മനുഷ്യന്‍ സൃഷ്ടിച്ചിട്ടുള്ളതില്‍ വെച്ച് ഏറ്റവും നശീകരണശേഷിയുള്ള ആയുധമാണ്‌ മതം.

Wednesday, October 27, 2010

ഈ കോടതി വിധി വിശ്വാസത്തിന്‌ ആധികാരികത നല്‍കുന്നത്.

     ബാബരി മസ്ജിദ്-രാമജന്മഭൂമി തര്‍ക്കത്തില്‍ അലഹബാദ് ഹൈക്കോടതി വിധി ഇന്ത്യന്‍ ഭരണഘടനയിലും മതേതരത്വത്തിലും വിശ്വസിക്കുന്ന മനുഷ്യരെ ആശങ്കാകുലരാക്കുന്നതാണ്‌. 'ദൈവത്തിലും' പുരാണങ്ങളിലുമുള്ള വിശ്വാസത്തെ അടിസ്ഥാനമാക്കിയാണ് ഈ വിധി വന്നിരിക്കുന്നത് എന്നതുതന്നെയാണ്‌ ഈ ആശങ്കയുടെ അടിസ്ഥാനം.

     ഭരണഘടനയ്ക്കും കോടതികള്‍ക്കും വിശ്വാസത്തിന്റെയും ദൈവത്തിന്റെയും പ്രശ്നത്തിലെന്ത് കാര്യമെന്ന്‌ ഇന്നലെവരെ വാദിച്ചിരുന്ന സംഘപരിവാറുകാര്‍ കോടതിവിധിയുടെ ഏറ്റവും വലിയ ആരാധകരായി രംഗത്തുവന്നതിന്റെ പിന്നിലെ ചേതോവികാരവും മറ്റൊന്നല്ല. നിയമവും നീതിന്യായവും ആധാരമാക്കിയുള്ളതിനേക്കാള്‍ 'സമാധാനപരമായ ഒരു വീതം വെയ്ക്കല്‍' എന്ന് തോന്നിപ്പിക്കുന്ന ഈ വിധി കോടതിയ്ക്കുപുറത്തുനടക്കുന്ന ഒരു ഒത്തുതീര്‍പ്പായിരുന്നെങ്കില്‍ ഇത്രത്തോളം ആശങ്കയ്ക്ക് പഴുതുണ്ടാകുമായിരുന്നില്ല. കാരണം അത്തരമൊരു ഒത്തുതീര്‍പ്പ് ഈയൊരു വിഷയത്തെ മാത്രമേ ബാധിക്കുമായിരുന്നുള്ളു. എന്നാല്‍ നീതിയും നിയമവും ആധാരമായി നടത്തപ്പെടേണ്ടുന്ന ഒരു കോടതിവിധിയില്‍ 'വിശ്വാസം' മുഖ്യ ഘടകമായി വരുമ്പോള്‍ അത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കും.

     സംഘപരിവാറിന്റെ അവകാശാവാദമനുസരിച്ച് ഇന്ത്യയിലെ മൂവായിരത്തിലധികം 'ക്ഷേത്രങ്ങള്‍' മറ്റു മതക്കാരുടെ കയ്യിലാണ്‌. അവയെല്ലാം 'ഹിന്ദുക്ഷേത്രങ്ങ'ളായിരുന്നുവെന്ന് അവര്‍ അടിയുറച്ച് 'വിശ്വസിക്കുന്നു'. ഈ മൂവായിരം ക്ഷേത്രങ്ങളും ഈവിധം 'നിയമപരമായി'തന്നെ വീണ്ടെടുക്കാനാകുമെന്നും അവയില്‍ സ്വാഭാവികമായും തങ്ങള്‍ക്ക് അവകാശമുണ്ടെന്നും വ്യാഖ്യാനിക്കാന്‍ ഈ വിധിയിലൂടെ അവര്‍ക്ക് കഴിയുന്നു. അടുത്ത പടിയായി ഈ 'ക്ഷേത്രങ്ങള്‍' എല്ലാം വീണ്ടെടുക്കാന്‍ സംഘപരിവാര്‍ കച്ചകെട്ടിയിറങ്ങിയാല്‍ അതിന്‌ 'നിയമപരമായി'പ്പോലും അവരെ കുറ്റം പറയാന്‍ കഴിയാത്ത അവസ്ഥയിലേക്കാണ്‌ ഈ വിധി കൊണ്ടെത്തിക്കുക. അതുകൊണ്ടുതന്നെ ഈ കോടതിവിധി സുപ്രീം കോടതികൂടി അംഗീകരിക്കാന്‍ ഇടവരുന്ന പക്ഷം അത് ഇന്ത്യയുടെ മതേതരത്വത്തിനും അഖണ്ഢതയ്ക്കും ഏറ്റവും വലിയ ആഘാതമായിരിക്കും എന്നുള്ള കാര്യം സുനിശ്ചിതമാണ്‌. 

Sunday, October 10, 2010

വിശ്വാസികളോടുള്ള സമീപനം, വിശ്വാസങ്ങളോടും.

     (മതവിശ്വാസികളും ദൈവവിശ്വാസികളുമല്ലാത്ത യുക്തിവാദികള്‍ വിശ്വാസത്തോടും വിശ്വാസികളോടും  എടുക്കേണ്ട സമീപനമെന്ത് എന്നതു സംബന്ധിച്ച് ബൂലോകത്ത് യുക്തിവാദി ബ്ലോഗുകളില്‍ ചര്‍ച്ച നടന്നിട്ടുണ്ട്. മതവിശ്വാസങ്ങളെ വിട്ടുവീഴ്ചയില്ല്ലാതെ എതിര്‍ക്കുന്ന ബ്ലോഗര്‍മാരും ഒപ്പം കുറെ മയത്തോടെ മതവിമര്‍ശനം നടത്തുന്നവരുമുണ്ട്. എന്നാല്‍ മതവിശ്വാസങ്ങളെ വിമര്‍ശിക്കുന്നത് നിര്‍ത്തി വിശ്വാസികളുമായി സന്ധിചെയ്ത് യോജിച്ച് മുന്നോട്ട് പോകണം എന്നുള്ള ഒരു സമീപനവും ഈയിടെ ചര്‍ച്ചചെയ്യപ്പെട്ടു. യുക്തിവാദികള്‍ വിശ്വാസങ്ങളുടെ കെട്ടുപാടുകളില്‍ നിന്ന് മുക്തരായി ജീവിക്കാനുള്ള മാനസിക പക്വത നേടിക്കഴിഞ്ഞവരാണെങ്കിലും വിശ്വാസങ്ങളെ ഒഴിച്ചുനിര്‍ത്താനാകാത്തവിധം ജീവിതത്തിന്റെ ഭാഗമായി കാണുന്ന വിശ്വാസികളില്‍നിന്ന് അതിനെ തട്ടിക്കളഞ്ഞിട്ട് പകരം നല്‍കാനെന്തുണ്ട് എന്ന മാനവികമായ ചോദ്യവും അവിടെ ഉയര്‍ന്നുവന്നു. ഈ അഭിപ്രായങ്ങള്‍ വീണുകിട്ടിയപാടെ എല്ലാ യുക്തിവാദികളും ഈവിധം മതവിമര്‍ശനമൊക്കെ നിര്‍ത്തി 'ചക്കയുടെ മധുരം' 'നാരങ്ങയുടെ പുളി' തുടങ്ങിയ വിഷയങ്ങള്‍ കൈകാര്യം ചെയ്തുകൊള്ളണം എന്നുള്ള അര്‍ത്ഥത്തില്‍ ചില മതമൗലികവാദി ബ്ലോഗര്‍മാര്‍ പ്രതികരിക്കുകയും ചെയ്തു. ഈ സാഹചര്യത്തില്‍ മതവിശ്വാസത്തോടും വിശ്വാസികളോടുമുള്ള യുക്തിവാദി സമീപനം എന്താണ്‌ എന്നതുസംബന്ധിച്ച് ഒരു തുറന്ന ചര്‍ച്ചയ്ക്ക് വേദിയാകണമെന്ന ഉദ്ദേശത്തോടെ ഈ പോസ്റ്റ് പ്രസിദ്ധീകരിക്കുന്നു.)

എന്റെ ചില ബാങ്ക്‌ അനുഭവങ്ങളില്‍ നിന്നുതന്നെ തുടങ്ങാം:

     ബാങ്ക് കൗണ്ടറിലെ തിരക്കൊഴിയാന്‍ കാത്തുനിന്ന മമ്മദ്ക്ക കൗണ്ടറിനുമുന്നില്‍ അഭിമുഖമായി ഇരുന്നു. ഞങ്ങളുടെ ഒരു നല്ല കസ്റ്റമറാണദ്ദേഹം. എണ്‍പതു വയസ്സിനുമേല്‍ പ്രായം കാണും. മുറുക്കിച്ചുവപ്പിച്ച ചുണ്ടുകളില്‍ വെറ്റിലടയ്ക്കയുടെ അവശിഷ്ടങ്ങള്‍ പറ്റിപ്പിടിച്ചിരിക്കുന്നു. എപ്പോഴും ചിരിച്ചുകൊണ്ടിരിക്കുന്ന മുഖം. തലയില്‍ തോര്‍ത്തുമുണ്ടുകൊണ്ട് ഒരു വട്ടക്കെട്ട്. കുത്തിപ്പിടിക്കാനൊരു വടി എപ്പോഴുമുണ്ടാകും കൂടെ. മമ്മദ്ക്കയ്ക്ക് എഴുത്തും വായനയും അറിയില്ല.

     ബാങ്കിലെത്തുമ്പോള്‍ പത്രക്കടലാസില്‍ അശ്രദ്ധമായി പൊതിഞ്ഞ നോട്ടുകെട്ടുകള്‍ കക്ഷത്തുവെച്ച് തിരക്കൊഴിയാന്‍ കാത്തുനില്‍ക്കുകയാണ്‌ മമ്മദ്ക്കയുടെ രീതി. കയ്യില്‍ പലപ്പോഴും മറ്റെന്തെങ്കിലും ഒരു പൊതിയുമുണ്ടാകും. വീട്ടില്‍ സമൃദ്ധമായ ചാമ്പക്ക ഞങ്ങള്‍ക്ക് പത്രക്കടലാസില്‍ പൊതിഞ്ഞ് കൊണ്ടുവരും. ഒരു ബന്ധുവീട്ടില്‍ വിരുന്നു വന്ന സൗഹൃദത്തോടെ അദ്ദേഹം മുന്നിലിരുന്നു.

     ഒറ്റനോട്ടത്തില്‍ വളരെ വിചിത്രമെന്ന് തോന്നുന്ന ഒരു ആവശ്യമാണ്‌ അദ്ദേഹം ഉന്നയിച്ചത്. "എന്റെ അക്കൗണ്ടില്‍ ഇതുവരെ എത്ര പണം 'കൂട്ടി'യിട്ടിട്ടുണ്ടാകും? അതൊക്കെ ഒഴിവാക്കിത്തരണം."

     അക്കൗണ്ടില്‍ ക്രെഡിറ്റ് ചെയ്ത പലിശയുടെ കാര്യമാണദ്ദേഹം സൂചിപ്പിച്ചതെന്ന് മനസ്സിലായി. പലരും പലിശ വേണ്ടെന്ന് ആവശ്യപ്പെടാറുണ്ട്. അപ്പോള്‍ അത് എഴുതിവാങ്ങി തുടര്‍ന്നുള്ള പലിശ വരവുവെയ്ക്കാതിരിക്കുകയാണ്‌ ഞങ്ങള്‍ ചെയ്യുന്നത്. എന്നാല്‍ അക്കൗണ്ടില്‍ ഇതുവരെയുള്ള പലിശയൊന്നും തനിക്കുവേണ്ടെന്നാണ്‌ ഇദ്ദേഹത്തിന്റെ ആവശ്യം. പഴക്കം ചെന്ന അക്കൗണ്ടില്‍ ഇതുവരെ വരവുവെച്ച പലിശ കുറച്ചേറെ പണിപ്പെട്ട് കൂട്ടിയെടുത്തപ്പൊള്‍ അന്‍പത്തൊന്നായിരം രൂപയിലധികം ഉണ്ടായിരുന്നു. അത് വേണമെങ്കില്‍ ഒറ്റയടിക്ക് ഒരു റിവേഴ്സ് എന്റ്റിയിട്ട് ബാങ്കിലേക്ക് വരവുവെച്ച് അദ്ദേഹത്തെ പറഞ്ഞുവിടാമായിരുന്നു. പക്ഷേ അത് ശരിയാണോ എന്ന ഒരു ശങ്ക.

     ഞാന്‍ ചില നിര്‍ദ്ദേശങ്ങള്‍ അദ്ദേഹത്തിനു മുന്നില്‍ വെച്ചു. ഒന്നുകില്‍ ആ പണം വാങ്ങി ആര്‍ക്കെങ്കിലും ദാനം ചെയ്യുക. അതിനു ബുദ്ധിമുട്ടുണ്ടെങ്കില്‍ പലിശയടയ്ക്കാന്‍ കഴിയാതെ ജപ്തിനടപടി വരെ നേരിടുന്ന പാവപ്പെട്ടെ ഏതെങ്കിലും ലോണ്‍ കാരുടെ കണക്കിലേക്ക് അവരുടെ സമ്മതത്തോടെ വരവുവെയ്ക്കുക. പക്ഷേ ഇത്തരം നിര്‍ദ്ദേശങ്ങളൊന്നും അദ്ദേഹത്തിന്‌ സ്വീകാര്യമായില്ലെന്ന് മാത്രമല്ല, കുറച്ചുകൂടി ഗൗരവമുള്ള മറ്റൊരു പ്രശ്നം കൂടി അദ്ദേഹം മുന്നോട്ടുവെച്ചു.

     അക്കൗണ്ടില്‍ നിന്ന് പലിശ നീക്കം ചെയ്യാതിരുന്നാല്‍ തനിക്കെന്തെങ്കിലും സംഭവിച്ചാല്‍ മക്കള്‍ അതെടുത്ത് ചെലവഴിക്കും. തന്റെ അക്കൗണ്ടിലുള്ള പലിശയാകയാല്‍ അത് പരലോകത്ത് തന്നെ മാത്രമാണ്‌ ബാധിക്കുക. അതിനാല്‍ നിങ്ങള്‍ എന്ത് ചെയ്താലും കുഴപ്പമില്ല, ഇപ്പോള്‍ തന്നെ പാസ് ബുക്കില്‍നിന്ന് അത് നീക്കിത്തരണം. പണം ചെക്കെഴുതി വാങ്ങി ദാനം ചെയ്യുന്നതടക്കമുള്ള ഒരു നിര്‍ദ്ദേശത്തിനും അദ്ദേഹം വഴങ്ങാതിരുന്നപ്പോള്‍ ഒടുവില്‍ ആ പണം ബാങ്കിലേക്ക് വരവുവെച്ച് അദ്ദേഹത്തെ പറഞ്ഞയച്ചു. നിറഞ്ഞ പുഞ്ചിരിയോടെ നന്ദി പറഞ്ഞ് അദ്ദേഹം യാത്രയായി.
................................................................................

     ഇനി പരിചയപ്പെടുത്തുന്നയാള്‍ മറ്റൊരു കസ്റ്റമറാണ്‌. പേര്‌ മമ്മിക്കുട്ടി ഹാജി. പണം പിന്‍വലിക്കാനെത്തിയ അദ്ദേഹത്തിന്റെ മുഖം മ്‌ളാനമായും വേവലാതിപൂണ്ടും കാണപ്പെട്ടു. മമ്മദ്ക്കയോളം പ്രായം വരുമെങ്കിലും അഭ്യസ്ഥവിദ്യനാണ്. എന്റെ സമീപമിരുന്ന ബാങ്കിലെ ഒരു ജീവനക്കാരിയെ ചൂണ്ടി അദ്ദേഹം പറഞ്ഞു.

"ആ കുട്ടീനോട് തലയില്‍ തട്ടം നേരെയിടാന്‍ പറയൂ. അങ്ങട്ട് ചെന്നാല്‍ പടാച്ചോന്റട്‌ത്ത് മറുപടി പറ്യേണ്ടിവരും."

     തലയില്‍ തട്ടമായിട്ട സാരിത്തലപ്പ് തോളിലേക്ക് ഊര്‍ന്നുകിടക്കുന്നതാണ് അദ്ദേഹത്തിന്റെ വേവലാതിക്ക് കാരണം. എന്നില്‍ നിന്ന് അനുകൂലമോ പ്രതികൂലമോ ആയ പ്രതികരണം ഇല്ലെന്ന് കണ്ടിട്ടാകണം അദ്ദേഹം നേരെ അവരുടെ അടുത്തുചെന്ന് കാര്യം പറഞ്ഞു. ഊര്‍ന്നുകിടക്കുന്ന സാരിത്തലപ്പ് നേരെയാക്കി തലയിലിട്ടപ്പൊള്‍ അദ്ദേഹം ആശ്വാസത്തോടെ തിരിച്ചുപോയി.
..................................................................................

     പത്തിരുപത്തിരണ്ട് വയസ്സുള്ള ഒരു യുവാവാണിയാള്‍. ഹൈസ്കൂളില്‍ പഠനം നിര്‍ത്തി കൂലിപ്പണിക്ക് പോകുന്നു. അധികദിവസവും വൈകിട്ട് വായനശാലയില്‍ വരും. അദ്ദേഹത്തോട് കുശലാന്വേഷണങ്ങള്‍ നടത്തുകയും ചെയ്യും. ഒരു ദിവസം യാദൃശ്ചികമായി അദ്ദേഹത്തിന്റെ കയ്യിന്റെ മുകള്‍ ഭാഗത്ത് ഒരു ചരട് കെട്ടിയിരിക്കുന്നത് ശ്രദ്ധയില്‍ പെട്ടു. അന്വേഷിച്ചപ്പോള്‍ ആദ്യമൊന്ന് മുരണ്ടു. പിന്നെ കാര്യം പറഞ്ഞു. അത് മന്ത്രിച്ചുകെട്ടിയതാണ്‌. ഇടക്കിടെ ചില അസുഖങ്ങള്‍ വന്നപ്പോള്‍ ആരോ ഉപദേശിച്ചതാണ്‌. ഭക്ത്യാദരപൂര്‍വ്വം ആ മന്ത്രച്ചരടും കെട്ടിയാണ്‌ ഇപ്പോള്‍ നടപ്പ്.
..................................................................................

    ഞാനെന്റെ വീടിന്റെ തറയ്ക്ക്  കുറ്റിയടിപ്പിച്ചത് സുഹൃത്തും എഞ്ചിനീയറുമായ അന്‍വര്‍ സാദത്തിനെക്കൊണ്ടാണ്. എന്നാല്‍ ഒരടുത്ത ബന്ധുവിന്റെ വീടിന്റെ തറയുടെ കുറ്റിയടിക്കലിന്‌ പോയപ്പൊള്‍ അവര്‍ ഒരു 'വാസ്തുവിദഗ്ദനെ' കൊണ്ടുവന്നിരുന്നു. അയാള്‍ പരമ്പരാഗതമായ ചിട്ടവട്ടങ്ങളൊക്കെ പാലിച്ചുവെങ്കിലും പെട്ടെന്നുതന്നെ ദിശനോക്കി പ്ലാനനുസരിച്ച് കുറ്റിയടിച്ച്‌  സ്ഥലം വിട്ടു. പക്ഷേ അദ്ദേഹം പോയ ശേഷം വീട്ടുകാര്‍ക്ക് ഒരു പ്രശ്നം. "അയാള്‍ എന്ത് വാസ്തുവിദഗ്ദനാണ്‌? സ്ഥാനം നോക്കി അഭിപ്രായപ്രകടനങ്ങള്‍ നടത്തുകയോ പ്രവചിക്കുകയോ ഒന്നും ചെയ്തില്ല. അയാള്‍ക്ക് 'വാസ്തു'വൊന്നും അറിയില്ലെന്നു തോന്നുന്നു."

     വലിയ 'ആക്‌ഷനും ഭാവാഭിനയവുമൊന്നും' കൂടാതെ തന്റെ ജോലിചെയ്ത് പോയതാണ്‌ അദേഹത്തിന്റെ പരാജയമെന്ന് മനസ്സിലായി. ചില വിശ്വാസികളുടെ ഇടയില്‍ പിടിച്ചുനില്‍കാനുള്ള ട്രിക്കുകളില്‍ മുന്‍ പരിചയം അദ്ദേത്തിനില്ലായിരുന്നെന്ന് സാരം. പിന്നീടാണറിഞ്ഞത് അവര്‍ ആ കുറ്റിയൊക്കെ ഊരിക്കളഞ്ഞ് മറ്റൊരു 'വാസ്തുവിദഗ്ദനെ' കൊണ്ടുവന്ന് മാറ്റി കുറ്റിയടിപ്പിച്ചു.
..................................................................................

     നിത്യജീവിതത്തില്‍ നമുക്കുമുന്നില്‍ പ്രത്യക്ഷപ്പെടുകയും ഇടപഴകുകയും ചെയ്യുന്ന ചിലരെയാണ്‌ മുകളില്‍ പരിചയപ്പെടുത്തിയത്. ഇത്തരത്തിലുള്ള ഒരു പാടു പരിചയക്കാര്‍ നിങ്ങള്‍ക്കുമുണ്ടാകും. ഏത് രീതിയിലാണ്‌ അവരൊടിടപഴകേണ്ടത്?

     ആദ്യത്തെയാളായ മമ്മദ്ക്ക തനിക്ക് ചെറുപ്പം മുതല്‍ ലഭിച്ച വിശ്വാസം നൂറുശതമാനം ശരിയെന്ന് അടിയുറച്ചു വിശ്വസിക്കുന്നയാളാണ്‌. പക്ഷേ അദ്ദേഹത്തിന്റെ വിശ്വാസം കൊണ്ട് മറ്റാര്‍ക്കും ഒരു ഉപദ്രവവുമില്ല. അതിനുവേണി തന്റെ അക്കൗണ്ടിലുള്ള പണം വേണ്ടെന്നു വെയ്ക്കാന്‍ അദ്ദേഹത്തിനു യാതൊരു മടിയുമില്ല. അദ്ദേഹം തന്റെ വിശ്വാസം മറ്റുള്ളവരുടെ വിശ്വാസത്തേക്കാള്‍ കേമമാണെന്ന് സ്ഥാപിക്കാന്‍ ശ്രമിക്കുന്നില്ല. മാത്രമല്ല അതിന്‌ എന്തെങ്കിലും 'ശാസ്ത്രീയമായ' വിശദീകരണവും അദ്ദേഹം തേടുന്നില്ല.

     മമ്മിക്കുട്ടിഹാജിയെ അസ്വസ്ഥനാക്കിയ 'തട്ടപ്രശ്ന'ത്തിന്റെ മൂലഹേതുവെന്താണ്‌? തല മറയ്ക്കാത്ത മുസ്ലിം പെണ്‍കുട്ടിക്ക് നരകത്തില്‍ പോകേണ്ടിവരുമെന്ന ഒരു തികഞ്ഞ മതവിശ്വാസിയുടെ സ്വാഭാവിക പ്രതികരണമാണ്‌ അദ്ദേഹം പ്രകടിപ്പിച്ചത്. അതായത് ഇതിനെ ഒരു സഹജീവിയോടുള്ള സ്നേഹമായി കാണുന്നതില്‍ തെറ്റില്ലെന്നര്‍ത്ഥം. ജ്യോല്‍സ്യത്തിലും വാസ്തുവിലുമൊക്കെ അന്ധമായി വിശ്വസിക്കുന്ന വിശ്വാസിയും കയ്യില്‍ മന്ത്രിച്ച ചരടുകെട്ടി അസുഖങ്ങള്‍ അകറ്റാന്‍ ശ്രമിക്കുന്ന സുഹൃത്തും സ്വന്തം വിശ്വാസങ്ങളുടെ ഇരകളാണ്‌. എന്നാല്‍ അവര്‍ ഈ വിശ്വാസം മൂലം സമൂഹത്തിന് ബോധപൂര്‍വ്വമായ പരിക്കേല്പ്പിക്കുന്നില്ല.

      ഇവരുടെയെല്ലാം വിശ്വാസങ്ങളെ അത്‌ എത്രമാത്രം മണ്ടത്തരമാണെന്ന് മനസ്സിലാക്കിയാലും അവയെ പുച്ഛിച്ച് തള്ളുകയോ പരിഹസിക്കുകയോ ചെയ്യേണ്ടതുണ്ടോ? എണ്‍പത് വയസ്സായ മമ്മദ്ക്കയെയോ മമ്മിക്കുട്ടിഹാജിയെയോ പരലോകത്തുവെച്ച്‌ പലിശയുടെയോ തട്ടമിട്ടതിന്റെയോ കണക്കുചോദിക്കാന്‍ ആരുമില്ലെന്ന് പറഞ്ഞ് മനസ്സിലാക്കാന്‍ കഴിയില്ല. മന്ത്രച്ചരട് കട്ടിയ സുഹൃത്തിനെയും വാസ്തുവിന്റെ 'അപഹാരത്തില്‍'പെട്ടവരെയും പരിഹസിക്കുകയോ ചീത്തവിളിക്കുകയോ പരിഹാരമാര്‍ഗമല്ല. പറഞ്ഞാല്‍ മനസ്സിലാകുന്ന പ്രായമായതിനാല്‍ അസുഖത്തിന്‌ ഒരു നല്ല ഡോക്റ്ററെ കണ്ട് ചികില്‍സ തേടുന്നതാകും നല്ലതെന്ന്  മന്ത്രച്ചരടുകെട്ടിയ ചെറുപ്പക്കാരനോട് ഞാന്‍ പറഞ്ഞു. വാസ്തുവിന്റെയും ജ്യോല്‍സ്യത്തിന്റെയും പേരില്‍ പണം കളയരുതെന്ന് മറ്റേയാളോടും പറഞ്ഞു.


     ഇനി നമുക്ക് ഇതിന്റെ മറ്റൊരു വശം പരിശോധിക്കാം. പലിശ വാങ്ങുന്നത് മമ്മദിക്കക്കുമാത്രമല്ല, മറ്റു പലര്‍ക്കും ഹറാമാണ്‌. ബാങ്കിലുള്ള പണത്തിന്റെ പലിശ ത്യജിയ്ക്കുകയാണ്‌ അദ്ദേഹം ചെയ്തത്. എന്നാല്‍ പലിശ വാങ്ങുന്നത് ഹറാമാണെന്ന് കരുതി ബാങ്കില്‍ പണം നിക്ഷേപിക്കുന്നതിനുപകരം കൂടുതല്‍ 'ആദായകരമായി' ചില സ്വകാര്യ ധനകാര്യ സ്ഥാപനങ്ങളിലും ജ്വല്ലറികളും നിക്ഷേപിക്കുന്നവര്‍ നമുക്കു ചുറ്റുമുണ്ട്. ഇവരില്‍ മത യാഥാസ്ഥികര്‍ മുതല്‍ 'മതരാഷ്ട്രവാദി'കള്‍ വരെയുണ്ട്. ഇങ്ങനെ നിക്ഷേപിച്ച് പ്രതിഫലം പറ്റുന്നതിലെ ശരിതെറ്റല്ല ഇവിടെ പരിശോധിക്കുന്നത്. ഇതിനെ തല്‍ക്കാലം 'പടച്ചൊന്റെ കണ്ണില്‍ പൊടിയിടാനുള്ള' ഏര്‍പ്പാടായിട്ടാണ്‌ ചിലര്‍ കാണുന്നത്. പലിശ എന്ന ലേബലിലല്ലാതെ 'ലാഭം' എന്നോ 'ആദായം' എന്നോ ഉള്ള പേരിലാണെങ്കില്‍ 'പടച്ചോനെ' വെട്ടിക്കുകയുമാകാം, കൂടുതല്‍ പണം കിട്ടുകയുമാകാം. (ഇത്തരക്കാര്‍ക്ക് ചിലപ്പോള്‍ നിക്ഷേപിച്ച പണം പോലും തിരിച്ചുകിട്ടാറില്ലെന്നത് മറ്റൊരു വസ്തുത.) മമ്മദ്ക്കമാരുടെ നിഷകളങ്കമായ വിശ്വാസവും ഇത്തരക്കാരുടെ കാപഠ്യവും ഒരേ പ്രതികരണമാണോ അര്‍ഹിക്കുന്നത്? ഇത്തരക്കാരുടെ പലിശവിരോധത്തിനു പിന്നിലെ കാപഠ്യം തുറന്നുകാട്ടുന്നതില്‍ വിരൊധമുണ്ടോ?

      ഇനി മമ്മിക്കുട്ടിഹാജിയിലേക്കുവരാം. തലയില്‍ തട്ടമിടാനും പര്‍ദ്ദയിടാനും വിസമ്മതിക്കുന്ന പെണ്‍കുട്ടികളെയും അവരുടെ വീട്ടുകാരെയും അപവാദപ്രചരണത്തിലൂടെ ജീവിക്കാന്‍ അനുവദിക്കാതിരിക്കുകയും വധഭീഷണിവരെ മുഴക്കുകയും ചെയ്യുന്നവരുടെ നാടാണിത്. ആ മതാന്ധരുടെ അതേ വികാരമാണോ അദ്ദേഹത്തെയും നയിച്ചത്? രണ്ടിന്റെയും ഉറവിടം മതവിശ്വാസമാകാം. എന്നാല്‍ തട്ടമിടാത്ത പെണ്‍കുട്ടിയ്ക്ക് നരകത്തില്‍ ലഭിയ്ക്കുന്ന ശിക്ഷയോര്‍ത്താണ്‌ ഹാജിയാര്‍ വേവലാതിപ്പെട്ടതെങ്കില്‍ പറ്റുമെങ്കില്‍ പര്‍ദ്ദയിടാത്തവരെ ഇപ്പോള്‍ തന്നെ നരകത്തിലേക്കയയ്ക്കാന്‍ പറ്റുമോ എന്ന് ധൃതിപ്പെന്നവരാണ്‌ മറ്റേ കൂട്ടര്‍. ഈ രണ്ട് വിഭാഗം വിശ്വസികളെയും ഒരേ അളവുകോല്‍ വെച്ച് അളക്കാമോ? അവരുടെ വിശ്വാസങ്ങളോട് ഒരേ സമീപനം സ്വീകരിക്കേണ്ടാതുണ്ടോ?

     പ്രവചനങ്ങളില്‍ ആത്മാര്‍ത്ഥമായി വിശ്വസിച്ച് കതോര്‍ക്കുന്ന വിശ്വാസിയോടും പ്രവചനങ്ങള്‍ നടത്തിക്കൊടുക്കുമെന്ന് പരസ്യം ചെയ്ത് പണമുണ്ടാക്കുന്ന കുട്ടിച്ചാത്തന്‍ സേവക്കാരോടും മന്ത്രവാദികളോടും ഒരേ സമീപനമാണോ സ്വീകരിക്കേണ്ടത്? മന്ത്രച്ചരടില്‍ ആത്മാര്‍ത്ഥമായി വിശ്വസിച്ച് അത് കയ്യില്‍ കെട്ടിനടക്കുന്ന ചിന്താശേഷിയില്ലാത്ത വിശ്വാസിയോടും ധനാകര്‍ഷണ-സന്താന സൗഭാഗ്യ- കാമിനീവശീകരണ- 'യന്ത്ര'ങ്ങള്‍ വിറ്റ് കോടീശ്വരന്മാരാകുന്ന കള്ളന്മാരോടും ഒരേ സമീപനമാണോ സ്വീകരിക്കേണ്ടത്? 

    അന്ധവിശ്വാസങ്ങളുടെ ഇരുളില്‍ പെട്ട് ജീവിതത്തില്‍ തപ്പിത്തടയുന്ന എത്രയോ സാധുമനുഷ്യര്‍ നമുക്കിടയിലുണ്ട്. തങ്ങളുടെ മനസ്സില്‍ വിഴുപ്പുഭാണ്ഢങ്ങളായി കുടുങ്ങിക്കിടക്കുന്ന അശാസ്ത്രീയ വിശ്വാസപ്രമാണങ്ങള്‍ എത്രത്തോളം ദുസ്സഹമാണെന്ന് ബോധ്യപ്പെടാതെ അതും 'മനസ്സിന്‌ ആശ്വാസം നല്‍കുന്നവയാണെന്ന' വിശ്വാസത്തില്‍ സമയവും പണവും ദുര്‍വ്യയം ചെയ്യുന്നവര്‍. അവരെ പരിഹസിക്കുകയോ ആക്ഷേപിക്കുകയോ ചെയ്യുന്നത് ക്രൂരതയാകും. മറിച്ച്‌ ശാസ്ത്രീയ ചിന്തകളെ അവരുടെ മന്‍സ്സുകളില്‍ എത്തിക്കുകവഴി അന്ധതയുടെ ഉരുട്ടകറ്റാന്‍ ഒരു പരിധിവരെ കഴിഞ്ഞേക്കാം.


     എന്നാല്‍ ഈ പാവങ്ങളുടെ അജ്ഞത മുതലെടുത്ത് ധനം സമ്പാദിക്കുന്ന മറ്റൊരു വിഭാഗമുണ്ട്. അവരെ സമൂഹത്തിനു മുന്നില്‍ തുറന്നുകാട്ടാനും അവരുടെ തട്ടിപ്പുകള്‍ പുറത്തുകൊണ്ടുവരാനുമുള്ള ചുമതല ഓരൊ മനുഷ്യസേഹിയുടെയും കടമയല്ലേ? യുക്തിവാദികള്‍ എതിര്‍ക്കുന്നത് ഒരിക്കലും വിശ്വാസികളെയല്ല, മറിച്ച്‌ വിശ്വാസികള്‍ക്ക് ഭാരമായ അന്ധവിശ്വാസങ്ങളെയാണ്‌. അതിന്റെ ലക്ഷ്യം വിശ്വാസിയായ മനുഷ്യനെ അടിസ്ഥാനരഹിതമായ വിശ്വാസങ്ങളുടെ ചുമടില്‍ നിന്ന് മോചിപ്പിക്കുകയും.

     തന്റെ വിശ്വാസം തനിക്ക് മാന‍സികാശ്വാസം തരുന്നുവെന്ന് കരുതുന്ന മനുഷ്യരുടെ വിശ്വാസങ്ങളെ അവരില്‍ നിന്ന് തട്ടിക്കളയുകയല്ല, മറിച്ച്‌ അവരെ ശാസ്ത്രീയമായി ചിന്തിപ്പിക്കാന്‍ പ്രേരിപ്പിക്കുകയാണ്‌ വേണ്ടത്.  അതുവഴി അവര്‍ക്ക് തങ്ങളുടെ വിശ്വാസങ്ങളിലെ മൂഢതകളെ സ്വയം തിരിച്ചറിയാന്‍ കഴിഞ്ഞേക്കും. പക്ഷേ തന്റെ വിശ്വാസങ്ങള്‍ മറ്റുള്ളവരുടെ വിശ്വാസങ്ങളെക്കാള്‍ മഹത്തമാണെന്ന് മേനി നടിക്കുകയും അത് മറ്റുള്ളവരിലേക്കെത്തിച്ച് അതിന് പ്രതിഫലമായി തനിക്ക് മരണാനന്തര സ്വര്‍ഗം ലഭിക്കുമെന്ന് മോഹിച്ച് മതപ്രചരണത്തിലേര്‍പ്പെടുകയും ചെയ്യുന്നവരെ ഈ ഗണത്തില്‍ പെടുത്താന്‍ സാധ്യമല്ല. തന്റെ വിശ്വാസങ്ങള്‍ക്ക് ശാസ്ത്രീയത ചികയുകയും ലജ്ജലേശമില്ലാതെ അത് പ്രചരിപ്പിക്കുകയും ചെയ്യുന്നവരുടെ മുന്നില്‍ ശാസ്ത്രീയരീതി അവതരിപ്പിച്ച് അവരെ മനസ്സിലാക്കിക്കാമെന്ന് കരുതുന്നത് മൗഢ്യമാണ്‌. അവര്‍ പ്രചരിപ്പിക്കുന്ന മൂഢവിശ്വാസങ്ങളെ പച്ചയോടെ തുറന്നുകാട്ടുക മാത്രമാണഭികാമ്യം. മതരാഷ്ട്രം ലക്ഷ്യമാക്കി മറ്റുള്ളവരെ തെറ്റിദ്ധരിപ്പിച്ചും യഥാര്‍ത്ഥ ലക്ഷ്യം മറച്ചുവെച്ചും പ്രവര്‍ത്തിക്കുന്ന വിഭാഗത്തെ(അത് ഏത് മതത്തിന്റെ പേരിലായാലും) എതിര്‍ക്കുകയയും തുറന്നുകാട്ടുകയും ചെയ്യുകതന്നെയാണ്‌ ഒരു മനുഷ്യസ്നേഹിയുടെ അടിയന്തിര കര്‍ത്തവ്യമെന്ന് ഞാന്‍ കരുതുന്നു. 

     നിങ്ങളോ?