മനുഷ്യന്‍ സൃഷ്ടിച്ചിട്ടുള്ളതില്‍ വെച്ച് ഏറ്റവും നശീകരണശേഷിയുള്ള ആയുധമാണ്‌ മതം.

Sunday, November 15, 2009

മതം മാറ്റം കുറ്റകരമല്ല?

'മതം മാറ്റം കുറ്റകരമല്ല'
'മതം മാറ്റം ഭരണഘടനാപരം'
'മതം മാറ്റവും മന:സ്സാക്ഷിയും'
'മതം മാറ്റത്തെ ഭയക്കുന്നവര്‍ ആശയപരമായ പാപ്പരത്തമുള്ളവര്‍'


ഉദാത്തവും ജനാധിപത്യ-മതേതര മൂല്യങ്ങളെ അങ്ങേയറ്റം മാനിക്കുന്നതുമായ ഇത്തരം മുദ്രാവാക്യങ്ങള്‍ കൊണ്ട് നിറഞ്ഞിരിക്കുകയാണ്‌ കേരളത്തിലെ ചുവരായ ചുവരുകളെല്ലാം. മുദ്രാവാക്യം മാത്രമല്ല ഇതിന്റെ ഭാഗമായ സെമിനാറുകളും സംവാദങ്ങളും നടന്നുകൊണ്ടിരിക്കുന്നു.ഏത് ജനാധിപത്യ-മതേതര-മനുഷ്യാവകാശ സംഘടനയുടേതാണ്‌ ഈ മുദ്രാവാക്യങ്ങളെല്ലാം എന്നന്വേഷിക്കുമ്പോളാണ്‌ നാം അമ്പരക്കുക-കേരളത്തില്‍ നിരന്തരം തമ്മിലടിക്കുകയും പരസ്പരം വാദ പ്രതിവാദങ്ങള്‍ നടത്തുകയും ചെയ്തുകൊണ്ടിരിക്കുന്ന സകല മുസ്ലിം സംഘടനകുളുടെയും പേരുകള്‍ പോസ്റ്ററുകള്‍ക്കടിയില്‍ കാണാം.

എന്ത് പ്രകോപനമാണ്‌ ഇവരെയെല്ലാം ഇത്ര പെട്ടെന്ന് മതേതരവാദികളും മനുഷ്യാവകാശവാദികളുമാക്കിയത്? കേരളത്തില്‍ പത്രമാദ്ധ്യമങ്ങളില്‍ സജീവ ചര്‍ച്ചാവിഷയമാകുകയും കോടതിയില്‍ നിന്ന് പരാമര്‍ശമുണ്ടാകുകയും ചെയ്ത 'ലൗ ജിഹാദ്' 'റോമിയോ ജിഹാദ്' എന്നീ പദങ്ങളും അതിനെ തുടര്‍ന്ന് ഹൈന്ദവ സംഘടനകളില്‍ നിന്ന് ഉയര്‍ന്നുവന്നിരിക്കുന്ന ആശങ്കകളുമാണ്‌ ഇവരെ ഇത്ര പെട്ടെന്ന് മതേതരവാദികളാക്കിയത്.ഇതര മതവിഭാഗങ്ങളില്‍ പെടുന്ന പെണ്‍കുട്ടികളെ കാമ്പസുകള്‍ കേന്ദ്രീകരിച്ച് പ്രണയം നടിച്ച് വിവാഹവാഗ്ദാനം നല്‍കി മതം മാറ്റുകയും തുടര്‍ന്ന് അവര്‍ വലിച്ചെറിയപ്പെടുകയോ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കപ്പെടുകയോ ചെയ്യുന്നുണ്ട് എന്ന വാദമാണ്‌ പ്രശ്നത്തിനാധാരം.

ഈ റിപ്പോര്‍ട്ടുകള്‍ ചില അനൗദ്ധ്യോകിക വിവരങ്ങളുടെ അടിസ്ഥാനത്തിലുള്ളതാണെന്നും അവയ്ക്ക്‌ വ്യക്തമായ തെളിവുകളില്ലെന്നും ഔദ്ധ്യോകിക വിശദീകരണം വന്നിട്ടുണ്‍ട്.സംഘടിതമായ ഇത്തരം ശ്രമങ്ങള്‍ ഉണ്ടൊ എന്നതിന്‌ കൃത്യമായ തെളിവുകള്‍ ഉണ്ടെങ്കില്‍ അതിനെതിരെ നടപടിയുണ്ടാകേണ്‍ടതാണ്‌. എന്നാല്‍ വ്യക്തമായി നിര്‍വചിക്കപ്പെട്ടിട്ടില്ലാത്ത ലൗ ജിഹാദ് തുടങ്ങിയ വാക്കുകള്‍ കോടതി ഭാഷയില്‍ നിന്ന് ഒഴിവാക്കപ്പെടേണ്ടതുതന്നെയായിരുന്നു.സംഘടിതമായി ഉണ്ടോ എന്നറിയില്ലെങ്കിലും വിവാഹ ശേഷം മതം മാറ്റപ്പെട്ട രണ്ടിലധികം കേസുകള്‍ ഈയടുത്തകാലത്ത് എന്റെ അറിവിലുണ്ടായിട്ടുണ്ട്.

മതം പരിഗണിക്കപ്പെടാതെയുള്ള വിവാഹങ്ങള്‍ പ്രോല്‍സഹിപ്പിക്കപ്പെടേണ്ടതുതന്നെയാണ്‌. വിവാഹ ശേഷവും ദമ്പതിമാര്‍ മതം മാറാതെതന്നെ ഒന്നിച്ചു ജീവിക്കുന്ന എത്രയോ ഉദാഹരണങ്ങളുമുണ്ട്. എന്നാല്‍ വിവാഹ ശേഷം പെണ്‍കുട്ടികള്‍ മതം മാറാന്‍ നിര്‍ബന്ധിക്കപ്പെടുന്നത് അവര്‍ക്കുമുന്നില്‍ മറ്റൊരു വഴിയുമില്ലാതെ വരുമ്പോളാണ്‌. ഇക്കാര്യങ്ങള്‍ മുന്‍കൂട്ടി കണ്ട് തീരുമാനമെടുക്കാന്‍ പെണ്‍കുട്ടികള്‍ സജ്ജരാക്കപ്പെടേണ്ടതുണ്ട്.യഥാര്‍ത്ഥ മതരഹിത വിവാഹങ്ങള്‍ ഇത്തരം ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ സംശയ ദൃഷ്ടിയോടെ നോക്കിക്കാണാനുള്ള സാഹചര്യവും ഇതോടൊപ്പം സംജാതമാകുന്നുണ്ട്.

എന്നാല്‍ ഇവിടെ ചര്‍ച്ച ചെയ്യാനുദ്ദേശിക്കുന്ന വിഷയം അതല്ല. മതം മാറ്റത്തെ സംബന്ധിച്ച മുസ്ലിം സംഘടനകളുടെ വെളിപാടുകള്‍ എത്രത്തോളം ആത്മാര്‍ത്ഥതയുള്ളതാണ്‌ എന്നതാണ്‌ അക്കാര്യം.തങ്ങളുടെ മതത്തിലേക്ക് പരിവര്‍ത്തനം ചെയ്യപ്പെടുന്നവര്‍ക്ക്‌ ഉണ്ട് എന്ന് ഇവര്‍ പറയുന്ന മനസ്സാക്ഷി അവകാശവും ഭരണഘടനാപരമായ അവകാശവും തങ്ങളുടെ മതത്തില്‍നിന്ന് പുറത്തു പോകുന്നവര്‍ക്ക് ഇവര്‍ അനുവദിച്ചുനല്‍കാന്‍ തയ്യാറുണ്ടൊ എന്നതാണ്‌. മതത്തെ പ്രമാണങ്ങളില്‍നിന്ന് അറിയാന്‍ ആഹ്വാനം ചെയ്യുന്നവരടക്കം വ്യക്തമാക്കേണ്ട സംഗതിയാണത്.

മതം മാറ്റത്തെ സംബന്ധിച്ച യഥാര്‍ത്ഥ മത കാഴ്ച്ചപ്പാട് എന്താണ്‌? കുര്‍ ആന്‍ വ്യക്തമാക്കുന്നു: " അല്ലാഹുവില്‍ വിശ്വസിച്ച ശേഷം ആ വിശ്വാസം ഉപേക്ഷിച്ച് പോകുന്നവരാരോ അവരുടെ നേരെയാണ്‌ അല്ലാഹുവിന്റെ കോപം. അവര്‍ക്കാണ്‌ കഠിനമായ ശിക്ഷയും. (16-106) മത പരിത്യാഗിയെ വധിക്കാനാണ്‌ ഇസ്ലാമികവിധി. ഒരു മുസ്ലിം ബുദ്ധിജീവി ഇതിനെ വ്യാഖ്യാനിച്ചിരിക്കുന്നത് നോക്കൂ:- ഇസ്ലാം സ്വീകരിക്കുന്നതിനും സ്വീകരിക്കാതിരിക്കുന്നതിനും പൂര്‍ണ സ്വാതന്ത്ര്യമുണ്ടെന്നിരിക്കെ, അതു സത്യമാണെന്ന് മനസ്സിലാകി സ്വമേഥയാ അതില്‍ പ്രവേശിച്ചാല്‍ പിന്നീടത് ഉപേക്ഷിച്ചു പോവുകയെന്നാല്‍ തികഞ്ഞ വഞ്ചനയും മുസ്ലിം സൊസൈറ്റിയെ ശിഥിലമാക്കാണുള്ള കപട തന്ത്രവുമായിട്ടാണ്‌ ഇസ്ലാം ആ നടപടിയെ വീക്ഷിക്കുന്നത്.അവരെ പിടികൂടാനോ ശിക്ഷിക്കാനോ വ്യക്തികള്‍ക്ക് അധികാരമില്ലെങ്കിലും ഇസ്ലാമിക സ്റ്റേറ്റിന്റെ ഭദ്രത നിലനിര്‍ത്താന്‍ ദ്രോഹകാരികളായ അത്തരം ആളുകളെ ഇസ്ലാമിക കോടതി വിചാരണ ചെയ്യും. കുറ്റം തെളിഞ്ഞാല്‍ തെറ്റുതിരുത്താന്‍ അവസരം നല്‍കും. തിരുത്താനും തയാറായില്ലെങ്കില്‍ മത്രം വധശിക്ഷക്കു വിധിക്കും"- (യുക്തിവാദികളും ഇസ്ലാമും- ഒ അബ്ദുറഹ്മാന്‍, പേജ്- 141)

അദ്ദേഹം തുടരുന്നു:-" മുസ്ലിമായ ഒരു മനുഷ്യന്റെ രക്തം പവിത്രമല്ലാതായിത്തീരുന്നത് മൂന്ന് രൂപത്തിലാണ്‌: കൊലപാതകി, വിവാഹിതനായ വ്യഭിചാരി, മുസ്ലിം സമൂഹത്തില്‍ നിന്ന് വിഘടിതനായ മത പരിത്യാഗി. വല്ലവനും തന്റെ മതം മറ്റിക്കളഞ്ഞാല്‍ നിങ്ങളവനെ കൊന്നുകളയൂ(ബുഹാരി, മുസ്ലിം) എന്ന്‌ പ്രവാചകന്‍ നിര്‍ദ്ധേശിച്ചതിന്റെ അര്‍ത്ഥം മേല്പറഞ്ഞതാണ്‌." മുസ്ലിം സംഘടനകള്‍ പ്രസിദ്ധീകരിച്ച് വില്പന നടത്തിവരുന്ന മത പ്രചരണ പുസ്തകങ്ങളില്‍ മതം മാറുന്നവനെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് ഇനിയുമെത്രയോ വ്യക്തമാക്കിയിട്ടുണ്ട്‌. അവയില്‍ ചിലത് ഉദ്ധരിക്കുക മാത്രമേ ചെയ്തിട്ടുള്ളു. എന്റെ സ്വന്തം വ്യാഖ്യാനങ്ങളൊന്നുമില്ലെന്ന് അര്‍ത്ഥം.

ഇവിടെ ഉന്നയിക്കുന്ന കാതലായ പ്രശ്നമിതാണ്‌. കുറ്റകരമല്ല എന്നും ഭരണഘടാനാപരമെന്നും കേരളത്തിലങ്ങോളം നോട്ടീസ് പതിച്ചത് ഏത് മതത്തില്‍ നിന്ന് ഏതെല്ലാം മതങ്ങളിലേക്കുള്ള പരിവര്‍ത്തനത്തിന്റെ കാര്യമാണ്‌?മതത്തിന്റെ അടിസ്ഥാന പ്രമാണങ്ങളില്‍ പറഞ്ഞ കാര്യങ്ങളെ കാലോചിതമായ രീതിയില്‍ തിരുത്തിയിട്ടാണ്‌ ഇവര്‍ ഈ നിലപാട് സ്വീകരിക്കുന്നതെങ്കില്‍ അതിനെ ഹൃദയ പൂര്‍വ്വം സ്വാഗതം ചെയ്യുന്നു. അതല്ലെങ്കില്‍ ഇത് കടുത്ത ഇരട്ടത്താപ്പും ആത്മ വഞ്ചനയുമാണ്‌. ഈ ഇരട്ടമുഖം ഫാസിസത്തിനെ മുഖലക്ഷണവുമാണ്.പുറത്ത് സുന്ദരമായ മുഖം മൂടിയണിഞ്ഞ്‌ ഉള്ളില്‍ തലിബാന്റെയും ശ്രീരാമ സേനയുടെയും തനിനിറം കൊണ്ടുനടക്കുന്ന കപടന്മാരല്ല തങ്ങളെന്ന് തെളിയിക്കാനുള്ള ഉത്തരവാദിത്വം ഇവര്‍ക്കുണ്ട്.അല്ലാത്ത പക്ഷം ഇവരുടെ മുഖം മൂടി സമൂഹത്തിനുമുന്നില്‍ ഊര്‍ന്നുവീഴുകതന്നെ ചെയ്യും