവുമായ വചനങ്ങൾ ഉള്ള ഒരു മതം മറ്റേതുണ്ട്‌! എന്നു മാത്രമല്ലഇതിലേതെങ്കിലും വചനങ്ങൾ കാലഹരണപ്പെട്ടാൽ അത്‌ ഉടനെതന്നെ തിരുത്തുവാനും പകരം കൂടുതൽ ശരിയും യോജിച്ചതുമായ വചനങ്ങൾ നൽകുവാനും ഡിങ്കൻ സദാ സന്നദ്ധനാണെന്നിരിക്കെ ഡിങ്കമതം നിലവിലുള്ള മതങ്ങളിൽ നിന്ന് ഏറെ വ്യത്യസ്തമായതും ശാസ്ത്രീയവുമാണെന്ന് കാണുവാൻ കഴിയും. ഏതോ കാലത്ത്‌ ആരോ ആർക്കോ ഇറക്കിക്കൊടുത്ത സർവ്വകാലത്തേക്കുമുള്ള വചനങ്ങൾ വ്യാഖ്യാനിച്ചു വെളിപ്പിച്ച്‌ സയൻസിനനുസരിച്ച്‌ ചെത്തിമിനുക്കേണ്ട ഗതികേട്‌ ഡിങ്കോയിസ്റ്റുകൾക്കില്ലെന്നതും എടുത്തു പറയേണ്ട മേന്മ തന്നെ. അതുകൊണ്ടുതന്നെയാണല്ലോമലയാളത്തിലെ മാധ്യമങ്ങൾ മാത്രമല്ലലോകത്തിലെ ഏറ്റവും വിലമതിക്കപ്പെടുന്ന ബി ബി സി പോലും ഡിങ്കമതത്തിനു പ്രോൽസാഹനവുമായി രംഗത്തെത്തുന്നത്‌! ഇക്കാരണത്താൽ ഇതേ മാർഗവും രീതിശാസ്ത്രവും പിന്തുടരുന്നിടത്തോളം യുക്തിവാദികളുടെയും സ്വതന്ത്രചിന്തകരുടെയും പിന്തുണയും പ്രോൽസാഹനവും ഡിങ്കമതത്തിനു നൽകാതിരിക്കുന്നതെങ്ങനെഎങ്കിലും മറ്റുചില പുരോഗമന സംരംഭങ്ങളിൽഅവയുടെ അന്തസ്സത്തയും അവ മുന്നോട്ടുവെക്കുന്ന രാഷ്ട്രീയവും ഉൾക്കൊള്ളാൻ കഴിയാതിരുന്ന ചിലർ കയറിക്കൂടിയതുംഅവയെ ഹൈജാക്ക്‌ ചെയ്തതുമായ സംഭവങ്ങൾ മുമ്പ്‌ ഉണ്ടായിട്ടുണ്ട്‌ എന്നുള്ള കാര്യം ഡിങ്കോയിസ്റ്റുകൾക്ക്‌ കൂടുതൽ ജാഗ്രത നൽകേണ്ടതാണ്‌. ഡിങ്കോയിസം അന്ധവിശ്വാസികൾക്കും അന്ധവിശ്വാസങ്ങൾക്കും നേരെ തിരിച്ചുപിടിച്ച ഒരു കണ്ണാടിയാണ്‌. ആ കണ്ണാടിയിൽ കാണുന്ന സ്വന്തം പ്രതിബിംബം അവരെ സംബന്ധിച്ച്‌ അത്ര സുഖകരമായി തോന്നുന്നില്ല. അതുകൊണ്ടുതന്നെയാണ്‌ സംഘടിതമതങ്ങൾക്കിടയിൽ നിന്നും ഇത്രയേറെ ചാത്തനേറുകൾ ഡിങ്കമതത്തിനുനേരെ ഉണ്ടാകുന്നതും എന്ന് തിരിച്ചറിഞ്ഞുകൊണ്ട്‌,  സങ്കുചിത താൽപര്യക്കാരുടെ കയ്യിലേക്ക്‌ വഴുതിപ്പോകാതെ ഡിങ്കോയിസ്റ്റുകൾക്കുള്ളിൽ കുടികൊള്ളുന്ന ഡിങ്കബോധം ഡിങ്കമതത്തെ കാത്തുരക്ഷിക്കുമെന്നും ലോകത്തിനാകെ മാതൃകയാകുകയും ചെയ്യുമെന്ന കാര്യത്തിൽ തർക്കമില്ല.

(യുക്തിയുഗം മാസിക ജൂലൈ 2016)

1 comment:

rafellohaas said...

Harrah's Casino - Hollywood Casino at Penn National Race Course
Harrah's Casino Hollywood in Columbus 논산 출장마사지 offers a casino, 충청남도 출장안마 hotel, restaurants, and poker room in 김천 출장마사지 the Horseshoe area. The hotel features 경상남도 출장마사지 an outdoor pool, a Jacuzzi and 여수 출장마사지