മനുഷ്യന്‍ സൃഷ്ടിച്ചിട്ടുള്ളതില്‍ വെച്ച് ഏറ്റവും നശീകരണശേഷിയുള്ള ആയുധമാണ്‌ മതം.

Tuesday, June 17, 2014

സ്വപ്നലോകത്തിലെ ബാലഭാസ്കരന്മാർ!


(ഇന്ത്യൻ ജനാധിപത്യത്തിൽ ഇടതുപക്ഷത്തിന്‌ എന്താണു പണി?


ഒടുവിൽ തീവ്രഹിന്ദുത്വം തീർത്ത രക്തപ്പാടുകളെ മൂലധനമാക്കി നരേന്ദ്രമോഡി ഇന്ത്യയുടെ പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തിരിക്കുന്നു. ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് അതിന്റെ ചരിത്രത്തിലെ ഏറ്റവും വലുതെന്ന് വിശേഷിപ്പിക്കാവുന്ന പതനത്തിലേക്ക് കൂപ്പുകുത്തപ്പെട്ടു.. സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ പ്രധാന പ്രതിപക്ഷമായിരുന്ന കമ്മ്യൂണിസ്റ്റുകാരാകട്ടെ, വിരലിലെണ്ണാവുന്ന സീറ്റുകളിൽ ഒതുങ്ങി നിർണായകസ്വാധീനമില്ലാത്ത അവസ്ഥയിൽ എത്തിയിരിക്കുന്നു. കോൺഗ്രസ്സിന്റെ പതനം മുൻകൂട്ടി കണ്ട കുത്തകമാധ്യമങ്ങൾ മാസങ്ങൾക്കുമുമ്പുതന്നെ ‘മോഡി തരംഗ’ത്തിന്റെ കുഴലൂത്തുകാരായി മാറിക്കഴിഞ്ഞിരുന്നു. ബി ജെ പിയുടെ സംസ്ഥാനമുഖ്യമന്ത്രിമാരിൽ ഒരാൾ മാത്രമായിരുന്ന നരേന്ദ്രമോഡിയെ മുന്നിൽ നിർത്തിക്കൊണ്ട് മൂലധനശക്തികളും കുത്തകമാധ്യമങ്ങളും നടത്തിയ ഹൈടെക് പ്രചാരവേലകൾക്കൊടുവിൽ ആർ എസ്സ് എസ്സും ബി ജെ പിയും അതേറ്റുപിടിക്കാൻ നിർബന്ധിക്കപ്പെടുകയായിരുന്നുവെന്നാണല്ലോ അങ്ങാടിപ്പാട്ട്. ഫാസിസത്തിന്റെ അടിസ്ഥാനസ്വഭാവമായ വ്യക്തിപൂജ മോഡിസ്തുതികളിലൂടെ അതിന്റെ പാരമ്യത്തിലെത്തുന്നതും നാം കണ്ടു. ‘ഹരഹര മോഡി’, ‘നമോ’ തുടങ്ങിയ മോഡി സ്തുതികളുമായി മോഡി ഫാൻസ് നിറഞ്ഞാടിയപ്പോൾ നിരത്തായ നിരത്തുകൾ മുഴുവനും നിറഞ്ഞ ഫ്ലെക്സ് ബോർഡുകളിൽ പരസ്യപ്പെടുത്തപ്പെട്ടത് മോഡികീർത്തനങ്ങൾക്കൊപ്പം, സംഘപരിവാറിന്റെ മാനിഫെസ്റ്റോ എന്ന് വിശേഷിപ്പിക്കാവുന്ന ഗോൾവാൾക്കറുടെ വിചാരധാരയിലെ വരികൾ കൂടിയായിരുന്നു..
ഹിന്ദുത്വശക്തികളുടെ കാർമ്മികത്വത്തിൽ ഇന്ത്യ എങ്ങോട്ടാണ്‌ നയിക്കപ്പെടുകയെന്ന് നമുക്ക് കാത്തിരുന്നുകാണാം. പക്ഷേ, അതിനുമുമ്പ് കഴിഞ്ഞ തെരഞ്ഞെടുപ്പുഫലത്തിന്റെ അടിസ്ഥാനത്തിൽ കോൺഗ്രസ്സും ഇടതുപക്ഷ പാർടികളുമെല്ലാം തങ്ങളുടെ ബാലൻസ് ഷീറ്റുകൾ പരിശോധിക്കുന്ന തിരക്കിലാണല്ലോ.
 
 കഴിഞ്ഞ 10 വർഷമായി യു പി എ സർക്കാർ പിന്തുടർന്നുവന്ന ജനവിരുദ്ധമായ സാമ്പത്തികനയങ്ങളായിരുന്നു കോൺഗ്രസ്സിന്റെ പതനത്തിനു കാരണമെന്ന് കോൺഗ്രസ്സ് നേതാക്കൾ തന്നെ പരസ്യമായി അഭിപ്രായപ്രകടനം നടത്തിത്തുടങ്ങിയിരിക്കുന്നു; അവരിലാരും തന്നെ ഇക്കാലമത്രയും അതിനെതിരെ ഒരക്ഷരം ഉരിയാടാൻ ധൈര്യം കാണിച്ചിരുന്നില്ലെങ്കിലും! ഓപ്പൺ മാർക്കറ്റ് പോളിസിയിലൂടെ ശാസ്ത്രസാങ്കേതിക വിദ്യയുടെ പല നേട്ടങ്ങളും സാധാരണക്കാരിൽ വരെ എത്തിയെങ്കിലും പെട്രോളിയം ഉല്പ്പന്നങ്ങളുടെ വിലനിർണയാവകാശം പെട്രോളിയം കമ്പനികൾക്ക് തീറെഴുതപ്പെട്ടതും അതുമൂലമുണ്ടായ അനിയന്ത്രിയമായ വിലക്കയറ്റവും സാധാരണജനങ്ങളുടെ നിത്യജീവിതത്തെ ദുരിതത്തിലാഴ്തി. പൊതുമേഖലാ സ്ഥാപനങ്ങളെ തകർക്കുന്ന നയം നെഹ്രുവും തുടർന്ന് ഇന്ദിരാഗാന്ധിയും തുടർന്നുവന്ന സമ്മിശ്ര സമ്പദ് വ്യവസ്ഥയുടെ ചരമക്കുറിപ്പെഴുതാൻ തുടങ്ങി. കോൺഗ്രസ്സിന്റെയും ഘടകകക്ഷികളുടെയും നേതാക്കൾ അഴിമതിയിലൂടെ കോടിക്കണക്കിനുരൂപയുടെ പൊതുമുതൽ കൊള്ളയടിച്ചു. അഴിമതിയിലൂടെ സ്വരൂപിച്ചെടുത്ത കള്ളപ്പണത്തിന്റെ പങ്ക് തെരെഞ്ഞെടുപ്പുചെലവുകൾക്കായി പ്രാദേശികഘടകങ്ങളിൽ വരെ ഒഴുകിയെത്തിയപ്പോൾ ജനാധിപത്യം പണാധിപത്യത്തിനു വഴിമാറി. 
 
ഒരിക്കൽ ഇന്ത്യൻ ഭരണം ഒറ്റയ്ക്കു കയ്യാളിയിരുന്ന കോൺഗ്രസ്സിന്‌ അതിന്റെ പരമപ്രധാന സ്വാധീന മേഖലയായിരുന്ന ഹിന്ദി ബെല്റ്റിലെ സ്വാധീനം നഷ്ടമാകുന്നത് മണ്ഡൽ കമ്മീഷൻ റിപ്പൊർട്ടിനെത്തുടർന്ന് പല സംസ്ഥാനങ്ങളിലും ഉയർന്നുവന്ന ജാതിരാഷ്ട്രീയമായിരുന്നു. പലതായി ഭിന്നിക്കപ്പെട്ട ജനതാപാർടിയുടെ അവശിഷ്ടങ്ങളായ പ്രാദേശികപാർടികളും പുതുതായി മുളച്ചുവന്ന ജാതീയപാർടികളുമെല്ലാം ഇന്ത്യൻ സാമൂഹ്യവ്യവസ്ഥയുടെ ഉല്പ്പന്നങ്ങളായ ജാതീയതയിൽ തങ്ങളുടെ രാഷ്ട്രീയ സ്വപ്നങ്ങൾക്ക് ഊടും പാവും നെയ്തു. ഈ ജാതീയ രാഷ്ട്രീയത്തിനുമേൽ ബി ജെ പി നേടിയ മേൽ കയ്യാണ്‌ അവരിലേക്ക് 2014 ലെ തെരെഞ്ഞെടുപ്പിൽ ഇന്ദ്രപ്രസ്ഥത്തിന്റെ നിയന്ത്രണം കൊണ്ടെത്തിക്കുന്നതിൽ പ്രധാന കാരണമായത്. എന്നാൽ ഏറെ ദയനീയമായിരിക്കുന്നത് ഇടതുപക്ഷപാർടികളുടെ അവസ്ഥയാണ്‌. പശ്ചിമബംഗാൾ, കേരളം, തൃപുര എന്നീ സ്ംസ്ഥാനങ്ങളിൽ നിർണായക സ്വാധീനമുള്ള സി പി ഐ എമ്മിന്‌, ആ സ്വാധീനവും അതുപയോഗിച്ച് ഇതര സംസ്ഥാനങ്ങളിലെ പ്രാദേശികപാർടികളുമായിചേർന്ന് നേടിയ വിരലിണ്ണാവുന്ന സീറ്റുകളും മാത്രമായിരുന്നു രാഷ്ട്രീയ മൂലധനം. കേരളത്തിലെ ലോക് സഭാ സീറ്റുകളിൽ ഏറ്റക്കുറച്ചിലുകൾ ഉണ്ടാകാറുണ്ടെങ്കിലും മൂന്നരപതിറ്റാണ്ടോളം ബംഗാളീലെ മുടിചൂടാമന്നന്മാരായി നേടിയ സീറ്റുകളുടെ ബലത്തിലാണ്‌ സി പി ഐ എം ഇടതുകക്ഷികളുടെ നേതൃത്വത്തിലേക്ക് വരുന്നതും, പലപ്പോഴും കേന്ദ്ര രാഷ്ട്രീയത്തിലെ രാഷ്ട്രീയരംഗസംവിധായകരായി മാറിയതും. എന്നാൽ എപ്പോൾ മുതലാണോ സി പി ഐ എം ചവിട്ടിനിന്ന മണ്ണീനെ മറന്ന്, തങ്ങളുടെ കരുത്തായ പാവപ്പെട്ട കർഷകരുടെ നെഞ്ചിലേക്ക് പോലും നിറയൊഴിക്കാനുള്ള ചങ്കുറപ്പ് നേറിയത്, അവരുടെ പതനം അവിടെ തുടങ്ങുന്നു. 

1964 ലെ പിളർപ്പിനുശേഷവും ബിഹാർ, ആന്ധ്രപ്രദേശ്, തമിഴ്നാട്, പഞ്ചാബ്, ഒരീസ്സ, മണിപ്പൂർ, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിൽ നിർണായക സ്വാധീനമുണ്ടായിരുന്ന സി പി ഐ ആകട്ടെ, പില്ക്കാലത്ത് ചില പോക്കറ്റുകളിലേക്ക് ഒതുക്കപ്പെടുന്നതും, പിന്നീട് ജാതിരാഷ്ട്രീയത്തിന്റെ കടന്നുവരവോടെ ചിത്രത്തിൽ നിന്നും നിഷ്കാസനം ചെയ്യപ്പെടുന്നതുമാണ്‌ കാണാൻ കഴിയുന്നത്. സി പി ഐ എമ്മിനൊപ്പം ചേർന്ന് നിന്നുകൊണ്ട് ബംഗാളിൽ നിന്നും കേരളത്തിൽ നിന്നും നേടാൻ കഴിഞ്ഞിരുന്ന ചില സീറ്റുകളും തമിഴ്നാട്, ഒറീസ്സ, ആന്ധ്രപ്രദേശ്, മണിപ്പൂർ തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്ന് ചില പ്രാദേശികപാർടികളുടെ സന്മനസ്സിൽ കിട്ടിയ ഒന്നോ രണ്ടോ സീറ്റുകളുമായി ദേശീയ കക്ഷി എന്ന പദവി നിലനിർത്താൻ ഇക്കാലമത്രമുയും സി പി ഐക്ക് കഴിഞ്ഞു. എന്നാൽ ബംഗാളും, തമിഴ്നാട്ടും, ഒറീസ്സയും, മണിപ്പൂരുമെല്ലാം കൈവിട്ടുപോയപ്പോൾ കേരളത്തിൽ നിന്ന് ലഭിച്ച ഒരേയൊരു സീറ്റിന്റെ ബലത്തിൽ പാർലമെന്റിൽ പ്രാതിനിധ്യം നിലനിർത്താൻ കഴിഞ്ഞ സി പി ഐയെ സംബന്ധിച്ചും ഭാവി ഏറെ ചർച്ചചെയ്യപ്പെടേണ്ടതും കാലോചിതമായ തീരുമാനങ്ങൾ എടുത്ത് മുന്നോട്ട് പോകേണ്ടതുമുണ്ട്. പാർലമെന്റ് തെരെഞ്ഞെടുപ്പിനെത്തുടർന്ന് ഇടതുപക്ഷരാഷ്ട്രീയത്തിന്റെ ഇന്ത്യയിലെ പ്രസക്തിയെ സംബന്ധിച്ച്‌ പ്രസ്ഥാനത്തെ സ്നേഹിക്കുന്നവർക്കിടയിൽ നിന്നും ശത്രുക്കൾക്കിടയിൽ നിന്നും സംവാദങ്ങൾ ഉയർന്നുവന്നുകഴിഞ്ഞിട്ടുണ്ട്. കമ്മ്യൂണിസ്റ്റുപാർടികളുടെ ദേശീയപാർടി പദവി പോലും നഷ്ടമാകുന്ന അവസ്ഥയുണ്ടെന്നും ഇനി ഇന്ത്യയിൽ അവർക്ക് നിലനില്ക്കാനാവില്ലെന്നുമുള്ള ആഘോഷങ്ങൾ സോഷ്യൽ മീഡിയയിൽ പോലും ശക്തമാണ്‌. എന്നാൽ ഇന്ത്യയിലെ പീഡിതജനതയുടെ ഉയർത്തെഴുന്നേല്പ്പിന്‌ ഇടതുപക്ഷത്തിന്റെ നിലനില്പ്പ് അത്യന്താപേക്ഷിതമാണെന്ന് കരുതുന്നവർ നിലനില്പ്പിന്റെ ആശങ്കകൾ പങ്കുവെക്കുന്നതോടൊപ്പം അതിനുള്ള നിർദ്ദേശങ്ങളും മുന്നോട്ട് വെയ്ക്കുന്നു. ഇതിൽ ആദ്യത്തേതാണ്‌, കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ പുനരേകീകരണം മുഖ്യ അജണ്ടയായി ചർച്ചകൾക്ക് തുടക്കം കുറിക്കണമെന്ന അഭിപ്രായത്തോടെ സി പി ഐ നേതാവ് ബിനോയ് വിശ്വം ജനയുഗം ദിനപത്രത്തിൽ എഴുതിയ മുഖപ്രസംഗം. കമ്മ്യൂണിസ്റ്റ് പാർടിയുടെ ഇന്ത്യയിലെ നിലവിലുള്ള ഒരേയൊരു പാർലമെന്റ് അംഗമായ സി എൻ ജയദേവനും ഇതേ ആശയം പങ്ക് വെക്കുന്നുണ്ട്. കമ്മ്യൂണിസം ഒരു മന്ത്രമൊന്നുമല്ല, ഒരു വഴികാട്ടി മാത്രമാണ്‌; അത് ഇന്ത്യൻ സാഹചര്യത്തിൽ പ്രായോഗികമായി ഉപയോഗിക്കുകയാണ്‌ വേണ്ടതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടതായി പത്രങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സി പി ഐയെ സംബന്ധിച്ച് ഇത് ഒരു പുതിയ അഭിപ്രായമൊന്നുമല്ല. കമ്മ്യൂണിസ്റ്റ് പുനരേകീകരണം അവർ എന്നേ മുഖ്യ ചർച്ചയായി എടുത്തുകഴിഞ്ഞിരുന്നു. അത് സി പി ഐ യും സി പി ഐ എമ്മും തമ്മിലുള്ള ലയനമല്ല, മറിച്ച് ഇന്ത്യയിലെ എല്ലാ കമ്മ്യൂണിസ്റ്റ് ഗ്രൂപ്പുകളുടെയും പുനരേകീകരണമാണെന്നും അവർ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ സി പി എമ്മിന്റെ ഭാഗത്തുനിന്ന് ഇന്നുവരെ അനുകൂല സമീപനം ഉണ്ടായിട്ടില്ല. ബിനോയ് വിശ്വത്തിന്റെ അഭിപ്രായം അകാലികമായ അഭിപ്രായമാണെന്നാണല്ലോ സി പി എം പി ബി അംഗം എം ഏ ബേബി വിലയിരുത്തിയത്.

കമ്മ്യൂണിസ്റ്റുപാർടികൾക്ക് ഇന്നുള്ള രൂപത്തിൽ എത്രകാലം മുന്നോട്ട് പോകാനാകും? പോയാൽ തന്നെ, തങ്ങളുടെ നിലനില്പ്പുകൊണ്ട് സമൂഹത്തിന്‌ എന്ത് സംഭാവന നല്കാനാകും? ഇന്ത്യൻ ജനാധിപത്യത്തിൽ ക്രിയാത്മകമായി ഒന്നും ചെയ്യാനാകാതെ, തങ്ങളുടെ ദേശീയപാർടിപദവി നിലനിർത്തി ഉന്തിത്തള്ളി മുന്നോട്ട് പോവുക എന്ന മിനിമം അജണ്ടയുമായി ഇത്തരം പാർടികൾ കൊണ്ട് രാജ്യത്തിനും ജനതയ്ക്കും വല്ല നേട്ടവുമുണ്ടാകുമോ? ഇന്ത്യൻ ജനാധിപത്യത്തിന്റെ ഭാവിതന്നെ ഫാസിസത്തിന്റെ മുൾമുനയിൽ നില്ക്കുമ്പോൾ രാജ്യത്തെയും ജനാധിപത്യത്തെയും സംബന്ധിച്ച് ചിന്തിക്കുന്നവരെ സംബന്ധിച്ച് ഏറെ പ്രസക്തിയുള്ള ചോദ്യമാണിത്. ശതകോടീശ്വരന്മാരും സഹസ്രകോടീശ്വരന്മാരും നിറഞ്ഞാടുന്ന ഇന്ത്യൻ ജനാധിപത്യത്തിൽ ജനപക്ഷത്തു നിന്നുകൊണ്ട് സംസാരിക്കാൻ ഒരു ശക്തമായ ഇടതുപക്ഷം ഇന്ത്യക്കാവശ്യമില്ലേ?
 

എന്താണ്‌ പോംവഴി?

2012-ൽ പാറ്റ്നയിൽ നടന്ന സി പി ഐ 21-ആം പാർടി കോൺഗ്രസ്സ് അംഗീകരിച്ച രാഷ്ട്രീയപ്രമേയം സമൂഹത്തിന്റെ അടിസ്ഥാനപരമായ മാറ്റത്തിന്‌ വേണ്ട അടിയന്തിരകടമയായി പാർടി സംഘടന കെട്ടിപ്പടുക്കുന്ന കാര്യമാണ്‌ എടുത്തുപറയുന്നത്. എല്ലാ സംസ്ഥാനങ്ങളിലും ശക്തമായ പാർടി സംഘടനയില്ലാതെ ജനങ്ങളുടെ അടിസ്ഥാനപ്രശ്നങ്ങളിൽ ഇടപെടാനാകില്ലെന്ന് രേഖ എടുത്തുപറയുന്നു. എന്നാൽ സി പി ഐയെ സംബന്ധിച്ച് മാത്രമല്ല, സി പി ഐ എമ്മിനെ സംബന്ധിച്ചും ഇന്ന് ഇല്ലാത്തത് അതുതന്നെയാണ്‌. (കേരളവും, ബംഗാളും ത്രിപുരയും മാറ്റി നിർത്താം). സങ്കുചിത താല്പര്യങ്ങളും കുടുംബ താല്പര്യങ്ങളും മാത്രം ലക്ഷ്യം വെയ്ക്കുന്ന പ്രാദേശികപാർടികളുടെ കാരുണ്യത്തിൽ ഏതാനും സീറ്റുകൾ അസംബ്ലികളിലേക്കും പാർലമെന്റിലേക്കും നേടുകയെന്ന അജണ്ടയിലപ്പുറം ഇന്നുള്ള പാർടി സംവിധാനവുമായി ഇന്ത്യയിൽ എന്തു പണിയാണ്‌ ഇടതുപക്ഷത്തിനു ക്രിയാത്മകമായി ചെയ്യാനാവുക എന്നൊരു ചോദ്യത്തിനാണ്‌ നേതൃത്വം ഉത്തരം തരേണ്ടത്.

പാർലമെന്ററി ജനാധിപത്യം സമരതന്ത്രം മാത്രമോ?

1964 ലെ പിളർപ്പിനുശേഷം രൂപം കൊണ്ട സി പി ഐ എം പാർലമെന്ററി ജനാധിപത്യത്തിൽ ഇടപെടുന്നതിനെ ഒരു സമരതന്ത്രമായി കണ്ടപ്പോൾ സി പി ഐ സമാധാനപരമായ പാർലമെന്ററി പ്രവർത്തനത്തിലൂടെയുള്ള സാമൂഹിക പരിവർത്തനമാണ്‌ മുന്നോട്ട് വെച്ചത്. സി പി ഐ ഭരണഘടനയുടെ ആമുഖത്തിൽ ഒരു ഖണ്ഡികയിൽ ഇങ്ങനെ കാണുന്നു. “ഇന്ത്യൻ കമ്മ്യൂണിസ്റ്റ് പാർടി നിയപ്രകാരം സ്ഥാപിതമായ ഇന്ത്യൻ ഭരണഘടനയോടും, സോഷ്യലിസം, മതനിരപേക്ഷത, ജനാധിപത്യം എന്നീ തത്വങ്ങളോടും ആത്മാർത്ഥമായ കൂറും വിശ്വാസവും പുലർത്തുകയും ഇന്ത്യയുടെ പരമാധികാരവും ഐക്യവും, അവിച്ഛന്നതയും ഉയർത്തിപ്പിടിക്കുകയും ചെയ്യുന്നതാണ്‌.” എന്നാൽ അതേ ആമുഖത്തിൽ തന്നെ മറ്റൊരിടത്ത് ഇങ്ങനെയാണുള്ളത് : “സോഷ്യലിലം കെട്ടിപ്പടുക്കുന്നതിനു സോഷ്യലിസ്റ്റ് ജനാധിപത്യത്തിൽ അധിഷ്ഠിതമായ, അധ്വാനിക്കുന്ന ജനങ്ങളുടെ ഭരണാധികാരം നേടിയെടുക്കേണ്ടത് അത്യാവശ്യമാണ്‌. അധ്വാനിക്കുന്ന ജനങ്ങളോടും അവരുടെ ചരിത്രപരമായ ദൗത്യത്തോടും അടിപതറാത്ത കൂറു പുലർത്തിക്കൊണ്ട് ഇന്ത്യൻ കമ്മ്യൂണിസ്റ്റുപാർടി ഈ ദൗത്യത്തിന്റെ സാക്ഷാത്കാരാത്തിനുവേണ്ടി പ്രയത്നികുകയും, ഇന്ത്യയിൽ ഒരു കമ്മ്യൂണിസ്റ്റ് സമുദായം സ്ഥാപിക്കുകയെന്ന അതിന്റെ അന്തിമലക്ഷ്യത്തിലേക്ക് മുന്നേറുകയും ചെയ്യും. “ സായുധവിപ്ലത്തിലൂടെയുള്ള സാമൂഹികപരിവർത്തനം എന്ന ആശയത്തെ എന്നേ തള്ളീക്കളഞ്ഞ പാർടിയെന്ന നിലയിൽ സി പി ഐ മുന്നോട്ട് വെയ്ക്കുന്നത് പാർലമെന്ററി ജനാധിപത്യത്തിലൂടെയുള്ള അധികാരലബ്ധിയും ഭൂപരിഷ്കരണമടക്കമുള്ള വിപ്ലവകരമായ തീരുമാനങ്ങൾ നടപ്പാക്കിയ അതേ സോഷ്യൽ പീസ് മീൽ എഞ്ചിനീയറിങ്ങിന്റെ രീതിയും തന്നെയായിരിക്കുമെന്ന് നമുക്ക് ഊഹിക്കാം.
എന്നാൽ സി പി ഐ എം ഭരണഘടന “തൊഴിലാളിവർഗ സർവാധിപത്യം സ്ഥാപിക്കുന്നതിലൂടെ സോഷ്യലിസവും കമ്മ്യൂണിസവും കൈവരുത്തുകയാണ്‌ തങ്ങളുടെ ലക്ഷ്യമെന്ന്” ഭരണഘടനയിലൂടെ വ്യക്തമാക്കുന്നു. തൊഴിലാളി വർഗ സർവാധിപത്യമെന്ന ആശയം അടിസ്ഥാനപരമായി പാർടി ആധിപത്യംതന്നെയാണെന്ന് സോവിയറ്റ് യൂണിയനിലെയും മറ്റ് കാലഹരണപ്പെട്ട സോഷ്യലിസ്റ്റ് രാജ്യങ്ങളിലെയും അനുഭവം നമ്മളെ പടിപ്പിക്കുന്നു. ഉത്തരകൊറിയയിൽ ഇന്ന് അത് കുടുംബാധിപത്യവും ഫാസിസവുമായി രൂപപ്പെട്ടിരിക്കുന്നതും നമുക്ക് കാണാനാകും. പാർലമെന്ററി ജനാധിപത്യത്തിലൂടെയായാലും, തൊഴിലാളിവർഗ വിപ്ലവത്തിലൂടെയായാലും നിലവിലുള്ള ലോക സാഹചര്യത്തിൽ ഇന്ത്യയിൽ ഒരു ‘കമ്മ്യൂണിസ്റ്റ് സമൂഹം കെട്ടിപ്പടുക്കുക’ എന്നൊക്കെയുള്ള അവകാശവാദം ഏതുനിലക്ക് നോക്കിയാലും ഒരിക്കലും നടപ്പാകാത്ത ഒരു സ്വപ്നമായി അവശേഷിക്കാനാണിട. ബലപ്രയോഗത്തിലൂടെ ഇത്തരം നീക്കങ്ങൾ നടന്ന കഴിഞ്ഞ നൂറ്റാണ്ടിന്റെ ചരിത്രം നമുക്ക് നല്കുന്ന പാഠം അതാണ്‌. പ്രായോഗികമായി നോക്കിയാലും ഇത്തരം അവകാശവാദങ്ങൾ എത്രതലമുറകൾക്ക്ക് ശേഷമായിരിക്കും നടപ്പാകുകയെന്നതും അത് നടപ്പാക്കാൻ തങ്ങളുടെ കൈവശമുള്ള വിഭവങ്ങളും ഉപായങ്ങളും എന്തെന്നും കൂടി വ്യക്തമാക്കപ്പെടേണ്ടതുണ്ട്. ലോകം മാറുന്നതും തലമുറ മാറുന്നതും അറിയാതെ പോയകാലത്തിന്റെ കടും പിടുത്തങ്ങളുമായി ഏറെകാലം മുന്നോട്ട് പോകാനാകില്ല. എന്നാൽ രാപകലും പണിയെടുത്തിട്ടും വേണ്ടത്ര വിദ്യാഭ്യാസവും പാർപ്പിട സൗകര്യങ്ങളും ആതുരസേവനവും ലഭ്യമാകാത്ത ഒരു ജനത ചുറ്റുമുണ്ടുതാനും. ഭൂപരിഷ്കരണം, പൊജനാരോഗ്യം, പൊതുവിതരണം, കൃഷി, ജനകീയാസൂത്രണം, പൊതുവിദ്യാഭ്യാസം തുടങ്ങിയ മേഖലകളിൽ പോയ ഇടതുപക്ഷ സർക്കാരുകൾ തുടങ്ങിവെച്ച സോഷ്യൽ പീസ് മീൽ എഞ്ചിനീയറിങ്ങിന്റെ വഴിതന്നെയാണ്‌ മെച്ചപ്പെട്ട വഴിയെന്നും അതൊക്കെ നടപ്പാക്കത്തക്ക രീതിയിൽ സംഘടനാ സംവിധാനത്തെ മെച്ചപ്പെടുത്തേണ്ടതുണ്ടെന്നും അതിനു പുതിയ വഴികൾ ആരായേണ്ടതുണ്ടെന്നും കൺതുറന്നുകാണാൻ ഇന്ത്യയിലെ ഇടതുപക്ഷപ്രസ്ഥാനത്തിനു കഴിയേണ്ടതുണ്ട്.
എം എ ബേബിയും അദ്ദേഹത്തിന്റെ പാർടിയും പറയുന്നതുപോലെ സി പി ഐയും സി പി ഐ എമ്മും തമ്മിൽ കടലാസിലും പ്രയോഗത്തിലും ഒരുപാട് അഭിപ്രായ ഭിന്നതകൾ ബാക്കിയുണ്ട്. ആ അഭിപ്രായ ഭിന്നതകൾ നിലനില്ക്കുമ്പോൾ ലയനം ‘അകാലികം’ തന്നെ. എന്നാൽ അപ്രയോഗികമായ വിപ്ലവ വഴികളെചൊല്ലി ശണ്ഠകൂടി കാലം കഴിക്കുന്നതിനുപകരം നിലവിലുള്ള ഇന്ത്യൻ സാഹചര്യങ്ങളെ കൂട്ടായിരുന്നൊന്ന് വിലയിരുത്തുവാനും, അതിൽ നിന്നും കൂട്ടായ നിഗമനങ്ങളിൽ എത്തുവാനും കഴിഞ്ഞാൽ ഇത്തരം ഭിന്നതകളെ ദൂരീകരിക്കാനാകും. നരച്ചുപഴകിയ വിപ്ലവസ്വപ്നങ്ങളെ താലോലിക്കുകയും സാങ്കല്പിക വഴികളുടെ പേരിൽ ശണ്ഠകൂടുകയുമല്ല, പ്രായോഗികാർത്ഥത്തിൽ എന്തുചെയ്യണെമെന്ന് ചിന്തിക്കുകയാണ്‌ ബുദ്ധിയുള്ളവർ ചെയ്യേണ്ടത്. സ. ബിനോയ് വിശ്വം തുടങ്ങിവെച്ച ചർച്ചകൾ അത്തരമൊരു പോസിറ്റീവായ വഴിയിലേക്ക് നീങ്ങിയാൽ അത് ഇന്ത്യയിൽ ദൂരവ്യാപകമായ ഫലങ്ങൾ ചെയ്തേക്കാം. സി പി ഐ യും സി പി ഐ എമ്മും മാത്രമല്ല, ഇതരപാർടികളിൽ പ്രവർത്തിക്കുന്നവരും അല്ലാത്തവരുമായ സമാന മനസ്കരും ചേർന്നുകൊണ്ട് ഒരു പുതിയ ഇടതുപക്ഷപ്രസ്ഥാനം ഇന്ത്യയിൽ വളർന്നു വരണം. പുതിയ പ്രതീക്ഷകളെ മുന്നോട്ട് നയിക്കാൻ പുതിയ തലമുറ മുന്നോട്ട് വരുമെന്ന് ഇന്ത്യയിൽ ഉദയം ചെയ്ത ആം ആദ്മി പാർടിയുടെ പിന്നിൽ അണിനിരന്ന ജനതയുടെ പാഠം നമ്മോട് പറയുന്നു. അവിടെ ഒരിക്കലും നടക്കാത്ത ഉട്ടോപ്യൻ സ്വപ്നങ്ങളല്ല, ഇന്ത്യൻ ജനതയുടെ ദൈന്യതയാണ്‌ വഴികാട്ടിയാകേണ്ടത്. ഇവിടെയാണ്‌ സ. ജയദേവൻ പറഞ്ഞുവെച്ച ആശയത്തിന്റെ പ്രസക്തി. കമ്മ്യൂണിസം ഒരു മന്ത്രമൊന്നുമല്ല, ഒരു വഴികാട്ടി മാത്രമാണ്‌. അത് ഇന്ത്യൻ സാഹചര്യത്തിൽ പ്രായോഗികമായി ഉപയോഗിക്കുകയാണ്‌ വേണ്ടത്. കമ്മ്യൂണിസമെന്നത് മർദ്ദിതജനതയോടുള്ള പക്ഷപാതിത്വവും അവരുടെ ഉയർത്തെഴുന്നേല്പ്പിനുവേണ്ടിയുള്ള പാർലമെന്ററി ജനാധിപത്യത്തിലൂടേയുള്ള സോഷ്യൽ പീസ് മീൽ എഞ്ചിനീയറിങ്ങും തന്നെയാണെന്നതാണ്‌ ആ ഇന്ത്യൻ സാഹചര്യം.