മനുഷ്യന്‍ സൃഷ്ടിച്ചിട്ടുള്ളതില്‍ വെച്ച് ഏറ്റവും നശീകരണശേഷിയുള്ള ആയുധമാണ്‌ മതം.

Saturday, June 19, 2010

ദുരന്തങ്ങള്‍ നമ്മെ ഓര്‍മ്മിപ്പിക്കുന്നത്.....!!!!!

          മംഗലാപുരം വിമാന ദുരന്തം നമ്മെ ഒര്‍മ്മിപ്പിക്കുന്നത് എന്തെല്ലാമാണ്‌? ദുരന്തം നടന്ന ശേഷം പൊതുവെ വിലയിരുത്തപ്പെട്ടത് വിമാനത്താവളത്തിന്റെ പ്രത്യേക ആകൃതിയും ഭൂമിശാസ്ത്രപരമായ കിടപ്പുമാണ്‌ ദുരന്തത്തിനു പ്രഥമ കാരണമെന്നാണ്‌. ശരിയായ കാരണം കണ്ടു പിടിക്കാന്‍ വേണ്ടി വിമാനത്തിന്റെ ബ്ലാക്ക് ബോക്സ് കണ്ടെത്താന്‍ തന്നെ വളരെയേറെ പ്രയത്നവും തിരച്ചിലും വേണ്ടി വന്നു. സാധാരണ ഒരു വിമാന ദുരന്തത്തിന്‌ കാരണമായേക്കാവുന്നത്, യന്ത്രത്തകരാര്‍, പൈലറ്റിന്റെ പിഴ, മോശമായ കാലാവസ്ഥ തുടങ്ങിയവയാകാം.

          എന്നാല്‍ അതൊന്നുമല്ലെന്നാണ്‌ പ്രബോധനം വാരിക പറയുന്നത്. (2010 ജൂണ്‍ 5)

          വാരിക പറയുന്നു:-

ഓരോരുത്തരുടെയും മരണത്തിന്റെ സ്ഥലവും സമയവും സ്വഭാവവും നിര്‍ണിതവും അലംഘനീയവുമാണെന്നും, അതിന്‌ അണുവിട വ്യത്യാസമുണ്ടാവുകയില്ലെന്നുമാണ്‌ ഇത്തരം അപകടങ്ങളുടെ മറ്റൊരു പാഠം. തികച്ചും ആകസ്മികവും യാദൃശ്ചികവുമെന്ന് നമുക്ക് തോന്നുമെങ്കിലും, അല്ലാഹുവിന്റെ 'കിതാബില്‍' അവ 'വെല്‍ പ്ലാന്‍ഡ്' ആണ്‌. നേരത്തെ പോകാന്‍ നിശ്ചയിച്ചവരും മറ്റൊരു വിമാനത്തില്‍ പോകാന്‍ തീരുമാനിച്ചവരുമൊക്കെ അപകടത്തില്‍ പെട്ട വിമാനത്തിലേക്ക് 'ആനയിക്കപ്പെടുകയായിരുന്നു'.

          അതായത് ദുരന്തത്തിന്‌ കാരണംതേടി നമ്മള്‍ ബുദ്ധിമുട്ടേണ്ടെന്നാണ്‌ പ്രബോധനം പ്രബോധിക്കുന്നത്. എന്തെല്ലാം മുന്‍ കരുതലുകള്‍ ഉണ്ടായാലും കാര്യമില്ല. സംഭവിക്കാന്‍ മുന്‍ കൂട്ടി നിശ്ചയിക്കപ്പെട്ടവ സംഭവിച്ചിരിക്കും. ഇതുപ്രകാരം നമുക്ക് അനുമാനിക്കാവുന്ന മറ്റു കാര്യങ്ങള്‍:

1. മുംബൈയില്‍ ഭീകരാക്രമണം നടക്കുമെന്നും അവിടെ മരിക്കാന്‍ നിശ്ചയിക്കപ്പെട്ടവര്‍ വെടിയേറ്റു തന്നെ മരിക്കുമെന്നും അല്ലാഹു കിതാബില്‍ വെല്‍ പ്ലാന്‍ ചെയ്തിരിക്കുന്നു. ആയതിനാല്‍ അജ്മല്‍ കസബ് നിരപരാധിയാണ്‌. അയാളെ വിചാരണ ചെയ്യുന്നതിന്‌ യാതൊരു ന്യായവുമില്ല.

2. ഗുജറാത്തില്‍ സവര്‍ണ്ണ ഫാസിസ്റ്റുകള്‍ മുസ്ലിംകളെ തെരഞ്ഞു പിടിച്ച് വംശഹത്യ നടത്തുമെന്ന് അല്ലാഹു മുന്‍കൂട്ടി പ്ലാന്‍ ചെയ്ത് കിതാബില്‍ എഴിതിവെച്ചിരിക്കുന്നു. അതുകൊണ്ട് അതിന്‌ നേതൃത്വം നല്‍കിയതെന്ന് പറയുന്ന നരേന്ദ്ര മോഡിയല്ല മറിച്ച് അവരെക്കൊണ്ട് അതു ചെയ്യിച്ച അല്ലാഹുവാണ്‌ കുറ്റക്കാരന്‍. അതുകൊണ്ട് സവര്‍ണഫാസിസത്തിനെതിരായ പോരാട്ടത്തില്‍ ഒരു കാര്യവുമില്ല.

3. ഇറാഖിലെ സാമ്രാജ്യത്വാധിനിവേശവും, ഫലസ്തീനിലെ അതിക്രമവും അല്ലാഹു മുന്‍കൂട്ടി പ്ലാന്‍ ചെയ്തതാണ്‌.

4. സദ്ദാം ഹുസൈനെ തൂക്കിക്കൊന്നത് അല്ലാഹുവിന്റെ പ്ലാനിങ് അനുസരിച്ചാണ്‌.

          അതുകൊണ്ട് ഇനി മുതല്‍ നമുക്ക് വിമാനത്താവളങ്ങളിലെ സുരക്ഷ ഒഴിവാക്കാം. ഡ്രൈവിങ് പഠിക്കാത്തവരെയും ഡ്രൈവ് ചെയ്യാന്‍ അനുവദിക്കാം. ഇരുചക്ര വാഹങ്ങളില്‍ ഹെല്‍മെറ്റ് ഒഴിവാക്കാം. ഫാസിസ്റ്റുകള്‍ നരഹത്യ ചെയ്യുമ്പോല്‍ അത് പ്ലാന്‍ ചെയ്ത അല്ലാഹുവിനെ സ്തുതിക്കാം.

പ്രബോധനം തുടരുന്നു:-

മനുഷ്യന്റെ അഹങ്കാരവും അഹന്തയും തനിക്കു താന്‍ പോന്നവനെന്ന നാട്യങ്ങളുമാണ്‌ ദുരന്തങ്ങളിലും അപകടങ്ങളിലും ആദ്യം തകര്‍ന്നു വീഴുന്നത്. ഭൂമി തന്റെ കാല്‍ കിഴിലാണെന്നും ആകാശം താനാണ്‌ താങ്ങി നിര്‍ത്തുന്നതെന്നും നിഗളിക്കുന്ന മനുഷ്യന്‍ സ്വന്തം ഭാവിയുടെയും ഭാഗദേയത്തിന്റെയും കാര്യത്തില്‍ പോലും തനിക്കൊരു പങ്കുമില്ലെന്ന് തിരിച്ചറിയുന്ന അപൂര്‍വ്വ സന്ദര്‍ഭമാണിവ.

          ഏത് മനുഷ്യനാണ്‌ ഇങ്ങനെ നടിക്കുന്നതെന്ന് മനസ്സിലാകുന്നില്ല. ഇനി ആരെങ്കിലും അങ്ങനെ കരുതുന്നുവെങ്കില്‍ അവരെ ഓര്‍മ്മിപ്പിക്കുന്നതിനുപകരം നിരപരാധികളായ പിഞ്ചുകുട്ടികളടക്കമുള്ള മനുഷ്യര്‍ക്കു മേല്‍ ക്രൂര വിനോദം നടത്തുന്നതിന്‌ അല്ലാഹുവിന്‌ എന്ത് ന്യായമാണുള്ളത്? സര്‍വ്വ ശക്തനെന്ന് വിശേഷിപ്പിക്കുന്ന അല്ലാഹുവിന്‌ നിസ്സാരനായ മനുഷ്യനെ ഇത്ര ചെറിയ ഒരു കാര്യം മനസ്സിലാക്കിക്കാന്‍ ഈയൊരു വഴി മാത്രമേ ഉള്ളോ?

          പ്രബോധനം ലേഖകന്‍ അവസാനിപ്പിക്കുന്നത് ഇങ്ങനെയാണ്‌: അല്ലാഹു അവരുടെ പാപങ്ങള്‍ പൊറുത്തുകൊടുക്കുകയും പരലോകത്ത് സ്വര്‍ഗ്ഗം നല്‍കി അനുഗ്രഹിക്കുകയും ചെയ്യട്ടെ.

പിഞ്ചുകുട്ടികള്‍ക്ക് എന്ത് പാപമാണ്‌ അല്ലാഹു പൊറുത്തു കൊടുക്കാന്‍ പോകുന്നത്?

(പ്രബോധനം, ദുരന്തങ്ങളുടെ ഉത്തര്വാദിത്വം അല്ലാഹുവില്‍ ചാരിയതിനാലാണ്‌ ഇവിടെ ചര്‍ച്ചാവിഷയം അല്ലാഹുവായത്. മറ്റ് മതസ്ഥരും ഇതേ അഭിപ്രായക്കാരാണ്‌. ജ്യോതിഷ വിശ്വാസികളെ സംബന്ധിച്ച് ദുരന്തകാരണം ഗ്രഹങ്ങളുടെ കോപമാകാമെന്നു മാത്രം. അതുകൊണ്ട് അല്ലാഹു ഭക്തര്‍ ഉലക്കയുമായി ചാടി വീഴേണ്ടെന്നു സാരം)

Sunday, June 6, 2010

അരെടാ ഈ യുക്തിവാദി?


     കള്ളന്‍, കൊള്ളക്കാരന്‍, കൊലപാതകി, വ്യഭിചാരി, വഞ്ചകന്‍- ഇക്കൂട്ടത്തില്‍ എത്രാമത്തെ നമ്പറിട്ടാണ്‌ നിങ്ങള്‍ യുക്തിവാദി, നിരീശ്വരവാദി എന്നിവരെ ചേര്‍ക്കാന്‍ പോകുന്നത്?

     യുക്തിവാദിയെന്നു കേള്‍ക്കുമ്പോള്‍ 'ചുവപ്പുകണ്ട കാളയെപ്പോലെ' വിളറിയെടുക്കുന്ന സാമാന്യ മതവിശ്വാസിയോടു മാത്രമല്ല ഈ ചോദ്യം. ഉള്ളില്‍ ആവശ്യത്തിലധികം യുക്തിബോധമുണ്ടായിട്ടും മറ്റുള്ളവരെ മുഷിപ്പിക്കേണ്ടെന്നുകരുതിയോ, അതാണ്‌ ജീവിച്ചുപോകാന്‍ കൂടുതല്‍ സൗകര്യമെന്നു കരുതിയോ യാന്ത്രികമായി വിശ്വസിക്കുകയും മതം ആചരിക്കുകയും ചെയ്യുന്ന കപട വിശ്വാസികളോടുകൂടിയാണ്‌ ഈ ചോദ്യം.

രംഗം 1
        ഏഷ്യാനെറ്റ് ഐഡിയ സ്റ്റാര്‍ സിംഗര്‍ മല്‍സരവേദി. 'പ്രേതഗാനം' റൗണ്ടില്‍ ഒരു അടിപൊളി പ്രേതഗാനം മനോഹരമായി ആലപിച്ച് ജഡ്ജസിന്റെ ലാത്തിയടി കൊള്ളാന്‍ തയ്യാറായി ചിരിച്ചുകൊണ്ടു്‌ മല്‍സരാര്‍ത്ഥിയായ പെണ്‍കുട്ടി നില്‍ക്കുന്നു. പാട്ടിനെ വിലയിരുത്തിക്കഴിഞ്ഞ ശേഷം പെട്ടെന്നാണ്‌ വിധികര്‍ത്താവായ പ്രശസ്ത ഗായകന്‍ ശ്രീ. എം ജി ശ്രീകുമാറിന്റെ ചോദ്യം.
     "പ്രേതം, ഭൂതം, പിശാച്, ചെകുത്താന്‍ ഇവയൊക്കെ ശരിക്കും ഉണ്ട് എന്ന് വിശ്വസിക്കുന്നുണ്ടോ?"

     അപ്രതീക്ഷിതമായ ചോദ്യം കേട്ട് പെണ്‍കുട്ടി ഒട്ടമ്പരപ്പോടെ പറഞ്ഞു:
     
       "ഇല്ല. എങ്കിലും പേടി തോന്നാറുണ്ട്."
    
     "ഒന്നു കൂടി വ്യക്തമായി പറയൂ. പ്രേതത്തെ പേടിയുണ്ടോ? അവയെല്ലാം ശരിക്കും ഉള്ളതാണെന്നു കരുതുന്നുണ്ടോ?"
        "ഇല്ല, എങ്കിലും പ്രേത സിനിമകളും സീരിയലുകളും കണ്ട ശേഷം ഉറങ്ങാന്‍ കിടന്നാല്‍ പേടി തോന്നാറുണ്ട്."

     "അങ്ങനെയുന്നുമില്ലെടേയ്, എല്ലാം വെറും അന്ധവിശ്വാസമാണെടേയ്. "

     ഓരോ മല്‍സരാര്‍ത്ഥിക്കുവേണ്ടിയും പ്രത്യേകം പ്രത്യേകം സര്‍വ്വേശ്വരനോട് പ്രാര്‍ത്ഥിക്കുന്ന ശ്രീ എം ജി ശ്രീകുമാറാണ്‌ ഇത്ര ലാഘവത്തോടെ ഈ വിഷയത്തോട് പ്രതികരിച്ചത്.

രംഗം 2

     മേല്‍ സംഭവം നടന്നതിന്റെ പിറ്റേ ദിവസം. എന്റെ സഹപ്രവര്‍ത്തകനായ അബ്ദുല്‍ ഗഫൂറിനോട് തമാശായ്ക്കുവേണ്ടി ചോദിച്ചു.

     "ഗഫൂറേ, നീ പ്രേതം, യക്ഷി, ഭൂതം, പിശാച്, കുട്ടിച്ചാത്തന്‍, ചെകുത്താന്‍ ഇവയില്‍ വിശ്വസിക്കുന്നുണ്ടോ?"
     "പ്രേതം, യക്ഷി, കുട്ടിച്ചാത്തന്‍ ഇവയിലൊന്നും വിശ്വാസമില്ല. പക്ഷേ ചെകുത്താന്‍, ജിന്ന്, മലക്ക്, ഇവയിലൊക്കെ നല്ല വിശ്വാസമുണ്ട്."

     "അതെന്താ ഗഫൂറേ ഒരു പക്ഷപാതം?"
      "ജിന്ന്‌, മലക്ക്, ചെകുത്താന്‍ ഇവയിലൊക്കെ വിശ്വസിക്കണമെന്ന് ഞങ്ങളുടെ കിതാബില്‍ പറഞ്ഞിട്ടുണ്ട്."

*********************************************************************

     ഇതില്‍ ആദ്യ സംഭവമെടുക്കാം. പ്രേതം, യക്ഷി, ഭൂതം, പിശാച് ഇവയിലൊക്കെ അന്ധമായി വിശ്വസിക്കുന്ന ഒരുപാടാളുകള്‍ ഇന്നുമുണ്ട്. അവയിലുള്ള വിശ്വാസത്തെ ശ്രീ. എം ജി ശ്രീകുമാര്‍ എങ്ങനെയാണ്‌ നിരാകരിച്ചത്? അത് ഏതെങ്കിലും 'അഭൗമശക്തി' യുടെ ആജ്ഞപ്രകാരമല്ലെന്നു വ്യക്തം. എന്തെങ്കിലും വെളിപാടു മൂലവുമല്ല, പിന്നെയോ? കഴിഞ്ഞ കാല ജീവിതത്തിനിടയില്‍ അദ്ദേഹം ആര്‍ജിച്ച ശാസ്ത്ര ജ്ഞാനവും അതുവഴി ആര്‍ജിച്ച യിക്തിബോധവും തന്നെയാണ്‌ അദ്ദേഹത്തെ ഇത്തരമൊരു നിരാകരണത്തിനു പ്രേരിപ്പിച്ചത്. ഇത്തരം 'തരംതാണ' വിശ്വാസങ്ങള്‍ തന്നെപ്പോളൊരാള്‍ക്ക് ചേര്‍ന്നതല്ലെന്നും അദ്ദേഹം കരുതുന്നുണ്ടാകാം.

     ഇനി രണ്ടാമത്തെ സംഭവം. ഇവിടെ ഗഫൂര്‍ പ്രേതം, യക്ഷി, കുട്ടിച്ചാത്തന്‍ ഇവയെ തള്ളിക്കളഞ്ഞതും അതേ മാനദണ്ഡപ്രകാരമാകാം. തന്റെ മതം അനുശാസിക്കുന്നില്ല എന്ന കാരണവും അതിനുണ്ടാകാം.

     ഇനി നമുക്കൊരു കാര്യം പരിശോധിക്കാം. ശ്രീ. എം ജി ശ്രീകുമാറും, എന്റെ സുഹൃത്ത് ഗഫൂറും കുറേ അന്ധവിശ്വാസങ്ങളെ തള്ളിക്കളഞ്ഞത് പൊറുക്കാന്‍ കഴിയാത്ത തെറ്റാണോ? അങ്ങനെ ചെയ്യുന്നത് പാപമാണോ? ഇക്കാര്യത്തില്‍ തങ്ങളുടെ ശാസ്ത്രബോധവും യുക്തിയും അവര്‍ പ്രയോഗിച്ചത് സാമൂഹ്യവിരുദ്ധമായ ഒരു സംഗതിയാണോ? അങ്ങനെയാണെന്ന് ആരും പറയുമെന്നു തോന്നുന്നില്ല.

ആരാണ്‌ യുക്തിവാദി?

     ആരാണ്‌ ഒരു യുക്തിവാദി? മതവിശ്വാസികളില്‍നിന്നുപരിയായി എന്ത് സവിശേഷതയാണ്‌ യുക്തിവാദിക്കുള്ളത്? ജീവിതത്തിന്റെ തൊണ്ണൂറ്റൊമ്പത് ശതമാനം വിഷയങ്ങളിലും ഈ രണ്ടു വിഭാഗവും സമന്മാരാണ്‌. മതവിശ്വാസി ഒട്ടു മിക്ക കാര്യങ്ങളിലും യുക്തിബോധം മുറുകെ പിടിക്കുന്നുണ്ട്. മറ്റുള്ളവരുടെ വിശ്വാസങ്ങളെ നിരാകരിക്കാനും ഇവര്‍ ഇതേ യുക്തിബോധത്തെത്തന്നെയാണ്‌ ആശ്രയിക്കുന്നത്.

ഒരു ഉദാഹരണം:

     പരലോക വിശ്വാസത്തെക്കുറിച്ച് പ്രതിപാദിക്കുന്ന ഭാഗത്ത് ജമാ അത്തെ ഇസ്ലാമി സ്ഥാപകനായ അബുല്‍ അ അ്‌ലാ മൗദൂദി പറയുന്നത് നോക്കൂ:

     " ഒരു പക്ഷക്കാരുടെ അഭിപ്രായം മരണാനന്തരം മനുഷ്യന്‍ നിശ്ശേഷം നശിച്ചു മണ്ണായി പോകുമെന്നും അനന്തരം മറ്റൊരു ജീവിതവുമില്ലെന്നാണ്‌. അവര്‍ പറയുന്നതിതാണ്‌. മരണാനന്തരം ആരെങ്കിലും ജീവിച്ചതായി ഞങ്ങള്‍ കണ്ടിട്ടില്ല; മരിക്കുന്നവരെല്ലാം മണ്ണില്‍ ലയിച്ച് പോകുന്നതാണ്‌ ഞങ്ങള്‍ കാണുന്നത്. അതിനാല്‍ മരണാനന്തരം ആരും ജീവിച്ചതായി കണ്ടില്ലെങ്കില്‍ മരണാനന്തരം എന്താകുമെന്ന് ഞങ്ങള്‍ക്കറിഞ്ഞുകൂടാ എന്നു മാത്രമല്ലേ നന്നെക്കവിഞ്ഞാല്‍ അവര്‍ക്കു പറയാനവകാശമുള്ളു? അവിടന്ന് മുന്നോട്ടു കടന്ന് മരണാനന്തരം ഒന്നുമില്ലെന്ന് ഞങ്ങള്‍ക്കറിയാം എന്ന് വാദിക്കുവാന്‍ അവരുടെ പക്കല്‍ എന്ത് തെളിവാണുള്ളത്?

     ഈ 'വാദം' വളരെ ന്യായമാണെന്ന കാര്യത്തില്‍ സംശയമില്ല.

     " ഇനി രണ്ടാമത്തെ അഭിപ്രായമെടുത്തുനോക്കുക. അവര്‍ പറയുന്നത് മനുഷ്യന്റെ കര്‍മ്മഫലങ്ങളനുഭവിക്കുവാനായി അടിക്കടി ഈ ലോകത്തേക്കുതന്നെ പുനര്‍ജന്മമെടുത്ത് വരുന്നുവെന്നാണ്‌. മനുഷ്യന്റെ ഇപ്പോളത്തെ കര്‍മ്മഫലങ്ങള്‍ ചീത്തയാണെങ്കില്‍ അടുത്ത ജന്മത്തില്‍ നായ, പൂച്ച, മുതലായ ജന്തുക്കളോ വൃക്ഷമോ നീചാകൃതിയില്പെട്ട മനുഷ്യനോ ആയി ജനിക്കുമെന്നും ഇനി സല്‍കര്‍മ്മം ചെയ്തവനാണെങ്കില്‍ അടുത്ത ജന്മത്തില്‍ ഇതിനേക്കാള്‍ കൂടുതല്‍ ഉല്‍കൃഷ്ട പദവിയിലെത്തുമെന്നുമാണ്‌ അവരുടെ വാദം. ഈ വിശ്വാസമാണ്‌ ചില കെട്ടുറപ്പില്ലാത്ത മതങ്ങളില്‍ കണപ്പെടുന്നത്. ( കട്ടി കൂട്ടല്‍ നമ്മുടെ വക)

     "ഇപ്പോള്‍ ചോദ്യമുദിക്കുന്നത് ആദ്യം എന്ത് വസ്തുവായിരുന്നുവെന്നാണ്‌. ആദ്യം മനുഷ്യനായിരിന്നുവെന്നാണുത്തരമെങ്കില്‍, അതിനു മുമ്പ് മൃഗമോ വൃക്ഷമോ ആയിരുന്നുവെന്നും സമ്മതിക്കേണ്ടിവരും. അല്ലെങ്കില്‍ പ്രസ്തുത മനുഷ്യരൂപം എന്തൊരു സല്‍കര്‍മ്മത്തിന്റെ ഫലമായി ലഭിച്ചുവെന്ന ചോദ്യമുല്‍ഭവിക്കുന്നതാണ്‌. ഇനി ആദ്യം മൃഗമോ വൃക്ഷമോ ആയിരുന്നുവെന്നാണ്‌ പറയുന്നതെങ്കില്‍ അതിനു മുമ്പ്‌ മനുഷ്യനായിരുന്നുവെന്നും സമ്മതിക്കേണ്ടി വരും. അല്ലാത്ത പക്ഷം പ്രസ്തുത മൃഗത്തിന്റെയോ വൃക്ഷത്തിന്റെയോ രൂപം ഏതൊരു ദുഷ്മര്‍മ്മത്തിന്റെ ഫലമായി ലഭിച്ചുവെന്ന ചോദ്യവും ഉല്‍ഭവിക്കും. ചുരുക്കത്തില്‍ ഈ ആദര്‍ശക്കാര്‍ക്ക് സൃഷ്ടികളുടെ ആരംഭം ഇന്ന ജന്മത്തില്‍ നിന്നാണെന്ന് തീരുമാനിക്കുക സാധ്യമല്ല. കാരണം, ഓരോ ജന്മവും മുന്‍ ജന്മത്തിന്റെ കര്‍മ്മഫലമാണെന്ന് തീരിമാനിക്കണമെങ്കില്‍ ഓരോ ജന്മത്തിനും മുമ്പ് മറ്റൊരു ജന്മമുണ്ടായിരിക്കേണ്ടത് നിര്‍ബന്ധമാണ്‌. അതാകട്ടെ യുക്തിക്ക് കടക വിരുദ്ധവുമാണ്‌." (കട്ടി കൂട്ടല്‍ നമ്മുടെ വക)

     എത്ര യുക്തി ഭദ്രമായിട്ടാണ്‌ യുക്തിവാദികളെപ്പോലും വെല്ലുന്ന വിധത്തില്‍ മൗദൂദി പുനര്‍ജന്മ സിദ്ധാന്തത്തെ തൊലിപൊളിച്ചടുക്കിയിരിക്കുന്നത്!! മത വിശ്വാസികള്‍ക്ക് യുക്തിബോധമില്ലെന്ന് നമുക്കെങ്ങനെ പറയാനാകും?

     ഇനിയാണ്‌ പ്രശ്നം ഉല്‍ഭവിക്കുന്നത്. മറ്റുള്ളവരുടെ വിശ്വാസങ്ങളെ തലനാരിഴകീറി പരിശോധിക്കാനും തള്ളിക്കളയുവാനും പരിഹസിക്കുവാനും സ്വന്തം യുക്തിബോധത്തെ നിര്‍ലോഭം ഉപയോഗിക്കുന്ന ഒരു മത വിശ്വാസി സ്വന്തം മതത്തിന്റെയും അന്ധവിശ്വാസത്തിന്റയും കാര്യം വരുമ്പോള്‍ ഈ യുക്തിബോധത്തെ സൗകര്യപൂര്‍വ്വം മാറ്റിവെയ്ക്കുന്നു.

     മൗദൂദിയുടെ തന്നെ യുക്തിവാദം കാണുക:

     "ഇനി മൂന്നാമത്തെ ആദര്‍ശമെടുക്കാം. അതില്‍ ഏറ്റവും പ്രഥമമായി വിവരിക്കുന്നത്, ഈ ലോകത്തിനൊരന്ത്യം വരുമെന്നും ദൈവം ഇഹലോകമാകുന്ന വ്യവസായശാല നശിപ്പിച്ച് സര്‍വ്വോപരി ഉന്നതവും അനശ്വരവുമായ മറ്റൊരു പുതിയ ലോകം സൃഷ്ടിക്കുമെന്നുമാണ്‌. ഈ സംഗതി ശരിയാണെന്നതില്‍ സംശയത്തിനൊട്ടും തന്നെ പഴുതില്ല."(കട്ടികൂട്ടല്‍ നമ്മുടെ വക)

     എങ്ങനെയുണ്ട് സ്വന്തം മതത്തിന്റെ കാര്യത്തില്‍ പ്രയോഗിച്ച യുക്തി? മറ്റുള്ള മത വിശ്വാസങ്ങളെയും നാസ്തികത്വത്തെയും വരെ യുക്തിബോധമുപയോഗിച്ച് നിരാകരിക്കുന്ന മതവിശ്വാസിക്ക് തന്റെ വിശ്വാസം ശരിയാണെന്നതില്‍ 'സംശയത്തിനൊട്ടും തന്നെ പഴുതില്ല'. ഇവിടെ ഒരു മതത്തിന്റെ വിശ്വാസങ്ങളെ മാത്രം പരിശോധിക്കുകയല്ല; എല്ലാ മതവിശ്വാസികളും പിന്തുടരുന്ന രീതിയെ പരിശോധിക്കുകയാണ്‌. എല്ലാ മത വിശ്വാസികളും ഇതേ നയം തന്നെയാണ്‌ വിശ്വാസകാര്യത്തില്‍ പ്രയോഗിക്കുന്നത്.

     നമ്മള്‍ പറഞ്ഞു വന്നത് യുക്തി ബോധത്തെക്കുറിച്ചാണ്‌. യുക്തി ബോധം യുക്തിവാദിയുടെ മാത്രം കുത്തകയൊന്നുമല്ലെന്ന് പറഞ്ഞല്ലോ. യുക്തിവാദി അത് ജീവിതത്തിന്റെ എല്ലാ മേഖലകളിലും പ്രയോഗിക്കുമ്പോള്‍ മത വിശ്വാസി സൗകര്യപൂര്‍വ്വം സ്വന്തം മതത്തിന്റെ മൂഢവിശ്വാസത്തെ മാത്രം സൗകര്യപൂര്‍വ്വം മറ്റിവെച്ച് ബാക്കിയെല്ലാം യുക്തിപൂര്‍വ്വം പരിശോധിക്കുന്നുവെന്നു മാത്രം.

     നൂറ് മതങ്ങളുണ്ടെന്നിരിക്കട്ടെ. ഓരോ മതവിശ്വാസിയും തന്റെ മതത്തിന്റെ ദൈവത്തെ മാത്രം പരിശോധനയേതുമില്ലാതെ സ്വീകരിക്കുകയും ബാക്കി തൊണ്ണൂറ്റൊമ്പത് ദൈവങ്ങളെയും യുക്തിപൂര്‍വ്വം തള്ളിക്കളയുകയും ചെയ്യുന്നു. യുക്തിവാദിയാകട്ടെ ബാക്കിവരുന്ന ഒരു ദൈവത്തെകൂടി തള്ളിക്കളയുന്നു. മതവിശ്വാസി 99 ദൈവങ്ങളുടെ കാര്യത്തില്‍ നാസ്തികനാകുമ്പോള്‍ യുക്തിവാദി ബാക്കിവരുന്ന് ഒന്നു കൂടി കൂട്ടി 100 ദൈവങ്ങളുടെയും കാര്യത്തില്‍ നാസ്തികനാകുന്നു. വ്യതാസം ഒന്നു മാത്രം; വെറും ഒന്ന്. (ബഹുദൈവ വിശ്വസികളുടെ കാര്യത്തില്‍ ഈ എണ്ണത്തില്‍ ചെറിയ വ്യത്യാസം കാണാം.)

മൗദൂദിയെ ഒന്നു കൂടി വായിക്കുമ്പോല്‍ ഇത് വ്യക്തമാകും.

1. "പരലോകത്തിലുള്ള നമ്മുടെ വിശ്വാസം വാസ്തവത്തില്‍ യുക്തിയെ ആസ്പദിച്ചുള്ളതല്ല. അടിയുറച്ച വിശ്വാസമാണതിന്റെ അടിസ്ഥാനം."- ഇസ്ലാം- പേജ് -123)
2. മലക്കുകളുടെ ആസ്തിക്യത്തില്‍ വിശ്വസിക്കാന്‍ നാം ആജ്ഞാപിക്കപ്പെട്ടിരിക്കുന്നു. (പേജ്-106)

     യുക്തിവാദം ഒരു പരിശോധനാരീതിയാണ്‌; ഒപ്പം ഒരു ജീവിത രീതിയും. ജീവിതത്തില്‍ വന്നു ചേരുന്ന സകലമാന പ്രശ്നങ്ങളെയും ശാസ്ത്രീയമായി പരിശോധിക്കുകയും അതിന്‌ യുക്തമായ പരിഹാരങ്ങള്‍ കണ്ടെത്തുകയുമാണ്‌ ഈ രീതി. സായി ബാബയുടെ ചിത്രത്തില്‍ നിന്ന് ഭസ്മം ഉതിരുമ്പോളും, മാതാവിന്റെ രൂപത്തില്‍ നിന്ന് കണ്ണീര്‌ വരുമ്പോളും ഗണപതി പാലു കുടിക്കുമ്പോളും ആത്മാവു്‌ ടമ്പ്ലര്‍ ചലിപ്പിക്കുമ്പോളും, ചെകുത്തനെ കല്ലെറിഞ്ഞു ഓടിക്കുമ്പോളും, യുക്തിവാദിക്ക് പിന്നാലെ ഓടേണ്ടി വരാത്തത് ഈ പരിശോധനാരീതി പിന്തുടരുന്നതുകൊണ്ടാണ്‌. യുക്തിവാദ രീതിയില്‍ മത ദൈവങ്ങളെ പരിശോധിക്കുമ്പോള്‍ എത്തിച്ചേരുന്ന നിഗമനമാണ്‌ നിരീശ്വരവാദം. മതങ്ങള്‍ വേഷം കെട്ടിച്ചവതരിപ്പിക്കുന്ന 'ദൈവം' ഇല്ല എന്ന് വിശ്വസിക്കുന്നതല്ല; മറിച്ച് ഉണ്ട് എന്ന് വിശ്വസിക്കാതിരിക്കുന്നതാണ്‌ നിരീശ്വരവാദം. അതുകൊണ്ടുതന്നെ നിരീശ്വരവാദം മറ്റേതൊരു വിശ്വാസത്തെയും പോലെ മറ്റൊരു വിശ്വാസം മാത്രമാണെന്ന ചില മതവാദികളുടെ സ്ഥിരം പല്ലവി കാപട്യമാണ്‌..


     മത ദൈവങ്ങളെക്കുറിച്ച് വിമര്‍ശിക്കുമ്പോള്‍ ഒരു 'സൂപ്പര്‍നാച്ചുറല്‍ പവറിനെ' കെട്ടിയെഴുന്നെള്ളിക്കാന്‍ ശ്രമിക്കാറുണ്ട് ചിലര്‍. എന്നാല്‍ അവര്‍ വിശ്വസിക്കുന്ന മതത്തിലൊന്നും അത്തരമൊരു ദൈവത്തെ കാണാന്‍ കഴിയില്ല എന്നതാണ്‌ വാസ്തവം. മാത്രമല്ല അവരുടെ ഒരു ദൈവവും അത്തരമൊരു ദൈവത്തെ വെച്ചു പൊറുപ്പിക്കുകയുമില്ല. തന്റെ മത ദൈവത്തിന്‌ യുക്തിബോധത്തിനുമുന്നില്‍ നിലനില്പ്പില്ലെന്നു മനസ്സിലാ‍കുമ്പോള്‍ വാദത്തിനുവേണ്ടി എഴുന്നെള്ളിക്കുന്നതാണ്‌ ഈ 'പ്രകൃത്യാതീതശക്തിയെ'. ഇനി ഒരു പ്രകൃത്യാതീത ശക്തിയെ വാദത്തിനു വേണ്ടി ചര്‍ച്ചക്കെടുത്താല്‍ തന്നെ ആ 'ശക്തി', തന്നെമാത്രം എല്ലാവരും ആരാധിക്കണമെന്ന് കല്പ്പിക്കാനും തന്നെ ആരാധിച്ചില്ലെങ്കില്‍ നരകത്തിലിട്ട് കരിയ്ക്കുമെന്ന് ഭീഷണിപ്പെടുത്താനും മാത്രം അല്പനാണോയെന്ന് പറയുവാന്‍ അവര്‍ ബാധ്യസ്ഥരാണ്‌. ആ ശക്തി തന്റെ കഴിവുകളെക്കുറിച്ച് നിസ്സാരനായ തന്റെ സൃഷ്ടികളോട് പൊങ്ങച്ചം പറയുകയും ഭീഷണിപ്പെടുത്തി അനുസരിപ്പിക്കുകയും ചെയ്യുമോ? ആ ശക്തി പൂജാ ദ്രവ്യങ്ങള്‍ സ്വീകരിച്ച് അതിന്റെ അളവു നോക്കി അനുഗ്രഹിക്കുന്ന കൈക്കൂലിക്കാരനായ ഒരു സര്‍ക്കാര്‍ ഗുമസ്തനെപ്പോലെ ഒരു അത്യാര്‍ത്തിക്കാരനാണോ എന്നും അതിന്റെ സൃഷ്ടാക്കള്‍ വ്യക്തമാക്കാന്‍ ബാധ്യസ്ഥരാണ്‌.

      ഇനി നമുക്ക് ശ്രീ എം ജി ശ്രീകുമാറിലേക്കു്‌ തിരിച്ചുവരാം.യക്ഷി, പിശാച്, പ്രേതം ചെകുത്താന്‍ തുടങ്ങിയ അന്ധവിശ്വാസങ്ങളെ തള്ളുവാന്‍ അദ്ദേഹം സ്വീകരിച്ച അതേ മാനദണ്ഢമുപയൊഗിച്ച് നമുക്ക് അദ്ദേഹത്തിന്റെ 'സര്‍വ്വേശ്വരനെയും' വിലയിരുത്തിക്കൂടേ? അങ്ങനെ ചെയ്യുന്നത് കൊടും പാപമാണോ?

     ശ്രീ ഗഫൂറിന്‌ അന്യ മത വിശ്വാസങ്ങളായ പ്രേതം, യക്ഷി, കുട്ടിച്ചാത്തന്‍ തുടങ്ങിയ അന്ധവിശ്വാസങ്ങളെ തള്ളിക്കളയുമ്പോളും അദ്ദേഹത്തിന്റെ മതത്തിലെ അതേ സ്റ്റാന്റേര്‍ഡുള്ള അന്ധവിശ്വാസങ്ങളെ ലജ്ജയില്ലാതെ ന്യായീകരിക്കേണ്ട ഗതികേടെന്തുകൊണ്ടാണ്‌ ഉണ്ടായത്?

     ഇതില്‍ ഏത് നിലപാടണ് ശാസ്ത്രബോധവും യുക്തിബോധവുമുള്ള ഒരു മനുഷ്യന്‌ അഭികാമ്യം?

     ഇനി പറയൂ. കള്ളന്‍, കൊള്ളക്കാരന്‍, കൊലപാതകി, വ്യഭിചാരി, വഞ്ചകന്‍- ഇക്കൂട്ടത്തില്‍ എത്രാമത്തെ നമ്പറിട്ടാണ്‌ നിങ്ങള്‍ യുക്തിവാദി, നിരീശ്വരവാദി എന്നിവരെ ചേര്‍ക്കാന്‍ പോകുന്നത്?