മനുഷ്യന്‍ സൃഷ്ടിച്ചിട്ടുള്ളതില്‍ വെച്ച് ഏറ്റവും നശീകരണശേഷിയുള്ള ആയുധമാണ്‌ മതം.

Sunday, February 21, 2010

നിക്കോളാസ് കോപ്പര്‍നിക്കസും നീലകണ്ഠന്‍ സോമയാജിയും തമ്മിലെന്ത്?

കൃസ്തുവിനു നൂറ്റാണ്ടുകള്‍ക്കു മുമ്പ് ജീവിച്ച പൈതഗോറസിനെയും പ്ലേറ്റോയെയും അരിസ്റ്റോട്ടിലിനെയും നമ്മള്‍ കേട്ടിട്ടുണ്ട്. A D ഒന്നാം നൂറ്റാണ്ടില്‍ ജീവിച്ച ടോളമിയെയും പതിനഞ്ചാം നൂറ്റാണ്ടില്‍ ജീവിച്ച നിക്കോളസ് കോപ്പര്‍നിക്കസിനെയും ഗലീലിയോ ഗലീലിയെയും വരെ നമ്മല്‍ അറിയും. എന്നാല്‍ കേരളീയനായിരുന്ന വാനശാസ്ത്രജ്ഞന്‍ നീലകണ്ഠന്‍ സോമയാജിയെ നമ്മളില്‍ എത്ര പേര്‍ കേട്ടിട്ടുണ്ട്? എന്തുകൊണ്ടിങ്ങനെ സംഭവിച്ചു?

പരന്നുകിടക്കുന്ന ഭൂമിയും അതിനു മുകളില്‍ നിവര്‍ത്തിവെച്ച കുട പോലെ ആകാശവും ആകാശത്തെ അലങ്കരിച്ചിരിക്കാന്‍ അതില്‍ പറ്റിച്ചുവെച്ചിരിക്കുന്ന നക്ഷത്രങ്ങളും ഭൂമിക്കുതാഴെ നരകവും ആകാശത്തിനു മുകളില്‍ സ്വര്‍ഗ്ഗവുമുള്ള പ്രപഞ്ചസങ്കല്പ്പത്തില്‍നിന്നും ഭൂമിയെ ഉരുട്ടിയെടുക്കാനും സൂര്യനെ കേന്ദ്രത്തില്‍ സ്ഥാപിക്കാനും അവിടേനിന്നു്‌ ഗാലക്സികളിലേക്കും നിരന്തരം വികസിക്കുന്ന പ്രപഞ്ചമാതൃകയിലേക്കുമെല്ലാമുള്ള ശാസ്ത്രത്തിന്റെ വളര്‍ച്ചയില്‍ ഈ മഹാരഥന്മാരെല്ലാം അവരവരുടേതായ പങ്കു വഹിച്ചിട്ടുണ്ട്.

AD 75- ല്‍ ഗ്രീക്ക് ശാസ്ത്രജ്ഞനായ ടോളമിയാണ്‌ പ്രപഞ്ച കേന്ദ്രം ഭൂമിയാണെന്ന് സിദ്ധാന്തിച്ചത്. പ്രപഞ്ച കേന്ദ്രമായ ഭൂമിക്കുചുറ്റും സൂര്യനുള്‍പ്പെടെയുള്ള ഗോളങ്ങളും അതിനുമപ്പുറം മറ്റൊരു ഗോളത്തില്‍ നക്ഷത്രങ്ങളും ഭൂമിയെ ചുറ്റിക്കറങ്ങുന്ന പ്രപഞ്ച മാതൃക അദ്ദേഹം ആവിഷ്കരിച്ചു.

നിക്കോളാസ് കോപ്പര്‍നിക്കസ് (1473-1543) എന്ന പോളണ്ടുകാരനായ കത്തോലിക്കാ പാതിരി സൂര്യകേന്ദ്ര സിദ്ധാന്തം ആവിഷ്കരിക്കുന്നതുവരെ 1400 വര്‍ഷക്കാലം ഭൂമി കേന്ദ്രമായ പ്രപഞ്ചമാതൃക ചോദ്യം ചെയ്യപ്പെടാതെ നിലനിന്നു! എത്ര പേര്‍ വിശ്വസിക്കുന്നു എന്ന കണക്കുനോക്കിയല്ല; അത് ശാസ്ത്രീയമാണോ എന്നു നിരീക്ഷിച്ചാണ്‌ ഒരു സംഗതി ശരിയാണോ തെറ്റാണോ എന്ന് നിശ്ചയിക്കേണ്ടത് എന്ന് ഇക്കാര്യം വ്യക്തമാക്കുന്നു.

കോപ്പര്‍നിക്കസിന്റെ സിദ്ധാന്തങ്ങള്‍ പ്രചരിപ്പിച്ചതിനു ജിയോന്വര്‍ദോ ബ്രൂണോ എന്ന കത്തോലിക്കാ പുരോഹിതനെ സഭ ജീവനോടെ ചുട്ടുകൊന്നതും ജോഹാന്‍സ് കെപ്ലര്‍ കൂടുതല്‍ വ്യക്തതയാര്‍ന്ന സിദ്ധാന്തം അവതരിപ്പിച്ചതും, ടെലസ്കോപ്പിനെ മാനത്തേക്കു തിരിച്ച ഗലീലിയോ ശാസ്ത്ര വിപ്ലവത്തിന്‌ ആക്കം കൂട്ടിയതും തുടര്‍ന്ന് മത നേതൃത്വത്താല്‍ പീഠിപ്പിക്കപ്പെട്ടതുമെല്ലാം ചരിത്രം.

എന്നാല്‍ അധികമാരും ശ്രദ്ധിക്കാത്ത ഒരു വസ്തുത, കോപ്പര്‍നിക്കസ് സൂര്യനാണ്‌ പ്രപഞ്ചകേന്ദ്രമെന്ന് പ്രഖ്യാപിക്കുന്നതിനു്‌ വര്‍ഷങ്ങള്‍ക്കു മുമ്പ് തന്നെ കേരളീയനായ ജ്യോതിശ്ശാസ്ത്രജ്ഞന്‍ നീലകണ്ഠന്‍ സോമയാജി സൂര്യനെയാണ്‌ ഗ്രഹങ്ങള്‍ ചുറ്റുന്നതെന്ന് കണ്ടെത്തിയിരുന്നു എന്നുള്ളതാണ്‌.അപാരമായ ഗണിതജ്ഞാനത്തിന്റെയും നിരീക്ഷണ ശേഷിയുടേയും ഉടമയായിരുന്നിട്ടും ഭൂമിയെ ഒരു ഗ്രഹമായി എണ്ണാന്‍ അദ്ദേഹത്തിന്‌ ധൈര്യമില്ലാതെ പോയി.ഗ്രഹങ്ങളെയുംകൊണ്ട് സൂര്യന്‍ ഭൂമിയെയാണ്‌ ചുറ്റുന്നതെന്ന് അദ്ദേഹം വിശ്വസിച്ചു. കുഞ്ഞു നാളിലേ മനസ്സില്‍ ഉറച്ചുപോയ വിശ്വാസങ്ങളെയും മുന്‍ വിധികളെയും മറികടക്കാന്‍ അദ്ദേഹത്തിനാകാതെ പോയതാകാം ഈ ധൈര്യമില്ലായ്മയുടെ കാരണം. ആ ധൈര്യം അന്നദ്ദേഹം കാട്ടിയിരുന്നെങ്കില്‍ ഒരു പക്ഷേ ലോകം കണ്ട ശാസ്ത്രവിപ്ലവത്തിന്റെ തുടക്കം കേരളത്തില്‍ നിന്നായേനെ.

യൂറോപ്പില്‍ ജ്യോതിശ്ശസ്ത്രത്തിന്റെ പൊളിച്ചെഴുത്തില്‍ തുടങ്ങിവെച്ച ശാസ്ത്ര വിപ്ലവം എല്ലാ പൂര്‍വ്വ ധാരണകളെയും മുന്‍ വിധികളെയും തകിടം മറിച്ച് മുന്നേറിയ കാലത്ത് കേരളം ഫലഭാഗ ജ്യോതിഷത്തിന്‌ കീഴടങ്ങുകയായിരുന്നു. കേരളീയ ജ്യോതിശ്ശാസ്ത്രത്തിന്‌ അഭിമാനകരമായ ഒരു ഭൂതകാലമാണുള്ളത്. എന്നാല്‍ പില്‍ക്കാലത്ത് ജ്യോതിശ്ശാസ്ത്രത്തിന്റെ ഗണിത ഭാഗം വളര്‍ച്ച മുരടിക്കുകയും അത് പൂര്‍ണ്ണമായും ജ്യോതിഷത്തിന്‌ ( ഫലഭാഗത്തിന്‌) കീഴടങ്ങുകയുമാണുണ്ടായത്. ഇന്നു ജ്യോല്‍സ്യം ചില ധനമോഹികളുടെയും അന്ധവിശ്വാസികളുടെയും കൂത്തരങ്ങായി മാറിയിരിക്കുന്നു.

കത്തോലിക്കാ പുരോഹിതന്മാരും പരമ്പരാഗത വിശ്വാസികളുമായിരുന്നുട്ടും കോപ്പര്‍നിക്കസ്സും ബ്രൂണോയും ഗലീലിയോയുമെല്ലാം സനസ്സിലുറച്ചുപോയ വിശ്വാസങ്ങളെ ശാസ്ത്രബോധം കൊണ്ട് അതിജീവിച്ചപ്പോള്‍ നീലകണ്ഠന്‍ സോമയാജി അതില്‍ പരാജയപ്പെട്ടു. ഇന്നും മൂഡവിശ്വാസത്തില്‍ കടിച്ചു തൂങ്ങിക്കിടന്ന് പുതിയ സത്യങ്ങളെ അംഗീകരിക്കാന്‍ വൈമനസ്സ്യം കാട്ടുന്നവര്‍ സോമയാജിയുടെ വഴിയിലൂടെ തന്നെയാണ്‌ സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്.

Friday, February 12, 2010

വെടിവഴിപാട് ഇയര്‍ഫോണ്‍ വഴിയാക്കണം

ക്ഷേത്രങ്ങളില്‍ വെടിവഴിപാടിന്‌ വെടിയൊച്ച റെകോര്‍ഡ് ചെയ്ത് കേള്‍പ്പിക്കുന്നത് ഉള്‍പ്പെടെ ബദല്‍ മാര്‍ഗ്ഗമെന്തെങ്കിലമുണ്ടോ എന്ന് അറിയിക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ചതായി പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

തികച്ചും സ്വാഗതാര്‍ഹമായ ഒരു നിര്‍ദ്ദേശമാണിത്. എന്നാല്‍ ഇതില്‍ ചില ഭേതഗതികള്‍കൂടി നിര്‍ദ്ദേശിക്കാനുണ്ട്. ക്ഷേത്രത്തില്‍ പോകാനും അവിടെ വഴിപാട് നടത്താനുമുള്ള അവകാശം വിശ്വാസികള്‍ക്കുണ്ട്. എന്നാല്‍ അത് മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ടില്ലാത്ത വിധമായിരിക്കണം. നിരത്തുവക്കത്തും, ആളുകള്‍ തിങ്ങിപ്പക്കുന്നതിനു സമീപത്തും മറ്റുമുള്ള ക്ഷേത്രങ്ങളില്‍ വഴിപാടായി വെടിപൊട്ടിക്കുന്നതുമൂലം മറ്റുള്ളവര്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ ആരും പരിഗണിച്ചുകാണാറില്ല.

ഈ സാഹചര്യത്തില്‍ കോടതി നിര്‍ദ്ദേശം സ്വാഗതാര്‍ഹമാണെങ്കിലും അതും ദുരുപയോഗം ചെയ്യപ്പെടാനിടയുണ്ട്. ഇപ്പോള്‍ തന്നെ യാതൊരു നിയന്ത്രണവുമില്ലതെയാണ്‌ ആരാധനാലയങ്ങളില്‍ ഉച്ഛഭാഷിണികള്‍ ഉപയോഗിക്കുന്നത്. ഒരു സാംസ്കാരിക പരിപാടിക്ക് കുറച്ചുനേരത്തേക്ക് മൈക്ക്‌ ഉപയോഗിക്കുന്നതിന്‌ അനുമതി കിട്ടണമെങ്കിലുള്ള ബുദ്ധിമുട്ട് അതിന്‌ പോയവര്‍ക്കേ അറിയൂ. 55 രൂപ ഗവണ്മെന്റ് ട്രഷറിയില്‍ ചെലാന്‍ അടച്ച രശീതുമായി ലോക്കല്‍ പോലീസ് സ്റ്റേഷനില്‍ ചെന്ന് സബ് ഇന്‍സ്പെക്റ്ററെ നേരില്‍ കാണണം. അവിടെ നിന്നുള്ള ശുപാര്‍ശയുമായി(അതിനു മുമ്പ് അതേ സ്ഥലത്തോ സമീപത്തോ മറ്റു പരിപാടികള്‍ ഉണ്ടോ എന്നു പരിശോധിക്കും) സര്‍ക്കിള്‍ ഇന്‍സ്പെക്റ്റല്‍ ഓഫീസില്‍ ചെന്ന് അവിടെനിന്നുള്ള എഴുത്തുമായി എസ് പി ഓഫീസിലെത്തണം. അവിടെനിന്ന് പല നിബന്ധനകള്‍ക്കും വിധേയമായി വേണം മൈക്ക് പെര്‍മിറ്റ് കിട്ടാന്‍. അതും പരമാവധി രാത്രി പത്തുമണിവരെ മാത്രം. നിയമപരമായി ഇത്രയും കാര്യങ്ങള്‍ ചെയ്താല്‍ തന്നെ മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ടുണ്ടാകുമെന്നു തോന്നിയാല്‍ എസ് ഐ യുടെ റാങ്കില്‍ കുറയാത്ത ഉദ്ധ്യോഗസ്ഥന്‌ പരിപാടി എപ്പോള്‍ വേണമെങ്കിലും നിര്‍ത്തിവെപ്പിക്കാനും അധികാരമുണ്ട്. ഇത്രയും കര്‍ശനമായ നിയമത്തെ ആരാധനാലയങ്ങള്‍ എത്ര നഗ്നമായാണ്‌ ലംഘിക്കുന്നത്? അധികാരികള്‍ അതിനു നേരെ കണ്ണടയ്ക്കുകയും ചെയ്യുന്നു. മണ്ഡല കാലത്ത് ലൗഡ് സ്പീക്കര്‍ പുറത്തേക്കുതിരിച്ചുവെച്ച് ഉച്ഛത്തില്‍ സിനിമഗാനങ്ങള്‍ തുറന്നുവിടുന്നു. ഭജനകളായാലും മതപ്രഭാഷണങ്ങളായാലും എല്ലാ മതക്കാരും യാതൊരു നിയന്ത്രണവുമില്ലാതെ ലൗഡ് സ്പീക്കര്‍ ഉപയോഗിച്ച് ജനത്തെ ശല്യം ചെയ്യുന്നു. അടുത്തടുത്ത ആരാധനാലയങ്ങളില്‍ നിന്ന് തമ്മില്‍ തിരിച്ചുവെച്ച് ലൗഡ് സ്പീക്കര്‍ ഉപയോഗിക്കുന്നതില്‍ ഇവര്‍ യാതൊരു പ്രതിപക്ഷ ബഹുമാനവും കാണിക്കാറുമില്ല.

ഈ സാഹചര്യത്തില്‍ വെടിവഴിപാട് റേക്കൊര്‍ഡ് ചെയ്ത് കേള്‍പ്പിക്കാന്‍ അനുമതി നല്‍കിയാല്‍ അത് ലൗഡ് സ്പീക്കറിലൂടെ കൂടുതല്‍ ശബ്ദമലിനീകരണത്തിന്‌ കാരണമാകാനിടയുണ്ട്. ആയതിനാല്‍ വെടിവഴിപാടുകള്‍ നിര്‍ബന്ധമുള്ള ഭക്തര്‍ക്ക് അത് ഇയര്‍ഫോണ്‍ വഴി കേള്‍പ്പിക്കാനുള്ള സംവിധാനമാണ്‌ കൂടുതല്‍ ആശാസ്യം. വെടിവഴിപാടു നടത്തുന്ന ക്ഷേത്രങ്ങളില്‍ കൂടുതല്‍ ഇയര്‍ഫോണുകള്‍‍ ഏര്‍പ്പെടുത്തിയാല്‍ മറ്റാരെയും ശല്യം ചെയ്യാതെ ഭക്തര്‍ക്ക് സായൂജ്യമടയുകയും ചെയ്യാം.