മനുഷ്യന്‍ സൃഷ്ടിച്ചിട്ടുള്ളതില്‍ വെച്ച് ഏറ്റവും നശീകരണശേഷിയുള്ള ആയുധമാണ്‌ മതം.

Sunday, May 9, 2010

സിദ്ധന്‍- വ്യാജനും ഒറിജിനലും

പനമരം കൊലപാതകം: വ്യാജ സിദ്ധന്‍ അറസ്റ്റില്‍.

പനമരം: മൃഗാശുപത്രി ജീവനക്കാരി ചാലമ്പാട്ടില്‍ ആര്‍. സുധയുടെ കൊലപാതകവുമായി ബന്ധപ്പെട്ട പനമരം കീഞ്ഞുകടവിലെ വ്യാജ സിദ്ധന്‍ സൈതലവിക്കോയയെ പോലീസ് അറസ്റ്റ് ചെയ്തു. (മലയാള മനോരമ- 2010 ഏപ്രില്‍ 22 വ്യാഴം)

വയനാട്ടിലെ പനമരത്തു നടന്ന ഒരു കൊലപാതകത്തെക്കുറിച്ച് മലയാള മനോരമ ദിനപത്രത്തില്‍ വന്ന വാര്‍ത്തയുടെ തുടക്കമാണിത്. തലക്കെട്ടില്‍ മാത്രമല്ല വാര്‍ത്തയിലുടനീളം പ്രതിയെക്കുറിച്ച് 'വ്യാജ സിദ്ധന്‍' എന്നുതന്നെയാണ്‌ പ്രയോഗിച്ചിരിക്കുന്നത്.

ആരാണീ 'വ്യാജ സിദ്ധന്‍'?

'വ്യാജമദ്യം' എന്നത് നമ്മള്‍ ഇടക്കിടെ കേള്‍ക്കുന്ന പ്രയോഗമാണ്‌. വ്യാജ മദ്യം എന്ന പേരില്‍ ഒരു മദ്യമുണ്ടോ? എല്ലാ മദ്യവും മദ്യം തന്നെയാണ്‌. അനധികൃതമായി ഉണ്ടാക്കുകയും വില്പന നടത്തുകയും ചെയ്യുന്ന മദ്യത്തെ വ്യാജ മദ്യമെന്ന് പറയുന്നു. അതായത് ഗവണ്മെന്റ് സ്പോണ്‍സേര്‍ഡ് മദ്യം ഒറിജിനലും അല്ലാത്തവ വ്യാജനും.

അപ്പോള്‍ അനധികൃതമായി സിദ്ധി പ്രകടിപ്പിക്കുന്നവര്‍ അല്ലെകില്‍ സിദ്ധിയുണ്ടെന്ന് മറ്റുള്ളവരെ വ്യാജമായി വിശ്വസിപ്പിച്ച് നടക്കുന്നവരാകണം വ്യാജ സിദ്ധന്‍. അപ്പോള്‍ ഒറിജിനല്‍ സിദ്ധനോ?

മറ്റ് മനുഷ്യര്‍ക്കില്ലാത്ത എന്തെങ്കിലും സിദ്ധികള്‍ ഉള്ളയാളായിരിക്കണം ഒറിജിനല്‍ സിദ്ധന്‍. അങ്ങനെയുള്ള ആരെങ്കിലുമുണ്ടോ? ഇല്ലെന്നു പറയാനാകില്ല. ഉദാഹരണത്തിന് മജീഷ്യന്‍.അടുത്ത ദിവസം പത്രത്തില്‍ വരുന്ന വാര്‍ത്ത മുന്‍ കൂട്ടി പ്രവചിച്ചിട്ടുള്ള മജീഷ്യന്മാരുണ്ട്. ശരീരത്തില്‍ ചങ്ങലയിട്ടുപൂട്ടി തീക്കുണ്ഠത്തില്‍നിന്നും റയില്‍ പാളത്തില്‍നിന്നും അല്‍ഭുതകരമായി രക്ഷപ്പെടുന്ന മജീഷ്യന്മാരെ നമുക്കറിയാം. അവരാരും തങ്ങള്‍ സിദ്ധന്മാരാണെന്ന് അവകാശപ്പെടുന്നില്ല. നിരന്തരമായ പരിശീലനത്തിലൂടെ നേടിയെടുത്തതാണ്‌ അവരുടെ 'സിദ്ധി'. അതാകട്ടെ 'അമാനുഷിക'വുമല്ല.

അപ്പോള്‍ ഇത്തരത്തില്‍ എന്തെങ്കിലും കഴിവുകള്‍ പരിശീലനത്തിലൂടെ ആര്‍ജിച്ചൊ പലപ്പോഴും പ്രത്യേകമായി ഒരു കഴിവുമില്ലാതെയോ അത് തങ്ങള്‍ക്ക് ലഭിച്ച 'ദൈവിക സിദ്ധി' യാണെന്ന് ക്ഷിപ്ര വിശ്വാസികളെ ധരിപ്പിച്ച് അവരെ വഞ്ചിച്ച്‌ ജീവിക്കുന്നവരാണ്‌ എല്ലാ 'സിദ്ധന്മാരും'.

'ശൂന്യത'യില്‍നിന്ന് ഭസ്മമെടുത്ത് കാണിക്കുന്ന ചെപ്പടിവിദ്യ മൂഢവിശ്വാസികള്‍ക്കുമുന്നില്‍ അവതരിപ്പിച്ച് തങ്ങളുടെ ദിവ്യത്വം പ്രകടിപ്പിക്കുന്ന ആള്‍ ദൈവങ്ങള്‍ മഹാ ദൈവങ്ങളായി വാഴുന്ന നാടാണിത്. അവരും ഈ ഗണത്തില്‍ പെടുത്താവുന്നവര്‍ തന്നെയാണ്‌. എല്ലാ സിദ്ധന്മാരും ഈയര്‍ത്ഥത്തില്‍ വ്യാജന്മാര്‍ തന്നെയാണ്‌. പിന്നെയെന്തിനാണ്‌ മനോരമ വ്യാജ സിദ്ധന്‍ എന്ന് പ്രയോഗിച്ചത്? ഇത് 'ചിലരെയെല്ലാം' സുഖിപ്പിക്കാനും തലോടാനുമുള്ള കച്ചവട തന്ത്രമാണ്‌.

സിദ്ധന്മാരും മന്ത്രവാദികളും ആള്‍ ദൈവങ്ങളുമെല്ലാം രണ്ടേ രണ്ട് തരക്കാരേയുള്ളു. 'കഴിക്കുന്നതിനുമുമ്പും, കഴിച്ചതിനു ശേഷവും' എന്ന് ഹെല്‍ത്ത് ടോണിക്കു കമ്പനിക്കാരുടെ പരസ്യം പോലെ 'പിടിക്കപ്പെടുന്നതിനു മുമ്പും, പിടിക്കപ്പെട്ടതിനു ശേഷവും' എന്ന രണ്ട് തരം മാത്രം.

പിടിക്കപ്പെടുന്നതിനുമുമ്പു വരെ എല്ലാ സിദ്ധന്മാരും (മനോരമയ്ക്ക്) ഒറിജിനല്‍ തന്നെയാണ്‌. പിടിക്കപ്പെട്ടാല്‍ അവര്‍ക്ക് വ്യാജ മുദ്ര ചാര്‍ത്തിക്കൊടുക്കുന്നു. ഇനിയും പിടിക്കപ്പെടാത്ത സിദ്ധന്മാരെ വെറുപ്പിച്ച് അപ്രീതി സമ്പാദിക്കണ്ടല്ലോ? കൂടാതെ സിദ്ധവിശ്വാസികളായ വിശ്വാസിക്കൂട്ടത്തെ സുഖിപ്പിക്കുകയുമാകാം. അവര്‍ക്ക് തങ്ങളുടെ സിദ്ധന്മാര്‍ വ്യാജന്മാരല്ലെന്ന് താല്‍കാലികമായെങ്കിലും ആശ്വസിക്കുകയും ചെയ്യാമല്ലോ.

സന്തോഷ് മാധവന്‍ എന്ന ആള്‍ ദൈവം പിടിക്കപ്പെടുന്നതുവരെ വിശ്വസികള്‍ക്ക് മാത്രമല്ല പത്രമാധ്യമങ്ങള്‍ക്കെല്ലാം ആരാധ്യനായിരുന്നു. ആ നരാധമന്റെയടുത്ത് ഭക്തശിരോമണികളായ ഭര്‍ത്താക്കന്മാര്‍ തങ്ങളുടെ ഭാര്യമാരെയും പിതാക്കള്‍ പുത്രിമാരെയും സഹോദരങ്ങള്‍ സഹോദരിമാരെയും ഭക്തിപൂര്‍വ്വം എത്തിച്ച് ഭക്തിലഹരിയിലാണ്ട് സായൂജ്യമടഞ്ഞു. പിടിക്കപ്പെട്ടപ്പോല്‍ സന്തോഷ് മാധവന്‍ വ്യാജനായി. അന്നും കൊമ്പന്‍ സ്രാവുകളായി വളര്‍ന്നുക്കഴിഞ്ഞ ആള്‍ ദൈവങ്ങളെ തൊട്ടുകളിക്കാന്‍ ഒരു മാധ്യമവും തയ്യാറായില്ലെന്നു മാത്രമല്ല വരരുടെ പരിചയായി നില്‍ക്കുകയും ചെയ്തു.

ആ സംഭവത്തിനുശേഷം മാധ്യമങ്ങള്‍ മല്‍സരിച്ചു നടത്തിയ 'ആള്‍ ദൈവ വേട്ട' അവര്‍ എന്നേ മറന്നു. ക്ഷിപ്ര വിശ്വാസികളും മറന്നു. അപ്പോള്‍ 'ചെറിയ' സന്തോഷ് മാധവന്മാര്‍ വളര്‍ന്ന് വലുതായി സമ്പത്ത് കുന്നു കൂട്ടി അതിന്മേല്‍ സാമ്രാജ്യങ്ങള്‍ സ്ഥാപിച്ചുകൊണ്ടിരുന്നു.

പിടിക്കപ്പെടാതെ ഒന്നു രണ്ട് വര്‍ഷം കൂടി വിരാജിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ സന്തോഷ് മാധവനും മറ്റൊരു സായി ബാബയോ അമൃതാനന്ദമയിയോ ശ്രീ ശ്രീയോ ആകുമായിരുന്നു എന്നതിന്‌ യാതൊരു സംശയവും വേണ്ട.

പത്രധര്‍മ്മത്തിന്റെ 'മഹത്വം' ചാരിത്ര്യ പ്രസംഗം നടത്തുന്ന പത്രങ്ങള്‍ക്കിടയില്‍ കിട്ടാവുന്ന മറ്റു പത്രങ്ങളും പരതി. ജില്ലാ എഡിഷന്റെ വ്യത്യാസം കൊണ്ടാകാം, മിക്ക പത്രങ്ങളിലും ആ വാര്‍ത്ത കണ്ടെത്താനായില്ല. മാന്യമായി പത്ര പ്രവര്‍ത്തനം നടത്തുന്ന ചെറുതെങ്കിലും തന്റേടമുള്ള ഒരു പത്രം കണ്ടുകിട്ടി. ജനയുഗം. തലക്കെട്ട് ഇങ്ങനെ: ' മൃഗാശുപത്രി ജീവനക്കാരിയെ കൊലപ്പെടുത്തിയ യുവ മന്ത്രവാദി പിടിയില്‍.'

മനോരമ വ്യാജ മുദ്ര നല്‍കി 'ആദരിച്ച' സൈതലവി സിദ്ധന്റെ പശ്ചാത്തലവും ജനയുഗം പുറത്തു വിടുന്നുണ്ട്. പരമ്പരാഗതമായി മന്ത്രവാദചികില്‍സ നടത്തുന്ന കുടുംബത്തിലെ അംഗമാണ്‌ അറാസ്റ്റിലായ സൈതലവി.

അപ്പോള്‍ ഈ സിദ്ധന്‍ പര‍മ്പരാഗതമായിത്തന്നെ വ്യാജനാണോ മനോരമേ!!!!!!!